ബിബിസി വേള്‍ഡ് സര്‍വീസില്‍ മാര്‍ക്ക് ടള്ളിയുടെ സ്വരത്തില്‍ വാര്‍ത്തകള്‍ കേട്ടതിന്റെ ഓര്‍മ്മകള്‍ കഴിഞ്ഞ ആഴ്ച അദ്ദേഹം അന്തരിച്ചപ്പോള്‍ പലരും സ്മരിച്ചു. അദ്ദേഹം നല്‍കിയ വാര്‍ത്തയുടെ സത്യസന്ധത അവര്‍ വിശ്വസിച്ചു, അദ്ദേഹത്തെ ‘സത്യത്തിന്റെ ശബ്ദം’ എന്ന് വിളിച്ചു. ആര്‍ജ്ജവത്തോടെ ആധികാരിമായി എന്നാല്‍ സത്യസന്ധതയോടെ രണ്ട് പതിറ്റാണ്ട് വാര്‍ത്തകള്‍ ലോകത്തിനോട് റിപ്പോര്‍ട്ട് ചെയ്ത പത്രപ്രവര്‍ത്തകനായിരുന്നു ഇക്കഴിഞ്ഞ ആഴ്ച വിട പറഞ്ഞ ബി.ബി.സി യുടെ, സര്‍ വില്യം മാര്‍ക്ക് ടള്ളി. പ്രഗത്ഭനായ പ്രക്ഷേപണ ലോകത്തെ ഈ പത്രപ്രവര്‍ത്തകനെ അഴിമുഖം ആദരവോടെ ഓര്‍ക്കുന്നു.
‘ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട ഇംഗ്ലീഷുകാരന്‍’ എന്നാണ് സണ്‍ഡേ ടെലിഗ്രാഫ് മാര്‍ക്ക് ടള്ളിയെ വിശേഷിപ്പിച്ചത്. അത് കിറുകൃത്യമായിരുന്നു. ടെലിവിഷന്റെ ആവിര്‍ഭാവത്തിന് മുമ്പ് ദശലക്ഷക്കണക്കിന് ആളുകള്‍ ആശ്രയിച്ച, വിശ്വസനീയമായ ശബ്ദമായിരുന്നു ഇന്ത്യയിലെ ബി.ബി.സി യുടെ ബ്യൂറോ ചീഫായിരുന്ന വില്യം മാര്‍ക്ക് ടള്ളി. മാര്‍ക്ക് ടള്ളിയുടെ ബി.ബി.സി എന്നാണ് ഇന്ത്യന്‍ മാധ്യമരംഗം നാല് പതിറ്റാണ്ടോളം അദ്ദേഹത്തെ വിശഷിപ്പിച്ചത്. ഇന്ത്യയിലെ വാര്‍ത്താലോകത്ത് തന്റെ മാധ്യമ സ്ഥാപനത്തേക്കാള്‍ അറിയപ്പെട്ട മാധ്യമപ്രവര്‍ത്തകനായിരുന്നു അദ്ദേഹം.
മാര്‍ക്ക് ടള്ളിയുടെ റിപ്പോര്‍ട്ടുകളുള്ള ബി.ബി.സി യെ ഉദ്ധരിക്കുക ഇന്ത്യന്‍ ലോകത്ത് മൂന്ന് പതിറ്റാണ്ടുകളോളം ആധികാരികതയുടെ പ്രതീകമായിരുന്നു. 1975 ലെ അടിയന്തരാവസ്ഥക്കാലത്തെ അര്‍ദ്ധരാത്രി അറസ്റ്റുകള്‍, മാധ്യമ സെന്‍സര്‍ഷിപ്പ് തുടങ്ങിയവ ലോകമറഞ്ഞത് മുതല്‍, കല്‍ക്കട്ടയിലായിരുന്ന രാജീവ് ഗാന്ധി തന്റെ അമ്മയായ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അംഗരക്ഷകര്‍ കൊലപ്പെടുത്തിയത് അറിയാന്‍ ആദ്യം ആശ്രയിച്ചത് ബിബിസി യുടെ മാര്‍ക്ക് ടള്ളിയുടെ റിപ്പോര്‍ട്ടുകളാണ്. എല്ലാ പത്രപ്രവര്‍ത്തകരും ആഗ്രഹിക്കുന്ന അല്ലെങ്കില്‍ അവര്‍ക്ക് വേണ്ട ഒരേയൊരു ഗുണത്തെ മാര്‍ക്ക് ടള്ളി പ്രതിനിധീകരിച്ചു: വിശ്വാസ്യത. കഴിഞ്ഞ ആഴ്ച 90-ാം വയസ്സില്‍ മരിക്കുമ്പോഴും അപ്പോഴും ഒരു ബ്രിട്ടീഷ് പൗരനായിരുന്നു, എന്നാല്‍ ആത്മാവിലും ഹൃദയത്തിലും ഒരു ഇന്ത്യക്കാരനായിരുന്നു.
അടിയന്തരാവസ്ഥ, പഞ്ചാബ് തീവ്രവാദം, ശ്രീലങ്കന്‍ സംഘര്‍ഷം, രാജീവ് ഗാന്ധിയുടെ കൊലപാതകം, ബാബറി മസ്ജിദ് സംഭവം എന്നിവയെക്കുറിച്ചുള്ള തന്റെ നിഷ്പക്ഷ റിപ്പോര്‍ട്ടിംഗിലൂടെ മാര്‍ക്ക് ടള്ളി ആധുനിക ഇന്ത്യയെക്കുറിച്ചുള്ള ആഗോള ധാരണ രൂപപ്പെടുത്തി.
ഉപഭൂഖണ്ഡത്തിന്റെ ബിബിസിയുടെ ബ്യൂറോ തലവനായി രണ്ട് പതിറ്റാണ്ടിലേറെ സേവനമനുഷ്ഠിച്ച സര്‍ മാര്‍ക്ക് ടള്ളിക്ക് 2018 ല്‍ റെഡ് ഇങ്ക് ന്റെ ‘ലൈഫ് ടൈം അച്ചീവ്‌മെന്റ്’ ലഭിച്ചു. മുബൈയില്‍ വെച്ച് നടന്ന ചടങ്ങില്‍ പുരസ്‌ക്കാരം സ്വീകരിച്ച് പ്രസംഗിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞു, റേഡിയോ റിപ്പോര്‍ട്ടറായാണ് ഞാന്‍ വളര്‍ന്നത്. ടെലിവിഷനേക്കാള്‍ റേഡിയോയാണ് താന്‍ എപ്പോഴും ഇഷ്ടപ്പെടുന്നത്’ ടള്ളി പറഞ്ഞു. റേഡിയോ കേള്‍ക്കുമ്പോള്‍ ‘വാര്‍ത്താ വായനക്കാരനോ റിപ്പോര്‍ട്ടറോ തന്നോട് നേരിട്ട് സംസാരിക്കുന്ന തോന്നല്‍ ശ്രോതാവിന് ലഭിക്കുന്നു’ ഈ റേഡിയോ പ്രക്ഷേപണങ്ങള്‍ വ്യക്തിപരമായ ഒരു സ്പര്‍ശം നല്‍കിയിരുന്നു. ‘ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമത്തിലെ സമ്മേളനത്തില്‍ ആളുകള്‍ തന്നെ ‘ഒരു സുഹൃത്ത്’ എന്ന് വിശേഷപ്പിച്ച് സ്വാഗതം ചെയ്തത് ഇതുകൊണ്ടാണ്’ അദ്ദേഹം ഓര്‍മ്മിച്ചു.
‘സ്വതന്ത്ര മാധ്യമത്തിന്റെ കരുത്തുറ്റ ഘടകമാണ് പൊതു സേവന പ്രക്ഷേപണം’ ടള്ളി പറഞ്ഞു. ബിബിസിയെ ഒരു ഉദാഹരണമായി ഉദ്ധരിച്ച്, ദീര്‍ഘമായ 40 വര്‍ഷത്തെ തന്റെ ജോലിക്കിടയില്‍, തന്റെ വാര്‍ത്ത മാറ്റാനോ ഉപേക്ഷിക്കാനോ ആവശ്യപ്പെട്ട ഒരു സന്ദര്‍ഭം പോലും തനിക്ക് ഓര്‍മ്മയില്ലെന്ന് അദ്ദേഹം പറഞ്ഞു.
ടള്ളിയെ സവിശേഷമാക്കിയത്, ഇന്ത്യയില്‍ അദ്ദേഹം ജീവിച്ച രീതിയാണ്, റിപ്പോര്‍ട്ട് ചെയ്യുക മാത്രമല്ല. നാട്ടുകാരുമായി സംവദിക്കാന്‍ അദ്ദേഹം ഒഴുക്കോടെ ഹിന്ദി പഠിച്ചു, ട്രെയിനില്‍ വ്യാപകമായി സഞ്ചരിച്ചു, രാഷ്ട്രീയക്കാര്‍, ഗ്രാമവാസികള്‍, മതനേതാക്കള്‍, ആക്ടിവിസ്റ്റുകള്‍ എന്നിവരുമായി സമയം ചെലവഴിച്ചു. ഹിന്ദിയില്‍ നേടിയ പ്രാവീണ്യം സമൂഹത്തില്‍ അദ്ദേഹത്തിന് വ്യാപകമായ ബഹുമാനവും സ്‌നേഹവും നേടിക്കൊടുത്തു. അവര്‍ക്കിടയില്‍ ‘ടള്ളി സാഹിബ്’ എന്നറിയപ്പെട്ടു. പലപ്പോഴും ട്രെയിനില്‍, രാജ്യത്തുടനീളം അദ്ദേഹം ധാരാളം യാത്ര ചെയ്തു, സാധാരണ ഇന്ത്യക്കാര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും ഒരേപോലെ അദ്ദേഹത്തിന്റെ ഇടപഴകല്‍ ഇഷ്ടപ്പെട്ടു.
ഒരിക്കലും അദ്ദേഹം വിദേശിയുടെ ഒരു താല്‍ക്കാലിക താവളമായി ഇന്തയെ കണ്ടില്ല. ഇന്ത്യ തന്റെ വീടാണെന്ന് അദ്ദേഹം പറഞ്ഞു. ജീവിതത്തിന്റെ ഭൂരിഭാഗവും ഡല്‍ഹിയില്‍ ജീവിച്ച അദ്ദേഹം ലളിതമായ ഗ്രാമീണ വീടുകള്‍ സന്ദര്‍ശിച്ച പോലെ തന്നെ അധികാര ഇടനാഴികള്‍ക്കുമിടയിലും സഞ്ചരിച്ചിരുന്നു.
ദശലക്ഷക്കണക്കിന് ശ്രോതാക്കള്‍ക്കും വായനക്കാര്‍ക്കും, മാര്‍ക്ക് ടള്ളി ഒരു വിദേശ ലേഖകനേക്കാള്‍ ഉയരത്തിലായിരുന്നു. ഇന്ത്യ പ്രക്ഷുബ്ദമായ കാലഘട്ടങ്ങളില്‍ അദ്ദേഹത്തിന്റേത് ഉറച്ച, സത്യസന്ധനായ ഒരു ശബ്ദമായിരുന്നു, കൊളോണിയല്‍ കാലഘട്ടത്തിന്റെ അവസാനം ഇവിടെയെത്തി ഇന്ത്യയിലെ ഏറ്റവും വിശ്വസ്തനായ ചരിത്രകാരന്മാരില്‍ ഒരാളായി അദ്ദേഹം മാറി.
ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര ചരിത്രത്തിലെ നിരവധി നിര്‍ണായക നിമിഷങ്ങളെക്കുറിച്ച് ടള്ളി റിപ്പോര്‍ട്ട് ചെയ്തു. 1971 ലെ ബംഗ്ലാദേശ് യുദ്ധം, 1975 നും 1977 നും ഇടയിലുള്ള അടിയന്തരാവസ്ഥ,1984 ലെ ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍, ഇന്ദിരാഗാന്ധിയുടെ വധവും 1984 ലെ സിഖ് വിരുദ്ധ കലാപവും, 1991 ലെ രാജീവ് ഗാന്ധിയുടെ വധവും, 1992 ലെ ബാബറി മസ്ജിദ് തകര്‍ക്കലും ഇതില്‍ ഉള്‍പ്പെടുന്നു. 1985 ലെ ഭോപ്പാല്‍ വാതക ദുരന്തവും പ്രധാന രാഷ്ട്രീയ പ്രക്ഷോഭങ്ങളും അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തവയില്‍ പെടുന്നു.
1980 കളില്‍ ഇന്ത്യയില്‍ പഞ്ചാബിലെ തീവ്രവാദം കൊടുമ്പിരികൊണ്ടിരുന്ന കാലഘട്ടത്തില്‍ പ്രശസ്തിയിലേക്കുയര്‍ന്ന ഒരു സിഖ് മതപ്രചാരകനാണ് സന്ത് ജര്‍ണെയില്‍സിംഗ് ഭിന്ദ്രന്‍വാല. നിയമപാലകര്‍ക്ക് അയാളൊരു തലവേദനയായി. സിഖ് യാഥാസ്ഥിതികര്‍ ആ മനുഷ്യനെ ഒരു പ്രവാചകനായി കരുതി. കക്ഷിക്കും ഗവണ്മെന്റിനുമെതിരെ ഭീഷണിയുയര്‍ത്തിയ അകാലികളുടെ സ്വാധീനം ഇല്ലായ്മ ചെയ്യുന്നതിനുവേണ്ടി, രാഷ്ട്രീയചതുരംഗക്കളിയില്‍ കരുവാക്കാനുദ്ദേശിച്ച്, അജ്ഞാതനായി കഴിഞ്ഞിരുന്ന അയാളെ കണ്ടെത്തി, വളര്‍ത്തി വലുതാക്കിയത് ആദ്യം പഞ്ചാബ് മുഖ്യമന്ത്രിയും, പിന്നീട് ഇന്ത്യന്‍ ആഭ്യന്തര മന്ത്രിയും, ഏറെക്കഴിയും മുന്‍പ് ഏഴാമത്തെ ഇന്ത്യന്‍ രാഷ്ട്രപതിയായി മാറിയ ഗ്യാനി സെയില്‍ സിങ്ങാണെന്ന് സ്ഥാപിക്കുന്ന ഒരു വിവാദ പുസ്തകമാണ് മാര്‍ക്ക് ടള്ളിയും മറ്റൊരു പത്രപ്രവര്‍ത്തകനുമായ സതീഷ് ജേക്കബും ചേര്‍ന്നെഴുതിയ Amritsar: Mrs. Gandhi’s Last Battle’ (1985).
ദംദമി തക്‌സലിലെ (മതപഠനശാല) ഒരു സാധാരണ അന്തേവാസിയായിട്ടാണ് സന്ത് ഭിന്ദ്രന്‍വാല ജീവിതമാരംഭിച്ചത്. അച്ചടക്കവും അര്‍പ്പണബോധവും സഹനശീലവും സ്വഭാവനൈര്‍മല്യവുമുള്ള സിഖുമതപ്രവര്‍ത്തകരെ വാര്‍ത്തെടുക്കുകയാണ് ഈ തക്സലിന്റെ ലക്ഷ്യം. ധ്യാനത്തിലൂടെ ആത്മജ്ഞാനം നേടുകയും സേവനം ജീവിതധര്‍മമായി സ്വീകരിക്കുകയും ചെയ്യാനാണവിടെ പരിശീലിപ്പിക്കുന്നത്. പക്ഷേ, കുറെ വര്‍ഷങ്ങളായി, അമിതാവേശം കാരണം തീവ്രവാദത്തിലേക്കു വഴുതിപ്പോയ അവര്‍ ഭിന്ദ്രന്‍വാലയുടെ പ്രസംഗങ്ങളിലൂടെ പരമ്പരാഗതവും സമാധാനപൂര്‍ണവുമായ ജീവിതത്തിന് വെല്ലുവിളിയായിത്തീര്‍ന്നു.
മാര്‍ക്ക് ടള്ളിയുടെ ആദ്യ പുസ്തകമായിരുന്നു അത്. പഞ്ചാബ് പ്രശ്‌നവും, ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറും വിശദീകരിക്കുന്ന ഈ പുസ്തകത്തില്‍ പഞ്ചാബിലെ തീവ്രവാദത്തെയും സൈനിക നടപടിയായ ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിനേയും കുറിച്ച് പറയുന്ന ചില വസ്തുതകള്‍ വിവാദമുയര്‍ത്തി. അതിലൊന്നായിരുന്നു അപ്പോള്‍ പ്രസിഡന്റായ ഗ്യാനി സെയില്‍ സിങ്ങിന്റെ പൂര്‍വ്വകാല ചെയ്തികള്‍. തീവ്രവാദ ബന്ധം ആരോപിച്ച് ഒരു ഇന്ത്യന്‍ രാഷ്ട്രപതിക്ക് നേരെയുള്ള ശക്തമായ ആരോപണം പുസ്തകത്തെ കൂടുതല്‍ വിവാദമാക്കി.
”പഞ്ചാബ് സഖ്യം തകര്‍ക്കാന്‍, സഞ്ജയ് പരിചയസമ്പന്നനായ സിഖ് രാഷ്ട്രീയക്കാരനായ സെയില്‍ സിങ്ങിന്റെ ഉപദേശം സ്വീകരിച്ചു. 1972 മുതല്‍ 1977-ല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പരാജയം വരെ അദ്ദേഹം മുഖ്യമന്ത്രിയായിരുന്നു. പഞ്ചാബില്‍ ജനസംഘത്തെയല്ല, അകാലിദളിനെയാണ് തകര്‍ക്കാന്‍ ശ്രമിക്കേണ്ടതെന്ന് സെയില്‍ സിംഗ് സഞ്ജയിനെ ഉപദേശിച്ചു. സെയില്‍ സിങ്ങിന് ശേഷം മുഖ്യമന്ത്രിയായ പ്രകാശ് സിംഗ് ബാദല്‍ എന്ന ധനികനായ കര്‍ഷകനും പരിചയസമ്പന്നനായ രാഷ്ട്രീയക്കാരനുമാണ് സെയില്‍ സിങ്ങിനെ രാഷ്ട്രപതി പദത്തിലേക്ക് നയിച്ചത്. മത അധ്യാപകനായ ഭിന്ദ്രന്‍വാലയെപ്പോലെയുള്ള അടിയന്തരാവസ്ഥയ്ക്കെതിരെ പ്രക്ഷോഭം നയിച്ച ഹര്‍ചന്ദ് സിംഗ് ലോംഗോവാള്‍; കമ്മ്യൂണിസ്റ്റ് ബന്ധങ്ങളുള്ള തന്ത്രശാലിയും എന്നാല്‍ അപരിഷ്‌കൃതനുമായ ഗുര്‍ചരണ്‍ സിംഗ് തോറ എന്നീ മൂന്ന് പേരാണ് അകാലിദളിനെ നിയന്ത്രിച്ചിരുന്നത്. ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയുടെ തലവനായിരുന്നു തോറ. ആദ്യം, ഈ മൂന്നുപേരെയും പരസ്പരം തെറ്റിക്കാന്‍ സഞ്ജയ് ഗാന്ധി ശ്രമിച്ചു. എന്നാല്‍ സിഖ് രാഷ്ട്രീയത്തിന്റെ സങ്കീര്‍ണ്ണതകളെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവുള്ള സെയില്‍ സിംഗ്, ഈ അകാലിത്രയങ്ങളില്‍ ഒരാളെ സ്ഥാനഭ്രഷ്ടനാക്കുന്നത് മറ്റ് രണ്ടുപേരുടെയും ശക്തമായ സഖ്യത്തിലേക്ക് നയിക്കുമെന്ന് സെയില്‍ സിങ്ങ് മനസ്സിലാക്കി’.
‘പരമ്പരാഗത അകാലിദള്‍ നേതൃത്വത്തെ തകര്‍ക്കാന്‍ ഒരു പുതിയ മതനേതാവിനെ കണ്ടെത്തണമെന്ന് സെയില്‍ സിങ്ങ് സഞ്ജയിനോട് നിര്‍ദേശിച്ചു. പഞ്ചാബില്‍ സന്യാസിമാര്‍ക്ക് ഒരു കുറവുമില്ല, ഇരുപത് പേരായ യുവാക്കളുടെ ഒരു പട്ടിക തയ്യാറാക്കി. ചിലര്‍ക്ക് മനസ്സില്ലായിരുന്നു, മറ്റുള്ളവര്‍ അനുയോജ്യരല്ലായിരുന്നു. ഒടുവില്‍ ആ തിരഞ്ഞെടുപ്പ് ഭിന്ദ്രന്‍വാലയില്‍ അവസാനിച്ചു’.
ചരിത്രപരവും പരക്കെ ബഹുമാനിക്കപ്പെടുന്നതുമായ ദംദാമി തക്‌സലിന്റെ തലവന്‍ എന്ന നിലയില്‍, സിഖ് സമൂഹത്തില്‍ അദ്ദേഹത്തിന് ഒരു ഉയര്‍ന്ന പദവി ഉണ്ടായിരുന്നു. ഒരു കടുത്ത മൗലികവാദി എന്ന നിലയില്‍, സര്‍ക്കാരിന്റെ വിട്ടുവീഴ്ചകള്‍ മുതലെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.’ (Amritsar: Mrs. Gandhi’s Last Battle’ ,Mark Tully & Sathish Jacob ,Page – 57 )
‘ഭിന്ദ്രന്‍വാലയെ പ്രോത്സാഹിപ്പിക്കാനും അകാലികളെ നേരിടാനും സഞ്ജയ് ഗാന്ധിക്കും സെയില്‍ സിങ്ങിനും ഒരു രാഷ്ട്രീയ പാര്‍ട്ടി ആവശ്യമായിരുന്നു. അങ്ങനെ ഒരു പുതിയ പാര്‍ട്ടി രൂപീകരിച്ചു. നിരംങ്കാരികള്‍ക്ക് എതിരായി നടന്ന ആക്രമണത്തിന് ഒരു ആഴ്ച മുമ്പ്, 1978 ഏപ്രില്‍ 13 ന് രൂപീകരിച്ച പുതിയ പാര്‍ട്ടിക്ക് ദള്‍ ഖല്‍സ എന്ന് പേരിട്ടു. സിഖ് മഹാരാജാവ് രഞ്ജിത് സിങ്ങിന്റെ സാമ്രാജ്യത്തിന്റെ, സിഖ് സൈന്യത്തിന്റെ പേരായിരുന്നു അത്. ‘ശുദ്ധമായത്’ എന്നര്‍ത്ഥം. പാര്‍ട്ടി ഉദ്ഘാടന യോഗം ആരോമ ഹോട്ടലില്‍ നടന്നു, ഹോട്ടലിലെ ജീവനക്കാര്‍ പറയുന്നതനുസരിച്ച്, 600 രൂപയുടെ ഹോട്ടല്‍ ബില്‍ സെയില്‍ സിങ്ങാണ് നല്‍കിയത്. ഖാലിസ്ഥാനെ അനുകൂലിക്കുന്ന ഒരു ലഘുലേഖയുടെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ടിരുന്ന ഒരു സ്റ്റെനോഗ്രാഫറെ പുതിയ പാര്‍ട്ടി പ്രസിഡന്റായി തിരഞ്ഞെടുത്തു.’ (Amritsar: Mrs. Gandhi’s Last Battle’ Page – 60 ).
ടള്ളിയുടെ പുസ്തകത്തിലുള്ള ഇത്രയും ഗുരുതരമായ ആരോപണങ്ങള്‍ക്ക് വ്യക്തമായ മറുപടി പറയാന്‍ സെയില്‍ സിങ്ങിന് അപ്പോള്‍ കഴിഞ്ഞില്ല.
രാഷ്ട്രപതി പദമൊഴിഞ്ഞ് 12 വര്‍ഷത്തിന് ശേഷം 1997ല്‍ തന്റെ ഓര്‍മ്മക്കുറപ്പില്‍ Memoirs of Giani Zail Singh: 7th President of India’യില്‍ പഴയ ആരോപണങ്ങള്‍ക്ക് മറുപടിയായി സെയില്‍ സിംങ്ങ് ഇങ്ങനെ എഴുതി:
‘അകാലിനേതൃത്വത്തിന്റെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനത്തിനു മറുമരുന്നായി ഒരു മതപുരോഹിതനെ തിരഞ്ഞുകൊണ്ടിരുന്ന സഞ്ജയ് ഗാന്ധിയാണ് അമൃത്സറിലെ ചൗക് മേത്തയില്‍നിന്നു വന്ന ഇദ്ദേഹത്തെ കണ്ടെത്തിയതെന്നും അഭ്യൂഹമുണ്ട്. സന്തിനെ രംഗത്തിറക്കിയതില്‍ എനിക്കു പങ്കുണ്ടെന്ന് ബി.ബി.സി.യിലെ മാര്‍ക്ക് ടള്ളിയും സതീഷ് ജേക്കബും ചേര്‍ന്നെഴുതി, 1985-ല്‍ പ്രസിദ്ധീകരിച്ച അമൃത്സര്‍, എന്ന കൃതിയില്‍ പറയുന്നു. പഞ്ചാബിനെ സംബന്ധിച്ച വിവരങ്ങള്‍ അവര്‍ക്കു നല്കിയത് അന്ന് അവിടെ മുഖ്യമന്ത്രിയായിരുന്ന ദര്‍ബാറാസിംഗല്ലാതെ മറ്റാരുമല്ല.'(ദര്‍ബാറാസിംഗ് സെയില്‍ സിങ്ങിന്റെ രാഷ്ട്രീയ എതിരാളിയും കടുത്ത ശത്രുവുമായിരുന്നു).
സന്തോക്ക് സിങ്ങിന്റെ അനുസ്മരണ ചടങ്ങില്‍ ഭിന്ദ്രന്‍വാലയ്ക്കൊപ്പം ആഭ്യന്തരമന്ത്രി സെയില്‍ സിങ്ങ് നില്‍ക്കുന്ന ഫോട്ടോ പോലും എടുത്തതായി ടള്ളിയുടെ പുസ്തകം പറഞ്ഞു.
‘സന്ത് ഭിന്ദ്രന്‍വാലയെ ഒരിക്കലെങ്കിലും സന്ധിക്കാന്‍ എനിക്ക് അവസരമുണ്ടായില്ല. അയാളെ ഏറ്റവുമടുത്തുവച്ചു കാണാനിടയായത് 1981 ഡിസംബറിലാണ്. പിന്നീട് ശത്രുവായി മാറിയ ഒരു പഴയ സ്‌നേഹിതന്റെ വെടിയേറ്റു മരിച്ച ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റിയുടെ പ്രസിഡന്റ് സന്തോക്‌സിംഗിന്റെ ഭോഗ് (അന്ത്യപ്രാര്‍ത്ഥന) ചടങ്ങിനെത്തിയതാണ് ഞാന്‍. സാധാരണ സിഖ്മതചടങ്ങുകളില്‍ പങ്കെടുക്കുന്നവരെപ്പോലെ ചമ്പ്രം പടിഞ്ഞിരിക്കുകയായിരുന്നു സന്ത് ഭിന്ദ്രന്‍വാല. ഒരക്ഷരം പോലും ഞങ്ങള്‍ പരസ്പരം സംസാരിച്ചില്ല. പാര്‍ട്ടി പ്രവര്‍ത്തകരും മന്ത്രിമാരുമുള്‍പ്പെടെ ധാരാളം പ്രശസ്ത വ്യക്തികള്‍ അവിടെ ഹാജരുണ്ടായിരുന്നു. ഞാന്‍ സന്തിന്റെ പാദം തൊട്ടു വണങ്ങിയതായി ഒരു പച്ചക്കള്ളം ചിലര്‍ പറഞ്ഞുപരത്തി. അദ്ദേഹത്തിന്റെ അടുത്തു ചെല്ലാനോ ബന്ധപ്പെടാനോ ഞാന്‍ ശ്രമിച്ചില്ല. ഞങ്ങളിരുവരുടെയും മാര്‍ഗങ്ങള്‍ ഒന്നല്ല. ജീവിതത്തെക്കുറിച്ചുള്ള ഞങ്ങളുടെ തത്വശാസ്ത്രവും ഭിന്നമാണ്. ഞങ്ങള്‍ക്കു പൊതുവായി ഒന്നുംതന്നെയില്ലെന്നു പറയാം. ദേശീയധാരയില്‍നിന്നു മാറി വിഭാഗീയമായി ചിന്തിക്കുന്നതിനെ എന്നെന്നും ഞാനെതിര്‍ത്തിരുന്നു. അയാളുടെ രീതി അതല്ല. മാര്‍ക്ക് ടള്ളിയും സതീഷ് ജേക്കബും ഈ വസ്തുതകള്‍ കണക്കിലെടുത്തില്ല. തങ്ങളുടെ പ്രസ്താവനയെ അവര്‍ മുറുകെപ്പിടിച്ചെങ്കിലും വസ്തുതകള്‍ ശരിയായി മനസ്സിലാക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. എന്നോടു കടുത്ത ശത്രുതയുള്ള ആരോ അവരെ തെറ്റിദ്ധരിപ്പിച്ചതാണ്’. സെയില്‍ സിങ്ങ് എഴുതി. പക്ഷേ, സെയില്‍ സിംങ്ങിന്റെ വാദഗതികള്‍ ആരും മുഖവിലയ്‌ക്കെടുത്തില്ല.’
1984 ജൂണ്‍ 4 ന് ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ സൈനിക നടപടിയുടെ തലേന്നാള്‍ വിദേശ പത്രലേഖകര്‍ ഉള്‍പ്പെടെ എല്ലാ മാധ്യമ പ്രവര്‍ത്തകരെയും അമൃത്സറില്‍ നിന്ന് ഒഴിപ്പിക്കാന്‍ പട്ടാള അധികാരികള്‍ തീരുമാനിച്ചു.
ജൂണ്‍ 3-ന് രാത്രി എല്ലാ ആശയവിനിമയങ്ങളും വിച്ഛേദിക്കപ്പെട്ടതിനാല്‍, പഞ്ചാബില്‍ എന്താണ് സംഭവിക്കുന്നതെന്ന് പുറം ലോകത്തേക്ക് ഒരു വാര്‍ത്തയും എത്തിയില്ല. മാധ്യമപ്രവര്‍ത്തകരോട് അവരുടെ ഹോട്ടലുകളില്‍ തന്നെ തങ്ങാന്‍ പറഞ്ഞു; അതിനാല്‍ ഞങ്ങള്‍ ദിവസത്തിന്റെ ഭൂരിഭാഗവും റിറ്റ്‌സ് ഹോട്ടലിന്റെ പുല്‍ത്തകിടിയില്‍ ഇരുന്ന് ഞങ്ങളുടെ ട്രാന്‍സിസ്റ്റര്‍ റേഡിയോകളുടെ എഫ്എം ബാന്‍ഡ് വഴി ശ്രമിച്ചു.
‘ക്ഷേത്രത്തിന് നേരെ തന്നെ സൈന്യം ആക്രമണം ആരംഭിച്ചതിന്റെ തലേദിവസം രാത്രി, പോലീസ് സൂപ്രണ്ട് സിതല്‍ ദാസ് റിറ്റ്‌സ് ഹോട്ടലില്‍ എത്തി, ഞങ്ങളെ പോലീസ് ബസില്‍ കൊണ്ടുപോയി, പഞ്ചാബില്‍ നിന്ന് പുറത്താക്കാന്‍ പോകുകയാണ്’ അയാള്‍ പറഞ്ഞു. മറ്റ് മിക്ക പത്രപ്രവര്‍ത്തകരും പോകാന്‍ സമ്മതിച്ചു, പക്ഷേ ഞങ്ങളില്‍ ചിലര്‍ പിറ്റേന്ന് രാവിലെ അമൃത്സറിലും പഞ്ചാബിന്റെ മറ്റ് ഭാഗങ്ങളിലും എന്താണ് സംഭവിക്കുന്നതെന്ന് അറിയാന്‍ കഴിയുന്നതുവരെയെങ്കിലും അവിടെ തന്നെ തുടരണമെന്ന് പറഞ്ഞു. അത് അയാളുമായി ഒരു വാക്ക് തര്‍ക്കത്തിലേക്കെത്തി. അതിനിടെ ചില പത്രപ്രവര്‍ത്തകര്‍ സിതല്‍ ദാസിന്റെ പക്ഷം ചേര്‍ന്നു.
ഞാന്‍ പോലീസ് ഉദ്യോഗസ്ഥനോട് വിളിച്ചുപറഞ്ഞു, ”ഞാന്‍ പോകുന്നില്ല. നിങ്ങള്‍ക്ക് എന്നെ അറസ്റ്റ് ചെയ്യാം” അയാള്‍ തിരിച്ചു പറഞ്ഞു,
”അതെ, ഞാന്‍ നിങ്ങളെ അറസ്റ്റ് ചെയ്യും. നിങ്ങള്‍ ബ്രിട്ടീഷുകാര്‍ എന്താണ് കരുതുന്നത്? നിങ്ങള്‍ക്ക് ഇപ്പോഴും ഞങ്ങളെ ഭരിക്കാനും എന്തും ചെയ്യാന്‍ കഴിയുമെന്നോ? സ്വതന്ത്ര ഇന്ത്യയില്‍ ഏകദേശം പതിനാറ് വര്‍ഷം കഴിഞ്ഞ ഞാന്‍ ഇംപീരിയലിസ്റ്റ് ആണെന്ന് ആരോപിക്കപ്പെടുക!. ഞാന്‍ മനസില്‍ പോലും കരുതാത്തതായിരുന്നു അത്. ഒടുവില്‍ ഒരു ബ്രിഗേഡിയര്‍ റിറ്റ്‌സ് ഹോട്ടലില്‍ എത്തി, അടുത്ത ദിവസം രാവിലെ ഞങ്ങള്‍ പോകണമെന്ന് അയാള്‍ അറിയിച്ചു. സിതല്‍ ദാസും ഞാനും ഈ സന്തോഷകരമായ ഒത്തുതീര്‍പ്പ് ഒരുമിച്ച് ആഘോഷിച്ചു,’ ടള്ളി എഴുതി.
‘ഇന്ത്യയിലെ തന്റെ ജീവിതകാലത്തെക്കുറിച്ച് മാര്‍ക്ക് ടള്ളി എഴുതിയ പ്രധാന പുസ്തകം ‘നോ ഫുള്‍ സ്റ്റോപ്‌സ് ഇന്‍ ഇന്ത്യ’ 1988-ല്‍ പുറത്തിറങ്ങി. ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍, രൂപ് കന്‍വര്‍ സതി കേസ്, രാമാനന്ദ് സാഗറിന്റെ ‘രാമായണം’, 1977-ല്‍ അദ്ദേഹം കണ്ട കുംഭമേള എന്നിവയുള്‍പ്പെടെയുള്ള ചില പ്രമുഖ വാര്‍ത്താ സംഭവങ്ങള്‍ ഉള്‍ക്കൊള്ളുന്ന 10 പത്രപ്രവര്‍ത്തന ലേഖനങ്ങളുടെ ഒരു സമാഹാരമായിരുന്നു അത്. ഇന്ത്യയിലെ അദ്ദേഹത്തിന്റെ രണ്ട് പതിറ്റാണ്ടിലേറെ നീണ്ട പ്രവര്‍ത്തനങ്ങളെ ഈ പുസ്തകം സംഗ്രഹിക്കുന്നു.
‘ഈ പുസ്തകത്തില്‍ ഞാന്‍ പറയുന്ന കഥകള്‍, പാശ്ചാത്യ ചിന്താഗതി ഇന്ത്യന്‍ ജീവിതത്തെ എങ്ങനെ ഇപ്പോഴും വളച്ചൊടിക്കുകയും ചെയ്യുന്നു എന്നതിനെ ചിത്രീകരിക്കാന്‍ സഹായിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു – അവ ഉപമകളാണെന്ന് മിക്കവാറും പറഞ്ഞേക്കാം. അവ ഇന്ത്യയുടെ ദാരിദ്ര്യത്തിന് ഉത്തരങ്ങള്‍ നല്‍കുന്നില്ല, പക്ഷേ ആ ഉത്തരങ്ങള്‍ക്കായി നമ്മള്‍ ഇന്ത്യയില്‍ തന്നെ,’ എവിടെയാണ് തിരയേണ്ടതെന്ന് അവ നിര്‍ദ്ദേശിക്കുന്നുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു – അദ്ദേഹം പുസ്തകത്തിന്റെ ആമുഖത്തില്‍ എഴുതി.
ഇന്ത്യ ഇന്‍ സ്ലോ മോഷന്‍ (2002) എന്ന ഇന്ത്യയില്‍ മാര്‍ക്ക് ടള്ളി തന്റെ ജന്മനാടിന്റെ (അദ്ദേഹം ജനിച്ചത് കല്‍ക്കട്ടയിലാണ്) ഹൃദയഭാഗത്ത് കിടക്കുന്ന നിഗൂഢതകള്‍ അനാവരണം ചെയ്യാന്‍ ശ്രമിക്കുന്ന, യഥാര്‍ത്ഥ തുടക്കമോ അവസാനമോ ഇല്ലാത്ത ഒരു യാത്രയാണ്’. ഹിന്ദു തീവ്രവാദം, ബാലവേല, സൂഫി മിസ്റ്റിസിസം, കാര്‍ഷിക-സംസ്‌കാരത്തിലെ പ്രതിസന്ധി, രാഷ്ട്രീയ അഴിമതി, കശ്മീര്‍ എന്നിവ പര്യവേക്ഷണം ചെയ്തുകൊണ്ട്, ഇന്ത്യയെക്കുറിച്ചുള്ള നമ്മുടെ മുന്‍ധാരണകളെ -അതുപോലെ തന്നെ ഇന്ത്യക്കാര്‍ക്ക് തന്നെക്കുറിച്ചുള്ള മുന്‍ധാരണകളെയും – വെല്ലുവിളിച്ച്, ഒരു രാജ്യത്തിന്റെ ചിന്തനീയവും നര്‍മ്മത്തിലുള്ളതും ആയ ഒരു ചിത്രം സൃഷ്ടിക്കുന്നു. മാര്‍ക്ക് ടള്ളി ആധുനിക ഇന്ത്യയെയും അതിലെ ജനങ്ങളെയും അവരുടെ ജീവിതവും ഉജ്ജ്വലമായി ഈ ലേഖനങ്ങളില്‍ കൊണ്ടുവരുന്നു. ഇന്ത്യ സ്വതന്ത്രമായി 60 വര്‍ഷം തികഞ്ഞപ്പോള്‍, 2007 ല്‍ പുറത്തുവന്ന India 60 , TOWARDS A NEW PARADIGM എന്ന ഇറാ പാണ്ഡേ എഡിറ്റ് ചെയ്ത പുസ്തകത്തില്‍ The Business of Broadcasting എന്ന പ്രൗഢവും രസകരവുമായ ലേഖനത്തില്‍ മാര്‍ക്ക് ടള്ളി എഴുതി:
‘ബിബിസിയുടെ സ്വാധീനത്തിനുള്ള കാരണം ആഭ്യന്തര പ്രക്ഷേപണത്തിന്മേലുള്ള സര്‍ക്കാരിന്റെ കുത്തകയായിരുന്നു. ബിബിസി എന്തുകൊണ്ടാണ് കേള്‍ക്കുന്നത് ഞാന്‍ ഗ്രാമവാസികളോട് ചോദിച്ചപ്പോള്‍ അവര്‍ പറയുമായിരുന്നു, ഓള്‍ ഇന്ത്യ റേഡിയോ ‘സര്‍ക്കാര്‍’ അല്ലെങ്കില്‍ സര്‍ക്കാര്‍ വാര്‍ത്തകള്‍ നല്‍കുന്നു. ഗ്രാമങ്ങളിലോ പട്ടണങ്ങളിലോ നഗരങ്ങളിലോ താമസിക്കുന്ന ഇന്ത്യക്കാര്‍ സര്‍ക്കാര്‍ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ അത് തിരിച്ചറിയാന്‍ തക്കവിധം സങ്കീര്‍ണ്ണരാണെന്ന് മനസ്സിലാക്കുന്നതില്‍ തുടര്‍ന്നുള്ള സര്‍ക്കാരുകള്‍ പരാജയപ്പെട്ടു.
അടിയന്തരാവസ്ഥക്കാലത്ത് മാധ്യമങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയതും വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ആകാശവാണിയുടെയും ദൂരദര്‍ശന്റെയും മേല്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതും സര്‍ക്കാരിന് സംഭവങ്ങള്‍ ശരിയായി പ്രസിദ്ധീകരിക്കാന്‍ സഹായിച്ചില്ലെന്ന് 1977 ലെ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കി. പിന്നീട് 1990 ലെ തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് പാര്‍ട്ടി ദൂരദര്‍ശനില്‍ ഒരു പ്രചാരണ ആക്രമണം നടത്തി, പക്ഷേ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ അവര്‍ പരാജയപ്പെട്ടു.’
‘ടെലിവിഷന്‍ കമ്പനികള്‍ക്ക് അവരുടെ രീതികള്‍ കര്‍ശനമാക്കുന്നതിന് സ്വന്തമായി ഒരു കോഡ് ഉണ്ടായിരിക്കേണ്ട ഒരു മേഖലയാണിതെന്ന് എനിക്ക് തോന്നുന്നു, അല്ലാത്തപക്ഷം സര്‍ക്കാര്‍ ഇടപെടുന്നതില്‍ ന്യായീകരിക്കപ്പെടും. ഒരു ചാനല്‍ മണിക്കൂറില്‍ പരസ്യം ചെയ്യുന്നതിന്റെ അളവില്‍ സ്വീകാര്യമായ ഒരു പരിധി ഉണ്ടായിരിക്കണം. എന്റെ ഒരു സുഹൃത്ത് അടുത്തിടെ പറഞ്ഞതുപോലെ, അഞ്ച് പന്ത് ഓവര്‍ കണ്ടുപിടിച്ച ആദ്യ രാജ്യം ഇന്ത്യയാണ്, കാരണം ആറാമത്തെ പന്തിന്റെ കവറേജ് പലപ്പോഴും ടിവി പരസ്യങ്ങളാല്‍ ഇല്ലാതാക്കപ്പെടുന്നു. പരസ്യങ്ങളില്‍ കൂടുതല്‍ സൂക്ഷ്മപരിശോധനയും നടത്തണം. ഒരു പതിവ് റെയില്‍വേ യാത്രക്കാരന്‍ എന്ന നിലയില്‍, ഒരു മോട്ടോര്‍ സൈക്കിള്‍ യാത്രികന്‍ റെയില്‍വേ ക്രോസിംഗ് ഗേറ്റുകളില്‍ പരമാവധി വേഗതയില്‍ ഓടിക്കുന്നത് കാണിക്കുന്ന ഒരു പരസ്യം എന്നെ അമ്പരപ്പിച്ചു, അടച്ചിട്ടിരുന്ന ഗേറ്റുകള്‍, ട്രെയിന്‍ കടന്നു പോകുമ്പോള്‍ അയാളെ ക്യാമറയിലാക്കാന്‍ റെയില്‍വേ ഗേറ്റുകള്‍ ഉയര്‍ത്തുന്നു. റെയില്‍വേ ക്രോസിംഗുകളില്‍ ഇതിനകം തന്നെ വളരെയധികം അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്, നിയമങ്ങള്‍ ലംഘിക്കുന്നത് സൂചിപ്പിക്കാതെ വാഹനമോടിക്കുന്നത് കാണിക്കുന്ന ഒരു പരസ്യം വളരെ മോശമാണ്’.
‘ടെലിവിഷന്‍ വിപ്ലവത്തിന് മുന്നില്‍ റേഡിയോ പരാജയപ്പെട്ടു. വാര്‍ത്താ പ്രക്ഷേപണത്തിന്റെ പ്രധാന ഉറവിടം എന്ന നിലയില്‍ അതിന്റെ പ്രാധാന്യം കുറഞ്ഞു, ദൂരദര്‍ശനെ സംരക്ഷിക്കുന്നതിനേക്കാള്‍ AlR ന്റെ കുത്തക സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ വളരെയധികം വിജയിച്ചു, കൂടാതെ ലൈസന്‍സിംഗ് നടപടിക്രമങ്ങളില്‍ ഉദ്യോഗസ്ഥ തലത്തിലുള്ള വീഴ്ച സ്വകാര്യ മേഖലയിലെ FM പ്രക്ഷേപണത്തിലെ വളര്‍ച്ചയെ തടസ്സപ്പെടുത്തി, മാധ്യമപഠന വിദ്യാര്‍ത്ഥികളോട് ഞാന്‍ സംസാരിച്ചപ്പോള്‍, റേഡിയോയില്‍ താല്‍പ്പര്യം കാണിക്കാന്‍ അവരോട് ആവശ്യപ്പെട്ടപ്പോള്‍ എനിക്ക് ലഭിച്ച പതിവ് ഉത്തരം ‘റേഡിയോ മരിച്ചു’ എന്നായിരുന്നു’.
‘പക്ഷേ റേഡിയോ മരിച്ചിട്ടില്ല. ബ്രിട്ടനില്‍ ഇപ്പോള്‍ ‘ഞാന്‍ ടെലിവിഷന്‍ കാണാറില്ല, പക്ഷേ, എനിക്ക് റേഡിയോ ഇഷ്ടമാണ്’ എന്ന് പറയുന്നത് ഒരു ഫാഷനായി എനിക്ക് തോന്നുന്നു. ബ്രിട്ടനിലെ ഇന്നത്തെ പ്രധാനവാര്‍ത്താ പരിപാടി BBC റേഡിയോ 4 ന്റെ പ്രഭാതഭക്ഷണ പരിപാടിയായ ടുഡേ ആണ്. BBC റേഡിയോ 1, BBC 2 എന്നിവയിലെ പ്രഭാതഭക്ഷണ പരിപാടികളുടെ സംയോജിത പ്രേക്ഷകര്‍ പതിനാല് ദശലക്ഷത്തിലധികം വരും. സൗകര്യപ്രദമായതിനാല്‍ രാവിലെ പ്രേക്ഷകര്‍ റേഡിയോയിലേക്ക് തിരിയുന്നു. അതിനാല്‍ പരിപാടി കേട്ട് ആസ്വദിച്ച് നിങ്ങള്‍ക്ക് ഷേവ് ചെയ്യാനും വസ്ത്രം ധരിക്കാനും പാചകം ചെയ്യാനും കഴിയും.’
‘ഇന്ത്യയില്‍ റേഡിയോ ഒരിക്കലും മരിച്ചില്ല. അതൊരു തെറ്റിദ്ധാരണ മാത്രമായിരുന്നു. സെറ്റുകളുടെ വില കാരണം, ദൂരദര്‍ശന്‍ അതിന്റെ ഭൗമ സംപ്രേഷണത്തിന്റെ കുത്തക നിലനിര്‍ത്തിയതിനാല്‍, വൈദ്യുതിയുടെ ക്രമരഹിതമായ വിതരണം കാരണം, ഗ്രാമപ്രദേശങ്ങളില്‍ റേഡിയോ ഒരു പ്രധാന സാന്നിധ്യമായി തുടരുകയും നിലനിര്‍ത്തുകയും ചെയ്തു. ഇപ്പോള്‍ നഗരപ്രദേശങ്ങളില്‍ ഒരു എഫ്എം വിപ്ലവം നടക്കുന്നുണ്ട്. ദുഃഖകരമെന്നു പറയട്ടെ, എഫ്എം പ്രക്ഷേപകര്‍ക്ക് വൈവിധ്യമാര്‍ന്ന ചാനലുകള്‍ നല്‍കുന്നതിന് റേഡിയോയുടെ മൂല്യം ഇതുവരെ പ്രയോജനപ്പെടുത്തിയിട്ടില്ല. 2006 ലെ തന്റെ അമൂല്യമായ പുസ്തകമായ ദി ഇന്ത്യന്‍ മീഡിയ ബിസിനസ്സില്‍ കോഹ്ലി-ഖണ്ഡേക്കര്‍ പറയുന്നത് എഫ്എം സ്റ്റേഷനുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നു എന്നാണ്.’
‘കമ്മ്യൂണിറ്റി റേഡിയോ പ്രക്ഷേപണത്തിന്റെ സാധ്യതകള്‍ വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്, കമ്മ്യൂണിറ്റി റേഡിയോയ്ക്ക് തീര്‍ച്ചയായും അടിസ്ഥാനതലത്തിലുള്ള വികസന പദ്ധതികള്‍ കൂടുതല്‍ സുതാര്യവും അതിനാല്‍ കൂടുതല്‍ ഫലപ്രദവുമാക്കാന്‍ കഴിയും, കൂടാതെ അത് വിദ്യാഭ്യാസത്തെ സഹായിക്കുകയും ചെയ്യും. സമൂഹത്തിലെ അംഗങ്ങള്‍ക്ക് സ്വയം പ്രക്ഷേപണം ചെയ്യാന്‍ അനുവദിക്കുന്നതിലൂടെ അത് നേട്ടബോധവും, അന്തസ്സും, വലിയ ആനന്ദവും നല്‍കുന്നു. കാഠ്മണ്ഡുവില്‍ ദക്ഷിണേഷ്യന്‍ റേഡിയോയുടെ ഒരു റേഡിയോ സമ്മേളനത്തില്‍ ഞാന്‍ പങ്കെടുത്തപ്പോള്‍, മേഖലയിലെ മറ്റെല്ലാ രാജ്യങ്ങളിലെയും കമ്മ്യൂണിറ്റി റേഡിയോ ഇന്ത്യയേക്കാള്‍ വികസിതമാണെന്ന് കണ്ട് എനിക്ക് ദുഃഖം തോന്നി. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെങ്കിലും സര്‍ക്കാര്‍ അതിന്റെ പൗരന്മാരെ പരസ്പരം പ്രക്ഷേപണം ചെയ്യുന്നതില്‍ വിശ്വസിച്ചില്ല എന്നതിനാലാണിത്.
പരസ്യദാതാക്കളില്‍ നിന്നോ ഓഹരി ഉടമകളില്‍ നിന്നോ വാണിജ്യ സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയമല്ലാത്ത പൊതുസേവന പ്രക്ഷേപണത്തിനായുള്ള വാദങ്ങള്‍ പരിഗണിക്കാതെ പ്രക്ഷേപണത്തെക്കുറിച്ചുള്ള ഒരു ചര്‍ച്ചയും പൂര്‍ത്തിയാകില്ല. തീര്‍ച്ചയായും റേഡിയോ യഥാര്‍ത്ഥ പൊതുസേവന പ്രക്ഷേപണമാകണമെങ്കില്‍ അത് സര്‍ക്കാര്‍ സമ്മര്‍ദ്ദങ്ങളില്‍ നിന്നും മുക്തമായിരിക്കണം. തീര്‍ച്ചയായും അത് ഒരു കുത്തകയാകരുത്. എന്നാല്‍ വാണിജ്യ പ്രക്ഷേപണത്തില്‍ അതിന് സ്വാധീനം ഉണ്ടായിരിക്കണം’, തന്റെ ദീര്‍ഘകാല ബി.ബി.സി റേഡിയോ അനുഭവത്തിന്റെ വെളിച്ചത്തില്‍ മാര്‍ക്ക് ടള്ളി പറഞ്ഞു.
ബാബറി മസ്ദിജ് സംഭവത്തെ കുറിച്ച് 1992-ല്‍ അയോധ്യയില്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ, മാര്‍ക്ക് ടള്ളി ഒരു യഥാര്‍ത്ഥ അപകട നിമിഷം നേരിട്ടതിനെക്കുറിച്ച് അന്ന് കൂടെയുണ്ടായിരുന്ന ഒരു പത്രപ്രവര്‍ത്തകന്‍ ഖുര്‍ബാന്‍ അലി എഴുതി.
‘ബിബിസിയുടെ ദക്ഷിണേഷ്യന്‍ മേധാവിയായിരുന്നു മാര്‍ക്ക് ടള്ളി, ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ അധ്യായങ്ങളിലൊന്നായി മാറുന്നതിനെക്കുറിച്ചുള്ളെ റിപ്പോര്‍ട്ട് വിടാന്‍ ഫൈസാബാദിലേക്ക് പോകാന്‍ തീരുമാനിച്ചു.
അക്കാലത്ത്, ലണ്ടനിലെ ബിബിസി ആസ്ഥാനവുമായി ബന്ധപ്പെടാനുള്ള ഏക മാര്‍ഗം ഫൈസാബാദിലെ സെന്‍ട്രല്‍ ടെലിഗ്രാഫ് ഓഫീസ് (സിടിഒ) ആയിരുന്നു. ഉച്ചയോടെ ഞങ്ങള്‍ ഫൈസാബാദിലെത്തി, അവിടെ മാര്‍ക്ക് തന്റെ ആദ്യ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തു. ഉച്ചയ്ക്ക് 1 മണിയോടെ, ഞങ്ങള്‍ അയോധ്യയിലേക്ക് പോകുമ്പോള്‍, നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ ജനക്കൂട്ടം ഞങ്ങളെ തടഞ്ഞു, ബിബിസിയെ സംശയിച്ച ചില ജനക്കൂട്ടം ‘മാര്‍ക്ക് ടള്ളിയെ കൊല്ലുക’ എന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ട് അദ്ദേഹത്തെ ഭീഷണിപ്പെടുത്തി. ഒരു പോലീസ് ഉദ്യോഗസ്ഥനും ഒരു ഹിന്ദു പുരോഹിതനും സഹായത്തിനെത്തുന്നതുവരെ അദ്ദേഹത്തെ മണിക്കൂറുകളോളം ഒരു മുറിയില്‍ അവര്‍ പൂട്ടിയിട്ടു’
അയോധ്യയിലെത്താനുള്ള ഞങ്ങളുടെ എല്ലാ ശ്രമങ്ങളും വിഫലമായപ്പോള്‍, പത്രപ്രവര്‍ത്തകനായ സുഹൃത്ത് ദൈനിക് ജാഗ്രന്റെ അന്നത്തെ റസിഡന്റ് എഡിറ്ററുമായ വിനോദ് ശുക്ല ഒരു വഴി നിര്‍ദ്ദേശിച്ചു. അരമണിക്കൂറിനുള്ളില്‍, ഞങ്ങള്‍ ബാബറി മസ്ജിദ് സ്ഥലത്ത് എത്താന്‍ കഴിഞ്ഞു, പക്ഷേ അപ്പോഴേക്കും പള്ളി പൂര്‍ണ്ണമായും പൊളിച്ചുമാറ്റിയിരുന്നു. ഞങ്ങള്‍ കാറില്‍ നിന്ന് ഇറങ്ങിയ ഉടനെ, ത്രിശൂലങ്ങളും ലാത്തികളുമായി ആയുധധാരികളായ ഒരു കൂട്ടം അക്രമാസക്തരായ കര്‍സേവകര്‍ ഞങ്ങളുടെ നേരെ പറഞ്ഞു വന്നു. മിക്കവരും പ്രദേശവാസികളായിരുന്നു, മാര്‍ക്ക് ടള്ളിയെ ഞങ്ങളോടൊപ്പം കണ്ടതില്‍ അവര്‍ രോഷാകുലരായിരുന്നു. അദ്ദേഹം ഒരു ബിബിസി പത്രപ്രവര്‍ത്തകനാണെന്ന് അവര്‍ക്ക് നന്നായി അറിയാമായിരുന്നു, അയോധ്യയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടുകളില്‍ അവര്‍ അങ്ങേയറ്റം നീരസത്തിലായിരുന്നു
ഞങ്ങളെ തല്ലാന്‍, ഒരുപക്ഷേ ഞങ്ങളെ കൊല്ലാന്‍ പോലും ജനക്കൂട്ടം ഒത്തുകൂടിയപ്പോള്‍, പ്രകോപിതരായ കര്‍സേവകരില്‍ ഒരാള്‍, ഞങ്ങളെ കൊല്ലുന്നത് നടന്നുകൊണ്ടിരിക്കുന്ന പൊളിക്കല്‍ പ്രക്രിയയെ തടസ്സപ്പെടുത്തുമെന്നും, തല്‍ക്കാലം ഞങ്ങളെ പൂട്ടിയിട്ട് പിന്നീട് കൊല്ലുന്നതാണ് കൂടുതല്‍ യുക്തിസഹമെന്നും അഭിപ്രായപ്പെട്ടു. ഞങ്ങള്‍ അഞ്ചുപേരെയും അടുത്തുള്ള ഒരു കെട്ടിടത്തിലെ ഒരു മുറിയില്‍ പൂട്ടിയിട്ടു. ബഡാ സ്ഥാനിലെ മഹന്ത് (മഠാധിപതി) ഒടുവില്‍ ഞങ്ങളുടെ രക്ഷയ്ക്കെത്തി. മാര്‍ക്കിന് അടിയില്‍ ഒളിക്കാന്‍ വേണ്ടി അയാള്‍ തന്റെ ഷാള്‍ കൊടുത്തു, ‘കര്‍ സേവക്’ എന്ന് എഴുതിയ കാവി തുവാലകള്‍ കെട്ടാന്‍ ഞങ്ങളോട് എല്ലാവരോടും നിര്‍ദ്ദേശിച്ചു. ഒടുവില്‍ ഞങ്ങളെ ഒരു ഉത്തര്‍പ്രദേശ് പോലീസ് ട്രക്കില്‍ കയറ്റി രാത്രി ഏകദേശം 8 മണിയോടെ ഹോട്ടല്‍ ഷാന്‍-ഇ-അവാദില്‍ ഇറക്കി. ഇന്ത്യയുമായുള്ള ദീര്‍ഘവും സങ്കീര്‍ണ്ണവുമായ ബന്ധത്തിന്റെ ടള്ളിയുടെ വര്‍ഷങ്ങളുടെ ചോദ്യം ചെയ്യലുകളിലൂടെയും അനിശ്ചിതത്വത്തിലൂടെയും കടന്നുപോയ സത്യസന്ധതയോടും കരുതലോടും കൂടി വാര്‍ത്താശേഖരണം നടത്തിയതിന്റെ ആജീവനാന്ത സമര്‍പ്പണത്തിന്റെ മാര്‍ക്ക് ടള്ളി എന്ന പത്രപ്രവര്‍ത്തകന്റെ അനുഭവ കഥകളാണ് ഇതൊക്കെ.
1935-ല്‍ കല്‍ക്കട്ടയിലെ ടോളിഗഞ്ചില്‍ ജനിച്ച വില്യം മാര്‍ക്ക് ടള്ളി, തന്റെ ജീവിതത്തിന്റെ ആദ്യ ദശകം ഇന്ത്യയില്‍ ചെലവഴിച്ചു, ഡാര്‍ജിലിംഗിലെ ഒരു ബോര്‍ഡിംഗ് സ്‌കൂളില്‍ പഠിച്ചതിനു ശേഷം തുടര്‍ വിദ്യാഭ്യാസത്തിനായി ഇംഗ്ലണ്ടിലേക്ക് അയച്ചു. കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജില്‍ ദൈവശാസ്ത്ര വിമോചനം പഠിച്ച ബ്രിട്ടീഷ് യുവാവായ ആ ചെറുപ്പക്കാരന്‍ പുരോഹിതനാകാന്‍ ആഗ്രഹിക്കുകയും ലിങ്കണ്‍ തിയോളജിക്കല്‍ കോളേജില്‍ ചേരുകയും ചെയ്തു. എന്നാല്‍ വിധി തീരുമാനിച്ചത് ടള്ളി പത്രപ്രവര്‍ത്തകനാവണമെന്നായിരുന്നു.
1960 കളില്‍ ബിബിസിയില്‍ ചേര്‍ന്ന ടള്ളി 1965 ല്‍ ഇന്ത്യയിലേക്ക് നിയമിതനായി. കാലക്രമേണ, ബി.ബി.സി. യുടെ ഏറ്റവും പ്രമുഖ ലേഖകരില്‍ ഒരാളായി അദ്ദേഹം വളര്‍ന്നു. പിന്നീട് അദ്ദേഹം 22 വര്‍ഷം ബിബിസിയുടെ ന്യൂഡല്‍ഹി ബ്യൂറോ ചീഫായി സേവനമനുഷ്ഠിച്ചു, ഇന്ത്യയില്‍ മാത്രമല്ല ദക്ഷിണേഷ്യയിലുടനീളവും അദ്ദേഹം വാര്‍ത്താ ശേഖരണത്തിന്റെ നേതൃത്വം നല്‍കി. പത്രപ്രവര്‍ത്തനത്തിനുള്ള സേവനങ്ങള്‍ക്ക് 2002-ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അദ്ദേഹത്തെ നൈറ്റ് പദവി നല്‍കി ആദരിച്ചു. ഇന്ത്യ അദ്ദേഹത്തെ പത്മശ്രീ, പത്മഭൂഷണ്‍ എന്നീ ബഹുമതികള്‍ നല്‍കി ആദരിച്ചു, അത്തരം അംഗീകാരം ലഭിച്ച ചുരുക്കം ചില വിദേശ പൗരന്മാരില്‍ ഒരാളായി അദ്ദേഹം മാറി. കാലക്രമേണ, അദ്ദേഹത്തിന്റെ ശാന്തമായ ശബ്ദവും വ്യക്തമായ റിപ്പോര്‍ട്ടിംഗും അദ്ദേഹത്തെ ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ വിദേശ പത്രപ്രവര്‍ത്തകരില്‍ ഒരാളാക്കി മാറ്റി.
വിമര്‍ശനത്തിന്റെ പേരില്‍ രണ്ട് തവണ മാര്‍ക്ക് ടള്ളിയെ ഇന്ത്യ വിടാന്‍ സര്‍ക്കാര്‍ നടപടിയെടുത്തു. രാജ്യത്തെ വിമര്‍ശിക്കുന്ന ഫ്രഞ്ച് ഡോക്യുമെന്ററിയായ ‘ഫാന്റം ഇന്ത്യ’ സംപ്രേഷണം ചെയ്തതിന് ശേഷം 1969 ല്‍ ബിബിസി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത് ഇന്ത്യന്‍ സര്‍ക്കാര്‍ വിലക്കിയതിനെത്തുടര്‍ന്ന് 35 കാരനായ മാര്‍ക്ക് ടള്ളിയെ ലണ്ടനിലേക്ക് തിരിച്ചയച്ചു. 1975 ലെ അടിയന്തരവസ്ഥയിലായിരുന്നു മാധ്യമ സെന്‍സര്‍ ഷിപ്പിന്റെ പേരില്‍ രണ്ടാം തവണയും അദ്ദേഹത്തിന് ഇന്ത്യ വിടേണ്ടി വന്നത്.
1994 ജൂലൈയില്‍ ബിബിസിയില്‍ നിന്ന് മാര്‍ക്ക് ടള്ളി രാജിവച്ചു.1993-ല്‍ റേഡിയോ അക്കാദമിയില്‍ നടന്ന ഒരു പ്രഭാഷണത്തില്‍ അന്നത്തെ ബിബിസി ഡയറക്ടര്‍ ജനറല്‍ ജോണ്‍ ബര്‍ട്ടിനെ വിമര്‍ശിച്ചുകൊണ്ട് ടള്ളി അദ്ദേഹവുമായി ഏറ്റുമുട്ടി. ജോണ്‍ ബര്‍ട്ടുമായുള്ള വിയോജിപ്പിനെ തുടര്‍ന്ന് അദ്ദേഹം ബിബിസിയില്‍ നിന്ന് രാജിവച്ചു. ആഴത്തിലുള്ളതുമായ പത്രപ്രവര്‍ത്തനത്തില്‍ നിന്ന് ബിബിസിയെ കൂടുതല്‍ കോര്‍പ്പറേറ്റ് ഘടനയിലേക്ക് മാറാനുള്ള ബര്‍ട്ടിന്റെ ശ്രമങ്ങളെ അദ്ദേഹം എതിര്‍ത്തു, വാണിജ്യവല്‍ക്കരണവും മാനേജ്‌മെന്റ് മാറ്റങ്ങളും തന്റെയും കോര്‍പ്പറേഷന്റെയും പത്രപ്രവര്‍ത്തന ധാര്‍മ്മികതയെ അപഹരിച്ചതായി അദ്ദേഹത്തിന് തോന്നി.
ഇതൊക്കെയാണെങ്കിലും, ‘സംതിംഗ് അണ്ടര്‍സ്റ്റൂഡിന്റെ’ എന്ന പരിപാടിയുടെ ഹോസ്റ്റിംഗ് ഉള്‍പ്പെടെ ബിബിസിയുടെ ഒരു ഫ്രീലാന്‍സ് ബ്രോഡ്കാസ്റ്ററായി അദ്ദേഹം തുടര്‍ന്നു. ജോണ്‍ ബര്‍ട്ടിന്റെ കീഴിലുള്ള ബിബിസിയിലെ ‘ജീവനക്കാര്‍ക്കിടയില്‍ വളരെ യഥാര്‍ത്ഥമായ ഒരു ഭയം നിലനില്‍ക്കുന്നുണ്ട്’ എന്ന് ടള്ളി ആരോപിച്ചു.
മറുപടിയായി, മാര്‍ക്ക് ടള്ളിയുടെ ആരോപണങ്ങളെ ‘പഴയ പട്ടാളക്കാര്‍ അവരുടെ തോക്കുകള്‍ ഉപയോഗിച്ച് ഞങ്ങളെ ആക്രമിക്കുന്നു’ എന്ന് പറഞ്ഞ് ബിര്‍ട്ട് തള്ളിക്കളഞ്ഞു. 1994 ജൂലൈയില്‍ ടള്ളി ബിബിസിയില്‍ നിന്ന് രാജിവച്ചെങ്കിലും ബിബിസിയുടെ റേഡിയോ 4-ല്‍ ആത്മീയതയെക്കുറിച്ചുള്ള ഒരു പരിപാടിയായ ‘സംതിംഗ് അണ്ടര്‍സ്റ്റുഡ്’, 2019 ഏപ്രിലില്‍ നിര്‍ത്തലാക്കുന്നതുവരെ ബിബിസിക്ക് വേണ്ടി ഫ്രീലാന്‍സ് ബ്രോഡ്കാസ്റ്ററായി തുടര്‍ന്നു. പിന്നീട് ഒരു വാര്‍ത്താ മാധ്യമത്തിലും നേരിട്ട് ജോലി ചെയ്യാതെ തന്നെ, ടള്ളി ഡല്‍ഹിയില്‍ ഒരു ഫ്രീലാന്‍സ് ജേണലിസ്റ്റായും ഇന്ത്യയുടെ സാമൂഹിക, രാഷ്ട്രീയ സ്പന്ദനങ്ങളുടെ സൂക്ഷ്മ നിരീക്ഷകനായും സജീവമായി തുടര്‍ന്നു. ഫിക്ഷനും നോണ്‍-ഫിക്ഷനും ഉള്‍പ്പെടെ ആകെ 10 പുസ്തകങ്ങളില്‍ ടള്ളി ഇന്ത്യയെ തന്റെ പ്രിയപ്പെട്ട വിഷയമായി നിരന്തരം കേന്ദ്രീകരിച്ചു.
കഴിഞ്ഞ ഒക്ടോബര്‍ 24 ന് ടള്ളിയുടെ 90-ാം ജന്മദിനത്തില്‍, അദ്ദേഹത്തിന്റെ മകന്‍ സാം ടള്ളി ഒരു കുറിപ്പ് പോസ്റ്റ് ചെയ്ത്, പത്രപ്രവര്‍ത്തനത്തിനുള്ള പിതാവിന്റെ ദീര്‍ഘകാല സേവനത്തിന് ഹൃദയംഗമമായ ആദരവ് അര്‍പ്പിച്ചു.
‘എന്റെ പിതാവിന്റെ നേട്ടങ്ങള്‍ യുകെ-ഇന്ത്യ ബന്ധത്തിന് പ്രത്യേകിച്ചും പ്രധാനമാണെന്ന് ഞാന്‍ കരുതുന്നു, കാരണം അദ്ദേഹത്തിന്റെ ഇരു രാജ്യങ്ങളോടുമുള്ള വാത്സല്യവും സ്ഥിരമായ ബന്ധവും. ഇന്ത്യയില്‍ താമസിക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന് യുകെയുമായും ശക്തമായ ബന്ധമുണ്ട്. ‘ദില്‍ ഹേ ഹിന്ദുസ്ഥാനി, മഗര്‍ തോര ആംഗ്രേസി ഭി!’ ഹൃദയം ഇന്ത്യക്കാരനാണ്, പക്ഷേ അല്‍പ്പം ഇംഗ്ലീഷുകാരനുമാണ്!’
സാം പോസ്റ്റില്‍ എഴുതി.
ആ പോസ്റ്റിന് കീഴില്‍, ബിബിസി വേള്‍ഡ് സര്‍വീസില്‍ മാര്‍ക്ക് ടള്ളിയുടെ സ്വരത്തില്‍ വാര്‍ത്തകള്‍ കേട്ടതിന്റെ ഓര്‍മ്മകള്‍ പലരും സ്മരിച്ചു. അദ്ദേഹം നല്‍കിയ വാര്‍ത്തയുടെ സത്യസന്ധത അവര്‍ വിശ്വസിച്ചു, അദ്ദേഹത്തെ ‘സത്യത്തിന്റെ ശബ്ദം’ എന്ന് വിളിച്ചു.
‘1971-ലെ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധസമയത്ത്, എന്റെ കുടുംബം പാകിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്നായിരുന്നു താമസിച്ചിരുന്നത്. ഇരുവശത്തുനിന്നും ഞങ്ങള്‍ പ്രക്ഷേപണങ്ങള്‍ കേട്ടിരുന്നു. എന്നാല്‍ വേള്‍ഡ് സര്‍വീസില്‍ മാര്‍ക്ക് ടള്ളി പറയുന്നത് കേള്‍ക്കുന്നതുവരെ ഞങ്ങള്‍ ഒന്നും വിശ്വസിച്ചില്ല! യുദ്ധസമയത്ത് മാത്രമല്ല, അദ്ദേഹം പ്രക്ഷേപണം ചെയ്ത സമയത്തെല്ലാം ഞങ്ങള്‍ അദ്ദേഹത്തെ ഞങ്ങളുടെ സംസ്ഥാന പ്രക്ഷേപകനേക്കാള്‍ വിശ്വസിച്ചു. അദ്ദേഹം സത്യത്തിന്റെ ശബ്ദമായിരുന്നു,’ സഞ്ജയ് ദിഘെ എഴുതി.
‘ഞാന്‍ ഇപ്പോഴും ക്രിസ്തുമതത്തില്‍ തുടരുകയും എന്നെ ക്രിസ്ത്യാനിയായി തിരിച്ചറിയുകയും ചെയ്യുന്നു,’ ടള്ളി 2019 ല്‍ റേഡിയോ ടൈംസിനോട് പറഞ്ഞു. ‘എന്നാല്‍ എനിക്ക് ചുറ്റും നിരവധി മതങ്ങളുള്ള ഇന്ത്യയില്‍ ജീവിക്കുന്നതിനാല്‍, ദൈവത്തിലേക്കുള്ള ഏക വഴി ക്രിസ്തുമതമാണെന്ന് ഞാന്‍ ഇനി വിശ്വസിക്കുന്നില്ല.’
മാര്‍ക്ക് ടള്ളിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കൊണ്ട് മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ വീര്‍ സാംഗ് വി ഇങ്ങനെ കുറിച്ചു:
‘Mourning Mark Tully, probably the greatest radio journalist of his generation who took India to the world & who gave the BBC the credibility it once had in India. Of his many books No Full Stops in India was brilliant in predicting what India would become RIP’.
Content Summary: Mark Tully, who reported news to the world for two decades
This post was last modified on February 1, 2026 8:59 am
Leave a Comment