1887 ആണ് വര്‍ഷം.
വേഴ്‌സോ നഗരത്തിലെ ഒരു തണുത്ത പ്രഭാതം. സ്ലോറ്റ തെരുവില്‍ തിരക്കു തുടങ്ങിയിട്ടില്ല. നന്നായി വസ്ത്രം ധരിച്ച പോളണ്ടുകാരിയായ ഒരു പെണ്‍കുട്ടി നടന്നുവരുന്നുണ്ട്. ഉള്ളില്‍ ധൃതിയുണ്ടെന്നു മുഖം സൂചിപ്പിക്കുന്നുണ്ടെങ്കിലും വളരെ പതുക്കെയാണവള്‍ നീങ്ങുന്നത്. മുന്നോട്ടും പിന്നോട്ടുമെല്ലാം ഇടയ്ക്കിടെ പാളിപ്പാളി നോക്കുന്നുമുണ്ട്. എന്തിനെയോ ഭയക്കുന്നപോലെ. ആരും തന്നെ കാണുകയോ, തിരിച്ചറിയുകയോ ചെയ്യരുത് എന്ന നിര്‍ബ്ബന്ധം അവളിലുണ്ടാവണം. ഈ വരവ് ഏറെ രഹസ്യമായ എന്തിനോ വേണ്ടിയാണെന്നതു സ്പഷ്ടം.
ഒടുവില്‍ പ്രത്യേകതകളൊന്നും തന്നെയില്ലാത്ത ഒരു കെട്ടിടത്തിനു മുന്നില്‍ അവള്‍ അല്പനേരം നിന്നു. ചുറ്റും നോക്കിക്കൊണ്ടേതാനും നിമിഷങ്ങള്‍. തന്നെയാരും ശ്രദ്ധിക്കുന്നില്ലെന്നു ഒന്നുകൂടി ഉറപ്പുവരുത്തിയ ശേഷം അവള്‍ കെട്ടിടത്തിനുള്ളിലേക്ക് ഓടിക്കയറി. കുറച്ചുക്കഴിഞ്ഞ്, ഒരു പെണ്‍കുട്ടികൂടി അതുപോലെ തികഞ്ഞ പരിസരശ്രദ്ധയോടെ അവിടേക്കുവന്നു. അങ്ങനെ ഒറ്റയ്‌ക്കൊറ്റയ്ക്കായി വീണ്ടും ഏതാനും പെണ്‍കുട്ടികള്‍. എല്ലാവരും ഒരേ കെട്ടിടത്തിലേക്കു തന്നെയാണ് പ്രവേശിക്കുന്നത്. ഇന്നത്തെ വേഴ്‌സോ നഗരത്തിലെ ശാസ്ത്രസാംസ്‌കാരിക കൊട്ടാരം പ്രവര്‍ത്തിക്കുന്നത് ഇതേ തെരുവിലാണ്.
ഒരിക്കലും ആ പെണ്‍കുട്ടികള്‍ക്ക് ഒരുമിച്ചു നടക്കാനാവില്ലായിരുന്നു. കാരണം, റഷ്യന്‍ രഹസ്യപ്പോലീസിന്റെ കണ്ണുകളെ ഒരു തരത്തിലും വിളിച്ചുവരുത്തിക്കൂടാ. പൊതുസമക്ഷത്തില്‍വെച്ച് അവര്‍ക്കു സംശയമുണ്ടാക്കുന്ന എല്ലാത്തരം ഒത്തുചേരലുകളും ഒഴിവാക്കിയേ പറ്റൂ. അവരെങ്ങാനുമറിഞ്ഞാല്‍ ഈ പെണ്‍കുട്ടികളോരോരുത്തരും കാരാഗൃഹത്തിലേ ചെന്നെത്തൂ. അതോടെ തകര്‍ന്നുവീഴും അവരിത്രയും കാലം കെട്ടിപ്പടുത്ത സ്വപ്നഗോപുരങ്ങളെല്ലാം .

സത്യത്തില്‍ ആരായിരുന്നു ഇവര്‍? ഇത്രമാത്രം കരുതല്‍ എന്തിനു വേണ്ടിയായിരുന്നു? പഠിക്കാന്‍ വേണ്ടി മാത്രം വന്നതാരായിരുന്നു ആ പെണ്‍കുട്ടികളെല്ലാം. അവര്‍ തേടിവന്നതാകട്ടെ, ആ കെട്ടിടത്തില്‍ രഹസ്യമായി പ്രവര്‍ത്തിച്ചിരുന്ന ഒരു വിദ്യാഭ്യാസസ്ഥാപനത്തിലേക്കും. നേരത്തെ അവിടേക്കു പാത്തും പതുങ്ങിയും പഠിക്കാനായി കയറിപ്പോയ പെണ്‍കുട്ടിയായിരുന്നു മരീയ. പിന്നാലെ പോയത് അവളുടെ സഹോദരി ബ്രാേനിയയും. അതുപോലെ അനേകര്‍ വേറേയും.
ഹൈസ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞു നില്ക്കുകയായിരുന്നു മരീയ. അത്രയും കാലത്തെ പഠനത്തിനിടയില്‍ ഒരിക്കല്‍പ്പോലും ഫസ്റ്റ് റാങ്ക് എന്നത് മരീയക്കല്ലാതെ മറ്റാര്‍ക്കും ആ സ്‌കൂളില്‍ കിട്ടിയിട്ടില്ല. എന്നിട്ടും അവള്‍ക്കെങ്ങനെ ഇതുപോലെ പേടിച്ചു പഠിക്കണ്ടൊരു ഗതി വന്നു?
അതു മനസ്സിലാക്കണമെങ്കില്‍ നമ്മള്‍ നെപ്പോളിയനില്‍ നിന്നു തുടങ്ങണം. നിങ്ങള്‍ക്കറിയുമോ എന്നറിയില്ല. ഒന്നാന്തരം സ്ത്രീവിരോധിയായിരുന്നുവത്രെ നെപ്പോളിയന്‍ ബോണപ്പാര്‍ട്ട്.
‘സ്ത്രീകള്‍ നമ്മെ അനുസരിക്കാനുള്ളവരാണ്. പ്രകൃതി അവരെ നമ്മുടെ അടിമകളായാണ് സൃഷ്ടിച്ചിരിക്കുന്നത്.’
ഇതു പറഞ്ഞയാള്‍ മറ്റാരുമല്ല. സാക്ഷാല്‍ നെപ്പോളിയന്‍ തന്നെ. സ്ത്രീവിരുദ്ധതയ്ക്ക് ഇതില്പരം മറ്റെന്തു തെളിവു വേണമെന്നു ചോദിച്ചാല്‍ എനിക്കറിയില്ല. അദ്ദേഹം കീഴടക്കിയ ഇടങ്ങളില്‍ എല്ലാ പൗരന്മാരും ഒരുപോലെ എന്നതായിരുന്നു നയമെങ്കിലും, സ്ത്രീകളെ പൗരന്മാരായിപ്പോലും കണക്കാക്കിയിരുന്നില്ല. ഇക്കാര്യം വ്യക്തമാക്കുന്ന നിയമസംഹിതയെ നെപ്പോലിയനിക് കോഡ് എന്നു വിളിച്ചു. 1807-ലെ ഫ്രീഡ് ലാന്റ് യുദ്ധത്തില്‍ നെപ്പോളിയന്‍ പോളണ്ട് കീഴടക്കിയതോടെ ഈ നിയമസംഹിത അവിടെ പ്രാബല്യത്തില്‍ വന്നു. അതുപ്രകാരം അമ്മ, ഭാര്യ എന്നതില്‍ കവിഞ്ഞാെരു സ്ഥാനം സ്ത്രീയ്ക്കുണ്ടായിരുന്നില്ല. പൊതുജീവിതത്തിലോ, സൈനികവൃത്തിയിലോ അവര്‍ വരേണ്ടതില്ല എന്നതായിരുന്നു നെപ്പോളിയന്റെ നിലപാട്.

വര്‍ഷങ്ങള്‍ കഴിഞ്ഞ്, യുദ്ധങ്ങളിലൂടെ പോളണ്ട് സാമ്രാജ്യശക്തികളാല്‍ വിഭജിക്കപ്പെട്ടതോടെ സംഗതികള്‍ കൂടുതല്‍ വഷളാവുകയാണുണ്ടായത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന കാലത്തൊക്കെ വേഴ്‌സോ നഗരം റഷ്യന്‍ സാമ്രാജ്യത്തിന്റെ കൈപ്പിടിയില്‍ ഒതുങ്ങിക്കഴിഞ്ഞിരുന്നു. സ്ത്രീകള്‍ കൂടുതല്‍ അടിമകളായും, സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവരായും, പഠനം തീര്‍ത്തുമര്‍ഹിക്കാത്തവരുമായി തുടര്‍ന്നു.
ഒരു പക്ഷെ, അക്കാലത്ത് ലോകത്തെവിടേയും കോളേജു വിദ്യാഭ്യാസം എന്നതു അത്ര എളുപ്പത്തില്‍ നേടാവുന്ന ഒന്നായിരുന്നില്ല. സാമ്പത്തികാവസ്ഥ, താമസിക്കുന്നയിടത്തെ രാഷ്ട്രീയപരിതസ്ഥിതി, നിങ്ങള്‍ ആണാണോ പെണ്ണാണോ എന്ന വസ്തുത ഇതെല്ലാം അക്കാര്യത്തെ നിര്‍ണ്ണയിക്കും. ഉദാഹരണത്തിന് വളരെ ഉയര്‍ന്ന സാമ്പത്തികനിലവാരമുള്ള അമേരിക്കന്‍ ഐക്യനാടുകളില്‍പ്പോലും പത്തൊമ്പതാം നൂറ്റാണ്ടില്‍ സര്‍വ്വകലാശാലാവിദ്യാഭ്യാസം സാധ്യമായിരുന്നത് ആയിരത്തില്‍ ഒരാള്‍ക്കു മാത്രമായിരുന്നു. അതായത്, ബുദ്ധിശാലിയും സമ്പന്നനുമായ ഒരു വ്യക്തിക്കുമാത്രം പൂര്‍ത്തിയാക്കാനാവുന്ന ഒന്ന്. അതിനി സ്ത്രീയാണെങ്കിലോ, അതിലും പരിതാപകരമാണ് കാര്യങ്ങള്‍. 0.05% പെണ്‍കുട്ടികള്‍ക്കു മാത്രമാണ് അമേരിക്കയില്‍പ്പോലും കലാലയപ്രവേശനം അന്നു സാധിച്ചിരുന്നത്. ഇനി രാഷ്ട്രീയമായി അടിച്ചമര്‍ത്തപ്പെട്ട സ്ഥലമാണെങ്കിലോ, പറയുകയും വേണ്ട. അപ്പോള്‍, നിങ്ങള്‍ക്കു ആലോചിക്കാവുന്നതേയുള്ളൂ വേഴ്‌സോയിലെ പെണ്‍കുട്ടികളുടെ അന്നത്തെ അവസ്ഥ.

നമുക്കു മരീയയിലേക്കു വരാം. സ്‌കൂള്‍ കാലത്തെ പഠനവും അവസാനപരീക്ഷയും മരിയയെ വല്ലാതെ പരീക്ഷീണയാക്കിയത്രെ. തുടര്‍ന്നു പഠിക്കുന്നതിനു മുമ്പ് ഒരു വര്‍ഷം വിശ്രമമെടുത്ത ശേഷമാണ് തുടര്‍വിദ്യാഭ്യാസത്തിനു മുതിര്‍ന്നതു തന്നെ. മരീയ ആദ്യം വേഴ്‌സോ സര്‍വ്വകലാശാലയിലാണ് ബിരുദപഠനത്തിനു അപേക്ഷിച്ചത്. യാതൊരു കാരണവശാലും പെണ്‍കുട്ടികളെ അകത്തു പ്രവേശിപ്പിക്കില്ല എന്നു നിശ്ചയിച്ചുറപ്പിച്ചവരായിരുന്നു വേഴ്‌സോ യൂണിവേഴ്‌സിറ്റിക്കാര്‍. മരീയ നിരാശയോടെ മറ്റു വഴികള്‍ തേടി. ഒപ്പം മരീയയുടെ സഹോദരി ബ്രോനിയയും. സര്‍വ്വകലാശാലാ പഠനം കൊതിച്ചു നടന്ന രണ്ടു പെണ്‍കുട്ടികള്‍. ബ്രോനിയയ്ക്ക് മെഡിസിനായിരുന്നു വേണ്ടിയിരുന്നത്. മരീയയ്ക്ക് ശാസ്ത്രവും.
പോളണ്ട് എന്ന രാജ്യം അക്കാലത്ത് മൂന്നു സാമ്രാജ്യശക്തികളാല്‍ വിഭജിക്കപ്പെട്ട നിലയിലായിരുന്നു. റഷ്യ, ജര്‍മ്മനി, ആസ്‌ട്രോ-ഹംഗറി എന്നിവരാല്‍ സ്വാതന്ത്ര്യവും അവകാശങ്ങളും അടിച്ചമര്‍ത്തപ്പെട്ട നിലയില്‍ കഴിഞ്ഞ ജനത. കീഴടക്കപ്പെട്ട രാജ്യത്തിന്റെ ദേശീയപൈതൃകവും സംസ്‌കാരവും തീര്‍ത്തും തമസ്‌കരിച്ച്, പകരം പുതിയ തമ്പുരാന്മാരുടേതാക്കി മാറ്റുന്ന പതിവ് പുതിയതൊന്നുമല്ലല്ലോ. ചരിത്രപുസ്തകങ്ങള്‍ വരെ മാറ്റിയെഴുതപ്പെടുന്ന കാലം. അധികാരികളെ പ്രീണിപ്പിക്കാതെ ഉന്നതവിദ്യാഭ്യാസത്തിന്റെ പടികള്‍ ആര്‍ക്കും ചവിട്ടിക്കയറാനാവില്ല. പുരുഷന്മാരുടെ കാര്യം തന്നെയിങ്ങനെ. അതിനേക്കാള്‍ എത്രയോ കഷ്ടമാണ് പെണ്‍കുട്ടികളുടേത്. അവരുടെ വിദ്യാഭ്യാസം ഹൈസ്‌കൂളോടുകൂടി അവസാനിക്കുകയാണ്. പിന്നീടങ്ങോട്ടു പഠനം എന്നൊന്നിനെക്കുറിച്ച് അവര്‍ ചിന്തിക്കുകയേ വേണ്ട.
ആ കടുത്ത ഇടുക്കത്തിനും ഇരുട്ടിനുമിടയിലാണ് പോളണ്ടുകാരായ ചില പണ്ഡിതര്‍ കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ ശരിയാവില്ലെന്നു തീരുമാനിക്കുന്നത്. അവര്‍ ഒന്നിച്ചു കൂടി രഹസ്യമായി ഒരു സര്‍വ്വകലാശാല തുടങ്ങാന്‍ പദ്ധതിയിട്ടു. അങ്ങേയറ്റം സുധീരമായ തീരുമാനമായിരുന്നു അത്. വളരെ രഹസ്യവും അനൗപചാരികവും ആയ പരിപാടികള്‍. ഏതെങ്കിലും വീടുകളില്‍ ഒന്നിച്ചു കൂടിയുള്ള പഠനം. തത്വശാസ്ത്രം, ശാസ്ത്രം, കല, ചരിത്രം എന്നിവയെല്ലാം അവര്‍ പഠിപ്പിച്ചു.
വേഴ്‌സോ നഗരത്തിലായിരുന്നു ആദ്യകാല വിദ്യാഭ്യാസം. പക്ഷെ, അധികാരികളുടെ കണ്ണില്‍ നിന്നു മാറാന്‍ സ്ഥലം പലപ്പോഴായി മാറ്റിക്കൊണ്ടേയിരുന്നു. അനധികൃതവിദ്യാഭ്യാസം തേടുന്ന പോളണ്ടുകാരുണ്ടാവുമെന്നു രഹസ്യപ്പോലീസുകാര്‍ ഒരു പക്ഷെ, നിനച്ചിരിക്കില്ല. പ്രത്യേകിച്ചും, പെണ്‍കുട്ടികള്‍ അതിനൊരുമ്പെടുമെന്ന് ഒരിക്കലും ആലോചിച്ചിട്ടുണ്ടാവില്ല. പക്ഷെ, മുന്‍കരുതലുകള്‍ എടുക്കാതെ വയ്യായിരുന്നു. ആ രഹസ്യം വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഹൃദയത്തില്‍ സൂക്ഷിച്ചു. അതിനായി പഠനസ്ഥലങ്ങള്‍ നിരന്തരം മാറിക്കൊണ്ടേയിരുന്നു. അങ്ങനെയാണ് ഈ രഹസ്യവിദ്യാഭ്യാസത്തിന് പറക്കും സര്‍വ്വകലാശാല എന്ന പേരു വീഴുന്നത്.
പറക്കും യൂണിവേഴ്‌സിറ്റി എന്ന ആശയം കൊണ്ടുവന്നതും പലരുമായും സംസാരിച്ച് അതു പ്രാവര്‍ത്തികമാക്കിയതും യാദ്വിഗ സാവിന്‍സ്‌ക ദവിദാേവ എന്ന യുവതിയും, അവരുടെ ഭര്‍ത്താവ് യാന്‍ വ്‌ലാദിസ്ലാവ് ദവീദും ചേര്‍ന്നായിരുന്നു. ലോകത്തിലെ ഏറ്റവും മഹത്തായ രഹസ്യവിദ്യാഭ്യാസയത്‌നം എന്നതിനെ പറയാം. സെമിനാറുകള്‍, ക്ലാസുകള്‍ എന്നിവയെല്ലാം അതീവരഹസ്യമായി പലരുടേയും വീടുകളില്‍ വെച്ചാണു നടന്നത്.
1882-ലായിരുന്നു വേഴ്‌സോയില്‍ പറക്കും സര്‍വ്വകലാശാലയുടെ ആരംഭം. സമയം ചെല്ലുന്തോറും ചെറിയൊരു ട്യൂഷന്‍ ഫീ ശേഖരിച്ചിരുന്നു. അദ്ധ്യാപകര്‍ക്കു കൊടുക്കാനും ചെറിയൊരു ലൈബ്രറി നിലനിര്‍ത്താനുമായി. എല്ലാ ഏര്‍പ്പാടുകളും നിയമവിരുദ്ധമായിരുന്നു എന്നു പറയേണ്ടതില്ലല്ലോ. 1890 ആയപ്പോഴേക്കും അയ്യായിരത്തോളം വിദ്യാര്‍ത്ഥികള്‍ ഈ പറക്കും സര്‍വ്വകലാശാലയില്‍ നിന്ന് പഠിത്തം പൂര്‍ത്തിയാക്കി.
ഒന്നാം ലോകയുദ്ധം കഴിയുന്നതുവരെ പോളണ്ടിലെ അവസ്ഥ അങ്ങനെ തുടര്‍ന്നു. 1918-ല്‍ പോളണ്ട് സ്വതന്ത്രമായി. 123 കൊല്ലത്തെ വിദേശാധിപത്യത്തിനും വിഭജനങ്ങള്‍ക്കും ശേഷം. പിന്നീടാണ്, പോളണ്ടിനു സ്വന്തമായി അധികാരം വരുന്നതും, സ്വതന്ത്രചിന്തകളവിടെ പടരുകയും ചെയ്യുന്നത്. പറക്കും യൂണിവേഴ്‌സിറ്റി എന്നിട്ടും അപ്പാടെ അപ്രത്യക്ഷമായൊന്നുമില്ല. സ്വതന്ത്ര പോളിഷ് സര്‍വ്വകലാശാല എന്ന പേരില്‍ അതൊരു സ്ഥാപനമായി മാറി.
ഇതിനിടയില്‍ മരീയയ്ക്ക് എന്തുപറ്റി എന്നു നിങ്ങള്‍ ആലോചിക്കുന്നുണ്ടാവും. പറയാം.
മരീയ പറക്കും സര്‍വ്വകലാശാലയില്‍ ചേര്‍ന്നു പഠിച്ചു. 1887 മുതല്‍ 1991 വരെ. ഒപ്പം ബ്രാേനിയയും. ഔപചാരിക ബിരുദങ്ങളൊന്നുമില്ലാതെ ആ പെണ്‍കുട്ടികള്‍ അവരുടെ ഇഷ്ടവിഷയങ്ങളില്‍ പഠനം പൂര്‍ത്തിയാക്കി. ഇനി വേഴ്‌സോയിലും പോളണ്ടിലും ഭാവിയില്ലെന്നു അവര്‍ക്കറിയാമായിരുന്നു. അവര്‍ രണ്ടുപേരും കൂടുതല്‍ പഠിക്കാനായി രാജ്യം വിട്ടു.
തുടര്‍ന്ന് പാരീസ് നഗരത്തിലായിരുന്നു പഠനം. മരിയയ്ക്ക് ചെറിയൊരു സ്‌കോളര്‍ഷിപ്പ് ലഭിച്ചത് വലിയ ആശ്വാസമായി. ഇരുവരുടേയും പഠനത്തിനു അതു പക്ഷെ, മതിയാവില്ല. അതിനാല്‍, മരീയ അവിടെ ആയയായി ജോലി ചെയ്താണ് ബ്രോനിയയ്ക്ക് പഠിക്കാനുള്ള പണം ഉണ്ടാക്കിയത്. പിന്നീട്, ബ്രാേന്യ പഠിച്ചിറങ്ങി, പണം സമ്പാദിച്ചു തുടങ്ങിയതോടെ മരീയയുടെ ശാസ്ത്രപരിശീലനവും ഗവേഷണങ്ങളും എളുപ്പമായി. രണ്ടു ശാസ്ത്രബിരുദങ്ങള്‍ മരീയ അക്കാലത്ത് പാരീസില്‍ നിന്ന് നേടിയെടുക്കുകയും ചെയ്തു.
ആയിടയ്ക്കാണ് ഒപ്പം ഗവേഷണം നടത്തിയിരുന്ന പിയേര്‍ മരീയയോടു വിവാഹാഭ്യര്‍ത്ഥന നടത്തുന്നത്. പഠിക്കുന്ന കാലത്ത് മരീയക്കൊരു പ്രണയമുണ്ടായിരുന്നു. അതു പിരിയേണ്ടിവന്നതിന്റെ വേദന മരീയയെ പലപ്പോഴും വേട്ടയാടിയിരിക്കണം. വീണ്ടുമൊരു ബന്ധത്തിലേക്കെടുത്തു ചാടാനുള്ള മടിയും സ്വാഭാവികം.
പക്ഷെ, അതിനേക്കാളേറെ മരീയയ്ക്ക് സ്വന്തം നാട്ടിലേക്കു തിരിച്ചു പോകാനായിരുന്നു ആഗ്രഹം. എന്നാല്‍, മരീയയ്‌ക്കൊപ്പം പോളണ്ടിലേക്കു പോകാനും പിയേര്‍ തയ്യാറായി. പക്ഷെ, അതൊന്നും നടന്നില്ല. വനിതയായതൊന്നുകൊണ്ടുമാത്രം പോളണ്ടിലെ ക്രാക്കോ യൂണിവേഴ്‌സിറ്റി മരീയക്ക് ജോലി നിഷേധിച്ചു.

ഏറെ ചിന്തിച്ചശേഷം ഒടുവില്‍ മരീയ തീരുമാനമെടുത്തു, പിയേറിനെത്തന്നെ വിവാഹം കഴിക്കാന്‍. അദ്ദേഹത്തിന്റെ മുഴുവന്‍ പേരു പറയാം. പിയേര്‍ ക്യൂറി. നമ്മള്‍ പലപ്പോഴും പിയറി ക്യൂറി എന്നാണ് കേട്ടിട്ടുള്ളത്. ഫ്രഞ്ചില്‍ പിയേര്‍ എന്നു തന്നെ ഉച്ചരിക്കണം. ഇനി മരീയയുടെ മുഴുവന്‍ പേരുകൂടി വെളിപ്പെടുത്തട്ടെ. മരീയ സലോമിയ സ്‌ക്ലൊദോവ്‌സ്‌ക. ആളെ മനസ്സിലായോ? വിവാഹത്തോടെ അവള്‍ മരീയ സ്‌ക്ലൊദോവ്‌സ്‌ക ക്യൂറി ആയി. ഇന്ന് ലോകമെങ്ങും അറിയപ്പെടുന്ന മേരി ക്യൂറി. പിന്നെയായിരുന്നു അവരുടെ ഒരുമിച്ചുള്ള ജീവിതം. പിയേര്‍ ക്യൂറിയില്‍ മരീയ തന്റെ കാമുകനേയും ജീവിതപങ്കാളിയേയും ശാസ്ത്രഗവേഷണസഹായിയേയും കണ്ടെത്തി. അതൊരു വഴിത്തിരിവായിരുന്നു.
1898-ല്‍ മരിയയും പിയേറും ചേര്‍ന്ന് പൊളോണിയം എന്ന റേഡിയോ ആക്ടീവ് മൂലകം കണ്ടുപിടിച്ചു. ജന്മനാടിന്റെ ഓര്‍മയ്ക്കായിരുന്നു പൊളോണിയം എന്ന പേരു നല്കിയത്. വൈകാതെ റേഡിയവും കണ്ടുപിടിച്ചു. 1903-ല്‍ ക്യൂറി ദമ്പതികളെ തേടി ഊര്‍ജ്ജതന്ത്രത്തിലെ നെബേല്‍ സമ്മാനവുമെത്തി. നൊബേല്‍ സമ്മാനം നേടുന്ന ആദ്യത്തെ വനിത എന്ന പ്രശസ്തിയും. പക്ഷെ, വര്‍ഷം മൂന്നു കഴിഞ്ഞില്ല, മരീയയ്ക്ക് ഭര്‍ത്താവിന്റെ ദാരുണമരണം കാണേണ്ടി വന്നു. കുതിരവണ്ടിയ്ക്കടിയില്‍ ചതഞ്ഞരഞ്ഞു മരിക്കാനായിരുന്നു ആ ശാസ്ത്രജ്ഞന്റെ വിധി. ആ സംഭവം മരീയയെ മാനസികമായി തകര്‍ത്തെങ്കിലും ശാസ്ത്രഗവേഷണങ്ങളില്‍ നിന്നവര്‍ പിന്‍വാങ്ങിയില്ല. റേഡിയോവികിരണശാസ്ത്രത്തിലെ അടിസ്ഥാനശിലയായി അവരുടെ ഗവേഷണങ്ങള്‍ മാറുന്നതങ്ങനെയാണ്. അതിന്റെ പാരമ്യമെന്നോണം 1911-ല്‍ രസതന്ത്രത്തിലെ നൊബേല്‍ പുരസ്‌കാരവും മരീയയ്ക്കു ലഭിച്ചു. അങ്ങനെ നമ്മളറിയുന്ന മരീയയെന്ന മദാം മേരി ക്യൂറി രണ്ടു നൊബേല്‍ സമ്മാനങ്ങള്‍ നേടുന്ന ആദ്യത്തെയാളായി. ആണ്‍പെണ്‍താരതമ്യചിന്തകളെ ദൂരേക്കെറിഞ്ഞുകളയാന്‍ ഇതില്പരം ഏതു സത്യമാണു വേണ്ടത്?

എന്നും നമ്മളോര്‍ക്കണം. എത്ര സൂക്ഷിച്ചും കൃത്യതയാേടേയുമായിരുന്നു പറക്കും യൂണിവേഴ്‌സിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ എന്ന്. ഒരിക്കല്‍പ്പോലും റഷ്യന്‍ രഹസ്യപ്പോലീസിനാല്‍ അവര്‍ പിടിക്കപ്പെട്ടില്ല എന്നത് വലിയൊരു അത്ഭുതം തന്നെയായിരുന്നു. ഒരു പക്ഷെ, ലോകത്തിന്റെ തന്നെ ഭാഗ്യവും. അല്ലെങ്കില്‍ മദാം ക്യൂറിയെപ്പോലെയൊരു വനിതയെ നമുക്കു ലഭിക്കുമായിരുന്നോ? പണ്ടങ്ങനെയൊരു പറക്കും യൂണിവേഴ്‌സിറ്റിയെന്ന രഹസ്യപ്രസ്ഥാനം ഇല്ലായിരുന്നുവെങ്കില്‍ എത്ര ശുഷ്‌കമായിപ്പോയേനേ നമ്മുടെ പ്രിയശാസ്ത്രജ്ഞരുടെ ലോകം. സ്വാതന്ത്യത്തിന്റെ ഒരു കണിക പോലുമില്ലാതെ, അടിച്ചമര്‍ത്തപ്പെട്ട കാലത്ത് ഒരു കൂട്ടം വനിതകള്‍ പൊരുതിനേടിയെടുത്ത ആ വിജ്ഞാനപ്രഭ ഇന്നും ലോകത്തിനു വഴികാട്ടിയായി നമ്മെ ആശ്ലേഷിച്ചു നില്ക്കുന്നു.
പിന്‍കുറിപ്പ്: പരിമിതമായിരുന്നു റേഡിയോ വികിരണങ്ങളുടെ അപകടങ്ങളെക്കുറിച്ച് അക്കാലത്തെ അറിവ്. അതു വരുത്തിവെച്ചേക്കാവുന്ന കടുത്ത പ്രശ്‌നങ്ങളെക്കുറിച്ചും ധാരണയുണ്ടായിരുന്നില്ല. അതെല്ലാം അറിഞ്ഞു വരുമ്പോഴേക്കും പലതും സംഭവിച്ചുകഴിഞ്ഞിരുന്നു. വികിരണങ്ങളിലൂടെ മജ്ജാപ്രവര്‍ത്തനം തീരെയില്ലാതെയായി അപ്ലാസ്റ്റിക് അനീമിയ എന്ന ഗുരുതരരോഗബാധ മദാം മേരി ക്യൂറിയുടെ മരണത്തിലേക്കു നയിച്ചു. Marie, Bronya sisters those who fought for knowledge and the flying university in Warsaw
Content Summary; Marie, Bronya sisters those who fought for knowledge and the flying university in Warsaw
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.