June 13, 2026 |
Share on

കരൂർ ദുരന്തം; എഫ്ഐആറിൽ വിജയ്‌യുടെ പേരില്ല

ടിവികെ നേതാക്കൾക്കെതിരെ
നരഹത്യയ്ക്ക് കേസ്

നടനും രാഷ്ട്രീയ നേതാവുമായ വിജയിയുടെ കരൂരിലെ റാലിയെത്തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 40 ഓളം പേർ മരിച്ച സംഭവത്തിൽ തമിഴക വെട്രി കഴകത്തിന്റെ പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും വിജയുടെ പേര് എഫ്ഐആറിൽ പരാമർശിച്ചിട്ടില്ല. സംഭവത്തിൽ ടിവികെ ഭാരവാഹികൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ടിവികെ ജനറൽ സെക്രട്ടറി എൻ. ആനന്ദ്, ജോയിന്റ് ജനറൽ സെക്രട്ടറി സി.ടി. നിർമ്മൽ കുമാർ, ടിവികെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകൻ എന്നിവരുൾപ്പെടെ ആറ് പാർട്ടി നേതാക്കൾക്കെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പാർട്ടിയിലെ വിജയ്‌യുടെ ഏറ്റവും അടുത്ത അനുയായിയാണ് എൻ. ആനന്ദ്. പുതുച്ചേരിയിൽ നിന്നുള്ള മുൻ എംഎൽഎ കൂടിയായ ആനന്ദ് ടിവികെയിലെ രണ്ടാമൻ എന്നാണ് അറിയപ്പെടുന്നത്. അതേസമയം, റാലി നയിച്ച പാർട്ടി പ്രസിഡന്റ് വിജയ്‌ക്കെതിരെ ഇതുവരെ ഒരു കേസും രജിസ്റ്റർ ചെയ്തിട്ടില്ല. സംഭവത്തെത്തുടർന്ന് അദ്ദേഹം കരൂരിൽ നിന്ന് ട്രിച്ചി വഴി ചെന്നൈയിലെത്തിയിരുന്നു.

എന്നാൽ, ഇതിനെ ന്യായീകരിക്കുകയാണ് പൊലീസ് ഉദ്യോ​ഗസ്ഥർ ചെയ്തതെന്ന് ഇന്ത്യൻ എക്സ്പ്രസിന്റെ റിപ്പോർട്ടിൽ പറയുന്നു. വിജയിക്കെതിരെ അറസ്റ്റ്, ചോദ്യം ചെയ്യൽ, എഫ്ഐആറിൽ പേര് ചേർക്കൽ തുടങ്ങിയ നടപടികളിലേക്ക് നീങ്ങിയാൽ സ്വാധീനമുള്ള സിനിമാ താരത്തിന് ഒരു അനുകമ്പാ തരംഗം സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നും ഭരണകക്ഷിയായ ഡിഎംകെ രാഷ്ട്രീയപരമായി താരത്തിനെതിരെ നീങ്ങുന്നുവെന്ന ആഖ്യാനമുണ്ടാകുമെന്നും ഉദ്യോ​ഗസ്ഥർ പറഞ്ഞു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ റിട്ട. ഹൈക്കോടതി ജഡ്ജി അരുണ ജഗദീശന്റെ നേതൃത്വത്തിൽ സർക്കാർ ഏകാംഗ കമ്മീഷനെ നിയമിച്ചു. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന് വിജയിയുടെ ക്യാമ്പ് സൂചന നൽകിയ സാഹചര്യത്തിലും ബിജെപിയുമായി ബന്ധമുള്ള ചില ഹർജിക്കാർ ഉൾപ്പെടെയുള്ളവർ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതിനാലും അത്തരമൊരു അന്വേഷണത്തിന് സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

അതീവ ഗുരുതരമായ വകുപ്പുകളാണ് കരൂർ റാലിയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. നരഹത്യയ്ക്ക് തുല്യമല്ലാത്ത കുറ്റകരം, ജീവൻ അപകടത്തിലാക്കുന്ന പ്രവൃത്തികൾ, ഉത്തരവുകൾ ലംഘിക്കൽ എന്നീ ഭാരതീയ ന്യായ സംഹിത വകുപ്പുകളും തമിഴ്‌നാട് പ്രോപ്പർട്ടി (നാശനഷ്ടം തടയൽ) നിയമത്തിലെ വകുപ്പുകളും കേസിൽ ചേർത്തിട്ടുണ്ട്.
എഫ്ഐആറിൽ വിജയിയുടെ പേര് മാത്രമല്ല നടന്റെ അടുത്ത അനുയായിയും ജനറൽ സെക്രട്ടറിയുമായ ആധവ് അർജുനയുടെ പേരും ഒഴിവാക്കിയിട്ടുണ്ട്. ലോട്ടറി വ്യവസായിയായ സാന്റിയാഗോ മാർട്ടിന്റെ മരുമകനാണ് ആധവ് അർജുന.

Content Summary: Karur stampede, Vijay’s name not in FIR, Case filed against TVK leaders for murder

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×