UPDATES

വിദേശം

മങ്കി പോക്സ് ആഫ്രിക്കയ്ക്ക് പുറത്തേക്കും

സ്ഥിരീകരിച്ച് സ്വീഡനും പാകിസ്താനും

                       

ആഫ്രിക്കക് പിന്നാലെ മങ്കിപോക്സ് സ്ഥിരീകരിച്ച് സ്വീഡൻ. ആഫ്രിക്കക്ക് പുറത്തുള്ള രാജ്യങ്ങളിൽ പകർച്ചവ്യധി പടരുന്നത് ആദ്യമായാണ്. രോഗം പൊട്ടിപ്പുറപ്പെട്ട ആഫ്രിക്കയിൽ നിന്നെത്തിയ വ്യക്തിലയിലാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നതെന്ന് സ്വീഡിഷ് പബ്ലിക് ഹെൽത്ത് ഏജൻസിയുടെ ഡയറക്ടർ ജനറൽ ഒലിവിയ വിഗ്സെൽ അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞു. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മങ്കിപോക്സിനെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിരുന്നു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ നിന്നാണ് അസുഖം പൊട്ടിപുറപ്പെട്ടിരിക്കുന്നത്. മറ്റ് രാജ്യങ്ങളിലേക്കും പകർച്ചവ്യാധി പടരുമോ എന്ന ആശങ്കയാണ് ഉയരുന്നത്. Monkeypox global health emergency

അടുത്ത ആറ് മാസത്തിനുള്ളിൽ രാജ്യത്തേക്ക് പ്രവേശിക്കുന്ന ആളുകളിലും ചരക്കുകളിലും മങ്കിപോക്സ് വൈറസിന്റെ സാന്നിധ്യം പരിശോധിക്കാൻ തുടങ്ങുമെന്ന് ചൈന വെള്ളിയാഴ്ച അറിയിച്ചിരുന്നു. വൈറസ് പൊട്ടിപ്പുറപ്പെട്ട രാജ്യങ്ങളിൽ നിന്ന് യാത്ര ചെയ്യുന്നവരോ, എംപോക്സ് കേസുകളുമായി സമ്പർക്കം പുലർത്തുന്നവരോ രോഗലക്ഷണങ്ങൾ കാണിക്കുന്നവരോ രാജ്യത്ത് പ്രവേശിക്കുമ്പോൾ കസ്റ്റംസ് ഉദ്യോഗസ്ഥരെ അറിയിക്കണമെന്ന് ചൈനയുടെ കസ്റ്റംസ് അഡ്മിനിസ്ട്രേഷൻ നിർദ്ദേശിച്ചിട്ടുണ്ട്. ആളുകൾക്ക് പുറമെ വാഹനങ്ങൾ, കണ്ടെയ്‌നറുകൾ, അസുഖ ബാധിത സ്ഥലങ്ങളിൽ നിന്നുള്ള വസ്തുക്കൾ എന്നിവയും അണുവിമുക്തമാക്കണമെന്നും പ്രസ്താവനയിൽ പറയുന്നു.

അതേ സമയം പാകിസ്താനിലും വൈറസ് സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സൗദി അറേബ്യയിൽ നിന്ന് അടുത്തിടെ തിരിച്ചെത്തിയ ആളിലാണ് രോഗം കണ്ടെത്തിയത്. മർദാനിലെ 34 കാരൻ ഓഗസ്റ്റ് 3 നാണ് പാകിസ്ഥാനിലെത്തുന്നത്, പെഷവാറിലെത്തിയ ഉടൻ തന്നെ രോഗലക്ഷണങ്ങൾ കണ്ടതോടെ പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തുകയായിരുന്നു. പെഷവാറിലെ ഖൈബർ മെഡിക്കൽ യൂണിവേഴ്സിറ്റിയാണ് രോഗനിർണയം സ്ഥിരീകരിച്ചതെന്ന് എആർവൈ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ഓഗസ്റ്റ് 13-ന് രോഗനിർണയം സ്ഥിരീകരിച്ചു, 2024-ൽ പാകിസ്ഥാനിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട മങ്കിപോക്സ് കേസ് ആണിത്. സൗദി അറേബ്യയിൽ നിന്നുള്ള വിമാനത്തിലെ സഹയാത്രികർ ഉൾപ്പെടെ രോഗിയുമായി അടുത്ത സമ്പർക്കം പുലർത്തിയ വ്യക്തികളെ തിരിച്ചറിയുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള കോൺടാക്റ്റ് ട്രെയ്‌സിംഗ് ശ്രമങ്ങൾ ആരോഗ്യ ഉദ്യോഗസ്ഥർ ആരംഭിച്ചിട്ടുണ്ട്. 2023ൽ കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിൽ മൂന്ന് യാത്രക്കാരിൽ അസുഖം കണ്ടെത്തിയിരുന്നു.

വൈറസ് വ്യാപനവും മരണവും

ഈ വർഷമാദ്യം, കോംഗോയിലെ ഖനനങ്ങൾ നടക്കുന്ന ഒരു പട്ടണത്തിൽ മങ്കിപോക്സിന്റെ പുതിയ വകബേധം കണ്ടെത്തിയിരുന്നു. ഈ പുതിയ വൈറസ് രോഗബാധിതരായ ആളുകളിൽ മരണ നിരക്ക് 10 ശതമാനം കൂടുതലാണ്. പുതിയ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയ ശാസ്ത്രജ്ഞർ അസുഖം എളുപ്പത്തിൽ പടരുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. രോഗബാധിതരുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയും ലൈംഗികതയിൽ ഏർപ്പെടുന്നതിലൂടെയും എംപോക്സ് മറ്റുള്ളവരിലേക്ക് പടരും. ഈ വർഷം ആഫ്രിക്കയിലുടനീളമുള്ള ഒരു ഡസനിലധികം രാജ്യങ്ങളിൽ 14,000-ത്തിലധികം മങ്കിപോക്സ് കേസുകളും 524 മരണങ്ങളും ഉണ്ടായതായി ലോകാരോഗ്യ സംഘടന പറയുന്നു, കഴിഞ്ഞ വർഷത്തെ കണക്കുകളേക്കാൾ അധികമാണിത്. അസുഖത്തിന്റെ പുതിയ വകബേധം കുട്ടികളിലാണ് മാരകമായി പടരുന്നത്. കേസുകളിൽ 70% 15 വയസ്സിന് താഴെയുള്ള കുട്ടികളിലും 39% അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലുമാണ്, മരണ നിരക്ക് 62% ആണ്.

മങ്കിപോക്സിന്റെ മരണനിരക്ക് 0% മുതൽ 11% വരെയാണ്. 2022 ൽ വ്യാപനം ഉണ്ടായ സമയത്ത്, മരണനിരക്ക് വളരെ കുറവായിരുന്നു, രോഗം കണ്ടെത്തിയ ഭൂരിഭാഗം ആളുകളും ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരായിരുന്നു. നിലവിലെ സാഹചര്യത്തിൽ, മരണനിരക്ക് കൂടുതലാണ്. ആഫ്രിക്കയിലെ ആരോഗ്യ സംവിധാനങ്ങൾ വളരെ ശക്തമല്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്, ഇത് കൊണ്ട് തന്നെ വൈറസ് യഥാർത്ഥത്തിൽ മാരകമാണോ അതോ മറ്റ് ഘടകങ്ങൾ മൂലമാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇതുവരെ, 96% മങ്കിപോക്സ് മരണങ്ങളും സംഭവിച്ചിരിക്കുന്നത് കോംഗോയിലാണ്. സ്വീഡനെപ്പോലെ യൂറോപ്പിലും കേസുകൾ കണ്ടെത്തുന്നത് ഭൂഖണ്ഡത്തിലുടനീളം വൈറസ് അതിവേഗം പടരാൻ ഇടയാക്കുമെന്ന് പൊതുജനാരോഗ്യ വിദഗ്ധനായ ലോറൻസ് ഗോസ്റ്റിൻ പറയുന്നു. യൂറോപ്പിൽ ഇനിയും കണ്ടെത്താത്ത നിരവധി കേസുകൾ ഉണ്ടെന്ന് അദ്ദേഹം കരുതുന്നു.

രോഗ ലക്ഷണങ്ങൾ

പനി, റാഷസ്, സാധാരണയായി വീർത്ത ലിംഫ് നോഡുകൾ എന്നിവയാണ് അസുഖത്തിന്റെ ലക്ഷണങ്ങൾ. ചിക്കൻപോക്സ്, അഞ്ചാംപനി, ബാക്ടീരിയ ത്വക്ക് അണുബാധ, സിഫിലിസ്, മയക്കുമരുന്ന് സംബന്ധമായ അലർജികൾ തുടങ്ങിയ മറ്റ് രോഗങ്ങളുമായി ഇതിനെ തെറ്റിദ്ധരിച്ചേക്കാമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു. അഞ്ച് മുതൽ 21 ദിവസം വരെയാണ് എംപോക്സിനുള്ള ഇൻകുബേഷൻ കാലയളവ്. പനി, കഠിനമായ തലവേദന, ലിംഫഡെനോപ്പതി (വീർത്ത ലിംഫ് നോഡുകൾ), നടുവേദന, പേശി വേദന, ഊർജ്ജക്കുറവ് എന്നിവയുൾപ്പെടെയുള്ള ലക്ഷണങ്ങളും കാണാൻ കഴിയും. പനി പിടിക്കുന്ന ഘട്ടം ഒന്ന് മുതൽ മൂന്ന് ദിവസം വരെ നീണ്ടുനിൽക്കും. അതിനു ശേഷം രണ്ട് മുതൽ നാല് ആഴ്ച വരെ നീണ്ടുനിൽക്കുന്ന റാഷസ് ഘട്ടമാണ്. ഇത് പോകും തോറും വേദനാജനകമായ മുറിവുകളാകും, മുറിവിനുള്ളിൽ ദ്രാവകം നിറയുകയോ, പഴുക്കുകയോ ചെയ്യാം.

എങ്ങനെയാണ് പകരുന്നത്?

2022 ലെ വ്യാപനത്തിൽ, ഈ രോഗം അടുത്ത സമ്പർക്കത്തിലൂടെയാണ് പടർന്നത്, കൂടാതെ മിക്ക കേസുകളും ലൈംഗിക ബന്ധത്തിലൂടെയാണ് പകർന്നത്. ഈ പുതിയ വേരിയൻ്റ് കൂടുതൽ വേഗത്തിൽ പടർന്നു പിടിക്കുന്നുണ്ട്. രോഗബാധിതരുമായി അടുത്ത സമ്പർക്കം പുലർത്തുന്നതിലൂടെ മറ്റൊരാളിലേക്ക് പകരാം. മുഖാമുഖം, സംസാരിക്കുകയോ ശ്വസിക്കുകയോ, രോഗബാധിതനായ വ്യക്തിയുടെ സമീപം, ചർമ്മത്തിൽ നിന്ന്, വായിൽ നിന്ന്, തൊലിയിൽ നിന്ന് വരെ അസുഖം പടരാനുള്ള സാധ്യതയുണ്ട്. മിക്ക ചികിത്സകളും രോഗലക്ഷണങ്ങൾ ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. വസൂരി (ടെക്കോവിരിമാറ്റ്) ചികിത്സിക്കുന്നതിനായി വികസിപ്പിച്ച ഒരു ആൻറിവൈറൽ അസാധാരണമായ സാഹചര്യങ്ങളിൽ എംപോക്സിൻറെ ചികിത്സയ്ക്കായി 2022 ജനുവരിയിൽ യൂറോപ്യൻ മെഡിസിൻസ് ഏജൻസി അംഗീകരിച്ചിരുന്നു.

കോവിഡിന് സമാനമായ സാഹചര്യം നേരിടേണ്ടി വരുമോ?

കൊറോണ വൈറസുമായി എംപോക്സിന് നിരവധി വ്യത്യാസങ്ങളുണ്ട്. പുതിയ വൈറസ് ഏതു വിധത്തിലാണ് പകരുന്നതെന്ന് പൂർണ്ണമായി മനസ്സിലാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതുവരെ കണ്ടുവരുന്ന രീതി അനുസരിച്ച്, വളരെ അടുത്ത സമ്പർക്കത്തിലൂടെയാണ് അണുബാധ ഉണ്ടാകുന്നത്. എന്നാൽ കോവിഡ് വായുവിലൂടെയാണ് പടർന്ന് പിടിച്ചത്. വൈറസ് വർഷങ്ങളായി ആഗോളതലത്തിൽ അടിക്കടി സ്ഥിരീകരിക്കാറുണ്ട്. അതേസമയം കോവിഡ് വൈറസ് പുതിയതായിരുന്നു. കോവിഡ് 19 ൽ നിന്ന് വ്യത്യസ്തമായി (SARS-CoV-2 വൈറസ് ), മുൻകാലങ്ങളിൽ മങ്കിപോക്സ് പടരുന്നത് നിയന്ത്രിക്കാനായിട്ടുണ്ട്. എന്നാൽ കൊറോണ പടരാൻ തുടങ്ങിയപ്പോൾ, അതേ രീതിയിൽ നിയന്ത്രിക്കാൻ കഴിഞ്ഞില്ല, ആഗോള പാൻഡെമിക്കിലേക്കാണ് വ്യാപനം നയിച്ചത്.

Content summary; Monkeypox global health emergency;  Pakistan and Sweden confirms first caseMonkeypox global health emergency

Share on

മറ്റുവാര്‍ത്തകള്‍