ഒരിക്കലും പൂര്‍ണ്ണമായി അവസാനിച്ചിട്ടില്ലാത്ത ഇറാനെതിരായ യുദ്ധത്തിലേക്ക് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം വീണ്ടും എടുത്തു ചാടിയിരിക്കുകയാണ്. നാല് മാസം മുമ്പ് ആരംഭിച്ച ഈ സൈനിക നീക്കത്തിന്റെ ആദ്യ ഘട്ടത്തില്‍ ഇറാന്റെ സൈനിക താവളങ്ങള്‍, മിസൈല്‍ ലോഞ്ചറുകള്‍, കപ്പലുകള്‍, നാവിക സൗകര്യങ്ങള്‍ എന്നിവയായിരുന്നു യു.എസ് സൈന്യത്തിന്റെ ലക്ഷ്യം. അമേരിക്കയ്ക്കൊപ്പം ചേര്‍ന്ന് പോരാടിയ ഇസ്രയേല്‍, ഇറാന്റെ തീവ്ര യാഥാസ്ഥിതിക ഭരണകൂടത്തെ താഴെയിറക്കുക എന്ന ലക്ഷ്യത്തോടെ അവിടുത്തെ ഭരണ നേതൃത്വങ്ങളെയാണ് ലക്ഷ്യമിട്ടത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ കൊലപ്പെടുത്തി അവര്‍ക്കതില്‍ വിജയം നേടാന്‍ സാധിച്ചെങ്കിലും, കാര്യങ്ങള്‍ കരുതിയതുപോലെ നടന്നില്ല. ഖമേനി കൊല്ലപ്പെട്ടെങ്കിലും, അദ്ദേഹത്തിന് ശേഷം അധികാരമേറ്റവര്‍ അതിനേക്കാള്‍ കടുത്ത നിലപാടുകാരായിരുന്നു. ഇറാന്റെ ആയിരക്കണക്കിന് ലക്ഷ്യങ്ങളില്‍ പ്രഹരമേല്‍പ്പിക്കാന്‍ യു.എസ് സൈന്യത്തിന് കഴിഞ്ഞു. അപ്പോഴും, ലോകത്തെ ഇരുപത് ശതമാനത്തോളം എണ്ണ കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ മേധാവിത്വം പൂര്‍ണ്ണമായി തകര്‍ക്കാന്‍ അമേരിക്കയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടുമില്ല.
ഏപ്രില്‍ മാസം മുതല്‍ ഏകദേശം 90 ദിവസത്തോളം മേഖലയില്‍ താല്ക്കാലികമായ വെടിനിര്‍ത്തല്‍ ഉണ്ടായെങ്കിലും സ്ഥിരതയില്ലാതിരുന്ന ആ സന്ധി ഇപ്പോള്‍ പൂര്‍ണ്ണമായി തകര്‍ന്നിരിക്കുകയാണ്. ഇതിനു പിന്നാലെയാണ് കൂടുതല്‍ ശക്തമായ രണ്ടാം ഘട്ട സൈനിക നീക്കത്തിലേക്ക് അമേരിക്ക ഇപ്പോള്‍ പ്രവേശിച്ചിരിക്കുന്നത്. പുതിയ ലക്ഷ്യങ്ങളോടെയാണ് ഈ നീക്കമെങ്കിലും ഇതിന് വ്യക്തമായ ഒരു തന്ത്രമുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്. കടുത്ത നാവിക ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടും ഹോര്‍മുസ് കടലിടുക്കില്‍ തങ്ങള്‍ക്കുള്ള സ്വാധീനം നിലനിര്‍ത്താന്‍ ഇറാന് കഴിഞ്ഞു എന്നത് ഒന്നാം ഘട്ടത്തില്‍ നിന്ന് യുഎസ് പഠിക്കേണ്ട പ്രധാന പാഠമാണ്. രണ്ടാം ഘട്ട യുദ്ധത്തിലേക്ക് അമേരിക്കയ്ക്ക് കടക്കേണ്ടി വന്നതും ഹോര്‍മുസിന്റെ പേരിലാണ്. അതുകൊണ്ടുതന്നെ, കടലിടുക്കിലുള്ള ഇറാന്റെ പിടി അയയ്ക്കുക എന്നതിനാണ് രണ്ടാം ഘട്ടത്തില്‍ ട്രംപ് ഭരണകൂടം മുന്‍ഗണന നല്‍കുന്നത്.
ഹോര്‍മുസ് വഴി കപ്പലുകള്‍ തങ്ങളുടെ താക്കീത് ലംഘിക്കുന്നുവെന്നാരോപിച്ച് ഇറാന് ആക്രമിക്കുന്നുണ്ട്. ഇതിന് തിരിച്ചടിയെന്നോണം, കഴിഞ്ഞ ചൊവ്വാഴ്ച ഇറാന്റെ തീരദേശ റഡാറുകള്‍, ആന്റി-ഷിപ്പ് മിസൈല്‍ ലോഞ്ചറുകള്‍, ചെറിയ ആക്രമണ ബോട്ടുകള്‍ എന്നിവയുള്‍പ്പെടെ ഡസന്‍കണക്കിന് ലക്ഷ്യങ്ങള്‍ക്ക് നേരെ യുഎസ് വ്യോമാക്രമണം നടന്നു. പ്രസിഡന്റ് ട്രംപിന്റെ ഉത്തരവ് അനുസരിച്ചായിരുന്നു. ഈ ആഴ്ച തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളിലായി 140 സൈനിക കേന്ദ്രങ്ങളും ആക്രമിച്ചു. കഴിഞ്ഞ ആഴ്ചയില്‍ മാത്രം 170-ലധികം ലക്ഷ്യങ്ങള്‍ തകര്‍ത്തു. ചൊവ്വാഴ്ചയും ആക്രമണം തുടര്‍ന്ന യു.എസ് സൈന്യം ഇറാന്റെ തുറമുഖങ്ങള്‍ക്ക് മേല്‍ വീണ്ടും നാവിക ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ആദ്യ ഘട്ടത്തില്‍ വിജയകരമായി പയറ്റിയ തന്ത്രമാണിത്.
വാണിജ്യ കപ്പലുകള്‍ക്കായി ഹോര്‍മുസ് കടലിടുക്ക് തുറന്നുകൊടുക്കുക, ഇറാന്റെ വ്യാപാരം തടസ്സപ്പെടുത്തി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുക, ഒപ്പം അമേരിക്കയുടെ സൈനിക കരുത്ത് പ്രകടിപ്പിക്കുക എന്നിവയാണ് ഈ നാവിക ഉപരോധത്തിന്റെ ലക്ഷ്യം. ഈ നീക്കം വിജയമാണെന്ന് പ്രഖ്യാപിക്കാന്‍ ട്രംപ് ഒട്ടും വൈകിയില്ല. ടെഹ്റാനിലെ കള്ളം പറയുന്നതും അക്രമാസക്തവുമായ നേതൃത്വം കാരണം ഹോര്‍മുസ് കടലിടുക്ക് ഇറാന് ഒഴികെയുള്ള മറ്റെല്ലാവര്‍ക്കുമായി കപ്പല്‍ ഗതാഗതത്തിനു തുറന്നു കൊടുത്തിരിക്കുകയാണെന്നും, ഇറാന് സ്വന്തം നാശത്തിന്റെ പാതയിലാണെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യലിലൂടെ അവകാശവാദം നടത്തിയിട്ടുണ്ട്.
എന്നാല്‍ ഈ ഉപരോധവുമായി യു.എസ് സൈന്യത്തിന് എത്രത്തോളം മുന്നോട്ട് പോകാന്‍ കഴിയുമെന്നാണ് ചോദ്യം. ഇറാന്റെ എണ്ണ കയറ്റുമതിയുടെ പ്രധാന കേന്ദ്രമായ ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കാന്‍ ട്രംപ് ഉത്തരവിടുമോ എന്നതാണ് ഇപ്പോള്‍ ഉയരുന്ന പ്രധാന ചോദ്യം. യുദ്ധത്തിന്റെ ആദ്യ ഘട്ടത്തില്‍ ദ്വീപിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ സൈനികര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതിനെക്കുറിച്ച് ട്രംപ് ആലോചിച്ചിരുന്നെങ്കിലും, അതുവഴി സ്വന്തം ആളുകള്‍ക്ക് തന്നെയുണ്ടാകാവുന്ന വലിയ ജീവഹാനി ഭയന്ന് ആ പദ്ധതി ഉപേക്ഷിക്കേണ്ടിയും വന്നു. അത്തരമൊരു നീക്കം നടന്നിരുന്നുവെങ്കില്‍ വലിയ യുദ്ധത്തിലേക്ക് കാര്യങ്ങള്‍ വഴിമാറുമായിരുന്നു. രണ്ട് വിമാനവാഹിനിക്കപ്പലുകളും ഡസന്‍കണക്കിന് യുദ്ധവിമാനങ്ങളും നിരീക്ഷണ സംവിധാനങ്ങളുമായി വന്‍ സൈനിക സന്നാഹം നിലവില്‍ മിഡില്‍ ഈസ്റ്റില്‍ അമേരിക്ക വിന്യസിച്ചിട്ടുണ്ട്. ഇരുപതിലധികം യു.എസ് നാവികസേനാ കപ്പലുകളും നൂറുകണക്കിന് സൈനിക വിമാനങ്ങളും മേഖലയില്‍ സജ്ജമാണെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് പറയുന്നു.
സൈനിക ആവശ്യങ്ങള്‍ക്ക് പുറമെ, സിവിലിയന്‍ കേന്ദ്രങ്ങളും ആക്രമിക്കാന്‍ ഇനി തങ്ങള്‍ മടിക്കില്ലെന്നാണ് ട്രംപിന്റെ പുതിയ ഭീഷണി. കടലിടുക്കില്‍ നിന്നും 700 മൈലിലധികം അകലെയുള്ള വടക്കുകിഴക്കന്‍ ഇറാനിലെ റെയില്‍വേ പാലത്തിന് നേരെ കഴിഞ്ഞ ആഴ്ച നടന്ന ആക്രമണം ടെഹ്റാനുള്ള മുന്നറിയിപ്പായി കരുതുന്നു. സംഘര്‍ഷ മേഖലയിലേക്ക് ആയുധങ്ങളും വെടിക്കോപ്പുകളും എത്തിക്കുന്നത് തടയുകയായിരുന്നു ലക്ഷ്യം.
എങ്കിലും പൂര്‍ണ്ണമായ ഒരു യുദ്ധത്തിലേക്ക് കടക്കാന്‍ ട്രംപ് ഇപ്പോഴും ട്രംപ് തയ്യാറായിട്ടില്ല. കാരണം, അത് കുവൈറ്റ്, ബഹ്റൈന്‍, ഖത്തര്‍, സൗദി അറേബ്യ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലെ യു.എസ് സൈനിക താവളങ്ങളെ മാത്രമല്ല, അവിടുത്തെ ഊര്‍ജ്ജ നിലയങ്ങളെക്കൂടി ലക്ഷ്യമിടാന്‍ ഇറാനെ പ്രേരിപ്പിച്ചേക്കാമെന്ന ആശങ്ക യുഎസ്സിനുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ആഗോളതലത്തില്‍ എണ്ണ, പ്രകൃതിവാതക വില കുത്തനെ ഉയരും. വാണിജ്യ കപ്പലുകളെ സുരക്ഷിതമായി കടന്നുപോകാന്‍ അനുവദിക്കാന്‍ ഇറാനെ നിര്ബന്ധിതരാക്കുക, അതിലൂടെ അവരെ വീണ്ടും ചര്‍ച്ചാ മേശയിലേക്ക് എത്തിക്കുക എന്നതാണ് രണ്ടാം ഘട്ടം കൊണ്ട് അമേരിക്ക ലക്ഷ്യമിടുന്നത്.
അതേസമയം ഈ തന്ത്രം വലിയ അപകടസാധ്യതകള്‍ നിറഞ്ഞതാണെന്ന് യു.എസ് ഉദ്യോഗസ്ഥര്‍ പറയുന്നു. കാരണം, എല്ലാ കപ്പലുകളും മുക്കുകയോ ആക്രമിക്കുകയോ ചെയ്യേണ്ടതില്ല, മറിച്ച് ഇന്‍ഷുറന്‍സ് കമ്പനികളെയും കപ്പല്‍ കമ്പനികളെയും ഭയപ്പെടുത്താന്‍ തക്കവണ്ണമുള്ള ഭീഷണി ഉയര്‍ത്തിയാല്‍ മാത്രം മതിയാകും ഇറാന്. ഈ ആഴ്ചയും കടലിടുക്കിന്റെ തെക്കുഭാഗത്തുകൂടി പോയ രണ്ട് ക്രൂഡ് ഓയില്‍ കപ്പലുകള്‍ക്ക് നേരെ ഇറാന് മിസൈല്‍ ആക്രമണം നടത്തുകയും അതില്‍ ഒരു ഇന്ത്യന്‍ ജീവനക്കാരന് കൊല്ലപ്പെടുകയും ചെയ്തിരുന്നു. മറ്റൊരിടത്ത് എല്‍.എന്‍.ജി കപ്പലിന് തീപിടിക്കുകയും ചെയ്തു.
ഇറാന്റെ സാമ്പത്തിക മേഖല തകര്ച്ചയിലായതിനാല് സമയം തങ്ങള്‍ക്കൊപ്പമാണെന്നാണ് യു.എസ് വിലയിരുത്തല്‍. താല്‍ക്കാലിക സമാധാനം നിലനിന്ന സമയത്ത് ഇറാന് തങ്ങളുടെ എണ്ണക്കപ്പലുകള്‍ സുരക്ഷിതമാക്കുകയും എണ്ണ സംഭരണികള്‍ ഒഴിവാക്കുകയും ചെയ്തിരുന്നു. എന്നാല്‍ നാവിക ഉപരോധം വീണ്ടും കര്‍ശനമാകുന്നതോടെ ഇറാന്റെ വരുമാന മാര്‍ഗ്ഗങ്ങള്‍ അടയും. എങ്കിലും, എണ്ണവില വര്‍ദ്ധനവിനെക്കുറിച്ചുള്ള ട്രംപിന്റെ ആശങ്കകളെക്കാള്‍ കൂടുതല്‍ കാലം പ്രതിരോധിച്ചു നില്ക്കാന് ഇറാന്റെ കടുത്ത ഭരണകൂടത്തിന് കഴിയുമോ എന്നതാണ് ഇപ്പോള്‍ അവശേഷിക്കുന്ന പ്രധാന ചോദ്യം.
Content Summary; The Trump administration resumes its military campaign against Iran with heavy airstrikes and a naval blockade on the Strait of Hormuz, targeting vital supply lines and oil transit routes
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.