ഓൺലൈനിലൂടെ പാൽ ഓർഡർ ചെയ്ത വൃദ്ധയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 18.5 ലക്ഷം തട്ടിയതായി റിപ്പോർട്ട്. മുംബൈ സ്വദേശിയായ 71 കാരിയിൽ നിന്നാണ് പണം നഷ്ടമായിരിക്കുന്നതെന്ന് ദി ഹിന്ദു റിപ്പോർട്ട് ചെയ്തു.
ഒരു ഫുഡ് ഡെലിവറി ആപ്പിൽ നിന്ന് ഒരു ലിറ്റർ പാൽ ഓർഡർ ചെയ്യാൻ ശ്രമിച്ചപ്പോഴാണ് രണ്ട് ദിവസത്തിനുള്ളിൽ ബാങ്ക് അക്കൗണ്ട് മുഴുവൻ കാലിയായതെന്ന് പൊലീസ് അറിയിച്ചു.
ഈ മാസം ഓഗസ്റ്റ് നാലിന് മുംബൈയിലെ ഒരു മിൽക്ക് കമ്പനിയിൽ നിന്ന് എക്സിക്യൂട്ടീവ് ആണെന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് ഒരാൾ വൃദ്ധയെ വിളിക്കുകയായിരുന്നു. ദീപക് എന്നാണ് പേര് പറഞ്ഞിരുന്നത്. പാൽ ഓർഡർ ചെയ്യുന്നതിനായി ഉപഭോക്താവിന്റെ വിവരങ്ങൾ ആവശ്യമാണെന്നും അതിനായി ഒരു ലിങ്ക് അയക്കുമെന്നും അറിയിച്ചു. തുടർന്ന് വൃദ്ധയുടെ മൊബൈലിലേക്ക് ലിങ്ക് വരുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ലിങ്കിൽ ക്ലിക്ക് ചെയ്യാനും തട്ടിപ്പുകാരൻ ആവശ്യപ്പെട്ടിരുന്നു. ഫോൺ കോൾ ഒരു മണിക്കൂറിലധികം നീണ്ടുപോയതിനാൽ ഫോൺ കട്ടാക്കുകയായിരുന്നുവെന്ന് വൃദ്ധ പൊലീസിനോട് പറഞ്ഞു. തൊട്ടടുത്ത ദിവസം പരാതിക്കാരിക്ക് തട്ടിപ്പുകാരനിൽ നിന്ന് വീണ്ടും ഫോൺ കോൾ വരുകയും കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തതായി പരാതിക്കാരി പറഞ്ഞു.
തുടർന്നുള്ള ദിവസങ്ങളിൽ ബാങ്ക് സന്ദർശിച്ചപ്പോഴാണ് തന്റെ ഒരു അക്കൗണ്ടിൽ നിന്ന് 1.7 ലക്ഷം രൂപ കാണാതായതായി അറിഞ്ഞത്. തുടർന്ന് മറ്റ് രണ്ട് അക്കൗണ്ടുകൾ കൂടി പരിശോധിക്കുകയായിരുന്നു. അവയിൽ നിന്നും പണം തട്ടിയതായും മുഴുവൻ 18.5 ലക്ഷം രൂപ നഷ്ടപ്പെട്ടതായും മനസിലായത്.
തുടർന്നാണ് വൃദ്ധ പൊലീസിൽ പരാതി നൽകിയത്. പരാതിക്കാരി ക്ലിക്ക് ചെയ്ത ലിങ്ക് വഴി പ്രതി ഫോൺ ഹാക്ക് ചെയ്ത് പണം തട്ടിയതാകാനാണ് സാധ്യതയെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
Content Summary: Mumbai woman loses 18.5 lakh to fraudsters while trying to order milk online
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.