ഭൂകമ്പത്തിലെ മരണസംഖ്യ 2000 കടന്നതായി വിവരം
മൊറോക്കോയെ തകര്‍ത്ത ഭൂകമ്പത്തില്‍ മരണം രണ്ടായിരം കടന്നതായി വിവരം. ന്യൂയോര്‍ക്ക് ടൈംസ്, ഗാര്‍ഡിയന്‍, റോയിട്ടേഴ്‌സ് തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മരണക്കണക്കാണിത്. 2012 എന്നാണ് മൊറോക്കോ ആഭ്യന്തരര മന്ത്രാലയത്തെ ഉദ്ധരിച്ച് പറയുന്ന കണക്ക്. ഏതാണ്ട് ഇത്രത്തോളം മനുഷ്യര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നത് 1,400-ല്‍ അധികം പേര്‍ക്ക് ഗുരുതമായ പരിക്കാണുള്ളതെന്നാണ്.
മുഹമ്മദ് ആറാമന്‍ രാജാവ് മൂന്നു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിരിക്കുന്ന രാജ്യത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഐക്യരാഷ്ട്ര സഭയും ഫ്രാന്‍സ്, സ്‌പെയിന്‍, ഇസ്രായേല്‍, തുര്‍ക്കി തുടങ്ങി രാജ്യങ്ങളും അന്താരാഷ്ട്ര സമൂഹം സര്‍വ്വപിന്തുണയുമായി ആഫ്രിക്കന്‍ രാജ്യത്തിനൊപ്പമുണ്ട്. സമീപ വര്‍ഷങ്ങളായി മൊറോക്കയുമായി ശത്രുതയിലായിരുന്ന അള്‍ജീരിയ, ദുരന്തസമയത്ത് തങ്ങളുടെ അയല്‍ക്കാര്‍ക്ക് വേണ്ടി സഹായഹസ്തവുമായി രംഗത്തുണ്ട്. മൊറോക്കയിലേക്കുള്ള യാത്രയ്ക്കായി തങ്ങളുടെ ആകാശമാര്‍ഗം അവര്‍ തുറന്നിട്ടിരിക്കുകയാണിപ്പോള്‍.
അതേസമയം ദുരന്തഭൂമിയിലെ ജനങ്ങള്‍ തികഞ്ഞ ഭയപ്പാടിലാണ്. ശേഷിക്കുന്ന താമസയിടങ്ങളിലേക്ക് തിരിച്ചു പോകാന്‍ അവര്‍ക്ക് പേടിയാണ്. തുറസായ സ്ഥലങ്ങളില്‍ തങ്ങുകയാണ് ആയിരങ്ങള്‍.
വെള്ളിയാഴ്ച്ച രാത്രി 11 മണിയോടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 6.8 രേഖപ്പെടുത്തിയ ശക്തമായ ഭൂമി കുലക്കം മൊറോക്കയിലെ നാലാമത്തെ വലിയ നഗരമായ മാറക്കേഷിലും മറ്റ് പല നഗരങ്ങളിലുമായി ഉണ്ടായത്. വിദൂര പര്‍വ്വതപ്രദേശങ്ങളിലെ ഗ്രാമങ്ങള്‍ ഭൂകമ്പത്തില്‍ പൂര്‍ണമായി തകര്‍ന്നുപോയെന്നാണ് വിവരം. യുനെസ്‌കോയുടെ ലോക പൈതൃക പദവി പേറുന്ന പുരാതന നഗരമായ മാറക്കേഷിന്റെ തെക്കു പടിഞ്ഞാറ് ഭാഗത്തായി 71 കിലോമീറ്റര്‍ അകലെയുള്ള ഹൈ അറ്റ്‌ലസ് പര്‍വ്വത മേഖലകളിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഈ ദുര്‍ഘട പര്‍വത മേഖലയിലുള്ള ഗ്രാമങ്ങളിലെ വീടകളെല്ലാം തകര്‍ന്നു പോയതായാണ് റിപ്പോര്‍ട്ട്. ചെളിമണ്ണും കട്ടകളും തടികളും കൊണ്ട് നിര്‍മിച്ചിരിക്കുന്ന സാധാരണ വീടുകളാണ് ഇവിടെ ബഹുഭൂരിപക്ഷവും. നിര്‍ഭാഗ്യകരമായ കാര്യം, ഈ മേഖലകളിലേക്ക് എത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സാധിക്കുന്നില്ല. ദുരന്ത വ്യാപ്തി വര്‍ദ്ധിക്കാന്‍ ഇത്തരം പ്രതിസന്ധികള്‍ കാരണമാകുന്നുണ്ട്.
ആറ് പതിറ്റാണ്ടിന് ശേഷം രാജ്യം കാണുന്ന ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് മൊറോക്കയില്‍ ഉണ്ടായിരിക്കുന്നത്. ഹൈ അറ്റ്‌ലസ് പര്‍വത മേഖലയിലും മാറക്കാഷ് നഗരത്തിനും സമീപ നഗര പ്രദേശങ്ങള്‍ക്കും പുറമെ, അവിടെ നിന്നും 350 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന തലസ്ഥാനമായ റബാറ്റിലും, ക്ലാസബാങ്ക, അഗഡിര്‍, എസ്സൗയുറിയ എന്നിവിടങ്ങളിലും ഭൂകമ്പം ഉണ്ടായിട്ടുണ്ട്.
1960-ല്‍ അഗഡിറിനെ തരിപ്പണമാക്കിക്കൊണ്ട് റിക്ടര്‍ സ്‌കെയിലില്‍ 6.7 രേഖപ്പെടുത്തിയ ഭൂകമ്പത്തിന് ശേഷം മൊറോക്കയെ തകര്‍ത്ത ദുരന്തമാണ് ഇപ്പോഴത്തേത്. അന്ന് 12,000 മനുഷ്യജീവനുകളാണ് നഷ്ടപ്പെട്ടത്. ഒരു നൂറ്റാണ്ടിനുശേഷം മൊറോക്കോയില്‍ ഉണ്ടായിരിക്കുന്ന ഏറ്റവും ശക്തമായ ഭൂകമ്പമാണ് വെള്ളിയാഴ്ച്ചത്തേത്.
അല്‍ ഹഔസ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നാണ് ആഭ്യന്തര മന്ത്രാലയം പറയുന്നത്. മരണ നിരക്കില്‍ തൊട്ടു പിന്നിലുള്ളത് ടറൗഡന്റ് പ്രവിശ്യയാണ്. ലോക സഞ്ചാരികളെത്തുന്ന സംരക്ഷിത പുരാതന നഗരമായ മാറക്കാഷിന് ഭകമ്പത്തില്‍ സാരമായ തകര്‍ച്ച നേരിട്ടിട്ടുണ്ടെങ്കിലും മരണ നിരക്ക് താരതമ്യേന കുറവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ശനിയാഴ്ച്ചയും ഞായറാഴ്ച്ചയുമായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മലമ്പ്രദേശങ്ങളിലേക്ക് എത്താനാണ് രക്ഷാപ്രവര്‍ത്തകര്‍ ഏറെ കഷ്ടപ്പെടുന്നത്. ഉണ്ടായിരുന്ന റോഡുകളും വഴികളും തകര്‍ന്നു. വലിയ പാറക്കെട്ടുകളും മുകളിലേക്ക് എത്താനുള്ള ശ്രമങ്ങള്‍ക്ക് തടസമായിരിക്കുന്നു. തകര്‍ന്ന പ്രദേശങ്ങളില്‍ നിന്നും മൃതദേഹങ്ങള്‍ തുടര്‍ച്ചയായി കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. ബിബിസിയുടെ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്, അവരുടെ റിപ്പോര്‍ട്ടര്‍ ഭൂകമ്പമുണ്ടായ ഒരു ഗ്രാമത്തില്‍ എത്തിയപ്പോള്‍ കണ്ടത് 18 മൃതദേഹങ്ങള്‍ക്ക് സമീപമിരുന്ന് കരയുന്ന ഒരു വൃദ്ധയെ ആയിരുന്നുവെന്നാണ്. ഇനിയും ഭകമ്പം ഉണ്ടായേക്കാമെന്ന ഭീതിയിലാണ് ജനങ്ങള്‍. അതുകൊണ്ടവര്‍ വീടുകളിലേക്ക് പോകുന്നില്ല. അതിനൊപ്പമാണ് ഭക്ഷണവും വെള്ളവും കിട്ടാനുള്ള ബുദ്ധിമുട്ടും അവരെ വലയ്ക്കുന്നത്.
റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ ദുരന്തബാധിതമായ മൗലേ ബ്രാഹിം ഗ്രാമത്തിലെ അവസ്ഥ പറയുന്നുണ്ട്. മാറക്കാഷിന്റെ തെക്കായി 40 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലെ കെട്ടിടാവശിഷ്ടങ്ങളില്‍ നിന്നും ജനങ്ങള്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കൈകൊണ്ട് കുഴിച്ചു നോക്കുകയായിരുന്നു. ‘ഞങ്ങള്‍ക്ക് വീടുകളും പ്രിയപ്പെട്ടവരെയും നഷ്ടമായി. രണ്ടു ദിവസമായി പുറത്താണ് ഉറങ്ങുന്നത്. ഭക്ഷണമോ വെള്ളമോ വൈദ്യുതിയോ ഇല്ല. സര്‍ക്കാര്‍ കുറച്ചെങ്കിലും ഞങ്ങളെ സഹായിക്കണം’ എന്നാണ് 36 കാരന്‍ യാസിന്‍ നൗംഗര്‍ നിരാശയോടെ പറയുന്നത്. അയാളുടെ വാക്കുകളിലുള്ള നിരാശയില്‍ അവിടെയുള്ള മറ്റുള്ളവരുടെയും പ്രതിഷേധം നിഴലിക്കുന്നുണ്ടെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടര്‍ പറയുന്നത്. പരിക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കാനുള്ള അത്യാവശ്യ മരുന്നുകളുടെയും മറ്റ് സജ്ജീകരണങ്ങളുടെയും ദൗര്‍ലഭ്യതയും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.