പാതിവില തട്ടിപ്പിന്റെ മുഖ്യസൂത്രധാരന്‍; ചോദ്യങ്ങള്‍ ബാക്കിയാക്കി ആനന്ദ കുമാറിന്റെ അറസ്റ്റ്

കേസിൽ ആനന്ദ കുമാറിൻ്റെ പങ്ക് ആദ്യമേ തന്നെ തെളിഞ്ഞിരുന്നു

ഫെബ്രുവരി ഒന്നിനാണ് കേരളത്തെ ഞെട്ടിച്ചു കൊണ്ട് പാതിവില തട്ടിപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്. തട്ടിപ്പ് നടത്തിയതായി കണ്ടെത്തി മുഖ്യപ്രതി അനന്തു കൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ ജനങ്ങള്‍ അറിയാന്‍ തുടങ്ങിയത്. അറസ്റ്റ് ചെയ്തതിന് ശേഷം തട്ടിപ്പില്‍ പല രാഷ്ട്രീയ പ്രമുഖന്മാരും ഉള്‍പ്പെട്ടിരുന്നുവെന്ന് അനന്തു കൃഷ്ണന്‍ മൊഴി നല്‍കിയിരുന്നു.

കേസിൽ തുടക്കത്തിലെ തന്നെ ഉയര്‍ന്നുകേട്ട പേരാണ് ആനന്ദ കുമാറിന്റേത്. കേസിലെ മുഖ്യസൂത്രധാരന്‍ സായി ഗ്രാം ട്രെസ്റ്റ് ചെയര്‍മാന്‍ ആനന്ദ കുമാറാണെന്ന് ആദ്യമേ തന്നെ തെളിഞ്ഞിരുന്നു. എന്നാല്‍ അനന്തു കൃഷ്ണന്റെ അറസ്റ്റ് കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോഴാണ് ആനന്ദ കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. തട്ടിപ്പിന്റെ പിന്നില്‍ ആനന്ദ കുമാറാണെന്നും എന്നാല്‍ ആനന്ദ കുമാറിനെ മനപൂര്‍വ്വം കേസില്‍ നിന്നും ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും തട്ടിപ്പില്‍ ഇരകളായ എന്‍ജിഒകള്‍ വെളിപ്പെടുത്തിയിരുന്നു. പലരും ആനന്ദ കുമാറിന്റെ വാക്ക് വിശ്വസിച്ചാണ് പദ്ധതിയില്‍ ഭാഗമായതെന്നും അനന്തു കൃഷ്ണനെ എന്‍ജിഒകള്‍ക്ക് പരിചയപ്പെടുത്തിയതെന്നും എന്‍ജിഒകള്‍ പറഞ്ഞിരുന്നു.
കേസില്‍ കുടുങ്ങിയ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റടക്കമുള്ളവര്‍ ആനന്ദ കുമാര്‍ വഴിയാണ് അനന്തുവിനെ അറിഞ്ഞതെന്ന് പറഞ്ഞിരുന്നു.

മൂവാറ്റുപുഴ സീഡ് സൊസൈറ്റി സെക്രട്ടറി റിജി വര്‍ഗീസ് നല്‍കിയ കേസിലാണ് ഇപ്പോള്‍ ആനന്ദ കുമാറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ജില്ല സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ, കസ്റ്റഡിയിലെടുത്തെങ്കിലും ദേഹാസ്വാസ്ഥ്യമുണ്ടായ ആനന്ദകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

തിങ്കളാഴ്ച മൂന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ തനിക്ക് തട്ടിപ്പുമായി ബന്ധമില്ലെന്നും ട്രസ്റ്റിലേക്കാണ് തുക എത്തിയതെന്നും ഒരു തുകപോലും താന്‍ എടുത്തിട്ടില്ലെന്നുമുള്ള വാദമാണ് ആനന്ദകുമാര്‍ മുന്നോട്ട് വെച്ചത്. എന്നാല്‍, തട്ടിപ്പിനെക്കുറിച്ച് മുന്‍കൂട്ടി എല്ലാ അറിവും ആനന്ദകുമാറിനുണ്ടായിരുന്നു എന്നാണ് പോലീസ് വാദിച്ചത്. പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് നാല് തവണയാണ് ആനന്ദകുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹര്‍ജി കോടതി മാറ്റിയത്. പിന്നീട് പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച കോടതി ഹര്‍ജി പരിഗണിക്കുകയും തള്ളുകയും ചെയ്തിരുന്നു.

കേസില്‍ മുഖ്യപ്രതി ആയിരുന്നിട്ട് പോലും ആനന്ദ കുമാറിന്റെ അറസ്റ്റ് വൈകിയത് എന്താണെന്നത് ഇപ്പോഴും വ്യക്തമല്ല. അനന്തു കൃഷ്ണന്റെ വിശദാംശങ്ങള്‍ പല കോണുകളില്‍ നിന്നും പുറത്തുവന്നിട്ടും ആനന്ദ കുമാറിന്റെ വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവന്നിരുന്നില്ല. പലര്‍ക്കും സായി ഗ്രാമത്തിന്റെ പേരില്‍ മാത്രമാണ് ആനന്ദ കുമാറിനെ അറിഞ്ഞിരുന്നത്.

പാതിവില തട്ടിപ്പിന്റെ സൂത്രധാരനായ ആനന്ദ കുമാര്‍ മട്ടാഞ്ചേരി സ്വദേശിയാണെന്നാണ് ലഭിക്കുന്ന വിവരം. സായി ഗ്രാമത്തിന്റെ ആജീവനാന്ത പ്രസിഡന്റ് എന്ന നിലയിലാണ് ആനന്ദ കുമാര്‍ നിലകൊള്ളുന്നതെന്നാണ് പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. സായ് ഗ്രാമം ഗ്ലോബല്‍ ട്രസ്റ്റിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ ആനന്ദകുമാറിന്റെ ശാസ്തമംഗലത്തെ വീട് കേസ് വന്നത് മുതല്‍ പൂട്ടിയിട്ടനിലയിലാണ്. മൊബൈല്‍ഫോണില്‍ വിളിച്ചാലും പ്രതികരിച്ചിരുന്നില്ല.

നേരത്തെ പാതിവില തട്ടിപ്പില്‍ കണ്ണൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ആനന്ദകുമാറിനെ പോലീസ് പ്രതിചേര്‍ത്തിരുന്നു. ആനന്ദകുമാര്‍ ചെയര്‍മാനായിരുന്ന എന്‍.ജി.ഒ. കോണ്‍ഫെഡറേഷനാണ് അനന്തുകൃഷ്ണനെ സ്‌കൂട്ടര്‍ വിതരണത്തിന്റെ ചുമതല ഏല്‍പ്പിച്ചതെന്ന് ക്‌ണ്ടെത്തിയിരുന്നു. ആനന്ദകുമാറിന് മാസംതോറും പത്തുലക്ഷം രൂപ നല്‍കിയിരുന്നതായി അനന്തുകൃഷ്ണനും പോലീസിന് മൊഴി നല്‍കിയിരുന്നു. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് 200 എന്‍ജിഒകളെ പങ്കെടുപ്പിച്ച് കൊണ്ട് വലിയ പരിപാടിയായിരുന്നു ആനന്ദ കുമാര്‍ എറണാകുളത്തെ ഹോട്ടല്‍ ലെ മെറിഡിയനിലും ബിടിഎച്ചിലുമായി നടത്തിയത്. ഫീസ് ഈടാക്കിക്കൊണ്ടായിരുന്നു ആളുകളെ അതില്‍ പങ്കെടുപ്പിച്ചത്.

സിഎസ്ആര്‍ ഫണ്ട് കൈപ്പറ്റുന്നതായി വലിയ ലോബികള്‍ തന്നെ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതായാണ് പാതിവില തട്ടിപ്പുകളില്‍ നിന്നും വ്യക്തമാകുന്നത്. കേരളത്തില്‍ ഒരു വര്‍ഷം 600 കോടി സിഎസ്ആര്‍ ഫണ്ടായി പല സംഘടനകളും കൈക്കലാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മതസ്ഥാപനങ്ങളുടെ പിന്തുണയും ഇതില്‍ വലിയ പങ്കുവഹിക്കുന്നു. ഇതിനെയെല്ലാം പിന്തുണയ്ക്കുന്നതാണ് കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളും അധികാരികളും.

Content summary: Mastermind Behind Half-Price Scam, Anand Kumar, Arrested – Unanswered Questions Remain
Anand Kumar Half-Price Scam 

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment