ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച മമ്മൂട്ടി മാധ്യമപ്രവര്‍ത്തകരെ സ്വന്തം witty സ്റ്റൈലില്‍ ഓര്‍മിപ്പിച്ചത് ‘ഞാനെന്താ പുതിയ തലമുറയല്ലേ’ എന്നാണ്. കൊതിച്ചു വന്ന സിനിമയോടും, കാലഘട്ടങ്ങള്‍ പ്രതിഫലിപ്പിക്കുന്ന കഥാപാത്രങ്ങളോടും ഈ എഴുപത്തി നാലാം വയസ്സിലും മമ്മൂട്ടി കാണിക്കുന്ന ആക്രാന്തമാണ് അദ്ദേഹത്ത മറ്റു അഭിനേതാക്കളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. നെക്സ്റ്റ് ജന്‍ യുവനടന്മാര്‍ക്കു മാതൃകയാക്കുന്നത്.
നാച്വറല്‍ ആക്ടര്‍ ആയ മോഹന്‍ലാലില്‍, കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നമ്മള്‍ മിസ് ചെയ്യുന്നതും അത്തരമൊരു മനോഭാവം ആണ്. വരുന്നതും, പ്രൊഡ്യൂസ് ചെയ്യുന്നതുമായ സിനിമകളുടെയോ, സ്വന്തം കഥാപാത്രങ്ങളുടെയോ ക്വാളിറ്റി ചെക്ക്, ലാല്‍ ചെയ്യുന്നില്ല എന്നത് ഒരു വിമര്‍ശനം പോലുമല്ല, നഗ്നസത്യമാണ്. പ്രേക്ഷകരുടെ ഉള്ളില്‍ ചിരപ്രതിഷ്ഠ നേടിയ ലാല്‍ മാനറിസങ്ങളുടെ ആവര്‍ത്തനമാണ് ഈ കാലഘട്ടത്തിലെ പോപുലര്‍ ലാല്‍ സിനിമകളിലും കാണുന്നത്.
മെത്തേഡ് ആക്ടര്‍ ആയ മമ്മൂട്ടി, അഭിനയജീവിതത്തിന്റെ തുടക്കം മുതല്‍ എത്രയോ വിമര്‍ശനങ്ങളിലൂടെ കടന്നുപോയി. പുതിയ കഥാപാത്രങ്ങള്‍ പരീക്ഷിച്ചു തന്നെ വളരുമ്പോഴും, അതില്‍ നിന്നും പൂര്‍ണ വിമുക്തനുമല്ല. കേരളത്തില്‍ പൊതുവെയുള്ള ‘ലാലേട്ടന്‍ ഒബ്സെഷന്‍’ മമ്മൂട്ടിയിലെ നടനോട് ഉണ്ടെന്നു തോന്നിയിട്ടില്ല. അതുല്യമായ പ്രതിഭ ഒരു വരദാനം തന്നെയാണ്. പക്ഷെ, അതിനെ നവീകരിക്കുകയും, സ്വന്തം ‘റേഞ്ച്’-നെ തന്നെ വെല്ലുവിളിക്കുകയും ചെയ്യേണ്ടത് കലാകാരന്മാരുടെ ഉത്തരവാദിത്തമാണ്.
ഓടി കിതച്ചു, വിശന്നു പടി കടന്നുവന്ന പാണനെ എത്ര വിദഗ്ധമായാണ് കൊടുമണ്‍ പോറ്റി മാനിപുലേറ്റ് ചെയ്യുന്നത്. അതിഥിയെ ആദരിക്കുന്നു. ജാതിവ്യവസ്ഥകളെ വെല്ലുവിളിക്കുന്നു. കിടക്കാനിടം കൊടുക്കുന്നു. പാണന്റെ പാട്ടിനെ പുകഴ്ത്തുന്നു. നമുക്ക് പരിചിതമായ അതെ സ്യൂഡോ (pseudo) പുരോഗമനവാദി.
റോണെകെസ് സേവ്യറിന്റെ ആര്‍ട്ടിസ്റ്റിക് മേക്കപ്പില്‍ അടിമുടി മാറിപ്പോയ മമ്മൂട്ടി. പൂമുഖത്തെ ചാരുകസേരയിലെ ആ ഐകോണിക് ഇരുത്തം, കിടത്തം. പോറ്റിയുടെ കണ്ണുകളിലെ ക്രൗര്യമുള്ള തിളക്കം. മുന്നിലുള്ളവരെ അളക്കുന്ന തറഞ്ഞ നോട്ടം. വെറ്റിലക്കറയുള്ള മൊത്തം പല്ലുകളും വിടര്‍ത്തിയുള്ള, ചെറിയ അട്ടഹാസം പോലുള്ള ചിരി. ആരെയും വീഴ്ത്തുന്ന വാചാലത. ചെറുതായി മുരണ്ടു തുടങ്ങുന്ന കുശിനിക്കാരനുള്ള കര്‍ശന നിര്‍ദ്ദേശങ്ങള്‍. ‘ആരാ അവിടെ’ എന്ന ചോദ്യത്തിനപ്പുറമുള്ള ഈ നീണ്ട ഷോട്ടില്‍ തന്നെ ഭ്രമയുഗത്തിലെ മമ്മൂട്ടി കൊടുമണ്‍ പോറ്റിയായി അവതരിച്ചു കഴിഞ്ഞു. ഇനിയൊരു തിരിച്ചു പോക്കില്ല, കാണികളായ നമ്മള്‍ക്കും, പാണനും.
പതിനേഴാം നൂറ്റാണ്ടിലെ മലബാറില്‍ കഥ നടക്കുന്നു. നാടകീയത പരമാവധി കുറച്ചും, കുറുക്കിയുമാണ് ഫ്രാന്‍സിസ് ഇട്ടിക്കോര ഫെയിം ടി ഡി രാമകൃഷ്ണന്റെ ഡയലോഗുകള്‍. എങ്കിലും, പോറ്റിയുടെ പെരുമാറ്റത്തിലും, വാക്കുകളിലും മറഞ്ഞു കളിക്കുന്ന ഒരു ചാത്തന്റെ മാജിക് ഉണ്ട്. കാലം തളം കെട്ടി നില്‍ക്കുന്ന, ജരാനര ബാധിച്ച ആ ഇരുണ്ട മനയിലേക്ക് സ്വയം കയറി വന്ന അടുത്ത ഇരയെ, പകിട എറിഞ്ഞു വീഴ്ത്തുന്ന പോറ്റിയുടെ മുഖത്തെ കുടിലത സ്‌ക്രീനില്‍ നിറയുമ്പോള്‍, ഒരു എട്ടുകാലി പുറത്തു ശ്രദ്ധയോടെ വല നെയ്യുന്നുണ്ട്.
കലിയുഗത്തിന്റെ തുടര്‍ച്ചയായ, ദൈവം വിളി കേള്‍ക്കാത്ത ഭ്രമയുഗമാണ് കൊടുമണ്‍ യുഗം. അധികാരത്തിന്റെ പകിടകളിയില്‍ പണയം വെക്കപ്പെടുന്നവരുടെ നിസ്സഹായതയാണ് പോറ്റിയുടെ ലഹരി. അനുസരണക്കേടു പൊറുക്കില്ല. പൊരുതി പുറത്തു കടക്കാന്‍ ശ്രമിച്ചാല്‍ കുഴിയൊരുങ്ങും. മനയുടെ പിന്നാമ്പുറം നിറയും. ഒരാള്‍ക്ക് രണ്ടു വിധികള്‍ ഇല്ല, പോകാന്‍ അനുവാദമില്ല, എന്ന് പറയുന്ന പോറ്റിയുടെ മുഖത്തെ ലോകത്തെ വെല്ലുന്ന ആ ഭാവം, മമ്മൂട്ടിയുടെ ആ കഥാപാത്ര പകര്‍ച്ച അവിസ്മരണീയമാണ്.
പ്രത്യക്ഷപ്പെടുന്ന ഓരോ സീനിലും തന്റെ എലിപ്പത്തായത്തില്‍ കുരുങ്ങിയ ഇരകളുടെ അടിമത്തം ഉറപ്പാക്കുന്ന കരുക്കള്‍ നീക്കികൊണ്ടു കൊടുമണ്‍ പോറ്റി ഒരു ഹള്‍ക് (hulk) ആവുകയാണ്. പ്രതിയോഗികളായ കുശിനിക്കാരനും, പാണനും തനിക്കെതിരെ കരുക്കള്‍ നീക്കുന്നത് കൊടുമണ്‍ പോറ്റി ഉമ്മറത്ത് ഇരുന്നുകൊണ്ട് തന്നെ ഗണിച്ചറിയുന്നുണ്ട്. ഭ്രമയുഗത്തിന്റെ ചരിത്രം മാറ്റിയെഴുതാനുള്ള ആ വിപ്ലവം പോറ്റി നേരിടുന്ന സീനുകളില്‍ ആണ് അതുവരെ നമ്മളെ കുടുക്കിയിരുത്തിയ ഭാവാദികളില്‍ നിന്ന് മമ്മൂട്ടി ഗിയര്‍ ഷിഫ്റ്റ് ചെയ്യുന്നത്. മൊത്തം ബോഡി ലാംഗ്വേജിലേക്ക്, തന്നെ തളക്കാന്‍ വന്നവരെയൊക്കെ കൊന്നൊടുക്കിയ, വരാഹിയുടെ അനുഗ്രഹമുള്ള, പ്രബലനായ ചാത്തനെ ആവാഹിക്കുന്നത്.
മെത്തേഡ് ആക്ടര്‍ ടാഗ് മാറിയിട്ടല്ല മമ്മൂട്ടി ഭ്രമയുഗത്തില്‍ കാസ്റ്റ് ചെയ്യപ്പെടുന്നത്. രാഹുല്‍ സദാശിവനിലെ വ്യക്തതയുള്ള ഫിലിം മേക്കറിന്, മമ്മൂട്ടിയിലെ നടന്റെ സ്‌ക്രീന്‍ പ്രെസെന്‍സും, കരുത്തും ദൗര്‍ബല്യങ്ങളും അറിയാം. ഉദാഹരണത്തിന് പോറ്റിയെ പ്രാപിക്കാന്‍ വരുന്ന യക്ഷിയിലേക്ക് കൂടുതല്‍ ഫോക്കസ് വരുന്നു. ശക്തി ക്ഷയിച്ച പോറ്റിയുടെ ഷോട്ടുകള്‍ അത്ര നീട്ടുന്നില്ല. മറുവശത്ത് ഈ ചിത്രത്തിന്റെ കുറ്റമറ്റ ശബ്ദവിസ്മയത്തിന്റെ ബലത്തോടെ മമ്മൂട്ടിയുടെ ഇമ്പാക്ട് ഉള്ള ശബ്ദവും, മാറിമറിയുന്ന ക്യാരക്ടര്‍ ഷിഫ്റ്റുകളും ഫലപ്രദമായി സമന്വയിപ്പിക്കുന്നു.
ഷെഹ്നാദ് ജലാലിന്റെ മാസ്റ്റര്‍ മോണോക്രോം കാമറയോടൊപ്പം, ജ്യോതിഷ് ശങ്കര്‍ ഒരുക്കുന്ന ഇരുണ്ട കാലഘട്ടവും ഭ്രമയുഗത്തെ റിയല്‍ ആക്കുന്നു. അന്ത്യം മുന്നില്‍ കണ്ട പോറ്റിയുടെ അവസാനത്തെ മാനിപുലേഷന്‍ ഷോട്ടില്‍ ഒരു വടക്കന്‍ വീരഗാഥ നൊസ്റ്റു ലുക്കില്‍ വരുത്തുന്ന മമ്മൂട്ടിക്ക് കുറച്ചു ഇമോഷണല്‍ ആക്ട് കൊടുക്കുന്നു. അഹങ്കാരത്തിന്റെയും അധീശത്വത്തിന്റെയും തിരി അണച്ച കുശിനിക്കാരനില്‍ തന്നെ അടുത്ത കൊടുമണ്‍ പോറ്റി തെളിയുമ്പോള്‍ പാണന്‍ അപകടം മണക്കുന്നു. എത്രയോ ലെയറുകള്‍ ഉള്ള ഒരു പൊളിറ്റിക്കല്‍ ഷിഫ്റ്റ്!
കൊടുമണ്‍ പോറ്റി യുഗം അവസാനിക്കുന്ന രംഗങ്ങളില്‍ മമ്മൂട്ടിയിലെ വ്യത്യസ്തമായ കഥാപാത്രങ്ങളോട് ആര്‍ത്തിയുള്ള നടന്‍ വീണ്ടും പ്രബലനാവുന്നു (ഭ്രമയുഗത്തിലെ ഈ ക്ലാസിക് ഹൊറര്‍ സീനുകള്‍ ഓര്‍മ വരുമ്പോള്‍, സിദ്ധാര്‍ഥ് ഭരതനേക്കാള്‍ കൂടുതല്‍ മനസ്സില്‍ നില്‍ക്കുന്നത് അര്‍ജുന്‍ അശോകനാണ്. ഭയം, ഭക്തി, ബഹുമാനം, പാണന്റെ പാട്ട്, നിരാശ, ഓര്‍മ്മകള്‍, സ്വപ്ന ഉണര്‍ച്ചകള്‍, ഓട്ടം, പിടച്ചില്‍, ഇഴയല്‍, അവസാനത്തെ ആ ‘പോറ്റി’ നോട്ടം. എത്രയെത്ര അഭിനയ മുഹൂര്‍ത്തങ്ങള്‍).
മലയാള സിനിമയിലെ, ക്രാഫ്റ്റ് അറിയുന്ന ഒരു യുവസംവിധായകന്റെ മാസ്റ്റര്‍പീസ് ആണ് ഭ്രമയുഗം. ഈ ബെഞ്ച്മാര്‍ക്ക് മറികടക്കുക എന്നത് രാഹുല്‍ സദാശിവന് തന്നെ ഒരു വെല്ലുവിളിയായിരിക്കും. ‘ഡിയെസ് ഇറെ’ ക്കു ശേഷമുള്ള പല പ്രേക്ഷക പ്രതികരണങ്ങളും ഇതോര്‍മ്മപ്പെടുത്തുന്നു. കേരളത്തിന്റെ ഫോക്‌ലോറും, മിത്തുകളും, ആന്തരികഘടനയില്‍ വലിയ മാറ്റമൊന്നുമില്ലാത്ത ജാതിവ്യവസ്ഥയും, അധികാരത്തിന്റെ കറുത്ത അര്‍മാദങ്ങളും, പുറത്തേക്കുള്ള വഴി നിഷേധിക്കപ്പെട്ടവരുടെ രാഷ്ട്രീയവും, ഇടകലര്‍ത്തിയുള്ള ഭ്രമയുഗത്തിന്റെ പ്ലോട്ട്.
മലയാള സിനിമയില്‍ ഇതുവരെ വന്നിട്ടില്ലാത്ത, അസാധാരണമായ ഒരു ക്യാരക്ടര്‍ ആര്‍ക്കിലേക്കു കുടിയേറിയ മമ്മൂട്ടി, കൊടുമണ്‍ പോറ്റിയെ പ്രേക്ഷകരുടെ ഉള്ളിലേക്കു കൃത്യമായി പ്രതിഷ്ഠിക്കുന്നു. പുതിയ കാലത്തെ പ്രതിഫലിപ്പിക്കുന്ന തിരക്കഥകളിലേക്കു ശ്രദ്ധയൂന്നി, വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ ഏറ്റെടുത്തു, സ്വയം പുതുക്കുന്ന മമ്മൂട്ടിയിലെ നടനെ ബഹുമാനിക്കുന്നു. വെല്‍ ഡിസേര്‍വ്ഡ് അവാര്‍ഡ്, മമ്മൂക്ക. മുരടിച്ച റോളുകളുടെ ഭ്രമയുഗത്തില്‍ പെട്ടു പോകാതെ മുന്നോട്ടു പോവാന്‍ എല്ലാ ഭാവുകങ്ങളും.
Content Summary: Mammootty, the great actor who constantly reinvents himself
This post was last modified on November 5, 2025 2:47 pm
Leave a Comment