July 28, 2026 |
Share on

‘പലരും ചതഞ്ഞരഞ്ഞു, ഇരുമ്പ് ​ഗ്രില്ലിൽ പിടുത്തം കിട്ടിയത് തുണയായി’

ഡൽഹി ട്രെയിൻ ദുരന്തത്തിന്റെ ദൃക്സാക്ഷി

‘ജനങ്ങൾ എന്റെ മുകളിലൂടെ നടക്കുകയായിരുന്നു. തിക്കിലും തിരക്കിലും പെട്ട് ഞെരുങ്ങുന്നതിനിടയിൽ ഒന്ന് ശ്വാസമെടുക്കാൻ പോലും ഞാൻ കഷ്ടപ്പെട്ടു. എന്റെ സഹോദരിയെ കോണിപ്പടികളിലൂടെ വലിച്ചിഴച്ച് ഞാൻ മുകളിലെത്തിച്ചു. ഭാ​ഗ്യമെന്നോണം ഇരുമ്പ് ​ഗ്രില്ലിൽ പിടുത്തം കിട്ടി. ഞങ്ങൾ അതിൽ പറ്റിച്ചേർന്ന് നിന്നു. പലരും ജീവൻ രക്ഷിക്കാനുള്ള തത്രപാടിൽ പിന്നിൽ നിന്ന് വലിക്കുന്നുണ്ടായിരുന്നു. എന്നാൽ ജീവിതത്തിലേക്കുള്ള കച്ചിത്തുരുമ്പായ ആ ഇരുമ്പ് ​ഗ്രിൽ ഞങ്ങൾ വിട്ടില്ല’… ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട കിരൺ കുമാരിയുടെ വാക്കുകളാണിത്.

എന്റെ കൺമുന്നിൽ വെച്ച് 10 പേരോളം ആ സമയത്ത് തന്നെ മരിച്ചു. പലരും തിരക്കിനിടയിൽ പെട്ട് ചതഞ്ഞരഞ്ഞു, സംഭവത്തിന്റെ ഭീകരത ഇപ്പോഴും വിട്ടുമാറാത്ത കിരൺ കുമാരിയുടെ വാക്കുകളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

‘എന്റെ സഹോദരിയുടെ ഭർത്താവ് ഒരു ക്യാൻസർ രോ​ഗിയാണ്. അദ്ദേഹത്തിന്റെ രോഗശാന്തിക്കായി പ്രാർത്ഥിക്കാൻ വേണ്ടിയാണ് ഞങ്ങൾ കുംഭമേളയിലേക്ക് പോയത്. തുടക്കത്തിൽ, കുംഭമേളയിലെ തിരക്ക് കാരണം എന്റെ കുടുംബം യാത്ര ചെയ്യാൻ തയ്യാറായില്ല. പക്ഷേ അവസാന നിമിഷം ഞങ്ങൾ ടിക്കറ്റ് ബുക്ക് ചെയ്യുകയായിരുന്നു.’

’14ാം നമ്പർ പ്ലാറ്റ്‌ഫോമിലായിരുന്നു ഞങ്ങൾ. എന്റെ സഹോദരി ആരതിയും ശൈലേന്ദ്രയും എത്തുന്നതുവരെ പ്ലാറ്റ്ഫോമിൽ ഞങ്ങൾ കാത്തിരുന്നു. ഒരേ സമയം നിരവധി അറിയിപ്പുകൾ നടക്കുന്നതിനാൽ അവർക്ക് പ്ലാറ്റ്‌ഫോം തിരിച്ചറിയാൻ കഴിഞ്ഞില്ല. വളരെയധികം ആശയക്കുഴപ്പം ഉണ്ടായിരുന്നു.’

‘മകനെ ട്രെയിനിൽ ഇരുത്തിയിട്ടാണ് കുടുംബത്തെ അന്വേഷിക്കാൻ ഞാൻ പോയത്. അതേസമയം, പ്ലാറ്റ്‌ഫോം നമ്പർ 12 ൽ നിന്ന് ഒരു പ്രത്യേക ട്രെയിൻ പുറപ്പെടുന്നുണ്ടെന്ന് അറിയിപ്പ് ലഭിച്ചു. മിനിറ്റുകൾക്കുള്ളിൽ, പരിഭ്രാന്തരായ നൂറുകണക്കിന് ആളുകൾ പടികൾ കയറി ട്രെയിൻ പിടിക്കാൻ ഇറങ്ങിയതോടെ തിക്കും തിരക്കുമായി. എന്റെ സഹോദരിയും അളിയനും പടികൾ ഇറങ്ങാൻ ശ്രമിക്കുന്നത് ഞാൻ കണ്ടു. ഞാൻ എന്റെ കുടുംബത്തിന്റെ അടുത്തേക്ക് ഓടിയെത്തിയപ്പോഴേക്കും ജനങ്ങളിലും പലരും അപകടത്തിൽ പെട്ടിരുന്നു. ഇതുപോലൊരു സംഭവം ഞാൻ എന്റെ ജീവിതത്തിൽ അനുഭവിച്ചിട്ടില്ല’, കിരൺ കുമാരി പറഞ്ഞു.

18 പേരുടെ ജീവനാണ് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലെ തിക്കിലും തിരക്കിലും പെട്ട് പൊലിഞ്ഞത്. മഹാകുംഭമേളയിലെത്താൻ ജനങ്ങൾ കൂട്ടത്തോടെ എത്തിയതിന് പിന്നാലെയാണ് അപകടമുണ്ടായത്.

Content Summary: Many were crushed, Climbed up the iron grille and clung to it, An eyewitness to the Delhi train disaster

newdelhi train disaster 

Leave a Reply

Your email address will not be published. Required fields are marked *

×