ജോസ് മാഷും ലില്ലിടീച്ചറും ഞാന്‍ ഒറ്റപ്പാലത്ത് ജീവിച്ച മൂന്നു വര്‍ഷങ്ങളിലേയും ക്രിസ്മസിന് സദ്യയുണ്ണാന്‍ എന്നെ ക്ഷണിക്കാറുണ്ടായിരുന്നു. മാഷിന്റെ തമാശ കലര്‍ന്ന സംഭാഷണങ്ങള്‍ക്ക് കാതോര്‍ത്ത് അന്നത്തെ ഞങ്ങളുടെ പൊതുഇടമായ ടി.കെ അമ്പിസ്വാമിയുടെ കടയിലെ വെടിവട്ടം സ്നേഹാര്‍ദ്രമായ ഓര്‍മയാണിന്ന്. നക്ഷത്രവിളക്കുകളുടെ വര്‍ണവെളിച്ചത്തില്‍ ജോസ് മാഷുടെ മേച്ചേരി ഹൗസില്‍ ക്രിസ്മസ് കേക്ക് മുറിക്കുമ്പോള്‍ കുട്ടികളായ ലാലുവും അനിയത്തി ലിന്റോയും അമ്മയുടെ അരിക് പറ്റിയിരുന്ന കാലം ഞാനോര്‍ക്കുന്നു. അന്നത്തെ ലാലു ഇന്ന് ലോകമറിയുന്ന ലാല്‍ ജോസായി മാറി. മലയാള സിനിമാസ്വാദനത്തിന്റെ പരിപ്രേക്ഷ്യം തന്നെ മാറ്റിയെടുത്ത ചലച്ചിത്രകാരനായി ഉയര്‍ന്ന ലാല്‍ ജോസിന് ഇന്ന് (ജനുവരി 11) അറുപത് വയസ്സ്.
ഒരു വര്‍ഷം മുമ്പത്തെ സെപ്റ്റംബറില്‍ ഞാന്‍ സകുടുംബം ലാല്‍ജോസിനെ മായന്നൂരില്‍ നിളാനദിക്കരയിലെ അദ്ദേഹത്തിന്റെ മനോഹമായ വീട്ടില്‍ പോയി കണ്ടിരുന്നു. ഹോം തിയേറ്ററും മൂവി ക്യാമറകളുമുള്ള വീടിന്റെ ഒരു മുറി അപ്പച്ചന്റേയും അമ്മച്ചിയുടേയും സ്നേഹസാന്നിധ്യത്തിന്റെ ആത്മീയസുഗന്ധം അനുഭവിപ്പിക്കുന്ന ഇടമായി സജ്ജീകരിച്ചിരിക്കുന്നു. ആ മുറിയിലേക്ക് നോക്കിയപ്പോള്‍ ജോസ്മാഷും ലില്ലിടീച്ചറും എനിക്ക് പകര്‍ന്നു തന്നിരുന്ന സ്നേഹത്തിന്റെ നനുത്ത ഓര്‍മയില്‍ ഞാന്‍ നിറഞ്ഞു. തൃശൂരിലെ വലപ്പാട്ട് നിന്ന് ഒറ്റപ്പാലത്തേക്ക് ജോലിയുടെ ഭാഗമായി താമസം മാറ്റിയവരാണ് ജോസ് മാഷും ലില്ലിടീച്ചറും. വലപ്പാട്ടെ ഗവണ്‍മെന്റ് ആശുപത്രിയില്‍ അവരുടെ മൂത്ത കുഞ്ഞ് ജനിച്ച ദിവസമാണ് റഷ്യയിലെ താഷ്‌കെന്റിലേക്ക് ഇന്ത്യ-പാക് സംഘര്‍ഷം തീര്‍ക്കാനുള്ള സമാധാനചര്‍ച്ചയുമായി ബന്ധപ്പെട്ട് അങ്ങോട്ട് പോയ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രി മരണപ്പെട്ട വിവരമറിയുന്നത്. വലപ്പാട് ആശുപത്രിയില്‍ പ്രസവമെടുത്ത ഡോക്ടര്‍ അന്നേരം കുഞ്ഞിനെ പേര് വിളിച്ചു: ലാല്‍ ബഹദൂര്‍. പിന്നീട് ബഹദൂര്‍ മാറ്റി ലാല്‍ ജോസ് എന്നാക്കിയത് ജോസ്മാഷ്. വീട്ടിലെയും നാട്ടിലേയും വിളിപ്പേര് ലാലു.
ഒറ്റപ്പാലം എന്‍.എസ്.എസ് കെ.പി.ടി ഹൈസ്‌കൂള്‍, പാലപ്പുറത്തെ എന്‍.എസ്.എസ് കോളേജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം ജോലി അന്വേഷണവുമായി അലഞ്ഞ ലാല്‍ ജോസ് കുറച്ചുകാലം കേരളകൗമുദിയുടെ ഒറ്റപ്പാലത്തെ ഏജന്റും റിപ്പോര്‍ട്ടറുമായി പ്രവര്‍ത്തിച്ചു. മനസ്സില്‍ സര്‍ഗസിദ്ധിയുടെ വെളിച്ചം മിന്നിയത് ഇക്കാലത്താവണം. വാര്‍ത്തകളുടേയും ഒപ്പം ഫോട്ടോഗ്രഫിയുടേയും സാധ്യതകള്‍ ആ ഇളംപ്രതിഭയില്‍ വിടരുകയായിരുന്നു. ഫോട്ടോഗ്രഫിയുടെ സാങ്കേതികകാര്യങ്ങള്‍ പഠിക്കാനും അവ വേണ്ടവിധം പ്രയോജനപ്പെടുത്താനും ഈ കാലം സഹായിച്ചു. ലാല്‍ജോസിന്റെ ഉള്ളിലെ സിനിമക്കാരന്റെ പിറവിയുമായിരിക്കണമത്. ഗള്‍ഫിലേക്കുള്ള വിസ വരുന്നതും ഇക്കാലത്താണ്. ഗള്‍ഫ് മോഹം ഉപേക്ഷിക്കുകയും സിനിമാനഗരമായ മദ്രാസിലേക്കുള്ള തീവണ്ടി കയറുകയും ചെയ്ത ലാല്‍ജോസ് എത്തേണ്ടിടത്ത് തന്നെ എത്തുകയായിരുന്നു. സംവിധായകന്‍ കമലുമായുള്ള പരിചയപ്പെടല്‍ ജീവിതത്തിന്റെ ഗതി മാറ്റി. ക്ലേശങ്ങള്‍ക്ക് നടുവിലും സിനിമ അഭിനിവേശമായി തലയ്ക്ക് പിടിച്ച ആ ചെറുപ്പക്കാരന്‍ ഗള്‍ഫ് മോഹത്തിന് സ്വമേധയാ തടയിട്ടതില്‍ വീട്ടുകാര്‍ക്ക് നീരസമുണ്ടായിരുന്നു. പക്ഷേ മകന്റെ കഴിവില്‍ വിശ്വാസമുണ്ടായിരുന്ന രക്ഷിതാക്കള്‍ പില്‍ക്കാലത്ത് മകന്‍ പ്രശസ്തിയുടെ പടവുകള്‍ കയറുന്നത് കണ്ടാണ് കണ്ണടച്ചത്.
കമല്‍, എല്ലാ അര്‍ഥത്തിലും ലാല്‍ജോസിന്റെ മെന്റര്‍ ആയി. അദ്ദേഹത്തിന്റെ നിരവധി സിനിമകളില്‍ അസിസ്റ്റന്റ് ഡയറക്ടറായും അസോഷ്യേറ്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചു. കമലിന്റെ പതിനാറ് സിനിമകളില്‍ – പ്രാദേശിക വാര്‍ത്തകള്‍ മുതല്‍ കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് വരെയുള്ള പതിനാറ് ചിത്രങ്ങളില്‍ – കമലിനോടൊപ്പം ലാല്‍ജോസ് പ്രവര്‍ത്തിച്ചു. തമ്പി കണ്ണന്താനം, ലോഹിതദാസ്, ഹരികുമാര്‍, വിനയന്‍, കെ.കെ. ഹരിദാസ്, നിസാര്‍ തുടങ്ങിയ സംവിധായകര്‍ക്കൊപ്പവും ലാല്‍ ഉണ്ടായിരുന്നു. നിഴലുകളുടേയും വെളിച്ചത്തിന്റേയും പുതിയൊരു സര്‍ഗലോകം ഈ ഒറ്റപ്പാലത്തുകാരന്റെ മുന്നില്‍ ദൈവം തുറന്നിടുകയായിരുന്നു. പല തിരിച്ചടികളേയും അതിജീവിച്ചുകൊണ്ടാണ് ലാല്‍ ജോസ് ഇന്ന് നാമറിയുന്ന ലാല്‍ ജോസായി മാറിയത്.
1998 ല്‍ ലാല്‍ ജോസ് ആദ്യസിനിമ സംവിധാനം ചെയ്തു. ശ്രീനിവാസന്‍ തിരക്കഥയെഴുതി മമ്മൂട്ടി നായകനായ ‘ഒരു മറവത്തൂര്‍ കനവ് ‘. ഫാമിലി സബ്ജക്ടറ്റുകളും അവ ട്രീറ്റ് ചെയ്യുന്നതിലെ വ്യതിരിക്തമായ ലാല്‍ജോസ് സ്റ്റൈലും മലയാളികള്‍ ആവേശത്തോടെ സ്വീകരിച്ചു. സിനിമാലോകത്ത് നിന്നും പുറത്ത് നിന്നുമുള്ള നിരവധി വെല്ലുവിളികളെ മറികടന്നുകൊണ്ടുള്ള പ്രയാണമായിരുന്നു പിന്നീടങ്ങോട്ട്. സിനിമയുടെ പ്രമേയവൈവിധ്യം ഓരോ ഫ്രെയിമിലും – ടൈറ്റിലുകളില്‍ വരെ – സന്നിവേശിപ്പിച്ച ലാല്‍ജോസിന്റെ ചിത്രങ്ങള്‍ ലോകമെങ്ങുമുള്ള മലയാളി പ്രേക്ഷകസമൂഹം പെട്ടെന്ന് സ്വീകരിച്ചു. ചന്ദ്രനുദിക്കുന്ന ദിക്കില്‍, മീശമാധവന്‍, ചാന്ത് പൊട്ട്, ക്ലാസമേറ്റ്സ്, അറബിക്കഥ, നീലത്താമര, ഡയമണ്ട് നെക്ലസ്, അയാളും ഞാനും തമ്മില്‍, ഇമ്മാനുവല്‍, വിക്രമാദിത്യന്‍ തുടങ്ങിയ സിനിമകള്‍ ലാല്‍ ജോസിന്റെ മാസ്റ്റര്‍പീസുകളായി. പല സിനിമകളുടേയും ഇതിവൃത്തം തന്റെ പരിസരങ്ങളില്‍ നിന്ന് തന്നെയാണ് ലാല്‍ജോസ് കണ്ടെടുത്തത്. രഞ്ജന്‍ പ്രമോദ് തിരക്കഥയെഴുതിയ ‘മീശമാധവനി’ ലെ മാധവന്‍ ഒറ്റപ്പാലത്ത് ജീവിച്ച യഥാര്‍ഥ കഥാപാത്രമാണ്. ദിലീപ് എന്ന നടനെ പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലേക്കുയര്‍ത്തിയ ചിത്രമാണ് മീശമാധവന്‍.
വള്ളുവനാടന്‍ ഇമേജറികളും നിളാനദിയുടെ സൗന്ദര്യവും അനങ്ങന്‍മലയിലെ സൂര്യോദയവുമെല്ലാം തന്റെ പല സിനിമകളിലും ലാല്‍ജോസ് അവതരിപ്പിച്ചു. പ്രകൃതിയുടെ ഹരിതചാരുതയെ അഭ്രപാളികളിലേക്ക് കൊണ്ടുവരുന്ന ഒരു കവിമനസ്സ് ആ പ്രതിഭാശാലിയില്‍ ബാല്യം മുതലേ ഉണ്ടായിരുന്നു. പലരും ഉറങ്ങിക്കിടന്ന പുലരികളില്‍ ട്രെയിനിലെത്തുന്ന കേരളകൗമുദി പത്രക്കെട്ട് ഒറ്റപ്പാലം റെയില്‍വെ സ്റ്റേഷനില്‍ നിന്നെടുത്ത് തരം തിരിച്ച് സൈക്കിളില്‍ ഒറ്റപ്പാലത്തേയും പരിസരങ്ങളിലേയും വീടുകളിലെത്തിക്കുമ്പോള്‍ കിഴക്കുദിച്ചുവരാന്‍ തയാറെടുത്തിരുന്ന സൂര്യനെ ലാല്‍ജോസ് മനസ്സിലൊരു ബിംബമായി അന്നേ കണ്ടിരിക്കണം.
പുതിയ തലമുറയുടെ ജീവിതം വരച്ചുകാട്ടിയ ക്ലാസ്മേറ്റ്സ് എന്ന സിനിമയ്ക്ക് 2000 ല്‍ മികച്ച ജനപ്രിയചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചു. രണ്ടു വര്‍ഷത്തിനു ശേഷം അച്ഛനുറങ്ങാത്ത് വീട് എന്ന ലാല്‍ജോസ് ചിത്രത്തിന് രണ്ടാമത്തെ മികച്ച സിനിമയ്ക്കുള്ള സംസ്ഥാന ഗവണ്‍മെന്റിന്റെ അവാര്‍ഡ് ലഭിച്ചു. 2012 ല്‍ അയാളും ഞാനും തമ്മില്‍ എന്ന പടത്തിന് മികച്ച സംവിധായകനുള്ള പുരസ്‌കാരം ലാല്‍ ജോസിനായിരുന്നു. അതേ വര്‍ഷം തന്നെ ഈ സിനിമ മികച്ച ജനപ്രിയസിനിമ എന്ന അംഗീകാരത്തിനും അര്‍ഹമായി. 2013 ല്‍ ഡയമണ്ട് നെക്ലസ് മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. അറബിക്കഥ എന്ന പടം ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡും എല്‍സമ്മ എന്ന ആണ്‍കുട്ടി മികച്ച സംവിധായകനുള്ള രാമു കാര്യാട്ട് പുരസ്‌കാരവും നേടി. 1998 ല്‍ ഒരു മറവത്തൂര്‍ കനവ് മുതല്‍ 2022 ല്‍ പുറത്തിറങ്ങിയ സോളമന്റെ തേനീച്ചകള്‍ വരെ മുപ്പതോളം സിനിമകള്‍ ലാല്‍ ജോസിന്റെ ക്രെഡിറ്റിലുണ്ട്. തന്റെ സിനിമകളില്‍ പ്രധാനഘടകമായി വര്‍ത്തിച്ചത് സുഹൃത്തായ ഡോ. ഇക്ബാല്‍ കുറ്റിപ്പുറത്തിന്റെ കഥകളാണെന്ന് ലാല്‍ ജോസ് പറയാറുണ്ട്. മറ്റുള്ളവരെ മറന്നിട്ടല്ല ഇത് പറയുന്നത്. ഇക്ബാലുമായുള്ള രസതന്ത്രം മലയാളിപ്രേക്ഷകര്‍ ഏറ്റെടുത്തതായി അനുഭവമുള്ള നിരവധി തീമുകളെ അത്തരത്തില്‍ ലാല്‍ ജോസിന് ട്രീറ്റ് ചെയ്ത് വിജയിപ്പിച്ചിട്ടുണ്ട്. ഡോ. ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥയെഴുതിയ പുതിയൊരു സിനിമയാണ് ലാല്‍ ജോസിന്റെ മനസ്സിലുള്ളത്.
ഇതിനിടെ സാഹസികമായി റോഡ് മാര്‍ഗം നിരവധി ലോകയാത്രകള്‍ നടത്തിയതിന്റെ ത്രില്‍ ലാല്‍ ജോസിന്റെ ജീവിതസഞ്ചാരത്തെ വേഗക്കരുത്തിന്റെ പര്യായമായി മാറ്റിയിരിക്കുന്നു. കൃഷിയാണ് മറ്റൊരു ലോകം. മായന്നൂരിലെ വീട്ടുവളപ്പിലാകെ പച്ചക്കറിയുടെ ഹരിതാഭയാണ്. ലാല്‍ ജോസ് സ്വയം ചെടികളേയും മരങ്ങളേയും പരിപാലിക്കുന്നത് കണ്ടാണ് കഴിഞ്ഞ തവണ ഞങ്ങള്‍ മായന്നൂരിലെ വീടിന്റെ പടി കടന്നത്. പ്രതിഭാശാലിയായ ചലച്ചിത്രകാരന്റെ ജീവിതത്തിലാകെ ഹൃദയഹാരിയായ പച്ചപ്പ്. ഭൂമിഗീതം, സര്‍ഗവസന്തം, അഴകിയ രാവണന്‍ (വെണ്ണിലാചന്ദനക്കിണ്ണം, പ്രണയമണിത്തൂവല്‍ പൊഴിയും വര്‍ണമഴ തുടങ്ങിയ ഹിറ്റ് ഗാനങ്ങളും, ഇന്നസെന്റിന്റെയും ശ്രീനിവാസന്റേയും നര്‍മം കലര്‍ന്ന പ്രസിദ്ധമായ ഡയലോഗുകളുമോര്‍ക്കുക. അസിസ്റ്റന്റ് ഡയരക്ടറുടെ വേഷമാണ് ലാല്‍ ജോസ് ഇതില്‍ ചെയ്തത്) റോക് ആന്റ് റോള്‍, ബെസ്റ്റ് ആക്ടര്‍, ഓം ശാന്തി ഓശാന, സണ്‍ഡെ ഹോളിഡേ, കമ്മാരസംഭവം തുടങ്ങി ഇരുപത്തഞ്ചോളം സിനിമകളില്‍ ലാല്‍ ജോസ് അഭിനയിച്ചിട്ടുമുണ്ട്. കാവ്യാമാധവന്‍, സംവൃത സുനില്‍, ടെസ്സ, മുക്ത, മീരാ നന്ദന്‍, ജ്യോതിര്‍മയി, ആന്‍ അഗസ്റ്റിന്‍, കൈലാഷ്, ശിവജി ഗുവായൂര്‍ തുടങ്ങി പില്‍ക്കാലത്ത് പ്രശസ്തരായ നിരവധി പുതുമുഖങ്ങളെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്ത സംവിധായകനാണ് ലാല്‍ ജോസ്. ലീനയാണ് ലാല്‍ ജോസിന്റെ ജീവിതപങ്കാളി. മക്കള്‍: ഐറിന്‍, കാതറിന്‍.
സിനിമാമോഹങ്ങളുടെ ചൂളം വിളി മുഴങ്ങിയ മനസ്സുമായി ഒറ്റപ്പാലത്ത് നിന്ന് സൗഹൃദങ്ങളുടെ തീവണ്ടി കയറി മദ്രാസിലെത്തി കമലിനെ ഗുരുവായി വരിച്ച് സിനിമ പഠിച്ച് ചരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയുടെ പൂമുഖത്ത് ഇരിപ്പിടം നേടിയ ലാല്‍ ജോസ് അറുപതിന്റെ ചെറുപ്പത്തിലും പുതിയ സിനിമകളേയും പുതിയ സ്ഥലങ്ങള്‍ തേടിയുള്ള സാഹസിക യാത്രകളേയും നിളയുടെ പുളിനങ്ങളിലെ പച്ചപ്പ് വറ്റാത്ത കൃഷിക്കളങ്ങളേയും താലോലിച്ച് മായന്നൂരിലെ മേച്ചേരി ഹൗസില്‍ സ്വപ്നസഞ്ചാരിയായി കഴിയുന്നു. കൂട്ടിന് എഴുത്തും വായനയും സംഗീതവും മക്കളുടേയും പേരമക്കളുടെയും വാല്‍സല്യവും ലീന ടീച്ചറുടെ സ്നേഹവും ആവോളം.
ജോസ് മാഷും ലില്ലി ടീച്ചറും സ്വര്‍ഗലോകത്ത് നിന്ന് നിശ്ചയമായും ഈ മകനെ ആശീര്‍വാദത്തിന്റേയും അനുഗ്രഹത്തിന്റേയും അദൃശ്യകരങ്ങളാല്‍ തലോടുന്നുണ്ടാവുമെന്നുറപ്പ്.
(പടങ്ങള്‍: സിറാജ് ലെന്‍സ്മാന്‍ )
Content Summary; malayalam-film director Lal Jose celebrates his 60th birthday today
This post was last modified on January 11, 2026 9:06 am
Leave a Comment