കൊറോണ വൈറസ് ലോകത്തെ ഒരു ആശുപത്രി മുറിയിലെന്നവണ്ണം അടച്ചിട്ട കാലത്താണ് സഖാവ് എംഎം ലോറന്‍സിനെ വിളിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍, 2020 ഏപ്രില്‍ 13 ന്. കോവിഡ് കാലത്ത് എം എം ലോറന്‍സ് എന്ന കമ്യൂണിസ്റ്റ് വയോധിക നേതാവിനെ വിളിച്ചതിന് പ്രത്യേകമായൊരു കാരണമുണ്ടായിരുന്നു.
ആ ലോക് ഡൗണ്‍ കാലം പോലെ നാടിനെ പേടിപ്പിച്ചൊരു മുന്‍ അനുഭവം നമ്മുടെയീ കേരളത്തിനുണ്ടായിരുന്നു. കേരളത്തെ മരണത്തിന്റെ വേദന ചൂഴ്ന്ന വസൂരിക്കാലം.
വര്‍ഷങ്ങള്‍ക്കു മുമ്പത്തെ ആ ഭീകര ദിവസങ്ങളില്‍ സ്വജീവിതം പോലും പണയം വച്ച് പോരാടിയൊരു യുവാവായിരുന്നു ലോറന്‍സ്. സഖാവിന്റെ ഭാഷയില്‍ പറഞ്ഞാല്‍, ‘ആ വസൂരിക്കാലമാണ് എന്നെ കമ്യൂണിസ്റ്റുകാരനാക്കിയത്’.
കൊവിഡ് പോലെ മനുഷ്യനെ മരണഭയത്തിലാക്കിയ വസൂരിക്കാലം. അന്നത്തെ അനുഭവങ്ങളാണ് ഒരു യഥാര്‍ത്ഥ കമ്യൂണിസ്റ്റ് ആക്കിത ന്നെ മാറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതെന്നാണ് സഖാവ് പറഞ്ഞത്.
‘എഴുപതാണ്ടുകള്‍ക്കു മേലായിക്കാണും. നാടിനെ മരണം വിഴുങ്ങി നില്‍ക്കുന്ന കാലം; വസൂരിക്കാലം. പട്ടിണിയും ദാരിദ്ര്യവും മനുഷ്യന്റെ കൂടപ്പിറപ്പുകളായിരുന്ന ദുരിതകാലം. അതിനുമേലായിരുന്നു വസൂരിയെന്ന മഹാവ്യാധിയുടെ വരവ്. വേദനയില്‍ പുളഞ്ഞു പിടഞ്ഞു തീര്‍ന്നത് അനേകായിരം പ്രാണനുകളായിരുന്നു. മനുഷ്യന്‍ മനുഷ്യനെ ഭയന്നു മാറി. വസൂരി പഴുത്ത ശരീരങ്ങള്‍, ജീവനൊടുങ്ങും മുന്നേ കുഴിച്ചു മൂടേണ്ട ഗതികേടുവരെ നാടിനു പേറേണ്ടി വന്ന മരണകാലം…’; സഖാവ് എം.എം ലോറന്‍സിന്റെ ഓര്‍മകളില്‍ അപ്പോഴും പഴുത്തു മുളച്ചു നില്‍ക്കുകയായിരുന്നു തൊള്ളായിരത്തി നാല്‍പ്പതുകളുടെ മധ്യത്തിലെ ആ ഭയപ്പാട് കാലം.
പ്രായത്തിന്റെ അവശതകളില്ലായിരുന്നുവെങ്കില്‍ അടച്ചുപൂട്ടലില്‍ കഴിയുന്ന മനുഷ്യരില്‍ വിശന്നിരിക്കുന്നവരെ തേടി, മരുന്ന് വേണ്ടവരെ തേടി താനിറങ്ങിയേനെ എന്നു പറയാന്‍ സഖാവിന് രണ്ടാമതൊന്നാലോചിക്കേണ്ടിയിരുന്നില്ല. അതുപോലൊരു ദുരന്തകാലത്തിനിടയിലൂടെ താന്‍ നടന്നു നേടിയ ധൈര്യം വാര്‍ദ്ധക്യം തളര്‍ത്തിയ ശരീരത്തിലെ മനസില്‍ ബാക്കിയുണ്ടായിരുന്നു.
‘പതിനാലോ പതിനഞ്ചോ വയസുണ്ടായിരിക്കും. സെന്റ് ആല്‍ബര്‍ട്സ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. കോളറയ്ക്കുശേഷം മനുഷ്യനെ കൊന്നൊടുക്കുകയായിരുന്നു വസൂരി. കണക്കില്ലാതെ മനുഷ്യര്‍ ചത്തു വീഴുകയാണ്. പേടിയാണെല്ലാവര്‍ക്കും. രോഗം പകരും. വന്നാല്‍ പിന്നെ മരണമാണ്. സ്‌കൂളില്‍ ഞങ്ങള്‍ കുറച്ചു പേര്‍ ചേര്‍ന്ന് ഒരു വിദ്യാര്‍ത്ഥി പ്രസ്ഥാനമൊക്കെ രൂപീകരിച്ചിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയോടായിരുന്നു അക്കാലത്ത് ആഭിമുഖ്യമെങ്കിലും കമ്യൂണിസ്റ്റ് ആശയങ്ങളിലേക്ക് ആകൃഷ്ടരായിക്കൊണ്ടിരിക്കുന്ന സമയവുമാണ്. ജ്യേഷ്ഠന്റെ സ്വാധീനമായിരുന്നു അതിനു കാരണം. കോണ്‍ഗ്രസ് നേതാവും സ്വാതന്ത്ര്യസമര പോരാളിയുമൊക്കെയായിരുന്ന ജ്യേഷ്ഠന്‍ എബ്രഹാം മാടമാക്കലിലൂടെ അറിഞ്ഞ കമ്യൂണിസം എന്റെ ജീവിതത്തില്‍ ഉറയ്ക്കുന്നത് ആ വസൂരിക്കാലത്തായിരുന്നുവെന്നു പറയാം’, സഖാവ് ഓര്‍മകളിലേക്കിറങ്ങി.
വസൂരി കൊച്ചിരാജ്യത്ത് ഏറ്റവുമധികം മരണം വിതച്ചത് മട്ടാഞ്ചേരിയിലായിരുന്നു. ജനങ്ങള്‍ തിങ്ങിനിറഞ്ഞു നില്‍ക്കുന്ന പ്രദേശങ്ങളില്‍ ആളുകള്‍ ദിനംപ്രതിയെന്നോണം മരിച്ചു വീഴുകയായിരുന്നു. ജ്യേഷ്ഠനില്‍ നിന്നുമറിഞ്ഞ വര്‍ഗസ്നേഹത്തിന്റെ പാഠങ്ങള്‍ ഉള്ളിലേറ്റിയ ലോറന്‍സ്, ആ വസൂരിക്കാലത്ത് വീടിന്റെ സുരക്ഷിതത്വത്തില്‍ ഒതുങ്ങാന്‍ തയ്യാറായില്ല.
‘വീട്ടില്‍ പറയാനൊന്നും നില്‍ക്കാതെയാണ് ഞാന്‍ മട്ടാഞ്ചേരിക്കു പോകുന്നത്. വസൂരി ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്ന മേഖലയാണ് മട്ടാഞ്ചേരി. അവിടേയ്ക്ക് പോകാന്‍ വീട്ടുകാര്‍ ഒരുതരത്തിലും സമ്മതിക്കില്ലെന്ന് അറിയാം. അതുകൊണ്ട് പറഞ്ഞില്ല, ഞാനങ്ങ് പോയി. എങ്ങനെ വിശദീകരിച്ചാലാണ് ആ സാഹചര്യങ്ങള്‍ മനസിലാകുകയെന്നറിയില്ല. വാക്കുകള്‍ക്കൊണ്ട് കഴിയില്ല അന്നത്തെ ദുരിതം വിവരിക്കാന്‍. ഭീകരമായ സാഹചര്യം. വസൂരി വന്നൊരാളെ കണ്ടാല്‍ തന്നെ പേടിയാകും. പകരുന്ന രോഗമായത് കൊണ്ട് എത്ര വേണ്ടപ്പെട്ടവനാണെന്നു പറഞ്ഞാലും ബാക്കിയുള്ളവര്‍ മാറി നില്‍ക്കും. പുറത്തിറങ്ങാന്‍ തന്നെ മനുഷ്യര്‍ക്ക് പേടിയാണ്. വീട്ടില്‍ തന്നെയിരിക്കുമ്പോള്‍ രോഗത്തെക്കാള്‍ ക്രൂരമായി ആക്രമിക്കുന്നത് പട്ടിണിയായിരുന്നു. സംഘടിതരല്ലാത്ത, അടിമത്തം പേറുന്ന തൊഴിലാളി ജീവിതങ്ങളെ ആ മഹാവ്യാധിയും ദാരിദ്ര്യവും ഒരുപോലെയാണ് ആക്രമിച്ചത്.
അന്നും ചിലരുണ്ടായിരുന്നു. ജനങ്ങള്‍ക്കിടയിലേക്കിറങ്ങിച്ചെല്ലാന്‍. മരുന്ന് എത്തിക്കാനും അരിയെത്തിക്കാനും ഭയക്കാതിരുന്നവര്‍. ആ കൂട്ടത്തില്‍ പയ്യനായ ഞാനും കൂടി. പ്രതിരോധ മരുന്നുകള്‍ എത്തിക്കാനും പിരിച്ചെടുത്ത അരിയും സാമാനങ്ങളും കൊടുക്കാനും വീടുകള്‍ കയറി നടന്നു, പേടിച്ചില്ല. ആ രോഗത്തെ കുറിച്ച് അറിയാത്തതുകൊണ്ടല്ല, കൊല്ലുന്ന രോഗമായാലും പേടിക്കില്ലെന്ന് ഉറപ്പിച്ചിരുന്നതുകൊണ്ട്. ഒരു കമ്യൂണിസ്റ്റുകാരന് ആദ്യം വേണ്ട ഗുണം ഭയമില്ലായ്മയാണ്. നേരിടേണ്ടി വരുന്നത് ഏതു സാഹചര്യമാണെങ്കിലും ധൈര്യത്തോടെ നേരിടുക. അവന്റെ ഉത്തരവാദിത്തം ജനങ്ങളോടാണ്. അത് നിറവേറ്റുമ്പോള്‍ മരിച്ചു വീണാല്‍ അഭിമാനമാണ്. അതാണ് രക്തസാക്ഷിത്വം’.
സഖാവ് ലോറന്‍സ് മുന്‍പും പറഞ്ഞിട്ടുള്ളതാണ്, കമ്യൂണിസ്റ്റുകാരനായി മാറിയ ശേഷം മനസില്‍ കൊണ്ടു നടന്ന രണ്ട് ആഗ്രഹങ്ങളായിരുന്നു ജയില്‍വാസവും രക്തസാക്ഷിത്വവും. ആറു വര്‍ഷത്തോളം ജയിലില്‍ കിടന്നു. ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണക്കേസിലെ മുഖ്യപ്രതികളിലൊരാളായ തന്നെ കൊല്ലാന്‍ വേണ്ടി തന്നെയാണ് അന്നു പോലീസ് തല്ലിയതെങ്കിലും ചത്തില്ല, മറിച്ചായിരുന്നുവെങ്കില്‍ രണ്ടാഗ്രഹങ്ങളും നടക്കുമായിരുന്നുവെന്നാണ് ഒരു ചിരിയോടെ സഖാവ് പറഞ്ഞത്.
‘അപരനെ സഹായിക്കാനിറങ്ങുമ്പോഴാണ് മരിച്ചു വീഴുന്നതെങ്കില്‍ അതില്‍പ്പരം സന്തോഷം മറ്റൊന്നുമുണ്ടാകില്ലൊരു കമ്യൂണിസ്റ്റിന്. ഈയൊരു ചിന്ത വസൂരിക്കാലത്ത് തന്നെ എന്നില്‍ ഉണ്ടായിരുന്നു. ഞാന്‍ മട്ടാഞ്ചേരിയിലാണെന്നും വസൂരി പിടിച്ചവരുടെ വീടുകളില്‍ പോകാറുണ്ടെന്നുമൊക്കെ അറിഞ്ഞപ്പോള്‍ വീട്ടില്‍ പ്രശ്നമായി. എത്രയും വേഗം മടങ്ങി വരാന്‍ പിതാവ് പറഞ്ഞു. ഞാന്‍ പോയില്ല, ദിവസങ്ങളോളം എന്നെക്കുറിച്ച് വിവരമൊന്നും കിട്ടാതെ വന്നോടെ മൂത്ത ചേട്ടന്‍ തിരക്കി വന്നു. അന്നു തന്നെ വീട്ടിലേക്ക് മടങ്ങി വന്നേക്കണം എന്നു പറഞ്ഞിട്ടാണ് ചേട്ടന്‍ പോയത്. വരാമെന്നൊക്കെ പറഞ്ഞെങ്കിലും ഞാന്‍ പോയില്ല. മട്ടാഞ്ചേരിയില്‍ ചെറിയൊരു പീടിക മുറിയിലായിരുന്നു കിടപ്പും താമസവും. പകലൊക്കെ ആരെങ്കിലും കൂടെക്കാണും. രാത്രിയില്‍ ഒറ്റയ്ക്ക് കിടക്കും. ഒരു ദിവസം കിടക്കുമ്പോള്‍ പുറത്ത് ബഹളം. ആളുകള്‍ ആരുടെയോ പിന്നാലെ ഓടുന്ന പോലെ, പുലര്‍ച്ചെ ഒന്നൊന്നര മണിയാക്കാണും. പീടികപ്പലക മാറ്റി നോക്കുമ്പോള്‍ ഒരാളുടെ പിന്നാലെ കുറച്ചാളുകള്‍ ഓടുകയാണ്. ഓടുന്നത് വസൂരി രോഗിയാണ്. വസൂരി അണുക്കള്‍ തലച്ചോറിലേക്ക് കയറിക്കഴിഞ്ഞാല്‍ ഭ്രാന്തുപോലെയാകുമെന്നാണ് പറയുന്നത്. മരണവും ഉടനെ നടക്കും. തലപ്പൊട്ടിത്തെറിച്ച് മരിക്കുമെന്നൊക്കെയായിരുന്നു അന്നു പറഞ്ഞിരുന്നത്. എന്റെയൊരു സഹപാഠിയും അങ്ങനെയാണ് മരിച്ചത്’.
മനുഷ്യര്‍ ഇത്തരത്തില്‍ കഷ്ടപ്പെടുമ്പോള്‍ നമുക്ക് സ്വന്തം രക്ഷ നോക്കിയിരിക്കാന്‍ കഴിയുമായിരുന്നില്ലെന്നാണ് സഖാവ് പറയുന്നത്. ജ്യേഷ്ഠന്‍ എബ്രഹാം മാടമാക്കല്‍ അനിയനു പകര്‍ന്ന ബോധ്യങ്ങളായിരുന്നു ഇത്. കൊച്ചിന്‍ പോര്‍ട്ടില്‍ എബ്രഹാം ജോലി നോക്കിയിരുന്ന കാലം. ഒരു ദിവസം അജ്ഞാതനായൊരാള്‍ (പില്‍ക്കാലത്ത് ആ അജ്ഞാതന്‍ ആരാണെന്നു മനസിലായി) പോര്‍ട്ടിന്റെ അഡ്മിനിസ്ട്രേറ്റര്‍ ആയിരുന്ന ബ്രിസ്റ്റോ സായിപ്പിന് ഒരു രഹസ്യക്കത്തയച്ചു. കത്തിലെ രഹസ്യം വേറൊന്നുമായിരുന്നില്ല, എബ്രഹാം മാടമാക്കല്‍ ഒരു കോണ്‍ഗ്രസുകാരനാണ്! ബ്രിസ്റ്റോ എബ്രഹാമിനെ വിളിപ്പിച്ചു. ഒറ്റച്ചോദ്യമേ ഉണ്ടായിരുന്നുള്ളൂ, നീ ഇവിടുത്തെ ജോലിക്കാരനായി തുടരുന്നോ, കോണ്‍ഗ്രസുകാരനായി തുടരുന്നോ? ജോലി രാജിവച്ചിറങ്ങിപ്പോരാന്‍ എബ്രഹാമിന് കൂടുതലൊന്നും ആലോചിക്കാനില്ലായിരുന്നു. ഈ സംഭവം നടക്കുന്ന ദിവസം അപ്പന്റെ മുറിയില്‍ പനി പിടിച്ച് കിടക്കുകയായിരുന്നു ലോറന്‍സ്. ജ്യേഷ്ഠന്‍ വീട്ടിലെത്തി അപ്പനെ കണ്ട് താന്‍ ജോലി രാജിവച്ച കാര്യം പറയുമ്പോള്‍ പനിക്കിടക്കയില്‍ എല്ലാം കേട്ടുകൊണ്ട് കിടക്കുകയായിരുന്നു ലോറന്‍സ്. അപ്പന്‍ ഒന്നും പറഞ്ഞുമില്ല, ചോദിച്ചുമില്ല. കോണ്‍ഗ്രസുകാരനായിരുന്നില്ലെങ്കിലും സോഷ്യലിസ്റ്റ് ആശയങ്ങളിലധിഷ്ഠിതനായിരുന്നു നാസ്തികനായ മാത്യു മാടമാക്കല്‍ എന്ന ആ പിതാവും.
‘എന്നെ ഒത്തിരി സ്വാധീനിച്ച ജീവിതമായിരുന്നു ജ്യേഷ്ഠന്റേത്. സഹജീവി സ്നേഹം ഏതൊരു ഘട്ടത്തിലും കൈവിടരുതെന്നദ്ദേഹമാണ് പഠിപ്പിച്ചത്. മട്ടാഞ്ചേരിയിലെ വസൂരിക്കാലത്ത് ഞാന്‍ മുറുകെ പിടിച്ചതും സഹജീവി സ്നേഹത്തിന്റെ തത്വമായിരുന്നു. മുന്നിലുള്ളത് മരണമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് രോഗികളായവരെയും രോഗഭീതിയില്‍ മരിച്ചു ജീവിച്ചവരെയും തേടി ഞാന്‍ നടന്നത്. പതിനേഴ് വയസില്‍ തന്നെ പതിനെട്ടായെന്നു കള്ളം പറഞ്ഞ് പാര്‍ട്ടി മെംബര്‍ഷിപ്പ് എടുക്കാന്‍ തക്ക ആഴത്തില്‍ കമ്യൂണിസം എന്റെ സിരകളില്‍ ചോരയായി ഒഴുകിയതിനുമൊക്കെ ഒരു കാരണം ആ വസൂരിക്കാലമായിരുന്നു. പില്‍ക്കാലത്ത് തോട്ടിപ്പണിക്കാര്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികളെ സംഘടിപ്പിക്കാന്‍ എനിക്ക് കഴിഞ്ഞതിനു പിന്നിലും ആ കാലം നല്‍കിയ ഊര്‍ജ്ജം വലുതായിരുന്നു…’
സഖാവ് എം എം ലോറന്‍സിനോട് അവസാനമായി സംസാരിച്ചത്, നാല് വര്‍ഷങ്ങള്‍ക്കു മുമ്പത്തെ വിഷുത്തലേന്നായിരുന്നു. അന്ന് സഖാവ് സംസാരം അവസനാപ്പിച്ചത് ഇങ്ങനെയായിരുന്നു;
നമ്മളീ കാലവും കടന്നു പോകും. ധൈര്യത്തോടെയിരിക്കുക. പരസ്പരം സഹായിക്കുക. ഒരാളെയും കൈവിടാതിരിക്കുക’.
തന്നെ ഒരു അടിയുറച്ച കമ്യൂണിസ്റ്റ് ആക്കി മാറ്റിയ സാഹചര്യങ്ങളില്‍ ഒന്നായ ആ വസൂരിക്കാലത്തിന്റെ ഓര്‍മകളില്‍ നിന്നുകൊണ്ട് ആ പതിനാലുകാരന്റെ അതേ ആവേശത്തോടെയായിരുന്നു സഖാവ് ഓര്‍മിപ്പിച്ചത്. എം എം ലോറന്‍സ് എന്ന കമ്യൂണിസ്റ്റ് എ്ന്നും പ്രതിസന്ധികളോട് പൊരുതി സഖാവായിരുന്നു. MM Lawrence, veteran politician and senior cpm leader passed away
Content Summary; MM Lawrence, veteran politician and senior cpm leader passed away