June 26, 2026 |

അതിദാരിദ്ര്യം : സാമൂഹ്യ വ്യവസ്ഥിതിയുടെ സൃഷ്ടി

ദാരിദ്ര്യം ഒരു സാമൂഹ്യാവസ്ഥയാണ്; സമൂഹ സൃഷ്ടിയും

ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം എന്ന വലിയ ലക്ഷ്യത്തിലേക്കുള്ള സുപ്രധാനമായ ഒരു ചുവടുവെപ്പാണ് അതിദാരിദ്ര്യാവസ്ഥയില്‍ കഴിയുന്നവര്‍ ഇല്ല എന്ന് ഉറപ്പുവരുത്തുക എന്നത്. വര്‍ഷങ്ങളായുള്ള നിരന്തര ശ്രമകരമായ പ്രയത്‌നങ്ങളുടെ തുടര്‍ച്ചയായിട്ടാണ് കേരളം അതിദരിദ്രമുക്തമെന്ന ചരിത്ര പ്രഖ്യാപനം സംസ്ഥാന സര്‍ക്കാര്‍ നടത്തിയത്. അതിദരിദ്രരും, ദരിദ്രരും എങ്ങനെ ഈ സമൂഹത്തില്‍ ഉണ്ടായി എന്നും ഈ സാമൂഹിക അവസ്ഥയ്ക്ക് കാരണമെന്ത് എന്നും അന്വേഷിക്കുമ്പോഴാണ് ഈ പ്രഖ്യാപനത്തിന്റെ വ്യാപ്തിയും മാനുഷികതയുടെ ഏറ്റവും ഔന്നത്യമായ തലത്തിലേക്ക് ഒരു നാടിനെ സര്‍ക്കാര്‍ എങ്ങനെ കൈപിടിച്ച് നടത്തി എന്നതിന്റെ പ്രാധാന്യം നമുക്ക് മനസ്സിലാകൂ.

വ്യക്തിപരമായ കഴിവില്ലായ്മയുടെയോ അനന്തരഫലമെന്നാണ് പൊതുവില്‍ മനസ്സിലാക്കിയിരിക്കുന്നത്. എന്നാല്‍ ദാരിദ്ര്യം ഒരു സാമൂഹ്യാവസ്ഥയാണ്; സമൂഹ സൃഷ്ടിയുമാണ്. ഭൂമിയെയും വിഭവങ്ങളെയും പൂര്‍ണ്ണമായും ഒരു വിഭാഗം (വര്‍ഗമോ ജാതിയോ) നിയന്ത്രിക്കുന്ന ഒരു വ്യവസ്ഥിതിയുടെ പരിണിതഫലമാണ് സമൂഹത്തില്‍ ഇന്ന് നിലനില്‍ക്കുന്ന ദാരിദ്ര്യം. ലോകത്ത് എവിടെ ദാരിദ്ര്യമുണ്ടോ അവിടെയൊക്കെ പ്രകൃതി വിഭവങ്ങളുടെമേലുള്ള ഏതെങ്കിലും ഒരു വിഭാഗത്തിന്റെ (വിഭാഗങ്ങളുടെ) മേല്‍ക്കോയ്മയുണ്ടെന്ന് കാണാന്‍ കഴിയും. ഒരു വ്യക്തിക്ക് ജീവിക്കാനും ഉപജീവനം നടത്തുന്നതിന് ആവശ്യം വേണ്ടുന്ന വിഭവങ്ങളുടെ മേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോഴാണ് ദരിദ്രര്‍ ഉണ്ടാകുന്നത്.

ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന രണ്ടു വാക്കുകളാണ് ‘ദാരിദ്ര്യം’, ‘ദാരിദ്ര്യ നിര്‍മാര്‍ജനം’ എന്നിവ. ഒരിക്കലും അവസാനിക്കാത്ത ഒരു നിക്ഷേപ ഖനി പോലെയാണ് ദരിദ്രരെയും ദാരിദ്ര്യം സൃഷ്ടിക്കുന്ന സാമൂഹ്യ-സാമ്പത്തിക സാഹചര്യങ്ങളെയും ഇന്ത്യയിലെ വിവിധ സര്‍ക്കാരുകള്‍ സമീപിക്കുന്നത്. ഒന്നാം പഞ്ചവത്സര പദ്ധതി കാലം മുതല്‍ ദാരിദ്രനിര്‍മ്മാര്‍ജ്ജനം ലക്ഷ്യമാക്കി നിരവധിയായ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ വിവിധ സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിയെങ്കിലും പദ്ധതിയുടെ ലക്ഷ്യം ഇനിയും വളരെ അകലെയാണ്. നീതി ആയോഗിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ബിഹാര്‍ (33.1), ജാര്‍ഖണ്ഡ് (28.81), ഉത്തര്‍പ്രദേശ് (22.93), മധ്യപ്രദേശ് (20.93), മേഘാലയ (27.79) എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ ദരിദ്രര്‍ ഉള്ളത്. ഏറ്റവും കുറവ് കേരളത്തിലാണ് (0.55); അര ശതമാനം. ദരിദ്ര വിഭാഗത്തില്‍പ്പെടുന്നവരില്‍, 59,277 പേര്‍ അതിദരിദ്രരാണെന്ന് കണ്ടെത്തി. ജീവിതാവസ്ഥകളോടും സാമൂഹ്യ സാഹചര്യങ്ങളോടും പൊരുതാന്‍ ശേഷിയുള്ള ഒരു പ്രത്യയശാസ്ത്രത്തിന്റെ (കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ) ഇടപെടലുകളുടെ വിജയമാണ് 2025 നവംബര്‍ 1-ലെ ‘അതിദരിദ്ര്യ മുക്ത കേരളം’ എന്ന പ്രഖ്യാപനത്തോടെ വ്യക്തമാകുന്നത്.

ചരിത്രകാരന്മാരുടെ അഭിപ്രായത്തില്‍ ഇടയ വര്‍ഗ്ഗമാണ് കേരളം ഉള്‍പ്പെടുന്ന പ്രദേശത്ത് ആദ്യമായി സംഘടിതമായി അധിവസിച്ചത്. തുടര്‍ന്ന്, പല കാലഘട്ടങ്ങളിലായി വിവിധ ജനവിഭാഗങ്ങള്‍ കേരളത്തിലെ പല സ്ഥലങ്ങളില്‍ സംഘം ചേര്‍ന്ന് ജീവിക്കാന്‍ തുടങ്ങി. കൂട്ടംകൂട്ടമായി താമസിക്കാന്‍ കണ്ടെത്തിയ സ്ഥലങ്ങളില്‍ തങ്ങള്‍ക്കഭിരുചിയുള്ളതും ആ പ്രദേശത്തിന് അനുകൂലമായതുമായ രീതിയില്‍ അവര്‍ അവിടങ്ങളില്‍ താമസിച്ചുപോകുന്നു. കുറിഞ്ചി (മലമ്പ്രദേശം) പാലൈ (തരിശുഭൂമി) മുല്ലൈ (തകിടി പ്രദേശം) നെയ്തല്‍ (തീരഭൂമി) മരുതം (കൃഷി പ്രദേശം) എന്നീ അഞ്ചു തിണകളിലായി തമിഴ്‌നാട് – കേരളം ഉള്‍പ്പെടുന്ന വിവിധ പ്രദേശങ്ങളിലായിരുന്നു ജനജീവിതം. ഇതില്‍ ഓരോ പ്രദേശത്തും ലഭ്യമായ ഭൂമിയില്‍ അധ്വാനിച്ച് കൂട്ടമായിട്ടാണ് സംഘകാലഘട്ടത്തില്‍ ജനങ്ങള്‍ കഴിഞ്ഞിരുന്നത്. ഓരോ ഭൂപ്രദേശത്തും പല വര്‍ഗങ്ങളില്‍പെടുന്നവരും വിവിധ തൊഴിലുകള്‍ ചെയ്യുന്നവരും ഭൂമിയേയും വിഭവങ്ങളേയും ആശ്രയിക്കുന്ന ഉത്പാദന വ്യവസ്ഥയിലാണ് ജനങ്ങള്‍ ജീവിച്ചിരുന്നത്.

സംഘകാലത്തെ ജീവിത സങ്കല്‍പ്പത്തിന്റെ അടിസ്ഥാന ഘടകം ഭൂമിയും കൃഷിയും മറ്റു ജീവിതോപാധികളും എല്ലാവര്‍ക്കും ലഭ്യമാകുന്നു എന്നതാണ്. ചുരുക്കിപ്പറഞ്ഞാല്‍ ഏതെങ്കിലും ഒരു വിഭാഗം ഭൂമിയുടെയോ ജീവിതോപാധികളുടെ മുകളില്‍ നിയന്ത്രണങ്ങളോ കുത്തകാവകാശമോ അക്കാലത്ത് അടിച്ചേല്‍പ്പിച്ചിരുന്നില്ല. പ്രകൃതി അനുകൂലമല്ലാത്ത സാഹചര്യങ്ങളില്‍ പോലും ദാരിദ്ര്യം എന്നത് കേട്ട് കേള്‍വി ഇല്ലാത്ത കാലമായിരുന്നു. ബി.സി. ഒന്നാം നൂറ്റാണ്ടില്‍ എഴുതപ്പെട്ടു എന്ന് കരുതുന്ന പുറനാനൂറില്‍ വെള്ളൈകുടി നാകനാര്‍ എന്ന കര്‍ഷകന്‍ രാജാവിനോട് പറയുന്നതായി ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു,
‘ദുര്‍ജ്ജനങ്ങളുടെ കൗശലം നിറഞ്ഞ ഉപദേശം നിരസിച്ചാലും
ഭൂമിയില്‍ പണിയെടുക്കുന്നവന്റെ ഭാരം ലഘൂകരിച്ചാലും…
അങ്ങിത് ചെയ്യുമെങ്കില്‍ കരുത്തരായ ശത്രുക്കള്‍ വന്ന് അങ്ങയുടെ കാല്‍ക്കല്‍ വീഴും’. കേരളത്തിന്റെ സവിശേഷമായ ഭൂമികയില്‍ വ്യത്യസ്തവും ആന്തരിക വൈവിധ്യങ്ങളോടും കൂടി ജനസഞ്ചയങ്ങള്‍ രൂപം കൊള്ളുന്നതിന്റെ ചരിത്രം സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍, അവര്‍ അധിവസിച്ചിരുന്ന ഭൂമിയും പ്രകൃതിവിഭവങ്ങളും യഥേഷ്ടം പരസ്പര ധാരണയോടെ ഉപയോഗിച്ചിരുന്നു എന്ന് കാണാം. അതുകൊണ്ടുതന്നെ, ഭക്ഷണക്ഷാമം എന്ന അവസ്ഥ ആ സമൂഹത്തിന് അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല.

ഇളംകുളത്തിന്റെ അഭിപ്രായത്തില്‍ ‘വലിയൊരു സംഘം ബ്രാഹ്‌മണര്‍ തുളുനാടുവഴി കേരളത്തില്‍ പ്രവേശിച്ച് അവരുടെ ആശയ സംഹിതകളും ഭരണരീതികളും നടപ്പിലാക്കുന്നുണ്ട്’. എട്ടാം നൂറ്റാണ്ടോട് കൂടിയാണ് ഈ കുടിയേറ്റം ആരംഭിച്ചത് കേരളത്തില്‍ ഫലഭൂയിഷ്ടമായ ഭൂമിയും കച്ചവട കേന്ദ്രവും നാട്ടുഭരണവും നടത്തപ്പെട്ടിരുന്നവയിലെ 64 കേന്ദ്രങ്ങളില്‍ സ്ഥിരം താമസമാക്കിയ കുടിയേറ്റക്കാര്‍ കേരളത്തിലെ മുഴുവന്‍ ഭൂമിയിലും അവകാശവാദം ഉന്നയിച്ച് സ്വന്തമാക്കി. ‘പരശുരാമന്‍ തങ്ങള്‍ക്ക് ദാനം നല്‍കിയതാണ്’ ഈ ഭൂമി മലയാളം മുഴുവന്‍ എന്ന ഐതിഹ്യത്തെ അടിസ്ഥാനപ്പെടുത്തി ഭൂമിയും മറ്റു വിഭവങ്ങളിലും അവകാശം സ്ഥാപിച്ച് അധീശപ്പെടുത്തുന്നതിലൂടെയാണ് ‘ഭൂമിയില്ലാത്ത ജനവിഭാഗങ്ങള്‍’ എന്ന സാമൂഹ്യാവസ്ഥ സൃഷ്ടിക്കപ്പെട്ടത്. ഭൂമിയുടെയും ജീവിതോപാധികളില്‍ മേലുള്ള നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെട്ട വലിയ വിഭാഗം ജനത ദാരിദ്ര്യത്തിലേക്കും ജാതിവ്യവസ്ഥയിലേക്ക് എടുത്തെറിയപ്പെട്ടു. ‘ഉല്‍പാദന ഉപകരണങ്ങളുടെ മേലുള്ള നിയന്ത്രണവും തങ്ങള്‍ക്ക് അനുകൂലമായ സൈനികശക്തി അഥവാ ഭരണസംവിധാനം സ്ഥാപിച്ച് എടുത്തതിലൂടെയാണ് ഭൂമിയില്‍ മേലുള്ള അവകാശം സ്വയം സ്ഥാപിച്ചത്’ എന്നാണ് പുതിയൊരു സാമൂഹ്യ സമ്പ്രദായം സ്ഥാപിക്കപ്പെട്ടതിനെ കുറിച്ച് ഇ.എം.എസ്. അഭിപ്രായപ്പെട്ടത്.

പത്താം നൂറ്റാണ്ടോടെ കേരളത്തില്‍ സ്ഥാപിക്കപ്പെട്ട ചാതുര്‍വര്‍ണ്യ വ്യവസ്ഥയുടെ ഉപോല്‍പ്പന്നമാണ് ദാരിദ്ര്യം. ബ്രാഹ്‌മണരുടെ സുരക്ഷയ്ക്കായും ഭൂമിയും വസ്തുവകകളും സംരക്ഷിക്കുന്നതിനും മേല്‍നോട്ടം നടത്തുന്നതിനും എല്ലാ വര്‍ഗങ്ങളില്‍ നിന്നും (ജാതിവ്യവസ്ഥ സ്ഥാപിക്കപ്പെടുന്നതിന് മുമ്പുള്ള സാമൂഹിക വിഭാഗങ്ങള്‍) കായികശേഷിയും ആയോധന വിദ്യകളില്‍ വൈദഗ്ധ്യമുള്ള പുരുഷന്മാരെ കൂട്ടിച്ചേര്‍ത്ത് ‘കാവല്‍ക്കാര്‍’ എന്ന വിഭാഗത്തിന് രൂപം നല്‍കി. ആദ്യകാലങ്ങളില്‍ ‘നായകര്‍’ എന്ന് അറിയപ്പെട്ടിരുന്ന അവര്‍ പില്‍ക്കാലങ്ങളില്‍ ജാതിയായി പരിണമിക്കുകയും ഒരു ജാതിപ്പേര് സ്വീകരിക്കുകയും ചെയ്തു. സാമന്തന്മാരെ നിയമിച്ച് സമ്പത്ത് മുഴുവന്‍ നിയന്ത്രിച്ചപ്പോള്‍ ദാരിദ്ര്യം എന്നത് ബഹുഭൂരിപക്ഷം ജനങ്ങളുടെയും ദൈനംദിനം ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി.

ജാതിയില്‍ താഴ്ന്നവരെന്ന് മുദ്രകുത്തപ്പെട്ട ജനസഞ്ചയം ഭൂമിയില്‍ നിന്നുമുള്ള അന്യവല്‍ക്കരണത്തിനും നിരന്തര അധിക്ഷേപങ്ങള്‍ക്കും വിധേയരാവുകയും പട്ടിണി നിറഞ്ഞ ജീവിതസാഹചര്യം അവരുടെ ഒരു സ്വാഭാവിക ജീവിതക്രമമാക്കി മാറ്റപ്പെടുകയും ചെയ്തു. വിശപ്പ് മാറ്റാന്‍ നിവൃത്തിയില്ലാതെ എന്തെങ്കിലും വിഭവം ജന്മിയുടെയോ നോട്ടക്കാരന്റെയോ ഔദാര്യത്തില്‍ അല്ലാതെ എടുത്ത് ഉപയോഗിച്ചാല്‍ അതിക്രൂരമായ ശിക്ഷയ്ക്ക് അവരെ വിധേയരാക്കുമായിരുന്നു. പട്ടിണികൊണ്ട് ജീവന്‍ നഷ്ടപ്പെടുമെന്ന അവസ്ഥയിലാണെങ്കിലും അനുവാദമില്ലാതെ കൃഷി സ്ഥലത്ത് നിന്നും പുഴുക്കുത്തേറ്റതോ ചീഞ്ഞതോ ആയ പച്ചക്കറികള്‍ പോലും എടുത്ത് ഉപയോഗിക്കാന്‍ അവര്‍ക്ക് അനുവാദം ഉണ്ടായിരുന്നില്ല. താഴ്ന്ന ജാതി വിഭാഗത്തില്‍പ്പെടുന്നവരുടെ ഭക്ഷണസാധനങ്ങള്‍ക്ക് യാതൊരു സ്വാദുമില്ലെന്ന് ഡച്ചുകാരും ഇംഗ്ലീഷുകാരും നിരവധി തവണ അവരുടെ എഴുത്തുകളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഭക്ഷണത്തിന് വേണ്ടിയുള്ള എല്ലാ വിഭവങ്ങളും കൃഷി ചെയ്യുന്നവരുടെ ഭക്ഷണങ്ങള്‍ക്ക് സ്വാദില്ലാതാകുന്നത് എങ്ങനെയാണ്. ഇത് സാമൂഹ്യമായി നിര്‍മ്മിക്കപ്പെട്ട ഒരു അവസ്ഥയാണ്. ഉല്പാദിപ്പിക്കുന്ന ഭക്ഷണത്തിന്മേല്‍ ഉത്പാദകന് യാതൊരു അവകാശമില്ലാത്ത ഒരു ഉത്പാദന വ്യവസ്ഥ കേരളത്തില്‍ നിലനിന്നിരുന്നു. ദാരിദ്ര്യത്തിന്റെ ഏറ്റവും ഹീനമായ ഈയൊരവസ്ഥ കേരളത്തില്‍ നിലനിന്നിരുന്ന ഫ്യൂഡല്‍-ചൂഷണ വ്യവസ്ഥയുടെ സൃഷ്ടിയാണ്.

പ്രബല വിഭാഗങ്ങള്‍ സ്വത്തും സമ്പത്തും കയ്യടക്കി വയ്ക്കുകയും സാംസ്‌കാരിക – ഭരണ സംവിധാനങ്ങള്‍ പൂര്‍ണ നിയന്ത്രണത്തിലാക്കി മാറ്റുകയും ചെയ്തു. നാട്ടുനടപ്പുകളും കീഴ്- വഴക്കങ്ങളും ജാതി മര്യാദകളും (നിയമങ്ങളും) നിര്‍മ്മിച്ച്, താഴ്ന്ന ജാതി വിഭാഗങ്ങളെ സ്വന്തം ജീവന്റെ മേല്‍പോലും യാതൊരു അവകാശവും ഇല്ലാത്തവരാക്കി. ജീവന്‍ പോലും മേല്‍ ജാതിക്കാരുടെ ഔദാര്യം കൊണ്ട് മാത്രം ലഭിക്കുമായിരുന്ന പരമ ദരിദ്രലക്ഷങ്ങളാണ് കേരള സമൂഹത്തില്‍ ഉണ്ടായിരുന്നത്. ‘ഞാന്‍’ എന്നോ ‘എന്റേത്’ എന്നോ പറയാന്‍ അവകാശമില്ലാത്ത അടിസ്ഥാന വര്‍ഗ്ഗത്തില്‍ ഉള്ളവര്‍ സ്വയം ഇകഴ്ത്തിയും അവമതിപ്പോടെയും മാത്രമേ സംസാരിക്കാന്‍ പാടുള്ളൂ എന്നതായിരുന്നു നാട്ടിലെ നിയമങ്ങള്‍. സവര്‍ണ്ണ വിഭാഗത്തിലുള്ളവര്‍ അരികൊണ്ട് ‘കഞ്ഞി’, ‘ചോറ്’, ‘അമൃതേത്ത്’ എന്നിവ കഴിച്ചപ്പോള്‍ അവര്‍ണ്ണ വര്‍ഗ്ഗത്തില്‍പ്പെട്ടവരൊക്കെ ‘കല്ലെരി’യും ‘കരിങ്കാടി’യും ‘പഴങ്കഞ്ഞി’യും ‘മോന്തുക’യാണ് ചെയ്തിരുന്നത്. ഡച്ചുകാരുടെ പതിനെട്ടാം നൂറ്റാണ്ടിലെ കത്തിടപാടുകളില്‍ കേരളത്തിലെ താഴ്ന്ന ജാതി വിഭാഗത്തില്‍പ്പെടുന്നവരും ദരിദ്രരും വാതിലുകളോ ജനലുകളോ ഇല്ലാത്ത കലമേഞ്ഞ ചെറ്റപ്പുരകളിലാണ് താമസിച്ചിരുന്നത് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ ദാരിദ്ര്യം നിറഞ്ഞ ജീവിത സാഹചര്യങ്ങള്‍ നൂറ്റാണ്ടുകള്‍ കൊണ്ട് സാമൂഹികമായി നിര്‍മ്മിച്ചതാണ്. അതിനാല്‍ ദാരിദ്ര്യം ഒരു ഘടനാപരമായ വ്യവസ്ഥിതിക്കുള്ളില്‍ നിലനില്‍ക്കുന്ന അവസ്ഥയാണ്. അതിനാല്‍ തന്നെ ദാരിദ്ര്യം സാമൂഹിക-അധികാര ഘടനയുടെ സൃഷ്ടിയുമാണ്.

ജാതി ബന്ധങ്ങളെ നിര്‍ണയിക്കാനും ജാതീയമായ വേര്‍തിരികള്‍ സൂക്ഷിക്കാനും ഭക്ഷണത്തെയും വിഭവങ്ങളെയും അതിവിദഗ്ധമായി ഉപയോഗിച്ചിരുന്നു. ലോകത്തെവിടെയും ഫ്യൂഡല്‍ സാമൂഹിക വ്യവസ്ഥ ചൂഷക വര്‍ഗ്ഗത്തിന്റെ സൃഷ്ടിയാണ്. ചൂഷണ വ്യവസ്ഥിതിയോട് സന്ധിയില്ലാ സമരം പ്രഖ്യാപിച്ച പ്രത്യയശാസ്ത്രത്തില്‍ അധിഷ്ഠിതമാണ് ലോകത്തില്‍ ആദ്യമായി ബാലറ്റ് പേപ്പറിലൂടെ 1957-ല്‍ അധികാരത്തിലെത്തിയ കേരളത്തിലെ കമ്മ്യൂണിസ്റ്റ്-മാക്‌സിസ്റ്റ് സര്‍ക്കാര്‍. ജനങ്ങളുടെ സാമൂഹ്യ ദുരവസ്ഥയ്ക്ക് ഒരു അറുതി വരുത്താനും സമത്വസുന്ദരമായ ഒരു ലോകക്രമത്തെ സ്വപ്നം കാണാനും പഠിപ്പിച്ച പ്രത്യയശാസ്ത്രത്തിന് വളരെ വേഗത്തില്‍ തന്നെ ജനങ്ങളുടെ വിശ്വാസമാര്‍ജിക്കാന്‍ കഴിഞ്ഞു. വ്യത്യസ്ത ജാതികളില്‍പ്പെട്ട മനുഷ്യര്‍ തമ്മില്‍ ഒന്നിച്ച് ഭക്ഷണം കഴിക്കുന്നതിനും ഭക്ഷണം കൈമാറുന്നതിനും ശക്തമായ വിലക്ക് നിലനില്‍ക്കുന്ന സമയത്ത് ഈ ജാതി വേലികളെ പൊളിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും മുന്നിട്ടിറങ്ങി. സാമൂഹ്യ പരിഷ്‌കരണ പ്രക്ഷോഭങ്ങളുടെ ഭാഗമായി 1833-1851 കാലയളവില്‍ തിരുവിതാംകൂറില്‍ അയ്യാ വൈകുണ്ഡ സ്വാമികളുടെ നേതൃത്വത്തില്‍ നടത്തിയ സമപന്തിഭോജനം (സഹഭോജനം), തിരുവിതാംകൂറില്‍ തൈക്കാട് അയ്യാവു സ്വാമിയുടെ നേതൃത്വത്തില്‍ നടന്ന പന്തിഭോജനം, 1917-ല്‍ ചെറായിയില്‍ സഹോദരന്‍ അയ്യപ്പന്‍ നടത്തിയ മിശ്രഭോജനം, 1927 വാഗ്ഭടാനന്ദന്‍ നടത്തിയ പ്രീതിഭോജനം എന്നിവ സംഘടിപ്പിച്ചതും സാമൂഹ്യ വേര്‍തിരിവുകളെയും ജാതി മതില്‍ക്കെട്ടുകളെയും തകര്‍ക്കാന്‍ സാധിക്കുന്നതാണ് എന്ന ആത്മവിശ്വാസം സാധാരണക്കാരായ ജനങ്ങള്‍ക്ക് ലഭിക്കാന്‍ കാരണമായി.

കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതോടൊപ്പം, ചൂഷണ-സാമൂഹിക വ്യവസ്ഥിതികള്‍ക്കെതിരെ സംഘടിക്കാനും പ്രവര്‍ത്തിക്കാനും പ്രവര്‍ത്തകര്‍ ആഹ്വാനം നല്‍കി. കര്‍ഷകരുടെയും ദരിദ്രരുടെയും കുടിലുകളില്‍ കടന്നുചെന്ന് ആശയ പ്രചരണം നടത്തുകയും ഒരു ‘കോപ്പ’ (ഗ്ലാസ്) വെള്ളമെങ്കിലും ചോദിച്ചുവാങ്ങി പ്രവര്‍ത്തകര്‍ തമ്മില്‍ ഒരു പാത്രത്തില്‍ നിന്നും പങ്കുവെച്ച് കുടിക്കുകയും ചെയ്തിരുന്നതും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായിരുന്നു. ജാതി മതില്‍ക്കെട്ടുകള്‍ പൊളിച്ചുകളയാന്‍ ദരിദ്രരെയും വിവിധങ്ങളായ താഴ്ന്ന ജാതി വിഭാഗത്തില്‍പ്പെടുന്ന (സാമൂഹ്യമായി പെടുത്തിയ) അടിസ്ഥാനവര്‍ഗ ജനങ്ങളേയും കരുത്തരാക്കി മാറ്റിയ ഇത്തരം അനവധി നിരവധിയായ ഇടപെടലുകളുടെ തുടര്‍ച്ച ഉറപ്പുവരുത്താന്‍ ഇടതുപക്ഷ സര്‍ക്കാരുകള്‍ക്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്കും കേരളത്തില്‍ കഴിഞ്ഞിട്ടുണ്ട്. പട്ടിണിയും ദാരിദ്ര്യവും നടമാടുന്ന കാലത്ത് അതില്‍ നിന്നുള്ള മോചനത്തിന്റെ സന്ദേശം പ്രചരിപ്പിക്കാന്‍ 1936 ജൂലൈ 1-ന് കൂത്തുപറമ്പില്‍ നിന്നും മദിരാശി നിയമസഭാ മന്ദിരം വരെ എ.കെ.ജി.യുടെ നേതൃത്വത്തില്‍ പട്ടിണി ജാഥ സംഘടിപ്പിച്ചു. ‘വിശപ്പിന്റെയും പട്ടിണിയുടെയും കാരണങ്ങള്‍ എന്താണെന്ന് ജനങ്ങളെ പഠിപ്പിക്കുകയും ആ മഹാന്മാരെ തുടച്ചുനീക്കാന്‍ എന്താണ് ചെയ്യേണ്ടതെന്നും അവരെ മനസ്സിലാക്കിയിരുന്നു ആ ജാഥയുടെ ലക്ഷ്യം’ എന്നാണ് പട്ടിണി ജാഥയെക്കുറിച്ച് എ.കെ.ജി വ്യക്തമാക്കിയത്.

ദാരിദ്ര്യമെന്ന ദുസ്സഹമായ ഒരു സാമൂഹ്യ വ്യവസ്ഥിതിക്കെതിരെ പ്രതിരോധം തീര്‍ക്കുന്നതിനും വിശക്കുന്നവര്‍ക്ക് ഭക്ഷണം എത്തിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കാനും കേരളത്തിലെ ഇടതുപക്ഷ പ്രവര്‍ത്തകരും സര്‍ക്കാരും പ്രതിജ്ഞാബദ്ധരാണ്. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ചൂഷകവ്യവസ്ഥ സൃഷ്ടിച്ച ദാരിദ്ര്യത്തേയും വിശപ്പിനേയും മറികടക്കാനുള്ള ക്രിയാത്മകമായ ഇടപെടലാണ് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ ഭക്ഷണ കിറ്റ് വിതരണം. അതിദരിദ്രരില്ലാത്ത ഒരു സംസ്ഥാനമായി കേരളത്തെ മാറ്റും എന്ന പ്രഖ്യാപനവും അതിനുവേണ്ടിയുള്ള തുടര്‍പ്രവര്‍ത്തനങ്ങളെ സസൂഷ്മം ഏകോപിപ്പിച്ചതും സാമൂഹ്യവ്യവസ്ഥിതിയിലെ ഇടപെടലായി വേണം മനസ്സിലാക്കേണ്ടത്. 64006 കുടുംബങ്ങളുടെ പട്ടിണി മാറ്റി എന്നു മാത്രമല്ല, പട്ടിണിയോടൊപ്പം വന്നുചേര്‍ന്ന പ്രശ്‌നങ്ങള്‍ക്ക് സര്‍ക്കാര്‍ ഇടപെടലിലൂടെ പരിഹാരം കണ്ടെത്തി എന്നതാണ് പ്രധാനം. സാമൂഹികാവസ്ഥ സൃഷ്ടിച്ച ദരിദ്രാവസ്ഥയില്‍ നിന്നും പുറത്തു കടക്കാന്‍ ഭക്ഷണം, ആരോഗ്യം, ഉപജീവനമാര്‍ഗ്ഗം, പാര്‍പ്പിടം എന്നിവ ഉറപ്പുവരുത്തി നൂറ്റാണ്ടുകള്‍ക്കപ്പുറം ചരിത്രമുള്ള സാമൂഹിക വ്യവസ്ഥിതികള്‍ നിര്‍മ്മിച്ച അതിദാരിദ്രാവസ്ഥ കേരളത്തില്‍ ഇനി ഇല്ലെന്ന് പ്രഖ്യാപിച്ചതിന് ചരിത്ര പ്രാധാന്യമുണ്ട്. സാമൂഹ്യനിര്‍മ്മിതിയുടെ ചരിത്രത്തില്‍ ഒരു ഇടതുപക്ഷ സര്‍ക്കാര്‍ ഇടപെട്ടതിന്റെ കൂടി അടയാളപ്പെടുത്തലാകും ഇത്.

Content Summary: Model for India: how Kerala achieved the extreme poverty free

Leave a Reply

Your email address will not be published. Required fields are marked *

×