ജമ്മു കശ്മീരിലെ കുല്‍ഗാം മണ്ഡലത്തില്‍ തുടര്‍ച്ചയായി അഞ്ചാം വിജയം സ്വന്തമാക്കിയിരിക്കുകയാണ് സിപിഎമ്മിന്റെ മുതിര്‍ന്ന് നേതാവ് മൊഹമ്മദ് യൂസഫ് തരിഗാമി. ജമാ-അത്തെ ഇസ്ലാമിയുടെ സ്ഥാനാര്‍ത്ഥി സയര്‍ റെഷിയാണ് തരിഗാമിക്ക് മുന്നില്‍ അടിയറവ് പറഞ്ഞത്. നിരോധിത രാഷ്ട്രീയ-മത സംഘടനയായ ജമാ-അത്തെ ഇസ്ലാമിയുടെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്നു റെഷി. തരിഗാമി 33,390 വോട്ടുകള്‍ നേടിയപ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത് 25,639 വോട്ടുകളാണ്. 1996 മുതല്‍ കുല്‍ഗാമിലെ എംഎല്‍എ ആയ തരിഗാമി, 2002, 2008, 2014, ഇപ്പോള്‍ 2024 ലും തന്റെ വിജയം ആവര്‍ത്തിച്ചിരിക്കുകയാണ്.
മൊത്തം 10 സ്ഥാനാര്‍ത്ഥികള്‍ കുല്‍ഗാം മണ്ഡലത്തില്‍ മത്സരത്തിനുണ്ടായിരുന്നു. നാഷണല്‍ കോണ്‍ഫറന്‍-കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ഉള്‍പ്പെടുന്ന ഇന്ത്യ സഖ്യത്തിലെ അംഗം തന്നെയാണ് സിപിഎമ്മും. കേന്ദ്ര സര്‍ക്കാരിനും അവരുടെ നയങ്ങള്‍ക്കും എതിരായുള്ള ജനങ്ങളുടെ വികാരം വോട്ടെടുപ്പില്‍ പ്രതിഫലിച്ചതെന്നാണ് തരിഗാമി പറയുന്നത്. ‘ കേന്ദ്ര സര്‍ക്കാരിനും അവരുടെ നയങ്ങള്‍ക്കും എതിരായ വോട്ട് എന്നായിരുന്നു ചുവരെഴുത്തുകള്‍’ തരിഗാമി വാര്‍ത്ത ഏജന്‍സിയായ പിടിഐയോട് നടത്തിയ പ്രതികരണത്തില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
2018 മുതല്‍ ജമ്മു കശ്മീര്‍ ഉദ്യോഗസ്ഥരുടെയും ലെഫ്റ്റനന്റ് ഗവര്‍ണറുടെയും ഭരണത്തിന്‍ കീഴിലാണെന്നും ശരിയായ പ്രാതിനിധ്യം ജമ്മു കശ്മീരിന് കിട്ടുന്നില്ലായിരുന്നുവെന്നുമായിരുന്നു തരിഗാമിയുടെ പരാതി. ഈ ഭരണം ഇവിടുത്തെ ബുദ്ധിമുട്ടുകള്‍ കൂട്ടുക മാത്രമാണ് ചെയ്തത്. ഒരു പുതിയ സെക്കുലര്‍ സര്‍ക്കാര്‍ വരുന്നതോടെ ജമ്മു കശ്മീരിലെ ജനങ്ങള്‍ ആശ്വസം കിട്ടും”- തരിഗാമിയുടെ വാക്കുകള്‍. നിലവിലെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച തരിഗാമി, പ്രോത്സാഹജനകമായ പ്രവണതകള്‍ ജമ്മു കശ്മീരിലെ അഡ്മിനിസ്‌ട്രേഷന്‍ ഭരണത്തിനെതിരായ നിര്‍ണായകമായ വോട്ടര്‍മാരുടെ വികാരത്തെ സൂചിപ്പിക്കുന്നുവെന്നും തരിഗാമി ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ രൂപീകരണത്തിന്റെ ഭാഗമായി പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി എന്‍സി-കോണ്‍ഗ്രസ് സഖ്യത്തില്‍ ചേരാനുള്ള സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോള്‍, മതേതര, ബിജെപി ഇതര പാര്‍ട്ടികള്‍ തമ്മിലുള്ള സഹകരണത്തില്‍ താന്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നു എന്നായിരുന്നു തരിഗാമിയുടെ മറുപടി. ഒരു മതേതര ബദലിനായി പിഡിപിയ്ക്കുളില്‍ നിന്ന് തന്നെ ആവശ്യമുയരുന്നുണ്ട്, അതിനാല്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ അവരുടെതായ പങ്കു വഹിക്കേണ്ടതുണ്ടെന്നാണ് സിപിഎം നേതാവ് പറയുന്നത്.
അഞ്ച് അംഗങ്ങളെ നിയമസഭയിലേക്ക് നാമനിര്‍ദേശം ചെയ്യാനുള്ള ജമ്മു-കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണറുടെ നീക്കത്തെ, തീര്‍ത്തും ജനാധിപത്യവിരുദ്ധമായ നടപടിയെന്നാണ് തരിഗാമി കുറ്റപ്പെടുത്തിയത്. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ടതല്ലാത്ത ലെഫ്റ്റന്റ് ഗവര്‍ണറല്ല, ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണ് ഇത്തരം നാമനിര്‍ദേശങ്ങള്‍ നടത്തേണ്ടതെന്നാണ് തരിഗാമി അഭിപ്രായപ്പെട്ടത്.
സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ തരിഗാമി പീപ്പീള്‍സ് അലയന്‍സ് ഫോര്‍ ഡിക്ലറേഷന്റെ കണ്‍വീനറും വക്താവുമാണ്. ചവല്‍ഗാമിലെ അബ്ദുള്‍ കബീര്‍ വാനിയില്‍ പ്രചോദിതനായി തന്റെ 18മത്തെ വയസില്‍ രാഷ്ട്രീയത്തിലേക്ക് വന്നയാളാണ് തരിഗാമി. 1967ല്‍ കോളേജ് പ്രവേശനത്തിന് സീറ്റുകള്‍ വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രക്ഷോഭത്തില്‍ തരിഗാമി സജീവ പങ്കാളിയായി. നിര്‍ബന്ധപൂര്‍വം അരി സംഭരിക്കുന്നതിനെതിരായി കര്‍ഷകരുടെ അവകാശങ്ങള്‍ക്കു വേണ്ടി നടത്തിയ പോരാട്ടം തരിഗാമിയെ തടവറയിലെത്തിച്ചു. ജയില്‍ ജീവിതം തരിഗാമിയിലെ രാഷ്ട്രീയക്കാരനെ കൂടുതല്‍ കരുത്തനാക്കി. 1975ലെ നടന്ന ഇന്ദിര-ഷെയ്ഖ് ഉടമ്പടിക്ക് പിന്നാലെ, കശ്മീരികളുടെ നിര്‍ണ്ണയാവകാശത്തിനുള്ള അവകാശത്തിനുവേണ്ടി തന്റെ പോരാട്ടം കൂടുതല്‍ ശക്തമാക്കി തരിഗാമി. അതോടെ അദ്ദേഹത്തിന്റെ ജീവിതം കൂടുതല്‍ സമയവും തടവറകള്‍ക്കുള്ളിലായി. ഭാര്യയുടെ മരണം ഉള്‍പ്പെടെയുള്ള വ്യക്തിപരമായ നഷ്ടങ്ങളും നേരിടേണ്ടി വന്നെങ്കിലും പോരാട്ടം കുറയ്ക്കാന്‍ ഒരു ഘട്ടത്തിലും അദ്ദേഹം തയ്യാറായിരുന്നില്ല. ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായിരുന്ന ഷെയ്ഖ് അബ്ദുള്ള നടത്തിയ ഒരു വാര്‍ത്തസമ്മേളനത്തില്‍ അദ്ദേഹം നടത്തിയൊരു പരാമര്‍ശത്തിലൂടെയാണ് അതു വരെ മൊഹമ്മദ് യൂസഫ് ആയിരുന്ന ആ കമ്യൂണിസ്റ്റ് നേതാവ് മൊഹമ്മദ് യൂസഫ് തരിഗാമി ആകുന്നത്. യൂസഫിന്റെ അറസ്റ്റിനെ പ്രതിബാധിച്ചു പിടിഐ ജേര്‍ണലിസ്റ്റ് ഉയര്‍ത്തിയ ചോദ്യത്തോട് പ്രതികരിച്ചുകൊണ്ട് മുഖ്യമന്ത്രി, മൊഹമ്മദ് യൂസഫിന്റെ ജന്മദേശമായ തരിഗാം ഉദ്ധരിച്ചു ‘ വോ ജോ തരിഗാം വാല’ എന്നു നടത്തിയ പ്രയോഗത്തോടെയാണ് മാധ്യമങ്ങള്‍ അദ്ദേഹത്തിന് തരിഗാമി എന്നൊരു പുതിയ പേര് ചാര്‍ത്തിയത്. ഇന്ന് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പോരാട്ടങ്ങളുടെ പ്രധാന അടയാളങ്ങളിലൊന്നായി ആ പേര് മാറിയിരിക്കുന്നു. mohamad yousuf tarigami of cpm scores fifth consecutive win in the kulgam constituency
Content Summary; mohamad yousuf tarigami of cpm scores fifth consecutive win in the kulgam constituency