ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയെന്നാരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ടതോടെ വ്യാപകമായ അധിക്ഷേപമാണ് റാപ്പറായ വേടനെതിരെ മാധ്യമങ്ങളിലൂടെ നടക്കുന്നത്. ഈയടുത്ത ദിവസങ്ങളിൽ വരെ വേടനെന്ന ഹിരൺദാസിനെ പ്രകീർത്തിച്ച് കൊണ്ട് വാർത്തകൾ നൽകിയിരുന്ന മാധ്യമങ്ങളുടെ നിലപാട് മാറ്റം ചോദ്യം ചെയ്യപ്പെടുന്നുമുണ്ട്. കഞ്ചാവ് തുന്നിയിട്ട കുപ്പായമെന്ന തലക്കെട്ടോടെയാണ് ഏഷ്യാനെറ്റ് ന്യൂസ് വേടൻ അറസ്റ്റിലായ വാർത്ത നൽകിയത്. ഇന്നലെ വരെ വേടന്റെ രാഷ്ട്രീയത്തെയും വരികളെയും പ്രകീർത്തിച്ച് കൊണ്ട് വാർത്ത നൽകിയിരുന്ന മാധ്യമങ്ങൾ തന്നെയാണ് ഈ വാർത്തയും ആഘോഷിക്കുന്നത്. മാധ്യമങ്ങളുടെ ഈ നിലപാടിനെതിരെ ശക്തമായ വിമർശനങ്ങളുയരുന്നുണ്ട്.
രണ്ട് വർഷം മുമ്പാണ് മോഹൻലാൽ നിയമവിരുദ്ധമായി ആനക്കൊമ്പ് കൈവശം വച്ച വാർത്തയെത്തുന്നത്. ആനക്കൊമ്പിന്റെ മൂല്യവും മാർക്കറ്റിൽ അതിനുള്ള വിലയും നമുക്ക് കൃത്യമായി അറിയുന്നതാണ്. ഫോറസ്റ്റ് നിയമപ്രകാരം ജാമ്യമില്ലാ വകുപ്പായി മാറുന്ന ഒരു കുറ്റമാണിത്. അന്നതിനെ ന്യായീകരിച്ചെഴുതിയ മാധ്യമങ്ങളാണ് ഇന്ന് വേടനെ വിമർശിക്കുന്നതെന്ന് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ മായ പ്രമോദ് അഴിമുഖത്തോട് പറഞ്ഞു.
വേടനെന്ന വ്യക്തിക്കെതിരെ ഉയരുന്ന പല ആരോപണങ്ങളോട് ശക്തമായി തന്നെ പ്രതികരിച്ചിട്ടുള്ള വ്യക്തിയാണ് ഞാൻ. ചെയ്ത തെറ്റിനെ ഒരിക്കലും ന്യായീകരിക്കുന്നുമില്ല. മീ ടൂ ആരോപണങ്ങളടക്കം തനിക്ക് നേരെ വന്നപ്പോൾ ക്ഷമ പറഞ്ഞു കൊണ്ട് സമൂഹത്തിനകത്തേക്ക് വന്ന വ്യക്തിയാണ് വേടൻ. കേവലം 28 വയസ് മാത്രമുള്ള ഈ യുവാവ് തന്റെ വരികളിലൂടെ ശക്തമായ രാഷ്ട്രീയം ഉയർത്തുകയാണ്. തന്റെ വരികളിലൂടെ സംഘപരിവാറിനും സിപിഎമ്മിനും ഇവിടെ ജാതിസ്പർധയുണ്ടാക്കുന്ന എല്ലാവർക്കുമെതിരെ വേടൻ കൃത്യമായ രാഷ്ട്രീയം പറയുന്നു അതിനെതിരെയുള്ള അമർഷമാണ് ഈ കാണുന്നതെന്ന് മായ വ്യക്തമാക്കി.
ഈ കഴിഞ്ഞ ദിവസം വരെ 24ഉം ന്യൂസ് 18യും അടക്കമുള്ള മാധ്യമങ്ങൾ വളരെ ഹൈപ്പോട് കൂടിയാണ് വേടന്റെ വാർത്തകൾ നൽകിയിരുന്നതെന്ന് അവരുടെ ന്യൂസ് പോർട്ടലുകൾ എടുത്ത് നോക്കിയാൽ കാണാൻ സാധിക്കും. അതിന് എത്രമാത്രം വ്യൂസ് കിട്ടിയെന്ന് അവരുടെ പോർട്ടൽ പരിശോധിച്ചാൽ മനസിലാവും. ഇത്തരത്തിൽൽ ലാഭം നേടിയ ഈ മാധ്യമങ്ങൾ തന്നെയാണ് ഇപ്പോൾ ഈ കേസും ആഘോഷിക്കുന്നത്. സ്റ്റേഷൻ ജാമ്യത്തിൽ വിടാൻ പാകത്തിനുള്ള ഒരു കേസ് മാത്രമാണിത്. ചെയ്ത തെറ്റിന് വേടൻ ഒരിക്കലും ന്യായീകരണം അർഹിക്കുന്നില്ല. അതിനെതിരെ ആവശ്യമായ നിയമനടപടി സ്വീകരിക്കുകയും വേണം. അതിനർത്ഥം അയാളുയർത്തുന്ന രാഷ്ട്രീയം അതല്ലാതാവുന്ന എന്നല്ല. അയാളുയർത്തി വിട്ട പൊളിറ്റിക്സ് ഇവിടെ തിരി കൊളുത്തി കഴിഞ്ഞു ആളുകൾക്കിടയിൽ. അത് കേവളം ദലിത് മനുഷ്യരുടെയിടയിൽ മാത്രമല്ല. വേടന്റെ രാഷ്ട്രീയത്തിന് ലഭിച്ച സ്വീകാര്യത കൊണ്ടാണ് വേടന്റെ സ്റ്റേജ് ഷോകളിലെല്ലാം ഇത്ര തിരക്ക്. 10,15 ദിവസം വേടനെ അകത്തിട്ട് കഴിഞ്ഞാൽ ഇയാൾക്ക് കിട്ടിയിരിക്കുന്ന സ്വീകാര്യത ഇല്ലാതാവുമെന്ന് പൊതുവേ ധാരണയുണ്ടെങ്കിൽ അത് തെറ്റാണെന്ന് മായ പറയുന്നു
കഞ്ചാവ് തുന്നിയിട്ട കുപ്പായമെന്ന് പറഞ്ഞു കൊണ്ടാണ് ഏഷ്യാനെറ്റ് ഈ വിഷയത്തെ സമീപിച്ചിരിക്കുന്നത്. മാധ്യമപ്രവർത്തകരടക്കം ഈ പറയുന്ന കഞ്ചാവ് ഉപയോഗിച്ചതിനെപ്പറ്റി ഹരീഷ് വാസുദേവൻ എഴുതിയിരുന്നു. ഇതൊന്നും പ്രശ്നമല്ലാത്ത സമൂഹത്തിൽ വേടന്റെ കാര്യം മാത്രം പ്രശ്നമാവുന്നതിന്റെ ഉദ്ദേശം അയാളുടെ രാഷ്ട്രീയത്തിനെതിരെയുള്ള പവർ പൊളിറ്റിക്സിന്റെ ശക്തമായ പ്രതികരണമാണ്. ഖാലിദ് റഹ്മാനെയും, ശ്രീനാഥ് ഭാസിയുടെയും ഷൈൻ ടോം ചാക്കോയുടെയും കേസുകളോടുള്ള സമീപനത്തിൽ നിന്ന് വ്യത്യസ്തമായ ഒരു മാധ്യമ വിചാരണയാണ് ഇപ്പോൾ വേടനെതിരെ നടക്കുന്നത് ആ വിചാരണയെ ആണ് ജാതീയത എന്ന് പറയുന്നത്. അതിനെയാണ് ഞങ്ങൾ എതിർക്കുന്നത്. അയാളുയർത്തി വിട്ട രാഷ്ട്രീയം ഇവിടെ തന്നെ നിലനിൽക്കുമെന്ന് മായ വ്യക്തമാക്കി.
വേടന്റെ വരികളും അതിലെ ശക്തമായ രാഷ്ടീയവും വളരെ പ്രോബ്ലമാറ്റിക്കായാണ് ഈ സമൂഹമെടുക്കുന്നത്. അത് സെൻസിബിൾ ആയിട്ടുള്ള ആർക്കും മനസിലാവുന്ന കാര്യമാണ്. മാധ്യമ മുതലാളിമാരുടെ പല കേസുകളും ചർച്ച ചെയ്യപ്പെടാതെ പോകുന്നതും അവർ സമൂഹത്തിന് പുണ്യവാളൻമാരായി തീരുന്നതും ചർച്ച ചെയ്യുന്നില്ല. ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തപ്പോഴും അയാളുടെ കല റദ്ദാക്കമെന്നൊരു ആവശ്യം എവിടെയും കണ്ടില്ല. അപ്പോഴൊന്നും ഉണ്ടാവാത്ത പ്രശ്നങ്ങൾ എങ്ങനെയാണ് വേടനെതിരെ മാത്രം ഉയർന്നു വരുന്നതെന്നാണ് മനസിലാവാത്തതെന്ന് മായ പറഞ്ഞു
താൻ കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്ന് പറയുമ്പോഴും സിന്തറ്റിക്സ് ലഹരി ഉപയോഗത്തിലേക്ക് പോകരുതെന്ന് കുട്ടികളോട് വേടൻ ആവശ്യപ്പെടുന്നുണ്ട്. ഈ സിന്തറ്റിക് ലഹരിയുടെ ഉറവിടം പോലും കണ്ടെത്താൻ സാധിക്കാതെ 6 ഗ്രാം കഞ്ചാവ് കണ്ടെത്തിയെന്ന കാരണത്താൽ അയാളുടെ ചരിത്രം വരെ ചികഞ്ഞെടുത്ത പൊലീസിന്റെ താത്പര്യത്തിന്റെ പേരും ജാതീയത എന്നാണ്. ആ ജാതീയതക്കെതിരെയാണ് ഞങ്ങൾ പ്രതികരിക്കുന്നതെന്ന് മായ പറയുന്നു. ശ്രീലങ്കയിൽ നിന്നുള്ള അഭയാർത്ഥി കുടുംബത്തിലെ അംഗമാണ് വേടൻ. എത്രത്തോളം ട്രോമകളിലൂടെയാവാം അയാൾ കടന്നു പോന്നിട്ടുണ്ടാവുക. ഇതെല്ലാം അതിനകത്തൊരു ഘടകമാണ്. ദലിതരായ ആളുകൾ കുറ്റോരോപിതരാകുന്ന കേസുകളിൽ അതിനെതിരെ സംസാരിക്കുന്നത് ഇരവാദം മുഴക്കുന്നതാണെന്നാണ് ആളുകളുടെ വാദം. വിക്റ്റിമ് കാർഡ് പ്ലേ ചെയ്യുന്നുവെന്ന് പറയുന്നതിൽ തന്നെ വലിയ പ്രശ്നമുണ്ട്. വളരെ പ്രശ്നമുള്ള ഒരു വാക്കാണിത് അതൊരു സമൂഹത്തിനെതിരെ പ്രയോഗിക്കുന്നതും പ്രശ്നമാണ്. കാലാകാലങ്ങളായി ഞങ്ങളിവിടെ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചാണ് പറയുന്നത്. ഇതിലും വലിയ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുള്ളവരുള്ള ഈ നാട്ടിൽ വേടനെ പോലൊരാൾക്ക് ഇവിടെ ജീവിക്കാൻ അവകാശമില്ലെന്ന് പറയുന്ന തരത്തിലുള്ള ഒരു ബുള്ളിയിങ് ഉണ്ടല്ലോ അതിനെതിരെ പ്രതികരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഞങ്ങളെന്ന് മായ കൂട്ടിച്ചേർത്തു.
content summary: Mainstream media is handling the drug case involving rapper Vedan in a biased manner, showing hostility toward his political views
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.