February 13, 2025 |

കായിക പുരസ്കാരം; മനു ഭാക്കറും ഡി ഗുകേഷും ഉള്‍പ്പെടെ 4 താരങ്ങൾക്ക് ഖേൽരത്ന

രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്കാരത്തിന് നാലു താരങ്ങള്‍ അര്‍ഹരായി

ഷൂട്ടിങ് താരം മനു ഭാക്കറിനും ലോക ചെസ് ചാമ്പ്യൻ ഗുകേഷിനും ഉൾപ്പെടെ നാല് പേർക്ക് ഖേൽരത്‌ന പുരസ്‌കാരം. ഇരുവരെയും കൂടാതെ ഹോക്കി താരം ഹർമൻ പ്രീത് സിംഗ്, പാര അത്‌ലറ്റിക് താരം പ്രവീൺ കുമാർ എന്നിവരാണ് ഖേൽരത്‌ന പുരസ്‌കാരത്തിന് അർഹരായിരിക്കുന്നത്.

പാരീസ് ഒളിമ്പിക്‌സിൽ ഇരട്ട മെഡൽ ജേതാവാണ് മനു ഭാക്കർ. ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാമ്പ്യനാണ് ഡി ഗുകേഷ്. നേരത്തെ മനു ഭാക്കറുടെ പേര് ഖേൽരത്ന പുരസ്കാരത്തിന് പരിഗണിക്കാതിരുന്നത് വിവാദമായിരുന്നു. ഇതിനെതിരെ മനുവിൻറെ പരിശീലകൻ ജസ്പാൽ റാണയും പിതാവ് രാം കിഷനും രംഗത്തെത്തിയെങ്കിലും കൃത്യസമയത്ത് അപേക്ഷിക്കാഞ്ഞത് തൻറെ ഭാഗത്തുനിന്നുള്ള വീഴ്ചയാണെന്ന് മനു ഭാക്കർ വിശദീകരിച്ചിരുന്നു. പാരീസ് ഒളിപിംപിക്സിൽ 10 മീറ്റർ എയർ പിസ്റ്റൾ വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലും മനു വെങ്കലം നേടി ചരിത്രം കുറിച്ചിരുന്നു.

സ്വതന്ത്ര ഇന്ത്യയിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ വനിതാ കായികതാരമാണ് മനു. ഹർമൻപ്രീതിൻറെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യൻ ഹോക്കി ടീം ഒളിംപിക്സിൽ വെങ്കല മെഡൽ സ്വന്തമാക്കിയിരുന്നു. 18കാരനായ ഗുകേഷ് ആകട്ടെ ചെസിലെ പ്രായം കുറഞ്ഞ ലോക ചാമ്പ്യനായി റെക്കോർഡിട്ടപ്പോൾ പാരാലിംപിക്കിൽ ഹൈജംപിൽ ടി64 വിഭാഗത്തിൽ സ്വർണം നേടിയാണ് പ്രവീൺ കുമാർ ഖേൽരത്നക്ക് അർഹനായത്.

മലയാളി നീന്തൽ താരം സജൻ പ്രകാശിന് അർജുന പുരസ്കാരത്തിന് അർഹനായി. 17 പാരാലിംപിക് താരങ്ങൾ ഉൾപ്പെടെ 32 പേരാണ് അർജുന പുരസ്കാരത്തിന് അർഹരായത്. മലയാളി ബാഡ്മിൻറൺ പരിശീലകൻ എസ്‌ മുരളീധരൻ പരിശീലകരംഗത്തെ മികവിനുള്ള ദ്രോണാചാര്യ പുരസ്കാരത്തിവ് അർഹനായി. ഈ മാസം 17ന് രാഷ്ട്രപതിഭവനിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യും.

content summary; manu bhaker gukesh among four athletes to get khel ratna award

×