2008 ലെ മാലേഗാവ് സ്‌ഫോടന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സ്വാമിനി പ്രഗ്യാ സിംഗ് താക്കൂര്‍, വിവാദ കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത്, റിട്ട മേജര്‍ രമേഷ് ഉപാധ്യായ തുടങ്ങിയ ഏഴ് പേരെയും കുറ്റ വിമുക്തമരാക്കിയ എന്‍.ഐ.എ കോടതി വിധിയെ ഇന്ത്യയിലെ വലതുപക്ഷ സംഘടനകള്‍ നീതിയുടെ വിജയമായി ആഘോഷിക്കുന്നുണ്ട്. പൊതുബോധം അനുസരിച്ച് ഇത്തരം കേസുകളില്‍ വിധി പറയാന്‍ കഴിയില്ലെന്നും സംശയം ഉണ്ടായാല്‍ മാത്രം പോര, അത് സംശയാതീതമായി തെളിയിക്കപ്പെടണമെന്നുമാണ് കോടതി വ്യക്തമാക്കിയത്. പ്രതികള്‍ നിരപരാധികളായിരുന്നു എന്ന ഒരു സൂചനയായി അദ്ദേഹത്തിന്റെ വാക്കുകളെ കാണുന്നതില്‍ അര്‍ഥമില്ല. കേസിന്റെ ആദ്യത്തെ പ്രോസിക്യൂട്ടറായിരുന്ന രോഹിണി സാലിയന്‍ 2015 ജൂണില്‍ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖം വീണ്ടുമൊരാവര്‍ത്തി വായിക്കുമ്പോള്‍ എങ്ങനെയാണ് രാജ്യത്തിന്റെ നിയമവാഴ്ചയെ പ്രോസിക്യൂഷന്‍ പരാജയപ്പെടുത്തിയതെന്ന തിരിച്ചറിവ് നമ്മുടെയൊക്കെ നീതിബോധത്തെ ചവിട്ടിയരക്കുകയാണ് ചെയ്യുക. പ്രമാദമായ ഈ കേസിന്റെ അന്വഷണം യു.പി.എ സര്‍ക്കാറിന്റെ കാലത്തായിരുന്നു രോഹിണി ഏറ്റെടുക്കുന്നത്. പ്രതികള്‍ക്കെതിരെയുള്ള തെളിവ് ശേഖരണം വളരെ മികച്ച രീതിയില്‍ അവര്‍ മുന്നോട്ടു കൊണ്ടുപോകുകയും ചെയ്തു. എന്നാല്‍ 2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം തനിക്ക് മേല്‍ സമ്മര്‍ദ്ദം മുറുകുന്നുണ്ടെന്നും ഹിന്ദുത്വ ഭീകരതാ കേസുകള്‍ എന്നറിയപ്പെട്ട മാലേഗാവ് -മക്കാ മസ്ജിദ് കേസുകളില്‍ മൃദുല നിലപാട് സ്വീകരിക്കാന്‍ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ തന്നോട് ആവശ്യപ്പെട്ടതായും അവര്‍ ഈ അഭിമുഖത്തില്‍ വെളിപ്പെടുത്തി. രോഹിണി സാലിയന്‍ ഭയപ്പെട്ട അതേ വഴികളിലൂടെയാണ് ഈ കേസിന്റെ അന്വേഷണം പില്‍ക്കാലത്ത് മുന്നോട്ടു പോയത്. കേസിന്റെ അന്വേഷണ ചുമതലകളില്‍ നിന്ന് എന്‍.ഐ.എ രോഹിണിയെ പിന്നീട് നീക്കുകയും ചെയ്തു. ഇക്കാര്യങ്ങള്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് രോഹിണി സുപ്രീംകോടതിക്ക് കത്തയച്ചിരുന്നുവെങ്കിലും അതില്‍ ഇടപെടുന്നതില്‍ നിന്ന് കോടതി വിട്ടു നിന്നതോടെ ആ അധ്യായം എന്നെന്നേക്കുമായി അവസാനിക്കുകയും ചെയ്തു.

മാലേഗാവ് കേസില്‍ വിധി വരുന്നതിന് ഏതാനും ദിവസങ്ങള്‍ മുമ്പെയാണ് മുംബെ ട്രെയിന്‍ സ്‌ഫോടനക്കേസിലെ 11 പ്രതികളെ നിരപരാധികളെന്ന് കണ്ട് ഹൈകോടതി വിട്ടയച്ചത്. അതും 18 വര്‍ഷം തടവില്‍ കിടത്തിയതിനു ശേഷം. 209 പേര്‍ കൊല്ലപ്പെട്ട ആ സ്‌ഫോടന പരമ്പര ആരു നടത്തിയെന്ന ചോദ്യം ഒരുത്തരവുമില്ലാതെ ബാക്കിയായി. ഇത്രയും ക്രൂരമായ കൂട്ടക്കൊലപാതകത്തെ ചില ജനപ്രിയ സിദ്ധാന്തങ്ങള്‍ക്കൊപ്പിച്ച് കള്ളത്തെളിവുണ്ടാക്കി കോടതിയിലെത്തിച്ച അന്വേഷണ സംഘം യഥാര്‍ഥ പ്രതികളെ രക്ഷപ്പെടാന്‍ അനുവദിക്കുകയാണ് ചെയ്തത്. പ്രതികളെ തിരിച്ചറിയാനെന്ന പേരില്‍ നടത്തിയ പരേഡുകളിലടക്കം കൃത്രിമം കാണിച്ചുവെന്ന് ഹൈക്കോടതി കണ്ടെത്തി. നേപ്പാളില്‍ കോഴിക്കച്ചവടത്തിന് പോയ മനുഷ്യനെ പാകിസ്ഥാനില്‍ നിന്ന് ഭീകരരെ ഇന്ത്യയിലെത്തിച്ചു എന്ന കുറ്റം ചാര്‍ത്തിയാണ് കേസില്‍ പെടുത്തിയത്. അയാള്‍ക്ക് ഏത് ഇന്ത്യന്‍ പട്ടണത്തേക്കാളും അടുത്തായിരുന്നു ബീഹാറിലെ തന്റെ അതിര്‍ത്തി ഗ്രാമത്തില്‍ നിന്നും നേപ്പാളിലേക്കുള്ള ദൂരം. ഗള്‍ഫില്‍ പോകാനായി ആറ് മാസം മുമ്പെ പാസ്‌പോര്‍ട്ടെടുത്ത വേറൊരാള്‍ മുസഫറാബാദില്‍ ലശ്കറെ തോയ്ബയുടെ ക്യാമ്പില്‍ പോയി ട്രെയിനിംഗ് നടത്തിയെന്ന് പോലിസ് ‘കണ്ടെത്തി’. പാസ്‌പോര്‍ട്ടില്‍ വിസ പതിക്കാതെ പോകാനാവുമെങ്കില്‍ പിന്നെ അതെടുക്കേണ്ട കാര്യം എന്തായിരുന്നോ ആവോ? പാകിസ്ഥാനില്‍ നിന്നും വന്ന ഒരു സംഘമാണ് മുംബെ ട്രെയിനുകളില്‍ സ്‌ഫോടനം നടത്തിയതെന്നും അവര്‍ക്ക് സൗകര്യമൊരുക്കുകയും അവരോടൊപ്പം കുറ്റകൃത്യത്തില്‍ പങ്കാളികളാവുകയുമാണ് പ്രതികള്‍ ചെയ്തതെന്ന പോലിസിന്റെ തിരക്കഥ വിചാരണ കോടതി അതേപടി അംഗീകരിച്ചിരുന്നു. അതെ തുടര്‍ന്ന് മക്കോക്ക കോടതി വിധിച്ച അഞ്ച് വധശിക്ഷകളും ആറ് ജീവപര്യന്തവും റദ്ദാക്കി കേസിനെ മൊത്തത്തില്‍ തന്നെ നിരാകരിക്കുകയാണ് ഹൈക്കോടതി ചെയ്തത്. ആരെയെങ്കിലുമൊക്കെ കുടുക്കി കേസ് തെളിയിച്ചെന്ന ധാരണ സൃഷ്ടിക്കുക വഴി യഥാര്‍ഥ പ്രതികളെ രക്ഷപ്പെടാനാണ് മഹാരാഷ്ട്ര പോലിസ് അനുവദിച്ചതെന്ന ഒരു വാചകം ഈ വിധിന്യായത്തിലുണ്ട്. ഈ കേസില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ധൃതിപ്പെട്ട് സുപ്രീംകോടതിയില്‍ പോകാനുള്ള കാരണവും അതാണ്.
നാം മറന്നു പോകുന്ന ചില നുറുങ്ങു വാര്‍ത്തകള്‍ ഇതിനിടയിലുണ്ട്. 2007 സപ്തംബറില്‍ ചാക്കില്‍ പൊതിഞ്ഞ ബോംബുമായി അന്ധേരി റെയില്‍വേ സ്റ്റേഷനില്‍ എത്തിയ രാജീവ് ജയ്‌ഗോവിന്ദ് സിംഗിനെയും (22) അയാളുടെ പിന്നില്‍ മാസ്റ്റര്‍ മൈന്‍ഡ് ആയിരുന്ന സൗമിത്ര ബാദല്‍ റോയ് (36) എന്നയാളെയും പോലിസ് പിടികൂടിയെന്ന് പിറ്റേ ദിവസത്തെ പത്രങ്ങളില്‍ അങ്ങിങ്ങായി ചില വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ട്വന്റി ട്വന്‍ടി ലോകകപ്പ് ജയിച്ച ഇന്ത്യന്‍ ടീം മുംബെയില്‍ തിരികെയെത്തുന്നതിന് തൊട്ടുമുമ്പെയായിരുന്നു ഈ സംഭവം. ഇവര്‍ക്കെതിരെ എന്തെങ്കിലും കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് മുന്നോട്ടു പോയതായി ഒരു വിവരവും പില്‍ക്കാലത്ത് മാധ്യമങ്ങള്‍ പുറത്തു വിട്ടിട്ടില്ല. കേസില്‍ അന്വേഷണം നടത്തിയെന്നും അവര്‍ക്ക് ഭീകര സംഘങ്ങളുമായി ബന്ധമില്ലെന്നും കണ്ടെത്തിയതായി പിന്നീട് എ.ടി.എസിന്റെ നിഷേധക്കുറിപ്പ് പുറത്തു വന്നു എന്നത് മറക്കുന്നില്ല. പക്ഷേ ആ അന്വേഷണം സത്യസന്ധമായിരുന്നുവെന്ന് ഇപ്പോഴത്തെ സാഹചര്യത്തില്‍ എങ്ങനെ വിശ്വസിക്കാനാവും?
പ്രതികള്‍ പാകിസ്ഥാനില്‍ നിന്നും വന്നവരാണെന്ന് കുറ്റപത്രത്തില്‍ എഴുതി വെച്ചാല്‍ പിന്നെയൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ‘ഭീകരന്‍മാര്‍’ പാകിസ്ഥാനില്‍ നിന്നും വരികയും കുറ്റകൃത്യങ്ങള്‍ ചെയ്തുകൂട്ടി എങ്ങോട്ടെന്നില്ലാതെ അപ്രത്യക്ഷരാവുകയും ചെയ്യുന്നു. ഈ കശ്മലന്‍മാരെ ഇന്ത്യയില്‍ എത്തിച്ച കുറ്റത്തിനാണ് കുറെ ‘നേര്‍ച്ചക്കോഴി’കളെ തലങ്ങും വിലങ്ങും പിടികൂടി തലയില്‍ കഫിയ്യ പുതപ്പിച്ച് ഹാജരാക്കാറുണ്ടായിരുന്നത്. മാലേഗാവില്‍ രണ്ട് സംഭവങ്ങളിലായി 43 പേര്‍ കൊല്ലപ്പെടുകയും 201 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സ്‌ഫോടനങ്ങള്‍ തുടക്കത്തില്‍ അന്വേഷിച്ച മുംബെ എ.ടി.എസ് ഒമ്പത് മുസ്ലിംകളെ പ്രതിചര്‍ക്കുകയും അവരോരോരുത്തരും വഹിച്ച പങ്ക് ‘സമഗ്രമായ അന്വേഷണത്തിലൂടെ കണ്ടെത്തി’ മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു. ശബ്ബീര്‍ അഹമ്മദ് ബാറ്ററിവാല, അബ്‌റാര്‍ അഹമ്മദ്, നൂറുല്‍ ഹുദാ ശുസുദ്ദുഹാ, റഈസ് അഹമ്മദ്, സല്‍മാന്‍ ഫാരിസി തുടങ്ങിയ പേരുകള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മന:പാഠമായ കാലത്താണ് 2011ല്‍ അഭിനവ് ഭാരത് എന്ന സംഘടനയാണ് മസ്ജിദിലടക്കം ഇന്ത്യയില്‍ ഒട്ടേറെ ഭീകരാക്രമണങ്ങള്‍ നടത്തിയതെന്നും നേരത്തെ നല്‍കിയ കുറ്റപത്രങ്ങള്‍ പിന്‍വലിക്കാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് ഇതേ പോലിസ് സംഘം കോടതിയില്‍ അപേക്ഷ നല്‍കിയത്. പാകിസ്ഥാന്‍ കേന്ദ്രീകൃത ഭീകരത എന്ന വാദം കൂടിയാണ് അന്ന് എ.ടി.എസ് പിന്‍വലിച്ചതെന്നോര്‍ക്കുക. കാച്ചിഗുഡ ജയിലില്‍ തടവുകാരനായിരുന്ന നബകുമാര്‍ സര്‍ക്കാര്‍ എന്ന സ്വാമി അസീമനാനന്ദ മജിസ്‌ട്രേറ്റിന് നല്‍കിയ കുറ്റസമ്മത മൊഴിയെ തുടര്‍ന്നാണ് മാലഗാവ് ഉള്‍പ്പടെയുള്ള നിരവധി സ്‌ഫോടന പരമ്പരകള്‍ക്കു പിന്നില്‍ ഹിന്ദുത്വ സംഘടനകളും ആര്‍.എസ്.എസുമാണെന്ന സത്യം അനേഷണ സംഘങ്ങള്‍ക്ക് ഒടുവില്‍ സമ്മതിക്കേണ്ടി വന്നത്. അസിമാനന്ദ ജയിലിലായത് മറ്റൊരു കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടാണ്. പക്ഷെ താനും സംഘവും നടത്തിയ സ്‌ഫോടനങ്ങളുടെ പേരില്‍ ജയിലില്‍ കിടക്കുന്ന ഒരു നിരപരാധിയായ ചെറുപ്പക്കാരനെ കണ്ട് കുറ്റബോധം തോന്നിയപ്പോഴാണ് അസിമാനന്ദ മജിസ്‌ട്രേറ്റിന് മൊഴി നല്‍കിയത്. ഈ മൊഴി പിന്നീടൊരിക്കല്‍ ഒരു മാധ്യമ പ്രവര്‍ത്തകക്ക് മുമ്പിലും അദ്ദേഹം ആവര്‍ത്തിച്ചു. പക്ഷെ അടിസ്ഥാനപരമായി അദ്ദേഹത്തിന് കൂറ് ആര്‍.എസ്.എസിനോട് തന്നെയായിരുന്നു. 2011ല്‍ തന്റെ വാക്കുകളെ അസീമാനന്ദ വിഴുങ്ങുകയും 2019ല്‍ അദ്ദേഹത്തെ എന്‍.ഐ.എ കുറ്റവിമുക്തനാക്കുകയും ചെയ്തു.
ഈ കുറ്റസമ്മതം പുറത്തു വരുന്നതിന് മുമ്പെയുള്ള കാലത്ത് മാലേഗാവില്‍ നടന്ന ഭീകരാക്രമണത്തിന്റെ യാഥാര്‍ഥ്യം എ.ടി.എസിന് അറിയാമായിരുന്നോ? തീര്‍ച്ചയായും അതേ എന്നാണ് ഉത്തരം. നാന്ദേഡില്‍ ആര്‍.എസ്.എസിന്റെ പ്രദേശിക നേതാവ് ലക്ഷ്മണ്‍റാവു രാജ്‌കോണ്ട്വാറിന്റെ വസതിയില്‍ ബോംബുകള്‍ ഉണ്ടാക്കുന്നതിനിടെ മൂന്നു പേര്‍ കൊല്ലപ്പെട്ട സംഭവം അന്വേഷിക്കുന്നതിനിടെയാണ് പോലിസിന് മഹാരാഷ്ട്ര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹിന്ദുത്വ സംഘടനകളില്‍ ചിലത് ബോംബ് നിര്‍മ്മാണം പരിശീലിക്കുന്നുണ്ടെന്ന വിവരം ലഭിച്ചത്. നാന്ദേഡില്‍ അക്കാലത്ത് പ്രവര്‍ത്തിച്ചിരുന്ന ‘പവര്‍’ ജിംനേഷ്യത്തിന്റെ ഉടമമായ സഞ്ജയ് എന്ന ഭാനുറാവു വിലാസ് റാവു ചൗധരിക്ക് രാജ്‌കോണ്ട്വാറിന്റെ വീട്ടിലെ സ്‌ഫോടനങ്ങളുമായി ബന്ധമുണ്ടായിരുന്നു. സഞ്ജയിനെ ബാംഗളൂരില്‍ നാര്‍ക്കോട്ടിക് ടെസ്റ്റിന് വിധേയമാക്കിയപ്പോഴാണ് നിരവധി പ്രമുഖരിലേക്ക് കണ്ണികള്‍ നീളുന്ന ഈ റാക്കറ്റിനെ കുറിച്ച വിവരങ്ങള്‍ പുറത്തുവന്നത്. അക്കാലത്ത് പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന തെഹല്‍ക്ക വാരിക ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടു. പ്രഗ്യാ സിംഗിനെയും കേണല്‍ പുരോഹിതിനെയും വി.എച്ച്.പി നേതാവ് ഗോവിന്ദ് പുരാനിക്, ആര്‍.എസ്.എസ് നേതാവ് അഭയ് മധുക്കര്‍ തുടങ്ങിയ പ്രാദേശിക നേതാക്കളെയും എന്തിനേറെ പ്രവീണ്‍ തൊഗഡിയയെ കുറിച്ചു പോലും സഞ്ജയ് മൊഴി നല്‍കിയതിലുണ്ട്. അഭിനവ് ഭാരത്, സനാതന്‍ സംസ്ഥ, ഹിന്ദു ജന്‍ജാഗരണ്‍ സമിതി, ഗുരുകൃപാ പ്രതിഷ്ഠാന്‍ മുതലായ സംഘടനകള്‍ക്ക് അക്കാലത്ത് മഹാരാഷ്ട്രയിലെ പര്‍ഭനി, ജാല്‍ന, പൂര്‍ണ തുടങ്ങിയ പട്ടണങ്ങളില്‍ മസ്ജിദുകള്‍ക്ക് നേരെ നടന്നവ ഉള്‍പ്പടെ നടന്ന നിരവധി സ്‌ഫോടനങ്ങളില്‍ പങ്കുണ്ടെന്ന പോലിസിന്റെ സംശയം ശരിവെക്കുന്നതായിരുന്നു സഞ്ജയിന്റെ മൊഴി. ഈ ഹിന്ദുത്വ തീവ്രവാദികള്‍ക്കെതിരെ കേസുകളുമായി മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് ബോധ്യപ്പെട്ടതിനു ശേഷമാണ് ഭീകരാക്രമണ കേസുകളെ എങ്ങനെയെങ്കിലും തെളിയിക്കുന്നതിന്റെ ഭാഗമായി അക്കാലത്ത് പോലിസ് മുസ്ലിംകളെ കുടുക്കാന്‍ തുടങ്ങിയത്. മാലേഗാവ് ബിക്കു ചൗക്കില്‍ ബോംബുവെച്ച സ്‌കൂട്ടര്‍ സ്വാമി പ്രഗ്യാനന്ദ താക്കൂറിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതാണെന്ന് അന്നേ പോലിസ് കണ്ടെത്തിയിരുന്നു. പ്രഗ്യാസിംഗിന്റെ കൂട്ടാളിയായിരുന്ന രാംജി കല്‍സംഗ്രെ പോലിസിന്റെ പിടിയില്‍ പെട്ടതായും അയാള്‍ പ്രഗ്യയുടെ പേര് വെളിപ്പെടുത്തിയിരുന്നുവെന്നും അക്കാലത്ത് പുറത്തു വന്ന ചില റിപ്പോര്‍ട്ടുകളിലുണ്ട്. രണ്ടു പേരെയും കേസില്‍ നിന്ന് ഒഴിവാക്കി കുരുക്കിന് പാകമായ മുസ്ലിം കഴുത്തുകളെ അന്വേഷിച്ചു നടക്കുകയാണ് മഹാരാഷ്ട്ര എ.ടി.എസ് ചെയ്തത്.
കേസന്വേഷണ രീതികളില്‍ മാത്രമല്ല അക്കാലത്ത് കോടതികളില്‍ സമര്‍പ്പിച്ച കുറ്റപത്രങ്ങളില്‍ വരെ ഇന്ത്യയിലുടനീളം ഒരേ ഭാഷയും സിദ്ധാന്തവും കാണാനാവും. മുസ്ലിംകളെ കുടുക്കുന്ന കേസുകളില്‍ ഫോറന്‍സിക് തെളിവുകളേക്കാള്‍ കുറ്റസമ്മത മൊഴികളും സാക്ഷിമൊഴികളുമാണ് കോടതിയിലെത്തിയത്. പണത്തിന് വേണ്ടി പോലിസിന്റെ ചാരന്‍മാരായി മാറിയ മാലേഗാംവിലെ അബ്‌റാര്‍ അഹമ്മദിനെ പോലുള്ളവരെ ഉപയോഗിച്ചായിരുന്നു പോലിസ് ആളുകളെ കുടുക്കി കൊണ്ടിരുന്നത്. ഒടുവില്‍ അയാളെയും കേസില്‍ കുടുക്കി. കുല്‍സിതമായ ഇത്തരം നീക്കങ്ങളുടെ വിശദാംശങ്ങള്‍ അറിയണമെങ്കില്‍ മാലേഗാവിലെ അബദ്ുസ്സലാം അബ്ദുര്‍ റഊഫ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം വായിച്ചു നോക്കിയാല്‍ മതി. അയാളും പോലിസിലെ ചില ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തി കൊണ്ടിരുന്ന ഓപ്പറേഷനുകളുടെ വിശദാംശങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പറുകളും തീയതികളും സഹിതം ഈ സത്യവാങ്മൂലത്തിലുണ്ട്. നിരപരാധികളെ കുടുക്കാനായി പോലിസിന് രേഖകളില്‍ പെടാത്ത രീതിയില്‍ ആയുധവും പണവുമൊക്കെ ലഭിക്കുന്നുണ്ട് എന്ന ഞെട്ടിക്കുന്ന വിവരം ഈ സത്യവാങ്മൂലത്തിലുണ്ട്. ദേശീയതലത്തില്‍ ശ്രദ്ധ ആകര്‍ഷിച്ച ഇതുപോലൊരു വെളിപ്പെടുത്തലാണ് തീഹാര്‍ ജയിലില്‍ നിന്നും 2007 സപ്തംബറില്‍ പ്രധാനമന്ത്രി ഡോ: മന്‍മോഹന്‍ സിംഗിന് ഇര്‍ശാദ് അലി എന്നൊരു തടവുകാരന്‍ അയച്ച കത്ത്. ഭീകരാക്രമണങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നായിരുന്നുവെന്നാണ് ഈ കത്തിലെ ആരോപണം. പ്രധാനമന്ത്രിയുടെ ഉത്തരവിനെ തുടര്‍ന്ന് ഇര്‍ശാദ് അലിയുടെ കത്തിനെ കുറിച്ച് സി.ബി.ഐ അന്വേഷിക്കേണ്ടി വന്നുവെന്ന് മാത്രമല്ല അതില്‍ പറയുന്ന കാര്യങ്ങള്‍ വസ്തുതയാണെന്ന് അംഗീകരിക്കേണ്ടിയും വന്നു.
ബോംബുവെക്കാന്‍ പോകുന്ന ‘ഭീകരന്‍’ കീശയിലിട്ട് കൊണ്ടുപോകുന്ന പാകിസ്ഥാനിലെ കുറെ ഫോണ്‍ നമ്പറുകളും അയാളുടെ ഡയറിയില്‍ എഴുതിവെക്കുന്ന ലശ്കറെ തോയ്ബ നേതാക്കന്‍മാരെ കുറിച്ച പേരുവിവരങ്ങളും പോലിസ് അവരുടെ കയ്യില്‍ നിന്നും ‘കണ്ടെടുക്കുന്ന’ ആര്‍.ഡി.എക്‌സും പോലിസിന് നല്‍കുന്ന കുറ്റസമ്മത മൊഴികളുമായിരുന്നു അതുവരെയുള്ള കാലത്ത് കോടതികളില്‍ ഹാജരാക്കപ്പെട്ട തെളിവുകള്‍. മറുഭാഗത്ത്, മക്കാ മസ്ജിദ്, മാലേഗാംവ്, അജ്മീര്‍ തുടങ്ങിയ സ്‌ഫോടനങ്ങളില്‍ ഡിറ്റണേറ്ററുകളില്‍ ഘടിപ്പിച്ച സിംകാര്‍ഡുകള്‍ ഉള്‍പ്പടെ ഫോറന്‍സിക് തെളിവുകളുടെ ഒരു കൂമ്പാരം തന്നെ ലഭ്യമായിട്ടും അവ ശേഖരിക്കുന്നതിലും നിയമപരമായി രേഖപ്പെടുത്തുന്നതിലും പോലിസ് തുടക്കത്തില്‍ വീഴ്ച വരുത്തുകയും പതിവ് പോലെ മുസ്ലിംകളെ പിടികൂടി ജയിലില്‍ അടച്ച് പൊതുബോധത്തെ തൃപ്തിപ്പെടുത്തുകയുമാണ് ചെയ്തു കൊണ്ടിരുന്നത്. ഇന്ത്യയിലെ 11 സ്‌ഫോടനങ്ങള്‍ക്ക് ഉപയോഗിച്ച സിംകാര്‍ഡുകള്‍ ബാബുലാല്‍ യാദവ് എന്ന ഒരാളുടെ പേരില്‍ വാങ്ങിയതാണെന്ന് പോലിസിന് തെളിവ് കിട്ടിയിരുന്നു. സ്വാമി അസിമാനന്ദ എന്ന നബുകുമാര്‍ സര്‍ക്കാര്‍ ജാര്‍ഖണ്ട് ബംഗാള്‍ അതിര്‍ത്തിയില്‍ ബര്‍ദമാന്‍ കേന്ദ്രീകരിച്ച് വന്‍വാസി കല്യാണ്‍ ആശ്രമത്തിന്റെ ചുമതലയില്‍ ഉണ്ടായിരുന്ന കാലത്താണ് ഈ സിംകാര്‍ഡുകള്‍ വാങ്ങിയത്. അജ്മീര്‍ ദര്‍ഗ സ്ഫോടന കേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍.എസ്.എസ് പ്രചാരക് ദേവേന്ദ്ര ഗുപ്തയെ കുടുക്കിയത് ഈ സീരീസില്‍ ഉള്‍പ്പെട്ട ഒരു സിംകാര്‍ഡായിരുന്നു. അനിഷേധ്യമായ ഇത്തരം തെളിവുകളില്‍ ഒന്നായിരുന്നു പ്രഗ്യാ സിംഗ് താക്കൂറിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത എല്‍.എം.എല്‍ ഫ്രീഡം സ്‌കൂട്ടറും ദയാനന്ദ് പാണ്ടെയുടെ ലാപ്‌ടോപ്പും. കേണല്‍ പുരോഹിത് അടക്കമുള്ളവര്‍ സംബന്ധിച്ച യോഗങ്ങളില്‍ ആരൊക്കെ, എന്തൊക്കെ സംസാരിച്ചുവെന്ന് അത്തരം കൂടിച്ചേരലുകളുടെ സംഘാടകന്‍ കൂടിയായിരുന്ന പാണ്ടെ സാധാരണ യോഗങ്ങളുടെ മിനുട്ട്‌സ് പോലെ ലാപ്‌ടോപ്പില്‍ വൃത്തിയായി എഴുതി വെച്ചിരുന്നു. സൈനിക അട്ടിമറിയിലൂടെ ഇന്ത്യയുടെ ഭരണം പിടിച്ചടക്കുന്നതിനെ കുറിച്ചു പോലും ഇവര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.
ഹേമന്ത് കര്‍ക്കരെ എന്ന മുംബെ എ.ടി.എസിന്റെ മുന്‍ തലവനോടാണ് രാജ്യം ഈ കേസന്വേഷണത്തിന് കടപ്പെട്ടിരിക്കുന്നത്. പ്രഗ്യാ സിംഗ് താക്കൂറിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത എല്‍.എം.എല്‍ ഫ്രീഡം സ്‌കൂട്ടറിന്റെ രജിസ്‌ട്രേഷന്‍ നമ്പറും ചേസി നമ്പറും മായ്ച്ചു കളഞ്ഞതിനു ശേഷമാണ് മാലേഗാവ് ഭീക്കു ചൗക്കിൽ സ്ഥാപിച്ചതെന്നും ഈ സ്കൂട്ടറിൽ 20 കിലോഗ്രാം ആര്‍.ഡി.എക്‌സ് കൊണ്ടുവന്നത് പ്രഗ്യയുടെ സുഹൃത്തും സഹചാരിയുമായ രാമചന്ദ്ര കാല്‍സംഗ്രെയും സുഹൃത്തായ സന്ദീപ് ദാംഗെയും ചേര്‍ന്നാണെന്നും അദ്ദേഹമാണ് കണ്ടെത്തിയത്. മോട്ടോര്‍ സൈക്കിളില്‍ 786 എന്ന സ്റ്റിക്കര്‍ പതിച്ചത് ഒന്നോ രണ്ടോ ദിവസം മുമ്പെ മാത്രമാകാമെന്ന നിഗമനമാണ് സംശയത്തിന് വഴിയൊരുക്കിയത്. രണ്ട് തവണ മാറ്റിയെഴുതിയ നമ്പര്‍ പ്‌ളേറ്റിനെ 25 എ.പി ക്യാമറ ഉപയോഗിച്ച് പരിശോധിച്ചപ്പോഴാണ് അതിന്റെ യഥാര്‍ഥ രജിസ്‌ട്രേഷന്‍ പ്രഗ്യയുടെ പേരിലാണെന്ന് തെളിയുന്നത്. അവരെ ചോദ്യം ചെയ്തതോടെ ശ്യാംലാല്‍ സാഹുവിലേക്കും ശിവനാരായണ്‍ കലംഗസാര സിംഗിലേക്കും സമീര്‍ കുല്‍ക്കര്‍ണിയിലേക്കും അറസ്റ്റുകള്‍ നീണ്ടു. എല്ലാവരും വി.എച്ച്.പി-എ.ബി.വി.പി നേതാക്കള്‍. ഇവരെ ചോദ്യം ചെയതപ്പോള്‍ അഭിനവ് ഭാരത് നേതാക്കളായ കേണല്‍ പുരോഹിതും റിട്ട, മേജര്‍ രമേഷ് ശിവജി ഉപാധ്യായയും സ്വാമി ദായനന്ദ് പാണ്ടെയും കുടുങ്ങി. കേണല്‍ പുരോഹിതാണ് സ്‌ഫോടനങ്ങള്‍ക്കാവശ്യമായ ആര്‍.ഡി.എക്‌സ് സംഘടിപ്പിച്ചു കൊടുത്തതെന്നും പോലിസ് കണ്ടെത്തി. പഴയ കുറ്റപത്രത്തില്‍ അത് ശബ്ബീര്‍ അഹമ്മദ് ബാറ്റിവാലയായിരുന്നു. ഈ ശബ്ബീര്‍ അഹമ്മദ് സംഭവം നടക്കുന്നതിനും നാല് മാസം മുമ്പെ മറ്റൊരു കേസിലകപ്പെട്ട് ജയിലില്‍ കഴിയുന്ന ആളായിട്ടും കേസിന്റെ ഗൂഡാലോചനയെ അതിനും മുമ്പെയുള്ള തീയതിയിലേക്ക് എഴുതിച്ചേര്‍ത്താണ് പോലിസ് തിരക്കഥ മെനഞ്ഞത്. കര്‍ക്കരെയുടെ ഇടപെടല്‍ കേസിന്റെ ദിശതിരിച്ചു വിട്ടില്ലായിരുന്നുവെങ്കില്‍ ആ ഒമ്പത് പേരും സ്വാഭാവികമായും കഴുമരത്തില്‍ ഒടുങ്ങിയേനെ. മുംബെയില്‍ പില്‍ക്കാലത്ത് നടന്ന അങ്ങേയറ്റം ദുരൂഹമായ മറ്റൊരു ഭീകരാക്രമണത്തിനിടെ ഹേമന്ത് കര്‍ക്കരെ കൊല്ലപ്പെടുന്നതിനാണ് രാജ്യം സാക്ഷിയായത്.
അമിതമായ ആത്മവിശ്വാസമാണ് ഒടുവില്‍ അഭിനവ് ഭാരത് സംഘത്തെ കുടുക്കിയത്. ഹേമന്ത് കര്‍ക്കരെ വിരിച്ച വലയില്‍ സംഘാംഗങ്ങള്‍ ഒന്നൊഴിയാതെ വീണു കൊണ്ടിരുന്നു. ആദ്യഘട്ടത്തില്‍ മുംബെ എ.ടി.എസ് തള്ളിക്കളഞ്ഞ പലതും വഴിയെ അവര്‍ക്ക് അംഗീകരിക്കേണ്ടി വന്നു. സുനില്‍ ജോഷി എന്നൊരാളായിരുന്നു പ്രഗ്യാ സിംഗിനൊപ്പം മാലേഗാംവ് സ്‌ഫോടനങ്ങളെ ഏകോപിപ്പിച്ചതെന്ന് പോലിസ് അംഗീകരിച്ചതും അസിമാനന്ദയുടെ വെളിപ്പെടുത്തലിന് ശേഷമാണ്. പക്ഷേ അക്കാര്യം നേരത്തെ തന്നെ പോലിസിന് അറിയാമായിരുന്നു. സുനില്‍ ജോഷി അതിനകം ദുരൂഹമായ സാഹചര്യത്തില്‍ കൊല്ലപ്പെട്ടതു പോലും അത്തരം ചില തിരിച്ചറിവുകളുടെ ഭാഗമാണ്. ബിക്കു ചൗക്കില്‍ കാല്‍സംഗ്രെയോടൊപ്പം സ്‌കൂട്ടര്‍ സ്ഥാപിക്കാന്‍ പള്ളിക്കു മുമ്പിലെത്തിയ സന്ദീപ് ദാംഗെയും കല്‍സാംഗ്രെയും ജോഷിയുടെയും പ്രഗ്യയുടെയും സന്തത സഹചാരികളാണെന്ന വിവരം പോലിസിന് അറിയാമായിരുന്നു. ഈ കേസില്‍ ഇരുവര്‍ക്കും പിന്നീട് എന്ത് സംഭവിച്ചു എന്നതാണ് നിര്‍ണായകമായ ചോദ്യം. ഇന്നോളം നടന്നിട്ടില്ലാത്ത കാല്‍സാംഗ്രെയുടെയും ദാംഗെയുടെയും അറസ്റ്റാണ് മാലേഗാംവില്‍ സംഭവിക്കുമായിരുന്ന നിര്‍ണായകമായ വഴിത്തിരിവ്. എന്തുകൊണ്ട് എ.ടി.എസിന് ഇവരെ പിടികൂടാനായില്ല? കാല്‍സാംഗ്രെയും ദാംഗെയും അന്നത്തെ സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു എന്നും അവരുടെ മൃതദേഹങ്ങള്‍ ഇരകളുടേതായി തെറ്റിദ്ധരിക്കപ്പെട്ടിരുന്നു എന്നും 2016 ഡിസംബറില്‍ എന്‍.ഐ.എ ഇന്‍സ്‌പെക്ടര്‍ കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി. ഈ മൃതദേഹങ്ങള്‍ മാലേഗാംവ് ബഡാ കബര്‍സ്ഥാനിലാണ് അടക്കിയതെന്നും. അദ്ദേഹം പറഞ്ഞു. എങ്കില്‍ രണ്ട് ഹിന്ദുക്കളെ കബര്‍സ്ഥാനില്‍ അടക്കം ചെയ്തതിന്റെ അടിസ്ഥാനം എന്തായിരുന്നു? 2016ല്‍ 40 പേര്‍ കൊല്ലപ്പെട്ടു എന്നത് ശരിയാണ്. പക്ഷെ 2018 വരെ കല്‍സംഗ്രെ ജീവനോടെ ഉണ്ടായിരുന്നുവെന്ന് പലരും വിശ്വസിക്കുന്നുണ്ട്. ഇന്നും ഇയാളും ദാംഗെയും ഗുജറാത്തില്‍ എവിടെയോ ജീവനോടെ കഴിയുന്നുണ്ടെന്നും.
ഓര്‍മ്മകളെ ഒരല്‍പ്പം പുറകിലേക്ക് കൊണ്ടുപോകുക. അന്ന് ഹാമിദിയാ മസ്ജിദില്‍ നിന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതും പോലിസ് മറച്ചു പിടിച്ചതുമായ നിര്‍ണായകമായ ഒരു സാക്ഷിമൊഴിയുണ്ട്. ഹാമിദിയാ മസ്ജിദില്‍ നിന്നും വിളിപ്പാടകലെ ഇസ്ലാംപുരയില്‍ തയ്യല്‍ജോലിക്കാരനായ അഖീ അഹമ്മദ് അന്‍സാരിയെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളും പിന്നീട് സപ്തംബര്‍ 13ന് ഔട്ട്‌ലുക്ക് വാരികയില്‍ സ്മൃതി കോപ്പിക്കറും കള്ളത്താടി വെച്ച ഒരു അജ്ഞാത ശവത്തെ കുറിച്ച് പറയുന്നുണ്ട്. പള്ളിയുടെ ഹൗദിന് സമീപം വീണുകിടക്കുകയായിരുന്ന ഈ ശവത്തെ എടുത്ത് പൊക്കിയപ്പോള്‍ അതിന്റെ താടി ഇളകി താഴെ വീണുവെന്നും അരക്ക് കീഴ്‌പ്പോട്ടുള്ള ഭാഗങ്ങള്‍ പൂര്‍ണമായും നഷ്‌പ്പെട്ട ഈ ശവത്തെ കുറിച്ച് പിന്നീടൊന്നും അറിയാന്‍ കഴിഞ്ഞില്ലെന്നുമാണ് ഹിന്ദുസ്ഥാന്‍ എക്‌സ്പ്രസ്, ഇങ്ക്വിലാബ് പോലുള്ള പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മൃതദഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത വാദിയ ഹോസ്പിറ്റലിലും ദോലിയയിലും ഒറ്റ മൃതദേഹം പോലും ഈ അവസ്ഥയില്‍ എത്തിയിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പിന്നീട് വ്യക്തമാക്കി. എന്നാല്‍ മൃതദേഹം ആബുലന്‍സിലേക്ക് കയറ്റിയ അഖീല്‍ അന്‍സാരി പലതവണ തറപ്പിച്ചു പറഞ്ഞു. അങ്ങനെയൊരാള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന്. ഒരു മൃതദേഹം നാസിക്കിലേക്ക് കൊണ്ടുപോയിട്ടുണ്ടെന്ന് പില്‍ക്കാല വെളിപ്പെടുത്തിയത് ആരെക്കുറിച്ചാണ്? ഇന്നേവരെ ഈ റിപ്പോര്‍ട്ട് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
മാലേഗാംവ്, അജ്മീര്‍ ദര്‍ഗ, മക്കാ മസ്ജിദ് തുടങ്ങിയ സ്‌ഫോടനങ്ങളുടെയെല്ലാം മുഖ്യ തലച്ചോറായിരുന്ന സുനില്‍ ജോഷിയുടെ മരണവും പ്രഗ്യാസിംഗുമായി ചേര്‍ത്തു വായിക്കപ്പെട്ടിരുന്നു. പ്രഗ്യയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായിരുന്നു ആര്‍.എസ്.എസിന്റെ മുന്‍ പ്രചാരക് ആയിരുന്ന ജോഷി. പ്രഗ്യാ സിംഗിന്റെ വിവാദ സ്‌കൂട്ടര്‍ ജോഷിയായിരുന്നു അക്കാലത്ത് ഉപയോഗിച്ചു കൊണ്ടിരുന്നത്. കാല്‍സാംഗ്രെയുടെയും സന്ദീപ് ദാംഗെയുടെയും ഗുരു കൂടിയാണ് ഇയാളെന്ന് മുംബെ പോലിസിലെ ഭീകര വിരുദ്ധ സെല്ലിന്റെ തലവനായിരുന്ന ഡി.ജി.പി ഹേമന്ത് കര്‍ക്കരെ നടത്തിയ അന്വേഷണങ്ങളില്‍ പില്‍ക്കാലത്ത് കണ്ടെത്തി. പ്രഗ്യയും ജോഷിയും ചേര്‍ന്നാണ് ഭോപാലില്‍ നടന്ന നിര്‍ണായകമായ ഒരു യോഗം ഉള്‍പ്പടെ അക്കാലത്ത് നടന്ന പല സ്‌ഫോടനങ്ങളും ആസൂത്രണം ചെയ്തത്. മാംലഗാംവ് സ്‌ഫോടനത്തിന് ഒരു വര്‍ഷം പിന്നിടവെ, 2007 ഡിസംബര്‍ 29ന് മഹാരാഷ്ട്രയിലെ ദേവാസില്‍ സുനില്‍ ജോഷി ദുരൂഹമായ സാഹചര്യത്തില്‍ വെടിയേറ്റു മരിച്ചു. അഞ്ജാതരായ കൊലയാളികളാണ് സംഭവത്തിന് പിന്നിലെന്ന് പറഞ്ഞ് ലോക്കല്‍ പോലിസ് എഴുതിത്തള്ളിയ കേസില്‍ ഹിന്ദുത്വ ഭീകര സംഘങ്ങള്‍ക്ക് പങ്കുണ്ടെന്ന് 2014ല്‍ എ.ടി.എസ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കി. കല്‍സാംഗ്രെ, ലോകേഷ് ശര്‍മ്മ, രാജേന്ദ്ര ചൗധരി, ദാന്‍ സിംഗ് തുടങ്ങിയവരായിരുന്നു കൊലപാതകത്തിന് പിന്നില്‍. താന്‍ നടത്തിയ സ്‌ഫോടനങ്ങളെ കുറിച്ച ജോഷി ചില സ്വകാര്യ സംഭാഷണങ്ങളില്‍ പലതും തുറന്നു പറയാന്‍ തുടങ്ങിയതോടെ അയാളൊരു ബാധ്യതയാവുമെന്ന് കണ്ട് തീര്‍ത്തു കളഞ്ഞതാണെന്ന് പ്രഗ്യ തന്നെയും അന്വേഷണ സംഘത്തോട് സമ്മതിച്ചിരുന്നുവത്രെ.

യഥാര്‍ഥ പ്രതികള്‍ വിചാരണ നേരിട്ടുവെന്ന് പ്രതീതിയുണ്ടായ ആദ്യത്തെ ഈ കേസ് കോടതിയില്‍ പരാജയപ്പെടുകയായിരുന്നില്ല, പ്രേസിക്യുഷന്‍ പരാജയപ്പെടുത്തുകയാണ് ചെയ്തതെന്നാണ് അന്ന് രോഹിണി ഉന്നയിച്ച ആരോപണങ്ങളുടെ വെളിച്ചത്തില്‍ ഇപ്പോള്‍ വ്യക്തമാവുന്നത്. ഫോറന്‍സിക് തെളിവുകളെ പോലും കോടതിക്ക് ബോധ്യപ്പെടുന്ന രീതിയില്‍ വിചാരണക്ക് എത്തിച്ചിട്ടില്ല എന്നാണ് മാലേഗാവ് കേസില്‍ ഇപ്പോള്‍ പുറത്തു വന്ന വിധിയില്‍ നിന്നും വ്യക്തമാവുന്നത്. കേസിന്റെ തുടക്കത്തി പതിവ് ലശ്കറെ തോയ്ബാ സിദ്ധാന്തവുമായി രംഗത്തിറങ്ങിയ മഹാരാഷ്ട്ര എ.ടി.എസ് ഒടുവില്‍ സ്വന്തം കുറ്റപത്രം വിഴുങ്ങിയെങ്കിലും പിന്നീടുള്ള കാലത്ത് എന്‍.ഐ.എ രോഹിണി സാലിയനോട് ആവശ്യപ്പെട്ട മെല്ലെപ്പോക്ക് നയം ഓരോ ഘട്ടത്തിലും മുഴച്ചു നിന്നു. രോഹിണി സാലിയന്‍ പ്രോസിക്യൂഷനെ നയിച്ച കാലത്ത് സുപ്രീംകോടതി പോലും അംഗീകരിച്ച വിശ്വാസ്യ യോഗ്യമായ സാക്ഷിമൊഴികളും സാഹചര്യ തെളിവുകളും 2017 ന് ശേഷമുള്ള കാലത്ത് ഒന്നൊഴിയാതെ മാറ്റിമറിക്കപ്പെട്ടു. 164 പ്രകാരം എ.ടി.എസ് രേഖപ്പെടുത്തിയ മൊഴികള്‍ തെറ്റായിരുന്നു എന്ന് ദേശീയ കുറ്റാന്വേഷണ അന്വേഷണ ഏജന്‍സി മാറ്റിപ്പറഞ്ഞു. ബോംബിന്റെ റിമോട്ട് കണ്‍ട്രോള്‍ യൂണിറ്റുമായി ബന്ധപ്പെട്ട സിം കാര്‍ഡുകളും അത് സ്ഥാപിക്കാന്‍ ഉപയോഗിച്ച മോട്ടോര്‍ സൈക്കിളും ബോംബ് വെച്ചവന്റേതെന്ന് സംശയിക്കപ്പെടുന്ന മൃതദേഹവും കണ്ടെടുത്തിട്ടും യഥാര്‍ഥ കുറ്റവാളികളിലേക്ക് ഒരിക്കല്‍ പോലും അന്വേഷണങ്ങള്‍ ചെന്നെത്തിയില്ല. ബോംബ് സ്ഥാപിച്ചതിനു ശേഷം സംഭവ സ്ഥലത്തു നിന്നും പ്രഗ്യയുടെ ഫോണിലേക്ക് വിവരമറിയിക്കാനായി ചെന്ന ഫോണ്‍ സന്ദേശം ആരുടേതാണെന്ന് നിയമപരമായ’ രീതിയില്‍ പോലിസ് കണ്ടെത്തിയില്ല. സ്‌കൂട്ടറിന്റെ മായിച്ചു കളഞ്ഞ എഞ്ചിന്‍ നമ്പറും മറ്റും വീണ്ടെടുക്കുന്നതിന് കോടതി നിശ്ചയിച്ച മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ല. ഭീകരാമ്രണത്തിന് വേണ്ട ആര്‍.ഡി.എക്‌സ് സംഘടിപ്പിച്ചു കൊടുത്ത കേണല്‍ പുരോഹിത് അത് എവിടെ സൂക്ഷിച്ചു എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമില്ല തുടങ്ങിയ തൊടുന്യായങ്ങളാണ് ഇന്ത്യ കണ്ട ഏറ്റവും കൊടിയ ഭീകരസംഘത്തിന് കോടതിയില്‍ നിന്നും തടിയൂരിപ്പോരാനുള്ള കാരണങ്ങളായി മാറിയത്. സ്‌ഫോടനം നടന്നിട്ടേയില്ല എന്നും ഗ്യാസ് സിലിണ്ടര്‍ അപകടമാണ് ഉണ്ടായതെന്നും വാദിച്ചു. ഈ കേസില്‍ കക്ഷി ചേര്‍ന്ന ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദാണ് കയ്യും കാലുമൊക്കെ നഷ്ടപ്പെട്ട ഇരകള്‍ക്ക് യാത്രക്കൂലി കൊടുത്ത് മുംബെയിലെ വിചാരണ കോടതിയില്‍ ഹാജരാക്കി നടന്നത് സ്‌ഫോടനം തന്നെയാണെന്നെങ്കിലും സ്ഥാപിച്ചെടുത്തത്. അത് ബോംബായിരുന്നെന്നും കൊണ്ടുവന്നത് പ്രഗ്യയുടെ മോട്ടോര്‍ സൈക്കിളില്‍ ആയിരുന്നുവെന്നും തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ ഒരു ശ്രമവും കോടതിയില്‍ നടത്തിയില്ല. ഈ കേസില്‍ പബ്‌ളിക് പ്രേസിക്യൂട്ടറായിരുന്ന രോഹിണി സാലിയന്‍ രാജിവെച്ചത് എന്തിനെന്ന് ഓര്‍മ്മയുണ്ടാവുമല്ലോ. ഹിന്ദുത്വ ഭീകരര്‍ക്കെതിരെയുള്ള തെളിവുകള്‍ കോടതിയില്‍ ഹാജരാക്കുന്നതിനെതിരെ മുകളില്‍ നിന്നും അവര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ഉയരുന്നുണ്ടായിരുന്നു. ഒടുവില്‍ കേസ് അവര്‍ ഭയപ്പെട്ട വഴിയിലൂടെ സമാപിച്ചിരിക്കുന്നു. കേസില്‍ വിധി വന്ന ശേഷം സാലിയന്‍ പറഞ്ഞത് ഇങ്ങനെയാണ്. ‘ഇത് ജനങ്ങളു െപരാജയമാണ്. ഞാനിത് എന്നോ പ്രതീക്ഷിച്ചതുമാണ്. സര്‍ക്കാറുകളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവര്‍ ഇത്തരം കാര്യങ്ങളില്‍ വിശ്വസിക്കുന്നവരാണെന്ന് അറിഞ്ഞിട്ടും വോട്ടു നല്‍കി ജയിപ്പിച്ചത് നമ്മളല്ലേ? അപ്പോള്‍ കുറ്റം ജനങ്ങളുടേത് തന്നെയാണ്’. Malegaon blast; Hindutva terrorism and the lost evidence
Content Summary: Malegaon blast; Hindutva terrorism and the lost evidence
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.