മൈക്കിൾ ജാക്സൺ സ്റ്റൈൽ ജീവിതത്തിൽ പകർത്തിയ തിരുവനന്തപുരത്തെ കുറച്ചധികം ചെറുപ്പക്കാർ. അവരുടെ ജീവിതത്തിന് മുഴുവനായി ബ്രേക്ക് ഡാൻസിന്റെ താളമാണ്. മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് മൂൺവാക്കിന്റെ ട്രെയിലറെത്തുന്നത്. അന്നേ പ്രേക്ഷകരിൽ കൗതുകമുണർത്തിയിരുന്ന എൺപതുകളിലെ റെട്രോ വൈബിനെ തിരികെ കൊണ്ടുവരുന്ന വിനോദ് എ കെ ചിത്രം പ്രദർശനത്തിനൊരുങ്ങുകയാണ്. 1980- 90 കാലഘട്ടത്തിലെ യുവാക്കളെ ഹരം കൊള്ളിച്ച ബ്രേക്ക് ഡാൻസ് തരംഗമാണ് ചിത്രത്തിന്റെ പശ്ചാത്തലം. വിനോദ് എ കെ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് ലിജോ ജോസ് പെല്ലിശേരി അവതരിപ്പിക്കുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ സുനിൽ ഗോപാലകൃഷ്ണൻ തിരക്കഥയെഴുതിയ ആദ്യ ചിത്രം കൂടിയാണ് മൂൺവാക്ക്. എൺപതുകളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട ചിത്രത്തെക്കുറിച്ച് അഴിമുഖത്തോട് പങ്കുവയ്ക്കുകയാണ് തിരക്കഥാകൃത്ത് സുനിൽ ഗോപാലകൃഷ്ണൻ
ഇതൊരു റെട്രോ കണ്ടന്റാണ്
എൺപതുകളുടെ അവസാനത്തിൽ നടക്കുന്ന ഒരു കഥയാണ് മൂൺവാക്കിന്റേത്. ആ കാലഘട്ടത്തിൽ കേരളത്തിൽ മുഴുവൻ ബ്രേക്ക് ഡാൻസ് ഒരു ജ്വരമായിരുന്നു. വെസ്റ്റേണസ്ഡ് ഡാൻസ് ഫോമുകളുടെ തരംഗം വീശുന്ന ഒരു കാലഘട്ടമാണ് കഥയുടെ പ്രമേയം. നൂറ് വർഷം കഴിഞ്ഞ് പറഞ്ഞാലും പ്രസക്തിയുള്ള ഒരു കഥയും സന്ദർഭവുമാണ് ചിത്രത്തിന്റേത്. ഇതൊരു റെട്രോ കണ്ടന്റ് ആണ്, ഈ വിഷയത്തിന്റെ പ്രത്യേകതയും അത് തന്നെയാണ്, ഇതിന് കാലപ്പഴക്കമെന്നൊരു വിഷയമില്ല. റെട്രോ കണ്ടന്റിന് എല്ലാക്കാലത്തും ഒരു ഷോകേസ് വാല്യുവുണ്ട്. ഞങ്ങളെ സംബന്ധിച്ച് ഇതൊരു വലിയ പ്രോജക്ട് ആണ്. പുതുമുഖതാരങ്ങളാണ് ചിത്രത്തിൽ കൂടുതലായി അഭിനയിക്കുന്നതെങ്കിലും സാധാരണ ഒരു സിനിമയുടെ മേക്കിങ് പ്രോസസിലൂടെയല്ല ചിത്രം കടന്നുപോയത്. ചിത്രം രണ്ടു മൂന്ന് കാലഘട്ടങ്ങളിൽ കൂടി കടന്നു പോകുന്നത് കൊണ്ട് തന്നെ ചിത്രത്തിലെ കഥാപാത്രങ്ങൾക്ക് രണ്ട് മൂന്ന് അപ്പിയർൻസുകളുമുണ്ട്. മൂൺവാക്കിന്റെ റിലീസ് വൈകിയതിൽ കോവിഡും ഒരു കാരണമായിരുന്നു. കോവിഡിന് ശേഷമാണ് ലിജോ ജോസ് പെല്ലിശേരി ചിത്രത്തിന്റെ ഡ്രാഫ്റ്റ് കാണുന്നത്. ലിജോ ചിത്രം കണ്ടതാണ് വഴിത്തിരിവായത്. ചിത്രം കണ്ടതിന് ശേഷം കുറേക്കൂടി വൈഡായി ആവണം ഈ ചിത്രം റിലീസ് ആവേണ്ടതെന്നും, ചർച്ചയാവണമെന്നും പറഞ്ഞതിൽ നിന്ന് ചിത്രത്തിന് കുറേ മാറ്റം വരുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം വരെ ചിത്രത്തിന്റെ ഷൂട്ടിംഗ് നടത്തിയിരുന്നു. പല ഘട്ടങ്ങളിലായി പല ഭാഗങ്ങൾ ഞങ്ങൾ ഷൂട്ട് ചെയ്തിരുന്നു. രണ്ട് മൂന്ന് വർഷം നീണ്ടയൊരു ഷൂട്ടിംഗ് പ്രോസസിലൂടെ കടന്ന് പോയതാണ് ചിത്രത്തിന്റെ റിലീസ് വൈകിയതിന് പിന്നിലെ കാരണം.
എൺപതുകളുടെ വൈബുള്ള പാട്ടുകൾ
ഫാഷനിലും നമ്മളുടെ അഭിരുചികളിൽ തന്നെയും ഒരു റെട്രോ വൈബ് തിരിച്ചുവരുന്ന ഒരു കാലമാണ്. ഈ പ്രോസസെല്ലാം സർക്കിളിക് ആണ്. ഒരു കാലഘട്ടത്തിൽ നമ്മൾ ഉപയോഗിച്ച ഒരു സാധനത്തെ നമ്മൾ റിസൈക്കിൾ ചെയ്യുന്നു. ഇപ്പോൾ തന്നെ നമ്മൾ ശ്രദ്ധിച്ചാൽ മനസിലാവും കഴിഞ്ഞയിടക്ക് ഹിറ്റായ പല പാട്ടുകളും ഒരു എൺപതുകളുടെ വൈബുള്ള പാട്ടുകളാണ്. അവയുടെ റീക്രിയേഷൻസാണ് സുഷിനെ പോലെയുള്ള സംവിധായകർ ചെയ്യുന്നത്. ബേസിക് ബീറ്റും ബേസിക് താളവുമെല്ലാം എൺപതുകളുടെ താളത്തോട് ചേർന്ന് നിൽക്കുന്നു. അതിനെ അവർ പുനരാവിഷ്കരിക്കുകയാണ്. മൂൺവാക്ക് എൺപതുകളുടെ കഥ പറയുന്ന ഒരു ചിത്രമായത് കൊണ്ട് തന്നെ ചിത്രത്തിലെ സംഗീതത്തിന്റെ സ്വഭാവവും അതു തന്നെയാണ്. ഇപ്പോഴത്തെ തലമുറയിലെ കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന തരത്തിലാണ് അതിന്റെ സൗണ്ടിംഗ്. ചിത്രത്തിലെ ഗാനം പുതുമയും പഴമയും ഇടകലർന്ന ഒരു മിശ്രിതമാണ്.
ലിജോ തന്ന ധൈര്യം
പ്രശാന്ത് പിള്ള ചിത്രത്തിൽ വർക്ക് ചെയ്തിട്ടുണ്ട് അങ്ങനെയാണ് ചിത്രം ലിജോയിലേക്ക് എത്തുന്നത്. പ്രശാന്ത് വഴി സിനിമയെക്കുറിച്ച് ലിജോയ്ക്ക് അറിയാമായിരുന്നു. അതിനുശേഷമാണ് ലിജോ ചിത്രം കാണണമെന്ന് താത്പര്യം പ്രകടിപ്പിക്കുന്നത്. ചിത്രം കണ്ടതിന് ശേഷം തിരുത്തലുകൾ പറഞ്ഞത് തന്നത് ലിജോ ആയിരുന്നു. ലിജോ ജോസ് പെല്ലിശേരിയെ കൺവിൻസ് ചെയ്ത ഒരു ചിത്രം അതാണ് ഞങ്ങൾക്ക് ഈ ചിത്രത്തിന് മേലുള്ള കോൺഫിഡൻസ്. ഇപ്പോഴും ഞങ്ങളെ നയിക്കുന്നത് ലിജോ ഈ ചിത്രത്തിന് മേൽ കാണിക്കുന്ന ധൈര്യമാണ്. ഐ ആം ഡാമിൻ കോൺഫിഡന്റ് എന്നാണ് ലിജോ പറഞ്ഞത്. അത്രയും പരിചയസമ്പന്നനായ ഒരാളുടെ വാക്കുകൾക്ക് പിന്നിൽ നിൽക്കുകയെന്നത് മാത്രമാണ് ഞങ്ങൾ ചെയ്തത്.
പുതുമുഖ ചിത്രമായതാണ് മൂൺവാക്കിന്റെ പുതുമ
മുഴുവനായി പുതുമുഖ താരങ്ങളെ അണിനിരത്തി ചെയ്ത ഒരു ചിത്രമായിരുന്നത് കൊണ്ട് തന്നെ അഭിനേതാക്കളെ കണ്ടെത്തുന്നത് ആയിരുന്നു ചിത്രം നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി. ഈ ചിത്രം ഒരു മുഖ്യധാര നായകനെ വച്ചുപറയുക എന്നതായിരിക്കും ഏറ്റവും പ്രയാസപ്പെട്ട കാര്യം. വേണമെങ്കിൽ ചിത്രത്തിൽ ഒന്നോ രണ്ടോ മുഖ്യധാര നായകന്മാരെ പ്രധാനപ്പെട്ട കഥാപാത്രങ്ങളായി വയ്ക്കാം. 3000ത്തിലധികം ആളുകളെ ഓഡീഷൻ ചെയ്തിരുന്നു ചിത്രത്തിന് വേണ്ടി. കേരളത്തിലെ അഭിനയതത്പരരായ ഒരുവിധം ആളുകൾ ഓഡിഷന് പങ്കെടുത്തിരുന്നു. ഇതിൽ നിന്നാണ് 10,15 ആളുകളെ ഞങ്ങൾ തിരഞ്ഞെടുത്തത്. ഏകദേശം നാലു മാസത്തോളം അവരെ ഞങ്ങൾ പരിശീലിപ്പിച്ചു. ഡാൻസ്, തിരുവനന്തപുരത്തെ ജീവിതം, ലുക്ക് ടെസ്റ്റ് എന്നിവയായിരുന്നു പരിശീലനത്തിൽ ഉൾപ്പെട്ടിരുന്നത്. മുഖ്യധാര നായകൻമാരെയാണ് ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്തിരുന്നതെങ്കിൽ ഇതിനുള്ള സമയം ലഭിക്കുമായിരുന്നില്ല. ഞങ്ങൾക്ക് മുന്നിൽ മുഖ്യധാര നായകൻമാരെന്ന ഒരു ഓപ്ഷൻ പോലും ഇല്ലായിരുന്നു. പുതിയ നടന്മാരെ വച്ച് ചെയ്യുമ്പോൾ ചിത്രത്തിന് ഒരു പുതുമ ഉണ്ടാവുമെന്ന് കരുതിയിരുന്നു. ചിത്രത്തിന്റെ പ്രിവ്യൂ കാണുന്നവരും പറയുന്ന ഒരു നല്ല വശം ഇതാണ്.
സിനിമയുടെ ബേസ് മൈക്കിൾ ജാക്സണാണ്
ഞങ്ങളുടെ കൗമാരക്കാലത്തിന്റെ കഥയാണ് ചിത്രം. അതായത് ഇപ്പോഴത്തെ കുട്ടികൾക്ക് മുന്നിലുള്ള ഒരു തലമുറയുടെ പഴയക്കാലം എങ്ങനെയായിരുന്നു, വൈബ് എന്തായിരുന്നു എന്നൊക്കെ മൂൺവാക്ക് പറയും. എന്നാൽ കഥ പറഞ്ഞു വരുമ്പോൾ ഒരു പോയിന്റിൽ വച്ച് സ്വഭാവത്തിൽ ഇന്നത്തെ തലമുറയുടെ വൈബിനോട് സാമ്യം തോന്നിയേക്കാം. ആ കാലഘട്ടത്തിന്റെ ഐക്കൺ ആയിരുന്നു മൈക്കിൾ ജാക്സൺ. അതിൽ നിന്ന് മൈനസ് എം ജെ എന്ന് പറഞ്ഞാൽ അതിൽ വേറെയൊന്നും കാണില്ല. സിനിമയുടെ ബേസ് തന്നെ മൈക്കിൾ ജാക്സൺ ആണ്. ചിത്രത്തിന്റെ സംവിധായകൻ വിനോദിന്റെ സുഹൃത്ത് വലയത്തിൽ ഒരു ഡാൻസ് ട്രൂപ്പിലെ അംഗങ്ങളുണ്ടായിരുന്നു. തിരുവനന്തപുരത്തെ ഈ ഡാൻസ് ട്രൂപ്പുമായി ബന്ധപ്പെട്ട് വിനോദിന്റെ വ്യക്തിപരമായ അനുഭവങ്ങളും അടുപ്പങ്ങളുമാണ് ഞങ്ങളെ ഈ കഥ രൂപീകരിക്കാൻ പ്രേരിപ്പിച്ച ഒരു കാരണം. അതിൽ നിന്നാണ് ഞങ്ങൾ പ്രചോദനം ഉൾക്കൊള്ളുന്നത്. കഥാപാത്രങ്ങളെ അവിടെ നിന്നാണ് ഞങ്ങൾ പകർത്തുന്നത്. എങ്ങനെയാണ് ഡാൻസ് ട്രൂപ്പ് വന്ന് പെർഫോം ചെയ്തിരുന്നത്. അവരുടെ യഥാർത്ഥ ജീവിതത്തിലും വേദിയിലും കടന്നു പോകുന്ന സന്ദർഭങ്ങൾ എന്നിവ അടുത്തറിഞ്ഞ ഒരു അനുഭവം വിനോദിനുണ്ട്. ഈ ചിത്രം ചെയ്യാൻ വേണ്ടി ഒരുപാട് റിസർച്ച് ചെയ്തിരുന്നു. പഴയ തലമുറയിലെ ഡാൻസേഴ്സിനെ മുഴുവൻ നമ്മളിവിടെ ഡോക്യൂമെന്റ് ചെയ്തിട്ടുണ്ട്. നാല് മണിക്കൂർ ഡോക്യൂമെന്ററിക്കുള്ള ഉള്ളടക്കമാണ് അത്. അതിനേ വേണ്ടി ഒരുപാട് ആളുകളോട് സംസാരിക്കുകയും അവരുടെ കഥകൾ കേൾക്കുകയും ചെയ്തു. അവരെല്ലാം മൂൺവാക്കിന്റെ പ്രമോഷൻ പ്രോഗ്രാമുകളിലൊക്കെ പങ്കെടുത്തിരുന്നു. തുടക്കകാലം മുതൽ സിനിമയ്ക്കൊപ്പം സഞ്ചരിച്ചിരുന്നവരാണ് അവർ.
content summary: Moon Walk is a retro-themed film, and Lijo Jose Pellissery’s words guide us through its journey