ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസുകളെല്ലാം അവസാനിപ്പിക്കുന്നതായി പ്രത്യേക അന്വേഷണം സംഘം അറിയിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി നടി പാർവതി തിരുവോത്ത് രംഗത്ത് എത്തിയിരുന്നു. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആയിരുന്നു നടിയുടെ പ്രതികരണം. ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചിട്ട് അഞ്ചര വർഷമായല്ലോയെന്നും എന്തെങ്കിലും തീരുമാനമായോ എന്നും മുഖ്യമന്ത്രിയോടായി പാർവതി തിരുവോത്ത് ചോദിച്ചത്.
രജിസ്‌റ്റർ ചെയ്‌ത കേസുകൾ അവസാനിപ്പിക്കുന്ന സർക്കാർ തീരുമാനത്തെ വിമർശിച്ച പാർവതി തിരുവോത്തിന് മറുപടിയുമായി സംവിധായിക വിധു വിൻസെൻറ് രംഗത്ത് വന്നിരുന്നു. താരങ്ങളാണെന്ന ബലത്തിൽ കാടടച്ച് വെടിവെക്കരുതെന്നും അൽപ്പസ്വൽപ്പം വസ്‌തുതകൾ മനസ്സിലാക്കിയിട്ട് വിമർശിക്കുമ്പോൾ വിമർശനത്തിന് ഒരു ബലം ഉണ്ടാകുമെന്നും സംവിധായിക ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു.
സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാനായി സർക്കാർ ജസ്റ്റിസ് ഹേമ കമ്മീഷനെ നിയമിക്കുന്നത് 2018 ലാണ്. നീണ്ട വർഷങ്ങൾക്ക് ശേഷം 2024ലാണ് റിപ്പോർട്ട് പുറത്തുവിടുന്നത്. 233 പേജുള്ള റിപ്പോർട്ടിൽ സിനിമയ്ക്കുള്ളിലെ അരക്ഷിതാവസ്ഥകളും അനീതികളും വിവേചനങ്ങളുമാണ് വെളിപ്പെടുത്തിയിരുന്നത്
പാർവ്വതി തിരുവോത്ത് അടക്കമുള്ള ആളുകളാണ് കേസിൽ പരാതി നൽകിയിരുന്നത്. കേസിൽ ഞാനും മൊഴി നൽകിയിരുന്ന ഒരാളാണ്. സിനിമാ മേഖലയിലെ ചില സാഹചര്യങ്ങളെക്കുറിച്ച് പറഞ്ഞു കൊണ്ടാണ് ഞാൻ മൊഴി നൽകിയിരുന്നത്. അവരൊക്കെ കൃത്യമായി അവർക്ക് നേരിട്ട അതിക്രമങ്ങളെ ചൂണ്ടിക്കാണിച്ച് കൊണ്ട് പരാതി നൽകിയത്. പരാതി നൽകിയവർ പരാതിയിൽ ഉറച്ചു നിന്നില്ലെന്ന് സംവിധായിക വിധു വിൻസെന്റ് അഴിമുഖത്തോട് പ്രതികരിച്ചു.
പരാതി നൽകുമ്പോൾ ചിലപ്പോൾ അതിലുണ്ടാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടാവില്ലെന്ന് കരുതുന്നു. അവരെ പോലുള്ളവർ ഇക്കാര്യത്തിൽ ഉറച്ചു നിൽക്കുമെന്ന് ആയിരിക്കുമല്ലോ പൊതു സമൂഹം പ്രതീക്ഷിച്ചുണ്ടാവുക. എന്നാൽ അവരതിന് വിരുദ്ധമായി നിലക്കൊള്ളുമ്പോൾ നമുക്കതിൽ അത്ഭുതമാണ് തോന്നുന്നത്. സാധാരണക്കാരായ സ്ത്രീകൾ ഇത്തരം കേസുകളിൽ നിന്ന് പിൻവലിയുന്നത് നമുക്ക് മനസിലാക്കാം. എന്ത് സാഹചര്യം കൊണ്ടാണ് അവർ പിന്മാറിയതെന്ന് വ്യക്തമാക്കിയിരുന്നെങ്കിൽ എനിക്കത് അംഗീകരിക്കാൻ സാധിച്ചേനെ. എന്നാൽ പിന്മാറിയതിന് ശേഷം ഇങ്ങനെ ഒരു ചോദ്യമുന്നയിക്കുന്നത് ശരിയല്ല. ഈ പ്രതികരണത്തിൽ തീർച്ചയായും ഒരു വൈരുദ്ധ്യമുണ്ടെന്ന് വിധു വിൻസെന്റ് കൂട്ടിച്ചേർത്തു.
സിനിമയെ ഒരു തൊഴിൽമേഖല എന്ന തരത്തിൽ വിലയിരുത്തുമ്പോൾ അതിനെ മെച്ചപ്പെടുത്താനുള്ള പല പ്രവർത്തനങ്ങളും സർക്കാർ ചെയ്യുന്നുണ്ട്. കഴിഞ്ഞ കുറേ കാലങ്ങളായി സിനിമ നയം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ഒരു ചർച്ചയിലാണ് സർക്കാർ. കുറേ വർഷങ്ങൾക്ക് മുമ്പ് അടൂർ കമ്മിറ്റി റിപ്പോർട്ട് നിലവിൽ വന്നിരുന്നു സമഗ്രമല്ല എന്ന കാരണത്താലാണ് അത് പിന്നീട് നടപ്പിലാക്കാൻ പറ്റാതെ പോയത്. സിനിമയുടെ എല്ലാ മേഖലയെയും പൂർണ്ണമായി സ്പർശിച്ച് കൊണ്ടുള്ള പോളിസി ഡോക്യൂമെന്റാണ് സർക്കാർ ഉണ്ടാക്കേണ്ടതെന്ന തീരുമാനത്തിന്റെ പുറത്താണ് ഈ കമ്മിറ്റിയുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കാതെ പോയത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കൃത്യമായി പറഞ്ഞിട്ടുണ്ട് സിനിമാ മേഖലയിൽ ഒരു നയം വേണമെന്ന്. എങ്ങനെ ഇൻസ്റ്റിറ്റ്യൂഷൻസിന്റെ കപ്പാസിറ്റിയെ കൂട്ടാനും ക്രോഡീകരിക്കാനും സർക്കാരിന് സാധിക്കുമെന്നത് മനസിലാക്കാൻ കൃത്യമായ ഒരു മാർഗ രേഖ വേണം. മാർഗരേഖ തയ്യാറാക്കുന്നതിനുള്ള സൂചനയാണ് ഹേമകമ്മിറ്റിൽ ഉണ്ടായിരുന്നത്. അതവർ അടിവരിയിട്ട് പറയുന്നുമുണ്ട്. അതിന്റെ ഫലമായാണ് നയരൂപീകരണ ചർച്ച കൊടുമ്പിരി കൊണ്ട് നടക്കുന്നത്. അത് സംബന്ധിച്ച് കൂടുതൽ വാർത്തകളൊന്നും പത്രത്തിൽ വരുന്നില്ല. ഡബ്ലൂസിസി അടക്കമുള്ള ആളുകൾ ഈ ചർച്ചയുടെ നിരന്തര ഭാഗമാണ്. ഇതൊക്കെ കൃത്യമായി അറിയുന്ന ആളുകൾ എങ്ങനെയാണ് ഇത്തരം നിരുത്തരവാദിത്തപരമായ പരാമർശങ്ങൾ നടത്തുന്നത്. നിങ്ങളുടെ പ്രിവിലേജോ സ്റ്റാർഡമോ മുൻനിർത്തി എന്തുമാവാമെന്ന് ആളുകൾ ചിന്തിക്കുന്നിടത്ത് നമുക്ക് പ്രശ്നമുണ്ടെന്ന് വിധു വിൻസെന്റ് വ്യക്തമാക്കി.
ഇന്ത്യയിൽ ഒട്ടുമിക്ക സ്ഥലത്തും ഞാനെന്റെ സിനിമയുമായി ബന്ധപ്പെട്ട് പോയിട്ടുള്ള വ്യക്തിയാണ്. സിനിമ മേഖലയുമായി ബന്ധപ്പെട്ട് ഓരോ സർക്കാരും ചെയ്ത കാര്യങ്ങളെക്കുറിച്ച് എനിക്ക് കൃത്യമായ ധാരണയുണ്ട്. സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ ഇത്ര കൃത്യമായി പരിഗണിക്കുന്ന മറ്റൊരു സർക്കാരിനെ എനിക്ക് കാണാൻ സാധിച്ചിട്ടില്ല. നയരൂപീകരണത്തിന്റെ രേഖ ഞങ്ങൾക്ക് നൽകിയിട്ടുണ്ട് അതിന്റെ എല്ലാ പേജിലും പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഹേമാക്കമ്മിറ്റി റിപ്പോർട്ടിൽ ചർച്ച ചെയ്തിരിക്കുന്നതാണ്. ഹേമക്കമ്മിറ്റിയാണ് ഈ നയരൂപീകരണത്തിന്റെ അടിസ്ഥാന രേഖ. എന്തൊക്കെ നടപടികൾ സ്വീകരിച്ചാലാണ് അതിനെ ശക്തിമത്താക്കേണ്ടതെന്നാണ് ചിന്തിക്കേണ്ടതെന്ന് വിധു വിൻസെന്റ് പറഞ്ഞു. മലയാള സിനിമയിൽ ഇന്റേണൽ കമ്മിറ്റി പോലൊരു സംവിധാനമുണ്ടായത് ഡബ്ലുസിസിയുടെ ശ്രമഫലമായാണ്. ഒരു തരത്തിലും അവരെ മാറ്റി നിർത്തിയിട്ടില്ല. എ കെ ബാലൻ മിനിസ്റ്ററായിരുന്ന സമയത്ത് ഡബ്ലുസിസി പല തവണ പോയി കാണുകയും ഈ റിപ്പോർട്ട് പുറത്തുവരരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ റിപ്പോർട്ട് ഈ രൂപത്തിൽ പുറത്തുവരരുതെന്ന് ജസ്റ്റിസ് ഹേമ തന്നെ പറഞ്ഞിരുന്നു. എന്നിട്ടും ഈ റിപ്പോർട്ട് പുറത്തുവരാത്തതിനെ നേരെ ട്വിസ്റ്റ് ചെയ്യുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നത് പോലെയാണെന്ന് വിധു വിൻസെന്റ് കൂട്ടിച്ചേർത്തു.
വിധു വിൻസെന്റിന് പിന്നാലെ ചലച്ചിത്ര താരം മാല പാർവ്വതി തന്റെ ഫേസ്ബുക്ക് പേജ് വഴി പ്രതികരിച്ചിരിക്കയാണ്. പ്രിയപ്പെട്ട പാർവ്വതി തിരുവോത്തിന് ഒരു തുറന്ന കത്ത് എന്ന് എഴുതി കൊണ്ട് ആരംഭിക്കുന്ന ഫേസ്ബുക്ക് കുറിപ്പിൽ 2009 മുതലുള്ള കാലഘട്ടത്തിൽ ഹേമകമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ അനുഭവങ്ങൾക്കൊപ്പം തന്നെ സർക്കാരിനെതിരെയുള്ള വിമർശനങ്ങൾക്കും മാലാ പാർവ്വതി ഫേസ്ബുക്ക് പോസ്റ്റിലൂടെ മറുപടി നൽകിയിട്ടുണ്ട്.
എസ്ഐറ്റി രൂപീകരിച്ചതും, ഡബ്ലുഡിസിയുടെ പ്രവർത്തനങ്ങളും, സ്ത്രീകളെ ഇൻഡസ്ട്രീയിലേക്ക് കൊണ്ട് വരാൻ അക്കാദമി ചെയ്യുന്ന കാര്യങ്ങളും ,കരട് രേഖ ചമയ്ക്കുന്നതിൻ്റെ ചർച്ചകളുമെല്ലാം ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ ചെയ്ത പ്രവർത്തനങ്ങളാണെന്ന് മാലാ പാർവ്വതി അഴിമുഖത്തോട് പറഞ്ഞു.
കരട് രേഖ രൂപീകരണത്തിൽ ഡബ്ലൂസിസിയിലെ തന്നെ മൂന്ന് അംഗങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. അല്ലാതെ തന്നെ WDC വ്യക്തമായ തീരുമാനങ്ങളുമായി മുന്നോട്ട് പോകുന്നുണ്ട്. ഹേമക്കമ്മിറ്റിയുടെ മറ്റൊരു ആവശ്യമായിരുന്നു സ്ത്രീകളെ ഈ മേഖലയിലേക്ക് കൂടുതലായി കൊണ്ടുവരണമെന്നത്. 2009ൽ ഈ വിഷയം നടക്കുന്ന സമയത്ത് അങ്ങനെയൊരു കാര്യവുമായി കോടതിയിൽ പോകാൻ സാധിക്കുമായിരുന്നില്ല നിയമമുണ്ടായിരുന്നില്ല. പിന്നീടാണ് വർക്കേഴ്സ് ലോയൊക്കെ വരുന്നത്. ആ സമയത്ത് ഒരു അഭിനേത്രിയെന്ന നിലയിൽ സിനിമാ മേഖലയിൽ നേരിട്ട അനുഭവങ്ങളെക്കുറിച്ച് പങ്കുവച്ചിരുന്നു. അത് ഒരിക്കലും ശിക്ഷ വാങ്ങിക്കൊടുക്കണമെന്ന ഉദ്ദേശത്തോടെയായിരുന്നില്ല. അതായിരുന്നില്ല ആ മൊഴിയെടുക്ക്ലിന്റെ ഉദ്ദേശവും. ഒരിക്കലും പേരുകൾ പുറത്തുവരില്ലെന്ന് നൂറുവട്ടം ഉറപ്പു നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഞാൻ അബദ്ധത്തിൽ ഒന്ന് രണ്ടാളുകളുടെ പേര് പറയുകയുണ്ടായി. ഇതെല്ലാം കാരണമാണ് എനിക്ക് സുപ്രീം കോടതിയിലേക്ക് പോകേണ്ടി വരുന്നതെന്ന് മാലാ പാർവ്വതി പറഞ്ഞു.
സർക്കാർ ഈ വിഷയത്തിൽ കൂടുതൽ നടപടി സ്വീകരിക്കുന്നില്ലെന്ന പാർവ്വതിയുടെ പരാമർശത്തോട് എതിർപ്പുണ്ട് അക്കാരണത്താലാണ് ഞാൻ ഫേസ്ബുക്കിൽ കുറിച്ചത്. പാർവ്വതിയെ പോലൊരു വ്യക്തിയെ ഒരിക്കലും ഞാൻ കുറ്റപ്പെടുത്തിയതല്ല, പറയുന്ന കാര്യങ്ങളിൽ വ്യക്തത കുറവുണ്ടെങ്കിൽ നമുക്കതിൽ ചോദ്യം ചോദിക്കാമല്ലോ. ഡബ്ലൂസിസിയുടെ എല്ലാ ആവശ്യങ്ങളും കൃത്യമായി കേട്ട് പരിഹാരം കണ്ടിട്ടുള്ള ആളാണ് സിഎം. അങ്ങനെയൊരാൾക്കെതിരെ ഇത്തരമൊരു ആരോപണമുന്നയിക്കുന്നത് അംഗീകരിക്കാൻ സാധിക്കില്ല. ഇതിനു വേണ്ടി സർക്കാർ നിയമിച്ച വ്യക്തിയാണ് ഹരിത ഐപിഎസ് ഓരോ സെറ്റിലെ കാര്യങ്ങൾ പോലും കൃത്യമായി ഫോളോ ചെയ്യുന്നുണ്ട് അവർ. ഒന്നും ചെയ്തിട്ടില്ല എന്ന് പറയാൻ സാധിക്കുന്നില്ലെന്നും മാലാ പാർവ്വതി കൂട്ടിചേർത്തു.
content summary; Mala Parvathy and Vidhu Vincent have opposed Parvathy Thiruvothu’s comments criticizing the state government over the Hema Committee report