‘ജാനുവിന് ഷാരൂഖ് ഖാനോ സല്‍മാന്‍ ഖാനോ അച്ഛനായാല്‍ മതിയായിരുന്നു, അവന് അച്ഛനില്ലാലോ അതുകൊണ്ട്, അമ്മ മാത്രമേ ഉള്ളൂ.’
പരിചയമില്ലാത്തതിന്റെ ജാള്യം ആര്യന്റെ മുഖത്തുണ്ടായിരുന്നു. വളരെ വേഗം തന്നെയവനത് മറയ്ക്കുകയും ചെയ്തു. ‘ജാനു’വിനെ കുറിച്ച് ചോദിക്കാനാണെത്തിയതെന്ന് പറഞ്ഞതോടെ വാചാലനായി.
ആരാണ് ആര്യന്‍ എന്നല്ലേ, പറയാം, ഒപ്പം ജാനുവിനെ കുറിച്ചും.
എറണാകുളം എസ് യു വി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സാഹിത്യവേദിയില്‍ വച്ചാണ് ആര്യന്‍ താക്കൂറിനെ കണ്ടത്. ഓഡിറ്റോറിയത്തിലെ പിന്‍നിരയിലായിരുന്നു വെള്ളയും നീലയും കലര്‍ന്ന യൂണിഫോം ധരിച്ച ആ ബിഹാറി ബാലന്‍ ഇരുന്നിരുന്നത്.
കുട്ടിത്തം മാറാത്ത മുഖം. ചെറിയ കണ്ണുകള്‍ നിഷ്‌കളങ്കമായി തിളങ്ങുന്നു. നെറ്റിയിലേക്ക് വീണു കിടക്കുന്ന വെട്ടിയൊതുക്കിയ മുടിയിഴകള്‍, കഴുത്തില്‍ ചുവന്ന ചരടില്‍ കോര്‍ത്ത സ്വര്‍ണ നിറത്തിലുള്ള ദൈവിക രൂപം ആലേഖനം ചെയ്ത ലോക്കറ്റ്. ഈ ചെറുപ്രായത്തില്‍ അവന്‍ മൂന്ന് ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യും. മലയാളം, ഇംഗ്ലീഷ് പിന്നെ മാതൃഭാഷയായ ഹിന്ദിയും. സെന്റ് ആല്‍ബര്‍ട്ട്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ്സുകാരന്‍ മലയാളം ഏതളവില്‍ കൈ കാര്യം ചെയുമെന്നല്ലേ ? മലയാളത്തില്‍ നിന്ന് മാതൃഭാഷയിലേക്ക് ഒരു പുസ്തകം വിവര്‍ത്തനം ചെയ്യാന്‍ കഴിയുന്നത്ര അവഗാഹം അവന് മലയാളത്തിലുണ്ട്.
ബിഹാറിലെ റോഹ്താസ് ജില്ലയില്‍ നിന്നുള്ള അതിഥി തൊഴിലാളികളുടെ മകനാണ് ആര്യന്‍ താക്കൂര്‍, അച്ഛന്‍ സനോജ് കുമാര്‍ താക്കൂര്‍ കപ്പലില്‍ ബാര്‍ബറായാണ് ജോലി നോക്കുന്നത്. അമ്മ ഡിംപിള്‍ ദേവി വീട്ടമ്മയും. 12 വര്‍ഷം മുമ്പാണ് ഇരുവരും കേരളത്തിലെത്തുന്നത്. ആര്യന്‍ ജനിച്ചതും വളര്‍ന്നതും കേരളത്തിലാണ്. സ്‌കൂളും, അധ്യാപകരും, സുഹൃത്തുക്കളുമാണ് ആര്യന് മലയാളം ഹൃദ്യസ്ഥമാക്കിയത്. ഇക്കഴിഞ്ഞ കൊല്ലപ്പരീക്ഷയില്‍ മലയാളം ഒന്ന് ആര്യനെ ചതിച്ചു, എല്ലാ വിഷയങ്ങളിലും മുഴുവന്‍ മാര്‍ക്ക് നേടിയെങ്കിലും, മലയാളത്തില്‍ ഒരിത്തിരി മാര്‍ക്ക് കുറഞ്ഞതോടെ ക്ലാസ്സില്‍ രണ്ടാം സ്ഥാനത്തായിപ്പോയി. അതോടെ വാശിയായി. മലയാളം നന്നായി പഠിച്ചു. അങ്ങനെയവന്‍ തന്റെ സങ്കടം മാറ്റിയെന്നാണ് ജ്യോതി ബാല ടീച്ചര്‍ പറയുന്നത്.
‘ബഡ്ഡിംഗ് റൈറ്റേഴ്‌സ്” എന്ന പരിപാടിയുടെ ഭാഗമായാണ് പഠനത്തിലും, പാഠ്യതര വിഷയങ്ങളിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന ആര്യനെ പുസ്തകം തര്‍ജ്ജമ ചെയ്യാന്‍ ജ്യോതി ടീച്ചര്‍ പ്രേരിപ്പിക്കുന്നത്. ആര്യന്‍ വായിച്ച പുസ്തകങ്ങളില്‍ ആര്യനെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചിട്ടുള്ളത് അവന്റെ മലയാളം പാഠപുസ്തകത്തിലുള്ള ജാനുവിന്റെ കഥയാണ്. ആര്യന് ഏറെ പ്രിയപ്പെട്ട ജാനുവിന്റെ കഥ പറയുന്നത് പ്രശസ്ത സാഹിത്യകാരി പ്രിയ എ എസ് എഴുതിയ ഉള്ളിത്തീയലും ഒമ്പതിന്റെ പട്ടികയുമെന്ന പുസ്തകത്തിലാണ്. ആദ്യം ഒരധ്യയമാണ് ആര്യന്‍ ഹിന്ദിയിലേക്ക് വിവര്‍ത്തനം ചെയ്തത്.
ഒരു ദിവസത്തോളം പുസ്തകവും പേനയുമായി ആര്യന്‍ മല്ലടിച്ചു. ആന്വവല്‍ ഡേയ്ക്ക് ജ്യോതി ടീച്ചര്‍ ഏല്‍പ്പിച്ച പണി കഴിഞ്ഞതിന്റെ ആശ്വാസത്തോടെയാണ് വിവര്‍ത്തനം പൂര്‍ത്തിയാക്കിയ ദിവസം ആര്യന്‍ സ്‌കൂളിലെത്തിയത്. എന്നാല്‍ ആര്യന്‍ എഴുതിയ ആദ്യ ഭാഗം അവനെ ഹിന്ദി പഠിപ്പിക്കുന്ന ജ്യോതി ടീച്ചറെ ശെരിക്കും ഞെട്ടിച്ചു കളഞ്ഞു. ഭാഷയുടെ എല്ലാവിധ സൗന്ദ്യര്യങ്ങളും ഉപയോഗിച്ച് കൊണ്ട്, കഥയുടെ ആശയവും, വൈകാരികതയും ആര്യന്‍ തന്റേതായ രീതിയില്‍ ആ നോട്ട് പുസ്തകത്തില്‍ പകര്‍ത്തി വച്ചിരുന്നു. ജ്യോതി ടീച്ചര്‍ ഇപ്പോഴുമാ നോട്ട് ബുക്ക് സൂക്ഷിക്കുന്നുണ്ട്, വെട്ടിയും തിരുത്തിയും ആര്യന്‍ അതില്‍ കുറിച്ചിട്ട വരികള്‍ ഇന്നൊരു പുസ്തകമായതിനു പിന്നില്‍ ജ്യോതി ടീച്ചര്‍ക്കും ചെറുതല്ലാത്ത പങ്കുണ്ട്.

അന്നു കൊണ്ട് ആ ജോലി തീര്‍ന്നെന്നു കരുതിയെങ്കിലും ജ്യോതി ടീച്ചര്‍ അവനു മുന്നില്‍ ഒരു നിര്‍ദേശം വച്ചു. പുസ്തകം മുഴുവനായി വിവര്‍ത്തനം ചെയ്യണം. കഴിഞ്ഞു പോയ ദിവസത്തിന്റെ ഓര്‍മയില്‍ ആദ്യം ഇല്ലെന്ന് തലയാട്ടി ആര്യന്‍. എന്നാല്‍ ജ്യോതി ടീച്ചര്‍ അവനെ വെറുതെ വിടാന്‍ തയ്യാറായില്ല. അതോടെ പിറ്റേ ദിവസം തന്നെ പുസ്തകത്തിന്റ വിവര്‍ത്തനം ആരംഭിക്കാതെ തരമില്ലെന്നായി. ഇംഗ്ലീഷും മലയളവുമെല്ലാം വായിക്കാനിഷ്ടപ്പെട്ട ആര്യന് പക്ഷെ വിചാരിച്ചതിലും കുറഞ്ഞ സമയം കൊണ്ടാണ് പുസ്തകം വിവര്‍ത്തനം ചെയ്തത്.
ഏറ്റവും കുഴപ്പിച്ച ഭാഗം കഥയുടെ ക്ലൈമാക്‌സ് ആണെന്ന് ആര്യന്‍ പറയുന്നു. ആ ഭാഗം മലയാള കൃതിയുടെ ഭംഗി ചോരാതെ ആര്യന്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ടെന്ന് ജ്യോതി ടീച്ചറും പറയുന്നു.
ആര്യനെ കുഴപ്പിച്ച ഭാഗം മലയാളത്തിലെ സംസാര ശൈലികളായിരുന്നു. ”ചുമ്മാ പറയല്ലേ” എന്ന വാക്കിനെ ആര്യന്‍ ഡീകോഡ് ചെയ്തത് ചുമ ആയിട്ടാണ്. ആ ഭാഗത്തില്‍ ആര്യന്‍ കാസി(ചുമ) എന്നാണ് എഴുതിയതും. ഈ കുഞ്ഞു പിഴവുകള്‍ തിരുത്തി കൊടുക്കാന്‍ ജ്യോതി ടീച്ചറും സന്നദ്ധയായിരുന്നു. മടി പിടിച്ച് ഇരിക്കുന്ന ദിവസങ്ങളില്‍ കഥയുടെ തുടര്‍ച്ച നഷ്ടപ്പെടാതിരിക്കാന്‍ ടീച്ചര്‍ ചെറിയ പൊടിക്കൈകള്‍ പ്രയോഗിച്ചു. ഏറെ പഠിക്കാനുള്ള ദിവസങ്ങളിലും മറ്റും കഥ പുസ്തകത്തില്‍ എഴുതേണ്ട പകരം ശബ്ദ സന്ദേശമായി വാട്ട്‌സ് ആപ്പില്‍ അയച്ചു നല്‍കണം. അങ്ങനെ മടിക്കും, പഠിപ്പിനും സാഹിത്യത്തിനുമിടയില്‍ ഒന്നര മാസം കൊണ്ട് ആര്യന്‍ പുസ്തകം മുഴുവന്‍ വിവര്‍ത്തനം ചെയ്തു. ‘പ്യാജ് കി കടി ഔര്‍ നൗ കി പഹാദ ‘(Pyaj Ki kadi Aur Nau Ki Pahaada ) എന്ന പേരിട്ട 19 പേജുകളുള്ള പുസ്തകം ജൂലൈ 11 വ്യാഴാഴ്ച ശ്രീ രുദ്രവിലാസം യുപി സ്‌കൂളില്‍ നടന്ന സമര്‍പ്പണ ചടങ്ങിലാണ് പ്രകാശനം ചെയ്തത്. സ്‌കൂളാണ് പുസ്തകം പ്രസിദ്ധീകരിച്ചതും, അമ്പതോളം കോപ്പികള്‍ അടിച്ചിറക്കിയതും.
കഴിഞ്ഞ വര്‍ഷമാണ് പുസ്തകം ആര്യന്‍ വിവര്‍ത്തനം ചെയ്യുന്നത്. അന്ന് എസ് യു വി സ്‌കൂളിലെ ഏഴാം ക്ലാസുകാരന്‍ ഇന്ന് എട്ടാം ക്ലാസ്സിലാണ്. വിവര്‍ത്തനം ചെയ്ത കഥയില്‍ ഏത് ഭാഗമാണ് ആര്യന് ഏറ്റവും ഇഷ്ടമെന്ന ചോദ്യത്തിന് എളുപ്പത്തില്‍ മറുപടിയുമെത്തി. ” ജാനുവിന് ചെറുപ്പത്തില്‍ കുറെ ആഗ്രഹങ്ങളുണ്ടായിരുന്നു, വലുതായപ്പോ ആഗ്രഹം പോലെ അവന്‍ കാര്‍ വാങ്ങിച്ചു.” ആര്യന്‍ പറയുന്നു. ആര്യന്റെയും ജാനുവിന്റെയും സ്വഭാവങ്ങള്‍ക്ക് സാമ്യതയുണ്ടെന്ന് ജ്യോതി ടീച്ചര്‍ പറയുന്നു. ഇരുവര്‍ക്കും വലുതായാല്‍ രക്ഷിതാക്കളെ സംരക്ഷിക്കണമെന്നാണ്. ഇത് കൂടാതെ ആര്യന് മറ്റൊരു സ്വപ്നം കൂടിയുണ്ട്. നേവിയിലെ ഒരു ജോലി. മലയാളം നോവല്‍ ഹിന്ദിയിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ടെങ്കിലും ആര്യന് ഏറ്റവും ഇഷ്ടപെട്ട ഭാഷ ഇംഗ്ലീഷ് ആണ്.
തേവര ഫെറിയിലാണ് അച്ഛനും, അമ്മയും അനുജത്തിയും അടങ്ങുന്ന ആര്യന്റെ കുടുംബം താമസിക്കുന്നത്. ആര്യന് എഴുതി പ്രസിദ്ധീകരിച്ച പുസ്തകത്തെ കുറിച്ച് അതീവ സന്തോഷത്തോടെയാണ് അമ്മ ഡിംപിള്‍ ദേവി പറയുന്നത്. മലയാളം തീരെ പരിചിയമില്ലാത്ത ഡിംപിളിന് ആര്യന്‍ ഹിന്ദിയിലാക്കി പറഞ്ഞു കൊടുക്കും. ” മുജേ ബഹുത്ത് അച്ഛാ ലഗാ, ഹം ലോഗ് ബഹുത്ത് ദ ഖുഷി ഹേ” ( ഞങ്ങള്‍ വളരെയധികം സന്തോഷത്തിലാണ്. ) ഡിംപിള്‍ പറയുന്നു. എവിടെ പോയാലും ആര്യന്റെ അച്ഛനും അമ്മയുമല്ലേ എന്നാണ് ആളുകള്‍ ചോദിക്കുന്നത്. ഞങ്ങള്‍ക്ക് ഇതില്‍ കൂടുതല്‍ എന്ത് വേണമെന്ന് ഡിംപിള്‍ ചോദിക്കുന്നു.

അമ്മ ഡിംപിൾ, ആര്യൻ, ജ്യോതി ബാല ടീച്ചർ
പ്രിയ എ എസ് ആര്യന് സമ്മാനിച്ച ഉള്ളിത്തീയലും ഒമ്പതിന്റെ ഗുണനപ്പട്ടികയുമെന്ന പുസ്തകത്തിന്റെ ആദ്യ പേജില്‍ ഇങ്ങനെ കുറിച്ചിട്ടുണ്ട്. ”പ്രിയപ്പെട്ട ആര്യന് ഉള്ളിത്തീയല്‍ വിവര്‍ത്തനം ഒരു തുടക്കമാകട്ടെ.” പ്രിയയുടെ വാക്കുകള്‍ പോലെ, ആര്യന്‍ ഇനിയും ഉയരങ്ങളിലേക്ക് പോകട്ടെ, അത് നമ്മുടെയീ കേരളത്തിനു കൂടി അഭിമാനമല്ലേ… Migrant worker’s son translates malayalam story to hindi
Content summary; Migrant worker’s son translates malayalam story to hindi