തലേന്ന് എന്തൊക്കെയാണ് സംഭവിച്ചത്… എന്ന ജിജ്ഞാസയിലാണ് പലരും രാവിലെ തന്നെ പത്രങ്ങള്‍ മറിച്ചുനോക്കുക. എന്നാല്‍ ഇന്ന് കൈയില്‍ കിട്ടിയ പത്രം കണ്ടതോടെ തന്നെ പലരിലും ചങ്കിടിപ്പാണ് ഉണ്ടായത്. മുഴുവന്‍ അവിശ്വസനീയമായ കാര്യങ്ങള്‍. മറ്റൊരു പത്രം കൂടി നോക്കാമെന്ന് കരുതി എവിടുന്നേലും സംഘടിപ്പിച്ച് വായിച്ചാലും കാര്യങ്ങളില്‍ മാറ്റമൊന്നുമില്ല.Journalism loses its credibility
എല്ലാ പത്രങ്ങളിലും ഒരേ വാര്‍ത്ത… ഒരേ ടൈറ്റിലില്‍ തന്നെ. കൈയിലിരിക്കുന്ന നോട്ട് ഒക്കെ ഇനി എന്ത് ചെയ്യും… വീണ്ടും നോട്ട് നിരോധനമാണോ… രാവിലെ പത്രം വായിച്ച ഏതൊരു മലയാളിയുടെയും മനസ്സില്‍ തോന്നിയ കാര്യങ്ങളാണിതൊക്കെ. വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് ഇന്ന് എല്ലാ മലയാള പത്രങ്ങളുടെയും ഫ്രണ്ട് പേജില്‍ നോട്ടേ, വിട; ഇനി ഡിജിറ്റല്‍ കറന്‍സി എന്ന പേരിലുള്ള വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്.
ഫെബ്രുവരി ഒന്ന് മുതല്‍ ഡിജിറ്റല്‍ കറന്‍സിയിലേക്ക് മാറുന്നു എന്ന തരത്തിലായിരുന്നു വാര്‍ത്ത നല്‍കപ്പെട്ടത്. വരാന്‍ പോകുന്ന കാലത്ത് ഭാവനാത്മകമായി സംഭവിക്കാവുന്ന വാര്‍ത്തകളായിട്ടാണ് എല്ലാ പത്രങ്ങളുടെയും മുന്‍പേജ് അച്ചടിക്കപ്പെട്ടത്. ആളുകളെ തെറ്റിദ്ധരിപ്പിച്ചത് ഈയൊരു വാര്‍ത്ത മാത്രമല്ല, ഫിഫ ഗോളാന്തര കപ്പ് ഫൈനല്‍ കണ്ടത് 500 കോടി ആരാധകര്‍, സമുദ്രത്തിനടിയിലെ ആദ്യ നഗരമാണ് ഓഷ്യാനസ് എന്നൊക്കെയുള്ള വാര്‍ത്തകളാണ് പത്രങ്ങളില്‍ മുന്‍പേജില്‍ നല്‍കി വായനക്കാരെ രാവിലെ തന്നെ തെറ്റിദ്ധരിപ്പിച്ചത്.
കൊച്ചിയിലെ ജെയിന്‍ ഡീംസ് ടു-ബി യൂണിവേഴ്‌സിറ്റിയുടെ ദി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025 ന്റെ പ്രചരണാര്‍ത്ഥം തയ്യാറാക്കിയ സാങ്കല്പിക വാര്‍ത്തകളാണ് എല്ലാ പത്രങ്ങളും തങ്ങളുടെ ഫ്രണ്ട് പേജില്‍ നല്‍കിയതെന്ന് വായനക്കാരന് മനസ്സിലാക്കണമെങ്കില്‍ ഞെട്ടലൊക്കെ മാറി പത്രത്തിന്റെ താഴേക്ക് വായന എത്തണം. അതും ചെറിയൊരു കോളത്തില്‍ മാര്‍ക്കറ്റിംഗ് ഫീച്ചറാണെന്നും യഥാര്‍ത്ഥ സംഭവങ്ങളുമായി യാതൊരു ബന്ധമില്ലാത്ത കാര്യമാണെന്നും പരസ്യം നല്‍കിയ യൂണിവേഴ്‌സിറ്റിക്ക് വായനക്കാരെ തെറ്റിദ്ധരിപ്പിച്ച വാര്‍ത്തകളില്‍ യാതൊരു ബന്ധമില്ലെന്ന തരത്തിലും.
ഇതിനെല്ലാം പുറമെ ചാനലുകളിലെ പത്രവൃത്താന്ത പരിപാടികളിലും റിപ്പോര്‍ട്ടര്‍ ചാനല്‍ ഉള്‍പ്പെടെ ഉള്ളവര്‍ ഈ വാര്‍ത്തയെ യാഥാര്‍ത്ഥ്യമായാണ് അവതരിപ്പിച്ചത്. പത്രങ്ങളുടെ ഈ തെറ്റിദ്ധരിപ്പിക്കലിന് കൂട്ടുനില്‍ക്കുന്ന തരത്തിലാണ് ചാനലുകളുടെയും പ്രതികരണം ഉണ്ടായത്.
പരസ്യത്തെ പരസ്യമായി ചിത്രീകരിക്കാതെ വാര്‍ത്താ രൂപത്തില്‍ കൊടുത്ത് വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന മാധ്യമരീതി പരിഹാസ്യമാണ്. പത്രത്തിന്റെ ഒരറ്റത്ത് മാര്‍ക്കറ്റിംഗ് ഫീച്ചര്‍ എന്നെഴുതി പരസ്യം വാര്‍ത്താരൂപത്തില്‍ വായിക്കുന്നതിനാണോ നമ്മള്‍ പണം മുടക്കി പത്രം വാങ്ങി വായിക്കുന്നത്? സ്വന്തം വിശ്വാസ്യത തകര്‍ത്ത് ഉപഭോക്താക്കളെ വഞ്ചിക്കുന്ന മാര്‍ക്കറ്റിംഗ് പരീക്ഷണമാണ് തെറ്റിദ്ധരിപ്പിക്കല്‍ വാര്‍ത്തകളിലൂടെ പത്രങ്ങള്‍ ചെയ്തിരിക്കുന്നത്.
നോട്ട് നിരോധന കാലം രാജ്യത്തെ ഒരാള്‍ക്കും മറക്കാനാകില്ലാത്തതാണ്. അതുകൊണ്ട് തന്നെ നോട്ടേ, വിട; ഇനി ഡിജിറ്റല്‍ കറന്‍സി എന്ന വാര്‍ത്ത കണ്ടാല്‍ പത്രങ്ങളുടെ മാര്‍ക്കറ്റിംഗ് തന്ത്രമറിയാത്ത പാവം മലയാളികള്‍ പരസ്യത്തെ വാര്‍ത്തയായി തെറ്റിദ്ധരിക്കും. മലയാളിയുടെ പത്രവായനാ ശീലത്തെ ചൂഷണം ചെയ്യുന്നതാണോ മാറിയ മാധ്യമധര്‍മം എന്ന് ചോദിക്കാതെ വയ്യ. ആളുകളെ പറ്റിക്കുന്ന തരത്തില്‍ പത്രങ്ങള്‍ നല്‍കിയ ഈ പരസ്യമാര്‍ക്കറ്റിനെതിരെ സോഷ്യല്‍ മീഡിയയിലും വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.Journalism loses its credibility
Content Summary: media marketing strategy; Journalism loses its credibility