‘പലസ്തീന്‍ പെലെ’ എങ്ങനെ മരിച്ചു? യുവേഫയോട് സലായുടെ ചോദ്യം

മുഹമ്മദ് സലായുടെ ഈ ചോദ്യം ലോകം മുഴുവന്‍ ഇപ്പോള്‍ മുഴങ്ങുന്നുണ്ട്

എങ്ങനെയാണ് അദ്ദേഹം മരിച്ചതെന്ന് ഞങ്ങളോട് പറയാമോ? യുവേഫയോട് മുഹമ്മദ് സലായുടെ ചോദ്യമാണ്. ഈ ചോദ്യം ലോകം മുഴുവന്‍ മുഴങ്ങുന്നുണ്ട്.

കഴിഞ്ഞ ദിവസം ഗാസയില്‍ കൊല്ലപ്പെട്ട സുലെയ്മാന്‍ അല്‍-ഒബെയ്ദ് എന്ന ഫുട്‌ബോള്‍ താരത്തിന് ആദരാഞ്ജലി അര്‍പ്പിച്ച് യുവേഫ ഒരു പോസ്റ്റ് ചെയ്തിരുന്നു. ‘പലസ്തീന്‍ പെലെ’ ആയ സുലൈമാന്‍ അല്‍-ഒബൈദിന് വിട. ഏറ്റവും ഇരുണ്ട സമയങ്ങളില്‍ പോലും എണ്ണമറ്റ കുട്ടികള്‍ക്ക് പ്രതീക്ഷ നല്‍കിയ പ്രതിഭ.’ ഇതായിരുന്നു വെള്ളിയാഴ്ച്ച പുറത്തുവന്ന യൂണിയന്‍ ഓഫ് യൂറോപ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (യുവേഫ) എക്‌സ് പോസ്റ്റ്. ഈ പോസ്റ്റിന് താഴെയാണ് മുഹമ്മദ് സലായുടെ ചോദ്യം ഉയര്‍ന്നത്. ശനിയാഴ്ച്ച യുവേഫയുടെ പോസ്റ്റിന് കീഴെ ഈജിപ്തുകാരനും, ലിവര്‍പൂള്‍ താരവുമായ സലാ ചോദിച്ചു; അദ്ദേഹം എങ്ങനെ, എവിടെ വച്ച്, എന്തുകൊണ്ട് മരിച്ചു എന്ന് ഞങ്ങളോട് പറയാമോ?

ആ ചോദ്യത്തിന്റെ രാഷ്ട്രീയ പ്രസക്തി വളരെ വലുതായിരുന്നു. 41 കാരനായ സുലൈമാന്‍ ഒബൈദ് മരിച്ചത് ഇസ്രയേലിന്റെ കൈകള്‍ കൊണ്ടായിരുന്നു. വടക്കാന്‍ ഗാസയില്‍ മാനുഷിക സഹായങ്ങള്‍ക്കായി കാത്തുനില്‍ക്കുകയായിരുന്നു സാധാരണക്കാര്‍ക്ക് നേരെ ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തിലാണ്, സുലൈമാനും കൊല്ലപ്പെടുന്നത്. എന്നാല്‍ ഈ വിവരങ്ങളൊന്നും യുവേഫയുടെ ആദരാഞ്ജലയില്‍ ഇല്ല. സുലൈമാന്‍ എങ്ങനെയൊ മരിച്ചു, അത്രമാത്രമാണ് അവര്‍ പറയുന്നത്.

സലാ ഇതാദ്യമായല്ല, ഗാസയ്ക്കുള്ള തന്റെ പിന്തുണ പ്രഖ്യാപിക്കുന്നത്. അയാളുടെ ശബ്ദം എല്ലായ്‌പ്പോളും പലസ്തീനികള്‍ക്കു വേണ്ടിയായിരുന്നു. രണ്ട് വര്‍ഷം മുമ്പ്, ഗാസയെ സഹായിക്കാനായി ഈജിപ്ത് റെഡ് ക്രോസിന് നല്ലൊരു തുക സലാ നല്‍കിയിരുന്നു.

2007ലാണ് സുലൈമാന്‍ ഒബൈദ് പലസ്തീന്‍ ദേശീയ ടീമില്‍ അരങ്ങേറ്റം കുറിക്കുന്നത്. രാജ്യത്തിനായി ഒബൈദ് 24 മത്സരങ്ങളില്‍ കളിക്കളത്തില്‍ ഇറങ്ങിയിട്ടുണ്ട്. രണ്ട് തവണ ഗോളുകള്‍ നേടിയിട്ടുണ്ടെന്നും പലസ്തീന്‍ ഫുയ്‌ബോള്‍ അസോസിയേഷന്‍, ഒബൈദിന്റെ മരണവാര്‍ത്ത പങ്കുവച്ചതിനൊപ്പമുള്ള വിവരണത്തില്‍ പറയുന്നു. 2010-ലെ വെസ്റ്റ് ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ യെമനെതിരെ ഒബൈദ് നേടിയ ഒരു സിസര്‍-കിക്ക് അദ്ദേഹത്തിന്റെ അവിസ്മരണീയ പ്രകടനങ്ങളിലൊന്നായി വാഴ്ത്തപ്പെടുന്നു.

ദീര്‍ഘമായ തന്റെ കരിയറില്‍, 41 കാരനായ അല്‍-ഒബൈദ് മൊത്തം 100-ലധികം ഗോളുകള്‍ നേടിയിട്ടുണ്ടെന്നും പലസ്തീന്‍ ഫുട്‌ബോളിലെ ഏറ്റവും തിളക്കമുള്ള താരങ്ങളില്‍ ഒരാളായിരുന്നു അദ്ദേഹമെന്നും പിഎഫ്എ സ്മരിക്കുന്നു. കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിന് തെളിവായിരുന്നു ‘ പലസ്തീന്‍ പെലെ’ എന്ന വിശേഷണം.

ഒക്ടോബര്‍ ഏഴ് മുതല്‍ ഇസ്രയേല്‍ ഗാസയില്‍ തുടങ്ങിയ യുദ്ധത്തില്‍ പലസ്തീനിലെ 662 കായിതകാരങ്ങള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. അവരിലൊളായി ഇപ്പോള്‍ ഒബൈദും. ഏറ്റവും ദുഖകരമായ കാര്യം ഇക്കാലത്തിനിടയില്‍ പലസ്തീനില്‍ പട്ടിണി മൂലം ഏകദേശം 421 ഫുട്‌ബോള്‍ കളിക്കാര്‍ മരിച്ചിട്ടുണ്ടെന്നതാണ്. ഇതില്‍ 103 പേര്‍ ഫുട്‌ബോള്‍ ഭാവി സ്വപ്‌നം കണ്ട കുട്ടികളായിരുന്നു എന്നാണ് പിഎഫ്എ പറയുന്നത്.

പലസ്തീന്റെ കായിക ഭാവിയെയും കൂടി ഇല്ലാതാക്കുകയാണ് ഇസ്രയേല്‍. കണക്കെടുത്താല്‍, ഗാസയിലും വെസ്റ്റ് ബാങ്കിലുമായി ഉണ്ടായിരുന്ന സ്റ്റേഡിയങ്ങള്‍, പരിശീലന മൈതാനങ്ങള്‍, ജിമ്മുകള്‍, ക്ലബ് ഹൗസുകള്‍ എന്നിവയില്‍ 288 എണ്ണം പൂര്‍ണമായി തകരുകയോ ഇനി ഉപയോഗിക്കാന്‍ കഴിയാത്തവിധം നശിക്കുകയോ ചെയ്തു. ഭൂരിഭാഗവും ഗാസയിലായിരുന്നു-, 268 എണ്ണം. 20 എണ്ണം വെസ്റ്റ് ബാങ്കിലായിരുന്നു. ഈ കായിക സൗകര്യങ്ങളില്‍ പകുതിയോളവും ഫുട്‌ബോളുമായി നേരിട്ട് ബന്ധപ്പെട്ടവയായിരുന്നു. ഗാസയില്‍ സ്ഥിതി ചെയ്യുന്ന പലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ആസ്ഥാനവും ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ തകര്‍ന്നിരുന്നു.

ഇസ്രയേല്‍ സൈന്യം നേരിട്ട് ആക്രമണം നടത്തി ആളുകളെ കൊല്ലുന്നതിന് പുറമെയാണ്, ഈ വര്‍ഷം മേയ് മുതല്‍ ആരംഭിച്ച, യുഎസ്, ഇസ്രായേലി പിന്തുണയുള്ള മനുഷ്യ സഹായസംഘമായ ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍(ജിഎച്ച്എഫ്) നടത്തുന്ന സഹായ വിതരണ കേന്ദ്രങ്ങള്‍ തേടിവരുന്നവരെയും കൊല്ലുന്നത്. ജിഎച്ച്എഫ് കേന്ദ്രങ്ങള്‍ക്ക് സമീപം ഇതുവരെയായി 1,300-ലധികം പലസ്തീനികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. അതിലൊരാളായിരുന്നു ‘പലസ്തീന്‍ പെല’. സാല ചോദിച്ചതുപോലെ, അയാള്‍ എങ്ങനെ കൊല്ലപ്പെട്ടു, ആര് കൊന്നു, എന്തിന് ? എന്നീ കാര്യങ്ങളില്‍ യൂറോപ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ എന്തിന് മൗനം പാലിച്ചു? Mohamed Salah criticises uefa over tribute to palestinian pele (Suleiman al-Obeid)

Content Summary; Mohamed Salah criticises uefa over tribute to palestinian pele (Suleiman al-Obeid)

This post was last modified on August 10, 2025 9:04 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment