സ്‌നേഹം കവിഞ്ഞ് നല്‍കിയ പൊന്നമ്മ

ആറ് പതിറ്റാണ്ട് മലയാള സിനിമയില്‍ സജീവമായിട്ടും അഭിനയ സിദ്ധി വേണ്ട പോലെ സംവിധായകര്‍ ഉപയോഗപ്പെടുത്താത്ത കവിയൂര്‍ പൊന്നമ്മ നാല് തവണ അഭിനയത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടി

kaviyoor ponnamma

എം.ടിയുടെ വിഖ്യാത ചലചിത്രമായ നിര്‍മാല്യത്തിലെ ഇരക്കേണ്ടി വരുന്ന ഒരു വെളിച്ചപ്പാടിന്റെ ഭാര്യയാണ് നാരായണി. പട്ടിണിയിലും പരിവട്ടത്തിലും നിശബ്ദയായി ഒടുക്കം ഭര്‍ത്താവിന്റെ കടം വീട്ടാന്‍ മയ്മുണ്ണിക്ക് വിധേയയാകേണ്ടി വരുന്ന നിസ്സഹായയായ സ്ത്രീ. മുറിയില്‍ നിന്ന് ഇറങ്ങി വരുന്ന മയ്മുണ്ണിയെ കണ്ട് ഞെട്ടി നില്‍ക്കുന്ന വെളിച്ചപ്പാട് എല്ലാം തകര്‍ന്ന് ഇടനെഞ്ച് പൊട്ടി ചോദിക്കുന്നുണ്ട് ‘എന്റെ നാല് മക്കളെ പെറ്റ നീയോ നാരായണി?,

‘അന്യന്റെ മുഖം നോക്കാതെ വളര്‍ന്നവളാണ് ഞാന്‍. ഈ നാല്‍പ്പത്തിരണ്ടാം വയസ്സില്‍ എന്നെ ഇങ്ങനെയാക്കിയത് നിങ്ങളാണ് , ഈ വീട് എങ്ങനെയാണ് കഴിഞ്ഞിരുന്നെ? ഭഗവതിയെ രക്ഷിക്കാന്‍ നടന്നപ്പോള്‍ ഈ വീട്ടില്‍ അടുപ്പെരിഞ്ഞിരുന്നില്ല. അതന്വേഷിക്കാന്‍ ആര്‍ക്കും സമയമുണ്ടായിരുന്നില്ല. എന്റെ കുട്ടികള്‍ വിശന്ന് കിടന്നപ്പോള്‍ ഭഗവതി അരിയും കാശും കൊണ്ടന്ന് തന്നില്ല’. നിര്‍മാല്യമെന്ന ചിത്രത്തെ ക്ലൈമാക്‌സിലെത്തിക്കുന്ന തൊട്ടു മുന്‍പേയുള്ള ഏറ്റവും പ്രധാനപ്പെട്ട ആ രംഗത്തില്‍ നാരായണിയായ് അഭിനയയിച്ചത് കവിയൂര്‍ പൊന്നമ്മയായിരുന്നു. ദൈന്യതയുടെ, നിവൃത്തികേടിന്റെ ആള്‍രൂപമായ നാരായണിയെന്ന കഥാപാത്രം കവിയൂര്‍ പൊന്നമ്മ വളരെ സൂക്ഷ്മമായി യാതൊരു നാടകീയതയുമില്ലാതെ ഭംഗിയാക്കി.

നിലത്ത് തളര്‍ന്നിരിക്കുന്ന ഭാര്യ നാരായണിയുടെ വാക്കുകള്‍ക്ക് മറുപടിയില്ലാതെയാണ് വെളിച്ചപ്പാട് പള്ളി വാളും കാല്‍ ചിലമ്പുമായി അവസാനത്തെ വെളിച്ചപ്പെടലിന് കാവിലേക്ക് പോകുന്നത്. പി.ജെ. ആന്റണിയെപ്പോലെ ഒരു മഹാനടന്റെ ഒപ്പം പതറാതെ നടിച്ച ഒരു അഭിനയമായിരുന്നു പൊന്നമ്മയുടെത്. ആ വര്‍ഷത്തെ(1973) സഹനടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് കവിയൂര്‍ പൊന്നമ്മയെ തേടിയെത്തിയത് നാരായണിക്കുള്ള അംഗീകാരമായി.

റോസിയുടെ സെറ്റിൽ വിജയ നിർമ്മല, പി.ജെ. ആൻ്റണി. കവിയൂർ പൊന്നമ്മ, മണി സ്വാമി, ഫോട്ടോ ഗ്രാഫർ പി. ഡേവിഡ്

ആറ് പതിറ്റാണ്ട് മലയാള സിനിമയിലെ സാന്നിധ്യമായിരുന്ന കവിയൂര്‍ പൊന്നമ്മ വിടവാങ്ങുമ്പോള്‍ മലയാളത്തിലെ ഒരു അമ്മ വേഷം കൂടി ഇല്ലാതാവുകയാണ്. കവിയൂര്‍ പൊന്നമ്മ, സുകുമാരി, മീന; ഈ മൂന്ന് നടികളാണ് 70 കളിലെ ബ്ലാക്ക് ആന്റ് വൈറ്റ് മലയാള സിനിമയിലെ അമ്മ വേഷങ്ങള്‍ അല്ലെങ്കില്‍ സഹനടി വേഷങ്ങള്‍ അവതരിപ്പിച്ചത്. മറ്റ് രണ്ട് നടിമാരില്‍ നിന്ന് കവിയൂര്‍ പൊന്നമ്മ വ്യത്യസ്തയായത് നാടകാഭിനയത്തിന്റെ ശക്തമായ പിന്‍ബലമുള്ളതു കൊണ്ടാണ്. എന്നിട്ടും അവര്‍ക്ക് വ്യത്യസ്തമായ കഥാപാത്രങ്ങള്‍ നല്‍കാന്‍ അധികമാരും തയ്യാറായില്ല. സുകുമാരി കോമഡി വേഷങ്ങള്‍ ചെയ്ത് അല്‍പ്പം വ്യത്യസ്തത പുലര്‍ത്തിയപ്പോള്‍ കവിയൂര്‍ പൊന്നമ്മ സ്ഥിരം ടൈപ്പ് വേഷങ്ങളില്‍ തന്നെ തുടര്‍ന്നു. ആറ് തലമുറ നടന്മാരുടെ, സത്യന്‍ മുതല്‍ പുതുമുഖ നടന്മാരുടെ അമ്മയായി അവര്‍ വേഷമിട്ടു. ഒരിക്കലും അവര്‍ ഫീല്‍ഡില്‍ നിന്ന് പുറത്തായില്ല. നിശബ്ദമായി മലയാള സിനിമയില്‍ തുടര്‍ന്നു. ഇടയ്ക്ക് ഇന്‍ ഹരി നഗര്‍ പോലെയുള്ള കോമഡി ചിത്രങ്ങളില്‍ കഥയില്‍ പ്രാധാന്യമുള്ള വേഷവുമായി തന്റെ സാന്നിധ്യം അവര്‍ അറിയിച്ചു.

അറുപ്പത്തിയാറ് വര്‍ഷം മുന്‍പ് ,1958 ഓഗസ്റ്റിലാണ് പ്രതിഭാ തിയേറ്റേഴ്‌സിനു വേണ്ടി തോപ്പില്‍ ഭാസി എഴുതിയ പ്രശസ്തമായ നാടകം ‘മൂലധനം’ ആദ്യമായി അരങ്ങില്‍ അവതരിപ്പിക്കുന്നത്. ‘നാടകത്തിന്റെ അവസാന റിഹേഴ്‌സല്‍ കരുനാഗപ്പള്ളിയില്‍ നടക്കുകയാണ്. ഓ. എന്‍. വി ദേവരാജന്‍ ടീമാണ് ഗാനങ്ങള്‍. നാടകം സംവിധാനം ചെയ്യുന്നതും തോപ്പില്‍ ഭാസി തന്നെ, ഒളിവിലായിരുന്ന കമ്യൂണിസ്റ്റ്കാരനെ പ്രേമിക്കുന്ന, നാടകത്തിലെ സുന്ദരിയായ ഒരു കഥാപാത്രമാണ് മാലതി. ആ റോള്‍ അഭിനയിക്കാന്‍ ഒരു സുന്ദരിയായ നടിയെ വേണം. അഭിനയിക്കുകയും പാടുകയും വേണം. ഇതിന് വേണ്ടി ഒരു നടിയെ കിട്ടാനായി നാടകത്തിന്റെ സംഘാടകരിലൊരാളായ കേശവന്‍ പോറ്റിയും തോപ്പില്‍ ഭാസിയും കുറെ അലഞ്ഞു. നന്നായി പാടുന്ന യുവതിയെ കിട്ടിയാല്‍ കാണാന്‍ കൊള്ളില്ല, അഭിനയിക്കാന്‍ അറിയുകയുമില്ല. ഇത് രണ്ടും ചേര്‍ന്ന് കിട്ടിയാല്‍ പാടാന്‍ കഴിയില്ല. അങ്ങനെ വലഞ്ഞിരിക്കുമ്പോഴാണ് കവിയൂരില്‍ സിക്‌സ്ത്ത് ഫോമില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടി ഇതിന് പറ്റിയതായി ഉണ്ടെന്നറിഞ്ഞത് ‘ഉടനെ അവര്‍ കവിയൂര്‍ തേടിച്ചെന്നു. പിതാവിനൊന്നിച്ച് ക്യാമ്പിലെത്തിയ പെണ്‍കുട്ടിയെ കൊണ്ട് ദേവരാജന്‍ മാസ്റ്റര്‍ പാട്ട് പാടിച്ചു. ഒരു മാതിരി പാട്ടുകാരെയൊന്നും തൃപ്തിയാവാത്ത കര്‍ശനക്കാരനായ ദേവരാജന്‍ മാസ്റ്റര്‍ പെണ്‍കുട്ടിയുടെ ആലാപനത്തില്‍ പൂര്‍ണ്ണ തൃപ്തി.

ഒക്ടോബര്‍ 2 ന് കായംകുളത്ത് എം.എന്‍. ഗോവിന്ദന്‍ നായര്‍ നാടകം ഉല്‍ഘാടനം ചെയ്തു. അങ്ങനെ ആറ് പതിറ്റാണ്ട് മുന്‍പ് ‘കാല്‍ചിലമ്പൊലി തൂകുമെന്‍’ എന്ന ഗാനത്തിലൂടെ കവിയൂര്‍ പൊന്നമ്മയെന്ന പതിമൂന്ന് വയസുകാരി നാടകത്തില്‍ ആദ്യമായി പാടി അഭിനയിച്ചു. തോപ്പില്‍ ഭാസിയാണ് പൊന്നമ്മക്ക് അഭിനയിക്കാന്‍ കഴിവുണ്ട് എന്ന് കണ്ട് പിടിച്ചത്. റിഹേഴ്‌സല്‍ നടത്തിയപ്പോള്‍ നല്ല അഭിനേത്രിയാകുമെന്ന് തോപ്പിലാശാന് മനസിലായി. ‘ഓണപ്പൂവിളിയില്‍ എന്നൊരു ഗാനവും കവിയൂര്‍ പൊന്നമ്മ പാടി. ഇതേ നാടകത്തിലൂടെ പ്രസിദ്ധനായ നടനായിരുന്നു എന്‍. ചന്ദ്രശേഖരമേനോന്‍ എന്ന ശങ്കരാടി. നാടകം ഗംഭീര വിജയമായി.

പിന്നണിയില്‍ പാടിക്കുകയും രംഗത്ത് പാട്ടഭിനയിക്കുകയും ചെയ്യുന്ന പ്രൊഫഷണല്‍ നാടകങ്ങളില്‍ സ്വീകരിച്ച രീതി ഈ നാടകത്തിലാണ് ആദ്യമായി ഉപയോഗിച്ചത്.

തുടര്‍ന്ന് പൊന്നമ്മ നാടകങ്ങളില്‍ സജീവമായി അഭിനയക്കാന്‍ തുടങ്ങി. മുട്ടത്തു വര്‍ക്കിയുടെ ‘ഒട്ടകവും സൂചിക്കുഴ’യും ചങ്ങനാശേരി ഗീഥയില്‍ ‘ ‘രാജഹംസമേ പ്രിയനോടൊരു ദൂതു ചൊല്ലാമോ’ എന്ന ഗാനം മനോഹരമായി പൊന്നമ്മ പാടി അഭിനയിച്ചതോടെ അറിയപ്പെടുന്ന നടിയായി. ഒരു നടിക്കുവേണ്ട സൗന്ദര്യവും, അഭിനയിക്കാനുള്ള കഴിവും നല്ല ശബ്ദമുള്ള പാട്ടുകാരിയെന്ന പ്രശസ്തി ചെറുപ്രായത്തില്‍ തന്നെ കവിയൂര്‍ പൊന്നമ്മ നേടി.

സത്യനൊപ്പം ഓടയില്‍ നിന്ന്-1965

1961 ല്‍ കെ. പി. എ. സിയില്‍ നിന്ന് പിരിഞ്ഞ് ഒ. മാധവനും മറ്റ് ചിലരും പുതിയതായി ആരംഭിച്ച കാളിദാസ കലാ കേന്ദ്രത്തിന്റെ വൈക്കം ചന്ദ്രശേഖരന്‍ നായര്‍ എഴുതിയ ‘ഡോക്ടര്‍’ എന്ന നാടകത്തിലെ കവിയൂര്‍ പൊന്നമ്മ പാടിയ, ഒ.എന്‍.വി. എഴുതി ദേവരാജന്‍ മാസ്റ്റര്‍ ഈണമിട്ട ‘പൂക്കാരാ പൂ തരുമോ’ എന്ന ഗാനം വളരെ പ്രശസ്തമായി.
‘അള്‍ത്താര’ നാടകത്തിലെ ഒ.എന്‍. വി. ദേവരാജന്‍ മാസ്റ്റര്‍ ടീമിന്റെ 5 പാട്ടുകള്‍ പാടിയത് കവിയൂര്‍ പൊന്നമ്മയായിരുന്നു.

അള്‍ത്താരയില്‍ നായകനായ ജെ സി കുറ്റിക്കാടിന്റെ നായിക കവിയൂര്‍ പൊന്നമ്മയായിരുന്നു( പിന്നീട് സംവിധായകന്‍ ജെസ്സി) ഗാനരംഗങ്ങളില്‍ അവര്‍ തന്മയത്തോടെ അഭിനയിച്ചു. നാടകത്തില്‍ പാട്ട് പാടി അഭിനയിക്കുന്ന നടനും നടിയും ചുണ്ടനക്കി പാടുകയല്ല മറിച്ച് ഒറിജിനല്‍ പ്രേമ സല്ലാപമാണെന്ന് കുറച്ച് കഴിഞ്ഞപ്പോള്‍ നാടകത്തിലെ അണിയറ പ്രവര്‍ത്തകര്‍ക്ക് മനസിലായി. ആ പ്രണയം വിവാഹ ബന്ധത്തിലെത്തുമെന്ന് പലരും കരുതിയെങ്കിലും അത് ഉണ്ടാകാതെ രണ്ട് പേരും വേര്‍പിരിഞ്ഞു.

ശ്രീരാമ പട്ടാഭിഷേകത്തിലൂടെ (1962)യാണ് കവിയൂര്‍ പൊന്നമ്മ സിനിമയില്‍ എത്തുന്നത്. പി.എന്‍ മേനോന്റെ ആദ്യ ചിത്രമായ റോസിയുടെ നിര്‍മ്മാതാവായ മണി സ്വാമി ആ പടത്തിന്റെ ചിത്രീകരണ വേളയില്‍ കവിയൂര്‍ പൊന്നമ്മയുമായി അടുക്കുകയും റോസി പൂര്‍ത്തിയായതോടെ വിവാഹം കഴിക്കുകയും ചെയ്തു. മദ്രാസില്‍ കില്‍ പാക്കിലെ മലബാര്‍ ഹില്‍ ഹോട്ടലില്‍ വെച്ചായിരുന്നു രണ്ട് പേര്‍ മാത്രം പങ്കെടുത്ത ആ വിവാഹം. പൊന്നമ്മയുടെ വീട്ടുകാര്‍ എതിര്‍ത്തു. മകളെ കാണാനില്ലെന്ന് അച്ഛന്റെ പരാതിയില്‍ പോലീസ് എത്തിയെങ്കിലും ‘ ഒളിച്ചോടിയതല്ല’, തന്റെ ഇഷ്ടപ്രകാരം വിവാഹം നടത്തിതാണ് എന്ന് പൊന്നമ്മ പറഞ്ഞതോടെ പ്രശ്‌നം തീര്‍ന്നു.

മണി സ്വാമി

മണി സ്വാമി സിനിമയെ കുറിച്ച് അപാരമായ അറിവുള്ള വ്യക്തിയായിരുന്നു. പക്ഷേ, റോസ്സി സാമ്പത്തികമായി വിജയിച്ചില്ല. പിന്നിട് 7 കൊല്ലത്തിന് ശേഷം മനുഷ്യ ബന്ധങ്ങള്‍, ധര്‍മ്മ യുദ്ധം എന്ന് രണ്ടു സിനിമ നിര്‍മ്മിച്ചു. ഇതില്‍ വി.ടി. നന്ദകുമാര്‍ എഴുതിയ, വിന്‍സന്റ് സംവിധാനം ധര്‍മ്മ യുദ്ധം വ്യത്യസ്തമായ ഒരു ചിത്രമായിരുന്നു. നസീര്‍, ശ്രീവിദ്യ, നന്ദിതാ ബോസ് എന്നിവരഭിനയിച്ച ഈ പടത്തില്‍ ഭാസി നടപ്പു രീതിയിലെ അഭിനയം വിട്ട് ചെയ്ത സീരിയസ് റോള്‍ മനോഹരമാക്കി. ആ ചിത്രത്തിലെ ഗാനങ്ങളും മികച്ചതായിരുന്നു. പി. ഭാസ്‌കരന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്ന ദേവരാജന്‍ മാസ്റ്റര്‍ തന്റെ പഴയ ഗായികയെ മറന്നില്ല . ജയചന്ദ്രന്‍ പാടിയ ‘മംഗലാം കാവിലെ മായാഗൗരിക്ക് തിങ്കളാഴ്ച തിരുനൊയമ്പ്’ എന്ന ഗാനത്തില്‍ കൂടെ മാധുരിയോടൊപ്പം കവിയൂര്‍ പൊന്നമ്മയേയും പാടിച്ചു.
നല്ല ചിത്രമായിരുന്നെങ്കിലും ധര്‍മ്മയുദ്ധം വിജയിച്ചില്ല. അതോടെ സാമ്പത്തിക നിലയെ ചൊല്ലി വിവാഹബന്ധം വഷളായി. സ്വന്തം അസ്തിത്വത്തെ ചോദ്യം ചെയ്യുന്ന നിലയില്‍ കവിയൂര്‍ പൊന്നമ്മയുടെ ഭര്‍ത്താവ് എന്ന പേരായി മണി സ്വാമിക്ക്. താന്‍ അഭിനയിച്ച് നേടിയ പണമെല്ലാം കളഞ്ഞ് കുളിച്ചുയെന്നായിരുന്നു പൊന്നമ്മയുടെ ആരോപണം. അതോടെ ബന്ധം ഉലഞ്ഞു.

അടിയന്തരാവസ്ഥക്ക് ശേഷം 1978 ല്‍ മണി സ്വാമി നിര്‍മ്മിച്ച ‘രാജന്‍ പറഞ്ഞ കഥ’ എന്ന പടം സെന്‍സറിങില്‍ പെട്ട് അനിശ്ചിതമായി റിലീസ് ചെയ്യാനാവാതെ നിന്നു. മണി സ്വാമി തന്നെയായിരുന്നു സംവിധാനം ഒടുവില്‍ ഡല്‍ഹിയില്‍ മാതൃഭൂമിയുടെ വി.കെ. മാധവന്‍ കുട്ടിയൊക്കെ ശക്തമായി ഇടപെട്ടാണ് പടം ഇറക്കാന്‍ പറ്റിയത്. സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച നാല്‍പ്പത് കട്ടുകള്‍ ചെയ്താണ് പടം ഇറങ്ങിയത്. അത് ദുരന്തത്തില്‍ കലാശിച്ചു. പടം എട്ടു നിലയില്‍ പൊട്ടി. അതോടെ കവിയൂര്‍ പൊന്നമ്മയുമായി വേര്‍ പിരിഞ്ഞു. ബിന്ദു എന്നൊരു മകള്‍ അവര്‍ക്ക് ജനിച്ചിരുന്നു. കോടമ്പാക്കം ഉപേക്ഷിച്ച് ഗുരുവായൂര്‍ അമ്പല നടയിലായിരുന്നു മണി സ്വാമിയുടെ പിന്നിട്ടുള്ള സന്യാസ ജീവിതം. അവസാന കാലത്ത് മകളുടെ സഹായത്താല്‍ കവിയൂര്‍ പൊന്നമ്മയുടെ വീട്ടിലെത്തുകയും ഏറെ താമസിയാതെ 2011 ജൂണില്‍ മരിക്കുകയും ചെയ്തു.

1972ല്‍ പുറത്ത് വന്ന ‘തീര്‍ത്ഥയാത്ര’ യില്‍ എ.ടി. ഉമ്മര്‍ ഈണമിട്ട് പി. ഭാസ്‌കരന്‍ എഴുതിയ ‘അംബികേ ജഗദംബികേ ‘ എന്ന പ്രശസ്ത ഗാനം തുടങ്ങുന്നത് കവിയൂര്‍ പൊന്നമ്മയുടെ സ്വരത്തിലാണ്. കൂടെ മാധുരിയും ബി. വസന്തയും പാടി. പിന്നീട് കവിയൂര്‍ പൊന്നമ്മ ഗാനരംഗത്ത് വന്നതേയില്ല. അഭിനയവും ഗാനാലാപനവും ഒരേ പോലെ സ്വായത്തമാക്കിയ രണ്ട് നടികളിലൊരാളായിരുന്നു കവിയൂര്‍ പൊന്നമ്മ. ശ്രീലത നമ്പൂതിരിയായിരുന്നു ഇതേ കഴിവുകളുള്ള മലയാളത്തിലെ മറ്റൊരു നടി.

പ്രേം നസീറിൻ്റെ കൂടെ – ചിത്രം: ചുമടു താങ്ങി 1975

പി. ഭാസ്‌ക്കരന്‍ മാസ്റ്റര്‍ സംവിധാനം ചെയ്ത ജഗദ് ഗുരു ആദിശങ്കരനിലെ ശങ്കരാചാര്യരുടെ അമ്മ ‘ആര്യാബ’ യാണ് പൊന്നമ്മയുടെ ശ്രദ്ധേയമായ ഒരു കഥാപാത്രം. ശിവഭുജംഗവും വിഷ്ണു ഭുജംഗവും ചൊല്ലി ശിവനേയും വിഷ്ണുവിനേയും മരണാസന്നയായി കിടക്കുന്ന തന്റെ അമ്മക്ക് പ്രതൃക്ഷപ്പെടുത്തുന്ന ആദിശങ്കരനായി അഭിനയിച്ചത് ഇപ്പോള്‍ ടി വി സീരിയലുകളില്‍ സജീവമായ നടന്‍ മുരളി മോഹനനായിരുന്നു.  ജോസ് പ്രകാശിന്റെ ഭാര്യയായി അഭിനയിച്ച രണ്ട് ചിത്രങ്ങള്‍- കുടുംബം ഒരു ശ്രീ കോവില്‍, രണ്ട് ലോകം- ഈ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളായിരുന്നു. 90 കളില്‍ മോഹന്‍ ലാലിന്റെ ഹിറ്റ് ചിത്രങ്ങളില്‍ ഒഴിവാക്കാനാവാത്ത നടിയായി പിന്നീട് പൊന്നമ്മ മാറി. ഇത്രയും നടന്മാരുടെ അമ്മയായി വേഷമിട്ട മറ്റൊരു നടിയും മലയാള സിനിമയില്‍ ഇല്ല.

‘ഓടയില്‍ നിന്ന്’എന്ന പടത്തിലെ ‘അമ്പലക്കുളങ്ങരെ’ എന്ന ഗാനം മനോഹരമായി പാടി അഭിനയച്ചത് കവിയൂര്‍ പൊന്നമ്മയാണ്. ഗായിക പി ലീലയുടെ ശബ്ദം പൊന്നമ്മയുടെ അഭിനയവുമായി ചേര്‍ന്നലിഞ്ഞ മനോഹരമായ ഒരു ഗാനമായി അത്.

ആറ് പതിറ്റാണ്ട് മലയാള സിനിമയില്‍ സജീവമായിട്ടും അഭിനയ സിദ്ധി വേണ്ട പോലെ സംവിധായകര്‍ ഉപയോഗപ്പെടുത്താത്ത കവിയൂര്‍ പൊന്നമ്മ നാല് തവണ അഭിനയത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടി. അവര്‍ അഭിമാനത്തോടെ എന്നും സ്മരിച്ചിരുന്ന കാര്യമായിരുന്നു അത്. malayalam actress kaviyoor ponnamma obituary 

Content Summary; Malayalam actress Kaviyoor Ponnamma obituary

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment