UPDATES

ട്രെന്‍ഡിങ്ങ്

ഈ ഇരുപത്തിനാല് വയസ്സുകാരിക്ക് നന്ദിയുണ്ട്…

ഇവിടെ മുറിവേൽക്കുന്നത് ഞങ്ങളുടെ ശരീരത്തിനല്ല… മനസ്സിനാണ്.
നശിപ്പിക്കപ്പെടുന്നത് എന്റെ വ്യക്തിത്വമാണ്..

സാറ

സാറ

                       

സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കു പ്രകാരം 2016ല്‍ സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരേയുള്ള ബലാത്സംഗത്തിനു രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളുടെ എണ്ണം 1644. 2007ല്‍ ഇത് 500 ആയിരുന്നു. ലൈംഗിക പീഡനക്കേസുകളുടെ എണ്ണത്തിലും അതേ വര്‍ദ്ധനവു പ്രകടമായി കാണാം. 2007ല്‍ ഈ കണക്ക് 2604 ആയിരുന്നെങ്കില്‍ 2016 ല്‍ എത്തുമ്പോള്‍ കേസുകളുടെ എണ്ണം 4035 ല്‍ എത്തി. കുഞ്ഞുങ്ങൾ, പെണ്‍കുട്ടികള്‍, വൃദ്ധകള്‍ തുടങ്ങി ഏതു പ്രായത്തില്‍പ്പെട്ടവര്‍ക്കെതിരേയും കേരളത്തില്‍ നടന്നു വരുന്ന അക്രമങ്ങളുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിച്ചു വരുന്നതിന്റെ കണക്ക് ഞെട്ടിക്കുന്നതാണ്. സൗമ്യ, ജിഷ എന്നീ പെണ്‍കുട്ടികള്‍ക്കുണ്ടായ ദുരന്തങ്ങളില്‍ നാം ഏറെ ചര്‍ച്ച ചെയ്യുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇനിയങ്ങനെയൊന്ന് ഒരു സ്ത്രീക്കു നേരെയും ഉണ്ടാകില്ലെന്ന വിശ്വാസം തകര്‍ത്തു കൊണ്ട് കൂടുതല്‍ അപകടകരമായ സാഹചര്യത്തിലേക്കാണ് സ്ത്രീകളുടെ ജീവിതം പോകുന്നതെന്നതിന് തെളിവായിരുന്നു കൊച്ചി പോലൊരു വലിയ നഗരത്തില്‍, പ്രശസ്തയായൊരു ചലച്ചിത്ര താരത്തിനു നേരിടേണ്ടി വന്ന പീഡനം. ഈ ഓരോ സംഭവവും ഒറ്റപ്പെട്ടവയായി കാണാനാകില്ല. കേരളത്തിന്റെ പൊതുസമൂഹത്തില്‍ ഓരോ സ്ത്രീയും നിരന്തരം നേരിടേണ്ടി വരുന്ന അതിക്രമങ്ങള്‍ പലതാണ്. സമൂഹത്തിന്റെ വിവിധധാരകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ അവയിലേക്ക് സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുകയാണ് അഴിമുഖം. ഒരു ഇന്റർനെറ്റ് സർവീസ് പ്രൊവൈഡിംഗ് കമ്പനിയിൽ ഫിനാൻസ് മാനേജരും കഥാകൃത്തുമായ സാറ പ്രതികരിക്കുന്നു.

ഒരു ഇരുപത്തിനാല് വയസ്സുകാരിക്ക് നന്ദിയുണ്ട്…

പത്താം വയസ്സിൽ, ബസ്സിൽ വെച്ച് സ്വകാര്യ ഭാഗത്ത് തോണ്ടിയ അപ്പൂപ്പനോട്,

പരിചിതരാണെങ്കിൽ പോലും അടുത്തുകൂടി പോയാൽ പേടിച്ചൊന്ന് അകന്ന് നിൽക്കാൻ പഠിപ്പിച്ചതിൽ…

പന്ത്രണ്ടാം വയസ്സിൽ, കൂട്ടുകാരിയെ സുഖിപ്പിച്ച കഥ പറഞ്ഞ സീനിയർ ചേട്ടനോട്,

സഹോദരനെ പോലും പേടിക്കണമെന്ന് അറിയിച്ചതിന്…

പതിനാലാം വയസ്സിൽ, ട്യൂഷന് പോയ വഴിയിൽ മുഖം കാണിക്കാതെ തന്റെ ലിംഗം കാട്ടിയ ചേട്ടനോട്,

ഒറ്റപ്പെട്ട വഴികളിലൂടെയുള്ള യാത്രകൾ ഒഴിവാക്കി തന്നതിന്…

പതിനാറാം വയസ്സിൽ, ഉടലഴക് വർണ്ണിച്ച് പ്രണയാഭ്യർത്ഥന നടത്തിയ സാറിനോട്,

അധ്യാപകനെ പോലും വിശ്വസിക്കാൻ പറ്റില്ലായെന്ന് അറിയിച്ചതിന്..

ഇരുപതാം വയസ്സിൽ, നിന്റെ ശരീരം കണ്ടാലാറിയാം നീ കൊടുക്കുമെന്ന്, എന്നത്തേക്കാടീന്ന് ചോദിച്ച കൂട്ടുകാരനോട്,

കൂട്ടുകാരാണെന്നാൽ സ്വന്തമല്ല എന്ന് പഠിപ്പിച്ചതിന്…

ഇട്ട വസ്ത്രത്തിന്റെ ഭദ്രതയുറപ്പാക്കാൻ തിരിഞ്ഞും മറിഞ്ഞും കണ്ണാടിയിൽ നോക്കി കളയുന്ന സമയത്തിന്,

കണ്ണ് കൊണ്ട് വിവസ്ത്രയാക്കുന്ന ആൺവർഗ്ഗത്തിനോട് എല്ലാം…

ഒരു നോട്ടമോ വാക്കോ കൊണ്ട് നിനക്കെന്ത് നഷ്ടമെന്ന് ആലോചിച്ചാൽ നിങ്ങൾക്ക് ഒന്നും കാണാൻ കഴിയില്ല… ഇവിടെ മുറിവേൽക്കുന്നത് ഞങ്ങളുടെ ശരീരത്തിനല്ല… മനസ്സിനാണ്.
നശിപ്പിക്കപ്പെടുന്നത് എന്റെ വ്യക്തിത്വമാണ്…

Share on

മറ്റുവാര്‍ത്തകള്‍