11 കോടി രൂപയുടെ ബ്ലൂഫിൻ ട്യൂണ മത്സ്യമാണ് ജപ്പാനിലെ ടോക്കിയോ നഗരത്തിൽ വച്ച് നടന്ന ലേലത്തിൽ വിറ്റുപോയത്. ജപ്പാനിൽ വർഷങ്ങളായി നടന്നുവരുന്ന ജനപ്രീതിയാർജിച്ച ഒരു പുതുവത്സര ആഘോഷമാണ് ഈ ലേലം. ജാപ്പനീസ് സുഷി ശൃംഖലയായ ഒനോഡെറ ഗ്രൂപ്പാണ് 11 കോടി രൂപ മുടക്കി മത്സ്യത്തെ സ്വന്തമാക്കിയത്. 276 കിലോഗ്രാം ഭാരമുള്ള ഈ ട്യൂണയ്ക്ക് ഏകദേശം ഒരു മോട്ടോർ ബൈക്കിന്റെ ഭാരമുണ്ടായിരുന്നു. ഈ ആഘോഷത്തിൽ 1999ലാണ് ഇത്രയും ഭാരമുള്ള മത്സ്യത്തെ അവസാനമായി ലഭിച്ചിട്ടുള്ളത്.
തുടർച്ചയായ അഞ്ചാം വർഷവും ഇതേ ലേലക്കാർ തന്നെ ഏറ്റവും കൂടുതൽ പണം നേടി മാധ്യമ ശ്രദ്ധ ആകർഷിച്ചിരുന്നു. ‘ആദ്യം ലഭിക്കുന്ന ട്യൂണ ഭാഗ്യത്തിന്റെ പ്രതീകമാണ്’, ഒനോഡെറ ഉദ്യോഗസ്ഥനായ ഷിൻജി നഗാവോ ലേലത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ആളുകളിത് ആഘോഷിക്കുകയും അവരുടെ വർഷം നല്ലതാവുമെന്ന് പ്രതീക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം 6 കോടിയിലധികം രൂപയാണ് ലേലത്തിൽ ലഭിച്ചത്.
2019ലാണ് ഇതിനുമുൻപ് ബ്ലൂഫിൻ ട്യൂണക്ക് ഇത്രയധികം പണം ലഭിച്ചത്. 278 കിലോഗ്രാം വലിപ്പമുള്ള മത്സ്യത്തിന് 18 കോടിയിലധികം രൂപയാണ് ലഭിച്ചത്. വേൾഡ് വൈൽഡ് ലൈഫ് ഫണ്ടിന്റെ കണക്കുകൾ പ്രകാരം ട്യൂണയുടെ ഏറ്റവും വലുതും വിലക്കൂടിയതുമായ വിഭാഗമായ ബ്ലൂഫിന്റെ ആയുർദൈർഘ്യം 40 വർഷം വരെയാണ്. അറ്റ്‌ലാന്റിക്, പസഫിക, സൗതേൺ എന്നിങ്ങനെ മൂന്ന് തരം ബ്ലൂഫിനുകളാണുള്ളത്. അറ്റ്‌ലാന്റിക് ബ്ലൂഫിൻ ട്യൂണയാണ് ഇവയിൽ ഏറ്റവും വലുതും വംശനാശഭീഷണി നേരിടുന്നതുമായ മത്സ്യം.
content summary; Motorbike-sized tuna sells for record Rs 11 crore at Tokyo auction