75ാം വയസിൽ നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് വിരമിക്കണമെന്നാണ് ആർഎസ്എസ് ആഗ്രഹിക്കുന്നതെന്ന് ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത്. അതിനെക്കുറിച്ച് പ്രതിപാദിച്ചുകൊണ്ട് മോദിക്ക് ആർഎസ്എസ് ഒരു സന്ദേശം അയക്കുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞതായി ദി വയറിന്റെ റിപ്പോർട്ടിൽ പറയുന്നു. 75ാം വയസിൽ നേതാക്കൾ വിരമിക്കണമെന്ന നിയമം കൊണ്ടുവന്നത് തന്നെ മോദിയും ആർഎസ്എസും ചേർന്നാണ്. ആ നിയമം പിന്തുടരാൻ ആർഎസ്എസ് മോദിയോട് നിരന്തരമായി പറയുകയാണെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് സഞ്ജയ് റാവത്ത് വ്യക്തമാക്കിയതായി റിപ്പോർട്ടിൽ പറയുന്നു.
75 വയസ് കഴിഞ്ഞാൽ നേതാക്കൾ രാഷ്ട്രീയത്തിൽ നിന്ന് മാറിനിൽക്കണമെന്ന ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ പരാമർശത്തിന് പിന്നാലെയാണ് സഞ്ജയ് റാവത്തിന്റെ പ്രതികരണം. 75 വയസ് തികഞ്ഞവർ രാഷ്ട്രീയ സ്ഥാനങ്ങളിൽ നിന്ന് മാറിയ ശേഷം മറ്റുള്ളവർക്ക് അവസരം നൽകണമെന്നായിരുന്നു മോഹൻ ഭാഗവത് പറഞ്ഞത്. ആർഎസ്എസ് സൈദ്ധാന്തികൻ മൊറോപന്ത് പിംഗ്ലിയുടെ പുസ്തക പ്രകാശന ചടങ്ങിലാണ് മോഹൻ ഭാഗവത് ഈ പരാമർശം നടത്തിയത്.
ഒരു തരത്തിലുള്ള അജണ്ടയുമില്ലാതെ പ്രവർത്തിക്കണമെന്നും 75ാം വയസിൽ വിരമിക്കണമെന്നുമാണ് മൊറോപന്ത് പിംഗ്ലിയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നതെന്ന് മോഹൻ ഭാഗവത് പറഞ്ഞിരുന്നു. തുടർന്നാണ് വിഷയത്തിൽ പ്രധാനമന്ത്രി മോദിയെ രൂക്ഷമായി വിമർശിച്ചുകൊണ്ട് സഞ്ജയ് റൗട്ട് രംഗത്തെത്തിയത്. ഒരിക്കൽ നടപ്പിലാക്കിയ വിരമിക്കൽ നിയമം മോദി പാലിക്കുമോ എന്ന് സഞ്ജയ് റാവത്ത് ചോദിച്ചു.
എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി, ജസ്വന്ത് സിംഗ് തുടങ്ങിയ മുതിർന്ന നേതാക്കളെ 75 വയസ്സ് തികഞ്ഞപ്പോൾ വിരമിക്കാൻ മോദി നിർബന്ധിച്ചിരുന്നു. അതേസമയം, ഈ നിയമം മോദിക്കും ബാധകമാക്കുമോ എന്ന് കണ്ടറിയണമെന്നും റൗത്ത് പറഞ്ഞു.
പ്രധാനമന്ത്രിയായി 11 വർഷത്തിനു ശേഷം ഏപ്രിലിൽ മോദി ആർഎസ്എസ് ആസ്ഥാനം സന്ദർശിച്ചപ്പോൾ സെപ്റ്റംബറിൽ താൻ സ്ഥാനമൊഴിയുമെന്ന് പറഞ്ഞിരുന്നെന്നും മഹാരാഷ്ട്രയിൽ നിന്നുള്ള ഒരാൾ അദ്ദേഹത്തിന് പകരം വരുമെന്നറിയിച്ചിരുന്നെന്നും റാവത്ത് പറഞ്ഞു. തന്റെ പിൻഗാമിയെക്കുറിച്ചുള്ള പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യാൻ ആർഎസ്എസ് മോദിയെ വിളിച്ചിരുന്നുവെന്നും റാവത്ത് കൂട്ടിച്ചേർത്തു.
Content Summary: Modi should retire at 75; the RSS wants that too: Sanjay Raut