ഉച്ചിക്ക് മറുകുള്ള നാണപ്പന്‍ പുറപ്പെട്ട് പോയിട്ട് കാല്‍നൂറ്റാണ്ട്…

എം.പി. നാരായണ പിള്ളയെന്ന നാണപ്പന്‍ ഓര്‍മ്മയായായിട്ട് 26 വര്‍ഷം .

ബോബെയില്‍, അഥവാ മുബൈയില്‍, ബോറിവ്ലി ഗ്രാമത്തില്‍ ഒരു കുട്ടിച്ചാത്തനുണ്ടായിരുന്നു. ശാന്തി ആശ്രമത്തിന് മുന്നില്‍ മാന്തോപ്പുകളുടെ ഇടയിലായിരുന്നു താമസിച്ചിരുന്നത്. താമസിച്ചിരുന്നു എന്ന് പറയുന്നത് ശരിയല്ല, അവിടെ തറച്ചിട്ടിരിക്കുകയായിരുന്നു അതും തന്നെത്താന്‍.

സ്വയം ബന്ധനസ്ഥനായി ചാത്തന്‍ അവിടെ കഴിഞ്ഞ കഥ ബോറിവ്ലിയിലെ പഴമക്കാര്‍ക്ക് അറിയില്ല. പുതുമക്കാര്‍ക്കും. പക്ഷേ, കേരളത്തിലെ അക്ഷരമറിയുന്ന സുരന്മാര്‍ക്ക് അറിയാമായിരുന്നു. തൊണ്ണൂറ്റൊമ്പതിലെ വെളളപ്പൊക്കത്തിനും ഒരു പാട് കഴിഞ്ഞ്, എഴുപത്തഞ്ചിലെ അടിയന്തരാവസ്ഥക്കിടയിലേക്ക് നാട്ടിലെങ്ങും ചിന്താക്ഷാമവും അക്ഷരവറുതിയും. ചാത്തന്‍ ഒരോ കുസൃതിയുമായിറങ്ങി.’

ഉച്ചിക്ക് മറുകുള്ളവന്റെ ഉപനിഷത്ത്.

വിജു.വി.നായര്‍.

ഇത്തരമൊരു കുസൃതിയായിരുന്നു എം.പി.നാരായണ പിള്ളയെഴുതിയ ഡല്‍ഹി, മഥുരാ റോഡിലെ ലിങ്ക് ഹൗസിലെ കാന്റിനിന്റെ കഥ, ബി.ആര്‍.പി. ഭാസ്‌ക്കറെക്കുറിച്ചെഴുതിയ കുറിപ്പ്. 60 കളുടെ അവസാനം, ഏറെ ശ്രദ്ധേയമായ ഇടതുപക്ഷ പ്രസിദ്ധികരണങ്ങളായ ‘ലിങ്ക് ‘ വാരികയും, പേട്രിയറ്റ് ഇംഗ്ലീഷ് ദിനപത്രവും ഇറങ്ങിയിരുന്ന ബഹദൂര്‍ഷാ സഫര്‍ മാര്‍ഗിലെ ബഹുനില കെട്ടിട സമുച്ചയമായ ലിങ്ക് ഹൗസിന്റെ മൂന്നാം നിലയില്‍ ഒരു കാന്റിനുണ്ടായിരുന്നു.കുഞ്ഞിരാമന്‍ എന്നൊരാളായിരുന്നു അത് നടത്തിയിരുന്നത്. രുചിയുള്ള ഭക്ഷണം കൊടുക്കാനുള്ള, കുഞ്ഞിരാമന്റെ കഴിവ് ലിങ്ക് ഹൗസിലുള്ളവരെ, മാത്രമല്ല, തൊട്ടടുത്തുള്ള, പത്രസ്ഥാപനങ്ങളിലുളളവരെപ്പോലും ആകര്‍ഷിച്ചു. ടൈംസ് ഓഫ് ഇന്ത്യയടക്കം ആറോളം പത്ര സ്ഥാപനങ്ങളുള്ള വീഥിയാണ് ബഹദൂര്‍ഷാ സഫര്‍മാര്‍ഗ്. അവിടെയുള്ളവരെല്ലാം കുഞ്ഞിരാമന്റെ കാന്റീന്റെ ആരാധകരായി.

ലിങ്ക് ഹൗസ്‌

കച്ചവടം പൊടിപൊടിച്ചു. ചുരുക്കിപ്പറഞ്ഞാല്‍ , ലിങ്ക് ഹൗസില്‍ നിന്ന് ഇറങ്ങുന്ന പേട്രിയറ്റ് പത്രത്തെക്കാള്‍ ലാഭമായി, കുഞ്ഞിരാമന്റെ കച്ചവടം. അങ്ങനെ, കാന്റീന്‍ നല്ല രീതിയില്‍ ലാഭത്തില്‍ മുന്നോട്ട് പോയിക്കൊണ്ടിരുന്ന സമയം. ഒരു നാള്‍ സന്ധ്യക്ക് ലിങ്ക് ഹൗസിന്റെ സര്‍വ്വാധികാരിയായ എഡിറ്റര്‍, എടത്തട്ട നാരായണന്‍ കാന്റീനില്‍ കയറി വരുന്നു. ഈ അപൂര്‍വ്വ സന്ദര്‍ശനത്തില്‍, കുഞ്ഞിരാമന്‍ ഞെട്ടി. എടത്തട്ട കാന്റീന്‍ മൊത്തമൊന്നു നടന്നു നോക്കി. പലഹാരങ്ങള്‍ വെച്ചിട്ടുള്ള, കണ്ണാടി അലമാരയില്‍ നിന്ന് ഒരു ഉഴുന്നു വടയെടുത്ത്, മണത്തു നോക്കി. പിന്നെ അത് രണ്ടായി പകുത്തു. നൂലുകള്‍ പാകുന്നു. അത് തിരികെ വെച്ചു. ഇതൊക്കെ കണ്ട് നിന്ന കുഞ്ഞിരാമന്‍ ഭവ്യതയോടെ ചോദിച്ചു.

‘ ഒരു ചായ എടുക്കട്ടെ ?’

‘ വേണ്ട ‘എടത്തട്ട ‘ പറഞ്ഞു.

‘കച്ചവടമൊക്കെ എങ്ങനെ ? ‘ ചോദിച്ചു.

”തെറ്റില്ല’ കുഞ്ഞിരാമന്‍ പറഞ്ഞു.

ലാഭമുണ്ടാകുന്നുണ്ടോ ?

ലാഭമുണ്ട്.

നല്ല വില്‍പ്പനയാണോ?

നല്ല വില്‍പ്പനയാണ്.

ഒരക്ഷരം പറയാതെ മിതഭാഷിയായ എടത്തട്ട തിരിച്ചു പോയി.

അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കുഞ്ഞിരാമന് പത്രാധിപരുടെ സെക്രട്ടറിയുടെ സന്ദേശം കുഞ്ഞിരാമന്,

ഉടനെ പോയി പത്രാധിപരെ കാണാന്‍.

കുഞ്ഞിരാമന്‍ പരിഭ്രമിച്ചു. പത്രമോഫീസില്‍ തിരക്കേറുന്ന ഈ സമയത്ത്, കാന്റീന്‍ നടത്തുന്ന, തന്നെ, പത്രാധിപര്‍ കാണണമെങ്കില്‍ തക്കതായ കാര്യം കാണും.

ക്യാബിനിലെത്തിയ കുഞ്ഞിരാമനോട് ഇരിക്കാന്‍ പറഞ്ഞ എടത്തട്ട ഒരു നിമിഷം കുഞ്ഞിരാമനെ സൂക്ഷിച്ചുനോക്കി. എന്നിട്ട് പറഞ്ഞു.’ കുഞ്ഞിരാമാ, നാളെ മുതല്‍ നമ്മുടെ സര്‍ക്കുലേഷന്‍ മാനേജര്‍ താനാണ്. കാലത്ത് പത്ത് മണിക്ക് വന്ന് അപ്പോയ്‌മെന്റ് ലെറ്റര്‍ ഒപ്പിട്ട് വാങ്ങിക്കൊള്ളുക.’
കുഞ്ഞിരാമന്‍ പരിഭ്രമിച്ചു. സര്‍ക്കുലേഷന്‍ എന്താണെന്നൊന്നും അറിയില്ല. ഇനി പത്രാധിപര്‍ തമാശ പറഞ്ഞതാണോ ?

അത്തരം ചെറിയ തമാശ പറയുന്നൊരാളല്ല എടത്തട്ട. അക്കാലത്തെ ഡല്‍ഹിയിലെ , വിശിഷ്ട വ്യക്തി. ആഴ്ചയിലൊരിക്കല്‍ പ്രധാനമന്ത്രി നെഹറുവിനെ മുടങ്ങാതെ കണ്ടിരുന്നയാള്‍.

കുഞ്ഞിരാമന്‍ പറഞ്ഞു’ സര്‍ക്കുലേഷനെ കുറിച്ച് എനിക്കൊന്നുമറിഞ്ഞു കൂടാ. ഞാന്‍ എങ്ങും മാനേജറായിരുന്നിട്ടില്ല.’

‘അറിയേണ്ട,’ എടത്തട്ട .പറഞ്ഞു. കുഞ്ഞിരാമാ, വളിച്ച് നൂലു പാകിയ ഉഴുന്നു വട വിറ്റിട്ടും താന്‍ ധാരാളം കച്ചവടം ചെയ്യുന്നു. കാന്റീന്‍ ലാഭകരമായി നടത്തുന്നു. ഇത്തരം ഉഴുന്നു വട വിറ്റ് ലാഭമുണ്ടാക്കുന്ന ഒരാള്‍ക്ക് നമ്മുടെ പത്രം വിറ്റും ലാഭമുണ്ടാക്കാന്‍ പറ്റും. സര്‍ക്കുലേഷനില്‍ അറിയാന്‍ പാടില്ലാത്തത് പറഞ്ഞു തരാന്‍ ധാരാളമാളുകളുണ്ട്.’ ശരി.

എടത്തട്ട നാരായണന്‍

അങ്ങനെ, കാന്റീന്‍ നടത്തിയിരുന്ന കുഞ്ഞിരാമന്‍ ഉദ്യോഗക്കയറ്റം കിട്ടി പിറ്റെന്ന് മുതല്‍ പേട്രിയറ്റ് ഇംഗ്ലീഷ് ദിനപത്രത്തിന്റെ സര്‍ക്കുലേഷന്‍ മാനേജറായി. വര്‍ഷങ്ങള്‍ക്ക് ശേഷം കുഞ്ഞിരാമന്‍ ആ സ്ഥാപനത്തിലെഎറ്റവും മികച്ച സര്‍ക്കുലേഷന്‍ മാനേജര്‍ എന്ന സല്‍പ്പേരുമായാണ് വിരമിച്ചത്.

ഒരു പത്രത്തിന്റെ എഡിറ്റര്‍, കാന്റീന്‍ നടത്തിപ്പുകാരനെ പിടിച്ച് സര്‍ക്കുലേഷന്‍ മാനേജറാക്കുകയെന്ന ഈ വിചിത്ര സംഭവം നാണപ്പന്‍ മനോഹരമായി എഴുതിയത്, പേട്രിയറ്റില്‍ അന്ന് അസിസ്റ്റന്റ് എഡിറ്ററായ ബി. ആര്‍.പി.ഭാസ്‌കറെ കുറിച്ചുള്ള കുറിപ്പിലായിരുന്നു. എന്നാല്‍ ഒരു സാധാരണ സംഭവം നാരായണ പിള്ള ശൈലിയില്‍ അസാധാരണമാക്കി മാറ്റിയതായിരുന്നു ഈ ലേഖനം. ആ സംഭവത്തിനു പിന്നിലെ യഥാര്‍ത്ഥ പൊരുള്‍ ഇങ്ങനെ.

അറുപതുകളുടെ, മദ്ധ്യത്തില്‍ ലിങ്ക് ഹൗസ് നില്‍ക്കുന്ന, ബഹദൂര്‍ഷാ സഫര്‍മാര്‍ഗ് പിന്നീട് ഡല്‍ഹിയിലെ ഏറ്റവും വിലപിടിപ്പുള്ള, വാണിജ്യ കേന്ദ്രമായി മാറി. സ്ഥലവിലയും, വാടകയും പത്തിരട്ടിയായ് വര്‍ദ്ധിച്ചു. ഇത്രയും മൂല്യമുള്ള, ലിങ്ക് ഹൗസിലെ മൂന്നാം നിലയിലെ ഒരു ഭാഗം കാന്റീന്‍ നടത്താന്‍ കൊടുത്തത് വലിയൊരു അബദ്ധമാണെന്ന് അപ്പോഴാണ് എടത്തട്ട മനസിലാക്കിയത്. അതിനാല്‍ അത് മാറ്റി, ആ ഭാഗം വാടകക്ക് കൊടുത്താല്‍ നല്ല വാടക ലഭിക്കും. ലിങ്ക് ഹൗസിലെ മുറികളുടെ വാടക ഉപയോഗിച്ചാണ് പ്രസിദ്ധീകരണങ്ങള്‍ മുന്നോട്ട് പോയിരുന്നത്. അതിനാല്‍ കാന്റീന്‍ അവിടെ നിന്ന് മാറ്റണം. പക്ഷേ, തുടക്കം മുതലേ, ആ സ്ഥാപനത്തില്‍ ഉണ്ടായിരുന്ന കുഞ്ഞിരാമനെയും അയാളുടെ കാന്റിനേയും പരിക്കേല്‍പ്പിക്കാതെ വേണം അത് സാധിക്കാന്‍. അതിന് എടത്തട്ട കണ്ട വഴിയായിരുന്നു കുഞ്ഞിരാമനെ സര്‍ക്കുലഷന്‍ മാനേജറാക്കുക. ഏതായാലും. രണ്ട് തീരുമാനവും വിജയകരമായിരുന്നു.

ഈയൊരു കണ്ണി ഒഴിവാക്കി നാണപ്പനെഴുതിയതായിരുന്നു’ ലിങ്ക് ഹൗസ്, മഥുരാ റോഡിലെ ലിങ്ക് ഹൗസിലെ എടത്തട്ട നാരായണന്‍ എന്ന ചരിത്ര പുരുഷന്‍ കാന്റീന്‍കാരനെ സര്‍ക്കുലേഷന്‍ മാനേജറാക്കിയ വിചിത്രമായ കഥ.

എഴുതുന്നതെല്ലാം ഒരു കഥയാക്കി മാറ്റുന്ന, എഴുതുന്നതിലെ നാടകീയത ശൈലിയാക്കി മാറ്റി ഇത്തരം കുറിപ്പുകളിലൂടെ എം.പി നാരായണ പിള്ള വായനക്കാരെ എന്നും രസിപ്പിച്ചിരുന്നു. ആദ്യം കലാകൗമുദിയിലും, പിന്നിട് സമകാലീന മലയാളം വാരികയിലും അവസാനം വരെ നിലനിറുത്തിയിരുന്ന ഒരു പേജ് കുറിപ്പ് ഇതേ ശൈലിയിലായിരുന്നു. വായനക്കാരനോട് ലളിതമായി സംസാരിക്കുന്ന ഭാഷയിലെഴുതിയ ചിന്തിപ്പിക്കുന്ന, വേറിട്ട കുറിപ്പുകള്‍.

നാണപ്പന്‍ എന്ന എം.പി.നാരായണ പിള്ള ഓര്‍മ്മയായിട്ട് കാല്‍ നൂറ്റാണ്ട് പിന്നിട്ടു. 26 കൊല്ലം മുന്‍പ്, നാണപ്പന്‍ , മെയ് 19ന് ബോംബെയിലെ ബോറിവ്ലിയില്‍ കഥാവിശേഷനായപ്പോള്‍ മലയാള വായനക്കാര്‍ക്ക് നഷ്ടമായത് വ്യത്യസ്തമായി ചിന്തിക്കുന്ന ഒരു എഴുത്തുകാരനെയാണ്. എഴുത്തിലൂടെ വായനക്കാര്‍ക്ക് എം.പി.നാരായണ പിളള നല്‍കിയ സ്ഥലജല വിഭ്രാന്തി പിന്നീട് നല്‍കാന്‍ മലയാളത്തിലെ ഒരു പങ്തികാരനും സാധിച്ചിട്ടില്ല.

എം പി നാരായണ പിള്ള

സ്ഥലജലഭ്രാന്തിയുണര്‍ത്തുന്ന ഒരു കഥയായിരുന്നു എ.പി. നാരായണ പിളള എന്ന മനുഷ്യച്ചാത്തന്‍. ഒരേ സമയം മനുഷ്യനും ചാത്തനുമായ അപൂര്‍വ ജന്മം. ഇതേലേതെന്ന് കണിശമായി ഇഴപിരിച്ചറിയാന്‍ ജോത്സ്യന്റെ സഹായം വേണ്ടി വരുന്ന വിചിത്രാനുഭവം.

80കളില്‍ കലാകൗമുദിയിലുടെയും പിന്നീട് മലയാളം വാരികയിലൂടേയും ഏഴുതിയിരുന്ന എം.പി. നാരായണപിളള ശൈലി, ഒരു തരം ചാത്തനേറു തന്നെയായിരുന്നു. കരുണാകരനായാലും നായനാരായും ഒരേ ഏറ്. ആനുകാലിക സംസ്‌കാരിക രാഷ്ട്രീയസംഭവങ്ങള്‍ക്കെതിരെ എഴുത്തുകാരന്‍ വലതും ഇടതും നിന്ന് പ്രതികരിക്കുമ്പോള്‍. നാണപ്പന്‍ നിക്ഷ്പക്ഷനായി അവരില്‍ നിന്ന് വേറിട്ടു നിന്നു. ആ നിലപാടായിരുന്നു അദ്ദേഹത്തിലെ ലേഖനങ്ങളടെ പ്രത്യേകതയും ശക്തിയും.

മദ്യരാജാവായ മണര്‍ക്കാട് പാപ്പന്‍ തൊട്ട് ബില്ലഗേറ്റ്‌സിനെ കുറിച്ച് വരെ എം.പി. നാരായണ പിളള എഴുതി.

ഇന്ത്യ സന്ദശിച്ച ബില്‍ ഗേറ്റ്‌സ് ഹിന്ദിയില്‍ വേണമെങ്കില്‍ വിന്‍ഡോസ് ഉണ്ടാക്കി തരാമെന്ന് വീമ്പടിച്ചു. പ്രദേശിക ഭാഷകളില്‍ ഇത് നിസ്സാരമാണെന്ന് സൂചിപ്പിക്കുകയായിരുന്നു ബില്‍ ഗേറ്റ്‌സ്.
ഇതേകുറിച്ച് നാണപ്പന്‍ എഴുതി, പ്രോഗ്രാമിങ്ങ് നന്നായി അറിയാവുന്ന ഒരാളെയിട്ടാല്‍ 25000 രൂപക്ക് മലയാളത്തില്‍ വിന്‍ഡോസ് ഉണ്ടാക്കാം. ആ സോഫ്റ്റ് വെയറാണ് സര്‍ക്കാരിന്റെ സ്റ്റാന്‍ഡേഡ് മലയാളം ഭാഷയെന്ന് തീരുമാനിക്കുക. അതായത് സര്‍ക്കാരിന്റെ മലയാളം ഈ ലിപിയാണെന്ന് അംഗീകരിക്കുക. ഈ സോഫ്റ്റ്‌വെയര്‍ താലൂക്കോഫിസുകളില്‍ നിന്ന് സൗജ്യമായി ഡൌണ്‌ലോഡ് ചെയ്യാമെന്നും പ്രഖ്യാപിക്കുക. അങ്ങനെ വരുമ്പോള്‍ ഭൂരിപക്ഷം പേരും ഉപയോഗിക്കുക ഈ മലയാളമായിരിക്കും. കാരണം വെറെ ലിപി ഉപയോഗിച്ചാല്‍ നടക്കില്ല. അരിയെത്രയെന്ന് അടിച്ചാല്‍ പയറഞ്ഞാഴിയെന്നായിരിക്കും സര്‍ക്കാര്‍ കമ്പ്യൂട്ടറുകളില്‍ വരുക. അങ്ങനെ മലയാളികളുടെ കമ്പ്യൂട്ടര്‍ നിലവാരം നിശ്ചയിക്കുന്നത് കേരള സര്‍ക്കാരാവും. അമിതമായ പ്രചാരത്തിലൂടെ നിലവാരം നിശ്ചയിക്കുകയെന്ന ഒറ്റ മത്സരത്തിന്റെ ഫലത്തിലാണ് കമ്പ്യൂട്ടര്‍ മേഖലയിലെ വിജയം. അതോടെ ബില്‍ ഗേറ്റ്‌സ് ഔട്ട്. അത് കൊണ്ട് ഈ വിഷയത്തില്‍ ബില്‍ ഗേറ്റ്‌സിന്റെ വീമ്പടി മലയാളികള്‍ കണക്കിലെടുക്കേണ്ട എന്നായിരുന്നു ഈ ലളിതമായി ലേഖനത്തിലൂടെ നാണപ്പന്‍ വ്യക്തമാക്കിയത്. മലയാള ഭാഷ നമുക്കുളളതാണ് അത് സായിപ്പിന് കളിക്കാനുളളതല്ല എന്നായിരുന്നു നാരായണ പിളളയുടെ വാദം.

ഒരു പുതുവര്‍ഷാരഭംത്തില്‍, എന്തുകൊണ്ട് എനിക്കും ഒരു ഡയറി എഴുതിക്കൂടാ? എം.പി. നാരായണ പിള്ള ചിന്തിച്ചു.

ജെയിന്‍-ഹവാല കേസിലെ സി.ബി.ഐ പിടിച്ചെടുത്ത ഡയറി വിവാദമായി മാധ്യമങ്ങളില്‍ നിറഞ്ഞ കാലം. ഹവാല ഇടപാട് ഡയറിയില്‍ പണം വാങ്ങിയതായി സൂചിപ്പിച്ച മന്ത്രി -രാഷ്ട്രീയക്കാര്‍ രാജി വെച്ചതായിരുന്നു നാണപ്പന് പ്രചോദനം.

നാണപ്പന്‍ തന്റെ പങ്തിയില്‍ എഴുതി. ”ഇന്നു കാലത്ത് 11 മണിക്ക് എഴുന്നേറ്റു, ഇതു ശരിയല്ല. മനുഷ്യരായാല്‍ 10 മണിക്കെങ്കിലും എണീക്കണം.” തുടങ്ങിയ ആത്മനിന്ദയുടെ ഡയലോഗ് എത്ര ദിവസം തുടരാന്‍ പറ്റും?

പിന്നെ ടി ഡയറി പൊതുസ്വത്തായി മാറും. എല്ലാവരും അതില്‍ എഴുത്ത് ആരംഭിക്കും. തിരിച്ചു വിളിക്കണമെന്നു പറയുന്നവരുടെ ഫോണ്‍ നമ്പരുകള്‍! ‘ ചായപ്പൊടി തീര്‍ന്നു, അരി തീര്‍ന്നു” തുടങ്ങിയ അടിയന്തരസ്വഭാവമുള്ള സന്ദേശങ്ങള്‍ മുതാലയവകൊണ്ടു ഡയറി നിറയുന്നു. അടുത്ത പുരോഗതി തുണിയുമായിട്ട് അലക്കുകാരന്‍ വരുമ്പോള്‍ കൊടുക്കാനുള്ള കാശ്, അപരിചിതര്‍
അയയ്ക്കുന്ന കല്യാണക്കത്തുകള്‍ മുതലായ സാധനങ്ങള്‍ സൂക്ഷിക്കാനുള്ള സ്റ്റോറേജ് ആയിട്ട് ഡയറി മാറുന്നതാണ്.

ഈ വര്‍ഷം ഇതൊക്കെ ഞാന്‍ ഒറ്റയടിക്ക് അവസാനിപ്പിച്ചു. എസ്.എസ്. എല്‍.സി സര്‍ട്ടിഫിക്കറ്റ് പോലുള്ള അതിപ്രധാനമായ രേഖകള്‍ക്കൊപ്പം സൂക്ഷിക്കുന്ന സാധനമാക്കി ഈ ഡയറിയെ മാറ്റി.

അടുത്ത ദിവസം പത്രത്തിലെ ”ഇന്നത്തെ പരിപാടികള്‍” എന്ന പംക്തിയില്‍ മഹാകവി ഒ.എന്‍.വി. കുറുപ്പിനു സ്വീകരണം എന്നൊരു വാര്‍ത്ത വായിച്ചാല്‍ ഉടനേ ഡയറിയില്‍ എഴുതും.
ഒ.എന്‍.വി= 5,000.

എന്റെ ഡയറിയില്‍ വരാനിരിക്കുന്ന കുറെ കണക്കുകള്‍ താഴെ കൊടുക്കുന്നു.

വി.എസ്.എ = 20,000 കെ.കെ . 50,000 എം.വി.ആര്‍ = 43,000 ഇ.കെ.എന്‍ = 21,000 കെ.എം.എം = 14000 .പി.കെ.വി = 12,000.

വി.എസ്. അച്യുതാനന്ദന്‍ , കെ.കരുണാകരന്‍, ഇ.കെ. നായനാര്‍, എം.വി. രാഘവന്‍, പി.കെ. വാസുദേവന്‍ നായര്‍ എന്നിവരുടെ കോഡ് ആണ് ഇതൊക്കെ.

സി.ബി.ഐ എന്റെ വീട് റെയ്ഡു ചെയ്യുന്ന ഒരു നിലവാരത്തിലേക്ക് എന്നെങ്കിലും ഞാനുയരില്ലെന്ന് ആരു കണ്ടു? ആ സമയത്ത് അവര്‍ ഈ ഇനിഷ്യലുകളുടെയൊക്കെ കോഡ് പൊട്ടിച്ച് യഥാര്‍ത്ഥ അഴിമതിക്കാരെ കണ്ടു പിടിക്കില്ലെ.?

കോടികളുടെ അഴിമതിയായ ഹവാല കേസിന്റെ പ്രധാന തെളിവ് ഒരു ഡയറിയാണെന്ന് സ്ഥാപിച്ച് അതിന്റെ പിന്നാലെ പായുന്ന ഇന്ത്യയിലെ ഏറ്റവും വലിയ അന്വേഷണ ഏജന്‍സിയായ സി. ബി. ഐ യുടെ നിരര്‍ത്ഥകതയേയും, അത് ഊതിപ്പെരുപ്പിക്കുന്ന ദിനപത്രങ്ങളേയും ഒന്നു പരിഹസിച്ചതായിരുന്നു നാണപ്പന്റെ ഈ ഡയറി വിശേഷം.

ഒരിക്കന്‍ കേരളത്തിലേതോ ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളില്‍ ഒരു കുട്ടി മലയാളം സംസാരിച്ചതിന് ശിക്ഷയായി സ്‌ക്കൂളധികാരികള്‍ ശിക്ഷണനടപടിയായി കുട്ടിയുടെ തല മൊട്ടയടിച്ചു. നാടെങ്ങും ഇതിനെതിരെ രോഷമുണര്‍ന്നു. സാംസ്‌കാരികനായകന്മാര്‍ചാടി വീണു പ്രതികരിച്ചു. സ്‌ക്കൂളധികൃതര്‍ മാപ്പ് പറയണം. മലയാളം നമ്മുടെ അഭിമാനമാണ്, സംസ്‌കാരമാണ്, ഭാഷയിലെ അമ്മയാണ് ഇത്യാദി വാചകങ്ങള്‍ പ്രസംഗമായും ലേഖനങ്ങളുമായി സര്‍വ്വത്ര സാംസ്‌കാരിക ബഹളം.

ഈ അന്ധമായ ബഹളങ്ങള്‍ക്കു നേരെ മുഖം തിരിച്ച് നാരായണ പിളള എഴുതി. തന്തയും തളളയും ചെറുക്കന്‍ നാല് വാക്ക് ഇംഗ്‌ളീഷ് സംസാരിക്കട്ടെ എന്ന് വിചാരിച്ചാണ് വീടിന്റെ ആധാരം പണയം വെച്ച് അവനെ ഇംഗ്ലീഷ് മീഡിയത്തില്‍ ചേര്‍ത്തത്. അപ്പോള്‍ ചെറുക്കന്‍ ഇംഗ്ലീഷ് തന്നെ പറയണം. തേങ്ങാക്കുല, എന്ന മട്ടില്‍ നാണപ്പന്‍ എഴുതി. സ്‌ക്കൂളുകാര്‍ ചെക്കന്റെ മുടിവെട്ടിയതില്‍ ഒരു തെറ്റുുമില്ല. തലയല്ലല്ലോ വെട്ടിയത് തലമുടിയല്ലേ. -,അത് വേഗം വളര്‍ന്നോളും ചെക്കന്‍ ഇംഗ്ലീഷ് പഠിക്കട്ടെ .

സാമാന്യ മനുഷ്യന്‍ പെരുമാറുന്ന രീതിയാണ് അദ്ദേഹം തന്റെ ലേഖനങ്ങളിലൂടെ വായനക്കാര്‍ക്ക് നല്കിയത് പല മലയാളം എഴുത്തുകാരില്‍ നിന്ന് വേറിട്ട് നിറുത്തിയതും നാണപ്പന്റെ ഈ എഴുത്തായിരുന്നു.

നാണപ്പന്‍ ഹോംങ്കോങ് കാലത്ത്‌

1960കളില്‍ തന്റെ പുഷ്‌ക്കലകാലത്ത് ഹോംങ്കോങ്ങിലായിരുന്ന നാണപ്പന്‍. അവിടെയും തനി മലയാളിയായി ജീവിച്ചു. ‘ഫാര്‍ ഈസ്റ്റേണ്‍ ഇക്കണോമിക്ക് റിവ്യൂ ‘ എന്ന പ്രസിദ്ധീകരണത്തില്‍ ജോലി. ഇടക്ക് അടുക്കളയില്‍ കയറി പാചകം ചെയ്യുന്ന നാണപ്പന്‍ കൂടെ താമസിക്കുന്ന ഹോംങ്കോങ്ങുകാര്‍ക്ക് പിടികിട്ടാത്ത ഒരു സമസ്യയായിരുന്നു. നാണപ്പന്‍ അടുപ്പില്‍ പാത്രത്തില്‍ പപ്പടം കാച്ചുന്നു. പോളയുമായി പൊങ്ങിവരുന്ന പപ്പടം കണ്ട് അവര്‍ ഞെട്ടി. ഇവന്‍ ആഭിചാരക്കാരന്‍ തന്നെ.

ഹോംങ്കോങ്ങിലെ സായിപ്പിന്റെ കൊളോണിയന്‍ പൊങ്ങച്ചവും അഹങ്കാരവും തെല്ലും വകവെയ്ക്കാതിരുന്ന നാണപ്പന്‍ അവരെ തന്റെ ശൈലിയില്‍ ഒരിക്കല്‍ ഞെട്ടിച്ചു. ഒരിക്കല്‍ ഒരു ന്യൂസിലാന്‍ഡുകാരന്‍ സായിപ്പ് നാണപ്പനെ സമീപിച്ചു. ബുദ്ധിമുട്ടിലാണ് ഒരു ജോലി വേണം. താമസ സൌകര്യവും. നാണപ്പന്‍ അയാളെ അനുഭാവപൂര്‍വ്വം പരിഗണിച്ചു. തന്റെ കൂടെ കൂടാം, താമസം സൌജന്യം, ആഹാരവും ജോലിയൊന്നും ചെയ്യണ്ട. സായിപ്പ് സമ്മതിച്ചു. പക്ഷേ, ഒരു ജോലിയും ചെയ്യാതെ എങ്ങനെ, അതിനും നാണപ്പന്‍ വഴി കണ്ടു. ജോലിയൊന്നും ചെയ്യണ്ട . നിര്‍ബന്ധമാണെങ്കില്‍ വല്ലപ്പോഴും ഞാന്‍ പറയുമ്പോള്‍ വീട്ട് ജോലി ചെയ്യണം. സായിപ്പ് സമ്മതിച്ചു. പരമാനന്ദം കുശാലായ ഭക്ഷണം, ജോലിയൊന്നും കാര്യമായിയില്ല. വൈകീട്ട് സ്‌ക്കോച്ച് അതും ഫ്രീ.

സായിപ്പ് നാണപ്പനെ തന്റെ ദൈവമായി കരുതി.അങ്ങനെ നാളുകള്‍ കടന്നു പോയി. ഒരു ദിവസം നാണപ്പന്‍ ഓഫീസിലെ സായിപ്പുമാരെ വീട്ടിലേക്ക് ഡിന്നറിന് ക്ഷണിച്ചു. നാണപ്പന്റെ ക്ഷണം ഒട്ടും മടി കൂടാതെ അവര്‍ സ്വീകരിച്ചു. സാമാന്യം നല്ല മദ്യപാനിയായ നാണപ്പന്റെ കൂടെ മദ്യപിക്കുക ഒരു ബഹുമതി തന്നെയാണ്. ഡിന്നറിന് വീട്ടിലെത്തിയ സായിപ്പുമാര്‍ തീന്‍ മേശയില്‍ ഇരുന്ന് കലാപരിപാടി ആരംഭിച്ചു. അപ്പോളാണ് അവര്‍ ഞെട്ടിയത്. തീന്‍മേശയില്‍ വിളമ്പുകാരന്‍ ഒരാളെയുളളൂ. അത് മറ്റൊരു സായിപ്പ്. ഒരു ഇന്ത്യക്കാരന്റെ വിളമ്പുകാരന്‍ വെളളക്കാരന്‍. ഇതില്‍പരം അപമാനമുണ്ടോ, ആ ഡിന്നറില്‍ മദ്യം കഴിക്കാതെ തന്നെ സായിപ്പ്മാര്‍ ഫിറ്റായെന്ന് അവിടെയുണ്ടായിരുന്ന മറ്റൊരു മലയാളി സാക്ഷ്യപ്പെടുത്തുന്നു. അതായിരുന്നു നാണപ്പന്റെ ചെയ്ത്ത്.

കരുണാകരനെ കുറിച്ച് നാരായണപിളള എഴുതിയ ലേഖനം വായിച്ചിട്ടുണ്ടോ? ഒരു രാഷ്ട്രീയനേതാവ് എങ്ങനെയിരിക്കണം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് അത്. 1997 എഴുതിയ ആ ലേഖനം കരുണാകരനെ കുറിച്ചുളള ആദ്യത്തേതും അവസാനത്തേയും വിധിരേഖയാണ്. കാരണം അത് പോലെ എഴുതാന്‍ അതിന് മുമ്പോ ശേഷമോ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ഇനിയൊട്ടു കഴിയുകയും ഇല്ല.

ഒരു കാലത്ത് ലീഡര്‍ കരുണാകരനെപ്പോലെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു രാഷ്ട്രീയ നേതാവും ഈ ഭൂമി മലയാളത്തിലില്ല. മലയാളമാസത്തിന്റെ ആദ്യ ദിവസം ഗുരുവായൂര്‍ക്ക് ഉളള യാത്രയക്കു മാസത്തില്‍ മുപ്പത് ദിവസവും പത്രക്കാരും ജനങ്ങളും ലീഡറെ വിമര്‍ശിച്ചിരുന്നു. അടിയന്തരാവസ്ഥയിലെ ,രാജന്‍ കേസ് മുതല്‍ ഗുരുവായൂരിലെ കാണാതായ ആഭരണം കിണറില്‍ നിന്ന് കിട്ടിതില്‍ വരെ കരുണാകരനെ വിമര്‍ശിക്കുന്നു.

അതല്ലെ യഥാര്‍ത്ഥ നേതാവിന്റെ ലക്ഷണം. നാരായണ പിളളയുടെ ലേഖനത്തിലെ ഒരു ഭാഗം- ‘ഭക്തിയോഗത്തിന്റെ പാരമ്യത്തില്‍ ഒരു മനുഷ്യന്‍ ഏത്ര ആപല്ക്കാരിയായി മാറാമെന്ന് പ്രതിയോഗികള്‍ക്കോ സ്വന്തക്കാര്‍ക്കോ അറിയില്ല. അവര്‍ സാധാരണ മനുഷ്യനെ കാണുന്നതു പോലെ കരുണാകരനേയും കാണുന്നു. ഇവിടാണ് തെറ്റു പറ്റുന്നത്. മുരളിയോട് കരുണാകരന് സ്‌നേഹമുണ്ടെന്നും ജനങ്ങള്‍ തെറ്റിദ്ധരിച്ചിരിക്കുന്നു. ഇത്തരം ഒരു വികാരങ്ങളും കരുണാകരന്റെ ഉള്ളിന്റെയുള്ളില്‍ ഇല്ല. നാളെ മുരളിയെ കാല് വാരണമെന്ന് തോന്നിയാല്‍ അത് ചെയ്തിരിക്കും. കാരണം തന്നെക്കൊണ്ടങ്ങനെ തോന്നിപ്പിച്ചത് ഗുരുവായൂരപ്പനാണ്.’

കരുണാകരന്‍ മകന്‍ മുരളിയുമായി ഉടക്കി പുതിയ പാര്‍ട്ടി ഉണ്ടാക്കുന്നതിന് ഒരു പതിനഞ്ച് വര്‍ഷം മുമ്പാണ് നാണപ്പനിതെഴുതിയത് എന്നോര്‍ക്കുക. മനുഷ്യരെ വിലയിരുത്തുന്നതില്‍ കിറുകൃത്യമായിരുന്നു നാണപ്പന്റെ വീക്ഷണം. ലീഡറെ വാഴ്ത്തിയും വിമര്‍ശിച്ചും അനേകം ലേഖനങ്ങള്‍ നാം വായിച്ചിട്ടുണ്ട്. അതിലൊന്നും കാണാത്ത കരുണാകരന്റെ മറ്റൊരു വശം നാണപ്പന്റെ എഴുത്തിലുണ്ട്. എന്ന് വെച്ചാല്‍ ലീഡറുടെ യഥാര്‍ത്ഥ ബയോഡാറ്റ.

ഇടതുപക്ഷത്തിനെതിരായ് നില്‍ക്കുന്ന, ട്രെന്‍ഡ് സെറ്റ് ചെയ്താളാണ് കരുണാകരന്‍. സാധാരണ രീതി വിട്ടുള്ള അടവ് – നിരീശ്വരവാദത്തിനു പകരം കടുത്ത ഈശ്വരഭക്തി, ദാരിദ്ര പ്രദര്‍ശത്തിന് പകരം ബെന്‍സ് കാറില്‍ ചീറിപ്പായുക തുടങ്ങിയവ തനി ബൂര്‍ഷ രീതി. ഇടതുപക്ഷ പ്രസ്ഥാനത്തെ നേരിടാന്‍ ഇതിലൂടെ ചരിത്രപരമായ തന്റെ സാന്നിധ്യം ഉറപ്പിച്ചു. കോണ്‍ഗ്രസിന്റെ ഭാവി കേരളത്തില്‍ കുറെക്കാലത്തേങ്കിലും ഭദ്രമാക്കിയത് ലീഡറാണെന്ന് തര്‍ക്കമില്ലാത്ത വസ്തുതയാണ്.

പ്രതിസന്ധിയുണ്ടാക്കുക എന്നിട്ട് അത് പരിഹരിക്കുന്നതായി ഭാവിക്കുക. ഏത് പ്രതിസന്ധിയും ഒരു നിശ്ചിത സമയത്ത് തീരുമെന്ന പ്രായോഗിക ബുദ്ധിയുള്ള നേതാവാണ് കരുണാകരനെന്ന
സന്ദേശം വായനക്കാര്‍ക്ക് നല്‍കിയ ഉള്‍ക്കാഴ്ചയായിരുന്നു നാണപ്പന്റെ ലേഖനം.

നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ തറക്കല്ല് ഇടുന്ന കാലത്ത് ഇത് കേരളം കണ്ടതാണ്. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിനെതിരെ എയര്‍ ഫോഴ്‌സുകാര്‍ എന്തോ ചെറുകിട തടസ്സം പറഞ്ഞു. ഉടനെ പത്രവാര്‍ത്തയായ് തറക്കല്ലിടാന്‍ ഗുലാം നബി ആസാദ് വരുന്നതിന് ഒരാഴ്ച മുന്‍പാണ് സംഭവം. ഭരണപക്ഷവും പ്രതിപക്ഷവും നോക്കി നില്‍ക്കെ മുഖ്യമന്ത്രി കരുണാകരന്‍ പതിവ് പോലെ ഡല്‍ഹിക്ക് പറന്നു. രണ്ട് ദിവസം കഴിഞ്ഞു തിരികെ എത്തി. പ്രതിസന്ധി തീര്‍ന്നു. താന്‍ പരിഹരിച്ചു. സംഭവം തീര്‍ന്നു. എന്താണ് പ്രതിസന്ധി? എങ്ങനെ പരിഹരിച്ചു? ഉത്തരമില്ല. ഇനി പത്രക്കാര്‍ ചോദിച്ചാലോ ഒരു കണ്ണിറുക്കല്‍. അതോടെ തീര്‍ന്നു. ലീഡറുടെ ഇത്തരം ഉള്‍ക്കാഴ്ചകളെ അറിയാവുന്നതു കൊണ്ടാണ് നാണപ്പന്‍ എഴുതിയത്; ‘ഈ മനുഷ്യനെ തോല്‍പ്പിക്കാന്‍ പാടാണ്. തോല്‍ക്കേണ്ടി വന്നാല്‍ ആ തോല്‍വിയും പുള്ളി ഗുരുവായൂരപ്പന്റെ തലയില്‍ കെട്ടിവെയ്ക്കും. കരുണാകരന്‍ തോല്‍ക്കില്ല. വാളെടുത്തുന്നവനാണ് തോല്‍വിയും ജയവും. വാള്‍ എന്ന ഉപകരണം ജയാപജയങ്ങള്‍ക്കതീതമല്ലേ ?

കരുണാകരന്‍ എവിടെയിരുന്നാലും എന്തെന്തിലും അലമ്പുണ്ടാക്കും. നമ്മുടെ ഭാവനയെ ഉണര്‍ത്തുന്ന ഒരു ലൈനിട്ടു തരും. എന്തെങ്കിലും ഒരനക്കം ശവപ്പെട്ടിയില്‍ പോലും പ്രദര്‍ശിപ്പിക്കുന്ന യഥാര്‍ത്ഥ പൊതുപ്രവര്‍ത്തകന്റെ സിദ്ധി. കരുണാകരനെ കുറിച്ച് നാണപ്പന്‍ എഴുതുന്നതിന്റെ പിന്നിലെ യുക്തി ഇതൊക്കെയായിരുന്നു.

സമകാലീനകേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ പ്രശ്‌നങ്ങളെ കുറിച്ച് ഇത്രയും സൂക്ഷമായി എഴുതിയ ഒരാളില്ല.

മൂന്ന് പതിറ്റാണ്ട് മുന്‍പാണ്, ജനങ്ങളുടെ നികുതിപണം കൊണ്ട് നടത്തുന്ന സാഹിത്യ അക്കാഡമി അവാര്‍ഡ് കൊടുക്കുന്നത് ശരിയല്ലെന്ന് പറഞ്ഞ നാണപ്പന്‍ താനെഴുതിയ ആദ്യ നോവലിന് -‘ പരിണാമം’ ത്തിന് കിട്ടിയ സാഹിത്യ അക്കാഡമിയുടെ പുരസ്‌കാരം നിരസിച്ച് നാണപ്പന്‍ അവരെ ശരിക്കും വെളളം കുടിപ്പിച്ചു.

നിനിമയായാലും സാഹിത്യമായാലും അവാര്‍ഡ് കിട്ടാത്തവരുടെ വിലാപങ്ങളും മുറിവിളികളും എല്ലാ അവാര്‍ഡ് പ്രഖ്യാപനങ്ങളുടെ പിറകെ വരുന്ന ടിപ്പണി കാണുന്ന ഈ കാലത്ത് അവാര്‍ഡ് വേണ്ട. പകരം. പൊതു ജനങ്ങള്‍ നികുതി കൊടുക്കുന്നതു കൊണ്ട് ഈ അവാര്‍ഡ് തുക തിരികെ ട്രഷറിയില്‍ അടക്കണമെന്ന് പറഞ്ഞ നാരായണ പിള്ളയുടെ വാദം മലയാള സാഹിത്യ ലോകത്തെ ഞെട്ടിച്ചു. ഇത്തരത്തിലുളള ഒരു വാദം നാം ആദ്യമായാണ് കേട്ടത്.

ജീവിതത്തില്‍ ആകെ ഒരു നോവല്‍ മാത്രമെഴുതിയ നാണപ്പന്‍ അതിലൂടെ സാഹിത്യ അക്കാഡമിക്കാരുടെ കണ്ണ് തുറപ്പിച്ചു. പൊതുജനങ്ങളുടെ പൈസകൊണ്ട് സര്‍ക്കാര്‍ പുരസ്‌ക്കാരം കൊടുക്കുന്നത് ശരിയല്ലെന്നാണ് നാണപ്പന്‍ വാദിച്ചത്. ഇതു പോലൊരു വാദം ലോകത്തിലൊരു അവാര്‍ഡ് ജേതാവും ഉന്നയിച്ചിട്ടില്ല. കാവ്യയശ: പ്രാര്‍ത്ഥികളെ മാത്രം കണ്ട് ശീലിച്ച കേരള സാഹിത്യ അക്കാഡമിക്കാര്‍ അന്തം വിട്ടു. അത് വരെ അവാര്‍ഡ് കിട്ടാത്തവരുടെ തെറിയാണ് അക്കാഡമിക്കാര്‍ കണ്ടതും കേട്ടതും. അവര്‍ക്ക് മനസിലായ് ഇത് ലെവല് വെറെയാണ് ആള്. നാണപ്പന്റെ ഭാഷയില്‍ പറഞ്ഞാല്‍ ‘ചരിത്ര ആള് ‘.

ഇത്തരത്തിലൊരു ന്യായത്തിന് മറുപടിയില്ലാതെ അക്കാഡമിക്കാര്‍ പുറം തിരിഞ്ഞു നിന്നു. അക്കാഡമിയില്‍ നടക്കുന്ന ചില്ലറ കാര്യങ്ങള്‍ ജനത്തെ ഒന്നറിയിക്കുക എന്ന ലക്ഷ്യമേ നാണപ്പനുണ്ടായിരുന്നുളളൂ. അതിനായിരുന്നു ഈ ചാത്തനേറ്, അത് ശരിക്കും എല്‍ക്കുകയും ചെയ്തു.

അന്നത്തെ, സാഹിത്യ അക്കാഡമി പ്രസിഡന്റിനും സെക്രട്ടറിക്കും ആ ചികിത്സ നന്നായി കിട്ടി. അക്കാഡമിയെ ന്യായികരിക്കാന്‍ പോയവര്‍ക്കും കിട്ടി ആ ചാത്തനേറ്. ‘അവാര്‍ഡ് സ്വീകരിച്ചാല്‍ തനിക്ക് തോന്നുന്നത് എഴുതാനും പറയാനും, അറിയാതെങ്കിലും, ഒരു പരിമിതി വരുമെന്നായിരുന്നു നാണപ്പന്റെ പേടി. പ്രത്യേകിച്ച് ഭരിക്കുന്നവര്‍ പദവികളോ പാരിതോഷകമോ തരുമ്പോള്‍ അത് മേടിക്കുന്നവര്‍ അവരുടെ നയങ്ങളെയും നടപടികളെയും പ്രവൃത്തികളേയും പിന്‍താങ്ങുമെന്നാകും പ്രതീക്ഷിക്കുക എന്നാണ് നാണപ്പന്‍ സംശയിച്ചത്. അവാര്‍ഡ് തീര്‍ച്ചയായും ഒരംഗീകാരമാണ്. പക്ഷേ, അത് മേടിക്കുന്നത് തന്റെ ചിന്തിക്കാനും, പറയാനും എഴുതാനുമുള്ള സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടല്ലേ എന്ന് നാണപ്പന്‍ പേടിച്ചു. അതേ സമയം അത് വേണ്ടെന്ന് വെയ്ക്കുന്നത് ഭാവിയില്‍ വന്നേക്കാവുന്ന, എല്ലാത്തരം അംഗീകാരങ്ങള്‍ക്കു മുന്‍പിലും വാതില്‍ കൊട്ടിയടയ്ക്കുന്നതിന് തുല്യമാവുകയും ചെയ്യും.’ കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് പരിണാമത്തിന് കിട്ടിയപ്പോള്‍ നാണപ്പന്റെ അന്നത്തെ ആ അസ്വസ്ഥയെ കുറിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം നാണപ്പന്റെ ഭാര്യ പ്രഭാപിള്ള എഴുതി. ‘ഒടുവില്‍ അവാര്‍ഡ് തിരസ്‌കരിക്കുകയാണെന്നും, അവാര്‍ഡ് വേണ്ടന്നല്ല. ഭരണകൂടത്തിന്റെ കടമ നീതിനിര്‍വ്വഹണം, നിയമങ്ങള്‍ നടപ്പിലാക്കുക എന്നതാണെന്നും അതുകൊണ്ട് അവാര്‍ഡ് തുക അക്കാഡമി ട്രഷറിയില്‍ അടച്ച് ആ രസീത് തന്നെ കാണിച്ചാല്‍ തനിക്കത് സ്വീകാര്യമാണെന്നാണ് നാണപ്പന്‍ പറഞ്ഞത്.’പ്രഭാപിള്ള എഴുതി.

എം പി നാരായണ പിള്ളയും ഭാര്യ പ്രഭ പിള്ളയും

അനുബന്ധമായി പിന്നീട് ഒരു സംഭവം കൂടി നടന്നത് അറിയണം.

കുറച്ച് നാള്‍ കഴിഞ്ഞ് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് അദ്ദേഹത്തിന് നല്‍കിയ ഒരു അവാര്‍ഡ് നിരസിച്ചു. ചില്ലറ തുകയല്ല 20000 രൂപയുടെ പുരസ്‌കാരം. അന്ന് അദ്ദേഹം സര്‍ക്കാര്‍ ട്രഷറി ജോലിക്കാരനായിരുന്നു. ഇത് പത്രമാദ്ധ്യമങ്ങളില്‍ അച്ചടിച്ച് വന്നപ്പോള്‍ അതില്‍ മനം നൊന്ത് നാണപ്പന്‍ അന്ന് മലയാളത്തിലെ പ്രസിദ്ധമായ ഒരു വാരികയുടെ എഡിറ്റര്‍ക്ക് ഒരു കുറിപ്പെഴുതി.

‘പ്രിയപ്പെട്ട പത്രാധിപര്‍ക്ക്,
ഇതോടൊപ്പം വച്ചിരിക്കുന്ന നൂറു രൂപയുടെ ചെക്ക് ( നമ്പര്‍ :576577. കര്‍ണാടക ബാങ്ക്).
ബാലചന്ദ്രന്‍ ചുള്ളിക്കാടിന് അയച്ചു കൊടുക്കാനപേക്ഷ, പുള്ളിയുടെ മേല്‍ വിലാസം അറിയില്ലാത്തതു കൊണ്ടാണീ അപേക്ഷ,

ഒരു വായനക്കാരനായ എം.പി. നാരായണ പിള്ള
ഒപ്പ്.

കാരണമായി അദ്ദേഹം ഒരു കുറിപ്പും വെച്ചിരുന്നു. അവാര്‍ഡ് നിരസിച്ചതുകൊണ്ട് തുച്ഛ വരുമാനക്കാരനായ ബാലചന്ദ്രന് 20000 രൂപയുടെ ധനനഷ്ടം വന്നിട്ടുണ്ട്. ആ നഷ്ടം നികത്തേണ്ട ചുമതല ബാലചന്ദ്രന്റെ കവിതകള്‍ ഇഷ്ടപ്പെടുന്ന നമ്മളെപ്പോലുള്ളവരുടെയല്ലേ? ഈ നൂറ് രൂപ കിട്ടുമ്പോള്‍ അവാര്‍ഡ് നിരസിച്ച ഇനത്തിലെ നഷ്ടം 19,900 രൂപയായി കുറയും. മറ്റ് വായനക്കാരും കൂടി ഇതു പോലെ മുന്നോട്ട് വന്നാല്‍ അവാര്‍ഡ് നിരസിച്ച വകുപ്പില്‍ ബാലചന്ദ്രനുണ്ടായ നഷ്ടം ഒരു പക്ഷേ, പൂര്‍ണ്ണമായും പരിഹരിക്കാന്‍ പറ്റും. കേരള സാഹിത്യ അക്കാഡമിക്ക് കൊടുത്ത ചികിത്സയുടെ ഭാഗമായുള്ള ബാക്കിയുള്ള, ഒരു കുത്തി വെയ്പ്പായിരുന്നു നാരായണ പിള്ളയുടെ വാരികയില്‍ പ്രസിദ്ധീകരിച്ച ചുള്ളിക്കാടിന് നല്‍കിയ ചെക്കും ഈ കുറിപ്പടിയും. അവാര്‍ഡുകള്‍ നിരസിച്ചാലും ഇങ്ങനെയും അവാര്‍ഡ് വാങ്ങിക്കാതെ ജേതാവിനെ ആദരിക്കാമെന്ന പുതിയ സിദ്ധാന്തമായിരുന്നു അത്. കേരളത്തിലെ മൊത്തം അവാര്‍ഡ് കമ്മറ്റിക്കാര്‍ക്കിട്ടൊരു നാണപ്പന്റെ ശൈലിയില്‍ ഒരു ചെറിയ ഡോസ് മരുന്ന്, ചെറിയ ഒരു ഏറ്.

പരിണാമം മോഷണമാണെന്ന ആരോപണം കൊടുമ്പിരി കൊണ്ടിരുന്നപ്പോള്‍ ചര്‍ച്ചകള്‍ക്ക് മറുപടി പറയാന്‍ നോവലിസ്റ്റ് രംഗത്ത് വന്നില്ല. ആരോപണം ബാലിശമാണെന്നും ഒറിജിനല്‍ പുസ്തകം വായിക്കാതെ മോഷണമാണെന്ന് പറയാന്‍ സാധ്യമല്ല എന്ന് പറഞ്ഞ് മലയാളത്തിലെ രണ്ട് മുന്‍നിര വാരികകള്‍ മോഷണ ആരോപണ ലേഖനം തിരസ്‌ക്കരിച്ചു. പിന്നീട് മനോരാജ്യം എന്ന ജനപ്രിയ വാരികയിലാണ് പ്രസ്തുത ലേഖനം വന്നത്. പരിണാമം മൗലികമായ കൃതിയാണെന്നും ഒറിജിനല്‍ ഇല്ല എന്ന് വ്യക്തമായിരുന്നു. ജാക്ക് ലണ്ടന്റെ കാള്‍ ഓഫ് വൈല്‍ഡ് തൊട്ട് സ്‌കോട്ട് ലണ്ട് യാര്‍ഡിന്റെ, സാധാരണക്കാര്‍ക്ക് അപ്രാപ്ത്യമായ ‘ ഡോഗ് ട്രൈയിനിംഗ് മാനുവല്‍ വരെ വായിച്ചിട്ടാണ് നായയെ പ്രധാന കഥാപാത്രമാക്കി പരിണാമം നാണപ്പന്‍ എഴുതിയത്. മോഷണ ചര്‍ച്ച കെട്ടടങ്ങിയപ്പോള്‍ കലാകൗമുദിയിലൂടെ പ്രതി, നാണപ്പന്‍ ,തന്റെ ലേഖനവുമായി രംഗപ്രവേശനം ചെയ്തു. ആരോപണ വിധേയരെ എയറിലാക്കിയ ആ ലേഖനമെഴുത്ത് വന്നതോടെ ആരോപണക്കാരുടെ ഉറക്കം പോയി. ഓരോ ലക്കത്തിലെ ലേഖനത്തിന്റെ കീഴെ തുടരും എന്ന് കണ്ടതോടെ പ്രതിയോഗികള്‍ ഓടിയൊളിച്ചു. ആ ലേഖനത്തിന് മറുപടി പറയാനുള്ള പാങ്ങ് അവര്‍ക്കാര്‍ക്കും ഉണ്ടായിരുന്നില്ല. അവസാന ലേഖനത്തില്‍ നാണപ്പന്‍ അവസാന വരികളില്‍ ഇങ്ങനെ കുറിച്ചു.

‘ആലോചിച്ചിട്ട് വേണം ആണുങ്ങളോട് കളിക്കാന്‍. പരിഭാഷ: നോക്കീട്ട് വേണം തോക്കിലോട്ട് മുള്ളാന്‍.

‘കലാകൗമുദിയില്‍ ഖണ്ഡശ വന്ന പരിണാമം അനന്തമായി നീണ്ടു പോയപ്പോള്‍ ഇതെന്നവസാനിക്കും? എന്ന് ആരോ ചോദിച്ചപ്പോള്‍ നാണപ്പന്‍ പറഞ്ഞു. ‘അതെന്നെക്കൊണ്ടാവില്ല. ഒന്നുകില്‍ നോവലിലെ നായകനായ നായ തീരുമാനിക്കണം. അല്ലെങ്കില്‍ ക്രൂഷ്‌ചേവോ മറ്റോ വിളിച്ചു പറയണം’

ആഴ്ചയിലൊരു ദിവസം ഒരു പേജില്‍ നല്‍കിയിരുന്ന ലേഖനങ്ങളിലൂടെ നാണപ്പന്‍ പല വിഷയങ്ങളിലും സാമാന്യവിവരം തരികയായിരുന്നു. അത് കൊണ്ട് തന്നെ വായനക്കാരന് നാണപ്പന്‍ സ്വീകാര്യനായി. എന്തെഴുതുമ്പോഴും ഒന്നിനും അടിമപ്പെടരുതെന്ന കാഴ്ചപ്പാട് അദ്ദേഹത്തിനുണ്ടായിരുന്നു. സ്വതന്ത്രനും, നിര്‍ഭയനുമായി എഴുതി. നാടന്‍ സങ്കല്‍പ്പങ്ങളോ ഗ്രാമീണ ബിംബങ്ങളെയാണ് തന്റെ വാദമുഖങ്ങള്‍ ഉറപ്പിക്കാന്‍ ഉപയോഗിച്ചിരുന്നത്. വായനക്കാരുടെ മനസിലേക്ക് യുക്തിയുടെ ടോര്‍ച്ചടിച്ചിരുന്ന ആ ലേഖനങ്ങള്‍ ഒരു കാലഘട്ടത്തിന്റെ കാരിക്കേച്ചര്‍ കൂടിയായിരുന്നു.

എഴുപതുകളുടെ അവസാനം ആദ്യം നാണപ്പന്‍ ഈ ഒറ്റപേജ് ലേഖനം കലാകൗമുദിയില്‍ ആരംഭിക്കുമ്പോള്‍ മലയാളത്തില്‍ നിന്നല്ല. ഇന്ത്യയിലെ ഒരു പ്രദേശിക ഭാഷയിലും ഇങ്ങനെയൊന്നുണ്ടായിരുന്നില്ല. പങ്തികള്‍ പല പ്രസിദ്ധീകരണങ്ങളിലും ഉണ്ടായിരുന്നെങ്കിലും അത് ഒരു ആശയത്തെ സമഗ്രമായി ചര്‍ച്ച ചെയ്യുന്നവയായിരുന്നില്ല. ചില വീക്ഷണങ്ങള്‍ പ്രകടിപ്പിക്കുക മാത്രമായിരുന്നു. വിഷയങ്ങളെ പ്രസക്തമായ വാദങ്ങളിലൂടെ കാച്ചിക്കുറുക്കി ഒറ്റ പേജിലൊതുക്കുകയായിരുന്നു. സരളവും ലളിതവുമായ ഭാഷയിലെഴുതിയ കുറിപ്പുകള്‍ ആര്‍ക്കും വായിച്ച് മനസിലാക്കാമായിരുന്നു. ഒരു വിഷയത്തിന്റെ എല്ലാ സത്തയും സംഭരിച്ചെഴുതിയ ഈ ലേഖന പരമ്പര കാല്‍ നൂറ്റാണ്ടിനപ്പുറം മുടങ്ങാതെ തുടര്‍ന്നത് മലയാള ഭാഷ പത്രപ്രവര്‍ത്തനത്തിലെ അമൂല്യമായ ഒരു അദ്ധ്യായമായി രേഖപ്പെടുത്തേണ്ടതാണ്.

നാണപ്പനോട് ഒരിക്കല്‍ ഒരു മലയാളപത്രത്തിന്റെ പത്രാധിപര്‍ എഡിറ്റോറിയല്‍ പേജില്‍ ആഴ്ചയില്‍ ‘മിഡില്‍ ‘പീസ്’ എഴുതണമെന്ന് ആവശ്യപ്പെട്ടു. വ്യവസ്ഥകളും വിഷയങ്ങളും നീളവും വലിപ്പവും ഫോണിലൂടെ പത്രാധിപര്‍ വിവരിച്ചു. നാണപ്പന്‍ ഒറ്റ ചോദ്യം മാത്രം ചോദിച്ചു;

‘ഒരു തച്ചിന് എന്ത് കാശ് തരും?’

ഇത്തരം കാര്യങ്ങളൊന്നും മറിച്ച് വെയ്ക്കാത്ത എഴുത്തുകാരനായിരുന്നു നാണപ്പന്‍. ‘എഴുത്താണ് എന്റെ തൊഴില്‍ . അതിനുള്ള കാശ് ആരായാലും തരണം. ചക്കാത്തിന് ആര്‍ക്കും എഴുതില്ല.. അതിന് പ്രതിഫലം കിട്ടണം എന്ന ലളിതമായ യുക്തി. ഒരിക്കല്‍ സമ്മതമില്ലാതെ തന്റെ ലേഖനം പ്രസിദ്ധീകരിച്ച ‘സ്വിസ് ‘എയര്‍’ കമ്പനിയെ നാണപ്പന്‍ വിരട്ടി വിട്ടതാണ്.

തന്റെ സമകാലീനരായ കഥാകൃത്തുക്കളെ അപേക്ഷിച്ച്, വളരെ കുറച്ച് കഥകളെ അദ്ദേഹം എഴുതിയിട്ടുള്ളൂ. വളരെക്കാലം കഥകളെഴുതാതിരുന്ന നാണപ്പനോട് എന്ത് കൊണ്ട് എഴുതിക്കൂടാ എന്ന് ചോദിച്ച മാതൃഭൂമി വാരികയുടെ പത്രാധിപരായിരുന്ന എം.ടിയോട് അദ്ദേഹം പറഞ്ഞു.’ അത് ചെറിയ കാര്യമല്ല, വലിയ കാര്യം തന്നെയാണ്. നോവല്‍ പരീക്ഷിച്ചു. ഭയമുണ്ടായിരുന്നു. പക്ഷേ, കുഴപ്പമില്ല വഴങ്ങും എന്ന് മനസിലായ്. ഇനി കഥയെഴുതുമ്പോഴൊരു ഭയപ്പാടുണ്ട്. കുറെ കഥകളൊക്കെ എഴുതിയിട്ടുണ്ട് അത് കഴിഞ്ഞില്ലെങ്കിലോ എന്നുള്ള പരാധീനതയെ പറ്റിയുള്ള ബോധവുമുണ്ട്. എം.ടി യൊക്കെ ചില ധാരണകള്‍ മനസില്‍ വെച്ചിട്ടുള്ളത് എനിക്കുമറിയാം. അത് കൊണ്ട് അതിനപ്പുറത്തേക്ക് ഒരിഞ്ചെങ്കിലും കടക്കുന്ന കഥകളെഴുതണം. അതെന്റെ മുകളില്‍ നിങ്ങളൊക്കെ നിശബ്ദമായി അടിച്ചേല്‍പ്പിച്ചിട്ടുണ്ട്. ഞാനതിനെ പറ്റി വളരെ ശ്രദ്ധിക്കുന്ന ഒരാളാണ്’
ഈ അവബോധമെന്നുമുള്ളതിനാലാണ് എം.പി.നാരായണ പിള്ള എന്ന . കഥാകൃത്ത് ആവശ്യത്തിനുസരിച്ചെഴുതി വിടാതെ, വ്യത്യസ്തമായി മാത്രമെ എന്തെങ്കിലും എഴുതു എന്ന നയം പാലിച്ച കഥാകാരനായത്.

നീണ്ട നിശബ്ദതക്ക് ശേഷം, നാണപ്പന്‍ ഒരു കഥയെഴുതി. അതിന്റെ പിന്നിലും ഒരു കഥയുണ്ടായിരുന്നു.

പതിവിന് വിപരീതമായി മലയാളം ഇന്ത്യാ ടുഡെയിലാണ് ഈ കഥ വന്നത്. നാണപ്പന്റെ കഥാ മൗനം പൊളിക്കുന്നത് തങ്ങളായിരിക്കണമെന്ന് ഇന്ത്യാ ടുഡെക്കാര്‍ക്ക് നിര്‍ബന്ധം. മലയാളത്തില്‍ ഒരു കഥക്ക് ആദ്യം പ്രതിഫലം പതിനായിരം (1993 ലെ പതിനായിരം രൂപ !) എന്ന കടമ്പ മുറിക്കുന്നത് തങ്ങളാവണമെന്നും ഇന്ത്യാ ടുഡെക്ക് നിര്‍ബന്ധം. ഡീല്‍ നടന്നു. ഏറെ കാലത്തിനു ശേഷം എം.പി.നാരായണ പിള്ള കഥയെഴുതുന്നു എന്ന ടാഗ് ലൈനോടെ പ്രത്യക്ഷപ്പെട്ടു. ‘താലമട കൊച്ചുമ്മന്‍’. എന്ന കഥ.

കുറച്ചു കാലത്തെ പരിശീലനം നേടിയാല്‍ ആര്‍ക്കും കഥയും കവിതയുമെഴുതാമെഴുതാന്‍ സാധിക്കുമെന്നും, അതിന്റെ ഏറ്റവും നല്ല ഉദാഹരണം തന്റെ ജീവിതമാണെന്നൊരു കള്ളക്കഥ പ്രചരിപ്പിച്ചതു വഴി സാഹിത്യ രചനയെ പൊതിഞ്ഞു നില്‍ക്കുന്ന മിസ്റ്ററിയെ കീറിമുറിക്കാന്‍ നാണപ്പന്‍ ശ്രമിച്ചിരുന്നു. ‘ഞാനങ്ങനെ ചെയ്യുന്നതിന് വ്യക്തമായ ഉദ്ദേശങ്ങളുണ്ട്. സാഹിത്യകാരന്‍ അന്യഗ്രഹ ജീവിയാണെന്ന് മേനി നടക്കുന്നതിനോട് എനിക്ക് വെറുപ്പാണുള്ളത്. നാം കാണുന്നതല്ലെ , അത്തരം മാന്യന്മാരെ. സമൂഹത്തില്‍ ഉന്നത സ്ഥാനം മാത്രം പോരാ, പ്രത്യേക പ്രിവിലേജുകളും അവര്‍ക്ക് വേണം. ഇത് പൊളിക്കാനാണ് ഞാന്‍ ആവര്‍ത്തിച്ചത് പറയുന്നതും എഴുതുന്നതും’ നാണപ്പന്റെ വാദം ഇതായിരുന്നു.

നാണപ്പന്റെ അപ്പൂപ്പനായിരുന്ന പുല്ലുവഴി ആശാന്‍ ഒന്നാം തരം മന്ത്രവാദിയായിരുന്നു. അദ്ദേഹത്തോടുള്ള ആരാധന കൊണ്ടു നടന്ന നാണപ്പന്റെ ഇഷ്ടവിഷയങ്ങളൊന്നായിരുന്നു മന്ത്രവാദവും, ഹോരാശാസ്ത്രവുമൊക്കെ. അതിന്റെ സാക്ഷാല്‍ക്കാരമായി എഴുതിയതായിരുന്നു ‘ ഞങ്ങള്‍ അസുരന്മാര്‍’ എന്ന ഫാന്റസി കഥ. കുട്ടിചാത്തനേയും, മന്ത്രവാദത്തെയും വിഷയമാക്കിയെഴുതിയ മലയാളത്തിലെ ആദ്യത്തെ കഥ. ആ ഒരു കഥ മതി മലയാള ചെറുകഥാ ലോകത്ത് എം പി. നാരായണ പിള്ളയുടെ മുന്‍ നിര സ്ഥാനം ഉറപ്പാക്കാന്‍.

ബോംബെയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ‘ജ്വാല’ എന്ന മാസികയില്‍ ഒരു ചോദ്യോത്തര പങ്തി നാണപ്പന്‍ കൈകാര്യം ചെയ്തിരുന്നു. ആ ചെറിയൊരു കുസൃതിക്കോളത്തിലൂടെ ബോംബെ മലയാളി വായനക്കാര്‍ക്ക് ഹൃദയം തുറക്കാനുള്ള വേദിയായി.

ചോദ്യം- യു.വി മൊയ്തു, ന്യൂ ബോംബെ.

: വി. ഐ. പി. വി.വി.ഐ.പി ഇവയുടെ നിര്‍വ്വചനം എന്താണ്? ഇവര്‍ക്കുള്ള പ്രത്യേകതകള്‍?

നാണപ്പന്‍ : നികുതി കൊടുക്കുന്ന ജനങ്ങളുടെ ചിലവില്‍ സ്വന്തം ജീവന്‍ രക്ഷിക്കാനും കൂടുതല്‍ സുഖസൗകര്യങ്ങള്‍ അനുഭവിക്കാനും ശ്രമിക്കുന്ന കുല ദ്രോഹികളാണ് വി.ഐ.പികള്‍ അവരുടെ മനോരോഗത്തിന്റെ ഡിഗ്രി അല്‍പ്പം കൂടിയാല്‍ വി.വി.ഐ.പി യാകും .

എല്ലാവരെയും ഞെട്ടിക്കാറുള്ള അല്ലെങ്കില്‍ അത്ഭുതപ്പെടുത്താറുള്ള, ജോണ്‍ എബ്രഹാം ഒരിക്കല്‍ മദ്രാസില്‍ നിന്ന് ട്രെയിന്‍ കയറി. കിട്ടിയ ട്രെയിനിലാണ് കേറിയത്. പത്ത് പൈസയില്ല, ടിക്കറ്റുമില്ല. ജീവിതത്തിന് ടിക്കറ്റില്ലാത്ത ജോണ്‍ എബ്രഹാമിന് എന്ത് ട്രെയിന്‍ ടിക്കറ്റ് ? കഷ്ടകാലത്തിന് ട്രെയിന്‍ കേരളത്തിലേക്കല്ല, ബോംബെയിലേക്കായിരുന്നു. ബോംബയെങ്കില്‍ ബോംബെ. ഒറ്റ ദുഃഖമേ ജോണിനുണ്ടായിരുന്നുള്ളൂ. പഴയ പോലെ സ്വീകരിക്കാന്‍ ബോംബെയില്‍ നാണപ്പനില്ലല്ലോ. ഒരാഴ്ച മുന്‍പ് പെരുമ്പാവൂര്‍, പുല്ലുവഴിയിലെ വീട്ടില്‍ ചെന്ന് നാണപ്പനെ കണ്ടതേയുള്ളൂ.

നാണപ്പന്‍ സ്വന്തം സ്ഥാപനമായ നജോമ എന്റര്‍പ്രൈസിന്റെ കാര്യങ്ങളുമായി നാട്ടില്‍ സ്ഥിര താമസമാക്കിയിരുന്നു. സാരമില്ല, നാണപ്പന്‍ ജോലി നോക്കിയിരുന്ന, കൊമേഴ്‌സ് വാരികയില്‍ ചെന്ന് കാര്യം പറഞ്ഞ് കാശ് വാങ്ങാം – ഭക്ഷണം കഴിച്ചില്ലെങ്കിലും, ദ്രാവകം കുടിക്കണമല്ലോ. ”കൊമേഴ്‌സ്’ ഓഫിസില്‍ ചെന്ന് ചീഫ് എഡിറ്ററുടെ മുറിയില്‍ തള്ളി കയറിയപ്പോള്‍ ആരുമില്ല. മേശപ്പുറത്ത് രണ്ട് കാല്‍ മാത്രം കാണാം. എഡിറ്ററുടെ മുഖം കാണാത്ത വിധം എക്‌സിക്യൂട്ടിവ് ചെയറിന്റെ ബാക്ക് റെസ്റ്റ് താഴെ. ജോണ്‍ ഒച്ച വെച്ചപ്പോള്‍ എഡിറ്ററുടെ തല പൊന്തി വന്നു. ജോണിന് വിശ്വസിക്കാനായില്ല, എം പി. നാരായണ പിള്ള, ചീഫ് എഡിറ്റര്‍. നാല് നാള്‍ മുന്‍പ് സ്വന്തം ബിസിനസുമായി പുല്ലുവഴിയില്‍ ഇരുന്നയാള്‍, താന്‍ നേരിട്ട് കണ്ട ദേഹം ബോംബയില്‍ , കൊമേഴ്‌സ് വാരികയുടെ ചീഫ് എഡിറ്ററായി തലകീഴായി സ്ഥിതി ചെയ്യുന്നു.!

ഇത് കണ്ട് ജീവിതത്തിലാദ്യമായി മനുഷ്യനെപ്പോലെ ജോണ്‍ എബ്രഹാം അന്തംവിട്ടത് അന്നാണത്രെ !

നഷ്ടത്തിലായ സ്വന്തം ബിസിനസ്, സ്മോക്കേഴ്‌സ് പേസ്റ്റും, മറ്റും ഉണ്ടാക്കുന്ന കേരളത്തിലെ കമ്പനി അടച്ചുപൂട്ടി ബോംബയിലേക്ക് തിരികെ പോയി. നഷ്ടത്തെ കുറിച്ച് വേവലാതിയില്ലാതെ അടുത്ത ജോലിയില്‍ ചേര്‍ന്നു. പറഞ്ഞത് ഇത്രമാത്രം

”ഒരു പാട് തെറ്റിലൂടെ വേണമല്ലോ ഒരു ശരി സ്ഥാപിച്ചെടുക്കാന്‍ – ഇപ്പോള്‍ ബോംബെക്ക് പോകലാണ് ശരി. പഴയ ജോലി കിട്ടുമോ എന്ന് വേവലാതിപ്പെട്ട ഒരാളോട് നാണപ്പന്‍ പറഞ്ഞു’ നാലു നാറികളെ കുറിച്ച് നാല് കോളമെഴുതിയാല്‍ ബോംബെയില്‍ ജീവിക്കാമെന്നെ’.

എം പി നാരായണ പിള്ളയുടെ രേഖാചിത്രം

ഈ ലാഘവമായിരുന്നു നാണപ്പന്റെ മുഖമുദ്ര, ഒരിക്കല്‍ ഉച്ചയൂണിന് തന്റെ വീട്ടിലേക്ക് ക്ഷണിച്ച ഒരു ബന്ധുവിനോട് പറഞ്ഞത് ഇതേ നിര്‍വികാരതയോടെയായിരുന്നു.

‘ ഞാന്‍ പുകവലി നിറുത്തി. അത് കൊണ്ട് പുറത്ത് പോകാറില്ല.’

നാണപ്പന്‍ ഏറ്റവുമധികം ബഹുമാനിച്ചിരുന്ന പി. ഗോവിന്ദപിളള, നാണപ്പനെഴുതിയ സി.പി.രാമചന്ദ്രനെ കുറിച്ചുള്ള ലേഖനം വായിച്ച് പറഞ്ഞു ‘ കീരിക്കാട്ടില് കുട്ടപ്പന്‍ ചേട്ടനെ കുറിച്ച് നമ്മള്‍ ആരെങ്കിലും നല്ലത് എഴുതിയാല്‍ അവന്‍ അതിനും എതിര് എഴുതും.(കീരിക്കാട്ടില്‍ കുട്ടപ്പന്‍ ചേട്ടന്‍ എന്ന് വെച്ചാല്‍ നാണപ്പന്റെ മരിച്ച് പോയ പിതാവ്).

എം.പി.നാരായണപിള്ളയുടെ ജീവിതത്തിനേയും, എഴുത്തിനേയും ഏറ്റവുമധികം സ്വാധീനിച്ച രണ്ട് പേരായിരുന്നു മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ എസ് ജയചന്ദ്രന്‍ നായരും, ടി.ജെ.എസ് ജോര്‍ജും . കലാകൗമുദി വാരികയില്‍ നിന്ന് പടിയിറങ്ങിയ എസ്.ജയചന്ദ്രന്‍ നായരോട് .ടി.ജെ.എസ് ജോര്‍ജിന്റെ ആശയം ഉള്‍ക്കൊണ്ട് നാണപ്പന്‍ പറയുന്നു;

‘ ജയാ, ഇങ്ങനെ കുത്തിയിരുന്നാല്‍ പറ്റില്ല’.

അങ്ങനെയാണ് നാണപ്പന്റെ പ്രചോദനത്തില്‍ 27 കൊല്ലം മുന്‍പ് ജയചന്ദന്‍ നായര്‍ എഡിറ്ററായി ‘സമകാലീന മലയാളം’ വാരിക ആരംഭിക്കുന്നത്. പീന്നീടുളളത് ചരിത്രം.

വര്‍ഷം ഇരുപത്തിയാറു കഴിഞ്ഞിട്ടും അക്ഷരങ്ങളുടെ ലോകത്ത് നാണപ്പന്റെ വിയോഗമുണര്‍ത്തുന്ന ശ്യൂന്യത ഒരിക്കല്‍ കൂടി നാം അറിയുന്നു.  MP Narayana Pillai also known as nanappan, it’s been 26 years since he passed away

Content Summary; MP Narayana Pillai also known as nanappan, it’s been 26 years since he passed away

This post was last modified on May 20, 2025 9:32 am

അമർനാഥ്‌:
Leave a Comment