തൃപ്പൂണിത്തുറയില്‍ ഫ്‌ളാറ്റില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ നിര്‍ണ്ണായക തെളിവുകള്‍ പുറത്ത്. മരിച്ച മിഹിര്‍ റാഗിങ്ങിന് ഇരയായിരുന്നുവന്ന് കണ്ടെത്തല്‍. മിഹിര്‍ മുമ്പ് പഠിച്ചിരുന്ന കാക്കനാട് ജെംസ് സ്‌കൂളിലെ പ്രധാന അധ്യാപകന്‍ മിഹിറിനെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. മിഹിറിന്റെ മരണത്തെ തുടര്‍ന്ന് മുമ്പ് പഠിച്ച ജെംസ് സ്‌കൂളിനെതിരെയും നടന്ന അന്വേഷണത്തിലാണ് അധ്യാപകന്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയിരിക്കുന്നത്.
ജെംസ് പബ്ലിക് സ്‌കൂളിനും ഗ്ലോബല്‍ പബ്ലിക് സ്‌കൂളിനും പ്രവര്‍ത്തിക്കാനുള്ള എന്‍ഒസികള്‍ ഇല്ലെന്നും, മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലാത്തവരാണ് സ്‌കൂളില്‍ അധ്യാപനം നടത്തുന്നതെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. ഇരു സ്‌കൂളുകളും അടച്ച്പൂട്ടാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി നടന്ന ചോദ്യം ചെയ്യലില്‍ വ്യക്തമായ ഉത്തരം നല്‍കാനും ജെംസ് സ്‌കൂളിന്റെ പ്രധാന അധ്യാപകന് സാധിച്ചിട്ടില്ല.
മരണശേഷവും മിഹിറിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോകള്‍ പ്രചരിപ്പിക്കുകയാണ്. മിഹിറിന്റെ മരണവുമായി ബന്ധപ്പെട്ട് പരസ്യമായ വെളിപ്പെടുത്തലുകള്‍ക്ക് സ്‌കൂള്‍ അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ആരോപണത്തെ തുടര്‍ന്ന് ജെംസ് പബ്ലിക് സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പല്‍ ബിനു അസീസിനെ കഴിഞ്ഞദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. ജെംസ് സ്‌കൂളിലും മിഹിര്‍ റാഗിങ്ങിന് ഇരയായിരുന്നതായും ഇതാണ് മിഹിറിനെ മരണത്തിലേക്ക് നയിച്ചതെന്നും രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ പരാമര്‍ശിക്കുന്നുണ്ട്. അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ബാലാവകാശ കമ്മീഷനും ഡിജിപിക്കും മിഹിറിന്റെ മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു. സഹപാഠികള്‍ മിഹിറിനെ ശുചിമുറിയില്‍ കൊണ്ടുപോയി ശാരീരികമായി ഉപദ്രവിക്കുകയും ക്ലോസറ്റില്‍ മുഖം താഴ്ത്തി ഫ്‌ലഷ് ചെയ്തിരുന്നതായി മാതാപിതാക്കള്‍ വ്യക്തമാക്കി. നിറത്തിന്റെ പേരിലും മിഹിറിന് അധിക്ഷേപം നേരിടേണ്ടി വന്നിട്ടുണ്ട്.
Content Summary: Mihir is a victim of ragging; Recommend closure of Global and Gems schools
Tripunithura ernakulam