ആശ പദ്ധതിക്ക് ഉള്‍പ്പെടെ കേന്ദ്രം മുഴുവന്‍ തുകയും കേരളത്തിന് നല്‍കിയെന്ന് വരുത്തി തീര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെതെന്ന എന്ന പേരില്‍ പ്രചരിപ്പിക്കുന്ന പത്രക്കുറിപ്പിനെതിരേ ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പ്രഥമദൃഷ്ട്യ തന്നെ സര്‍ക്കാരിന്റെതോ ഏതെങ്കിലും മന്ത്രാലയത്തിന്റെയോ അല്ലെന്ന് വ്യക്തമാകുന്നൊരു പത്രക്കുറിപ്പ് വലിയ വാര്‍ത്തയാക്കി പ്രസിദ്ധീകരിച്ച മുഖ്യധാര മാധ്യമങ്ങളെയും മന്ത്രി പരിഹസിക്കുന്നുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പത്രക്കുറിപ്പ് അല്ലാ അതെന്ന് മനസിലാക്കാന്‍ മാധ്യപ്രവര്‍ത്തകരാകേണ്ട, അക്ഷരാഭ്യാസം ഉണ്ടായാല്‍ മാത്രം മതിയെന്നാണ് മന്ത്രി ഉപദേശിക്കുന്നത്. കൃത്യമായ ആസൂത്രണത്തോടെ ഏതോ സോഷ്യല്‍ മീഡിയാ സെല്ലില്‍ നിന്നും ഉത്ഭവിച്ച ഈ കുറിപ്പ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ ഒരു സംശയവുമില്ലാതെ റിപ്പോര്‍ട്ട് ചെയ്തു. കേരളത്തിനെതിരേ രാഷ്ട്രീയ ലക്ഷ്യത്തോടെ കൃത്യമായ ആസൂത്രണത്തില്‍ നടക്കുന്ന പ്രചാരണങ്ങളുടെ ഭാഗമായി ഉണ്ടാക്കിയ ഒരു പ്രസ്താവനയുടെ ആധികാരികപോലും നോക്കാന്‍ മാധ്യമങ്ങള്‍ മെനക്കെട്ടില്ലെന്നാണ് വീണ ജോര്‍ജ് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചിരിക്കുന്നത്.
മന്ത്രി വീണ ജോര്‍ജിന്റെ കുറിപ്പ് പൂര്‍ണമായി വായിക്കാം.
കേരളത്തിനെതിരെ നുണകള്‍ വരുന്ന വഴി
ഊരും പേരുമില്ലാത്ത ഒരു കുറിപ്പ്…
ആരുടേതാണ് കുറിപ്പെന്ന് ഇല്ല!
പ്രഥമദൃഷ്ട്യാ അത് ഏതെങ്കിലും ഒരു സര്‍ക്കാരിന്റേതോ മന്ത്രാലയത്തിന്റേയോ അല്ലെന്ന് വ്യക്തം.
അതിലെ ഉള്ളടക്കം ഇപ്രകാരം…
‘ശമ്പളവും ആനുകൂല്യങ്ങളും നല്‍കാത്തത് സംസ്ഥാന സര്‍ക്കാരിന്റെ ഭരണ പരാജയം’
ചാനലുകളില്‍ രാത്രി ബ്രേക്കിംഗ് ന്യൂസ്!
‘പ്രമുഖ’ പത്രങ്ങളില്‍ ഇന്ന് സ്വന്തം ലേഖകരുടെ റിപ്പോര്‍ട്ട്…
ആദ്യം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത് ‘മുതിര്‍ന്ന’ മാധ്യമ പ്രവര്‍ത്തകര്‍…
അവര്‍ക്ക് സംശയമില്ല!
‘കേരളത്തിന്റെ വീഴ്ച്ചയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം’
ഇത് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേതല്ലെന്ന് മനസിലാക്കാന്‍ മാധ്യമ പ്രവര്‍ത്തകരാകണമെന്നില്ല, അക്ഷരാഭ്യാസം മതിയാകും…
ഇവര്‍ കൊടുത്തിരിക്കുന്ന വാര്‍ത്തയ്ക്ക് അടിസ്ഥാനമായ കുറിപ്പ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേതല്ല.
അപ്പോള്‍ പിന്നെ ആരുടേത്?
അവിടെയാണ് ഇവിടെ നടക്കുന്ന സംഭവങ്ങള്‍ക്ക് പിന്നിലെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ കാണേണ്ടത്…
കൃത്യമായ ആസൂത്രണത്തോടെ ഏതോ സോഷ്യല്‍ മീഡിയാ സെല്ലില്‍ നിന്നും ഉത്ഭവിച്ച ഈ കുറിപ്പ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ ഒരു സംശയവുമില്ലാതെ റിപ്പോര്‍ട്ട് ചെയ്തു.
വാര്‍ത്തയുടെ ആധികാരികതയില്‍ ചോദ്യം അനുവദനീയമല്ല കേട്ടോ!
ഇനി പ്രതികരണങ്ങളിലേക്ക്…
ചര്‍ച്ചകളിലേക്ക്…
നിര്‍ഭയമായ, ഉദാത്തമായ മാധ്യമ പ്രവര്‍ത്തനം
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെതെന്ന് പേരില്‍ ഇറങ്ങിയ പത്രക്കുറിപ്പിലെ അവകാശവാദങ്ങള്‍ക്ക് നേരത്തെ കണക്ക് നിരത്തി ആരോഗ്യമന്ത്രിയുടെ ഓഫിസ് മറുപടി കൊടുത്തിരുന്നു. 2023-24 വര്‍ഷത്തില്‍ ദേശീയാരോഗ്യ പദ്ധതികള്‍ക്കായി ഒരു രൂപ പോലും കേന്ദ്രം നല്‍കിയിട്ടില്ല. ദേശീയ ആരോഗ്യ മിഷന്‍ പദ്ധതികള്‍ കേരളം നടപ്പിലാക്കിയത്, സംസ്ഥാനത്തിന്റെ സ്വന്തം പണം മുടക്കിയാണെന്നാണ് സംസ്ഥാന ആരോഗ്യമന്ത്രിയുടെ ഓഫിസ് പറയുന്നത്. 938.80 കോടി കേരളത്തിന് നല്‍കിയെന്നും ഇതു കൂടി ഫെബ്രുവരിയില്‍ 120.3 കോടി രൂപ അധികം നല്‍കിയെന്നുമാണ് പ്രചരിപ്പിക്കപ്പെടുന്ന പത്രക്കുറിപ്പില്‍ പറയുന്നത്. ഈ പത്രക്കുറിപ്പില്‍ കേന്ദ്രം നല്‍കിയ കോടിയുടെ കണക്കും, ഒപ്പം കേരള സര്‍ക്കാരിന്റെ കഴിവുകേട് പറഞ്ഞുള്ള വിമര്‍ശനവുമാണ് നിറഞ്ഞു നില്‍ക്കുന്നത്. ആശ വര്‍ക്കര്‍മാര്‍ക്ക് ശമ്പളം നല്‍കാത്തത് സംസ്ഥാന സര്‍ക്കാരിന്റെ കഴിവില്ലായ്മയുടെ തെളിവാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വിമര്‍ശിച്ചുവെന്ന് തലക്കെട്ടുകളോടെ ഈ വാര്‍ത്ത മാധ്യമങ്ങളും പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എന്നാല്‍ കേരളം വ്യക്തമായി പറയുന്നത്, കേന്ദ്രസര്‍ക്കാര്‍ പണം നല്‍കിയിട്ടില്ലെന്നു തന്നെയാണ്. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കായി 2023-24 വര്‍ഷങ്ങളില്‍ കേരളത്തിന് നല്‍കാനുള്ള തുക മുഴുവന്‍ അനുവദിച്ചെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം തെറ്റാണ്. കോ-ബ്രാന്‍ഡിംഗിന്റെ പേരില്‍ 2023-24 കാലങ്ങളില്‍ 636. 88 കോടി രൂപ കേന്ദ്ര നല്‍കിയിട്ടില്ലെന്നും കേരള ആരോഗ്യമന്ത്രിയുടെ ഓഫിസ് പറയുന്നു. ആശ ഉള്‍പ്പെടെയുള്ള സ്‌കീമുകള്‍ക്കോ, സാധാരണ നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കോ ഒരു രൂപ പോലും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ അനുവദിച്ചിട്ടില്ല. 2023-24 ല്‍ ദേശീയ ആരോഗ്യ ദൗത്യത്തിന് കേന്ദ്രം നല്‍കാനുള്ളത് 636.88 കോടി രൂപയാണെന്നു ചൂണ്ടിക്കാട്ടി ആരോഗ്യ മന്ത്രി, കേന്ദ്ര ആരോഗ്യ മന്ത്രിക്കും സ്റ്റേറ്റ് മിഷന്‍, നാഷണല്‍ മിഷനും കത്തയച്ചിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ 28 ന് കേന്ദ്രം നല്‍കിയ മറുപടിയിലും 2023-24 വര്‍ഷത്തില്‍ കേരളത്തിന് കേന്ദ്ര വിഹിതം നല്‍കാനുണ്ടെന്നു വ്യക്തമാക്കിയിട്ടുണ്ടെന്നാണ് ആരോഗ്യമന്ത്രിയുടെ ഓഫിസ് പറയുന്നത്. നാഷണല്‍ ഹെല്‍ത്ത് മിഷന്റെ(എന്‍എച്ച്എം) ആശയുള്‍പ്പെടെയുള്ള സ്‌കീമുകള്‍ക്കോ സാധാരണ പ്രവര്‍ത്തനങ്ങള്‍ക്കോ ഒരു രൂപ പോലും അനുവദിച്ചിരുന്നില്ല. കേന്ദ്രം തരാനുള്ള 826.02 കോടിയില്‍ ആകെ 159.15 കോടി മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ആശമാരുടെ ഇന്‍സെന്റീവ് ഉള്‍പ്പെടെ ബാക്കി 636.88 കോടി ഇതുവരെ അനുവദിച്ചിട്ടില്ലെന്നുമാണ് കേരളം പറയുന്നത്. കേന്ദ്ര വിഹിതം ലഭിക്കാത്തതിനാല്‍ സംസ്ഥാന വിഹിതം ഉപയോഗിച്ചാണ് എന്‍എച്ച്എം പദ്ധതികള്‍ മുന്നോട്ട് കൊണ്ടു പോയതെന്നും ആരോഗ്യമന്ത്രിയുടെ ഓഫിസ് പറയുന്നു. കോ ബ്രാന്‍ഡിംഗ് ഉള്‍പ്പെടെ കേന്ദ്രം നിര്‍ദേശിച്ചിട്ടുള്ള എല്ലാ നടപടിക്രമങ്ങളും പാലിച്ചിരുന്നുവെങ്കിലും ആ വര്‍ഷത്തെ ഫണ്ട് അനുവദിച്ചില്ല. ഇക്കാര്യം സംസ്ഥാന ആരോഗ്യമന്തി, കേന്ദ്രാരോഗ്യ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കുന്നു. Minister Veena George questions press release and media
content Summary; Minister Veena George questions press release and media