UPDATES

അങ്കമാലിക്കാരന്‍ ആരോമലിന്റെയും വൈപ്പിന്‍കാരി അമ്പളിയുടെയും രസമുള്ളൊരു കല്യാണക്കഥ

സിനിമ ചര്‍ച്ച ചെയ്യുന്ന ഭൂരിഭാഗം വിഷയങ്ങളും മലയാളി അത്രത്തോളം കേട്ട് പരിചയിച്ചിട്ടുള്ളതാണ്

                       

പ്രണയത്തില്‍ വഞ്ചിക്കപെട്ടവരെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ? വഞ്ചിക്കപെട്ടതിന്റെ നിരാശ മുതല്‍ കാത്തുവച്ച സ്വപ്നങ്ങളെല്ലാം നെയ്തുകൂട്ടിയത് ഒറ്റക്കായിരുന്നുവെന്ന തിരിച്ചറിവിന്റെ വേദന വരെ നീളുന്ന എണ്ണിയാല്‍ ഒടുങ്ങാത്ത അത്രയും ചിന്തകള്‍. വഞ്ചിച്ചവരെ നേരിട്ട് കാണുമ്പോള്‍ ഒരു മധുര പ്രതികാരമെങ്കിലും ചെയ്യണമെന്ന് കരുതിയവരുണ്ടാകില്ലേ? ഒന്നില്‍ കൂടുതല്‍ തവണ തന്നെ വിഡ്ഢിയാക്കിയ സുജിത്ത് വാസു എന്ന കാമുകനോട് അമ്പിളിക്ക് തോന്നിയതും അതേ പ്രതികാര ചിന്തയാണ്. അത് നടപ്പാക്കാന്‍ അമ്പിളി കൂട്ടുവിളിച്ചത് അമ്മായിയമ്മയും നാത്തൂനും അടക്കമുള്ള ഒരു പെണ്‍പടയെ ആയിരുന്നു. Mandakini movie review

അല്‍ത്താഫ് സലിം, അനാര്‍ക്കലി മരിക്കാര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനോദ് ലീല തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘മന്ദാകിനി’ വലിയ ഒച്ചപ്പാടുകളില്ലാതെയാണ് തിയേറ്ററിലെത്തിയത്. പ്രണയം തോന്നിയവരൊക്കെ പിടി തരാതെ ഒഴിഞ്ഞു മാറിയതോടെ ‘ജന്മനാ സിംഗിള്‍ ‘ആയിരുന്ന ആരോമലിന്റെ കല്യാണ വിശേഷത്തിലേക്കാണ് സിനിമ തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകരെ കൊണ്ടുപോകുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ അങ്കമാലിക്കാരന്‍ ആരോമലിന്റെയും വൈപ്പിന്‍കാരി അമ്പിളിയുടെയും വിവാഹം മുതല്‍ രണ്ടാംരാത്രി വരെ നടക്കുന്ന സംഭവങ്ങളാണ് സിനിമ. ഒരു മിനുട്ടില്‍ രണ്ടു പരദൂഷണമെങ്കിലും പറഞ്ഞു തീര്‍ക്കണമെന്ന് വാശിയുള്ള പരദൂഷണ കമ്മിറ്റി മുതല്‍, കല്യാണമെന്നാല്‍ മദ്യപാനമാകണമെന്ന് നിര്‍ബന്ധബുദ്ധിയുള്ള അമ്മാവനും അളിയനും ബന്ധുക്കളും നിറഞ്ഞ ഒരു സാധാരണക്കാരന്റെ കല്ല്യാണ വീട്. ഈ ബോംബുകളെല്ലാം ഒരുമിച്ചെത്തി പൊട്ടുന്നതോടെ ആരോമല്‍ ആശിച്ചു മോഹിച്ചു കാത്തിരുന്ന ആദ്യ രാത്രി എങ്ങനെയാകുമെന്ന് സിനിമയുടെ ആദ്യ ഭാഗം പറഞ്ഞുവയ്ക്കുന്നുണ്ട്.

രണ്ടാം ഭാഗത്തില്‍ സിനിമ നടക്കുന്നത് ജീപ്പിലാണ്. അഞ്ചു പെണ്ണുങ്ങളുടെ വൈപ്പിന്‍ യാത്രയിലൂടെയാണ്. ആദ്യരാത്രി ആഘോഷിക്കേണ്ടിയിരുന്ന ആരോമലിന് തന്റെ ദാമ്പത്യജീവിതം എന്തായി തീരുമെന്നറിയാന്‍ ഈ യാത്രയുടെ അവസാനം വരെ കാത്തിരിക്കേണ്ടതായി വരുന്നുണ്ട്. ഇവിടെ സിനിമ ഒരു സാമൂഹ്യ വിഷയത്തെയാണ് നര്‍മ്മത്തിന്റെ രസച്ചരടില്‍ കോര്‍ത്ത് അവതരിപ്പിക്കുന്നത്. കൂടുതല്‍ വിവരണങ്ങള്‍ സിനിമയുടെ കാമ്പും, ഭംഗിയും ചോര്‍ത്തുമെന്നതിനാല്‍ പറയുന്നില്ല. നിലവിലെ മലയാള സിനിമകള്‍ സ്ത്രീകളെ ഒഴിവാക്കുന്നുവെന്ന വിമര്‍ശനം ശക്തമായിരിക്കുകയാണ്. ആ പശ്ചാത്തലത്തിലാണ് വിനോദ് ലീല എന്ന സംവിധായകന്‍ രാജലക്ഷ്മിയെയും, അമ്പിളിയെയും പ്രേക്ഷകന് പരിചയപ്പെടുത്തുന്നത്. ഡ്രൈവിംഗ് സ്‌കൂള്‍ അധ്യാപിക രാജലക്ഷ്മി ഉറച്ച ശബ്ദത്തില്‍ നിലപാടുകള്‍ പറയുന്ന, മദ്യപിക്കുന്ന, പ്രതികരണ ശേഷിയുളള, മരുമകള്‍ക്ക് വേണ്ടി പ്രതികാരം ചെയ്യാന്‍ ആക്‌സിലേറ്റര്‍ അമര്‍ത്തുന്ന, കുറ്റബോധം ലവലേശം തൊട്ടു തീണ്ടാത്ത സുജിത്ത് വാസുവിനെ ചവിട്ടി പറപ്പിക്കുന്ന ‘കുടുംബിനി’യാണ്. മലയാളികള്‍ക്ക് രാജലക്ഷ്മിയെ പോലുള്ള വീട്ടമ്മമാര്‍ അത്രക്ക് പരിചിതമായിരിക്കില്ല.

പ്രേമം മുതലിങ്ങോട്ട് പ്രേമലു വരെ ചിരിയുടെ റോളര്‍ കോസ്റ്ററായ അല്‍താഫ് അലിയാണ് ആരോമലായി എത്തുന്നത്. നടനപ്പുറം സംവിധായകന്‍ കൂടിയായ അല്‍ത്താഫിന് പിന്നാലെ മലയാള സിനിമയ്‌യുടെ ഗതി മാറ്റിയ മൂന്ന്സംവിധായകര്‍ കൂടി സിനിമയുടെ മര്‍മ ഭാഗത്ത് പ്രത്യക്ഷപ്പെടുന്നുണ്ട്. മറ്റൊരാളുമായി താരതമ്യം ചെയ്യാന്‍ പോലും ഇടമില്ലാതെ ആരോമലിന്റെ ഭാര്യ അമ്പിളിയുടെ വേഷം തുടക്കം മുതല്‍ ഒടുക്കം വരെ മനോഹരമാക്കിയിട്ടുണ്ട് അനാര്‍ക്കലി മരക്കാര്‍. രാവിലെ കല്യാണ വേഷത്തില്‍ കണ്ട അമ്പിളിയില്‍ നിന്നും, കുടിച്ചു ലക്കുകട്ട അമ്പിളിയിലേക്കുള്ള, അവിടെ നിന്ന് പ്രണയത്താല്‍ ബലഹീനയാകേണ്ടി വന്ന അമ്പിളിയിലേക്കുള്ള അനാര്‍ക്കലിയുടെ വേഷ പകര്‍ച്ച അത്ര കണ്ടു രസിപ്പിക്കുന്നുണ്ട്. രാജലക്ഷ്മിയായി എത്തുന്ന സരിത കുക്കു, സഹോദരിയായി എത്തിയ അശ്വതി ശ്രീകാന്ത്, വിനീത് തട്ടില്‍, കുട്ടി അഖില്‍, ഗണപതി, ജാഫർ ഇടുക്കി തുടങ്ങി നല്ലൊരു താരനിര പ്രേക്ഷകരെ ചിരിപ്പിക്കുകയും, കല്യാണദിവസം പകലന്തിയോളം നീണ്ടുനില്‍ക്കുന്ന ചിത്രത്തിലേക്ക് വലിച്ചടിപ്പിക്കുന്നുമുണ്ട്.

സിനിമ ചര്‍ച്ച ചെയ്യുന്ന ഭൂരിഭാഗം വിഷയങ്ങളും മലയാളി അത്രത്തോളം കേട്ട് പരിചയിച്ചിട്ടുള്ളതാണ്. എന്നാല്‍ വിരസതയിലേക്ക് വീഴുമെന്ന് തോന്നുന്ന നിമിഷങ്ങളില്‍ അപ്രതീക്ഷിത കഥാപാത്രങ്ങളെ പ്രവേശിപ്പിച്ചും, ചിരിപ്പിച്ചും കഥ മുന്നോട്ടു പോകുന്നുണ്ട്. കഥയുടെ ബഹുഭൂരിപക്ഷവും മദ്യപാനം കടന്നു വരുന്നുണ്ട്. ഏത് രീതിയില്‍ അതിനെ സമീപയ്ക്കണമെന്നതു പ്രേക്ഷന്റെ തീരുമാനത്തിന് വിടുന്നു.

 

Content summary; Mandakini Malayalam movie review Mandakini review

രശ്മി ജയദാസ്‌

രശ്മി ജയദാസ്‌

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍