കഴിഞ്ഞ ദിവസം നാഗ്പൂരില്‍ വീരസതിദാറിന്റെ ഓര്‍മ്മ ദിവസം ആഘോഷിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തതത് ഹം ദേഖേംഗേ എന്ന വിഖ്യാത ഗാനം ആലപിച്ചതിന് കൂടിയായിരുന്നു. ചൈതന്യ താമ്നെ സംവിധാനം ചെയ്ത, ലോകപ്രശസ്തമായ, മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുള്ള, ‘കോര്‍ട്ട്’ എന്ന മറാത്തി ചിത്രത്തിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചുവെന്നത് മാത്രമല്ല, വീര സതിദാറിന്റെ പ്രശസ്തി. എഴുത്തുകാരന്‍, ചിന്തകന്‍, ഗായകന്‍, ആക്ടിവിസ്റ്റ്, അംബേദ്കറിസ്റ്റ് എന്നിങ്ങനെ വിവിധ തലങ്ങളില്‍ അറിയപ്പെടുന്ന വീരസതിദാറിന്റെ ഓര്‍മ്മ ദിവസം ആചരിച്ചതിനാണ് സംഘാടകരെ പോലിസ് അറസ്റ്റ് ചെയ്തത്.നാഗ്പൂരിലെ ചേരികളില്‍ നിന്ന് ജീവിതമാരംഭിച്ച് അംബേദ്കറിസ്റ്റ് ചിന്തകളും ഗാനങ്ങളും പ്രചരിപ്പിച്ച് നാടകപ്രവര്‍ത്തകനും ജേണലിസ്റ്റുമായി അറിയപ്പെടുന്ന കാലത്തെല്ലാം മഹാരാഷ്ട്ര പോലീസ് വീര സതിദാറിനെ വേട്ടയാടിയിരുന്നു.
പോലീസ് അര്‍ബല്‍ നക്സലുകള്‍ എന്നാരോപിച്ച് ആളുകളെ അറസ്റ്റ് ചെയ്തതിനൊപ്പം ‘ഹം ദേഖേംഗേ’ എന്ന വിഖ്യാത ഗാനം ആലപിച്ചതിന് രാജ്യദ്രോഹ കുറ്റവും ചുമത്തിയിരുന്നു. ഇന്ത്യയിലും പാകിസ്താനിലും മാത്രമല്ല, ഗസലും ബോളിവുഡ് സംഗീതവും ഉര്‍ദ്ദു വരികളും ആഘോഷിക്കപ്പെടുന്ന എല്ലായിടത്തും, ചെറിയ സുഹൃത്ത് സംഗമങ്ങളില്‍ മുതല്‍ പൊതു പരിപാടികളില്‍ വരെ ആലപിക്കപ്പെടുന്ന ഗാനമാണ്, പാകിസ്താനിയും ഉര്‍ദ്ദു കവിയും ബോളിവുഡ് സിനിമകളുടെ ഗാനരചയിതാവും കമ്മ്യൂണിസ്റ്റുമെല്ലാമായ ഫയ്സ് അഹമ്മദ് ഫയസിന്റെ ഗാനമാണ് ‘ഹം ദേഖേംഗേ’.
ഫയസ് അഹമ്മദ് ഫയസ്
ആ പാട്ടിനൊരു ചരിത്രമുണ്ട്. 1977-ല്‍ പട്ടാള അട്ടിമറിയിലുടെ പാകിസ്താനില്‍ അധികാരം പിടിച്ച ജനറല്‍ സിയ ഉള്‍ ഹഖിന്റെ ഭരണത്തില്‍ കീഴില്‍ ആ രാജ്യത്തിന്റെ ജനാധിപത്യം തകര്‍ന്ന് തരിപ്പണമായി. ഒരു പതിറ്റാണ്ടോളം പാകിസ്താന്‍ ഭരിച്ചിരുന്ന സുല്‍ഫിക്കര്‍ അലി ഭൂട്ടോയെ ജയിലിട്ട് പീഡിപ്പിച്ച് 1979 ഏപ്രില്‍ നാലിന് റാവല്‍പിണ്ടി ജയിലില്‍ തൂക്കിക്കൊന്നു. ഇക്കാലത്താണ് സിയ ഉള്‍ ഹഖിന്റെ ഭരണത്തോടുള്ള വിമര്‍ശനമായി ഫയസ് അഹമ്മദ് ഫയസിന്റെ കവിത വരുന്നത്. ഇസ്ലാമിക് നിയമങ്ങള്‍ നടപ്പിലാക്കുന്നുവെന്ന് അവകാശപ്പെട്ട സിയാവുള്‍ ഹഖ് ‘അള്ളാഹുവിനെ അല്ല, അധികാരത്തെയാണ് ആരാധിക്കുന്നത്’ എന്ന് വിമര്‍ശിച്ച ഫയസ് ‘ഈ അധികാരത്തിന്റെ ഗോപുരങ്ങളെല്ലാം കാറ്റില്‍ പറക്കുന്ന കാലം നാം കാണും’ എന്ന പ്രതീക്ഷയാണ് കവിതയിലൂടെ മുന്നോട്ട് വയ്ക്കുന്നത്.
1984-ല്‍ ഫയസ് അഹമ്മദ് ഫയസ് മരിച്ചു. എന്നാല്‍ 1986-ല്‍ രാജ്യം മുഴുവന്‍ സാരി നിരോധിച്ച സിയാ ഉള്‍ ഹഖിന്റെ തീരുമാനത്തിലുള്ള പ്രതിഷേധത്തിനൊടുവില്‍ ലാഹോറില്‍ ഏതാണ്ട് അരലക്ഷം പ്രക്ഷോഭകര്‍ക്ക് നടുവില്‍ നിന്ന് ഇഖ്ബാല്‍ ബാനുവെന്ന വിഖ്യാത ഗായിക കറുത്ത സാരിയുടുത്ത് ‘ഹം ദേഖേംഗേ’ പാടി. പ്രതിഷേധത്തില്‍ പങ്കെടുത്ത പതിനായിരങ്ങള്‍ മാത്രമല്ല, രാജ്യം മുഴുവന്‍ അതേറ്റ് പാടി. ഇന്ത്യയിലും ഹം, ദേഖേംഗേ ഒരു തരംഗമായി മാറി. സ്ത്രീ മുന്നേങ്ങളുടേയും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടേതും മാത്രമല്ല, മറ്റ് എന്ത് തകര്‍ന്നാലും അള്ളാഹുവിന്റെ കാരുണ്യം നിലനില്‍ക്കുമെന്ന് പ്രഖ്യാപിക്കുന്ന, ദൃശ്യനും അദൃശ്യനുമായി നിലനില്‍ക്കുന്ന പരമപൊരുളിന്റെ വാഴത്തൂ കൂടിയായ സവിശേഷമായ ഭക്തിയുടെ പ്രകടനം കൂടിയായി ഈ ഗാനം നിലനിന്നു. 1988-ല്‍ ഒരു വിമാനാപകടത്തില്‍ സിയാ ഉള്‍ ഹഖ് മരിച്ചതോടെ ആ പട്ടാള ഏകാധിപത്യ ഭരണം അവസാനിച്ചു. പക്ഷേ ‘ഹം ദേഖേംഗേ’ തുടര്‍ന്നും ആളുകള്‍ പാടിക്കൊണ്ടേയിരുന്നു.
ഇന്ത്യയില്‍ പൗരത്വപ്രക്ഷോഭം രാജ്യമെമ്പാടും പടര്‍ന്നപ്പോള്‍ ‘ഹം ദേഖേംഗേ’ പ്രതീക്ഷയുടേയും ചെറുത്ത് നില്‍പ്പിന്റേയും ഗാനമായി മാറി. പല സദസുകളിലും അത് ജനാധിപത്യ, മതേതര വിശ്വാസികള്‍ കൂട്ടായി പാടി. മലയാളത്തിലടക്കം അതിന് ധാരാളം പരിഭാഷകളുണ്ടായി. മലയാളത്തില്‍ ഷമീന ബീഗം നടത്തിയ വിവര്‍ത്തനം പിന്നീട് സംഗീതം നല്‍കി പ്രശസ്ത ഗായികയും സംഗീത നാടക അക്കാദമി ഉപാധ്യക്ഷയുമായ പുഷ്പവതി എത്രയോ സദസുകളില്‍ പാടി. ‘നമ്മള്‍ കാണും/ നാമത് കാണും നമ്മള്‍ കാണും/ നിശ്ചയമത് നാം നേരില്‍ കാണും / കാലം അതിന്റെ കരളില്‍ കൊത്തിയ /വാഗ്ദാനത്തിന്‍ നാള്‍ പുലരും’ എന്ന് തുടങ്ങുന്ന ആ ഗാനമിപ്പോള്‍ എത്രയോ പ്രശസ്തമാണ്.
കോര്‍ട്ട് എന്ന ചിത്രത്തില്‍ വീര സതിദാര്‍
ഇത്രയും ചരിത്രവും രാഷ്ട്രീയ ഉള്ളടക്കവുമുള്ള ഒരു ഗാനത്തിന്റെ ആലാപനമാണ് ‘രാജ്യദ്രോഹ’ കുറ്റമായി ഇന്ത്യന്‍ സര്‍ക്കാര്‍ മാറ്റുന്നത്. കഴിഞ്ഞ ആഴ്ചയില്‍ മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ വലിയ നടനും ആക്ടിവിസ്റ്റുമായ വീര സതിദാറിന്റെ ഓര്‍മ്മ ദിവസം അദ്ദേഹത്തിന്റെ ഭാര്യ പുഷ്പയുടെ നേതൃത്വത്തില്‍ വിദര്‍ഭ സാഹിത്യ സംഘ് നടത്തിയ ഏതാണ്ട് 150 ആളുകള്‍ പങ്കെടുത്ത പരിപാടിയില്‍ ഈ ഗാനം ആലപിച്ചതിനാണ് സംഘടകര്‍ക്കെതിരെ ഇന്ത്യന്‍ ന്യായ സംഹിതയിലെ ധാരാളം വകുപ്പുകളും രാജ്യദ്രോഹ കുറ്റവും മഹാരാഷ്ട്ര പോലീസ് ചുമത്തിയിരിക്കുന്നത്.
വീര സതിദാറാകട്ടെ കഴിഞ്ഞ കാലങ്ങളില്‍ ജീവിച്ചിരുന്ന ഏറ്റവും വലിയ അഭിനേതാവും രാഷ്ട്രീയ പ്രവര്‍ത്തകനും ജേണലിസ്റ്റും രാഷ്ട്രീയ ചിന്തകനും കവിയുമാണ്. മികച്ച സിനിമയ്ക്കുള്ള 2014-ലെ ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുള്ള ‘കോര്‍ട്ട്’ എന്ന അന്തരാഷ്ട്ര പ്രശസ്തമായ ചലച്ചിത്രത്തിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചതും വീരസതിദാറാണ്. മഹാരാഷ്ട്രയിലെ അംബേദ്കറിസ്റ്റുകളില്‍ ഏറ്റവും പ്രമുഖനായ ഒരാളായിരുന്ന അദ്ദേഹം 2021 -ല്‍ കോവിഡ് ബാധിച്ചാണ് മരിച്ചത്. രാജ്യത്തിനഭിമാനമായ അത്തരമൊരു ബുദ്ധിജീവിയുടെ ഓര്‍മ്മ ദിനത്തിന്റെ ആഘോഷത്തെയാണ് മഹാരാഷ്ട്ര പോലീസ് രാജ്യദ്രോഹ കുറ്റം ചുമത്താന്‍ ഉപയോഗിച്ചത് എന്നതാണ് ഏറ്റവും പ്രധാനം. Sedition case charge over singing Hum Dekhenge song, Sangh Parivar fear vira sathidar’ legacy
Content Summary; Sedition case charge over singing Hum Dekhenge song, Sangh Parivar fear vira sathidar legacy
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.