ഭയാനകമായ ഒരു ഭൂകമ്പവും തുടര്‍ന്നുണ്ടാകുന്ന സുനാമിയും ജപ്പാനെ തകര്‍ക്കുമെന്ന് മുന്നറിയിപ്പ്. മൂന്നു ലക്ഷം മനുഷ്യരെങ്കിലും കൊന്നൊടുക്കപ്പെട്ടും, ജപ്പാന്റെ വാര്‍ഷിക ഡിജിപിയുടെ പകുതിയോളം വരുന്ന സാമ്പത്തിക നഷ്ടമാകും(ഏകദേശം രണ്ട് ട്രില്യണ്‍ ഡോളര്‍) ഇതുമൂലം ഉണ്ടാവുക. പുതിയൊരു സര്‍ക്കാര്‍ റിപ്പോര്‍ട്ടിലാണ് ലോകത്തെ തന്നെ നടുക്കുന്ന മുന്നറിയിപ്പുള്ളത്.
ടോക്കിയോയ്ക്ക് പടിഞ്ഞാറുള്ള ഷിസുവോക്കയില്‍ നിന്ന് ക്യുഷുവിന്റെ തെക്കേ അറ്റം വരെ വ്യാപിച്ചുകിടക്കുന്ന 800 കിലോമീറ്റര്‍ (500 മൈല്‍) ദൂരത്തില്‍ കടലിനടിയിലുള്ള കിടങ്ങായ നാന്‍കായ് തോടില്‍(Nankai Trough) റിക്ടര്‍ സ്‌കെയിലില്‍ 9 തീവ്രതയില്‍ ഉണ്ടായേക്കാവുന്ന ഒരു വലിയ ഭൂകമ്പമാണ് പ്രതീക്ഷിക്കുന്നത്. ഇത്തരമൊരു പ്രകൃതി ദുരന്തം ഉണ്ടായാലുള്ള ആഘാതം വിലയിരുത്തിയ 2014 ലെ കണക്കിന്റെ പരിഷ്‌കരിച്ച പുതിയ മുന്നറയിപ്പാണ് തിങ്കളാഴ്ച്ച സര്‍ക്കാര്‍ പുറത്തു വിട്ടിരിക്കുന്നത്.
ജപ്പാന്റെ തീരപ്രദേശങ്ങളെയാകും ഭൂകമ്പം ബാധിക്കുക. ഭൂകമ്പത്തെ തുടര്‍ന്നുണ്ടാകുന്ന സുനാമി ടോക്കിയുടെ പടിഞ്ഞാറുള്ള ജപ്പാന്റെ തീരപ്രദേശങ്ങളെ വിഴുങ്ങും എന്നുമാണ് ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നത്.
2011 മാര്‍ച്ചില്‍ ജപ്പാന്റെ വടക്കുകിഴക്കന്‍ തീരത്തെ തകര്‍ത്ത, 9.0 തീവ്രതയില്‍ ഉണ്ടായ ഭൂകമ്പത്തിന്റെ അതേ ശക്തിയില്‍ തന്നെയുള്ള ഒരു ഭൂകമ്പമായിരിക്കും വീണ്ടും സംഭവിക്കുകയെന്നാണ് പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. വ്യാപകമായ തകര്‍ച്ചകള്‍ക്കും, സുനാമിക്കും, തീപിടുത്തങ്ങള്‍ക്കുമെല്ലാം കാരണമാകുമെന്ന സര്‍വസംഹാരം നടത്തുന്ന ഭൂകമ്പം, പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ശൈത്യകാലത്ത് വൈകുന്നേരത്തോടെയാണ് ഭൂകമ്പം ഉണ്ടാകുന്നതെങ്കില്‍ നാശം അതിഭീകരമായിരിക്കുമെന്നും ഈ മുന്നറിയിപ്പ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതിനുള്ള കാരണങ്ങള്‍ റിപ്പോര്‍ട്ടില്‍ പറയുന്നതിങ്ങനെയാണ്, ജനം ജോലി കഴിഞ്ഞ് വീടുകളിലേക്ക് തിരികെ പോകുന്ന സമയമായിരിക്കുമത്, റോഡുകളിലും പൊതുഗതാഗത സ്റ്റേഷനുകളിലും വലിയ ജനത്തിരക്ക് ആ സമയത്തുണ്ടാകും. ഈ സമയത്ത്, വീടുകളില്‍ പാചകം ചെയ്യുന്ന തിരക്കായിരിക്കും, അതുപോലെ ഹീറ്റിംഗ് സംവിധാനങ്ങള്‍ വീടുകളിലും മറ്റ് താമസസ്ഥലങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ടാകും, ഇത് തീപിടുത്തത്തിന്റെ സാധ്യത ഇരട്ടിപ്പിക്കും. ഇത്തരം സാഹചര്യം മരണസംഖ്യ 298,000 വരെയെത്തിക്കാമെന്നാണ് അനുമാനം. ജീവനാശം കൂടാതെ രാജ്യത്തെ തകര്‍ക്കുക സാമ്പത്തിക നഷ്ടമാണ്. കെട്ടിടങ്ങള്‍, റോഡുകള്‍, പാലങ്ങള്‍ എന്നിവയുടെ തകര്‍ച്ചയിലൂടെ ഉണ്ടാകുന്ന നേരിട്ടുള്ള സാമ്പത്തിക നഷ്ടം കൂടാതെ, ദൂരവ്യാപക ഫലങ്ങള്‍ സൃഷ്ടിക്കുന്ന സാമ്പത്തിക തകര്‍ച്ചയും ജപ്പാന്‍ നേരിടേണ്ടി വരും. 270 ട്രില്യണ്‍ ജപ്പാന്‍ യെന്‍(ഏകദേശം 1.8 ട്രില്യണ്‍ ഡോളര്‍) ആയിരിക്കും ജപ്പാന്‍ നേരിടാന്‍ പോകുന്ന സാമ്പത്തിക നഷ്ടം. ഈ കണക്ക് ജപ്പാന്റെ വാര്‍ഷിക ജിഡിപിയുടെ പകുതി വരുമെന്നതാണ് ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യം. 3.6 ട്രില്യണ്‍ ഡോളറാണ് ജപ്പാന്റെ വാര്‍ഷിക ജിഡിപിയായി കണക്കാക്കുന്നത്. അതിന്റെ പകുതിയോളം സാമ്പത്തിക നഷ്ടമുണ്ടായാല്‍ ജപ്പാന്റെ നടുവ് തളര്‍ത്തുന്ന പ്രഹരമായിരിക്കുമത്.
ഭൂകമ്പത്തെക്കാള്‍ ഭയക്കേണ്ടത്, ഇതിന്റെ ആഘാതത്തില്‍ ഉണ്ടാകുന്ന സുനാമിയാണ്. അതായിരിക്കും കൂടുതല്‍ ക്രൂരനാകുന്ന കൊലയാളി. 2011 ലെ ഭൂകമ്പ സമയത്തും മനുഷ്യജീവനുകള്‍ കൂടുതല്‍ കവര്‍ന്നതും സുനാമിയായിരുന്നു. അതിനോടൊത്ത ഒന്നു തന്നെയാണ് ഇനിയും പ്രതീക്ഷിക്കുന്നത്. 2011 ലെ സുനാമിയുടെ തീവ്രതയില്‍ ഉണ്ടാകുന്ന സുനാമി തന്നെയായിരിക്കും ഇത്തവണയുണ്ടാകുന്നതെന്നും, ഇതില്‍ ആയിരിക്കാം ഭൂകമ്പത്തിലുണ്ടാകുന്നതിനെക്കാള്‍ മൂന്നിരട്ടി മരണം സംഭവിക്കുകയെന്നാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. സുനാമിയില്‍ 950,000 പേര്‍ക്കെങ്കിലും പരിക്കേല്‍ക്കുകയും 2.35 ദശലക്ഷം വീടുകളെങ്കിലും തകരും എന്നുമാണ് മുന്നറിയിപ്പ്.
ഒരുകാര്യത്തില്‍ ആശ്വാസമുണ്ട്. 10 വര്‍ഷം മുമ്പ് പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്ന മരണസംഖ്യയെക്കാള്‍ കുറവാണ് പുതിയ റിപ്പോര്‍ട്ടില്‍ കാണിക്കുന്നത്. 2014 ലെ റിപ്പോര്‍ട്ടില്‍ 330,000 പേരുടെ മരണസംഖ്യയാണ് പ്രവചിച്ചിരുന്നത്. പുതിയ റിപ്പോര്‍ട്ടില്‍ ഇതില്‍ കുറവാണ് പറയുന്നത്. പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയതാണ് പ്രതീക്ഷാനിര്‍ഭരമായ മാറ്റത്തിന് കാരണമായി പറയുന്നത്. കെട്ടിടങ്ങള്‍ ശക്തിപ്പെടുത്തല്‍, മൊബൈല്‍ ഫോണ്‍ അധിഷ്ഠിത മുന്നറിയിപ്പ് സംവിധാനങ്ങള്‍ വികസിപ്പിച്ചത്, സര്‍ക്കാര്‍ തലത്തില്‍ പ്രതിരോധ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തിയതൊക്കെയാണ് ദുരന്തത്തെ കൂടുതല്‍ കരുത്തോടെ ജപ്പാനെ സഹായിക്കുന്നത്.
എന്നാല്‍ പുതിയ റിപ്പോര്‍ട്ടില്‍ മുന്‍ റിപ്പോര്‍ട്ടിനെക്കാള്‍ ഭീതിപ്പെടുത്തുന്ന കാര്യം രാജ്യത്തിനുണ്ടാകുന്ന സാമ്പത്തിക നഷ്ടമാണ്. സാമ്പത്തിക നാശനഷ്ടങ്ങള്‍ 26 ശതമാനം വര്‍ദ്ധിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. സമസ്തമേഖലകളെയും ബാധിക്കുന്ന സാമ്പത്തിക തകര്‍ച്ചയായിരിക്കും പ്രതീക്ഷിക്കേണ്ടത്.
ലോകത്ത് ഏറ്റവും വലിയ ഭൂകമ്പസാധ്യത നിലനില്‍ക്കുന്ന രാജ്യമാണ് ജപ്പാന്‍. ഏതുസമയത്തും ഉണ്ടാകാവുന്നൊരു ഭൂകമ്പത്തിന്റെ ഭീതിയിലാണ് ജപ്പാന്‍ ജനത ജീവിക്കുന്നത്. ഭൂകമ്പം, സുനാമി, ടൈഫൂണ്‍, തുടങ്ങിയ പല പ്രകൃതി ദുരന്തങ്ങളും ജപ്പാനെ പതിവായി ബാധിക്കുന്നുണ്ട്. Mega earthquake in Japan could kill 300,000 people, new report warns
Content Summary; Mega earthquake in Japan could kill 300,000 people, new report warns
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.