June 26, 2026 |
Share on

കരാര്‍ ഒപ്പിടാന്‍ വൈകിയാല്‍ യുദ്ധം; ഇറാനെതിരേ ഭീഷണി ആവര്‍ത്തിച്ച് ട്രംപ്

അമേരിക്കയുടെ ഭാഗത്തുനിന്നുള്ള ഏതൊരു സൈനിക നീക്കവും യുദ്ധത്തിന്റെ തുടക്കമായി കണക്കാക്കുമെന്നാണ് ഇറാന്റെ തിരിച്ചുള്ള ഭീഷണി

ഇറാനെതിരെ യുദ്ധഭീഷണി ശക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരുരാജ്യങ്ങളും തമ്മിലുള്ള പോരാട്ടം ആസന്നമാണെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇറാനുള്ള സമയം അവസാനിക്കുകയാണെന്നും, അത്യധികമായ കരുത്തോടും ആവേശത്തോടും ലക്ഷ്യബോധത്തോടും കൂടി ഒരു കൂറ്റന്‍ യുഎസ് നാവികവ്യൂഹം ഇറാനു നേരെ അതിവേഗം നീങ്ങിക്കൊണ്ടിരിക്കുകയാണെന്നുമാണ് ട്രംപ് മുന്നറിയിപ്പായി പറഞ്ഞത്.

എന്നാല്‍ ഇപ്പോഴത്തെ ഭീഷണി, ഇറാനില്‍ നടക്കുന്ന ആഭ്യന്തര പ്രശ്‌നങ്ങളുടെ പേരിലല്ല എന്നതാണ് ശ്രദ്ധേയം. അമേരിക്കയുടെ നിബന്ധനകള്‍ അടങ്ങിയ കരാറില്‍ ഒപ്പിടാന്‍ ഇറാനെ പ്രേരിപ്പിക്കുകയാണ് ട്രംപ്. ആണവനിരായുധീകരണം മുതല്‍ ആയത്തുള്ള ഖൊമേനിയെ അധികാരഭൃഷ്ടനാക്കുക എന്നതുവരെയാണ് കരാറിലെ ആവശ്യങ്ങള്‍. ഇത്തരം നിബന്ധനകള്‍ അംഗീകരിക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്ന് ഇറാനും വ്യക്തമാക്കിയിട്ടുണ്ട്. ഈ വിരുദ്ധ നിലപാടുകളാണ് യുദ്ധസാഹചര്യം സൃഷ്ടിച്ചിരിക്കുന്നത്.

ബുധനാഴ്ച സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍, വിമാനവാഹിനിക്കപ്പലായ ‘യുഎസ്എസ് എബ്രഹാം ലിങ്കന്റെ’ നേതൃത്വത്തിലുള്ള ഈ കപ്പല്‍പ്പട, നിക്കോളാസ് മഡുറോയെ പുറത്താക്കുന്നതിന് മുന്നോടിയായി വെനസ്വേലയിലേക്ക് അയച്ചതിനേക്കാള്‍ വലുതാണെന്ന് ട്രംപ് പറഞ്ഞു. ആവശ്യമെങ്കില്‍ അതിവേഗത്തിലും അക്രമാസക്തമായും തങ്ങളുടെ ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഈ സേന സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇറാന്‍ വേഗത്തില്‍ ചര്‍ച്ചാ മേശയിലേക്ക് വരുമെന്നും ന്യായമായ ഒരു കരാറില്‍ ഒപ്പിടുമെന്നും പ്രതീക്ഷിക്കുന്നു – ആണവായുധങ്ങള്‍ പാടില്ല – എല്ലാ കക്ഷികള്‍ക്കും ഗുണകരമായ ഒന്നായിരിക്കണം അത്. സമയം തീരുകയാണ്, ഇത് വളരെ നിര്‍ണ്ണായകമാണ്!’

‘നേരത്തെ ഒരിക്കല്‍ പറഞ്ഞതുപോലെ, ഒരു കരാര്‍ ഉണ്ടാക്കുക! അവര്‍ അത് ചെയ്തില്ല, അതിന്റെ ഫലമായിരുന്നു ‘ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമര്‍’. അത് ഇറാനെ തകര്‍ത്തെറിഞ്ഞ ഒന്നായിരുന്നു. അടുത്ത ആക്രമണം ഇതിലും ഭീകരമായിരിക്കും! അത് സംഭവിക്കാന്‍ ഇടയാക്കരുത്,’ ട്രംപ് മുന്നറിയിപ്പ് നല്‍കി.

ഇറാന്റെ ആണവ പദ്ധതിയുടെ ഭാവി സംബന്ധിച്ച് കരാറിലേര്‍പ്പെടാന്‍ തയ്യാറായില്ലെങ്കില്‍ ഉടന്‍ തന്നെ സൈനിക ആക്രമണം നടത്തുമെന്ന ട്രംപിന്റെ ഏറ്റവും ശക്തമായ സൂചനയാണിത്. ഇറാനിലെ പ്രതിഷേധക്കാരെ അടിച്ചമര്‍ത്തുന്നതിനെതിരെയുള്ള രോഷം എന്ന നിലയിലായിരുന്നു നേരത്തെ യുഎസ് കപ്പല്‍പ്പടയെ അയച്ചത്. എന്നാല്‍ ഇപ്പോള്‍ ആണവ വിഷയത്തിന് പ്രാധാന്യം നല്‍കുന്ന രീതിയിലേക്ക് വൈറ്റ് ഹൗസിന്റെ നിലപാടില്‍ പ്രകടമായ മാറ്റം വന്നിട്ടുണ്ട്.

ഈ മാസമാദ്യം ഇറാന്‍ ജനതയോട് പ്രതിഷേധം തുടരാന്‍ ആഹ്വാനം ചെയ്ത ട്രംപ്, ‘സഹായം ഉടന്‍ എത്തും’ എന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ‘കൊലപാതകങ്ങള്‍ നിലച്ചു’ എന്ന കാരണം പറഞ്ഞ് അദ്ദേഹം പിന്‍വാങ്ങി. മേഖലയില്‍ ആവശ്യത്തിന് സൈനിക സജ്ജീകരണങ്ങള്‍ ഇല്ലാത്തതിനാലും, ഗള്‍ഫ് രാജ്യങ്ങള്‍ സംയമനം പാലിക്കാന്‍ ആവശ്യപ്പെട്ടതിനാലും, ഇറാന്‍ തിരിച്ചടിച്ചേക്കാമെന്നതിനാല്‍ കൂടുതല്‍ തയ്യാറെടുപ്പിനായി ഇസ്രയേല്‍ സമയം ആവശ്യപ്പെട്ടതിനാലുമാണ് ട്രംപ് അന്ന് പിന്നോട്ട് പോയതെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങളില്‍ 30,000-ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടതായി ആക്ടിവിസ്റ്റുകള്‍ പറയുന്നു. 1979-ലെ വിപ്ലവത്തിന് ശേഷം ഇറാന്‍ സര്‍ക്കാര്‍ ഏറ്റവും ദുര്‍ബലമായ അവസ്ഥയിലാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ സെനറ്റില്‍ പറഞ്ഞു. എങ്കിലും ഇറാന്റെ മിസൈലുകളും ഡ്രോണുകളും മേഖലയിലെ യുഎസ് ഉദ്യോഗസ്ഥര്‍ക്ക് ഭീഷണിയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏകദേശം 30,000 യുഎസ് സൈനികര്‍ ഇറാന്റെ യുഎവികളുടെയും ഷോര്‍ട്ട് റേഞ്ച് ബാലിസ്റ്റിക് മിസൈലുകളുടെയും പരിധിയിലാണ്.

ഇറാന്‍ അക്രമത്തിന് പദ്ധതിയിടുന്നുണ്ടെങ്കില്‍ മുന്‍കൂട്ടി ആക്രമണം നടത്താനുള്ള അധികാരം ട്രംപ് നിലനിര്‍ത്തുമെന്നും റൂബിയോ വ്യക്തമാക്കി.

അമേരിക്കയുടെ ഭാഗത്തുനിന്നുള്ള ഏതൊരു സൈനിക നീക്കവും യുദ്ധത്തിന്റെ തുടക്കമായി കണക്കാക്കുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനിയുടെ ഉപദേഷ്ടാവ് അലി ഷംഖാനി മുന്നറിയിപ്പ് നല്‍കി. ഇതിനുള്ള മറുപടി നേരിട്ടും ഉടനടിയും അഭൂതപൂര്‍വ്വവുമായിരിക്കുമെന്നും, ടെല്‍ അവീവിനെ ലക്ഷ്യം വെക്കുമെന്നും ഹീബ്രു ഭാഷയിലുള്ള സോഷ്യല്‍ മീഡിയ പോസ്റ്റില്‍ അദ്ദേഹം കുറിച്ചു.

തുര്‍ക്കിയും ഗള്‍ഫ് രാജ്യങ്ങളും ഇരുവിഭാഗവുമായും ചര്‍ച്ചകള്‍ നടത്തുന്നുണ്ടെങ്കിലും, സമ്മര്‍ദ്ദത്തിന് വഴങ്ങിയോ മുന്‍കൂട്ടി നിശ്ചയിച്ച നിബന്ധനകളോടെയോ ചര്‍ച്ചയ്ക്കില്ലെന്നാണ് ഇറാന്റെ നിലപാട്.

മിസൈല്‍ പദ്ധതികള്‍, യുറേനിയം സമ്പുഷ്ടീകരണം, ഇറാന്റെ നിഴല്‍ സൈന്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടതായിരിക്കണം പുതിയ കരാറെന്ന് യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ഡാവോസില്‍ പറഞ്ഞു. ഇറാന്റെ ആണവ പദ്ധതികള്‍ക്ക് പുറമെ ദീര്‍ഘദൂര മിസൈല്‍ പ്രഹരശേഷി ഇല്ലാതാക്കാനും ട്രംപ് ലക്ഷ്യമിടുന്നു. കൂടാതെ അലി ഖൊമേനി അധികാരമൊഴിയണമെന്ന ട്രംപിന്റെ നിര്‍ദ്ദേശം ഇറാന്‍ പൂര്‍ണ്ണമായും തള്ളിക്കളയും.

മിനസോട്ടയിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ അതിക്രമങ്ങള്‍ മൂലം ആഭ്യന്തരമായി നേരിടുന്ന രാഷ്ട്രീയ സമ്മര്‍ദ്ദത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ട്രംപ് ഇപ്പോള്‍ യുദ്ധഭീഷണി ഉയര്‍ത്തുന്നതെന്ന വിമര്‍ശനവുമുണ്ട്.

ഭീഷണിക്ക് കീഴില്‍ ചര്‍ച്ചയ്ക്കില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. എന്നാല്‍ നിബന്ധനകളില്ലാത്ത ചര്‍ച്ചയ്ക്ക് ഇറാന്‍ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു. ‘ഞങ്ങളുടെ സായുധ സേന വിരല്‍ ട്രിഗറില്‍ വെച്ച് ഏത് ആക്രമണത്തിനും മറുപടി നല്‍കാന്‍ സജ്ജമാണ്,’ അദ്ദേഹം എക്‌സില്‍ കുറിച്ചു.

സൗദി അറേബ്യ, ഖത്തര്‍, ഈജിപ്ത് എന്നീ രാജ്യങ്ങളുമായി ഇറാന്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ്. കഴിഞ്ഞ ജൂണില്‍ ഇരുരാജ്യങ്ങളും ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കെ, ഇറാന്റെ നേതൃത്വത്തെ വധിക്കാനും ആണവ കേന്ദ്രങ്ങള്‍ തകര്‍ക്കാനും ഇസ്രയേലിന് യുഎസ് അനുമതി നല്‍കിയത് മുതല്‍ ഇറാന്‍ വലിയ ജാഗ്രതയിലാണ്. അന്ന് നടന്ന ആക്രമണത്തില്‍ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും 1,000 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

ഗള്‍ഫ് രാജ്യങ്ങള്‍ ഇറാന്റെ പ്രത്യാക്രമണം ഭയന്ന് തങ്ങളുടെ വ്യോമപാതയോ സൈനിക താവളങ്ങളോ ഉപയോഗിക്കാന്‍ അമേരിക്കയെ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കന്‍ സേനകള്‍ ആക്രമണം നടത്തുന്ന കേന്ദ്രങ്ങള്‍ മാത്രമേ തങ്ങള്‍ ലക്ഷ്യം വെക്കൂ എന്ന് ഇറാന്‍ അറിയിച്ചു.

Content Summary; Threat of war escalates between the US and Iran , Donald Trump warns Iran to sign deal without wasting time.

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×