മൈക്കലാഞ്ചലോ എന്ന ജീനിയസ്. ഇറ്റാലിയന്‍ ശില്‍പി, ചിത്രകാരന്‍, കവി, നിര്‍മാണവിദഗ്ധന്‍. കലയുടെ ലോകത്തിനപ്പുറത്ത് കാര്യമായി വ്യാപരിക്കാതിരുന്നിട്ടും, കൈവെച്ച മേഖലകളില്‍ പ്രകടിപ്പിച്ച പ്രതിഭാവൈവിദ്ധ്യവും മികവും നവോത്ഥാനനായകന്മാരില്‍ ഒരാളായ മൈക്കലാഞ്ചലോവിനെ ലോകം കണ്ട ഏറ്റവും മികച്ച ബഹുമുഖ പ്രതിഭയായ കലാകാരനായി കണക്കാക്കുന്നു.
മൈക്കലാഞ്ചലോ
പാശ്ചാത്യകലയുടെ ചരിത്രത്തെ ഏറ്റവുമേറെ സ്വാധീനിച്ച, ചുവര്‍ ചിത്രങ്ങളാണ് അദ്ദേഹമൊരുക്കിയ റോമിലെ വത്തിക്കാനിലെ സിസ്റ്റൈന്‍ ചാപ്പലിലേത്… ജീവിച്ചിരിക്കുമ്പോള്‍ തന്നെ രണ്ട് ജീവചരിത്രമെഴുതപ്പെട്ട ആദ്യത്തെ പാശ്ചാത്യകലാകാരനാണ് അദ്ദേഹമെന്നത് മൈക്കലാഞ്ചലോവിന്റെ അസാമാന്യ പ്രതിഭക്ക് തെളിവാണ്.
വരാനിരിക്കുന്ന ദിവസങ്ങളില്‍ ലോകം ഉറ്റുനോക്കുന്നത് റോമിലേക്കാണ്. ലോകത്തിലെ ഏറ്റവും വലിയ മതാദ്ധ്യക്ഷനായ മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കുകയാണ്. കത്തോലിക്കാ സഭയുടെ പുതിയ പോപ്പിനെ തിരഞ്ഞെടുക്കുന്ന പ്രക്രിയ നടക്കുന്ന പേപ്പല്‍ കോണ്‍ക്ലേവ് നടക്കുന്നത് വത്തിക്കാനിലെ സിസ്റ്റൈന്‍ ചാപ്പലിലാണ്. ചാപ്പലിന്റെ പ്രശസ്തി പ്രധാനമായും അതിനെ അലങ്കരിക്കുന്ന മൈക്കലാഞ്ചലോയുടെ അനശ്വരമായ ചുവര്‍ ചിത്രങ്ങളുടേതാണ്. ദേവാലയത്തേക്കാള്‍ ഏറെ അറിയപ്പെടുന്ന, ദേവാലയത്തിലെ ചുമര്‍ ചിത്രങ്ങള്‍ പിറന്ന കഥ പാശ്ചാത്യ ചിത്രകലയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച മുഹൂര്‍ത്തമാണ്.
റോമിലെ സിസ്റ്റൈന്‍ ചാപ്പൽ
റോമിലെ വത്തിക്കാനിലെ, ദേവാലയമായ സിസ്റ്റൈന്‍ ചാപ്പലിന്റെ മച്ചില്‍ ഘടിപ്പിച്ച മരത്തടിയിലുണ്ടാക്കിയ, ചട്ടക്കൂടില്‍ ഫ്രെസ്‌ക്കോ ചിത്രങ്ങളുടെ (ഫ്രെസ്‌കോ -ഒരു മ്യൂറല്‍ പെയിന്റിംഗ് സാങ്കേതികത) നിര്‍മ്മാണത്തില്‍ മുഴുകിയ ആ ശില്‍പ്പിയുടെ തലയും തോളുകളും പിന്നിലേക്ക് ചാഞ്ഞിരിക്കുകയായിരുന്നു. അയാളുടെ കഴുത്ത് വേദനിക്കുന്നുണ്ടായിരുന്നു. മുഖത്ത് കട്ടിയില്‍ ചായം പുരണ്ടിരുന്നു. രണ്ടു കണ്ണുകളും മങ്ങിയിരുന്നു. റോമിലെ വത്തിക്കാനിലുള്ള സിസ്റ്റൈന്‍ ചാപ്പലിന്റെ മേല്‍ക്കൂരയിലെ തന്റെ ഫ്രിസ്‌കോ ചിത്രങ്ങളില്‍ മൈക്കലാഞ്ചലോ ബ്യൂണറോട്ടി എല്ലാ ദിവസവും പുലര്‍ച്ചെ മുതല്‍ സന്ധ്യ വരെ ജോലി ചെയ്തു.
ചിലപ്പോഴൊക്കെ, അദ്ദേഹം തുടര്‍ച്ചയായി 30 ദിവസം വരെ അധ്വാനിച്ചു. മിക്കപ്പോഴും ജോലിയുടെ കാഠിന്യം കൊണ്ട് അയാള്‍ വേദന കൊണ്ട് പുളഞ്ഞു, തല കറങ്ങി, കാഴ്ചശക്തി നഷ്ടപ്പെട്ട് താന്‍ അന്ധനാകാന്‍ പോകുകയാണ് എന്ന് അയാള്‍ ഭയന്നു. 1510-ല്‍, തന്റെ ശ്രമകരമായ ഈ ദൗത്യത്തിന്റെ ഇടയില്‍ സ്നേഹിതനായ ജിയോവന്നി ഡാ പിസ്റ്റോയയ്ക്ക് അദ്ദേഹം എഴുതി: ‘ഞാന്‍ തെറ്റായ സ്ഥലത്താണ് – തീര്‍ച്ചയായും, ഞാന്‍ ഒരു ചിത്രകാരനല്ല!’ മാര്‍ബിളിലെ ഒരു ശില്പി എന്ന നിലയില്‍ മൈക്കലാഞ്ചലോയ്ക്ക് സ്വന്തം ചിത്രരചനാ വൈദഗ്ധ്യത്തെക്കുറിച്ച് മോശം അഭിപ്രായമായിരുന്നു.
മൈക്കലാഞ്ചലോ മച്ചിൽ വരച്ച രീതി – രേഖാ ചിത്രം
എന്നാല്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന, കാലത്തിന്റെ പരീക്ഷണത്തെ അതിജീവിച്ച ഒരു മാസ്റ്റര്‍പീസായിരുന്നു മൈക്കലാഞ്ചലോ വത്തിക്കാനിലെ സിസ്റ്റൈന്‍ ചാപ്പലില്‍ അന്ന് വരച്ച ചിത്രങ്ങള്‍. ദൈവത്തിന്റെ ഏറ്റവും മനോഹരമായ സൃഷ്ടി മനുഷ്യനാണ് എന്ന് പറയാറുണ്ട്. മനുഷ്യന്റെയോ? അത് മൈക്കലാഞ്ചലോ തീര്‍ത്ത ‘ഡേവിഡ്’ എന്ന ശില്‍പ്പമാണെന്ന് നിരവധി ഉന്നത കലാകാരന്മാര്‍ പറയുന്നു.
ശില്‍പ്പകലയുടേയും ചിത്രകലയുടേയും ലോകത്തിലെ അനശ്വര ചക്രവര്‍ത്തിയായ മൈക്കലാഞ്ചലോ എന്ന കലാകാരനേപ്പോലെ മറ്റൊരാളെ ലോകം ഇത്രയധികം വാഴ്ത്തിയിട്ടില്ല, ചിന്തിച്ചിട്ടില്ല, ചര്‍ച്ച ചെയ്തിട്ടില്ല, എഴുതിയിട്ടില്ല, വായിച്ചിട്ടുമില്ല. അങ്ങനെ ഒരാള്‍ വെറെയുണ്ടെങ്കില്‍ അത് മൈക്കലാഞ്ചലോയുടെ സമകാലീനനായ ലിയാനാര്‍ഡോ ഡാവിഞ്ചി മാത്രമാണ്.
ഇറ്റലിയിലെ ഒരു ജഡ്ജിയുടെ മകനായി ജനിച്ച മൈക്കലാഞ്ചലോ താന്‍ ഏര്‍പ്പെട്ട കലകളുടെ അവസാന വാക്കായിരുന്നു. ബാല്യത്തില്‍ അമ്മ മരിച്ചു. ഒരു മാര്‍ബിള്‍ പണിക്കാരന്റെ ഭാര്യയാണ് പിന്നീട് മൈക്കലാഞ്ചലോയെ വളര്‍ത്തിയത്. അങ്ങനെ ശില്‍പ്പകലയും ആ വിരലുകളില്‍ പതിഞ്ഞു.
പതിനാലാം നൂറ്റാണ്ടില്‍ യൂറോപ്പിലാരംഭിച്ച നവോത്ഥാന പ്രസ്ഥാന കാലത്ത് ഇറ്റലിയിലെ ഫ്ലോറന്‍സിന്റെ വഴിയില്‍ കണ്ടുമുട്ടുന്ന മൂന്നു പേരില്‍ ഒരാള്‍ കയ്യില്‍ ഉളി പിടിച്ചു തഴമ്പുള്ള, ഒരു ശില്‍പ്പിയാകാം, അല്ലെങ്കില്‍ കയ്യില്‍ ചായം പുരണ്ട ചിത്രകാരന്‍ അല്ലെങ്കില്‍ ദാന്തേയുടെ കവിത ചൊല്ലുന്ന ഒരു സ്വപ്നജീവി. ഇവരെയൊക്കെ പ്രോത്സാഹിപ്പിക്കാനും വേണ്ട പ്രതിഫലം നല്‍കി നിലനിറുത്താനും പുരോഹിതരും പ്രഭുക്കന്മാരും ഫ്ലോറന്‍സില്‍ ഉണ്ടായിരുന്നു. തന്റെ സമകാലീനനും ബഹുമുഖ പ്രതിഭയുമായ ലിയനാര്‍ഡോ ഡാവിഞ്ചി അധികാര ഉന്നതങ്ങളില്‍ തന്റെ പ്രതിഭയാല്‍, അതിപ്രശസ്തനായി സിംഹാസനം ഉറപ്പിച്ചപ്പോള്‍ കാലത്തിന് വിസ്മയം തീര്‍ക്കാനുള്ള ശ്രമത്തിലായിരുന്നു മൈക്കലാഞ്ചലോ.
ഒരു കലാസൃഷ്ടിയെന്ന നിലയില്‍ ഡാവിഞ്ചിയുടെ മോണോലിസായേക്കാള്‍ ഒരു ചുവട് മികവിലാണ് മൈക്കലാഞ്ചലോ തീര്‍ത്ത ഡേവിഡ്. അതിന് കാരണമിതാണ്. മൊണോലിസ ചെയ്യാന്‍ ഡാവിഞ്ചിക്ക് ഒരു പൂര്‍വ്വമാതൃകയുണ്ടായിരുന്നു. ‘മാഡം ലിസ’ എന്നാല്‍ ഡേവിഡ് ചെയ്യുമ്പോള്‍ മൈക്കലാഞ്ചലോയ്ക്ക് മുന്നിലുണ്ടായിരുന്നത് ആദിമ യവന സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ മാത്രമാണ്…
പതിമൂന്നടി ഉയരത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഡേവിഡ്, (ദാവുദ് ഹിബ്രു ഭാഷയില്‍ ഡേവിഡ് എന്ന് ഉച്ചരിക്കുന്നു.) പഴയ നിയമത്തിലെ കഥയിലെ ഫെലിക്സ്യരുടെ മല്ലനായ യുദ്ധവീരന്‍ ഗോലിയാത്തിനെ വീഴ്ത്തിയ ദാവീദിന്റെ കണ്ണുകളില്‍, ഗോലിയാത്തിനെ കവണയെറിഞ്ഞ് വീഴ്ത്തിയ കൗശലമല്ല മൈക്കലാഞ്ചലോ കൊത്തിവെച്ചത്. മറിച്ച് യുവത്വവും ആത്മവിശ്വാസവുമാണ്.
ഡേവിഡ് – രണ്ട് വീക്ഷണങ്ങൾ
മൈക്കലാഞ്ചലോ തീര്‍ത്ത ഡേവിഡിന്റെ പ്രതിമ ഫ്ലോറന്‍സ് നഗര സംസ്‌കാരത്തെ ഉള്‍ക്കൊള്ളുന്നു. യുവത്വ സൗന്ദര്യത്തിന്റെ തികഞ്ഞ പ്രതിച്ഛായയുമായി ‘ഡേവിഡ്’ സ്വാതന്ത്ര്യത്തിന്റെയും ശക്തിയുടെയും പ്രതീകമായി ലോകത്തിന് മുന്നില്‍ അനശ്വരമായി നിലയുറപ്പിച്ചിരിക്കുന്നു.
1505 മാര്‍ച്ചിലാണ് മൈക്കലാഞ്ചലോവിനെ ജൂലിയസ് രണ്ടാമന്‍ മാര്‍പ്പാപ്പ റോമിലേക്ക് ക്ഷണിക്കുന്നത്. ജൂലിയന്‍ മാര്‍പ്പാപ്പ തികച്ചും വ്യത്യസ്തനായ ഒരു പോപ്പായിരുന്നു. അദ്ദേഹത്തിന് അസാധാരണമായ വിധത്തില്‍ അക്രമാസക്തമായ സ്വഭാവമുണ്ടായിരുന്നു. അദ്ദേഹം പലപ്പോഴും ആത്മനിയന്ത്രണം നഷ്ടപ്പെട്ടു പെരുമാറി. എന്നിരുന്നാലും, മുന്‍കാലങ്ങളിലേത് പോലെ തന്റെ ഓഫീസില്‍ നടമാടിയിരുന്ന അത്യാഗ്രഹവും അഴിമതിയും, അധാര്‍മികതയും, പ്രതികാര മനോഭാവവും അദ്ദേഹത്തിന് ഇല്ലായിരുന്നു. വിവരദോഷികളെയും മുഖസ്തുതിക്കാരെയും അദ്ദേഹം അകറ്റി നിറുത്തി. ആര്‍ക്കും അദ്ദേഹത്തിന്റെ തീരുമാനങ്ങളെ സ്വാധീനിക്കാന്‍ കഴിഞ്ഞിരുന്നില്ല. ‘പോരാളിയായ മാര്‍പ്പാപ്പ’ എന്നായിരുന്നു ജൂലിയസ് മാര്‍പാപ്പ വത്തിക്കാന്‍ വൃത്തങ്ങളില്‍ അറിയപ്പെട്ടത് തന്നെ.
മൈക്കലാഞ്ചലോവിനെ റോമിലേക്ക് വിളിച്ചത്, മുതല്‍, ജൂലിയന്‍ മാര്‍പാപ്പയുടെ മരണം വരെ ഇരുവരുടേയും ബന്ധം നീരസങ്ങള്‍, വിയോജിപ്പുകള്‍, വാദപ്രതിവാദങ്ങള്‍, ചര്‍ച്ചകള്‍, കടുത്ത വഴക്കുകള്‍ എന്നിവയാല്‍ നിറഞ്ഞതായിരുന്നു. പക്ഷേ, ആ കാലഘട്ടത്തിലെ ഏറ്റവും ഉയര്‍ന്ന മതാദ്ധ്യക്ഷനായ മാര്‍പാപ്പയും എറ്റവും പ്രസിദ്ധനായ ശില്‍പ്പിയുമായ മൈക്കലാഞ്ചലോവും തീര്‍ച്ചയായും പരസ്പര ബഹുമാനം നിലനിറുത്തിയിരുന്നു
തന്റെ മരണശേഷം തന്നെ അടക്കാനുള്ള ശവകുടീരം പണിയാനാണ് പോപ്പ് മൈക്കലാഞ്ചലോവിനെ റോമിലേക്ക് വരുത്തിയത്. തന്റെ മഹത്വത്തിന് യോജിച്ച ആ ശവകുടീരം സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ഉള്‍വശത്താണ് പണിയാന്‍ തീരുമാനിച്ചത്.
ശവകുടീരത്തിന് നേരെ മുകളില്‍ നാല് നില ഉയരത്തില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിച്ചിരുന്ന ഇതില്‍ 40 വലിയ പ്രതിമകള്‍ സ്ഥാപിക്കാനായിരുന്നു പദ്ധതി. ഈ ബൃഹദ് പദ്ധതി പോപ്പിന്റെ വിപുലമായ ആത്മീയ, രാഷ്ട്രീയ ശക്തിയുടെയും മൈക്കലാഞ്ചലോ എന്ന കലാകാരന്റെ അഭിലാഷത്തിന്റെയും പ്രതിഫലനമായിരുന്നു. പ്ലാന്‍ പൂര്‍ത്തിയാക്കി പോപ്പിന്റെ അംഗീകാരം നേടിയ, മൈക്കലാഞ്ചലോ നിര്‍മ്മാണത്തിന് വേണ്ട മാര്‍ബിള്‍ ശിലകള്‍ ശേഖരിക്കാന്‍ ജനോവയ്ക്കടുത്തെ കിഴക്കന്‍ തീരപ്രദേശമായ കാരാരയില്‍ നേരിട്ട് പോയി. കൂടുതല്‍ അനുയോജ്യമായ മാര്‍ബിളുകള്‍ സ്വന്തം കൈ കൊണ്ടു തന്നെ തിരഞ്ഞെടുക്കാന്‍ അദ്ദേഹം എട്ട് മാസം അവിടെ താമസിച്ചു.
പോരാളിയായ മാർപ്പാപ്പ എന്ന് അറിയപ്പെട്ട ജൂലിയസ് രണ്ടാമൻ പോപ്പ്
എന്നാല്‍ ഒരു പ്രശസ്ത വാസ്തുശില്പിയും സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ പ്രധാന ശില്‍പ്പിയുമായ പോപ്പിന്റെ മുഖ്യ വാസ്തുശില്പി ഡൊണെന്റൊ ബ്രമന്‍ മൈക്കലാഞ്ചലോവിനോടുള്ള അസൂയയും വിരോധവും കാരണം പദ്ധതി അട്ടിമറിച്ചു. ജീവിച്ചിരിക്കെ ശവകുടീരം പണിയുന്നത് ദുഃശ്ശകുനമാണെന്ന് ജൂലിയന്‍ പോപ്പിനോട് പറഞ്ഞ്, അയാള്‍ പിന്‍തിരിപ്പിച്ചു.
സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ പുനര്‍നിര്‍മ്മാണം വരുത്തിവെച്ച കടവും പെറുജിയ, ബൊളോഞ്ഞ, തുടങ്ങിയ പ്രദേശങ്ങള്‍ക്കെതിരെയുള്ള വത്തിക്കാന്റെ സൈനിക നീക്കവും കൂടിയായപ്പോള്‍ സാമ്പത്തിക ഞെരുക്കം മൂലം ജൂലിയസ് മാര്‍പാപ്പ ശവകൂടീരപദ്ധതി നിറുത്തിവെച്ചു. കരാരയില്‍ നിന്ന് തിരിച്ചെത്തിയ മൈക്കലാഞ്ചലോ ഇതറിഞ്ഞ് ഞെട്ടിപ്പോയി. പോപ്പിനെ കാണാന്‍ ശ്രമിച്ചെങ്കിലും അനുമതി നിഷധിച്ചു. താന്‍ തെരഞ്ഞെടുത്ത മാര്‍ബിള്‍ ശിലകളുടെ വില നല്‍കാനും വത്തിക്കാന്‍ വിസമ്മതിച്ചു.
ഇതില്‍ ക്ഷുഭിതനായ മൈക്കലാഞ്ചലോ പെട്ടെന്ന് തന്നെ ഫ്ലോറന്‍സിലേക്ക് മടങ്ങി. ഇതറിഞ്ഞ് ജൂലിയസ് രോഷാകുലനായി റോമിലേക്ക് തിരിച്ച് വരാന്‍ ആവശ്യപ്പെട്ട് സന്ദേശമയച്ചു. എന്നാല്‍ മൈക്കലാഞ്ചലോ അത് നിരസിച്ചു. ഒടുവില്‍ ഫ്ലോറന്‍സിന്റെ ചീഫ് മജിസ്ട്രേറ്റ് പ്രശ്നത്തില്‍ ഇടപെട്ടു. അയാള്‍ മൈക്കലാഞ്ചലോയുമായി സംസാരിച്ചു മനസു മാറ്റുന്നതില്‍ വിജയിച്ചു. ബൊളോഞ്ഞയിലെ സാന്‍ പെട്രോണിയോ ബസിലിക്കയുടെ മുന്നില്‍ സ്ഥാപിക്കുന്ന ഭീമാകാരമായ വെങ്കല പ്രതിമ നിര്‍മ്മിക്കാമെന്ന് മനസ്സില്ലാമനസോടെ മൈക്കലാഞ്ചലോ സമ്മതിച്ചു. പതിനഞ്ച് മാസം ഈ വെങ്കല പ്രതിമ നിര്‍മ്മാണത്തിനായി ബൊളോഞ്ഞയില്‍ കഴിഞ്ഞു കൂടി. 1508 ല്‍ ഈ പ്രതിമ പൂര്‍ത്തിയായി. നിര്‍ഭാഗ്യവശാല്‍ ബൊളോഞ്ഞയുടെ അധികാരം ബെന്റി വോഗ്ളിയോ കുടംബം കൈയ്യടക്കിയപ്പോള്‍ ഈ പ്രതിമ തകര്‍ത്തു കളഞ്ഞു.
1508 മെയ് മാസത്തില്‍ ജൂലിയസ് മാര്‍പാപ്പയുടെ ഒരു സന്ദേശം ഫ്ലോറന്‍സില്‍ കഴിയുന്ന മൈക്കലാഞ്ചലോവിന് കിട്ടി. ഉടനെ റോമിലെത്തുക. ഇത്തവണ ദൗത്യം കുറെക്കൂടി ദുഷ്‌കരമായിരുന്നു. വിഖ്യാതമായ സിസ്‌റ്റൈയിന്‍ ചാപ്പലിന്റെ മച്ചില്‍ ഫ്രിസ്‌ക്കോ ചിത്രങ്ങളെഴുതുക. റോമിലെത്തിയ മൈക്കലാഞ്ചലോവിനോട് പോപ്പ് കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ആവേശമൊന്നും തോന്നിയില്ല. മാത്രമല്ല പണിയാന്‍ തുടങ്ങിയ ശവകുടീരത്തെ കുറിച്ച് പോപ്പ് ഒരക്ഷരം പോലും മിണ്ടിയില്ല. ‘എന്റെ ജീവിതത്തിലെ ദുരന്തം’ എന്നാണ് ആ ശവകുടീരം പൂര്‍ത്തിയാവാത്തതിനെ കുറിച്ച് പിന്നീട് മൈക്കലാഞ്ചലോ വിലപിച്ചത്. 1513 ല്‍ ജൂലിയസ് പോപ്പ് അന്തരിച്ചു. പിന്നീട് പോപ്പിന്റെ അനന്തരവകാശികളുമായുള്ള പുതിയ കരാറില്‍ ഏറെ മാറ്റങ്ങളോടെ മൈക്കലാഞ്ചലോ പൂര്‍ത്തിയാക്കി. അതിലുള്ള 28 പ്രതിമകളില്‍ ഒന്നു മാത്രം മൈക്കലാഞ്ചലോ നിര്‍മ്മിച്ചു. അതാണ് പ്രശസ്തമായ ‘മോസസ്സ്’.
ജൂലിയസ് മാർപ്പായുടെ ശവകുടീരം
ഒരു ശില്പിയായ, തന്റെ ശില്പകലാ പദ്ധതികളില്‍ നിന്ന് ഈ പടം വര ശ്രദ്ധ വ്യതിചലിപ്പിക്കുമെന്ന് ഭയന്ന്, ചാപ്പലിന്റെ സീലിംഗ് വരയ്ക്കാനുള്ള ക്ഷണത്തെ മൈക്കലാഞ്ചലോ ആദ്യം നിരസിച്ചു. ഒടുവില്‍ ജൂലിയസിന്റെ നിരന്തരമായ നിര്‍ബന്ധത്തിന് വഴങ്ങി, രണ്ട് വ്യക്തികള്‍ക്കിടയില്‍ കലാപരമായ സഹകരണവും വ്യക്തിപരമായ പിരിമുറുക്കവും കലര്‍ന്ന ഒരു കാലഘട്ടമാരംഭിക്കുകയായിരുന്നു. 1508 മെയ് 10 ന് സിസ്‌റ്റൈയിന്‍ ചാപ്പലിന്റെ മച്ചില്‍ ഫ്രെസ്‌ക്കോ ചിത്രങ്ങള്‍ വരയ്ക്കാനുള്ള കരാര്‍ ഒപ്പിട്ടു. 3000 ഡക്കറ്റ്സ് ആയിരുന്നു പ്രതിഫലം (വെനീസിലെ സ്വര്‍ണ്ണനാണയം), പെട്ടെന്ന് തന്നെ അത് ഇരട്ടിയാക്കി- 6000 ഡക്കറ്റ്സ്. പ്രതിഫലം വാങ്ങുമ്പോള്‍ അദ്ദേഹം തുറന്നു പറഞ്ഞു. ‘ആദ്യമായും അവസാനമായും ഞാനൊരു ശില്‍പ്പി മാത്രമാണ്’.
സിസ്‌റ്റൈയിന്‍ ചാപ്പലിന്റെ മച്ചില്‍ ഫ്രെസ്‌ക്കോ ചിത്രങ്ങള്‍ വരയ്ക്കാന്‍ ഒരു ശില്‍പ്പിയായ മൈക്കലാഞ്ചലോവിനെ ഏല്‍പ്പിക്കാന്‍ കാരണക്കാരന്‍ ഡൊണെന്റൊ ബ്രമനാണെന്ന് ചില ചരിത്രകാരന്മാര്‍ പറയുന്നു. ശില്‍പകലയില്‍ അഗ്രഗണ്യനായ മൈക്കലാഞ്ചലോവിന് ചുമര്‍ചിത്രങ്ങള്‍ വഴങ്ങില്ലെന്ന് ഇതുവഴി തെളിയുമെന്നും അതോടെ ജൂലിയസ് പോപ്പിന് മൈക്കലാഞ്ചലോവിനോടുള്ള അടുപ്പം ഇല്ലാതാകുമെന്നും, കരാര്‍ റദ്ദാകുമെന്നും എതിരാളിയായ പോപ്പിന്റെ മുഖ്യ വാസ്തുശില്പി ഡൊണെന്റൊ ബ്രമന്‍ കണക്കുക്കൂട്ടി. എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു.
ചിത്രരചനയുടെ ചരിത്രത്തില്‍ സിസ്‌റ്റൈയിന്‍ ചാപ്പലിന്റെ മച്ചില്‍ ഫ്രെസ്‌ക്കോ ചിത്രങ്ങളുടെ ഈ രചനാസമുച്ചയത്തെ വെല്ലുന്ന മറ്റൊന്നും ഈ ലോകത്തിലില്ല. ഒരു വ്യക്തിയുടെ മാത്രം നേട്ടമായി മാറിയ സിസ്‌റ്റൈയിന്‍ ചാപ്പലിന്റെ മച്ചിലെ മൈക്കലാഞ്ചലോവിന്റെ അനശ്വരമായ കലാസൃഷ്ടിയുടെ ചരിത്രം ഇവിടെ ആരംഭിക്കുന്നു. മൈക്കലാഞ്ചലോ ഒരിക്കലും ഇതിന് മുന്‍പ് ഫ്രെസ്‌കോകള്‍ വരച്ചിട്ടില്ലാത്തതിനാല്‍ പണികളുടെ തുടക്കം വളരെ മന്ദഗതിയിലായിരുന്നു. ഉപരിതലം വളഞ്ഞതും മച്ചിലെ കാഴ്ച സങ്കീര്‍ണമായതും അദ്ദേഹത്തിന് ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചു. ഈ ജോലിക്കു വേണ്ടി അദ്ദേഹം മച്ചില്‍ ഉറപ്പിച്ച, ചലിക്കുന്ന ഒരു സ്‌കാര്‍ഫോള്‍ഡിംഗ് സംവിധാനം കണ്ടുപിടിച്ചു.
സിസ്‌റ്റൈയിന്‍ ചാപ്പലിന്റെ മേല്‍ക്കൂരയില്‍ മൈക്കലാഞ്ചലോ കയറുന്നതിന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ്, പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഒരു സംഘം ചിത്രകാരന്മാര്‍ വരച്ച ചിത്രങ്ങള്‍ അതിന്റെ ചുവരുകള്‍ അലങ്കരിച്ചിരുന്നു. സാന്ദ്രോ ബോട്ടിസെല്ലി, ഡൊമെനിക്കോ ഗിര്‍ലാന്‍ഡായോ, പിയട്രോ പെറുഗിനോ, ലൂക്കാ സിഗ്നോറെല്ലി എന്നീ ചിത്രകാരന്മാര്‍ സിസ്‌റ്റൈയിന്‍ ചാപ്പലിന്റെ സ്ഥാപക മാര്‍പാപ്പയായ സിക്സ്റ്റസ് നാലാമന്‍ അന്തരിച്ചപ്പോള്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ റോമിലെത്തിയപ്പോള്‍ അവര്‍ വരച്ചതാണത്. ഈ ആദ്യകാല നവോത്ഥാന ഫ്രെസ്‌കോകള്‍ ഇതിനകം തന്നെ സിസ്‌റ്റൈയിന്‍ ചാപ്പലിനെ അസാധാരണമായ ഒരു അലങ്കാര സമുച്ചയമാക്കി മാറ്റിയിരുന്നു.
1508-ലെ വേനല്‍ക്കാലത്ത് സിസ്‌റ്റൈയിന്‍ ചാപ്പലിന്റെ സീലിംഗില്‍ നിന്ന് ഒരിഞ്ച് അകലെ മാത്രം ദൃഷ്ടിയുറപ്പിച്ച് സ്‌കാര്‍ഫോള്‍ഡിംഗില്‍ സ്ഥാനമുറപ്പിച്ച്, മൈക്കലാഞ്ചലോ വരയ്ക്കാന്‍ ആരംഭിച്ചു. തീവ്രമായ ഒരു സാധനയുടെ തുടക്കമായിരുന്നു അത്. ആറ് പേര്‍ ജോലിയില്‍ അദ്ദേഹത്തിനെ സഹായിക്കാനായി ഉണ്ടായിരുന്നു. അവര്‍ പെയിന്റ് കലര്‍ത്തി, പ്ലാസ്റ്റര്‍ പൊടിച്ചു, ചിലപ്പോള്‍ പെയിന്റിംഗിനും സഹായിച്ചു. ഭിത്തിയാലെ പ്ലാസ്റ്റര്‍ നനഞ്ഞിരിക്കുമ്പോള്‍ തന്നെ വളരെ വേഗത്തില്‍ ചിത്രീകരിക്കണം ചെയ്യണമായിരുന്നു. ഒരു തെറ്റ് സംഭവിച്ചാല്‍ പ്ലാസ്റ്റര്‍ പൊട്ടിച്ച് വീണ്ടും തുടങ്ങേണ്ടി വരും.
അതിലും കഠിനമായിരുന്നു വരയ്‌ക്കേണ്ട വിഷയങ്ങള്‍. ബൈബിള്‍ രംഗങ്ങള്‍, പ്രവാചകന്മാര്‍, എന്നിവരെ ചിത്രീകരിക്കണം അതും 3000 ചതുരശ്ര അടിയില്‍. ആദ്യം യേശുവിന്റെ 12 ശിഷ്യന്‍മാരെ ചിത്രീകരിക്കാനാണ് ജൂലിയസ് മാര്‍പാപ്പ ആവശ്യപ്പെട്ടതെങ്കിലും പിന്നീട് ഇഷ്ടമുള്ള വിഷയം തിരഞ്ഞെടുക്കാന്‍ മൈക്കലാഞ്ചലോയ്ക്ക് സ്വാതന്ത്ര്യം നല്‍കി. പല ചിത്രകാരന്മാരും സുഹൃത്തുക്കളും വരയ്ക്കാന്‍ സഹായവുമായി എത്തിയെങ്കിലും അതൊന്നും മൈക്കലാഞ്ചലോ സ്വീകരിച്ചില്ല. ഈ കലാസൃഷ്ടിയില്‍ തന്നെ സഹായിക്കാന്‍ തക്ക പ്രതിഭ അവര്‍ക്കൊന്നും ഇല്ല എന്ന് പറഞ്ഞു അവയൊക്കെ നിരസിച്ചു.
ജോലി പുരോഗമിച്ചതോടെ, അദ്ദേഹം തന്റെ സഹായികളെ ഓരോത്തരെയായ് പിരിച്ചയച്ചു. ഈ വിശിഷ്ടമായ ദൗത്യത്തിന് തന്റെ കൂടെ ഏകാഗ്രയോടെ ജോലി ചെയ്യാന്‍ വേണ്ട പ്രചോദനമൊന്നും സഹായികള്‍ക്കില്ലെന്നതായിരുന്നു കാരണം. മെലിഞ്ഞ ആ മനുഷ്യന്‍. റോമന്‍ ശൈത്യകാലത്തിന്റെ കാഠിന്യത്തെ ദൃഢനിശ്ചയത്തോടെ ചെറുത്തുനിന്നു. ചിലപ്പോള്‍ ജോലിസ്ഥലത്തിരുന്ന് തന്നെ അയാള്‍ ഭക്ഷണം കഴിച്ചു – കൂടുതലും റൊട്ടിക്കഷണങ്ങളായിരുന്നു – രാത്രിയില്‍ വസ്ത്രങ്ങളും ബൂട്ടുകളും ധരിച്ച് അടുത്തു രൂപപ്പെടുത്തിയ സ്റ്റുഡിയോയില്‍ തന്നെ ഉറങ്ങി. ആ കലാസൃഷ്ടിയുടെ തപസ്യയാല്‍ അദ്ദേഹം മാനസികമായും ശാരീരികമായും വളരെ സമ്മര്‍ദവും ബുദ്ധിമുട്ടുകളും അനുഭവിച്ചു.
ഉൽപ്പത്തി
1509 ജനുവരിയില്‍ അദ്ദേഹം തന്റെ പിതാവിന് എഴുതി, ‘ഞാന്‍ ചെയ്യുന്ന ജോലി എനിക്ക് മതിപ്പുള്ളതല്ല, അതിനാല്‍ ഞാന്‍ പോപ്പിനോട് കൂടുതലായി ഒന്നും ചോദിക്കുന്നില്ല.’ ജൂലിയസ് മാര്‍പാപ്പ ഇടയ്ക്കിടെ സിസ്‌റ്റൈയിന്‍ ചാപ്പല്‍ സന്ദര്‍ശിക്കുകയും ചിത്രങ്ങള്‍ പരിശോധിക്കാന്‍ സ്‌കാഫോള്‍ഡിംഗിന്റെ മുകളിലേക്ക് കയറുകയും ചെയ്തു. തന്റെ കലാസൃഷ്ടി പൂര്‍ത്തിയാകും മുന്‍പ് ആരെങ്കിലും കാണുന്നത് മൈക്കലാഞ്ചലോ ഇഷ്ടപ്പെട്ടിരുന്നില്ല. ഇത് അവര്‍ക്കിടയില്‍ ചില കടുത്ത വാഗ്വാദങ്ങള്‍ക്ക് വഴിവെച്ചു.
1510-ലെ വേനല്‍ക്കാലത്ത്, പണി പകുതി പൂര്‍ത്തിയായപ്പോള്‍, അക്ഷമനായ പോപ്പ് സീലിംഗ് എപ്പോള്‍ പൂര്‍ത്തിയാകുമെന്ന് ചോദിച്ചു. ‘ഒരു കലാകാരനെന്ന നിലയില്‍ അത് എന്നെ തൃപ്തിപ്പെടുത്തുമ്പോള്‍’ മൈക്കലാഞ്ചലോ മറുപടി പറഞ്ഞു. പോപ്പ് ക്ഷുഭിതനായി മുഖം ചുളിച്ചുകൊണ്ട്, രൂക്ഷമായി മൈക്കലാഞ്ചലോയോട് പറഞ്ഞു: നിങ്ങള്‍ ഇത് ഉടന്‍ പൂര്‍ത്തിയാക്കി ഞങ്ങളെ തൃപ്തിപ്പെടുത്തുക’. മറ്റൊരവസരത്തില്‍ 66കാരനായ മാര്‍പ്പാപ്പ ചോദിച്ചു. ‘when it will be ready ? മൈക്കലാഞ്ചലോ ഒറ്റവാക്കില്‍ ഉത്തരം നല്‍കി ‘When it is ready’. പോപ്പിന്റെ മുഖം കോപത്താല്‍ ചുവന്ന് തുടുത്തു. ജോലിയുടെ വേഗത വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ മൈക്കലാഞ്ചലോവിനെ മച്ചിലെ മരച്ചട്ടക്കൂട്ടില്‍ നിന്ന് താഴോട്ട് വലിച്ചെറിയുമെന്ന് പോപ്പ് ഭീഷണി മുഴക്കി. പിന്നെ, മൈക്കലാഞ്ചലോവിന്റെ വാക്കുകള്‍ ‘when it is ready’ അതേ സ്വരത്തില്‍ അനുകരിച്ചുകൊണ്ട് പോപ്പ് ക്ഷുഭിതനായി തന്റെ ഊന്നുവടി കൊണ്ട് മൈക്കലാഞ്ചലോവിന്റെ തോളില്‍ ഒരു തട്ടു കൊടുത്തു. പക്ഷേ, പിന്നീട് അവര്‍ രമ്യതയിലായി. ജിയോ റെജിയോ വസാറിയെഴുതിയ. ‘ലൈഫ് ഓഫ് മൈക്കലാഞ്ചലോ’ എന്ന ജീവചരിത്രത്തില്‍ ഈ സംഭവം വിവരിക്കുന്നു.
അന്ത്യവിധി
1511 ല്‍ ഇടയ്ക്ക് പണമില്ലാത്തതിനാല്‍ പണി നിറുത്തിയെങ്കിലും, വീണ്ടും മൈക്കലാഞ്ചലോവിന്റെ ജോലി തുടര്‍ന്നു. ദിവസങ്ങള്‍ പിന്നിട്ട് ചിത്രം വരയില്‍ മനസും ശരീരവും സമര്‍പ്പിച്ച ആ തീവ്രമായ തപസ്യയില്‍ മൈക്കലാഞ്ചലോന്റെ രൂപം തന്നെ വിചിത്രമായി പരിണമിച്ചു. താന്‍ ഏറ്റെടുത്ത ദൗത്യത്തിന്റെ ശ്രദ്ധ മാത്രമായതിനാല്‍ മൈക്കലാഞ്ചലോവിന്റെ രൂപം തന്നെ മാറി. തലമുടിയിലും താടിയിലും ചായങ്ങള്‍ തെറിച്ച്, വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞ് ഒരു വികൃത രൂപിയായി. തെരുവിലൂടെ നടക്കുമ്പോള്‍ ആളുകള്‍ ഭ്രാന്തനെന്ന് വിളിച്ചു അയാളെ പരിഹസിച്ചു. അയാളുടെ മനസ്സില്‍ താന്‍ വരയ്ക്കുന്ന ചിത്രങ്ങളല്ലാതെ മറ്റൊന്നുമില്ലാത്തതിനാല്‍ ഇതൊന്നും ആ യഥാര്‍ത്ഥ കലാകാരനെ തെല്ലും ബാധിച്ചില്ല.
ചാപ്പലിന്റെ മേല്‍ത്തട്ട് ഒമ്പത് പാനലുകളായി തരം തിരിച്ച് ബൈബിള്‍ പഴയ നിയമം ഉല്‍പ്പത്തി പുസ്തകങ്ങളിലെ രംഗങ്ങളാണ് മൈക്കലാഞ്ചലോ ചിത്രീകരിച്ചത്. ആദ്യത്തെ മുന്നെണ്ണം സൃഷ്ടിയുമായി ബന്ധപ്പെട്ടതും, പിന്നീടുള്ളത് ആദം ഹവ്വയുടെ മൂന്നെണ്ണം. ഒടുവിലത്തേത് നോഹയുമായി ബന്ധപ്പെട്ടത്. തുടക്കത്തില്‍ 12 അപ്പോസ്തലന്മാരുടെ രൂപങ്ങള്‍ മാത്രമേ വരയ്ക്കാന്‍ ഉദ്ദേശിച്ചിരുന്നുള്ളൂ, എന്നാല്‍ കലാസൃഷ്ടി അവസാനിക്കുമ്പോള്‍ 300-ലധികം രൂപങ്ങള്‍ അദ്ദേഹം വരച്ചിരുന്നു.
1512 ശരത്കാലത്ത് ചിത്രങ്ങള്‍ പൂര്‍ത്തിയായി. പോപ്പിന്റെ കാര്‍മ്മികത്വത്തില്‍ ദിവ്യബലി നടത്താനായി മച്ചിലെ ചട്ടക്കൂട് നീക്കിയപ്പോള്‍ ആദ്യമായി ആ മികച്ച കലാസൃഷ്ടിയായി മാര്‍പാപ്പയടക്കുള്ളവരുടെ മുന്നില്‍ ബൈബിളിന്റെ ദിവ്യലോകം വിടര്‍ന്നു. ‘ഈ കലാസൃഷ്ടി എന്നെ സന്തുഷ്ടനാക്കുന്നു.’ ജൂലിയസ് മാര്‍പാപ്പ പ്രഖ്യാപിച്ചു. 1512 ഒക്ടോബര്‍ 31,വിശുദ്ധരുടെ തിരുനാള്‍ ദിനം (ഓള്‍സെയിന്റ്സ് ഈവ്) മാര്‍പാപ്പയുടെ സമര്‍പ്പണത്തിനായി ചാപ്പല്‍ ആചാരപരമായി പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുത്തു.
സിസ്റ്റൈയിന്‍ ചാപ്പലിലെ അനശ്വരമായ ഫ്രിസ്ക്കോ ചുവർ ചിത്രങ്ങൾ
മൈക്കലാഞ്ചലോ പോപ്പിന്റെ അന്നത്തെ ചടങ്ങില്‍ പങ്കെടുത്തില്ല. ഒന്നും സംഭവിക്കാത്തതു പോലെ അദേഹം തിരിച്ച് പോയി ഫ്ലോറന്‍സില്‍ തന്റെ ശില്പകലയില്‍ മുഴുകി. അദ്ദേഹം തന്റെ പിതാവിന് എഴുതി: ‘ഞാന്‍ വരച്ചുകൊണ്ടിരുന്ന ചാപ്പലിന്റെ ജോലി പൂര്‍ത്തിയാക്കി. പോപ്പ് വളരെ തൃപ്തനാണ്.
സൃഷ്ടിയുടെ കഥകളില്‍ നിന്നും, മനുഷ്യന്റെ പതനത്തില്‍ നിന്നും, പ്രവാചകന്മാരില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് വരയിലൂടെ മൈക്കലാഞ്ചലോ പഴയനിയമത്തിലേക്ക് ആഴ്ന്നിറങ്ങി., ഓരോന്നിലും നാടകീയതയും ശക്തിയും നിറഞ്ഞുനിന്നു. മനുഷ്യ വികാരങ്ങളുടെ സത്ത, നന്മയ്ക്കും തിന്മയ്ക്കും ഇടയിലുള്ള പോരാട്ടം, അസ്തിത്വത്തിന്റെ സ്വഭാവം എന്നിവ അദ്ദേഹം ചിത്രങ്ങളില്‍ പകര്‍ന്നു.
സിസ്റ്റൈയിന്‍ ചാപ്പലിലെ വിസ്മയ ചിത്രങ്ങള്‍ കാണുമ്പോള്‍ തെളിയുന്നത് മൈക്കലാഞ്ചലോ എന്ന ചിത്രകാരന്റെ വിശ്വരൂപമാണ്. അവിടെയെത്തുന്നവര്‍ ദൈവത്തിന്റെ സൃഷ്ടിയായ മനുഷ്യന്റെ ആ കരവിരുതില്‍ എല്ലാം മതിമറന്നു നില്‍ക്കുന്നു. മൈക്കലാഞ്ചലോ ബ്യൂണറോട്ടി ശില്‍പ്പകലയെന്ന പോലെ ചുമര്‍ ചിത്രരചനയിലും ലോകം വിധിയെഴുതി ഒന്നാമന്‍ തന്നെ! ജീനിയസ്. Michelangelo and pope julius quarrel in the sistine chapel
Content Summary: Michelangelo and pope julius quarrel in the sistine chapel
Leave a Comment