ജിമ്മിയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കിയത് വേദനയെ ചെറുക്കാനുള്ള അദ്ദേഹത്തിന്റെ മികച്ച കഴിവാണ്. ബാറ്റ്‌സ്മാന്‍ വേദനിക്കുമ്പോള്‍ ഒരു ഫാസ്റ്റ് ബൗളര്‍ അറിയും. പക്ഷേ ജിമ്മി തുടര്‍ന്നും, നിന്നു തന്നെ കളിക്കും.’
മൈക്കല്‍ ഹോള്‍ഡിംഗ്
ഈയിടെ പുറത്തു വന്ന ആത്മകഥയെ കുറിച്ച് മൊഹിന്ദര്‍ അമര്‍നാഥ് പറയുന്നു. ‘എന്റെ ക്രിക്കറ്റ് ജീവിതകഥ ഒരു ഹിച്ച്കോക്ക് ത്രില്ലര്‍ പോലെയാണ് ഒഴുകുന്നത്: ഇവിടെ ഒരു ചെറിയ ട്വിസ്റ്റ്, പിന്നീട് മറ്റൊന്ന്.’ ക്രിക്കറ്റ് പ്രേമികള്‍ ഏറെക്കാലം കാത്തിരുന്ന അനുഭവങ്ങളായിരുന്നു തന്റെ സഹോദരന്‍ രാജേന്ദ്രര്‍ അമര്‍നാഥിനോടൊപ്പം ചേര്‍ന്ന് എഴുതിയ ആ ഓര്‍മ്മകള്‍’.
1970 കളിലും 1980 കളിലും ക്രിക്കറ്റ് ലോകത്ത് ഒരു ഐക്കണായിരുന്ന മൊഹീന്ദര്‍ അമര്‍നാഥ്, ഷോര്‍ട്ട് പിച്ച്, ഫാസ്റ്റ് ബൗളിംഗിനെതിരെ ഏറ്റവും ധൈര്യം കാട്ടിയ മികച്ച ബാറ്റ്‌സ്മാന്‍, ഫാസ്റ്റ് ബോളര്‍മാരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ക്രിക്കറ്റ് ലോകത്തിന് കാണിച്ച് കൊടുത്ത ഒരു ബാറ്റ്‌സ്മാന്‍. കരീബിയന്‍, ഓസ്ട്രേലിയന്‍ ബൗണ്‍സര്‍ പിച്ചുകളില്‍ ഹെല്‍മെറ്റ് ധരിക്കാതെ ഭയാനകമായ പേസ് ആക്രമണങ്ങള്‍ നേരിട്ട മൊഹിന്ദര്‍ അമര്‍നാഥിന്റെ ഈ ആത്മകഥ ഇന്ത്യന്‍ ക്രിക്കറ്റ് തലമുറകള്‍ക്ക് ഒരു പാഠപുസ്തകമാണ്.
ആത്മകഥ
ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയ, 1983 ലെ ജൂണ്‍ 25 ന് ലണ്ടനിലെ ലോഡ്സ് ഗ്രൗണ്ടില്‍ ലോകക്രിക്കറ്റില്‍ ഇന്ത്യ വിജയചരിത്രം കുറിക്കാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ മൈതാനത്ത് ഫീല്‍ഡ് ചെയ്യുന്ന മൊഹിന്ദര്‍ അമര്‍നാഥിന്റെ മനസ്സപ്പോള്‍ ലോഡ്‌സില്‍ ഇന്ത്യന്‍ ടീം ലോകകപ്പ് ഉയര്‍ത്തുന്നതോ, ഷാംപെയിന്‍ പൊട്ടിച്ച് ഇന്ത്യന്‍ ചരിത്ര വിജയം ആഘോഷിക്കുന്നതോ ആയിരുന്നില്ല. മറിച്ച് ഒരേയൊരു കാര്യം മാത്രമായിരുന്നു. ഇപ്പോള്‍ പന്തെറിയുന്ന കപില്‍ ദേവ് വിന്‍ഡീസിന്റെ അവസാന കളിക്കാരനെ പുറത്താക്കി ആ വിക്കറ്റ് നേടല്ലെന്നായിരുന്നു.
‘ആ ഫൈനല്‍ വിജയത്തില്‍ വിന്‍ഡീസിന്റെ അവസാന വിക്കറ്റ് എടുത്ത കളിക്കാരന്‍ എന്ന പ്രശസ്തി തനിക്ക് കിട്ടണമെന്ന സ്വാര്‍ത്ഥചിന്തയോ അതിന്റെ മികവോ ആയിരുന്നില്ല മൊഹിന്ദറിന്റെ ആ വിചാരത്തിന് പിന്നില്‍. പകരം വിചിത്രമായ ഒരു കാരണമായിരുന്നു. കപില്‍ അവസാന വിക്കറ്റ് വീഴ്ത്തിയാലുടന്‍ ഗ്രൗണ്ടിലേക്ക് ഇരമ്പിക്കയറി വരുന്ന ലോഡ്‌സിലെ കാണികളുടെ മലവെള്ളപ്പാച്ചിലില്‍ താന്‍ കുടുങ്ങും എന്ന ഭീതിയായിരുന്നു മൊഹിന്ദറിന്റെത്. ഡ്രസ്സിങ്ങ് റൂമിലേക്ക് ഓടി രക്ഷപ്പെടാനാനായി താന്‍ നില്‍ക്കുന്ന ബൗണ്ടറി പോയന്റില്‍ നിന്ന് ഏറെ ദൂരമുണ്ടന്ന വിചാരമായിരുന്നു മൊഹിന്ദറിന്റെ മനസ്സില്‍.
കളി തീര്‍ന്നാലുടന്‍ കാണികള്‍ മൈതാനത്തേക്ക് പ്രവഹിക്കുകയെന്നത് ഇംഗ്ലണ്ടിലെ രീതിയാണ്. അത് കളിക്കാര്‍ ഇഷ്ടപ്പെടുന്നതല്ല. മൂന്ന് ദിവസം മുന്‍പ് മാഞ്ചസ്റ്ററില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന സെമി ഫൈനലില്‍ ഇന്ത്യ ജയിച്ചു എന്ന് തെറ്റിദ്ധരിച്ച് കാണികള്‍ ഗ്രൗണ്ട് കയ്യേറി കളി നിറുത്തി വെച്ചിരുന്നു. അത് ഒരു ഭീതിയായി മൊഹിന്ദറിന്റെ മനസ്സിലുണ്ടായിരുന്നു.
ഏതായാലും ആ പ്രാര്‍ത്ഥന ദൈവം കേട്ടു. ഒടുവില്‍ മൊഹിന്ദര്‍ ആഗ്രഹിച്ച പോലെ 52-ാം ഓവറില്‍ അവസാന വിന്‍ഡീസ് ബാറ്റ്‌സ്മാനായ മൈക്കേല്‍ ഹോള്‍ഡിംഗിനെ എല്‍. ബി.ഡബ്ല്യുവില്‍ കുടുക്കി പുറത്താക്കി. ഗ്രൗണ്ടിലേക്ക് ആവേശഭരിതരായ പതിനായിരക്കണക്കിന് ഇന്ത്യന്‍ കാണികള്‍ പ്രവഹിക്കും മുന്‍പ്, മൊഹിന്ദര്‍ ഒരു ചെറു പുഞ്ചിരിയോടെ ഡ്രസിംങ് റൂമിലേക്ക് ഓടുമ്പോള്‍, കപിലും കൂട്ടരും ഇന്ത്യന്‍ ക്രിക്കറ്റിന്റെ വസന്തമാഘോഷം ലോഡ്‌സില്‍ ആരംഭിച്ചിരുന്നു.
ആ ലോകകപ്പ് വിജയത്തിന് കപില്‍ ദേവും ഇന്ത്യന്‍ ടീമും ജിമ്മി അമര്‍നാഥ് എന്ന മൊഹിന്ദര്‍ അമര്‍നാഥ് ഭരദ്വാജ് എന്ന പട്യാലക്കാരനോട് ഏറെ കടപ്പെട്ടിരിക്കുന്നു. സെമിയില്‍ ഇംഗ്ലണ്ടിനെതിരെ 26 റണ്‍സിന് രണ്ട് വിക്കറ്റും, ബാറ്റിലൂടെ ഇന്ത്യയുടെ വിജയമുറപ്പിച്ച 46 റണ്‍സും. ഫൈനലില്‍ 26 റണ്‍സും 12 റണ്‍സിന് 3 വിക്കറ്റും, രണ്ടിലും മാന്‍ ഓഫ് ദി മാച്ച്. ലോകകപ്പില്‍ കളിക്കുന്ന ഒരു ടീമിന് വേണ്ട ഒരു കളിക്കാരന്റെ മികച്ച ഓള്‍ റൗണ്ടര്‍ പെര്‍ഫോമന്‍സ്.
ജിമ്മി അമര്‍നാഥ് നേടിക്കൊടുത്ത ഫൈനലിലെ വെസ്റ്റിന്‍ഡീസിനെ തോല്‍പ്പിച്ച ആ ലോകകപ്പ് വിജയത്തിന് ശേഷം അധികം പ്രചാരം ലഭിക്കാത്ത മറ്റൊരു മൊഹിന്ദര്‍ പ്രകടനം കൂടി ഇന്ത്യന്‍ ‘ഏകദിന ചരിത്രത്തിലുണ്ടായിരുന്നു. 1983 ജൂണ്‍ 25 ന് ഫൈനലില്‍ വെസ്റ്റിന്‍ഡീസിനെ തോല്‍പ്പിച്ച ഇന്ത്യ പിന്നീട് 5 വര്‍ഷം കഴിഞ്ഞാണ് വിന്‍ഡീസിനെതിരെ ഒരു ഏകദിന മത്സരത്തില്‍ ജയിക്കുന്നത്. അതുവരെ വെസ്റ്റ് ഇന്‍ഡീസിനെതിരെ കളിച്ച് തുടര്‍ച്ചയായ 9 മത്സരങ്ങളിലും തോറ്റമ്പിയ ഇന്ത്യയെ വീണ്ടും ജയിപ്പിക്കാന്‍ മൊഹീന്ദര്‍ അമര്‍നാഥ് എന്ന ഓള്‍ റൗണ്ടര്‍ തന്നെ വേണ്ടി വന്നു.
1988 ജനുവരിയിലെ ആദ്യ വാരം, വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ കല്‍ക്കട്ടയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ഏകദിനത്തില്‍ 83 പന്തില്‍ 70 റണ്ണടിച്ച് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ 222 നല്‍കിയ മൊഹിന്ദര്‍ 46 ന് ഒരു വിക്കറ്റും എടുത്തു.
56 റണ്‍സിന് ഇന്ത്യ വിജയിച്ചപ്പോള്‍ ഒരിക്കല്‍ കൂടി മാന്‍ ഓഫ് ദി മാച്ച് മൊഹിന്ദറിനെ തേടി വന്നു. നീണ്ട തോല്‍വികളില്‍ നിന്ന് ഇന്ത്യയെ കരകേറ്റാന്‍ അവസാനം, എല്ലായ്‌പ്പോഴും വെസ്റ്റിന്‍ഡീസുകാരെ പ്രതിരോധിച്ച ജിമ്മി അമര്‍നാഥ് തന്നെ വേണ്ടി വന്നു.
1983 ജൂൺ 25 ലോഡ്സിൽ ഫൈനലിൽ അവസാന വെസ്റ്റ് ഇൻഡീസ് വിക്കറ്റ് വീഴ്ത്തിയ മൊഹിന്ദർ വിജയാഹ്ലാദത്തോടെ പവലിയനിലേക്ക് ഓടുന്നു
ഡല്‍ഹിയിലെ ചടങ്ങില്‍ മൊഹിന്ദര്‍ അമര്‍നാഥിന്റെ അനുഭവക്കുറിപ്പായ ‘Fearless’ ന്റെ ‘പ്രകാശനം നടന്നു. പ്രകാശനം നിര്‍വ്വഹിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ എക്കാലത്തെയും ക്രിക്കറ്റ് ചരിത്രത്തിലെ നാഴികക്കല്ലായ 1983 ലെ ഇന്ത്യയുടെ ലോകകപ്പ് വിജയത്തെ ഒരു ‘ഇന്‍ഫ്‌ളക്ഷന്‍ പോയിന്റ്’ എന്ന് വിശേഷിപ്പിച്ചു. ‘അവിടെ നിന്ന് ക്രിക്കറ്റ് ലോകത്ത് ഇന്ത്യ ശക്തിയായി മാറി’ അദ്ദേഹം പറഞ്ഞു.
‘പാകിസ്ഥാനും ശ്രീലങ്കയും ലോകകപ്പ് നേടിയിട്ടുണ്ട്, പക്ഷേ ലോക ക്രിക്കറ്റിനെ മാറ്റിമറിച്ചത് 1983 ലെ ഇന്ത്യന്‍ വിജയമാണ്. മൊഹിന്ദര്‍ അമര്‍നാഥ് അതിന്റെ വെറുമൊരു ഭാഗമായിരുന്നില്ല – ആ നിര്‍ണ്ണായക മത്സരത്തിലെ താരമായിരുന്നു’ ജയശങ്കര്‍ പറഞ്ഞു.
1983 ലെ ലോകകപ്പ് നേടിയത് എവറസ്റ്റ് കീഴടക്കലാണെന്ന് മൊഹിന്ദര്‍ തന്നെ ഒരിക്കല്‍ വിശേഷിപ്പിച്ചിട്ടുണ്ട്. ആ കൊടുമുടിയിലെത്തുന്നതിന് മുമ്പും ശേഷവുമുള്ള യാത്രയാണ് 464 പേജുകളിലായി തന്റെ സഹോദനായ രാജേന്ദര്‍ അമര്‍നാഥിനോടൊപ്പം എഴുതിയ തന്റെ അനുഭവക്കുറിപ്പുകളില്‍ പറയുന്നത്. ഒന്നുകൂടിയുണ്ട്, പ്രശസ്ത ജ്യോത്സ്യന്‍ രമേഷ് ചന്ദ്ര മോഹിന്ദറിന്റെ ഭാവി പണ്ടേ പ്രവചിച്ചതാണ് . ‘ക്രിക്കറ്റ് ബാറ്റിനേക്കാള്‍ പ്രശസ്തി നേടുക നാവു കൊണ്ടായിരിക്കും. അത് തികച്ചും ശരിയാണെന്ന് ഈ അനുഭവക്കുറിപ്പ് വായിക്കുമ്പോള്‍ തോന്നും’.
മൊഹിന്ദറിന്റെ പിതാവ് ലാലാ അമര്‍നാഥായിരുന്നു അദ്ദേഹത്തിന്റെ ഗുരുവും അചഞ്ചലമായ വഴികാട്ടിയും. ‘അദ്ദേഹത്തിന്റെ ആദ്യ ഉപദേശം ലളിതമായിരുന്നു: ക്രിക്കറ്റ് കളിക്കുക, ജീവിതത്തില്‍ മികച്ച ഒരാളാകുക. ക്രിക്കറ്റ് ജീവിതത്തിന്റെ എല്ലാ മേഖലയിലും അവസരങ്ങള്‍ വാഗ്ദാനം ചെയ്യുമെന്ന് അദ്ദേഹം വിശ്വസിച്ചു, അദ്ദേഹത്തിന്റെ അതുല്യമായ ലോകവീക്ഷണവും അനുഭവങ്ങളും എന്റെ ക്രിക്കറ്റ് ജീവിതത്തെ രൂപപ്പെടുത്തി,’ മൊഹിന്ദര്‍ അമര്‍നാഥ് ഓര്‍മ്മിച്ചു. ബോംബെയിലെ ജിംഖാന മൈതാനത്ത് നടന്ന ഇന്ത്യയുടെ ആദ്യ ടെസ്റ്റ് അരങ്ങേറ്റത്തില്‍ സെഞ്ച്വറി നേടിയ അദ്ദേഹം ഒരു താരമായി. ഇന്ത്യ ഇന്നിംഗ്‌സ് തോല്‍വി നേരിടുമ്പോള്‍, ഇംഗ്ലണ്ടിന്റെ ആക്രമണത്തെ അദ്ദേഹം നേരിട്ട് അതിവേഗതയില്‍, 117 മിനിറ്റിനുള്ളില്‍ തന്റെ ആദ്യ സെഞ്ച്വറിയിലെത്തി. ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിനു വേണ്ടി ആദ്യ സെഞ്ച്വറി നേടിയ കളിക്കാരനും സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ടെസ്റ്റ് ക്യാപ്റ്റനും ലാലാ അമര്‍നാഥായിരുന്നു.’
മൊഹിന്ദര്‍ അമര്‍നാഥിന്റെ കരിയര്‍ ഉയര്‍ച്ച താഴ്ചകളുടെ റോളര്‍ കോസ്റ്റര്‍ പോലെയായിരുന്നു. 1983-ല്‍ ലോകകപ്പ് ഉയര്‍ത്തുന്നത് മുതല്‍ ടീമിലെ ഒഴിവാക്കലുകള്‍, വിവാദങ്ങള്‍ ഏറെ. ഒരു ടെസ്റ്റില്‍ ബാറ്റ് ചെയ്യുമ്പോള്‍ മൊഹിന്ദറിനെ മോശം വാക്കുകളാല്‍ പ്രകോപിപ്പിച്ച പാക്കിസ്ഥാന്റെ ‘സ്ട്രീറ്റ് ഫൈറ്റര്‍’ ജാവേദ് മിയാന്‍ ദാദിനോട്’ എന്നെ ചീത്ത വിളിച്ചോളൂ, പക്ഷേ, എന്റെ രാജ്യത്തെ പരിഹസിച്ചാല്‍ ഞാന്‍ വെറുതെയിരിക്കില്ല എന്ന് ഉറച്ച ശബ്ദത്തില്‍ പറഞ്ഞ മൊഹിന്ദര്‍ തല്‍ക്ഷണം പ്രതികരിക്കുന്ന വ്യത്യസ്തനായ ഇന്ത്യന്‍ ക്രിക്കറ്റ് താരമാണ്. 1988 ല്‍ ഷാര്‍ജയില്‍ ഒരു ഏകദിനത്തില്‍ ന്യൂസിലന്റിന്റെ വിക്കറ്റ് കീപ്പര്‍ ഇയാന്‍ സ്മിത്തിന്റെ അധിക്ഷേപം കേട്ടപ്പോള്‍ മൊഹിന്ദര്‍ ക്ഷുഭിതനായി. ഒടുവില്‍ അമ്പയര്‍ ഇടപ്പെട്ടു.
1988 ന്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് യാതൊരു ന്യായവും കൂടാതെ തന്നെ ഒഴിവാക്കിയപ്പോള്‍, ‘ഒരു കൂട്ടം കോമാളികള്‍’ എന്ന് ടീം സെലക്റ്റര്‍മാരെ വിശേഷിപ്പിച്ച ധൈര്യവാനായ കളിക്കാരനായിരുന്നു അദ്ദേഹം. 1985 ല്‍ ഷാര്‍ജയില്‍ ആദ്യ ഏഷ്യാകപ്പ് ജയിച്ച ഇന്ത്യന്‍ താരങ്ങള്‍ സാധാരണ ബസ്സില്‍ യാത്ര ചെയ്തപ്പോള്‍ അവിടെയുണ്ടായിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിലെ അംഗങ്ങള്‍ വില കൂടിയ കാറില്‍ സഞ്ചരിച്ച്, ലക്ഷ്വറി ഹോട്ടലുകളില്‍ താമസിക്കുന്നതിനെ അയാള്‍ പരസ്യമായി വിമര്‍ശിച്ചു. കഴിവുണ്ടായിരുന്നിട്ടും, പലപ്പോഴും രാഷ്ട്രീയ കാരണങ്ങളാല്‍ അമര്‍നാഥിനെ ഇന്ത്യന്‍ ടീമില്‍ നിന്ന് ആവര്‍ത്തിച്ച് ഒഴിവാക്കി. ഈ അനീതികളെ തുറന്നു വിമര്‍ശിക്കുകയും അത്തരം തീരുമാനങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ പുരോഗതിയെ എങ്ങനെ തടസ്സപ്പെടുത്തി എന്ന് എടുത്തുകാണിക്കുകയും ചെയ്യുന്നുണ്ട് ഈ ഓര്‍മ്മക്കുറിപ്പ്.
മൊഹിന്ദറിന്റെ മനക്കരുത്ത്, പ്രതിരോധശേഷി, പ്രതികൂല സാഹചര്യങ്ങളില്‍ നിന്ന് തിരികെ വരാനുള്ള കഴിവ് എന്നിവ ശക്തമാണ്. പ്രതികൂല സാഹചര്യങ്ങളെ എങ്ങനെ അഭിമുഖീകരിക്കണമെന്ന് ചൂണ്ടിക്കാണിക്കാവുന്ന ഒരു മാതൃകയാണത്. 1983-ല്‍ വിവിയന്‍ റിച്ചാര്‍ഡ്സ് ‘ഫാസ്റ്റ് ബൗളര്‍മാരെ നേരിടുന്ന ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ എന്ന് അമര്‍നാഥിനെ പ്രശംസിച്ചു.
ഹെല്‍മെറ്റുകളോ, മറ്റ് ദേഹസുരക്ഷാ ഗാര്‍ഡുകളോ നടപ്പില്‍ ഇല്ലാത്ത, അക്കാലത്ത് ഫാസ്റ്റ് ബൗളര്‍മാരുടെ അതിവേഗതയിലുള്ള പന്തുകളെ നേരിടാനുള്ള പോരാട്ടങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, ഒരു ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരന് ലഭിക്കുന്ന ഏറ്റവും ശ്രദ്ധേയമായ അംഗീകാരമാണിത്. ഓസ്‌ട്രേലിയയുടെ ജെഫ് തോംസണ്‍, ഡെന്നീസ് ലില്ലി, പാക്കിസ്ഥാന്റെ ഇംറാന്‍ ഖാന്‍, സര്‍ഫാസ് നവാസ്, ന്യൂസിലാന്റിന്റെ റിച്ചാര്‍ഡ് ഹാഡ്ലി, വെസ്റ്റ് ഇന്‍ഡീസിന്റെ ആന്‍ഡി റോബര്‍ട്‌സ്, മൈക്കേല്‍ ഹോള്‍ഡിംങ്ങ്, ജോയല്‍ ഗാര്‍നര്‍, മാല്‍ക്കം മാര്‍ഷല്‍, വെയിന്‍ ഡാനിയല്‍ തുടങ്ങിയ ലോകത്തിലെ എക്കാലത്തെയും മികച്ച ഫാസ്റ്റ് ബോളര്‍മാരെ മൊഹിന്ദര്‍ അനായാസം നേരിട്ടു. അവരില്‍ ചിലരൊക്കെ അപകടകാരികളായിരുന്നു. വേഗതയേറിയ പന്തു കൊണ്ട് ഇവരൊക്കെ മൊഹിന്ദറിനെ പരിക്കേല്‍പ്പിച്ചെങ്കിലും, അയാള്‍ തിരിച്ച് വന്ന് ശക്തമായി അവരെ നേരിട്ടു. ‘വെസ്റ്റ് ഇന്‍ഡീസ് പേസ് പട പ്രൊഫഷണല്‍ ബോക്‌സര്‍മാരെ പോലെ നിര്‍ദയം പന്തെറിയുന്നവരായിരുന്നു. ബാറ്റ് ചെയ്യുമ്പോള്‍ ഇംറാന്റെയും ഹാഡ്‌ലീയുടെയും വേഗതയാര്‍ന്ന പന്ത് തലയില്‍ കൊണ്ട് പരിക്കേറ്റ മൊഹീന്ദറിന്റെ കൈവിരല്‍ ഓസ്‌ട്രേലിയയുടെ ജെഫ് തോംസണന്റെ പന്ത് കൊണ്ട് ഒരിക്കല്‍ ഒടിഞ്ഞ് തൂങ്ങി. അമര്‍നാഥിനെക്കുറിച്ച് ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍ എഴുതി. ‘ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരില്‍ ഏറ്റവും ധീരനാണ് ജിമ്മി.
ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമിലെ വീര്യത്തിന്റെ പ്രതീകമായിരുന്നു മൊഹിന്ദര്‍ അമര്‍നാഥ്. 1983 ലെ ലോകകപ്പിന് മുന്‍പ് കരീബിയന്‍ പര്യടനത്തില്‍ ബാര്‍ബഡോസില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒരു ടെസ്റ്റിനിടെ മാല്‍ക്കം മാര്‍ഷലിന്റെ ബൗണ്‍സര്‍ മുഖത്ത് തട്ടി ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. തകര്‍ന്ന ചുണ്ടുകളും രക്തം പുരണ്ട ഷര്‍ട്ടുമായി അദ്ദേഹം തന്റെ ഇന്നിംഗ്‌സ് തുടരാന്‍ മൈതാനത്തേക്ക് മടങ്ങി. അടുത്ത ദിവസം നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സറിന് പറത്തി മൊഹിന്ദര്‍, ക്ലൈവ് ലോയിഡിനും കൂട്ടര്‍ക്കും ശക്തമായ മറുപടി നല്‍കി.
83 ലെ കരീബിയന്‍ പര്യടനത്തില്‍ കണ്ട രസകരമായ, ചില കാഴ്ചകള്‍ മൊഹിന്ദര്‍ തന്റെ അനുഭവക്കുറിപ്പില്‍ പറയുന്നുണ്ട്. ആറടി എട്ട് ഇഞ്ച് ഉയരമുള്ള ‘ബിഗ് ബേര്‍ഡ്’ എന്ന് വിളിക്കുന്ന ജോയല്‍ ഗാര്‍നറിന് എറിയുമ്പോള്‍ ക്രിക്കറ്റ് ബോള്‍ വെറും പിങ് പോങ്ങ് പന്ത് പോലെയായിരുന്നു ആറടിക്കാരായ മൈക്കേല്‍ ഹോള്‍ഡിങ്ങും, ഏകദേശം അതിനടുത്ത പൊക്കമുള്ള ആന്‍ഡി റോബര്‍ട്ടും അതിവേഗതയില്‍ പന്തെറിഞ്ഞ് ബാറ്റ്‌സ്മാനെ വിറപ്പിക്കുന്നവരായിരുന്നു. ഏറ്റവും മാരകമായ ബൗളിംങ്ങ് ഹ്രസ്വകായനായ മാല്‍ക്കം മാര്‍ഷലിന്റെതായിരുന്നു. ഒരു ടെസ്റ്റില്‍ ബാറ്റ് ചെയ്യുമ്പോള്‍ തന്റെ കാതിനുരസി പോയ അതിവേഗതയുള്ള മാര്‍ഷലിന്റെ ബൗണ്‍സറിനെ ഉള്‍ക്കിടിലത്തോടെ ഓര്‍ക്കുന്നുണ്ട് മൊഹിന്ദര്‍. ആ വിക്കറ്റിന് 30 വാര പിന്നില്‍ നിന്ന വിക്കറ്റ് കീപ്പര്‍ ഡുജോണ്‍ തന്റെ തലയ്ക്ക് മുകളില്‍ വന്ന ബൗണ്‍സര്‍ പറന്നാണ് കയ്യിലൊതുക്കിയത്. ഭാഗ്യം കൊണ്ട് മാത്രമാണ് താന്‍ അന്ന് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതെന്ന് അദ്ദേഹം എഴുതി.
ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് വിജയങ്ങളിലൊന്നായ 1976-ല്‍ വെസ്റ്റ് ഇന്‍ഡീസിന്റെ കരുത്തുറ്റ ടീമായ ക്ലൈവ് ലോയിഡിനെതിരെ രണ്ടാം ഇന്നിങ്‌സില്‍ 404 റണ്‍സ് പിന്‍തുടര്‍ന്ന് നേടിയ ചരിത്ര വിജയം 2003 വരെ തകര്‍ക്കാത്ത ടെസ്റ്റ് ക്രിക്കറ്റ് റെക്കോര്‍ഡ് ആയിരുന്നു. ക്വീന്‍സ് പാര്‍ക്ക് ഓവലില്‍ വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 403 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം ഇന്ത്യ ആവേശത്തോടെ പിന്തുടര്‍ന്നു.
വിജയത്തില്‍ നിസ്തുല പങ്കു വഹിച്ച ബാറ്റിങ്ങ് കാഴ്ച വെച്ചതായിരുന്നു മൊഹിന്ദറിന്റെ ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യത്തെ മികച്ച പ്രകടനം. ആ റണ്‍ വേട്ടയില്‍ ഗവാസ്‌കറും (102) മൊഹിന്ദര്‍ അമര്‍നാഥും രണ്ടാം വിക്കറ്റില്‍ 108 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഗവാസ്‌കര്‍ ഔട്ടായ ശേഷം എത്തിയ വിശ്വനാഥ് മൊഹിന്ദറിനൊപ്പം ചേര്‍ന്നു. അമര്‍നാഥിനൊപ്പം വിശ്വനാഥും ചേര്‍ന്നതോടെ വെസ്റ്റ് ഇന്‍ഡീസ് സമ്മര്‍ദ്ദത്തിലായി. ആദ്യ ഇന്നിംങ്‌സില്‍ 65 – ന് 6 വിക്കറ്റ് എടുത്ത മൈക്കേല്‍ ഹോള്‍ഡിംഗിനും വിന്‍ഡീസ് സ്പിന്നര്‍മാര്‍ക്കും ഈ കൂട്ടുകെട്ട് തകര്‍ക്കാന്‍ കഴിഞ്ഞില്ല. ഇരുവരും 159 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് എത്തിച്ചു. ജി. വിശ്വനാഥ് വിദേശത്ത് തന്റെ ആദ്യ സെഞ്ച്വറി നേടി (112), പക്ഷേ 12 റണ്‍സ് കൂടി ചേര്‍ത്തതിന് തൊട്ടുപിന്നാലെ വിശ്വനാഥ് റണ്‍ ഔട്ടായി.
,85 റണ്‍സില്‍ മൊഹിന്ദര്‍ റണ്‍ ഔട്ടാകുമ്പോള്‍ ഇന്ത്യയുടെ വിജയത്തിന് 11 റണ്‍സ് മാത്രം മതിയായിരുന്നു. ഗാലറിയില്‍ ഇന്ത്യന്‍ ആരാധകര്‍ വിജയാരവം തകര്‍ക്കുമ്പോള്‍ അഞ്ചാമനായി ഇറങ്ങിയ ബ്രിജേഷ് പാട്ടേല്‍ അടിച്ച് തകര്‍ത്ത് ഇന്ത്യന്‍ ജയം പൂര്‍ത്തിയാക്കി. ബിഷന്‍ ബേദി പിന്നീട് മൊഹിന്ദറിന്റെ ഇന്നിംഗ്‌സിനെ കുറിച്ച് പറഞ്ഞു, ‘ഞങ്ങളുടെ വിജയത്തിലേക്ക് വഴിയൊരുക്കിയത് യഥാര്‍ത്ഥത്തില്‍ ആ ബാറ്റിംഗ് ആയിരുന്നു..’ മൊഹീന്ദറിന്റെ ഇന്നിങ്‌സ് ഏഴ് മണിക്കൂറും 20 മിനിറ്റും നീണ്ടുനിന്നു. വളരെ ക്ഷമാപൂര്‍വം, പതുക്കെ റണ്‍സ് നേടുന്ന ഈ ശൈലികണ്ട് ഇടവേളയില്‍, മൈക്കല്‍ ഹോള്‍ഡിംഗ്, സഹികെട്ട് മൊഹിന്ദറിനോട് പറഞ്ഞു ‘നിങ്ങള്‍ ഇങ്ങനെ ഇഴയുന്ന ബാറ്റിങ്ങുമായി ക്രീസില്‍ തൂങ്ങി കിടക്കുന്നത് എന്തിനാണ്? അടിച്ച് കളിക്കാന്‍ അറിയില്ലെങ്കില്‍ തിരിച്ച് ഡ്രസ്സിങ്ങ് റൂമിലേക്ക് പൊക്കൂടെ’ വിക്കറ്റ് നേടാന്‍ കഴിയാതെ വെസ്റ്റിന്‍ഡീസിന് സമ്മര്‍ദം ഏറുകയാണെന്ന ആദ്യ സൂചനയായിരുന്നു ഹോള്‍ഡിംഗിന്റെ വാക്കുകള്‍ മൊഹീന്ദര്‍ ഓര്‍മ്മിച്ചു. അയാള്‍ നേടിയ 85 റണ്‍സില്‍ ഒരു ബൗണ്ടറി പോലും ഇല്ലായിരുന്നു എന്നത് ആ ബാറ്റിങ്ങിന്റെ ഇഴയല്‍ സ്വഭാവം കാണിച്ചെങ്കിലും, ഇന്ത്യയുടെ വിക്കറ്റ് നഷ്ടമാകാതെ ക്രീസില്‍ നില്‍ക്കുക എന്നത് ആ സമയത്ത് പ്രധാനമായിരുന്നു.
’15 റണ്‍സ് അകലെ വെച്ച് സെഞ്ച്വറി നഷ്ടമായ ദുഃഖത്തില്‍ ഡ്രസ്സിങ്ങ് റൂമില്‍ തിരിച്ചെത്തിയ എന്നെ വാതിലില്‍ തന്നെ കാത്തുനിന്ന ക്യാപ്റ്റന്‍ ബിഷന്‍ സിങ്ങ് ബേദി അഭിനന്ദിച്ചു കൊണ്ട് തന്നെ കെട്ടിപിടിച്ചു, അവിടെയുള്ള എല്ലാ കളിക്കാരും എന്നെ തോളില്‍ തട്ടി അഭിനന്ദിച്ചു.’ മൊഹീന്ദര്‍ എഴുതി.
വെസ്റ്റിന്‍സീസ് സ്വന്തം നാട്ടില്‍ ഇന്ത്യയോട് തോറ്റ് നാണം കെട്ടത് അവരെ ഞെട്ടിച്ചു. ഒരു ടീമിനെ പുറത്താക്കാന്‍ നിങ്ങള്‍ക്ക് എത്ര റണ്‍സ് വേണം ? വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ ക്ലൈവ് ലോയിഡ് ക്ഷുഭിതനായി തന്റെ ബൗളര്‍മാരോട് പൊട്ടിത്തെറിച്ചു. ലോയിഡിന് കനത്ത വിമര്‍ശനം നേരിടേണ്ടി വന്നു.
ജമൈക്കയില്‍ നടന്ന അവസാന ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസ് ശക്തമായി തിരിച്ചടിച്ചു, ‘രക്തപ്പുഴ ഒഴുകിയ ടെസ്റ്റ് ‘ എന്ന് അറിയപ്പെട്ട ആ മത്സരത്തില്‍ മൈക്കല്‍ ഹോള്‍ഡിംഗ്, വെയ്ന്‍ ഡാനിയേല്‍, ബെര്‍ണാഡ് ജൂലിയന്‍, വെര്‍ബേണ്‍ ഹോള്‍ഡര്‍ എന്നീ നാല്‍വര്‍ പേസ് ബൗളര്‍ സംഘം വേഗത്തില്‍ മാരകമായി പന്തെറിഞ്ഞു, ഇന്ത്യന്‍ ബാറ്റിംഗ് തകര്‍ന്നു. അഞ്ച് ബാറ്റ്‌സ്മാന്‍മാര്‍ പരിക്കേറ്റ് വിരമിച്ചപ്പോള്‍ മൊഹിന്ദര്‍ മാത്രം തലയുയര്‍ത്തി നിന്നു, ഹെല്‍മെറ്റിടാതെ പേസര്‍മാരെ ധീരമായി നേരിട്ടു. ടീം നേടിയ ആകെ 97 റണ്‍സില്‍ 60 റണ്‍സ് മൊഹിന്ദറിന്റെതായിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ 6 വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായപ്പോള്‍ 5 പേര്‍ക്ക് ഏറില്‍ പരിക്കേറ്റതിനാല്‍ പിന്നെ ബാറ്റ് ചെയ്യാന്‍ ആളില്ലാതെ വന്നു. അതോടെ 97 ന് ഇന്ത്യ അവസാനിച്ചു. വെസ്റ്റ് ഇന്‍സീസ് 10 വിക്കറ്റിന് ജയിച്ചു.
1983 ലെ പര്യടനത്തില്‍ ബാര്‍ബഡോസ് ടെസ്റ്റില്‍ മൂന്നാം നാള്‍ തലേനാള്‍ മാല്‍കം മാര്‍ഷലിന്റെ ഏറ് കൊണ്ട് ഒരു പല്ല് നഷ്ടമായി ചുണ്ടില്‍ ആന്റി സെപ്റ്റിക്ക് പ്ലാസ്റ്ററുമായാണ് ബാറ്റ് ചെയ്യാന്‍ ഇറങ്ങിയത്. ‘എന്റെ പിതാവ് ലാലാ അമര്‍നാഥ് പറയാറുള്ള വിലപിടിച്ച ഉപദേശങ്ങളിലൊന്ന് ഞാന്‍ അപ്പോള്‍ ഓര്‍ത്തു…’ പരിക്കുകള്‍ കളിയുടെ ഭാഗമാണ്; ഒരിക്കലും അവയില്‍ നിന്ന് ഒഴിഞ്ഞുമാറരുത്. ഒന്നുകൂടി ലാല പറഞ്ഞിരുന്നു.
‘ഭയത്തിനെതിരെ ദൃഢനിശ്ചയം കൊണ്ടും പരിക്കിനെതിരെ പ്രകടനം കൊണ്ടും പോരാടുക.’
‘നിറഞ്ഞ് കവിഞ്ഞ ഗാലറിയിലെ ആരവങ്ങള്‍ക്കിടയില്‍ ഞാന്‍ ബാറ്റ് ചെയ്യാനെത്തി. പ്രതീക്ഷ പോലെ അതിവേഗതയുള്ള ഒരു ഷോര്‍ട്ട് പിച്ച് പന്ത് കൊണ്ട് എന്നെ മാര്‍ഷല്‍ സ്വാഗതം ചെയ്തു.. പതിവിലും വേഗതയിലായിരുന്ന മാര്‍ഷല്‍. താന്‍ കഴിഞ്ഞ ദിവസം പരിക്കേല്‍പ്പിച്ച ബാറ്റ്‌സ്മാനാണ് ക്രീസിലെന്ന യാതൊരു പരിഗണനയും എനിക്ക് നല്‍കിയില്ല. അയാള്‍ക്ക് എന്റെ വിക്കറ്റ് നേടണം അത് മാത്രം… ഇത് ക്രിക്കറ്റാണ്. മാര്‍ഷലിന്റെ കളിയോടുള്ള ആ സമര്‍പ്പണത്തിന് മുന്നില്‍ ഒരു നിമിഷം ഞാന്‍ നമിച്ചു പോയി’ മൊഹിന്ദര്‍ എഴുതി.
‘എനിക്ക് ഈ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാനാവില്ല. എത്രയും പെട്ടെന്ന് പ്രതിരോധിച്ചേ പറ്റൂ. ശരവേഗതയില്‍ മാര്‍ഷല്‍ എറിഞ്ഞ പന്ത് പൊടുന്നനെ ഞാന്‍ ഫൈന്‍ ലെഗിലേക്ക് ഹുക്ക് ചെയ്തു. മിന്നല്‍പോലെ പന്ത് ബൗണ്ടറി ലൈന്‍ കടക്കുന്നതു ഞാന്‍ കണ്ടു. കാണികള്‍ എന്റെ നീക്കത്തെ കൈയ്യടിച്ച് ആര്‍പ്പു വിളിച്ച് പ്രോത്സാഹിച്ചതോടെ, സ്റ്റേഡിയം ഉണര്‍ന്നു. അതോടെ ഞാന്‍ എന്റെ പരിക്ക് മറന്നു. പിന്നീട് നാല് ബൗളര്‍മാര്‍ – ഹോള്‍ഡിംഗ്, റോബര്‍ട്ട്‌സ്, ഗാര്‍നര്‍, പിന്നെ മാര്‍ഷല്‍ ഇവര്‍ രണ്ട് അറ്റത്തു നിന്നും അശനിപാതം പോലെ എനിക്കെതിരെ ഷോര്‍ട്ട് പിച്ച് പന്തുകള്‍ കൊണ്ട് എന്നെ ആക്രമിച്ചപ്പോള്‍ അതേ നാണയത്തില്‍ തിരിച്ചടിച്ച്, ഞാന്‍ ഹുക്ക് ഷോട്ടുകള്‍ പറത്തി എന്റെ കരിയറിലെ ഏറ്റവും സംതൃപ്തി നല്‍കിയ ഒരു ഇന്നിംഗ്‌സ് ആയിരുന്നു അത്.’
ഒരറ്റത്ത് ഇന്ത്യന്‍ വിക്കറ്റുകള്‍ വീഴുമ്പോള്‍, മൊഹിന്ദര്‍ 50 കടന്നു, സ്‌കോര്‍ 80 എത്തിയപ്പോള്‍ ആന്‍ഡി റോബട്‌സിന്റെ പന്തില്‍ ഡുജോണ്‍ പിടിച്ച് പുറത്തായി ഒരു സെഞ്ച്വറി കൂടി മൊഹിന്ദറിന് നഷ്ടമായി, തിരികെ നടക്കുമ്പോള്‍ ഗ്രൗണ്ടിലെ എല്ലാ വെസ്റ്റ് ഇന്‍ഡീസ് കളിക്കാരും ആ മികച്ച ബാറ്റിങ്ങിനെ അഭിനന്ദിച്ച് കൈയടിച്ചു. ഇന്ത്യ ടെസ്റ്റ് തോറ്റങ്കിലും രണ്ട് ഇന്നിംങ്ങിലും മികച്ച പ്രകടനം 91, 80, കാഴ്ച വെച്ച മൊഹീന്ദര്‍ കളിയിലെ കേമനായി. അത് മികച്ച അംഗീകാരമായിരുന്നു. രണ്ട് മാസം കഴിഞ്ഞാല്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന മൂന്നാമത് ലോകകപ്പില്‍ ഹാടിക്ക് വിജയത്തിനൊരുങ്ങുന്ന, അജയ്യരായി ലോകം കരുതുന്ന, വെസ്റ്റീന്‍ഡീസിനെ തറ പറ്റിച്ച് ഇന്ത്യയ്ക്ക് ലോകകപ്പ് നേടിക്കൊടുക്കുന്നതില്‍ നിസ്തുല പങ്ക് വഹിക്കാന്‍ പോകുന്നത് ഈ മനുഷ്യനാണെന്ന് അന്ന് ആരും കരുതിയില്ല.
‘ഭൂരിഭാഗം ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരും അന്ധവിശ്വാസികളാണ്. ഞാനുള്‍പ്പെടെ, ഒരു ചവന്ന കര്‍ച്ചീഫ് തന്റെ ഭാഗ്യ ചിഹ്നമായി മൊഹീന്ദര്‍ കരുതുകയും അത് കളിക്കുമ്പോള്‍ ഹിപ്പ് പോക്കറ്റില്‍ എല്ലായ്‌പ്പോഴും സൂക്ഷിക്കുകയും ചെയ്യും.’ അദ്ദേഹം എഴുതുന്നു. ആന്റിഗയിലെ അവസാന ടെസ്റ്റ് മാച്ചില്‍ അവിടെയെത്തിയ മൊഹീന്ദര്‍ ആ മനോഹരമായ ആ ദ്വീപിനെ ഇഷ്ടപ്പെട്ടു ആന്റി റോബര്‍ട്‌സ്, വിവ് റിച്ചാര്‍ഡ്‌സ് , എന്നിവരുടെ ജന്മസ്ഥലമാണ് ആന്റിഗ’ എല്ലാ ആന്റിഗ ദ്വീപുനിവാസികളും വിവ് റിച്ചാഡ്സിന്റെ വിവാഹത്തില്‍ പങ്കെടുത്ത കാര്യം അത്ഭുതത്തോടെ മൊഹിന്ദര്‍ അവിടെ നിന്ന് കേട്ടു.
ആന്റിഗ ടെസ്റ്റില്‍ മകള്‍ രോഗം ബാധിച്ച് ആശുപത്രിയില്‍ മരണത്തോട് മല്ലിടുന്നത് അറിഞ്ഞിട്ടും. പതറാതെ ക്രീസില്‍ ഏകാഗ്രതയോടെ ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍സീസ് ഓപ്പണര്‍ ഗോര്‍ഡന്‍ ഗ്രീനിഡ്ജിനെ ബഹുമാനത്തോടെ മൊഹിന്ദര്‍ ഓര്‍ക്കുന്നു. മകള്‍ മരിക്കാന്‍ പോവുകയാണെന്നറിഞ്ഞിട്ടും അതൊന്നും അയാളുടെ ഏകാഗ്രതയേയോ റണ്‍ നേടാനുള്ള ടെക്‌നിക്കിനേയോ തെല്ലും സ്പര്‍ശിച്ചില്ല. സെഞ്ചറി പൂര്‍ത്തിയാക്കി 154 റണ്‍സെടുത്ത് ഡബിള്‍ സെഞ്ച്വറിയിലേക്ക് നീങ്ങുമ്പോള്‍, അശുഭകരമായ ആ വാര്‍ത്ത എത്തി. ഉടനെ, ഗ്രീനിഡ്ജ് കളിയില്‍ നിന്ന് വിരമിച്ചു. തന്റെ ജന്മനാടായ ബാര്‍ബഡോസില്‍, മകളുടെ സമീപമെത്താന്‍ അവിടെ നിന്ന് വിമാനമില്ല. ഈ സംഭവം അറിഞ്ഞ, കളി കാണാനെത്തിയ ഒരു ഇന്ത്യന്‍ വ്യവസായി ഗ്രീനിഡ്ജിന്റെ യാത്രയ്ക്കായ് തന്റെ സ്വകാര്യ വിമാനം വിട്ടു കൊടുത്തു. ‘മനുഷ്യത്വത്തിന് നിറവും, ജാതിയുമില്ല. മതവും രാജ്യവുമില്ല, എന്ന് ഈ സംഭവം തെളിയിച്ചു. ഇന്ത്യന്‍ സംസ്‌കാരവും അതിന്റെ മൂല്യത്തെക്കുറിച്ചുള്ള എന്റെ വിശ്വാസം ബലപ്പെടുത്തുന്നതായിരുന്നു ഈ സംഭവം ഞാന്‍ എന്റെ രാജ്യത്തെക്കുറിച്ച് അഭിമാനം കൊണ്ടു’ മൊഹീന്ദര്‍ എഴുതുന്നു.
അവസാന ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു. അതിനും സഹായിച്ചത് മൊഹിന്ദറിന്റെ ആദ്യ ഇന്നിങ്‌സിലെ അര്‍ദ്ധ സെഞ്ചറിയും (54) രണ്ടാമിന്നിംഗ്‌സിലെ 116 ഉം ആയിരുന്നു. ‘ആറു മാസം നീണ്ട വെസ്റ്റ് ഇന്‍സീസ് പര്യടനം കാറ്റും കോളും, മറ്റു പ്രതിബന്ധങ്ങളും നേരിട്ട് ലക്ഷ്യത്തിലെത്തിയ ഒരു യാത്രയായിരുന്നു. ദൈവം ഒടുവില്‍ എന്നോട് കനിഞ്ഞു. ഇത്രനാള്‍ നേരിട്ട അവഗണ മറികടന്ന് ഞാന്‍ അംഗീകാരം നേടി.’ അദ്ദേഹം പറഞ്ഞു. പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് (598) നേടിയ മൊഹിന്ദര്‍ ആ പരമ്പരയിലെ കേമനായി തെരഞ്ഞെടുക്കപ്പെട്ടു.
ഏറ്റവും നല്ല അഭിനന്ദനങ്ങള്‍ വന്നത് ആ പരമ്പരയില്‍ കളിച്ചു കാര്യമായി ഒന്നും നേടാനാവാത്ത, ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായ സുനില്‍ ഗവാസ്‌കറില്‍ നിന്നാണ്. 83 ലെ പരമ്പരയെ കുറിച്ച് ഗവാസ്‌കര്‍ പറഞ്ഞു. ‘സാങ്കേതികമായി നമുക്കുള്ളതില്‍ വച്ച് ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ് മൊഹീന്ദര്‍. എന്റെ അഭിപ്രായത്തില്‍, ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ് അദ്ദേഹം. അദ്ദേഹത്തെക്കാള്‍ നന്നായി ഫാസ്റ്റ് ബൗളിംഗ് കളിക്കുന്ന ആരും ഇല്ല.’
അതുവരെ ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ ഇന്ത്യയ്ക്ക് സാധാരണ ഒരു ഏകദിനം മാത്രമായിരുന്നു. ഒരു വിദേശ ടൂര്‍ മാത്രം. രണ്ട് ലോകകപ്പിലും ഇന്ത്യ ജയിച്ചത് ദുര്‍ബലരായ ഈസ്റ്റ് ആഫിക്കയ്‌ക്കെതിരെ ഒരു കളിയില്‍ – കൃഷ്ണമാചാരി ശ്രീകാന്ത് പരിഹസിച്ച പോലെ, അത് ശരിക്കും ഈസ്റ്റ് ആഫ്രിക്കന്‍ ടീമൊന്നുമല്ല, കെനിയയില്‍ താമസിക്കുന്ന കുറെ ഗുജറാത്തികളുടെ ടീമായിരുന്നു.! പോരെങ്കില്‍ ആദ്യ ലോകകപ്പില്‍ ആദ്യമത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ, 174 പന്തില്‍ 33 റണ്‍സ് എടുത്ത് ഔട്ടാവാതെ 60 ഓവര്‍ ബാറ്റ് ചെയ്ത ഗവാസ്‌ക്കര്‍ ഏറെ ദുഷ്‌പേരും ഇന്ത്യക്ക് വരുത്തി വെച്ചിരുന്നു. ഇതായിരുന്നു ആദ്യത്തെ രണ്ട് ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയുടെ ചരിത്രം.
ലോകകപ്പ് കളിക്കാന്‍ ഇംഗ്ലണ്ടിലേക്ക് പോകുന്ന ഇന്ത്യന്‍ ടീമിന് ഒരു യാത്രയപ്പ് പോലും BCCI നല്‍കിയില്ല. ഇംഗ്ലണ്ടില്‍ വിമാനമിറങ്ങിയപ്പോഴും ടീമിനെ സ്വീകരിക്കാന്‍ ആരുമില്ലായിരുന്നു. ടീ മാനേജര്‍ മാന്‍സിങ്ങ് നല്ലൊരു മാനേജറായിരുന്നെങ്കിലും കാര്യങ്ങള്‍ക്ക് പണം കുറവായിരുന്നു. എയര്‍ ഇന്ത്യയുടെ ഒരു ഗ്രൗണ്ട് സ്റ്റാഫ് സഹായിച്ചതിനാല്‍ ഭാഗ്യവശാല്‍ ലഗേജും ഹോട്ടലില്‍ എത്തിക്കാനും , ഭക്ഷണവും മറ്റും നടന്നു.
ആദ്യ മത്സരം ഓള്‍ഡ് ട്രാഫോര്‍ഡില്‍ വെസ്റ്റ് ഇന്‍ഡീസുമായിയായിരുന്നു. കഴിഞ്ഞ രണ്ട് ലോകകപ്പുകളില്‍ ഒരു മത്സരം പോലും തോല്‍ക്കാത്ത ചാമ്പ്യന്‍മാരെ ഇന്ത്യ നേരിടുമ്പോള്‍ ജയം ആര്‍ക്കായിരിക്കുമെന്ന് ക്രിക്കറ്റ് ലോകത്തിനറിയാമായിരുന്നു. പക്ഷേ, ഇന്ത്യ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് വെസ്റ്റ് ഇന്‍സീസിനെ 34 റണ്‍സിന് തറ പറ്റിച്ചു. അവരുടെ ലോകകപ്പിലെ ആദ്യ തോല്‍വി. ‘ ഈ മികച്ച പ്രകടനത്തോടെ പത്രക്കാരുടേയും, കമന്റ്‌റര്‍മാരുടേയും ആരാധകരുടേയും ഇന്ത്യയോടുള്ള മനോഭാവം മാറി’ മൊഹിന്ദര്‍ എഴുതി. രണ്ടാമത് ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസിലെ ഒരൊറ്റ ബാറ്റ്‌സ്മാന്‍ പോലും 50 റണ്‍സ് കടന്നില്ല എന്നത് ഇന്ത്യന്‍ ടീമിന്റെ പ്രകടനം മികച്ചതാണെന്ന വസ്തുത ക്രിക്കറ്റ് ലോകമംഗീകരിച്ചു.
ഓവലിലെ വിന്‍ഡീസിനെതിരെ രണ്ടാമത്തെ മത്സരം കളിക്കുമ്പോള്‍ വെങ്ങ്‌സര്‍ക്കാരിനെതിരെ മാരകമായി പന്തെറിഞ്ഞ മാല്‍ക്കം മാര്‍ഷലിന്റെ പ്രകടനം മൊഹിന്ദര്‍ ഓര്‍ക്കുന്നു. ‘ഞങ്ങള്‍ മികച്ച കൂട്ടുകെട്ടിലേക്ക് നീങ്ങുകയായിരുന്നു. ‘വേഗതയില്‍ ഉയര്‍ന്ന് വന്ന മാര്‍ഷലിന്റെ ഒരു പന്ത് ശക്തിയായി വെങ്‌സര്‍ക്കാരിന്റെ മുഖത്തടിച്ചു. ഗ്ലൗസുയര്‍ത്തി പന്ത് തടുക്കാന്‍ വെങ്ങ് സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും വിഫലമായി. ബാറ്റ് തെറിച്ച് പോയി . ഗ്ലൈൗസ് ഊരിയെറിഞ്ഞ് , രക്തം വാര്‍ന്ന് വെങ്ങ് സര്‍ക്കാര്‍ മുഖം പൊത്തി പിച്ചില്‍ ഇരുന്നു. നിലത്ത് നിന്ന് പന്ത് എടുത്ത് വേദന കൊണ്ട് പുളയുന്ന വെങ്ങ് സര്‍ക്കാരിനെ നോക്കി മാല്‍ക്കം മാര്‍ഷല്‍ യാതൊരു ഭാവഭേദവും കൂടാതെ, ഒരു സഹതാപവും പ്രകടിപ്പിക്കാതെ, മറുവശത്തേക്ക് നടന്ന് നീങ്ങി. മറുവശത്ത് നില്‍ക്കുന്ന എന്നെ കടന്നു പോകുമ്പോള്‍ പന്തില്‍ പറ്റിപ്പിടിച്ച മുഖത്തെ മാംസശകലം മാര്‍ഷല്‍ തന്റെ വിരല്‍ കൊണ്ട് തെറിപ്പിക്കുന്നത് ഞാന്‍ കണ്ടു. ‘ 80 റണ്‍സെടുത്ത് ഒറ്റയ്ക്ക് മൊഹിന്ദര്‍ പൊരുതിയെങ്കിലും ഇന്ത്യ തോറ്റു. എങ്കിലും രണ്ട് നിര്‍ണ്ണായക മത്സരങ്ങള്‍ ഇന്ത്യ ജയിച്ച് സെമിയില്‍ ഇംഗ്ലണ്ടിനെ നേരിടാന്‍ യോഗ്യത നേടി. സെമിയില്‍ ഇംഗ്ലണ്ട് തുടക്കം നന്നായി തുടങ്ങി. ഓപ്പണര്‍മാരായ ഗ്രഹാം ഫൗളറും ക്രിസ് ടാവരെയും പുറത്തായെങ്കിലും ഗവറും ഗാറ്റിങ്ങും റണ്‍സുമായി മുന്നേറി. ഇന്ത്യയ്ക്ക് വിക്കറ്റ് അനിവാര്യമായി.
അപ്പോള്‍ കപില്‍ മൊഹിന്ദറിനോട് ചോദിച്ചു. ഓവര്‍ ചെയ്യാമോ? തോളിലേറ്റ പരിക്ക് കാരണം മൊഹിന്ദര്‍ ബൗളിംങ്ങില്‍ നിന്ന് മാറി കുറച്ചു നാളായി ബാറ്റ് ചെയ്യുന്നതില്‍ മാത്രം ശ്രദ്ധിക്കുകയായിരുന്നു. ‘ഞാന്‍ ശ്രമിക്കാം മൊഹിന്ദര്‍ പറഞ്ഞു. – ആ രണ്ട് വാക്കുകളില്‍ ഭാഗ്യം പതിയിരിക്കുന്നുണ്ടായിരുന്നു. അതോടെ ഇന്ത്യ വിജയത്തിലേക്കുള്ള യാത്ര ആരംഭിച്ചു. മൊഹിന്ദറിന്റെ ആദ്യ പന്ത് അലക്ഷ്യമായി അടിച്ച, ക്രീസില്‍ ഇതിനകം തന്നെ നിലയുറപ്പിച്ച ഗവറിനെ കിര്‍മാണി ഒരു ഡൈവിങ് ക്യാച്ചിലൊതുക്കി. 136 ന് 3 എന്ന നിലയില്‍ എത്തിയപ്പോള്‍ അപകടകാരിയായ ബാറ്റ്‌സ്മാന്‍ അലന്‍ ലാംബിനെ യശ്പാല്‍ ശര്‍മ്മ നേരെയുള്ള ഒന്നാന്തരം ഏറില്‍ റണ്ണൗട്ടാക്കി. അടുത്ത ഓവറില്‍ മൊഹിന്ദറിന്റെ പന്ത് ഗാറ്റിങ്ങിന്റെ ലഗ് സ്റ്റമ്പ് തെറിപ്പിച്ചു. അതോടെ ഇംഗ്ലണ്ട് തകര്‍ന്നു. 213 റണ്‍സിന് ഇംഗ്ലണ്ട് അവസാനിച്ചു.
ശ്രീകാന്തും ഗവാസ്‌ക്കറും മികച്ച തുടക്കം നല്‍കി 46 ല്‍ ഇരുവരും പെട്ടെന്ന് ഔട്ടായപ്പോള്‍ ഇന്ത്യന്‍ കൂടാരം മ്ലാനമായി. ചായ സമയത്ത് ഇടവേളയില്‍ ഡ്രസിംങ് റൂമില്‍ എല്ലാവരും നിശബ്ദരായിരുന്നു. റണ്‍റേറ്റ് കുറവായതിനാല്‍ ക്യാപ്റ്റന്‍ കപില്‍ ദേവ് ഒരക്ഷരം പറയാതെ മൗനത്തിലും. ബാറ്റ് ചെയ്യാന്‍ കൂടെ ചേര്‍ന്ന യശ്പാലിനോട് ഞാന്‍ പറഞ്ഞു. ക്രീസില്‍ നിങ്ങള്‍ ഉറച്ച് നില്‍ക്കുക ഞാന്‍ റിസ്‌ക്ക് എടുക്കാം. ഇയാന്‍ ബോതമിനെ ബൗണ്ടറിക്ക് തൂക്കിയടിച്ച് ഞാന്‍ സന്ദേശം നല്‍കി. ആക്രമിച്ച് കളിക്കാതെ ക്രീസില്‍ ഉറച്ച് നില്‍ക്കാനുള്ള എന്റെ നിര്‍ദേശത്തെ മറികടന്ന് യശ്പാല്‍ ആക്രമണം ആരംഭിച്ചപ്പോള്‍ ഞാന്‍ അമ്പരന്നു. അയാളുടെ സ്വതസിദ്ധമായ ശൈലിയില്‍ പോള്‍ അലോട്ടിന്റെ പന്തിനെ ബൗണ്ടറിയിലേക്ക് പായിച്ചു. തക്ക സമയത്ത് തന്നെ വേണ്ട ഒന്നായിരുന്നു ആ ബൗണ്ടറി”
ക്ലാപ്റ്റനും ഫാസ്റ്റ് ബോളറായ ബോബ് വില്ലീസ് രണ്ടാമതും പന്തെറിയാന്‍ എത്തിയപ്പോള്‍ ഞാന്‍ യശ്പാലിനോട് ബാറ്റിങ്ങ് പതുക്കെയാക്കാനും റിസ്‌ക് ഒഴിവാക്കാനും പറഞ്ഞു. യശ്പാല്‍ പ്രതികരിച്ചു ‘എനിക്ക് ബോബ് വില്ലിസുമായി ഒരു കണക്ക് തീര്‍ക്കാനുണ്ട്, ഇന്ത്യയില്‍ കളിച്ചപ്പോള്‍ അവസാന ടെസ്റ്റില്‍ അയാള്‍ എന്നെ ചീത്ത വിളിച്ചതാണ് അതിന് ഞാന്‍ ഇപ്പോള്‍ പകരം വീട്ടും’ യശ്പാലിന്റെ 61 റണ്‍സ് വിജയത്തിലെ നിര്‍ണ്ണായകമായി. 115 പന്തില്‍ 3 ഫോറും 2 സിക്‌സും അയാള്‍ പറത്തി.
46 റണ്‍സിന് മൊഹിന്ദര്‍ പുറത്തായെങ്കിലും പിന്നീട് വന്ന സന്ദീപ് പാട്ടേല്‍ പെട്ടെന്ന് 51 റണ്‍സടിച്ചു ഇന്ത്യയെ വിജയത്തിലെത്തിച്ചു. ഗാലറിയില്‍ ഇന്ത്യന്‍ ത്രിവര്‍ണ പതാകകള്‍ പാറുമ്പോള്‍ പവലിയനിലെ ബാല്‍ക്കണിയില്‍ വെച്ച് നടന്ന ചെറിയ ചടങ്ങില്‍ മൊഹിന്ദര്‍ മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വീകരിച്ചു.
ഫൈനലിൽ മാൻ ഓഫ് ദി മാച്ച് സ്വീകരിക്കുന്ന മൊഹിന്ദർ അമർനാഥ്
ഹാട്രിക്ക് ലോകകപ്പ് വിജയത്തിലൂടെ ചരിത്രം സൃഷ്ടിക്കാനെത്തിയ ക്ലൈവ് ലോയ്ഡിന്റെ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഫൈനലില്‍ തുടക്കത്തില്‍ ഇന്ത്യ പരുങ്ങി. അതികായനായ ജോയല്‍ ഗാര്‍നറെ നേരിടാനാവാതെ ആദ്യം വിഷമിച്ച ശ്രീകാന്തിനോട് മൊഹിന്ദര്‍ പറഞ്ഞു ‘വിഷമിക്കേണ്ട താങ്കളുടെ യഥാര്‍ത്ഥ ശൈലിയില്‍ തന്നെ ബാറ്റ് വീശുക’ മൊഹിന്ദറിന്റെ വാക്കുകള്‍ ഫലിച്ചു. ആദ്യം ഗാര്‍ണറെയും റോബര്‍ട്‌സിനേയും പിന്നീട് ഹോള്‍ഡിംഗിനേയും ബൗണ്ടറിയിലേക്ക് ശ്രീകാന്ത് പറത്തി. ഫൈനലിലെ ഉയര്‍ന്ന സ്‌ക്കോര്‍ നേടിയ, (38) ഏറ്റവും മികച്ച ബാറ്റിംങ്ങും ശ്രീകാന്തിന്റെതായിരുന്നു. എങ്കിലും 183 റണ്‍സെന്ന ഇന്ത്യയുടെ അവസാന സ്‌കോര്‍ എല്ലാവരേയും നിരാശയുള്ളവാക്കി. ‘
‘കളിക്കാന്‍ ഇറങ്ങും മുന്‍പ് കപില്‍ തന്റെ പഞ്ചാബി ശൈലിയില്‍ ടീമിനെ അഭിസംബോധന ചെയ്തു.’ Chalo, jawano,ladte hain’ ( Come on boys,let fight it out)! ഗ്രൗണ്ടിലേക്ക് പോകാന്‍ ലോഡ്‌സിലെ തിങ്ങി നിറഞ്ഞ മുറിയിലേക്ക് യോദ്ധാക്കളെ പോലെ ഞങ്ങള്‍ മാര്‍ച്ച് ചെയ്ത് വരുമ്പോള്‍ അവിടെയുള്ള മുന്‍ ക്രിക്കറ്റ് താരങ്ങള്‍, രാഷ്ട്രീയക്കാര്‍, നയതന്ത്രജ്ഞര്‍ തുടങ്ങിയവര്‍ കനത്ത കരഘോഷത്തോടെ വരവേറ്റത് ഞങ്ങള്‍ക്ക് അളവറ്റ് ഊര്‍ജ്ജം പകര്‍ന്നു.’
തുടക്കത്തിലേ വെസ്റ്റ് ഇന്‍ഡീസിനെ ഞെട്ടിച്ച് ബല്‍വീന്ദര്‍ സിങ്ങ് സന്ധു ഒരു ഇന്‍സിങ്ങറിലൂടെ ഗ്രീനിഡ്ജിന്റെ വിക്കറ്റ് തെറിപ്പിച്ചു. മെറൂണ്‍ തൊപ്പി ധരിച്ച് ബാറ്റ് ചെയ്യാന്‍ വിവ് റിച്ചാഡ്സ് എത്തിയപ്പോള്‍ ഗാലറികളില്‍ നിന്ന് വന്‍ ആരവം ഉയര്‍ന്നു. ഉറച്ച മസിലുള്ള, ഉറച്ച കാല്‍ വെയ്‌പ്പോടെ നടന്നു വരുന്ന വിവ് ഒരു ഹെവിവെയ്റ്റ് ബോക്‌സറെ ഓര്‍മ്മിപ്പിച്ചു – മൊഹിന്ദര്‍ എഴുതി. അയാളുടെ ഓരോ ചുവടും ബൗളറുടെ മനസില്‍ ഭീതിയുണര്‍ത്തുന്നതായിരുന്നു. ഭാരമുള്ള ക്രിക്കറ്റ് ബാറ്റ് വിവിന്റെ കയ്യില്‍ ഈച്ചയെ അടിക്കുന്ന ബാറ്റു പോലെ കാണപ്പെട്ടു. ലോഡ്‌സ് മൈതാനത്ത് അയാള്‍ ശരിക്കും ഒരു രാജാവായിരുന്നു.
നേരത്തെ കളിയവസാനിപ്പിക്കാനുള്ള തിടുക്കത്തില്‍ റിച്ചാര്‍ഡ്‌സ് മദന്‍ ലാലിന്റെ പന്ത് അടിച്ചത് ഉയര്‍ന്ന് പൊന്തി കപിലിന്റെ ”കയ്യില്‍ ലോകക്രിക്കറ്റിലെ ഏക്കാലത്തെയും അനശ്വരമായ ക്യാച്ചായി മാറി. ഇന്ത്യയുടെ ഫൈനലിലെ വിജയത്തില്‍ നിര്‍ണ്ണായക പങ്കു വഹിച്ച ഒരാളെ കൂടി മൊഹിന്ദര്‍ ഓര്‍ക്കുന്നുണ്ട്. വിക്കറ്റ് കീപ്പര്‍ സയ്യദ് കിര്‍മാണിയെ ! ബൗളര്‍മാര്‍ക്ക് ഏറ്റവും യോജിച്ച വിക്കറ്റ് കീപ്പര്‍ എന്നാണ് മൊഹിന്ദര്‍ കര്‍മാണിയെ വിശേഷിപ്പിച്ചത്. ഓരോ പന്ത് പിടിച്ചെടുക്കുമ്പോഴും അദ്ദേഹം പറയും’ Bahut aala’ ( perfect delivery). സന്ധുവിന്റെ പന്തില്‍ പതറിത്തുടങ്ങിയ ഫൗദ് ബക്കസ് ബാറ്റ് വെച്ചത്, കര്‍മാണി ഡൈവ് ചെയ്ത് അസാമാന്യ ക്യാച്ചാക്കി മാറ്റി.
ആറു വിക്കറ്റ് നഷ്ടപ്പെട്ട, വെസ്റ്റ് ഇന്‍ഡീസ് അപകടം മണത്തു. ഡുജോണും മാര്‍ഷലും ചേര്‍ന്ന് പതുക്കെ മത്സരം അവര്‍ക്കനുകൂലമായി തിരികെ കൊണ്ടു വരികയായിരുന്നു. ഇംഗ്ലണ്ടിനെതിരെ ഉണ്ടായ നിര്‍ണായക നിമിഷം പോലെ ഇവിടെയും അത് സംഭവിച്ചു. ‘കപില്‍ പന്ത് എന്റെ കയ്യില്‍ തന്നു. എന്റെ ഓവറിലെ ആദ്യ പന്ത് ഡുജോണ്‍ന്റെ ഓഫ് സ്റ്റമ്പ് തെറിപ്പിച്ചു. ‘അവരുടെ റണ്‍ കൂട്ടുകെട്ട് മൊഹീന്ദര്‍ തന്റെ ആദ്യ പന്തില്‍ തന്നെ തകര്‍ത്തു. ഒടുവില്‍ 52-ാം മത്തെ ഓവറില്‍ അവസാന പന്തില്‍ മൈക്കേല്‍ ഹോള്‍ഡിംഗിന്റെ പാഡില്‍ മൊഹിന്ദറിന്റെ പന്ത് തട്ടിയപ്പോള്‍ ഡിക്കി ബേര്‍ഡിന്റെ കൈവിരല്‍ ഉയര്‍ന്നു. ചരിത്രം പിറന്നു. മത്സരം ഇന്ത്യ ജയിച്ചു., ഇന്ത്യ ലോക ചാമ്പ്യന്‍മാര്‍’ !
‘ലോകകപ്പ് ജയിക്കുകയെന്നാല്‍ എവറസ്റ്റ് കീഴടക്കും പോലെയാണ്’ മൊഹിന്ദര്‍ പറയുന്നു. ലോഡ്‌സില്‍ കപില്‍ ലോക കപ്പ് ഉയര്‍ത്തിയപ്പോള്‍ ഇന്ത്യ ലോകത്തിന്റെ നെറുകയില്‍ എത്തി. ലോഡ്സിലെങ്ങും ഇന്ത്യന്‍ പതാക പാറി പറന്നു ഒരേ ശബ്ദം മാത്രം ഇന്ത്യ, ഇന്ത്യ’. 26 റണ്‍സും 12 ന് 3 വിക്കറ്റ് വീഴ്ത്തിയ ഓള്‍ റൗണ്ട് പ്രകടനം ഒരിക്കല്‍ കൂടി മൊഹിന്ദറിനെ മാന്‍ ഓഫ് ദി മാച്ചാക്കി ‘
ഓട്ടോഗ്രാഫ് വാങ്ങാന്‍ വെസ്റ്റ് ഇന്‍ഡീസ് ഡ്രസ്സിങ് റൂമില്‍ എത്തിയ മൊഹിന്ദര്‍ അവിടെ കണ്ടത് എഴുതുന്നു.
‘എല്ലാം നഷ്ടപ്പെട്ട ഷോക്കിലായിരുന്നു മുഴുവന്‍ വിന്‍ഡീസ് താരങ്ങളും. തങ്ങളുടെ പരാജയത്തില്‍ മനം നൊന്ത് ദുഃഖം അടക്കാന്‍ പാടുപെടുകയായിരുന്നു ചിലര്‍. നിയന്ത്രിക്കാന്‍ പാടുപെട്ട ചിലരുടെ കണ്ണീര്‍ കവിളില്‍ ഒലിച്ചിറങ്ങുന്നത് ഞാന്‍ കണ്ടു. ഒരു മൂലയില്‍ വിജയം ആഘോഷിക്കാന്‍ കൊണ്ടു വെച്ച ഷാംപെയിന്‍ കുപ്പി തൊടാതെ ഭദ്രമായി ഇരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. ചിലര്‍ സ്വയം നിയന്ത്രിച്ച് എന്റെ ബാറ്റില്‍ ഒപ്പിട്ട ശേഷം എന്നെ അഭിനന്ദിച്ചു. അവരുടെ ദുഃഖം മറച്ചു പിടിക്കുന്നതില്‍ അവര്‍ നിശ്ശേഷം പരാജയപ്പെട്ടു.’ എങ്കിലും, ഇന്ത്യക്കാരെ അഭിനന്ദിക്കാനും ഒരു ഡ്രിങ്ക് കഴിക്കാനും ചില വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍ ഇന്ത്യന്‍ ഡ്രസ്സിങ്ങ് റൂമില്‍ വന്നു. മുറിയില്‍ നല്ല ആള്‍ തിരക്കായിരുന്നു. അവിടെ വന്ന ഡുജോണിന്റെ ഏതാനും പൗണ്ടുകള്‍ ഉള്ള പേഴ്‌സ് അവിടെ വെച്ച്
നഷ്ടപ്പെട്ടു. പാവം ഡുജോണ്‍, ഫൈനലും തോറ്റു, പേഴ്‌സും പോയി’
1983 ലെ ലോകകപ്പ് വിജയിച്ച , ഇന്ത്യൻ ടിംമംഗങ്ങൾ ഒപ്പിട്ട മൊഹിന്ദറിൻ്റെ ഭാഗ്യ കർച്ചീഫ്
തന്റെ പുസ്തകത്തില്‍, താന്‍ നേരിട്ട ഏറ്റവും മികച്ച ഫാസ്റ്റ് ബോളറായ വെസ്റ്റ് ഇന്‍ഡീസിന്റെ മൈക്കേല്‍ ഹോള്‍ഡിങ്ങിനെ ‘ചിത്രശലഭത്തെപ്പോലെ പറന്ന്, തേനീച്ചയെപ്പോലെ കുത്തുന്നവന്‍’ എന്ന് വിശേഷിപ്പിക്കുന്നു. പാക്കിസ്ഥാന്റെ ഇംറാന്‍ഖാനെ തന്റെ കാലഘട്ടത്തിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളായി മൊഹീന്ദര്‍ കണക്കാക്കുന്നു. അദ്ദേഹം എങ്ങനെ പ്രവര്‍ത്തിച്ചുവെന്നും ഞാന്‍ ഏറെ നിരീക്ഷിച്ചു. സ്വയം മുന്നോട്ട് പോകാന്‍ മാത്രമല്ല, തന്റെ ടീമില്‍ നിന്ന് ഏറ്റവും മികച്ചത് പുറത്തെടുക്കാനുമുള്ള അപൂര്‍വ കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. പ്രത്യേകിച്ച് ദുഷ്‌കരമായ സാഹചര്യങ്ങളില്‍ അദ്ദേഹം മാതൃകയായി. കാര്യങ്ങള്‍ നന്നായി നടക്കുമ്പോള്‍, എല്ലാവരും നല്ല കളിക്കാരാണ്. എന്നാല്‍ ഏറ്റവും പ്രധാനം മോശം അവസ്ഥയില്‍ നിങ്ങള്‍ അത് എങ്ങനെ ചെയ്യുന്നു എന്നതാണ്. അതില്‍ ഇംറാന്‍ മികച്ചതാണ്.
സുനില്‍ ഗവാസ്‌കറിനെക്കാള്‍ ഇമ്രാന്‍ ഖാനെയാണ് മികച്ച ക്യാപ്റ്റനായി തിരഞ്ഞെടുക്കുന്നത്, ഇംറാന്‍ ഖാന്റെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന നേതൃത്വ ശൈലിയെ അംഗീകരിക്കുന്ന മൊഹിന്ദര്‍ പറയുന്നു. ‘ഗവാസ്‌കര്‍ ഒരു അസാധാരണ ബാറ്റ്‌സ്മാന്‍ ആയിരുന്നു, മികച്ചവരില്‍ ഒരാള്‍. എന്നാല്‍ മറ്റുള്ളവര്‍ തന്റെ നിലവാരവുമായി പൊരുത്തപ്പെടുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു, മാത്രമല്ല യുവ കളിക്കാരുമായി ബന്ധപ്പെടാന്‍ അദ്ദേഹം അധികം ആഗ്രഹിച്ചില്ല. മറുവശത്ത്, ഇമ്രാന്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും, സന്തോഷകരവുമായ അന്തരീക്ഷം ടീമില്‍ സൃഷ്ടിച്ചു,’
ക്രിക്കറ്റ് ലോകത്തെ ഒട്ടേറെ അറിയാക്കഥകള്‍ മൊഹിന്ദര്‍ വെളിപ്പെടുത്തുന്നു. പാക്കിസ്ഥാന്‍ പര്യടനത്തിലെ നെറികെട്ട പക്ഷപാതപരമായ അംമ്പയിറിംഗ്, പാക്കിസ്ഥാനെതിരെ ചെപ്പോക്കില്‍ 88 ല്‍ നിന്ന് സെഞ്ച്വറിയിലേക്ക് കുതിക്കുമ്പോള്‍ വെംഗ് സര്‍ക്കാറു ടെ ആശ്രദ്ധയില്‍ മൊഹിന്ദര്‍ റണ്‍ ഔട്ടായപ്പോള്‍ ഡ്രസ്സിംഗ് റൂമില്‍ ചെന്ന് ദേഷ്യത്തോടെ ബാറ്റ് വലിച്ചെറിഞ്ഞ സംഭവം മുതല്‍ തന്റെ ടീമംഗങ്ങളുടെ വിചിത്രമായ സ്വഭാവങ്ങള്‍ മൊഹിന്ദര്‍ പറയുന്നുണ്ട്. -വിദേശങ്ങളില്‍ വെജിറ്റേറിയന്‍ ഭക്ഷണം കിട്ടുന്ന ഹോട്ടല്‍ അന്വേഷിച്ച് നടക്കുന്ന ശ്രീകാന്ത്, ഹിന്ദി പറയാന്‍ തപ്പിത്തടയുന്ന ടീമിലെ ഏറ്റവും സൗമ്യനായ കര്‍ണ്ണാടക – ഗോവന്‍ വംശജന്‍ റോജര്‍ ബിന്നി, ഹോട്ടലുകളില്‍ രാജാവിനെ പോലെ പണം ചിലവാക്കുന്ന പേര് വെളിപ്പെടുത്താത്ത മറ്റൊരംഗത്തിന്റെ കഥ, ആരും എതിരിടാന്‍ നില്‍ക്കാത്ത ജാവേദ് മിയാന്‍ ദാദിനെ വിക്കറ്റിന് പിന്നില്‍ നിന്ന് കമന്റടിച്ച് അലസോരപ്പെടുത്തിയ യുവ വിക്കറ്റ് കീപ്പറായ സദാനന്ദ് വിശ്വനാഥിന്റെ ചടുലമായ പ്രകടനത്തെ കുറിച്ച്, ദിവസവും അഞ്ച് നേരവും നിസ്‌ക്കരിക്കുന്ന ദൈവഭയമുള്ള ഹൈദ്രാബാദില്‍ നിന്നുള്ള യുവ ബാറ്റ്‌സ്മാന്‍ മുഹമ്മദ് അസറുദ്ദീനെ കുറിച്ച്, ഡ്രസ്സിംഗ് റൂമില്‍ നൃത്തം വെയ്ക്കുന്ന ശിവരാമകൃഷ്ണനെ കുറിച്ച്. ‘എല്ലാവരുമായി സൗഹാര്‍ദം പുലര്‍ത്തിയ ഒരു കളിക്കാരനായിരുന്നു മൊഹിന്ദര്‍ അമര്‍നാഥ്.
തന്നെ മനപ്പൂര്‍വം ടീമില്‍ ഒഴിവാക്കുന്നതിനെതിരെ ക്രിക്കറ്റ് മേധാവികളുമായി അയാള്‍ നിരന്തരം കലഹിച്ചു. സീനിയറായ തന്നെ ക്യാപ്റ്റനാക്കാതിരിക്കാന്‍ പാടുപെടുന്ന സെലക്ഷന്‍ കമ്മറ്റിയെ കുറിച്ചുള്ള അണിയറ കഥകള്‍ ആദ്യമായി ഈ പുസ്തകത്തിലൂടെ പുറത്തു വരുന്നു. ക്യാപ്റ്റന്‍ വെങ്ങ് സര്‍ക്കാറിനെ പത്രത്തില്‍ കോളമെഴുതിയതിന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് നിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍, അതിനെതിരെ ഭൂരിഭാഗം ഇന്ത്യന്‍ ടീമിലെ കളിക്കാരും എതിര്‍ത്ത് നിരോധനം പിന്‍വലിക്കാന്‍ ബോര്‍ഡിന് ഒപ്പിട്ട കത്ത് നല്‍കി. ഇല്ലെങ്കില്‍ ഈ വര്‍ഷത്തെ ഷാര്‍ജ കപ്പില്‍ പങ്കെടുക്കാന്‍ തങ്ങള്‍ കരാറില്‍ ഒപ്പിടില്ലെന്ന് പ്രഖ്യാപിച്ചു. ഒരു കളിക്കാരന്‍ ഒഴികെ കത്തില്‍ എല്ലാവരും ഒപ്പിട്ടു. വിചിത്രമെന്ന് പറയട്ടെ കത്തില്‍ ഒപ്പിടാത്ത ആ മാന്യന്‍ ഷാര്‍ജയിലെ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ കാപ്റ്റനായി.
വിവാദമായ അഭിമുഖം
1988 ലെ ന്യൂസിലന്റിന്റെ ഇന്ത്യന്‍ പര്യടനത്തിന് മുന്‍പ് നടന്ന ചില സംഭവങ്ങളിലൂടെ പഴയ പ്രവചനം പോലെ ബാറ്റിനേക്കാള്‍ പ്രശസ്തി മൊഹിന്ദര്‍ നാവുകൊണ്ട് നേടി. ഏഷ്യന്‍ കപ്പ് ചാമ്പ്യന്‍മാരായി തിരിച്ചെത്തിയ ഇന്ത്യന്‍ ടീമില്‍ നിന്ന് ന്യൂസിലാന്‍ഡിനെതിരെ നടക്കുന്ന പരമ്പരയില്‍ കളിക്കേണ്ട ഇന്ത്യന്‍ ടീമില്‍ നിന്ന് മൊഹിന്ദര്‍ അമര്‍നാഥിനെ ഒഴിവാക്കി. തന്നോട് ഒരിക്കല്‍ കൂടി അനീതി കാണിച്ച തിരഞ്ഞെടുപ്പിന്നെ അയാള്‍ ചോദ്യം ചെയ്തു. ഇന്ത്യന്‍ സെലക്റ്റര്‍മാരെ ബ്ലാഗ്ലൂരില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ‘ഒരു കൂട്ടം കോമാളികള്‍’ എന്ന് മൊഹിന്ദര്‍ വിശേഷിപ്പിച്ചു. ‘ കളിയിലെ പ്രകടനമാണ് ടീം തിരഞ്ഞെടുപ്പിന്റെ മാനദണ്ഡമെങ്കില്‍, ഈ ബോര്‍ഡ് സെക്രട്ടറിയെ ക്രിക്കറ്റിനെ കുറിച്ച് ഒരു പരിശീലന ക്ലാസിന് വിടണം.’ വിവാദത്തിന് വഴിവെച്ച ആ സംഭവം മാധ്യമങ്ങള്‍ ഏറ്റെടുത്തു. ദി ഇല്ലസ്‌ട്രേറ്റഡ് വീക്കിലി ഓഫ് ഇന്ത്യ മൊഹിന്ദര്‍ അമര്‍നാഥിനെ കവര്‍ സ്റ്റോറിയാക്കി. കളിക്കാരുടെ വേതന വര്‍ദ്ധവിന് വേണ്ടിയും ടീമിന് വേണ്ടി ആദ്യം ശബ്ദയര്‍ത്തിയ കളിക്കാരനും മൊഹിന്ദര്‍ അമര്‍നാഥായിരുന്നു. 1989 ല്‍ പാക്കിസ്ഥാന്‍ പര്യടനത്തില്‍ ഒഴിവാക്കപ്പെട്ടതോടെ മൊഹിന്ദര്‍ അമര്‍നാഥിന്റെ ക്രിക്കറ്റ് ജീവിതത്തിന് അവസാനമായി. 1969 മുതല്‍ 1989 വരെ ഇന്ത്യന്‍ ടീമിനായി കളിച്ച അദ്ദേഹം 4378 ടെസ്റ്റ് റണ്‍സ് നേടി. അദ്ദേഹത്തിന്റെ പതിനൊന്ന് ടെസ്റ്റ് സെഞ്ച്വറികള്‍ വിദേശ പിച്ചുകളിലായിരുന്നു. ഏകദിനത്തില്‍ 2 സെഞ്ചറിയടക്കം 1924 റണ്‍സ് നേടി.
ആധുനിക ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രം ഇത്ര മനോഹരമായി മറ്റാരും തന്നെ എഴുതിയിട്ടില്ല. ഇന്ത്യന്‍ ക്രിക്കറ്റിന്റെ കടന്നുപോയ ഉയര്‍ച്ച താഴ്ച്ചകളും അണിയറക്കഥകളും കൊണ്ട് സമ്പന്നമായ ഈ ആത്മകഥ ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാലഘട്ടത്തെക്കുറിച്ചുള്ള സവിശേഷമായ വിവരണമാണ്. ആ കാലത്തിലൂടെ കടന്നുപോയ ഒരു കളിക്കാരന്റെ ധീരവും സത്യസന്ധവുമായ അനുഭവക്കുറിപ്പുകളാണത്. Mohinder amarnath, an icon in the world of cricket
FEARLESS- A Memoir
Mohinder Amarnath with Rajender Amarnath .
Price : 799.00,.
Harper Collins
Content Summary: Mohinder amarnath, an icon in the world of cricket
Leave a Comment