കുട്ടികളുടെ ചെരിപ്പുകൾ, പൊട്ടിയ ഗ്രില്ലുകൾ, കീറിയ പാർട്ടി ഷാളുകൾ, ആളുകൾ കയറിയതിൻ്റെ ഭാരത്തിൽ ഒടിഞ്ഞുപോയ സൺഷെയ്ഡുകൾ. വിജയിയുടെ റാലിക്കിടെ 40 പേർ തിക്കിലും തിരക്കിലും പെട്ട് മരിച്ച വേലൂസ്വാമിപുരത്ത് അവശേഷിക്കുന്ന ദൃശ്യങ്ങളാണിത്.
തങ്ങളുടെ പ്രിയപ്പെട്ട താരത്തെ ഒരു നോക്ക് കാണാൻ വന്നവരായിരുന്നു അന്ന് വേലൂസ്വാമിപുരത്ത് തടിച്ചുകൂടിയത്. ശനിയാഴ്ചത്തെ പരിപാടിയിൽ വിജയിയുടെ പ്രചാരണ വാഹനത്തിന് പിന്നിൽ നിന്നിരുന്ന കരൂരിലെ ബസ് തൊഴിലാളിയായ സുഭാഷ് പറഞ്ഞു. വിജയ് എത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പേ ആളുകൾ തളരാൻ തുടങ്ങിയിരുന്നു. വിജയിയുടെ വാഹനം സ്ഥലത്തെത്തിയതിന് ശേഷം, തിരക്ക് ഇരട്ടിയായി. ജനക്കൂട്ടം വലുതായിക്കൊണ്ടേയിരുന്നു. അദ്ദേഹത്തിൻ്റെ വാഹനം സ്ഥലം നൽകാൻ ശ്രമിച്ചതോടെ കാര്യങ്ങൾ കൂടുതൽ മോശമായെന്ന് സുഭാഷ് പറയുന്നു.
അപ്പോഴാണ് ഒരു കുട്ടിക്ക് അപസ്മാരം വന്നതും, ഒരു സ്ത്രീ കുഴഞ്ഞുവീണതും. ആംബുലൻസുകൾ വിളിച്ചെങ്കിലും, അവയ്ക്ക് സ്ഥലത്തെത്താൻ കഴിഞ്ഞില്ല, അതിനാൽ കുഴഞ്ഞുവീണവരെ അടുത്തുള്ള തെരുവുകളിലേക്ക് മാറ്റി. ഒടുവിൽ, ആദ്യത്തെ ആംബുലൻസ് വന്നപ്പോൾ, വിജയ് തൻ്റെ പ്രസംഗം തുടരുകയായിരുന്നു, ആംബുലൻസിന് പോലും നീങ്ങാൻ ഇടമില്ലാത്ത അവസ്ഥയിൽ, തിരക്ക് വർദ്ധിച്ചിരുന്നു.
റാലി നടന്ന സ്ഥലത്തിനടുത്ത് താമസിക്കുന്ന അനുപമ എന്ന വീട്ടമ്മ പറഞ്ഞു, ഞങ്ങളുടെ വീടിന്റെ ഗ്രിൽ ഇട്ട വാതിൽ തകർത്ത് ആളുകൾ വീട്ടിലേക്ക് പ്രവേശിച്ചു; അകത്ത് പോലും ഞങ്ങൾക്ക് ശ്വാസം മുട്ടി. ആളുകൾ ഞങ്ങളുടെ ടെറസ്സുകളും സൺഷെയ്ഡുകളും കയ്യടക്കി. അതിലൊരു ഭാഗം തകരുകയും ചെയ്തു. ചിലരുടെ അവസ്ഥ വളരെ മോശമായിരുന്നു.
വിജയ് എത്തുന്നതിനുമുമ്പുതന്നെ പ്രശ്‌നങ്ങൾ ആരംഭിച്ചതായി അവർ പറയുന്നു: “അദ്ദേഹത്തിൻ്റെ വാഹനം ഈ സ്ഥലത്തേക്ക് വരുന്നതിനുമുമ്പേ വൈദ്യുതി നിലച്ചു. പിന്നീട് ആംബുലൻസുകൾ എത്തിയപ്പോൾ, കൂടുതൽ പ്രതിസന്ധികൾ ഉണ്ടായി.”
അവരുടെ വീടിന് പുറത്തെ ഒരു മരക്കൊമ്പിൽ ഏകദേശം 15 പേർ ഇരുന്നിരുന്നു. ആ കൊമ്പ് പിന്നീട് ഒടിഞ്ഞുവീഴുകയും അഞ്ചിലധികം പേർ മരിക്കുകയും ചെയ്തു, ഇത് പരിഭ്രാന്തി വർദ്ധിപ്പിച്ചു. മരിച്ചവരിൽ അരവക്കുറിച്ചിയിൽ നിന്നുള്ള 22 വയസ്സുള്ള ബ്രന്ദ എന്ന ടെക്സ്റ്റൈൽ മിൽ തൊഴിലാളിയും ഉണ്ടായിരുന്നു. അവരുടെ ഭർത്താവ് സുധൻ, ഒരു അപകടത്തെത്തുടർന്ന് രണ്ടുമാസമായി കിടപ്പിലാണ്. രണ്ട് വയസ്സുള്ള മകളെ ബന്ധുക്കളെ ഏൽപ്പിച്ചാണ് അവർ കൂട്ടുകാരുമായി റാലിയിൽ പങ്കെടുക്കാൻ പോയത്. അവൾക്ക് അദ്ദേഹത്തെ കാണണമെന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ, അവരുടെ ബന്ധുവായ മംഗള പറഞ്ഞു. ഒരു സർക്കാർ ഹെൽപ്‌ലൈൻ ചിത്രം അയച്ചതിന് ശേഷം, ഞായറാഴ്ച പുലർച്ചെ 6 മണിക്കാണ് കുടുംബം അവരുടെ മൃതദേഹം തിരിച്ചറിഞ്ഞത്.
സംസ്ഥാന വ്യാപകമായി വിജയ് നടത്തുന്ന പ്രചരണപരിപാടിയുടെ ഭാഗമായാണ് ശനിയാഴ്ച റാലി സംഘടിപ്പിച്ചത്. റാലിക്കായി വിവിധയിടങ്ങളില്‍ നിന്ന് ജനങ്ങള്‍ ഒഴുകിയെത്തുകയായിരുന്നു. പതിനായിരത്തോളം ആളുകളെ പ്രതീക്ഷിച്ച റാലിയിലേക്ക് മുപ്പതിനായിരത്തിലേറെ പേർ എത്തിയതാണ് വൻ തിരക്കിന് കാരണമായത്. തിക്കും തിരക്കുമേറിയതോടെയാണ് ആളുകൾ കുഴഞ്ഞു വീണും മറ്റുമാണ് അപകടമുണ്ടായത്.
സംഭവത്തില്‍ നടന്‍ വിജയ് യുടെ പാര്‍ട്ടിയായ ടിവികെയ്ക്കെതിരെ നാല് വകുപ്പുകള്‍ ചുമത്തി കേസെടുത്തു. റാലിയുടെ മുഖ്യസംഘാടകനായ ടിവികെയുടെ കരൂര്‍ വെസ്റ്റ് ജില്ലാ അധ്യക്ഷന്‍ വി പി മതിയഴകനെതിരെയാണ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ കൊലപാതക ശ്രമം ( 109), കുറ്റകരമായ നരഹത്യ (110), മനുഷ്യജീവനോ അവരുടെ സുരക്ഷയോ അപകടത്തിലാക്കുന്ന പ്രവൃത്തി( 125ബി) അധികൃതര്‍ നല്‍കിയ ഉത്തരവുകള്‍ പാലിക്കാതിരിക്കല്‍ (223) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
content summary: As a toddler waits for her mother and a couple embraces death, heartbreak lingers in Karur after the Vijay rally stampede