June 17, 2025 |

സമ്പുഷ്ടീകരിച്ച അരി ആരോഗ്യകരമോ?

രാസവസ്തുക്കള്‍ ഉപയോഗിച്ച് സമ്പുഷ്ടീകരിച്ച അരിയിലെ അപായ സൂചന ഒഴിവാക്കാന്‍ ഒറ്റ രാത്രികൊണ്ട് വ്യാജ വിദഗ്ധാഭിപ്രായമുണ്ടാക്കി മോദി സര്‍ക്കാര്‍

ഇന്ത്യയിലെ പാവപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ പദ്ധതികള്‍ക്ക് കീഴില്‍ ലഭിക്കുന്ന അരി ഇരുമ്പ് ചേര്‍ത്ത് സമ്പുഷ്ടമാക്കിയതാകണമെന്ന് 2021-ലാണ് മോദി സര്‍ക്കാര്‍ ഉത്തരവിട്ടത്. തലസീമിയ, സിക്കിള്‍ സെല്‍ അനീമിയ തുടങ്ങിയ ജനിതക രോഗങ്ങളുള്ള ആളുകള്‍ക്ക് ഇത്തരത്തിലുള്ള അരി ഉണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് അന്നേ പൊതുജനാരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇന്ത്യയിലെ ഗോത്രവര്‍ഗ്ഗക്കാരെയാണ് ഈ ഉത്തരവ് കൂടുതല്‍ ഭീതിയിലാഴ്ത്തിയത്. ലഭ്യമായ കണക്കുകള്‍ പ്രകാരം അവര്‍ക്കിടയിലെ 34 %-ത്തോളം മനുഷ്യര്‍ ഈ രോഗങ്ങളുടെ പിടിയിലാണ്. ഈ വസ്തുത നിലനില്‍ക്കുമ്പോഴും പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഉത്തരവ് ഉള്ളത് കൊണ്ട് തന്നെ ഫോര്‍ട്ടിഫൈഡ് റൈസ്(സമ്പുഷ്ടീകരിച്ച അരി) തുടരുക തന്നെ ചെയ്തു. ഇത്തരം രോഗബാധയുള്ളവര്‍ ഈ അരി ഒഴിവാക്കണമെന്ന ചെറു മുന്നറിയിപ്പ് അരി ചാക്കുകളില്‍ ഒട്ടിച്ചു കൊണ്ട് സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ട് പോയി.

സമ്പുഷ്ടീകരിച്ച അരി ഉപയോഗിക്കുന്നത് കൊണ്ടുള്ള ദോഷഫലങ്ങളെ കുറിച്ച് കോടിക്കണക്കിന് വരുന്ന പാവപ്പെട്ട ജനങ്ങള്‍ക്ക് കൃത്യമായ മുന്നറിയിപ്പ് നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു പൗരാവകാശ സംഘടന അരി വിതരണം ചെയ്യാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തു. ആരോഗ്യപരമായ ആഘാതങ്ങളെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കാനും രോഗങ്ങളുള്ളവരെ പരിശോധനയ്ക്ക് വിധേയരാക്കി അരി കഴിക്കുന്നതില്‍ നിന്ന് തടയാനും സര്‍ക്കാരിനുമേല്‍ നിയമപരമായ സമ്മര്‍ദം ചെലുത്തിയതോടെ അവര്‍ മറ്റൊരു എളുപ്പവഴി കണ്ടെത്തി. അത്തരം ആരോഗ്യ മുന്നറിയിപ്പുകള്‍ ആവശ്യപ്പെടുന്ന നിയമം തന്നെ സര്‍ക്കാര്‍ ഇപ്പോള്‍ പൂര്‍ണ്ണമായും ഒഴിവാക്കിയിരിക്കുന്നു. പ്രാഥമികമായ ആരോഗ്യ മുന്നറിയിപ്പ് തന്നെ ഒഴിവാക്കിയതോടെ, സമ്പുഷ്ടീകരിച്ച അരിയുടെ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാനും ഈ അരി കഴിക്കാന്‍ പാടില്ലാത്തവര്‍ക്കായി ബദല്‍ മാര്‍ഗങ്ങള്‍ കൊണ്ടുവരാനുമൊക്കെയുള്ള കടമകളില്‍ നിന്ന് സര്‍ക്കാര്‍ ഒഴിഞ്ഞുമാറിയിരിക്കുകയാണ്. സമ്പുഷ്ടീകരിച്ച അരി കഴിക്കുന്നതിന്റെ ദോഷങ്ങളെക്കുറിച്ച് പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കേണ്ടതില്ലെന്ന നിഗമനത്തിലാണ് ഫലത്തിലത് എത്തിച്ചേര്‍ന്നത്.

തിടുക്കത്തിലുണ്ടാക്കിയെടുത്ത ഒരു ശാസ്ത്രീയ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ അങ്ങനെ ചെയ്തതെന്നാണ് റിപ്പോര്‍ട്ടേഴ്സ് കളക്ടീവിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്. ഡല്‍ഹിയിലെ യുഎസ് എംബസിയിലുള്ള യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനിലെ പേരറിയാത്ത ഉദ്യോഗസ്ഥനുമായുള്ള റെക്കോര്‍ഡ് ചെയ്യാത്ത സംഭാഷണമാണ് ഈ ശാസ്ത്രീയ തെളിവുകളുടെ ഒരു പ്രധാന ഭാഗം.

സമ്പുഷ്ടീകരിച്ച അരി എന്നത് സാധാരണ അരി തന്നെയാണ്. അരി പൊടിച്ച് ഇരുമ്പ്, വിറ്റാമിന്‍ ബി 12, ഫോളിക് ആസിഡ് എന്നിവ കൂടി കലര്‍ത്തി യന്ത്ര സഹായത്താല്‍ വീണ്ടും അരിയുടെ രൂപത്തിലേക്ക് മാറ്റുന്നു. നൂറു സാധാരണ അരിമണിയുടെ കൂടെ ഇത്തരത്തിലുള്ള ഒരു സമ്പുഷ്ടീകരിച്ച അരിമണി എന്ന തോതിലാണ് ഇവ മിക്‌സ് ചെയ്യുന്നത്. മേല്പറഞ്ഞ ജനിതക രോഗങ്ങളുടെ പിടിയിലായവരില്‍ ഇരുമ്പ് ഓവര്‍ലോഡ് ആകാനുള്ള അപകട സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ പ്രതിരോധ ശേഷി കുറയുകയോ അവയവങ്ങളുടെ പ്രവര്‍ത്തനം നിലക്കുകയോ ഒക്കെ ചെയ്‌തേക്കാം. അത് കൊണ്ടാണ് അവരോട് ഇരുമ്പിന്റെ അംശം അധികമുള്ള ഭക്ഷണങ്ങള്‍ കഴിക്കരുതെന്ന് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാലിവിടെ സര്‍ക്കാര്‍ നല്‍കുന്ന അരി വാങ്ങുന്ന ഭൂരിഭാഗത്തിനും എന്താണ് ഈ അരിയില്‍ അടങ്ങിയിരിക്കുന്നത് എന്നതിനെ കുറിച്ചു ധാരണയില്ല.

ഝാര്‍ഖണ്ഡിലെ ഈസ്റ്റ് സിംഗ്ഭും ജില്ലയില്‍ ഫോര്‍ട്ടിഫൈഡ് അരിയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ, സിക്കിള്‍ സെല്‍ അനീമിയ ബാധിച്ച 20 വയസ്സുള്ള ഒരു സ്ത്രീയെ കളക്ടീവ് കണ്ടുമുട്ടിയിരുന്നു. ഒന്നിലധികം തവണ രക്തം മാറ്റി വെക്കുന്ന ചികിത്സക്ക് (ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍സ്) വിധേയമാകേണ്ടി വന്നിട്ടുള്ള ഈ പെണ്‍കുട്ടി അപ്പോഴും ഇരുമ്പ് കലര്‍ന്ന അരി കഴിച്ച് കൊണ്ടിരിക്കുന്നുണ്ടായിരുന്നു. അടുക്കിയിട്ടിരുന്ന ചണത്തിന്റെ അരി ചാക്കുകളില്‍ ഫോര്‍ട്ടിഫൈഡ് അരിയെ കുറിച്ചുള്ള മുന്നറിയിപ്പ് ലേബലുകള്‍ ഒട്ടിച്ചിരുന്നതിന്റെ തെളിവുകളും അതേ പ്രദേശത്ത് ഞങ്ങള്‍ കണ്ടെത്തി.

സമ്പുഷ്ടീകരിച്ച അരി ഒഴിവാക്കണമെന്ന് ഈ രാജ്യത്തെ പൗരന്മാര്‍ കരുതിയാല്‍ തന്നെയും, സ്ത്രീകളെ പോലെ ഇവിടത്തെ പൊതു വിതരണ സമ്പ്രദായത്തിന്റെ ഭൂരിഭാഗം ഗുണഭോക്താക്കള്‍ക്കും സര്‍ക്കാര്‍ നല്കുന്നതല്ലാതെ മറ്റൊന്നും കഴിക്കാനില്ല. മാത്രമല്ല ഈ അരി ആരൊക്കെ കഴിക്കരുതെന്ന മൊത്ത വിതരണ ചാക്കുകളില്‍ ഒട്ടിച്ചിട്ടുള്ള മുന്നറിയിപ്പ് അവര്‍ അവഗണിക്കുകയും ചെയ്‌തേക്കാം. കൃത്രിമമായി നിര്‍മിച്ച അരിരൂപത്തിലുള്ള വസ്തു പ്ലാസ്റ്റിക് അരിയാണ് എന്ന വാര്‍ത്ത പരന്നത് കൊണ്ട് ഒരുഘട്ടത്തില്‍ സമ്പുഷ്ടീകരിച്ച അരി മധ്യേന്ത്യയിലെ ഉള്‍നാടന്‍ ഗോത്രവര്‍ഗ ഗ്രാമങ്ങളില്‍ പരിഭ്രാന്തിയും പ്രതിഷേധവും സൃഷ്ടിച്ച സ്ഥിതിയും ഉണ്ടായിരുന്നു.

അടുത്ത നാല് വര്‍ഷത്തേക്ക് ഈ പദ്ധതിക്കായി 17,082 കോടി രൂപ സാമ്പത്തിക വിഹിതം അനുവദിച്ചു കൊണ്ട് സമ്പുഷ്ടീകരിച്ച അരിയുടെ മേലുള്ള സര്‍ക്കാരിന്റെ ശാഠ്യം കഴിഞ്ഞയാഴ്ച ശക്തിപ്പെടുത്തുക കൂടി ഉണ്ടായി. പ്രത്യേക രോഗങ്ങള്‍ ബാധിക്കാത്തവര്‍ക്ക് പോലും ആരോഗ്യകരമായ ഗുണങ്ങള്‍ ഉണ്ടാക്കുന്നതില്‍ ഫോര്‍ട്ടിഫൈഡ് അരിയുടെ പരാജയത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം പരസ്യമായി കത്തെഴുതിയിയത് നിലനില്‍ക്കവെയാണ് ഈ നീക്കമെന്ന് ഓര്‍ക്കണം.

കാര്യങ്ങള്‍ അന്വേഷിച്ചു കൊണ്ടുള്ള വിശദമായ കുറിപ്പുകള്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പിനും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനും ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കും കളക്റ്റീവ് അയക്കുകയുണ്ടായി. പലതവണ ഓര്‍മ്മിപ്പിച്ചിട്ടും അവക്കൊന്നും പ്രതികരണങ്ങള്‍ ലഭിച്ചില്ല.

പച്ചക്കുള്ള ഇടപാട്
2021 ലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ഇന്ത്യയിലെ ജനസംഖ്യയുടെ പകുതിയിലധികം പേര്‍ക്കും സമ്പുഷ്ടീകരിച്ച അരി വിതരണം ചെയ്യാനുള്ള സര്‍ക്കാര്‍ തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. എന്നാല്‍ 80 കോടിയിലധികം ആളുകള്‍ക്കോ അല്ലെങ്കില്‍ ജനസംഖ്യയുടെ 66% -ത്തിനോ ഈ അരി വിളമ്പുമെന്ന് പറയുന്ന പൊതുജനാരോഗ്യനയം അതിനെ കുറിചുള്ള മുന്നറിയിപ്പുകളും ആപല്‍ സൂചനകളും അവഗണിച്ച് തിടുക്കത്തില്‍ രൂപപ്പെടുത്തിയെടുത്തതാണ്.

ഈ അരിയുടെ പോഷക ഫലങ്ങള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ ആരംഭിച്ച ഭൂരിഭാഗം പൈലറ്റ് പദ്ധതികളും അടിസ്ഥാനപരമായി പിഴവുള്ളതും പരാജയപ്പെട്ടതുമായിരുന്നെന്ന വസ്തുത മോദി സര്‍ക്കാര്‍ അവഗണിച്ചുവെന്ന് ഞങ്ങളുടെ കഴിഞ്ഞ അന്വേഷണത്തില്‍ റിപ്പോര്‍ട്ടേഴ്സ് കളക്റ്റീവ് വെളിപ്പെടുത്തിയിരുന്നു. മനുഷ്യാരോഗ്യത്തില്‍ ഈ അരി ഉണ്ടാകുന്ന അനന്തര ഫലങ്ങളെ കുറിച്ച് പൂര്‍ണമായി മനസിലാക്കും മുന്‍പേയുള്ള ഈ സ്‌കീം അതിവേഗത്തില്‍ നടപ്പിലാക്കുന്നതിനെ എതിര്‍ത്ത് കൊണ്ട് ആരോഗ്യ മന്ത്രാലയം ചുവപ്പ് കൊടി കാണിച്ചതിനെയും അവഗണിച്ചാണ് അവര്‍ മുന്നോട്ട് പോയത്. കുട്ടികളില്‍ സമ്പുഷ്ടീകരിച്ച അരി ഉണ്ടാക്കാനിടയുള്ള ‘പ്രതികൂല ഫലങ്ങളെ’ കുറിച്ച് ‘ഗുരുതരമായ ആശങ്കകള്‍’ ഉണ്ടായതിനെത്തുടര്‍ന്ന് രാജ്യത്തെ പ്രമുഖ ആരോഗ്യ ഗവേഷണ സ്ഥാപനമായ ഐസിഎംആറിന്റെ തലവന്‍ വിപുലമായ കൂടിയാലോചനകള്‍ ആവശ്യപ്പെട്ടിട്ടും സമ്പുഷ്ടീകരിച്ച അരി നിറച്ച ചാക്കുകള്‍ വാഹനങ്ങളില്‍ കയറ്റി വിതരണത്തിനായി പുറപ്പെട്ടു കൊണ്ടിരുന്നു.

അരിയെ സമ്പുഷ്ടീകരിക്കുന്നതിന് ഉപയോഗിക്കുന്ന മൈക്രോ ന്യൂട്രിയന്റ് പൗഡര്‍ നിര്‍മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ഡച്ച് കമ്പനിയുമായി ബന്ധപ്പെട്ടിരിക്കുന്ന ആഗോള എന്‍ജിഒകളുടെ ശൃംഖല സമ്പുഷ്ടീകരിച്ച അരി നയം നടപ്പിലാക്കാന്‍ സഹായിക്കുന്ന ഒരു സര്‍ക്കാര്‍ റിസോഴ്സ് സെന്ററിന്റെ ഭാഗമാണെന്നും ഞങ്ങളുടെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. അതായത് ഇന്ത്യയിലെ പകുതിയിലധികം പേരെയും ഫോര്‍ട്ടിഫൈഡ് റൈസ് കഴിക്കാന്‍ നിര്‍ബന്ധിതരാക്കിയ മോദി സര്‍ക്കാരിന്റെ തീരുമാനം ഡച്ച് സ്ഥാപനമായ റോയല്‍ ഡിഎസ്എമ്മിന് ഉറപ്പായ ഒരു വിപണി സൃഷ്ടിച്ചു കൊടുത്തു.

എന്നിരുന്നാലും, കേന്ദ്രസര്‍ക്കാരിന്റെ അതീവ ദുര്‍ബലമായ സുരക്ഷാ ചട്ടങ്ങളാണ് വിമര്‍ശനത്തിന്റെ കേന്ദ്രബിന്ദുവായി മാറിയത്. തലസീമിയയും സിക്കിള്‍ സെല്‍ അനീമിയയും ഉള്ളവര്‍ സമ്പുഷ്ടീകരിച്ച അരി കഴിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടണമെന്ന മുന്നറിയിപ്പ് രേഖപ്പെടുത്തിയ ജാഗ്രത ലേബലുകള്‍ സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നു. സര്‍ക്കാര്‍ തന്നെ നല്‍കുന്ന ഈ മുന്നറിയിപ്പ് സമ്പുഷ്ടീകരിച്ച അരി കഴിക്കുന്നത് ചിലരെ ഗുരുതരമായ അപകടത്തിലാക്കുമെന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനമായിരുന്നു.

rice warning label

ഫോര്‍ട്ടിഫൈഡ് അരി കൊണ്ട് പോകുന്ന ചണച്ചാക്കുകളിലുള്ള മുന്നറിയിപ്പ് ലേബലിന്റെ വലിപ്പം കാണിക്കുന്ന ഒരു ദൃശ്യാവിഷ്‌കാരം. സാധ്യമായ ഏറ്റവും ചെറിയ ജാഗ്രതാ കുറിപ്പ് നല്‍കാന്‍ സര്‍ക്കാര്‍ ശ്രദ്ധിച്ചിട്ടുണ്ട്.

ഈ പോക്ക് തിരുത്താന്‍ സുപ്രിം കോടതി ആവശ്യപ്പെട്ടതോടെ കേന്ദ്രസര്‍ക്കാരിന്റെ ‘അതിവേഗത്തിലുള്ള ‘ നയം നടപ്പാക്കലിന് അവസാനമായി.

2023 ജനുവരിയില്‍, പൊതുജനാരോഗ്യ വിദഗ്ധന്‍ ഡോ. വന്ദന പ്രസാദ് മുന്നറിയിപ്പ് ലേബല്‍ ചട്ടങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഒരു ഹര്‍ജി നല്‍കി. കോടതി ഹര്‍ജി തള്ളുകയും ‘ആദ്യം കാര്യങ്ങള്‍ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍പെടുത്തികൊണ്ടു കൃത്യമായ അവതരണം നടത്താന്‍’ ഹര്‍ജിക്കാരനോട് ആവശ്യപ്പെടുകയും ചെയ്തു. ഈ ഹര്‍ജിക്കാരന്‍ 2023 ഫെബ്രുവരിയിലും ജൂണിലും ആരോഗ്യ സെക്രട്ടറിക്ക് രണ്ട് കത്തുകള്‍ അയച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല.

2023 സെപ്റ്റംബറില്‍, അലയന്‍സ് ഫോര്‍ സസ്റ്റെയ്നബിള്‍ ആന്‍ഡ് ഹോളിസ്റ്റിക് അഗ്രികള്‍ച്ചറിലെ പ്രവര്‍ത്തകര്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ഒരു പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തു. തലസീമിയ, സിക്കിള്‍ സെല്‍ അനീമിയ തുടങ്ങിയ രോഗങ്ങളുള്ള വ്യക്തികള്‍ക്ക് ഈ അരി ഉണ്ടാക്കാവുന്ന അപകടങ്ങളെക്കുറിച്ച് സര്‍ക്കാരിന്റെ സ്വന്തം ചട്ടങ്ങള്‍ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഈ അപകടസാധ്യതകള്‍ എല്ലാ ഗുണഭോക്താക്കളെയും അറിയിക്കണമെന്നും ഏറ്റവും ദുര്‍ബലരായവര്‍ക്ക് അനുയോജ്യമായ ബദല്‍മാര്‍ഗങ്ങള്‍ ലഭ്യമാക്കണമെന്നും ആ ഹര്‍ജിയില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഈ രോഗം തിരിച്ചറിയുന്നതിനായി കോടിക്കണക്കിന് ഗുണഭോക്താക്കളെ കേന്ദ്രസര്‍ക്കാര്‍ പരിശോധനാ വിധേയമാക്കുമെന്ന പ്രതീക്ഷ യാഥാര്‍ഥ്യത്തിനു നിരക്കാത്തതാണെന്ന് ചിലര്‍ വാദിച്ചേക്കാം. എന്തായാലും സര്‍ക്കാര്‍ പ്രത്യേകമായി ഒരു സിക്കിള്‍ സെല്‍ അനീമിയ നിര്‍മാര്‍ജന ദൗത്യം ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്. ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ താമസിക്കുന്ന രാജ്യത്തെ 278 ജില്ലകളില്‍ നിന്നുള്ള 7 കോടി ആളുകളെയെങ്കിലും ഇതിനു കീഴില്‍ പരിശോധനക്ക് വിധേയമാക്കാനാണ് പദ്ധതിയിടുന്നത്.

പ്രതിരോധം
സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം സമ്പുഷ്ടീകരണത്തിന്റെ സുരക്ഷാ വശം എന്നത് പിന്നീട് മാത്രം വരുന്ന ചിന്തയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതി പ്രഖ്യാപിച്ച് രണ്ട് വര്‍ഷവും കാബിനറ്റ് അംഗീകരിച്ച് ഒരു വര്‍ഷവും കഴിഞ്ഞ ശേഷമാണ് ഇന്ത്യക്കാര്‍ക്ക് സമ്പുഷ്ടീകരിച്ച അരി നല്‍കുന്നതിന്റെ അപകടസാധ്യതകള്‍ സര്‍ക്കാര്‍ പരിശോധിക്കാന്‍ തുടങ്ങിയത്. സമ്പുഷ്ടീകരിച്ച അരിയുടെ സുരക്ഷയും ഫലപ്രാപ്തിയും വിലയിരുത്തുന്നതില്‍ അവരുടേതായ രീതികളിലുള്ള വിവിധ മന്ത്രാലയങ്ങള്‍ നിയോഗിച്ച ശാസ്ത്രജ്ഞരില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളുടെ പല സ്വരങ്ങളിലുള്ള കച്ചേരിയായിരുന്നു അതിന്റെ ഫലം.

2023 ജൂണില്‍, ഫോര്‍ട്ടിഫൈഡ് അരിയുടെ സുരക്ഷയും ഫലപ്രാപ്തിയും സംബന്ധിച്ച ഒരു റിപ്പോര്‍ട്ട് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെത്തി. ഭക്ഷണ ഉപഭോഗം, അതിന്റെ അനന്തര ഫലങ്ങളുടെ വിലയിരുത്തല്‍, ജനസംഖ്യയുടെ വിവിധ വിഭാഗങ്ങളില്‍ ഉണ്ടാകുന്ന പ്രതികൂല ഫലങ്ങള്‍, അമിത ഉപഭോഗത്തിന്റെ അപകടസാധ്യത, അമിതമായ ഉപഭോഗത്തിന്റെയും ദീര്‍ഘകാല ആരോഗ്യ പ്രത്യാഘാതങ്ങളുടെയും ബയോ മാര്‍ക്കറുകളുടെ വളര്‍ച്ച എന്നിവ പതിവായി നിരീക്ഷിക്കേണ്ടത് ഈ പദ്ധതിയില്‍ ആവശ്യമാണെന്നാണ് ഐസിഎംആറുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യന്‍ (എന്‍ഐഎന്‍) എന്ന ഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടത്. ലളിതമായി പറഞ്ഞാല്‍ സുപ്രിം കോടതിയിലെ ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടതിന് സമാനമായി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ കൂടുതല്‍ സജീവമായ പങ്ക് വഹിക്കണമെന്ന് തന്നെയാണ് ഗവേഷകരും ആഗ്രഹിച്ചത്.

ICMR-NIN

പ്രതികൂലമായ പാര്‍ശ്വ ഫലങ്ങളെ ഒഴിവാക്കാന്‍ ഭക്ഷണ ഉപഭോഗത്തെ കൃത്യമായി നിരീക്ഷിക്കണമെന്ന സാഹചര്യം മുന്നോട് വെക്കുന്ന ICMR-NIN പേപ്പര്‍- സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ട ഒരു കാര്യമാണിത്.

 

തലസീമിയ, സിക്കിള്‍ സെല്‍ അനീമിയ തുടങ്ങിയ രോഗങ്ങളുള്ളവര്‍ ഇരുമ്പിന്റെ അംശം കലര്‍ന്ന അരി കഴിക്കാനിടയാകുന്നതിനെ സംബന്ധിച്ച് കൃത്യമായ ജാഗ്രത പുലര്‍ത്തണമെന്ന് ഈ റിപ്പോര്‍ട്ട് വ്യക്തമായി പറയുന്നുണ്ട്. പ്രത്യേകിച്ചും ഈ രോഗങ്ങള്‍ നിമിത്തം രക്തം മാറ്റേണ്ട (ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍) വ്യക്തികളെ സംബന്ധിച്ച് അത് സത്യവുമായിരുന്നു. ഏതായാലും മുന്നറിയിപ്പ് ലേബലുകള്‍ തുടരണം എന്ന നിഗമനത്തിലാണ് അവരും എത്തിച്ചേര്‍ന്നത്.

പൊതുവിതരണ സമ്പ്രദായത്തിന് കീഴില്‍ ഫോര്‍ട്ടിഫൈഡ്, അണ്‍ഫോര്‍ട്ടിഫൈഡ് അരി വിതരണം ചെയ്യണമെന്നാണ് ശാസ്ത്രജ്ഞരും അത് പോലെ തന്നെ വിദഗ്ധരും ശുപാര്‍ശ ചെയ്യുന്നത്. അരി വിതരണം ചെയ്യുന്നതില്‍ ജാഗ്രത ആവശ്യപ്പെടുന്ന ഒരു റിപ്പോര്‍ട്ട് അല്‍പ്പം വൈകിയാണ് വന്നത്-അതുപോലുള്ള നിരവധി അപായസൂചനകള്‍ ഇതിനകം അവഗണിച്ച സര്‍ക്കാരിനെ ഇതും പിന്തിരിപ്പിക്കില്ലായിരുന്നു. അപ്പോഴേക്കും 27 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 90 ലക്ഷം ടണ്‍ ഫോര്‍ട്ടിഫൈഡ് അരി ഇന്ത്യയിലെ ജനങ്ങള്‍ക്ക് വിതരണം ചെയ്തിരുന്നു.

ഇരുമ്പ് ചേര്‍ത്ത് സമ്പുഷ്ടീകരിച്ച അരിയുടെ സുരക്ഷയെക്കുറിച്ച് മറ്റൊരു ഗവേഷണ പ്രബന്ധം ലഭിച്ചതായി കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ പരാമര്‍ശിക്കുന്നുണ്ട്. കണ്‍സ്യൂമര്‍ അഫയേഴ്‌സ്, ഫുഡ്, പബ്ലിക് ഡിസ്ട്രിബ്യൂഷന്‍ മന്ത്രാലയത്തിന് കീഴിലുള്ള ഭക്ഷ്യ-പൊതുവിതരണ വകുപ്പ് നിയോഗിച്ച ഈ ഗവേഷകരുടെ അഭിപ്രായം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനിലെ ശാസ്ത്രജ്ഞരുടെ കാഴ്ചപ്പാടിന് വിരുദ്ധമാണ്. മുന്നറിയിപ്പ് ലേബലുകള്‍ ഒഴിവാക്കാന്‍ കഴിയുമെന്ന് അതില്‍ പറയുന്നു. അതിന്റെ ന്യായമായി പറയുന്നത് എന്താണെന്നോ ഇതെല്ലാം വളരെ കുറച്ച് ജനങ്ങളെ മാത്രം ബാധിക്കുന്ന അപൂര്‍വ രോഗങ്ങളാണ്. മാത്രമല്ല സമ്പുഷ്ടീകരിച്ച ഭക്ഷണത്തെ പ്രോത്സാഹിപ്പിക്കുന്ന മറ്റു രാജ്യങ്ങളിലൊന്നും ഇത്തരത്തിലുള്ള മുന്നറിയിപ്പ് ലേബലുകള്‍ നിര്‍ബന്ധമാക്കുന്ന നിയമങ്ങളില്ല.

യുഎസ് ആണ് ഇത്തരത്തിലുള്ള മാതൃകകള്‍ക്കായി ശാസ്ത്രജ്ഞര്‍ നോക്കിയ ഒരു രാജ്യം. ICMR ഡയറക്ടര്‍ ജനറലും യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ ഇന്ത്യന്‍ ഓഫീസും തമ്മില്‍ ഇക്കാര്യത്തില്‍ ഒരു സംഭാഷണമുണ്ടായി. ഫോര്‍ട്ടിഫൈഡ് അരിയില്‍ എന്തുകൊണ്ടാണ് യുഎസ് ഇത്തരമൊരു മുന്നറിയിപ്പ് നല്‍കാത്തതെന്ന ചോദ്യത്തിന് അത്തരം രോഗങ്ങളുള്ള ആളുകളെ അവരുടെ ആരോഗ്യ പരിരക്ഷ ദാതാക്കള്‍ (ഡോക്ടര്‍, നേഴ്‌സ്, തെറാപ്പിസ്റ്റ് തുടങ്ങിയവര്‍) ഇക്കാര്യങ്ങള്‍ പറഞ്ഞു കൊടുത്ത് ബോധവാന്മാരാക്കും എന്നാണ് FDA ഇന്ത്യ ഓഫീസ് നല്‍കിയ മറുപടി.

ഇന്ത്യയില്‍ ഈ ജനിതക രോഗങ്ങള്‍ ബാധിക്കുന്നത് കൂടുതലും ദരിദ്ര ജന വിഭാഗങ്ങള്‍ക്കാണ്. പ്രത്യേകിച്ചും പ്രാഥമിക വൈദ്യോപദേശം പോലും ലഭ്യമല്ലാത്ത ആദിവാസി സമൂഹങ്ങള്‍ക്കിടയില്‍ ഇത് വ്യാപകമാണ്. എന്നിട്ടും, ഇരു രാജ്യങ്ങളും തമ്മിലുള്ള കടുത്ത സാമൂഹിക-സാമ്പത്തിക അന്തരങ്ങളെ അവഗണിച്ച് എഫ്ഡിഎയുടെ യുക്തി ഇന്ത്യയിലും? മറ്റൊരു രാജ്യവും ഫോര്‍ട്ടിഫൈഡ് ഭക്ഷണങ്ങള്‍ക്ക് മുന്നറിയിപ്പ് ലേബലുകള്‍ നിര്‍ബന്ധമാക്കിയിട്ടില്ല.

എന്തായാലും ഈ പ്രബന്ധമോ അതിന്റെ രചയിതാക്കളെ കുറിച്ചും എപ്പോള്‍ പ്രസിദ്ധീകരിച്ചു എന്നതിനെ കുറിച്ചും ഉള്ള വിവരങ്ങളോ പൊതു സമൂഹത്തിനു ലഭ്യമല്ല. പരസ്പര വിരുദ്ധമായ രണ്ട് നിഗമനങ്ങളുടെ കുഴപ്പിക്കലാണ് സര്‍ക്കാരിന് മുന്നില്‍ ഇപ്പോള്‍ ഉണ്ടായിരുന്നത്.

ഇത് പരിഹരിക്കുന്നതിനായി ശാസ്ത്രീയ പഠനങ്ങള്‍ അവലോകനം ചെയ്ത് അന്തിമ ഉത്തരം കണ്ടെത്താന്‍ ശാസ്ത്രജ്ഞരുടെ ഒരു മൂന്നാമത്തെ സംഘത്തെ കൊണ്ടുവരാന്‍ അവര്‍ തീരുമാനിച്ചു.

മൂന്നാഴ്ചക്കകം റിപ്പോര്‍ട്ടും ”ഈ വിഷയത്തില്‍ വ്യക്തമായ ശുപാര്‍ശകളും” സമര്‍പ്പിക്കാന്‍ ചുമതലപ്പെടുത്തി കൊണ്ട് AIIMS, ICMR, PGIMER തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ള പുതിയ ശാസ്ത്രജ്ഞരുടെ സമിതി 2023 നവംബര്‍ 30-ന് സ്ഥാപിതമായി. അതിനും രണ്ട് മാസം മുമ്പ്, സമ്പുഷ്ടീകരിച്ച അരി സ്‌കീമുമായി ബന്ധപ്പെട്ട് ഭക്ഷ്യാവകാശ പ്രവര്‍ത്തകര്‍ സര്‍ക്കാരിനെ സുപ്രിം കോടതിയിലേക്ക് എത്തിച്ചിരുന്നു. അവിടെ ബാക്കപ്പിനായി ഒരു പുതിയ ശാസ്ത്രീയ റിപ്പോര്‍ട്ട് ഉണ്ടായിരിക്കേണ്ടത് സര്‍ക്കാരിന് അത്യാവശ്യവുമായിരുന്നു. മുന്നറിയിപ്പ് ലേബലുകള്‍ നിര്‍ബന്ധമാക്കുന്ന ചട്ടങ്ങള്‍ രൂപീകരിക്കുക എന്നതായിരുന്നു ഹര്‍ജിക്കാരുടെ കേന്ദ്രബിന്ദു. കോടിക്കണക്കിന് ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാരിന്റെ പരാജയത്തെ ചുറ്റിപ്പറ്റിയായിരുന്നു അവര്‍ കോടതിയില്‍ സമര്‍പ്പിച്ച പരാതികളും.

മുന്നറിയിപ്പ് ലേബലുകളുടെ ആവശ്യകതയെ കുറിച്ച് അവലോകനം ചെയ്യാന്‍ പുതിയ കമ്മിറ്റി രൂപീകരിച്ച് ദിവസങ്ങള്‍ക്ക് ശേഷം, ICMR-NIN ഒരു ധവള പത്രം ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്തു. വിചിത്രമെന്നു പറയട്ടെ, മുന്നറിയിപ്പ് ലേബലുകള്‍ ഒട്ടിക്കണമെന്ന് ശുപാര്‍ശ ചെയ്യുന്ന ICMR-NIN റിപ്പോര്‍ട്ടിലെ നിഗമനം സുപ്രിം കോടതി കേസിലെ കേന്ദ്ര സര്‍ക്കാരിന്റെ എതിര്‍ സത്യവാങ്മൂലത്തില്‍ മാത്രമേ ഒള്ളു. ഗവേഷണ കേന്ദ്രം വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്ത ധവളപത്രത്തില്‍ നിന്ന് ഈ ഭാഗം ഒഴിവാക്കപ്പെട്ടിരുന്നു.

rice

സര്‍ക്കാരിന് സമര്‍പ്പിച്ച ICMR-NIN -ന്റെ ധവളപത്രത്തില്‍ മുന്നറിയിപ്പ് ലേബലുകള്‍ വേണമെന്ന ശുപാര്‍ശയായിരുന്നെകില്‍ ആറ് മാസത്തിന് ശേഷം ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്തത് മുന്നറിയിപ്പ് ലേബലുകളെക്കുറിച്ചുള്ള എല്ലാ പരാമര്‍ശങ്ങളും ഒഴിവാക്കി കൊണ്ടുള്ള ധവളപത്രമായിരുന്നു.

 

ചില കടുത്ത തലസീമിയ ബാധിതര്‍ക്കും സിക്കിള്‍ സെല്‍ അനീമിയ ബാധിതര്‍ക്കും ഇരുമ്പ് ചേര്‍ത്ത അരി കഴിച്ചതിന് ശേഷം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാമെന്ന് മൂന്നാമത്തെ കൂട്ടം ശാസ്ത്രജ്ഞരും സമ്മതിച്ചു. എന്നാലത് ചില പ്രത്യേക തരം തലസീമിയ ഉള്ള വളരെ ചെറിയ ജനസംഖ്യയെ മാത്രം ബാധിക്കുന്ന ഒന്നായി പ്രശ്‌നത്തെ ചുരുക്കി കാണിക്കാന്‍ ഇടയാക്കി.

അങ്ങനെ സര്‍ക്കാരിന് സൗകര്യപ്രദമാണെന്ന് വ്യക്തമാക്കുന്ന ഒരു യുക്തിയുമായി ആ കമ്മിറ്റി മുന്നോട്ടു പോയി: ജനങ്ങള്‍ക്ക് ഭയമുണ്ടാക്കുന്ന മുന്നറിയിപ്പ് ലേബലുകള്‍ ആവശ്യമില്ല, കാരണം പ്രയോഗിക്കാമെന്ന് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് നിര്‍ദ്ദേശിച്ചു.

rice 4

ഫോര്‍ട്ടിഫൈഡ് ഭക്ഷണങ്ങള്‍ക്ക് യുഎസ് മുന്നറിയിപ്പ് ലേബലുകള്‍ നിര്‍ബന്ധമാക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയാന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതി FDA ഇന്ത്യയുടെ ഓഫീസുമായി സംസാരിക്കുന്നു.

ഈ സംഭാഷണം പ്രധാനപ്പെട്ട തെളിവുകളില്‍ ഒന്നായതിനാല്‍, മുന്നറിയിപ്പ് ലേബലുകള്‍ ഒഴിവാക്കണമെന്ന് കമ്മിറ്റി കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. സമ്പുഷ്ടീകരിച്ച അരി നിറച്ച ചണച്ചാക്കുകളില്‍ മുന്നറിയിപ്പ് ലേബലുകള്‍ ഒട്ടിക്കണമെന്ന പ്രാഥമിക ആവശ്യകത തന്നെ വേണ്ടാതാക്കി കൊണ്ട് 2024 ജൂലൈ 19-ന് കേന്ദ്ര സര്‍ക്കാര്‍ ഭക്ഷ്യ സുരക്ഷാ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി. ലേബലുകള്‍ സംബന്ധിച്ച കേസ് സുപ്രിം കോടതിയുടെ പരിഗണനയിലിക്കെയാണ് ഇതെല്ലാം സംഭവിച്ചത്.

പരാജയത്തിന്റെ ഏറ്റുപറച്ചില്‍
മോദി സര്‍ക്കാര്‍ സമ്പുഷ്ടീകരിച്ച അരി പദ്ധതിക്ക് വേണ്ടി നിലകൊള്ളവേ പ്രധാനമന്ത്രിയെ ഉപദേശിക്കുന്ന ഉന്നതാധികാര സമിതിയായ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ഒടുവില്‍ നിലപാട് പറഞ്ഞു. വിളര്‍ച്ച ലഘൂകരിക്കുന്നതില്‍ സമ്പുഷ്ടീകരണത്തിനു ”പരിമിതമായ സ്വാധീനം” മാത്രമേയുള്ളുവെന്ന് കൗണ്‍സില്‍ അതിന്റെ സമീപകാല വര്‍ക്കിംഗ് പേപ്പറില്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ ഭക്ഷ്യ ഉപഭോഗ രീതികള്‍ മാറ്റുന്നതിനെക്കുറിച്ചുള്ള പേപ്പര്‍ – സമ്പുഷ്ടീകരണത്തെ കുറിച്ച് ഇങ്ങനെ പറഞ്ഞു: പ്രയോഗികമാക്കുന്നതിലെ ലാളിത്യം കാരണം ഇത്തരമൊരു പരിപാടിക്ക് സ്വാഭാവികമായ ആകര്‍ഷണീയതയുണ്ടെങ്കിലും, ഗാര്‍ഹിക തലത്തില്‍ ഭക്ഷണ വൈവിധ്യം പ്രോത്സാഹിപ്പിക്കുന്ന നയങ്ങള്‍ക്കാണ് വിളര്‍ച്ച കുറയ്ക്കുന്നതില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിയുകയെന്ന അനുഭവപരമായ കണ്ടെത്തല്‍ നാം അംഗീകരിക്കണം.

പൊതുജനാരോഗ്യ വിദഗ്ധര്‍ എക്കാലവും പറയുന്നത് ഇതാണ്. എന്നാല്‍ ഇവിടം കൊണ്ട് മാത്രം നിന്നില്ല. കൗണ്‍സില്‍ അംഗമായ സഞ്ജീവ് സന്യാല്‍, കൗണ്‍സിലിലെ യുവ പ്രൊഫഷണലായ സൃഷ്ടി ചൗഹാനോടൊപ്പം ഒരു പടി കൂടി മുന്നോട്ട് സഞ്ചരിച്ചു. ദി ഇക്കണോമിക് ടൈംസിന്റെ ഒരു കോളത്തില്‍, സൂക്ഷ്മ പോഷകങ്ങളുടെ കുറവുകള്‍ ലഘൂകരിക്കുന്നതിന് വൈവിധ്യമാര്‍ന്ന ഭക്ഷണക്രമം വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

‘#മോഡിഫൈഡ് റൈസ്’ എന്ന അന്വേഷണ പരമ്പരയുടെ ഭാഗമായി ഒരു വര്‍ഷം മുമ്പ് കളക്റ്റീവ്പുറത്ത് വിട്ട ചില വസ്തുതകള്‍ അവര്‍ ചൂണ്ടിക്കാട്ടി: കേന്ദ്രസര്‍ക്കാര്‍ സമ്പുഷ്ടീകരണത്തെ ന്യായീകരിക്കാന്‍ അവിടെ നിന്നും ഇവിടെ നിന്നുമൊക്കെയുള്ള ശാസ്ത്രീയ തെളിവുകളെ ആശ്രയിച്ചു. സര്‍ക്കാര്‍ പരാമര്‍ശിച്ചവയില്‍ നാല് പേപ്പറുകള്‍ മാത്രമാണ് ഇന്ത്യയുമായി ബന്ധപെട്ടവയായിരുന്നത്. മറ്റ് ഗവേഷണ പ്രബന്ധങ്ങള്‍ക്ക് ‘സംശയാത്മകമായ ഫലങ്ങള്‍’ ഉണ്ടെന്നും അവര്‍ പറഞ്ഞു.

‘പ്രകൃതിദത്തമായ ഭക്ഷണത്തില്‍ നിന്ന് എടുക്കുന്നത് പോലെ സമ്പുഷ്ടീകരിച്ച സ്രോതസ്സുകളില്‍ നിന്ന് മനുഷ്യ ശരീരം സൂക്ഷ്മപോഷകങ്ങളെ ആഗിരണം ചെയ്യുന്നില്ല എന്നതാണ് പ്രശ്‌നം” എന്നും അവര്‍ ആ കോളത്തില്‍ വ്യക്തമാക്കുന്നു.

പിന്നെ എന്തിനാണ് സര്‍ക്കാര്‍ ഈ പദ്ധതി ആരംഭിച്ചത്? ‘സമ്പുഷ്ടീകരണത്തെ മുന്നോട്ട് നയിക്കുന്ന ഒരു പ്രധാന ചാലകം അന്താരാഷ്ട്ര തലത്തിലുള്ള പ്രയോജകരുടെയും എന്‍ ജി ഓ കളുടെയും അഡ്വക്കസിയാണ്,’ അവര്‍ പറയുന്നു. 3-ഭാഗങ്ങളുള്ള അന്വേഷണ പരമ്പരയുടെ ഭാഗമായി രേഖാമൂലമുള്ള തെളിവുകളോടെ കളക്ടീവ് കഴിഞ്ഞ വര്‍ഷം വെളിപ്പെടുത്തിയതും ഇത് തന്നെയാണ്.

സന്യാലിനോടും ചൗഹാനോടുമായുള്ള ചില ചോദ്യങ്ങള്‍ കളക്ടീവ് അയച്ചെങ്കിലും, ആവര്‍ത്തിച്ചുള്ള ഓര്‍മപ്പെടുത്തലുകള്‍ ഉണ്ടായിട്ടും ആരും അവയോട് പ്രതികരിച്ചില്ല.

പ്രധാനമന്ത്രി ചെങ്കോട്ടയുടെ കൊത്തളത്തില്‍ നിന്ന് വളരെ ആഹ്ലാദത്തോടെ ഈ പദ്ധതി ആരംഭിച്ചിട്ട് മൂന്ന് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍, അദ്ദേഹത്തിന്റെ സാമ്പത്തിക ഉപദേഷ്ടാക്കളില്‍ ഒരാള്‍ മൂര്‍ച്ചയേറിയ നിലപാടെടുക്കാന്‍ തീരുമാനിക്കുന്നു: ‘വിവിധങ്ങളായ സമ്പുഷ്ടീകരണ മാര്‍ഗങ്ങളെ പിന്തുണയ്ക്കുന്നതിനു കൂടുതല്‍ ശക്തമായ തെളിവുകള്‍ ഞങ്ങള്‍ക്ക് ആവശ്യമാണ്.’  Modi Gov’t Produces Spurious Expert Opinion To Remove Health Warning on Fortified Rice

ഈ അന്വേഷണ റിപ്പോര്‍ട്ട് ആദ്യം പ്രസിദ്ധീകരിച്ചത് ദ റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവ് ആണ്. ഈ റിപ്പോര്‍ട്ട് മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്നത് അഴിമുഖമാണ്.

Content Summary;  Modi Gov’t Produces Spurious Expert Opinion To Remove Health Warning on Fortified Rice

Leave a Reply

Your email address will not be published. Required fields are marked *

×