June 13, 2026 |
Share on

ഹോളോകാസ്റ്റിനെ അതിജീവിച്ച ശില്പി; നഷ്ടപ്പെട്ട പൈതൃകത്തെ ഓര്‍മ്മിപ്പിക്കുന്ന ‘ദി ബ്രൂട്ടലിസ്റ്റ്’

യൂറോപ്യന്‍ ആര്‍ക്കിടെക്ചര്‍ ചരിത്രമറിയുന്നവര്‍ക്ക് ദി ബ്രൂട്ടലിസ്റ്റ് വഴങ്ങുമായിരിക്കും

ഈ വര്‍ഷത്തെ ഓസ്‌കര്‍ നോമിനേഷനുകളില്‍ ‘ദി ബ്രൂട്ടലിസ്റ്റ്” (The Brutalist) മുന്‍പന്തിയില്‍ ആയിരുന്നു. പത്ത് വിഭാഗങ്ങളില്‍ മത്സരിച്ചു. ബെസ്റ്റ് ആക്ടര്‍, ബെസ്റ്റ് സിനിമറ്റോഗ്രാഫി, ബെസ്റ്റ് ബാക്ക്ഗ്രൗണ്ട് സ്‌കോര്‍- മൂന്ന് ഓസ്‌കര്‍ നേടി.

എയ്ഡ്രിന്‍ ബ്രോഡിക്ക് (Adrien Brody) കിട്ടിയ ഓസ്‌കാര്‍ ഹൈലൈറ് ആയിരുന്നു. 2002ല്‍ ‘ദി പിയാനിസ്റ്റ്’ എന്ന ചിത്രത്തിലാണ് എയ്ഡ്രിന്‍ ആദ്യത്തെ ഓസ്‌കര്‍ നേടിയത്. ഇഷ്ടപ്പെട്ട സിനിമയാണ്. നീണ്ട മൂക്കുള്ള, മെലിഞ്ഞ, പ്രത്യേക ശരീര പ്രകൃതിയുള്ള എയ്ഡ്രിന്‍ പലപ്പോഴും ഒരു ഇറ്റാലിയന്‍ ലുക്കുള്ള നടനായാണ് തോന്നിയിട്ടുള്ളത്. ദി ബ്രൂട്ടലിസ്റ്റില്‍ തന്റെ മൂക്കിനെക്കുറിച്ചു എയ്ഡ്രിന്‍ അവതരിപ്പിക്കുന്ന ലാസ്ലോ ടോത് എന്ന കഥാപാത്രം പരാമര്‍ശിക്കുന്നുണ്ട്. ട്രെയിനില്‍ നിന്നും മൂക്കും കുത്തി വീണപ്പോള്‍. ‘സ്റ്റാചു ഓഫ് ലിബര്‍ട്ടി’ ടോത് തല തിരിഞ്ഞു കണ്ടതും അപ്പോഴാണ്. ഹോളോകാസ്റ്റിനെ അതിജീവിച്ചു അമേരിക്കയില്‍ എത്തുന്ന ജൂതവംശജനായ ആര്‍ക്കിടെക്റ്റ് ലാസ്ലോയുടെ ദുരിതങ്ങളുടെയും, അതിജീവനത്തിന്റെയും കഥയാണ് ‘ദി ബ്രൂട്ടലിസ്റ്റ്’. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം പ്രചാരം നേടിയ, കോണ്‍ക്രീറ്റിനും സ്റ്റീലിനും പ്രാധാന്യം കൊടുത്തു, വളരെ ഒതുക്കി ചെയ്യുന്ന ഒരു ആര്‍ക്കിടെക്ചര്‍ ഫോം ആണ് ബ്രൂട്ടലിസം. അത് ആ ഇരുണ്ട കാലഘട്ടത്തെ പ്രതിഫലിപ്പിക്കുന്ന, പ്രായോഗികതയ്ക്ക് മുന്‍തൂക്കമുള്ള ഒരു ആര്‍ട്ടിസ്റ്റിക് എക്‌സ്‌പ്രെഷന്‍ കൂടിയാണ്. എസ്‌തെറ്റിക്‌സ് കുറയും എന്നര്‍ത്ഥം. എന്നാല്‍ ലാസ്ലോ തന്നെ അതിനെ കുറിച്ച് പറയുമ്പോള്‍ ‘വെരി പോയെറ്റിക്’ എന്ന് പ്രോത്സാഹിപ്പിക്കുന്നുണ്ട് അയാളുടെ അമേരിക്കന്‍ മുതലാളി വാന്‍ ബുറെന്‍ (Van Buren). അന്ന് ‘അമേരിക്കന്‍ ഡ്രീമു’മായി വന്നിരുന്ന യുദ്ധാനന്തര അഭയാര്‍ത്ഥികളെ അവിടുത്തെ ക്യാപിറ്റലിസ്റ്റുകള്‍ വിശ്വസിപ്പിച്ചിരുന്നത് അങ്ങനെയാണ്. ദി ബ്രൂട്ടലിസ്റ്റിന്റെ അവസാനത്തോട് അടുക്കുമ്പോള്‍ ടോതും, അയാളുടെ വ്യക്തിത്വമുള്ള ഭാര്യ എര്‍സബെറ്റും (Erzsbet) തമ്മിലുള്ള തുറന്ന വാഗ്വാദത്തില്‍ ഇതിന്റെ മറുവശം വ്യക്തമാക്കുന്നുണ്ട്. സത്യത്തില്‍ അത്രയൊന്നും ഇമ്പ്രെസ്സ് ചെയ്യാതിരുന്ന ഈ സിനിമയുടെ തിരക്കഥ നന്നായി തോന്നുന്ന സീനുകളില്‍ എല്ലാം എര്‍സബെറ്റിന്റെ സാനിധ്യം ഉണ്ടെന്നത് ശ്രദ്ധേയമാണ്. അവരും യുദ്ധത്തിന്റെ ഇരയാണ്. Felicity Jones എന്ന നടിയുടെ അഭിനയം പ്രശംസനീയമാണ്.

‘ദി ബ്രൂട്ടലിസ്റ്റ്’ എനിക്ക് അത്ര ഇഷ്ടപ്പെട്ടില്ല. മൂന്നു മണിക്കൂറില്‍ കൂടുതല്‍ നീളുന്ന ഈ സിനിമ ഒരുമിച്ചു കാണാനുള്ള മൂഡ് കിട്ടിയില്ല, സമയമെടുത്ത് കണ്ടു തീര്‍ത്തതാണ്. ഒരു രണ്ടു മണിക്കൂറില്‍ കൂടുതല്‍ ഈ സിനിമയ്ക്ക് പറയാന്‍ ഒന്നുമില്ല എന്നാണ് തോന്നിയത്. അതുകൊണ്ട് തന്നെ, ആദ്യപകുതി കഴിയുമ്പോള്‍, സിനിമയുടെ നീളം കൂടും, കൃത്യമായ ഇഴച്ചില്‍ അനുഭവപ്പെടും.

ബ്രൂട്ടലിസം ഒരു സിനിമയില്‍ രേഖപ്പെടുത്തി വെക്കുക, അതിലേക്ക് ഒരു ജൂത അഭയാര്‍ഥിയെ, അയാളുടെ അതിജീവന കഷ്ടപ്പാടുകളെ, അയാളുടെ അപമാനങ്ങളെയും പ്രതീക്ഷകളെയും ഇഴചേര്‍ത്ത് അവതരിപ്പിക്കുക എന്ന ചരിത്രപരമായ ധര്‍മമൊക്കെ സംവിധായകന്‍ ബ്രേഡീ കോര്‍ബെറ്റ് (Brady Corbet) ചെയ്തിട്ടുണ്ട്. ഓസ്‌കറിലേക്കു നയിക്കുന്ന രീതിയില്‍ സിനിമാട്ടോഗ്രാഫര്‍ Lol Crawley പണിയെടുത്തിട്ടുണ്ട്. ഷോട്ടുകളുടെ ടോണ്‍ ഇഷ്ടപ്പെട്ടു. ഇടയില്‍ എവിടെയൊക്കെയോ പാളുന്നുണ്ടെങ്കിലും എ ഐ വിഷ്വലുകള്‍ അടക്കം ആ കാലഘട്ടത്തിലെ ആര്‍ക്കിടെക്ചര്‍ പരമാവധി സ്വാഭാവികമാക്കാന്‍ ശ്രമിക്കുന്നു. ബ്രിട്ടീഷ് മ്യുസിഷ്യന്‍ ആയ ഡാനിയേല്‍ ബ്ലുംബെര്‍ഗിന്റെ (Daniel Blumberg) സ്‌കോറുകള്‍ കൊള്ളാം.

Doylestown എന്ന ലാസ്ലോയുടെ ഡ്രീം പ്രൊജക്റ്റ്, അയാളുടെ ജീവിതത്തിന്റെ തന്നെ ഒരേടാണ്. ലാസ്ലോ സ്ട്രക്ച്ചര്‍ സ്‌കെച്ചസ് ചെയ്യുന്ന രീതി നന്നായി അവതരിപ്പിച്ചിട്ടുണ്ട്. കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിനുള്ളിലെ ഇടുങ്ങിയ മുറികളും, എന്നാല്‍ ശ്വാസംമുട്ടിക്കാത്ത പരമാവധി ഉയര്‍ന്ന റൂഫുകളും, ഒരു കാര്‍ഡ്‌ബോര്‍ഡ് ഡെമോയില്‍ സൂര്യപ്രകാശം കുരിശു വരയ്ക്കുന്ന ഒരു ചാപ്പല്‍ അടക്കം ചെലവ് ചുരുക്കി ചെയ്യുന്ന ആര്‍ക്കിടെക്ചര്‍ രീതികള്‍ വിശദമായി തന്നെ ബ്രേഡീ അവതരിപ്പിക്കുന്നു, ലാസ്ലോയെക്കൊണ്ട്. ഒപ്പം വാന്‍ ബുറെന്‍ എന്ന ക്യാപിറ്റലിസ്റ്റും കുടുംബവും എങ്ങനെയാണ് ലാസ്ലോയെ ചൂഷണം ചെയ്യുന്നതെന്നും. കലയോടുള്ള അവരുടെ പ്രതിബദ്ധത എത്ര വ്യാജമാണെന്നും നമുക്ക് മനസ്സിലാവും. ഇല്ലാത്ത പാരമ്പര്യം ബിസിനസ് വളര്‍ത്താന്‍ ഉപയോഗിക്കുന്ന ലാസ്ലോയുടെ കസിന്‍ ആറ്റ്‌ലിയൊക്കെ ഇതിന്റെ മറ്റൊരു വശമാണ്.

ദി ബ്രൂട്ടലിസ്റ്റിന്റെ പ്രശ്‌നം ഈ യാത്രയുടെ നീളമാണ്. എന്നാലോ ഒരു ത്രെഡും ഈ സിനിമ വൃത്തിയായി കൈകാര്യം ചെയ്യുന്നില്ല, പല കാര്യങ്ങളും തുടങ്ങിയിടത്തു നില്‍ക്കുന്നത് കൊണ്ട് കഥാപാത്രങ്ങളെ ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടുണ്ട്. ലാസ്ലോയുടെ ഭാര്യക്കൊപ്പം അമേരിക്കയിലേക്ക് കുടിയേറുന്ന, ഒടുവില്‍ ഇസ്രയേലിനെ സ്വന്തം രാജ്യമായി പ്രഖ്യാപിക്കുന്ന അയാളുടെ മരുമകള്‍ സോഫി നല്ലൊരു ഉദാഹരണമാണ്. അവിശ്വസനീയമായി തോന്നിയ മറ്റൊരു കാര്യമാണ് വാന്‍ ബുറെന്റെ പ്രൊഫൈലിനെ ബ്രേഡി തരം താഴ്ത്തുന്ന രീതി. ഡ്രഗ് അഡിക്ട് ആയ ലാസ്ലോയെ വീണു കിട്ടിയ സാഹചര്യം ഉപയോഗപ്പെടുത്തി ചതിക്കുന്നു എന്ന് കരുതിയാലും കരാര ഖനികളിലെ ആ സീന്‍ നീതീകരിക്കാന്‍ കഴിയില്ല. ബുറെന്റെ മകന്റെ കാര്യത്തിലും ചില സമയത്തു ഇതേ വിയോജിപ്പുണ്ട്. ഒരു കഥാപാത്രഘടനയും സംവിധായകന്റെ കയ്യില്‍ ഭദ്രമല്ല. വാന്‍ ബുറെനെ ഗയ് പിയേഴ്‌സ് (Guy Pierce) അവതരിപ്പിക്കുന്നു. ആ കാലഘട്ടത്തിന്റെ കൃതിമത്വം മുഴച്ച് നില്ക്കുന്ന അഭിനയം. ജോ ആല്‍വിന്‍ (Joe Alwyn) ആണ് മകന്‍. കഥാപാത്രത്തിന് വേണ്ട അഭിനയം ഉണ്ടെന്നു പറയാം. Mona Fastvold ആണ് സംവിധായകന്‍ കോര്‍ബെറ്റിന്റെ കോ-റൈറ്റര്‍. രണ്ടുപേരും കൂടി എഴുതിയ തിരക്കഥ ഇവരെയൊന്നും വേണ്ട വിധത്തില്‍ പരിഗണിച്ചില്ല എന്ന് വേണം പറയാന്‍.

ഓസ്‌കര്‍ നേടിയ എയ്ഡ്രിന്‍ ബ്രോഡിയെ പറ്റി പറഞ്ഞാല്‍ അത്യാവശ്യം എല്ലാ വികാരങ്ങളും സ്‌ക്രീനിലേക്ക് കൊണ്ടുവരേണ്ട ഒരു കഥാപാത്രം തന്നെയാണ് ഹങ്കേറിയയില്‍ നിന്നും പലായനം ചെയ്തു വരുന്ന ആര്‍ക്കിടെക്ട് ലാസ്ലോ ടൂത്. അഭയം കൊടുത്തവരില്‍ നിന്ന് തന്നെ അപമാനമേറ്റു പുറന്തള്ളപ്പെടുന്ന, പല അടിസ്ഥാന ജോലികളും ചെയ്യേണ്ടി വരുന്ന, ബ്രൂട്ടലിസം വളര്‍ത്താന്‍ ശ്രമിക്കുന്ന, ഇംഗ്ലീഷ് ഉച്ചാരണം കളിയാക്കപ്പെടുന്ന, കുടുംബത്തെ പിരിയേണ്ടി വരുന്ന, കടുത്ത മാനസിക സംഘര്‍ഷങ്ങളില്‍ ഡ്രഗ് ഉപയോഗിക്കുന്ന, അമേരിക്കന്‍ ഡ്രീം പിന്തുടര്‍ന്ന്, സ്വഭാവം തന്നെ മാറിപ്പോകുന്ന ലാസ്ലോ. പക്ഷെ, തുടക്കം മുതല്‍ അവസാനം വരെ എയ്ഡ്രിന്‍ ഈ കഥാപാത്രത്തെ ഒരേപോലെ ഉള്‍ക്കൊണ്ടു എന്ന് തോന്നിയില്ല.

ഹോളിവുഡില്‍ ഇപ്പോള്‍ ജൂതലോബികളും സജീവമാണ് എന്നാണ് കേള്‍വി. ദി ബ്രൂട്ടലിസ്റ്റിന് ഇസ്രയേല്‍ ചായ്വ് ഉണ്ട്. ജൂതന്മാരുടെ ഏറ്റവും സുരക്ഷിതമായ അഭയകേന്ദ്രം എന്ന് പറയാതെ പറയുന്നു. സിയോണിസവും ഇടയില്‍ വായിച്ചെടുക്കാം. വലിയ ക്യാന്‍വാസില്‍ പരത്തി പറഞ്ഞത് കൊണ്ടും, നീണ്ട ഒരു കാലഘട്ടത്തിലൂടെ ഈ സിനിമ സഞ്ചരിക്കുന്നത് കൊണ്ടും, ഇതിന്റെ തീമും രാക്ഷ്ട്രീയവും കുറച്ചു ചോര്‍ന്നു പോകുന്നുണ്ട്. സിനിമ അവസാനിച്ച രീതി തീരെ ഇഷ്ടപ്പെട്ടില്ല. ഒരു ഇഫക്റ്റും ഇല്ലാതെ, എവിടെയോ കൊണ്ട് ഇടിച്ചുനിര്‍ത്തിയ പോലെ. എന്തായാലും, ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിലെ, യൂറോപ്യന്‍ ആര്‍ക്കിടെക്ചര്‍ ചരിത്രമറിയുന്നവര്‍ക്ക് ദി ബ്രൂട്ടലിസ്റ്റ് കുറച്ചു കൂടെ വഴങ്ങുമായിരിക്കും.Holocaust survivor sculptor;  ‘The Brutalist’ recalls lost heritage

Content Summary: Holocaust survivor sculptor; ‘The Brutalist’ recalls lost heritage

Leave a Reply

Your email address will not be published. Required fields are marked *

×