July 13, 2025 |
Share on

സ്റ്റാലിന്റെ മധ്യസ്ഥവും പരാജയപ്പെട്ട ചേട്ടാനുജന്‍ പോര്

തമിഴ്‌നാട് സര്‍ക്കാരിനും ഭീഷണിയാകുന്ന മാരന്‍ കുടുംബത്തിന്റെ സണ്‍ ഗ്രൂപ്പ് അവകാശ തര്‍ക്കം

തമിഴ്‌നാട് സര്‍ക്കാരിനെ ബാധിച്ചിരിക്കുന്ന സൂര്യഗ്രഹണമാണ് മാരന്‍ സഹോദരന്മാര്‍ക്കിടയിലെ കലഹം. ദ്രാവിഡ നാട്ടിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ-വ്യവസായ സാമ്രാജ്യമാണ് ഇപ്പോള്‍ പാളയത്തിലെ പട മൂലം തകരാന്‍ നില്‍ക്കുന്നത്. ഈ വീഴ്ച്ച സംഭവിച്ചാല്‍ ഡിഎംകെ എന്ന പാര്‍ട്ടിയുടെ കൂടി വേരുകള്‍ ഇളകും.

പണമാണ് എല്ലാത്തിനും കാരണം. അളവില്‍ കവിഞ്ഞ സ്വത്തിന്റെ അവകാശത്തില്‍ പ്രതി നടക്കുന്ന യുദ്ധം.

ഒരു ലീഗല്‍ നോട്ടീസാണ് കുടുംബം പ്രശ്‌നം നാട്ടിലറിയാന്‍ കാരണം. ഡിഎംകെ എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ ദയാനിധി മാരന്‍, തന്റെ സഹോദരനും മാധ്യമവ്യവസായുമായ കലാനിധി മാരനെതിരെയാണ് നോട്ടീസ് അയച്ചത്. കുടുംബ കമ്പനിയായ സണ്‍ ടിവി നെറ്റ്‌വര്‍ക്കില്‍ കലാനിധി വ്യാജ ഓഹരികള്‍ അനുവദിച്ചു, കോര്‍പ്പറേറ്റ് ദുര്‍ഭരണം നടത്തി എന്നീ ആരോപണങ്ങളാണ് നോട്ടീസില്‍ ഉന്നയിച്ചിരിക്കുന്നത്.

കലാനിധിയുടെ വക്കീല്‍ നോട്ടീസിലെ വിവരങ്ങള്‍ പുറത്തെത്തിയതോടെ അവ വലിയ മാധ്യമശ്രദ്ധ നേടി. സണ്‍ ടിവിയോട് മാധ്യമപ്രവര്‍ത്തകര്‍ വിശദീകരണത്തിന് സമീപിച്ചു. സണ്‍ നെറ്റ്‌വര്‍ക്ക് പറയുന്നത്, 22 വര്‍ഷം പഴക്കമുള്ള തര്‍ക്കമാണ് ലീഗല്‍ നോട്ടീസില്‍ ആവര്‍ത്തിച്ചിരിക്കുന്നത്. സണ്‍ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായിരുന്ന കാലത്തെ പ്രശ്‌നം. കമ്പനി നടത്തിയെന്ന് നോട്ടീസില്‍ ആരോപിക്കപ്പെടുന്ന പ്രസ്താവനകള്‍ തെറ്റായതും, തെറ്റിദ്ധരിപ്പിക്കുന്നതും അപകീര്‍ത്തിപ്പെടുത്തുന്നതുമാണ്. വസ്തുതകളില്ലാത്തതും നിയമ പിന്തുണയില്ലാത്തതുമാണ്. കമ്പനിയുടെ എല്ലാ പ്രവൃത്തികളും നിയമപരമായി നടക്കുന്നതാണ്. കമ്പനിയുടെ ഒഹരികള്‍ കൃത്യമായി പരിശോധിക്കപ്പെട്ട് തന്നെയാണ് അനുവദിച്ചിട്ടുള്ളതെന്നും അവര്‍ വിശദീകരിക്കുന്നു.

ഇപ്പോഴത്തെ പ്രശ്‌നം, കമ്പനിയുടെ ബിസിനസിനെയോ ദൈന്യംദിന പ്രവര്‍ത്തനങ്ങളെയോ ഒരുതരത്തിലും ബാധിക്കുന്നതല്ല എന്നാണ് സണ്‍ ടിവി പറയുന്നത്. പ്രമോട്ടര്‍മാര്‍ക്കിടയിലെ കുടുംബ പ്രശ്‌നം മാത്രമായി അവരതിനെ നിസ്സാരവത്കരിക്കാനും ശ്രമിക്കുന്നുണ്ട്.

എന്നാല്‍ ഇത് കേവലം കുടുംബ പ്രശ്‌നം മാത്രമാണോ? കുടുംബത്തിനിടയില്‍ മാത്രമാണോ അത് ബാധിക്കുന്നത്?

അല്ല, അതങ്ങനെയല്ല സംഭവിക്കുന്നതെന്നാണ് തമിഴ്‌നാട് ഭരിക്കുന്ന ഡിഎംകെയിലെ ഉന്നതന്മാര്‍ സ്വയം നിരാശപ്പെടുന്നത്. സംഭവിക്കാനുള്ളതൊക്കെ സംഭവിച്ചു കഴിഞ്ഞിരിക്കുന്നു, ഇനിയത് കൂടുതല്‍ മോശമായി വരും എന്നാണവരുടെ ഭയം. ‘ മാരന്മാര്‍ക്ക് മാത്രമല്ല, പാര്‍ട്ടിക്കും വളരെയേറേ നാണക്കേട്’ എന്നാണ് ഒരു മുതിര്‍ന്ന നേതാവ് ദി ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പ്രതികരിച്ചത്.

മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ തന്നെ സഹോദരന്മാരുടെ തര്‍ക്കം തീര്‍ക്കാന്‍ നേരിട്ട് ഇടപെട്ടത് ഇത് കേവലം കുടുംബം പ്രശ്‌നം മാത്രമായതുകൊണ്ടല്ല. കഴിഞ്ഞ മൂന്നു മാസത്തിനിടയില്‍ രണ്ട് തവണ പാര്‍ട്ടി തലവന്‍ മധ്യസ്ഥ ചര്‍ച്ചയ്ക്ക് ഇരുന്നുവെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് സമ്മതിച്ചത്.

മാരന്മാരുടെ സഹോദരി അംബുക്കരശി, സ്റ്റാലിന്‍ മുന്നോട്ടുവച്ച നിര്‍ദേശം അംഗീകരിച്ചിരുന്നു, കലാനധിക്കും അതില്‍ എതിര്‍പ്പില്ലായിരുന്നു. എന്നാല്‍ അയയാതെ നില്‍ക്കുന്നത് കലാനധിയാണ്. അയാള്‍ ഒന്നും കേള്‍ക്കാന്‍ തയ്യാറല്ല. നിയമത്തിന്റെ വഴിയില്‍ പോകാനാണ് കലാനിധിയുടെ പ്ലാന്‍, അതുമൂലം ഉണ്ടാകുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ അയാള്‍ ഗൗനിക്കുന്നില്ലെന്നാണ് ഡിഎംകെക്കാര്‍ പറയുന്നത്. ‘ ആയിരക്കണക്കിന് കോടി രൂപയ്ക്കായാണ് സഹോദരന്മാര്‍ വഴക്ക് കൂടുന്നത്, ജനങ്ങള്‍ക്ക് അപ്പോള്‍ സംശയം തോന്നും, ഇതിനു മാത്രം പണം അവര്‍ക്കെങ്ങനെ ഉണ്ടായി? ജനങ്ങളുടെ ആ ചോദ്യം ബാധിക്കുന്നത് ഡിഎംകെയെയാണ്; പാര്‍ട്ടി വൃത്തങ്ങളിലെ പേടി അതാണ്.

ജനം ചോദിക്കുന്ന ആ ചോദ്യം വളരെ പ്രധാനപ്പെട്ടതാണ്,

ഇക്കാണാവുന്ന സമ്പത്തും ബിസിനസും കുടുംബ മഹിമയുമൊക്കെ മാരന്‍ സഹോദരങ്ങള്‍ക്ക് കിട്ടുന്നത് അവരുടെ പിതാവ് മുരശൊലി മാരനിലൂടെയാണ്. സാക്ഷാല്‍ മുത്തുവേല്‍ കരുണാനിധിയുടെ മൂത്തപെങ്ങള്‍ ഷണ്‍മുഖ സുന്ദരിയുടെ മകന്‍. അമ്മാവന്റെ വിശ്വസ്തനായ അനന്തരവനായതിലൂടെയാണ് മുരശൊലി മാരന്റെ ജീവിതം മാറുന്നത്. കരുണാനിധിയുടെ സിനിമാക്കാലത്തെ സഹായിയായും പിന്നീട് ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ മുഖമാസികയായ മുരശൊലിയുടെ എഡിറ്ററായും തിളങ്ങി, അവിടെ നിന്നും രാഷ്ടീയത്തിലെത്തിയ മാരന്‍, ഡിഎംകെയെ ദേശീയ രാഷ്ട്രീയത്തില്‍ പ്രതിഷ്ഠിക്കുന്നതിലെ മുഖ്യ കര്‍മിയായി മാറി. പാര്‍ട്ടിയുടെ ഡല്‍ഹിയിലെ ശബ്ദമായിരുന്നു, തമിഴിലും ഇംഗ്ലീഷിലും ഒരുപോലെ നിപുണനായിരുന്ന മാരന്‍. സഖ്യകക്ഷി രാഷ്ട്രീയത്തിന്റെ സമവാക്യങ്ങളില്‍ ഡിഎംകെയുടെ പ്രാധാന്യവും സാന്നിധ്യവും തെറ്റാതെയെഴുതിയിരുന്നതും ദേശീയമായും പ്രാദേശികമായും ബഹുമാനിക്കപ്പെട്ടിരുന്ന മാരനായിരുന്നു. വിപി സിംഗ്, ഐ കെ ഗുജ്‌റാള്‍, എച്ച് ഡി ദേവ്ഗൗഡ എന്നിവരുടെ മന്ത്രി സഭകളില്‍ അംഗമായി ദേശീയ രാഷ്ട്രീയത്തില്‍ തിളങ്ങിയ മാരന്‍, കരുണാനിധിയെ നേരിട്ട് സമീപിക്കാന്‍ കഴിയാത്തവര്‍ക്കുള്ള മറു മാര്‍ഗമായിരുന്നു.

മുരശൊലി മാരന്റെ മൂത്ത മകനാണ് കലാനിധി. പൂമലൈ എന്ന പേരില്‍ ചെറിയൊരു വീഡിയോ ബിസിനസ് സ്ഥാപനവുമായാണ് കലാനിധിയുടെ തുടക്കം. സ്വകാര്യ പരിപാടികള്‍ ഷൂട്ട് ചെയ്ത് വിഎച്ച്എസ് കാസറ്റുകളിലാക്കി വില്‍പ്പന നടത്തും. അവിടെ നിന്നാണ് 1993 ല്‍ കലാനിധി സണ്‍ ടിവി ആരംഭിക്കുന്നത്. ആ കാലം ഏറെ അനുകൂലമായിരുന്നു. ദൂരദര്‍ശന്റെ കുത്തക പതുക്കെ കൈവിട്ടു തുടങ്ങുന്ന കാലം. ഇന്ത്യയില്‍ കേബിള്‍ വിപ്ലവം തുടങ്ങുന്നു. സിംഗപ്പൂരില്‍ നിന്നായിരുന്നു സണ്‍ ടിവിയുടെ ആദ്യ സംപ്രേക്ഷണം. വൈകാതെ തന്നെ തമിഴ്‌നാട്ടില്‍ വേറുറപ്പിക്കാന്‍ സണ്‍ ടിവിക്കായി. അവരുടെ എന്റര്‍ടെയ്‌മെന്റ് പ്രോഗ്രാമുകള്‍ക്ക് കാഴ്ച്ചക്കാര്‍ കൂടി. വീടുകള്‍ തോറും സണ്‍ ടിവി കണക്ഷനുകള്‍ വന്നു.

വിപണിയെ കൃത്യമായി ചൂഷണം ചെയ്തതും, ഡിഎംകെ എന്ന ശക്തിയുടെ പിന്തുണയും ചേര്‍ന്നപ്പോള്‍ കലാനിധിയുടെ സണ്‍ ഗ്രൂപ്പ് വിപുലമായി. ടെലിവിഷന്‍, റേഡിയോ, പ്രിന്റ്, സ്‌പോര്‍ട്‌സ്, സിനിമ എന്നിങ്ങനെ ഇന്ത്യയിലെ ഏറ്റവും വലിയ പ്രാദേശിക മാധ്യമ സാമ്രാജ്യങ്ങളിലൊന്നായി അത് വളര്‍ന്നു.

കരുണാനിധി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് കളര്‍ ടിവി വിതരണം ചെയ്തപ്പോള്‍ അതിന്റെ ഗുണം കൂടുതല്‍ കിട്ടിയത് കലാനിധിയുടെ സുമംഗലി കേബിള്‍ വിഷന്(എസ് സി വി) ആയിരുന്നു. കാരണം ടിവി കിട്ടിയവരെല്ലാം എസിവി വരിക്കാരുമായി.

കലാനിധി സ്വീകരിച്ച ഏറ്റവും മികച്ച തന്ത്രം അദ്ദേഹത്തിന്റെ ‘രാഷ്ട്രീയ നിക്ഷ്പക്ഷത’യായിരുന്നു. ഡിഎംകെ കുടുംബത്തില്‍ നിന്നുള്ളയാളാണെങ്കിലും, കലാനിധി പ്രത്യക്ഷ ഡിഎംകെക്കാരനായില്ല. ദ്രാവിഡ പ്രത്യയശാസ്ത്രം സണ്‍ടിവിയുടെ എഡിറ്റോറിയല്‍ പോളിസിയില്‍ വ്യക്തമാണെങ്കിലും, സ്വയമൊരു കോര്‍പ്പറേറ്റ് ആയി നില്‍ക്കാനാണ് കലാനിധി എന്നും ശ്രമിച്ചത്. ഈ തന്ത്രം അദ്ദേഹത്തിന് തെക്കേയിന്ത്യയില്‍ മുഴുവന്‍ തന്റെ ബിസിനസ് വ്യാപിക്കുന്നതിന് തടസങ്ങള്‍ ഇല്ലാതാക്കി.

കലാനിധിയുടെ സഹോദരന്‍ പക്ഷേ അച്ഛന്റെ പാതയിലേക്കാണിറങ്ങിയത്. എന്നാല്‍ ഒരു പരമ്പരാഗത ദ്രാവിഡ രാഷ്ട്രീയക്കാരന്റെ ശൈലിയും രൂപവുമായിരുന്നില്ല ദയാനിധിക്ക്. ലയോളയില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിറങ്ങിയ ദയാനിധി പരിഷ്‌കാരിയ കച്ചവടക്കാരന്റെ ഭാവവും സ്വഭാവവുമായിരുന്നു. കേന്ദ്രത്തില്‍ ടെലികോം മന്ത്രിയായിരുന്ന കാലത്ത് ദയാനിധിയാണ് ഇന്ത്യയില്‍ ടെലികോം നിരക്കുകള്‍ കുറച്ചതും വിദേശനിക്ഷേപം ആ മേഖലയില്‍ കൊണ്ടു വന്നതും. എന്നാല്‍ ദയനാധിക്കായി കാത്തിരുന്നത് വിവാദങ്ങളും വിമര്‍ശനങ്ങളുമായിരുന്നു. ഒന്നിനു പുറകെ ഒന്നായി വന്ന 2ജി സ്‌പെക്ട്രം അഴിമതി, എയര്‍സെല്‍-മാക്‌സിസ് കരാര്‍, ടെലികോം എക്‌സ്‌ചേഞ്ച് തട്ടിപ്പ് എന്നിവ യുപിഎ സര്‍ക്കാരിനെയും ദയാനിധിയെയും ഒരുപോലെ കുഴപ്പിച്ചു. പല കേസുകളില്‍ നിന്നും രക്ഷപ്പെട്ടു പോന്നെങ്കിലും ദയാനിധിയുടെ രാഷ്ട്രീയ ജീവിതത്തിന് വലിയ ആഘാതമാണ് അതില്‍ നിന്നൊക്കെ ഉണ്ടായത്.

മാരന്‍ സഹോദരന്മാര്‍ സ്വന്തം നാട്ടിലും സ്വന്തക്കാരിലും നിന്നും പ്രതിഷേധവും അകല്‍ച്ചയും നേരിടേണ്ടി വന്ന സംഭവമുണ്ട്. അത് സണ്‍ ഗ്രൂപ്പിന്റെ പത്രമായ ദിനകരന്‍ നടത്തിയൊരു സര്‍വേ മൂലമാണ്. ആരാണ് കരുണാനിധിയുടെ പിന്‍ഗാമി എന്നൊരു അഭിപ്രായ വോട്ടെടുപ്പ് 2007 ല്‍ പത്രം നടത്തി. ആദ്യ സ്ഥാനത്ത് വന്നത് എം കെ സ്റ്റാലിന്‍, രണ്ടാം സ്ഥാനത്ത് ദയാനിധി. മുന്നാം സ്ഥാനത്ത് കരുണാനിധിയുടെ മറ്റൊരു പുത്രനായ എം കെ അളഗിരി.

ആ സ്ഥാന നിര്‍ണയം വലിയ കലഹത്തിന് കാരണമായി. അളഗിരിയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയ ദിനകരന്റെ സര്‍വേ അളിഗിരിക്ക് സഹിച്ചില്ല. മധുരയില്‍ അതിന്റെ പേരില്‍ വലിയ കലാപം തന്നെയുണ്ടായി. അളഗിരി അണികള്‍ ദിനകരന്‍ ഓഫീസ് ആക്രമിച്ചു. മൂന്നു ജീവനക്കാര്‍ക്കാണ് അന്ന് ജീവന്‍ നഷ്ടപ്പെട്ടത്.

ഇത്തരമൊരു ആക്രമണം ഉണ്ടാകുമെന്ന് അന്ന് മുഖ്യമന്ത്രിയായിരുന്ന കരുണാനിധിക്ക് ഇന്റലിജന്‍സുകാര്‍ മുന്‍കുട്ടി വിവരം നല്‍കിയിരുന്നു. നിയമസഭയിലായിരുന്ന കരുണാനിധിക്ക് അരപേജില്‍ തമിഴില്‍ എഴുതിയ കൈയെഴുത്ത് നോട്ടായിരുന്നു ഇന്റല്‍ിജന്‍സുകാര്‍ നല്‍കിയത്. എന്നാല്‍ നടപടിയെടുക്കാന്‍ നോക്കാതെ, എഴുത്തിലെ തെറ്റുകള്‍ തിരുത്താനാണ് മുഖ്യമന്ത്രി ആദ്യം സമയം ചെലവഴിച്ചത്. അപ്പോഴേക്കും മോശമായതൊക്കെയും സംഭവിച്ചു കഴിഞ്ഞിരുന്നു. കരുണാനിധിയുടെ ആ തണുപ്പന്‍ സമീപനം മനപൂര്‍വം തന്നെയായിരുന്നുവെന്ന് എല്ലാവരും പറുന്നു.

എന്തായാലും ആ സംഭവത്തോടെ മാരന്‍ കുടുംബവും കരുണാനിധി കുടുംബവും തമ്മില്‍ അകന്നു. സര്‍വേയില്‍ രണ്ടാമത് വന്നതിന്റെ പേരില്‍ ദയാനിധിക്കെതിരേ വ്യാപകമായ വിമര്‍ശനവും രോഷവും ഉണ്ടായിരുന്നു. അന്ന് അനിയനൊപ്പമായിരുന്നു കലാനിധി. അവിടെ നിന്നാണ് ഇന്ന് ഇരുവരും ശത്രുക്കളായി മാറിയിരിക്കുന്നത്.

അച്ഛന്‍(മുരശൊലി മാരന്‍) കോമയില്‍ ആയിരുന്ന സമയത്ത്, സണ്‍ ഗ്രൂപ്പിന്റെ 10 രൂപ മുഖവിലയുള്ള 12 ലക്ഷം ഓഹരികള്‍ കലാനിധി സ്വന്തം പേരിലേക്ക് തട്ടിപ്പു മാര്‍ഗത്തിലൂടെ മാറ്റിയെന്നാണ് ദയാനിധിയുടെ ലീഗല്‍ നോട്ടീസില്‍ ആരോപിക്കുന്നത്. ഈയൊരു നീക്കത്തിലൂടെ സണ്‍ഗ്രൂപ്പില്‍ 60 ശതമാനം ഓഹരികള്‍ കലാനിധിക്കായി. ബാക്കി മാരന്‍ കുടുംബത്തിന്റെയും, കരുണാനിധി കുടുംബങ്ങളുടെയും 50 ശതമാനം വീതം ഉണ്ടായിരുന്ന ഓഹരികള്‍ 20% ആയി കുറച്ചുവെന്നും ഡിഎംകെ എംപിയുടെ നോട്ടീസില്‍ ആരോപിക്കുന്നു.

ന്യായമായ വിപണി മൂല്യം അനുസരിച്ച് 3,500 കോടി രൂപയിലധികം വിലമതിക്കുന്ന ഓഹരികള്‍ വെറും 1.2 കോടി രൂപയ്ക്കാണ് കലാനിധി സ്വന്തമാക്കിയതെന്നും, കൂടാതെ സ്വയം സമ്പന്നനാക്കാന്‍ കമ്പനി വിഭവങ്ങള്‍ ദുരുപയോഗം ചെയ്‌തെന്നും നോട്ടീസില്‍ സഹോദരനെതിരെയുള്ള ആരോപണങ്ങളായി ദയാനിധി പറയുന്നുണ്ട്. കോര്‍പ്പറേറ്റ് നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമം, കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം എന്നിവ പ്രകാരമുള്ള എല്ലാ കുറ്റങ്ങളും കലാനിധി ചെയ്തിട്ടുണ്ടെന്നാണ് നോട്ടീസില്‍ പറയുന്നത്.

ദയനാധി ഇപ്പോള്‍ നടത്തുന്നത് ഒരു രാഷ്ട്രീയ ചൂതാട്ടമാണെന്നാണ് ഡിഎംകെ നേതാക്കള്‍ രഹസ്യമായി പറയുന്നത്. ഇത്തരമൊരു കളിക്ക് ഇറങ്ങിയതിലൂടെ അയാള്‍ ഒറ്റപ്പെട്ടുപോയെന്നും നേതാക്കള്‍ പറയുന്നുണ്ട്. എന്നാല്‍ ഈ കളി എങ്ങനെ അവസാനിക്കുമെന്നത് കാത്തിരുന്നു കാണേണ്ടതാണ്.  Maran family feud; Dayanidhi-Kalanithi legal battle over Sun Group, How affect DMK government in Tamil Nadu

Content Summary; Maran family feud; Dayanidhi-Kalanithi legal battle over Sun Group, How affect DMK government in Tamil Nadu

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×