കിഴക്കന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ റുബായ കോള്‍ട്ടാന്‍ ഖനി തകര്‍ന്ന് 200-ലധികം ആളുകള്‍ കൊല്ലപ്പെട്ടതായി വിവരം. ഖനി സ്ഥിതി ചെയ്യുന്ന പ്രവിശ്യയില്‍ വിമതര്‍ നിയമിച്ച ഗവര്‍ണറുടെ വക്താവായ ലുമുംബ കംബെറെ മുയിസ വെള്ളിയാഴ്ച റോയിട്ടേഴ്‌സിനോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലാണ് അപകടത്തിന് കാരണമായത്.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ഖനിയില്‍ അപകടം ഉണ്ടായത്. നിലവില്‍ 200-ലധികം മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ചില മൃതദേഹങ്ങള്‍ ഇപ്പോഴും ചെളിക്കടിയിലാണ്. ഗവര്‍ണറുടെ ഉപദേശകന്‍ നല്‍കുന്ന വിവരമനുസരിച്ച് മരണസംഖ്യ ചുരുങ്ങിയത് 227 ആണ്.
ലോകത്തിലെ കോള്‍ട്ടാന്‍ നിക്ഷേപത്തിന്റെ 60 മുതല്‍ 80 ശതമാനം വരെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലാണ്. ഇതില്‍ തന്നെ മൊത്തം ഉത്പാദനത്തിന്റെ 15 ശതമാനവും റുബായയില്‍ നിന്നാണ്. കോള്‍ട്ടാന്‍ എന്ന ചുരുക്ക പേരില്‍ അറിയപ്പെടുന്ന കൊളംബൈറ്റ്-ടാന്റലൈറ്റ്’ എന്ന കറുത്ത ലോഹ അയിരില്‍ നിന്നാണ് ടാന്റലം എന്ന അപൂര്‍വ്വ ലോഹം വേര്‍തിരിച്ചെടുക്കുന്നത്. അമിതമായ ചൂടിനെ പ്രതിരോധിക്കാനും വൈദ്യുതി സംഭരിച്ചു വെക്കാനും കഴിവുള്ള ലോഹമായ ടാന്റലം മൊബൈല്‍ ഫോണുകളിലും കമ്പ്യൂട്ടറുകളിലും ഇലക്ട്രിക് കാറുകളിലെ ബാറ്ററികളിലും മറ്റ് സര്‍ക്യൂട്ടുകളിലും ഉപയോഗിക്കുന്നു. കൂടാതെ ജെറ്റ് വിമാനങ്ങളുടെ എഞ്ചിന്‍ ഭാഗങ്ങള്‍ നിര്‍മ്മിക്കാനും ടാന്റലത്തിന്റെ ചൂടിനെ പ്രതിരോധിക്കാനുള്ള ശേഷി പ്രയോജനപ്പെടുന്നു.
2024 മുതല്‍ ഈ പ്രദേശം എം23 എന്ന വിമത ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണ്. റുബായയിലെ ധാതുസമ്പത്ത് കൊള്ളയടിച്ച് അയല്‍രാജ്യമായ റുവാണ്ടയുടെ പിന്തുണയോടെ തങ്ങളുടെ കലാപത്തിന് പണം കണ്ടെത്തുകയാണ് ഈ സംഘമെന്ന് ഐക്യരാഷ്ട്രസഭ ആരോപിക്കുന്നു. എന്നാല്‍ റുവാണ്ട ഇത് നിഷേധിച്ചിട്ടുണ്ട്.
പരിക്കേറ്റവരെ റുബായയിലെ ആരോഗ്യ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരെ ശനിയാഴ്ചയോടെ 50 കിലോമീറ്റര്‍ അകലെയുള്ള ഗോമയിലെ ആശുപത്രികളിലേക്ക് മാറ്റും.
അപകടത്തെത്തുടര്‍ന്ന് ഖനിയിലെ ഖനന പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഖനിക്ക് സമീപം താമസിക്കുന്നവരോട് അവിടെ നിന്നും മാറിതാമസിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
മിക്കപ്പോഴും വലിയ യന്ത്രങ്ങള്‍ക്ക് പകരം സാധാരണക്കാര്‍ കൈകൊണ്ട് കുഴിച്ചെടുത്താണ് ഇവിടെ കോള്‍ട്ടന്‍ ശേഖരിക്കുന്നത്. ദരിദ്രരായ തദ്ദേശവാസികള്‍ വെറും തുച്ഛമായ വരുമാനത്തിന് വേണ്ടിയാണ് അപകടസാധ്യതയുള്ള ഈ ഖനികളില്‍ ജോലി ചെയ്യുന്നത്.
ഈ ധാതുവിലൂടെ ലഭിക്കുന്ന വന്‍ തുക ലക്ഷ്യമിട്ട് പല വിമത ഗ്രൂപ്പുകളും ഖനികളുടെ നിയന്ത്രണത്തിനായി യുദ്ധം ചെയ്യുന്നു. ഇത് അവിടെ വലിയ തോതിലുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും പരിസ്ഥിതി നാശത്തിനും കാരണമാകുന്നുണ്ട്. കോംഗോ സര്‍ക്കാരിനെ പുറത്താക്കുക എന്ന ലക്ഷ്യത്തോടെ പോരാടുന്ന എം23 വിമതര്‍ കഴിഞ്ഞ വര്‍ഷം ധാതുസമ്പന്നമായ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്തിരുന്നു.
Content Summary; More than 200 people were killed at the Rubaya coltan mine in eastern Democratic Republic of Congo
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.