January 23, 2025 |

ഇന്ത്യന്‍ തൊഴിലിടങ്ങളിലെ സമാധാനമില്ലാത്ത സ്ത്രീകള്‍

ജോലിയും ജീവിതവും ബാലൻസ് ചെയ്യാൻ സാധിക്കുന്നില്ല

ഇന്ത്യയിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ സമ്മർദ്ദം കൂടുതലാണെന്ന് പഠനങ്ങൾ. യുവർ ദോസ്ത് നടത്തിയ ‘ഇമോഷണൽ വെൽനസ് സ്റ്റേറ്റ് ഓഫ് എംപ്ലോയീസ്’ എന്ന പഠനം ഏകദേശം 5,000-ലധികം ഇന്ത്യയിലെ പ്രൊഫഷണലുകളെ ഉൾപ്പെടുത്തി കൊണ്ടുള്ളതായിരുന്നു. പഠനത്തിൽ ജോലിസ്ഥലങ്ങളിൽ സ്ത്രീകളാണ് പുരുഷന്മാരേക്കാൾ കൂടുതൽ സമ്മർദ്ദമനുഭവിക്കുന്നതെന്നാണ് മാനസികാരോഗ്യ പ്ലാറ്റ്‌ഫോമായ യുവർ ദോസ്തിന്റെ കണ്ടെത്തൽ. 72.2% സ്ത്രീകളും ഉയർന്ന സമ്മർദ്ദത്തിലാണെന്ന ആശങ്കാജനകമായ വിവരങ്ങളാണ് റിപ്പോർട്ട് വെളിപ്പെടുത്തിയിരിക്കുന്നത്. അതേസമയം, സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർ കുറവ് സമ്മർദ്ദം അനുഭവിക്കുന്നുവെന്നും പഠനം പറയുന്നു. പുരുഷന്മാരിൽ 53.64% പേരാണ് ഉയർന്ന സമ്മർദ്ദം അനുഭവിക്കുന്നതായി കണ്ടെത്തിയത്. women work stressw omen are more stressed than men

വലിയൊരു ശതമാനം സ്ത്രീകൾക്കും തൊഴിൽ-ജീവിത തുല്യത ഇല്ലെന്നും പഠനം വ്യക്തമാക്കുന്നുണ്ട്. പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോൾ, വ്യക്തിജീവിതവും തൊഴിൽ ജീവിതവും സന്തുലിതമായി കൊണ്ടുപോകാൻ തങ്ങൾ പാടുപെടുന്നതായി 18% സ്ത്രീകൾ വ്യക്തമാക്കി. വ്യക്തിജീവിതവും തൊഴിൽ ജീവിതവും സന്തുലിത അവസ്ഥയില്ലാത്ത പുരുഷന്മാർ 12 % ആണ്. ജോലി-ജീവിത ബാലൻസ് ഇല്ലാത്തതാണ് സ്ത്രീകളിലെ സമ്മർദ്ദത്തിന്റെ പ്രധാന കാരണം. മതിയായ അംഗീകാരം ലഭിക്കാത്തതും, കുറഞ്ഞ മനോവീര്യം, മുൻവിധിയെക്കുറിച്ചുള്ള വേവലാതി എന്നിവയാണ് ഇവരിൽ സമ്മർദ്ദം ഉയർത്തുന്ന മറ്റ് ഘടകങ്ങൾ.

കൂടുതൽ സമ്മർദ്ദം അനുഭവിക്കുന്ന പ്രായക്കാർ

21 നും 30 നും ഇടയിലുള്ള  വിഭാഗമാണ് ഏറ്റവും കൂടുതൽ സമ്മർദ്ദം അനുഭവിക്കുന്നതെന്നാണ് റിപ്പോർട്ട് കണ്ടെത്തിയിരിക്കുന്നത്. 21 നും 30 നും ഇടയിലുള്ളവരിൽ 64.42% പേരാണ് കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുന്നത്. 31 നും 40 നും ഇടയിൽ പ്രായമുള്ള ജോലിക്കാർ ആണ് സമ്മർദ്ദം അനുഭവിക്കുന്ന അടുത്ത വിഭാഗം. ഈ വിഭാഗത്തിൽ 59.81% ആളുകളും സമ്മർദ്ദം അനുഭവിക്കുന്നവരാണ്.

41 മുതൽ 50 വരെയുള്ള പ്രായക്കാരാണ് ഏറ്റവും കുറഞ്ഞ പിരിമുറുക്കം അനുവവിക്കുന്നവർ. ഈ വിഭാഗത്തിൽ 53.5% മാത്രമാണ് ഉയർന്ന തോതിൽ ജോലിസ്ഥലത്തുനുള്ള സമ്മർദ്ദം അനുഭവിക്കുന്നതായി റിപ്പോർട്ട് ചെയ്തത്.

റിമോട്ട്, ഹൈബ്രിഡ് മോഡലുകൾ പോലെ ജോലി ചെയ്യുന്ന തരത്തിലുള്ള മാറ്റങ്ങൾ 21-30 വയസ് പ്രായമുള്ളവരെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് യുവർ ദോസ്തിലെ ചീഫ് സൈക്കോളജി ഓഫീസർ ഡോ ജിനി ഗോപിനാഥ് പറഞ്ഞു. ഇത്തരക്കാരെ സഹായിക്കുന്നതിന്, കമ്പനികൾ ജീവനക്കാരുമായുള്ള ആശയവിനിമയത്തിലും അവരുടെ മാനസികാരോഗ്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണം എന്നും, ജിനി ഗോപിനാഥ് കൂട്ടിച്ചേർത്തു.

ഐടി, മാനുഫാക്‌ചറിംഗ്, ഗതാഗതം, സ്റ്റാഫ്, റിക്രൂട്ടിംഗ്, ടെക്, മീഡിയ, നിയമ സേവനങ്ങൾ, ബിസിനസ് കൺസൾട്ടിംഗ് സേവനങ്ങൾ തുടങ്ങിയ മേഖലകളിലുടനീളമുള്ള ജീവനക്കാരെ ഉൾക്കൊള്ളിച്ചുകൊണ്ടാണ്‌ യുവർ ദോസ്ത് സർവേ റിപ്പോർട്ട് തയ്യാറാക്കിയത്.

 

content summary; Indian women are more stressed than men

×