എപ്പോഴാണ് മലയാളികള്‍ ചാഡില്‍ എത്തിയത് എന്ന് വ്യക്തമായി അറിയാന്‍ കഴിഞ്ഞില്ല. എങ്കിലും ഇപ്പോള്‍ ചാഡില്‍ താമസിക്കുന്ന മലയാളിയായ നന്ദകുമാര്‍ പറഞ്ഞതനുസരിച്ച് തുണി കച്ചവടമായി ബന്ധപ്പെട്ടു വന്ന മലയാളികളാണ് ആദ്യം എത്തിയത്. വിദേശികളെ അധികം ചാഡ് പ്രോത്സാഹിപ്പിക്കുന്നില്ല. അതുകൊണ്ട് തന്നെ ഇപ്പൊ ഏകദേശം പത്ത് പേരോളമേ ചാഡില്‍ പല തൊഴില്‍ മേഖലകളില്‍ ആയുള്ളൂ.
ഒരു വര്‍ഷത്തെ വിസയ്ക്ക് ഏകദേശം ഒന്നര ലക്ഷം രൂപയോളമാകും. മൂന്ന് കണ്ക്ഷന്‍ ഫ്‌ലൈറ്റുകളിലായി ആണ് ചാഡിന്റെ തലസ്ഥാനമായ ജെമിനയില്‍ എത്താന്‍ സാധിക്കുക. ഇപ്പോഴാണ് ഇത്രയധികം വിമാനങ്ങള്‍ ഉണ്ടായത്. തൊണ്ണൂറുകളിലും രണ്ടായിരത്തിലുമൊക്കെ ആഴ്ചയില്‍ അകെ ഒരു വിമാനമേ ഉണ്ടായിരുന്നുള്ളു. അതും ആളുകളുടെ എണ്ണം കുറവായത് കാരണം ആ വിമാനവും റദ്ദാകുമായിരുന്നു. ചാഡില്‍ എത്തിച്ചേരുക എന്നത് വളരെ ബുദ്ധിമുട്ടായിരുന്ന കാലത്തും മലയാളികള്‍ ചാഡില്‍ എത്തിയിരുന്നു.
ചാഡ് ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ അല്ലാത്തത് കൊണ്ട് തന്നെ ചാഡിന്റെ പ്രധാന വരുമാന മാര്‍ഗം സ്വര്‍ണ ഖനികളും, പെട്രോളും, മറ്റ് ധാതു ഖനികളുമാണ്.
സാധാരണക്കാര്‍ പശുവും, മറ്റു കന്നുകാലികളെയും ധാരാളമായി വളര്‍ത്തുന്നുണ്ട്. അത് കൊണ്ട് തന്നെ നല്ലയിനം ഇറച്ചി ഇവിടെ സുലഭമാണ്. മസാലകള്‍ ചേര്‍ക്കാതെ വേവിക്കുന്ന ഇറച്ചി തന്നെയാണ് ചാഡിലെ പ്രധാന ഭക്ഷണവും. കൃത്രിമമായി ഉണ്ടാക്കിയ കാലിത്തീറ്റകള്‍ ചാഡില്‍ ഉപയോഗിക്കാറില്ല.
ചാഡിലെ മലയാളികള്‍ കൃഷി ചെയ്യുന്നുണ്ട്. ഏകദേശം പത്തേക്കര്‍ നിലം കൃഷി ചെയ്യാനായി സ്വന്തമായുള്ള ചാഡ് മലയാളിയുണ്ട് എന്നാല്‍ ചാഡിലെ തദ്ദേശീയവര്‍ വ്യാപാര അടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നത് വെളുത്ത എള്ളാണ്. തുര്‍ക്കിയിലേക്കും ദുബായിലേക്കും ചൈനയിലേക്കും ഇസ്രായിലേക്കുമാണ് പ്രധാനമായും വെള്ള എള്ള് കയറ്റി അയക്കുന്നത്. സെപ്തംബര്‍ മുതല്‍ മാര്‍ച്ച് വരെ വെളുത്ത എള്ളിന്റെ കയറ്റുമതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ സീസണല്‍ മൈഗ്രന്റ്സായി മലയാളികള്‍ ചാഡില്‍ എത്താറുണ്ട്. ചാഡില്‍ താമസിക്കുന്ന പത്തോളം വരുന്ന മലയാളികളെ കൂടാതെ തലസ്ഥാനത്ത് നിന്നും അഞ്ഞൂറ് കിലോ മീറ്റര്‍ അകലെ എള്ള് വ്യാപാരവുമായി ബന്ധപ്പെട്ടു വന്നു പോകുന്ന മലയാളികളാണ്, മറ്റൊരു മലയാളി സാനിധ്യം.
ഫ്രഞ്ച്, അറബിക്, ഗോത്ര ഭാഷ സംസാരിക്കുന്ന ചാഡിലെ മനുഷ്യര്‍ക്ക് കേരളവുമായി പ്രത്യേകിച്ച് സാമ്യമൊന്നുമില്ല. ഒരുപക്ഷെ ക്രിസ്ത്യാനികള്‍ ക്രിസ്മസും മുസ്ലിം മതവിശ്വാസികള്‍ പെരുന്നാളുകളും ഒരുമിച്ചാഘോഷിക്കുന്നതാകും ആകെയുള്ള സാമ്യം. ചാഡിലെ മണ്ണില്‍ പൊന്നു വിളയിക്കുന്ന മലയാളിയുടെ കൃഷിയുടെ ചിത്രങ്ങളാണ് ഒപ്പം ചേര്‍ത്തിരിക്കുന്നത്. Malayalees and agriculture in Chad
Content Summary; Malayalees and agriculture in Chad