July 03, 2026 |
Share on

കത്തി മുനയിൽ നിർത്തി അവർ അവളെ വിവസ്ത്രയാക്കി; പൊള്ളാച്ചിയെ ഓർമ്മിപ്പിക്കുന്ന കോയമ്പത്തൂർ ബലാത്സം​ഗ കേസ്

ഇരു കേസുകൾക്കും സമാനതകളേറെയാണ്

തമിഴ്നാടിനെയാകെ നടുക്കിയിരിക്കയാണ് കോയമ്പത്തൂരിൽ 20 വയസുകാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ സംഭവം. ഏറ്റുമുട്ടലിനൊടുവിൽ പ്രതികളെ പൊലീസ് പിടികൂടിയെങ്കിലും അതിജീവിതയ്ക്ക് പ്രതികളെ തിരിച്ചറിയാൻ കഴിയാത്തത് അന്വേഷണം വഴിമുട്ടിച്ചേക്കാമെന്ന ആശങ്കയുണർത്തുന്നുണ്ട്. 2019ൽ ഏറെ ചർച്ചയായ പൊള്ളാച്ചി പീഡനക്കേസിനും കോയമ്പത്തൂർ ലൈം​ഗികാതിക്രമക്കേസിനും സമാനതകളേറെയാണ്. ഒറ്റനോട്ടത്തിൽ നോക്കിയാൽ ഒരേ സംഭവങ്ങൾ.

കോയമ്പത്തൂരിലെ സ്വകാര്യ കോളജിലെ എംബിഎ വിദ്യാർഥിനിയായ 20 വയസുകാരിയാണ് ഞായറാഴ്ച കൂട്ട ബലാത്സംഗത്തിന് ഇരയായത്. കോയമ്പത്തൂർ രാജ്യാന്തര വിമാനത്താവളത്തിനടുത്തുള്ള വൃന്ദാവൻ നഗറിൽ ആൺസുഹൃത്തുമായി കാറിൽ സംസാരിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ മൂന്നംഗ സംഘം തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു.

പൊള്ളാച്ചി ലൈം​ഗികാതിക്രമക്കേസിൽ ഇരയെ മുന്നേ തന്നെ ലക്ഷ്യം വച്ച് ആക്രമി സംഘം പദ്ധതി തയ്യാറാക്കും. പെണ്‍കുട്ടികളെ തങ്ങളുടെ വലയില്‍ വീഴ്ത്തിയശേഷം ലൈംഗികമായി ഉപദ്രവിക്കുകയും പിന്നീയ് ബ്ലാക് മെയല്‍ ചെയ്ത പണം തട്ടുകയുമായിരുന്നു പ്രതികള്‍ ചെയ്തിരുന്നത്. പ്രതികളാല്‍ ഉപദ്രവിക്കപ്പെട്ട 19 കാരിയായ കോളേജ് വിദ്യാര്‍ത്ഥിനി പരാതി നല്‍കാന്‍ തയ്യാറായതോടെയാണ് ഈ കൊടുംക്രൂരത പുറത്തറിയുന്നതും കുറ്റവാളികള്‍ പിടിക്കപ്പെടുന്നതും. ശബരിരാജന്‍ എന്ന റിഷ്വന്ത്, തിരുന്നാവക്കരസ്, വസന്തകുമാര്‍, സതീഷ് എന്നിവരാണ് ആദ്യം പിടിയിലാകുന്നത്.

also read; ‘എന്നെ ദയവ് ചെയ്ത് വിടൂ അണ്ണാ…’ ആ പെണ്‍കുട്ടിയുടെ കരച്ചില്‍ സഹിക്കാന്‍ പറ്റുമായിരുന്നില്ല https://azhimukham.com/2019-pollachi-sexual-assault-case-details-of-the-case-that-shook-tamil-nadu/

ശബരിരാജ് എന്ന റിഷ്വന്ത് ആയിരുന്നു പെണ്‍കുട്ടികളുമായി ആദ്യം ബന്ധം സ്ഥാപിക്കുന്നത്. സോഷ്യല്‍ മീഡിയ വഴിയായിരുന്നു പെണ്‍കുട്ടികളുമായി പരിചയത്തിലാകുന്നത്. പിന്നീട് ആ ബന്ധം നേരില്‍ കാണുന്നതിലേക്ക് എത്തും. ഇതിനുശേഷമാണ് പെണ്‍കുട്ടികളെ ആളൊഴിഞ്ഞ വീടുകളിലോ ഹോട്ടല്‍ മുറികളിലോ എത്തിക്കും. പരാതിക്കാരിയായ 19 കാരിയുമായും ഇയാള്‍ ഇത്തരത്തില്‍ ബന്ധം സ്ഥാപിച്ചു. അത്യാവശ്യമായി ഒരു കാര്യം സംസാരിക്കാനുണ്ടെന്നും നേരില്‍ കാണണമെന്നും പറഞ്ഞാണ് റിഷ്വന്ത് തന്നെ വിളിച്ചു വരുത്തിയതെന്നാണ് 19 കാരിയുടെ പരാതിയില്‍ പറയുന്നത്.

കോയമ്പത്തൂരിൽ ആൺസുഹൃത്തിനൊപ്പം രാത്രി കാറിൽ സംസാരിച്ചുക്കൊണ്ടിരിക്കയായിരുന്നു 20കാരിയായ മെഡിക്കൽ വിദ്യാർത്ഥി. ഇവർക്ക് അരികിലേക്കെത്തിയ സംഘം ആദ്യം ഇരുവരെയും വാഹനത്തിൽ നിന്ന് പുറത്തിറങ്ങാൻ ഭീഷണിപ്പെടുത്തി. തുടർന്ന് അരിവാൾ ഉപയോഗിച്ച് കാറിന്റെ ചില്ല് തകർക്കുകയും വാതിൽ തുറക്കുകയും ചെയ്തു. സുഹൃത്തിന്റെ തലയ്ക്ക് വെട്ടുകത്തികൊണ്ട് ആക്രമിച്ചതിനെത്തുടർന്ന് യുവാവിന് ഗുരുതരമായി പരിക്കേൽക്കുകയും ബോധരഹിതനാവുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

തുടർന്ന് വിദ്യാർത്ഥിനിയെ സമീപത്തെ സ്ഥലത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കത്തിമുനയിൽ നിർത്തി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ബോധം തിരികെ ലഭിച്ച സുഹൃത്ത് ഉടൻ തന്നെ പോലീസ് കൺട്രോൾ റൂമിൽ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി ഗുരുതരമായി പരിക്കേറ്റ സുഹൃത്തിനെ ഉടൻ ആശുപത്രിയിലേക്ക് മാറ്റുകയും ഏകദേശം ഒരു കിലോമീറ്റർ അകലെ നിന്ന് വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ബലാത്സംഗം നടന്ന സ്ഥലത്തുനിന്ന് പ്രതികൾ ഉപയോഗിച്ചതെന്ന് കരുതുന്ന ഇരുചക്ര വാഹനവും പോലീസ് കണ്ടെടുത്തു.

ലൈംഗികാതിക്രമം നടക്കുന്നതിന് ഒരാഴ്ച മുമ്പ് പ്രതികൾ ഒരു ബൈക്ക് മോഷ്ടിച്ചിരുന്നു. ഈ മോഷണക്കേസിലെ ‍അന്വേഷണം നടന്നുക്കൊണ്ടിരിക്കയാണ്. ഞായറാഴ്ച രാത്രി കുറ്റകൃത്യം നടന്ന ശേഷം പ്രതികൾ എയർപോർട്ട് പരിസരത്ത് നിന്ന് നടന്നുപോയെന്ന് പോലീസ് അനുമാനിച്ചു അതിനാൽ, ആ പ്രദേശത്തെ എല്ലാ നിരീക്ഷണ കാമറകളും പോലീസ് പരിശോധിച്ചിരുന്നു. ഈ ക്ലിപ്പുകളിൽ ഒന്നിലാണ്, ഒരേ പ്രായത്തിലുള്ള മൂന്ന് പേരെ കണ്ടെത്തിയത്.

അക്രമത്തിനിടെ ഈ മൂവർ സംഘം ഇരയുടെ സുഹൃത്തിന്റെ ഐഫോണും മോഷ്ടിച്ചിരുന്നു. പ്രതികൾ ഈ ഫോൺ വിൽക്കാൻ ശ്രമിക്കുമെന്ന വിശ്വാസത്തിൽ, കോയമ്പത്തൂരിലെയും മേട്ടുപ്പാളയത്തെയും എല്ലാ സെക്കൻഡ് ഹാൻഡ് മൊബൈൽ കടകളിലും പോലീസ് രഹസ്യമായി ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. പ്രതീക്ഷകൾ തെറ്റിയില്ല ഫോൺ വിൽക്കാനായി അവരെത്തി, പൊലീസ് പിടികൂടി.

പണം ലക്ഷ്യം വച്ച് അതിക്രമങ്ങൾ നടത്തുന്ന രീതി വർദ്ധിക്കുന്നുവെന്നാണ് ഈ സംഭവങ്ങൾ ഓർമ്മിപ്പിക്കുന്നത്. പൊള്ളാച്ചി കേസിൽ, ഇരകളെ മുൻകൂട്ടി ലക്ഷ്യം വെച്ച് വലയിൽ വീഴ്ത്തി, ലൈംഗികമായി ഉപദ്രവിച്ച ശേഷം ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടുകയായിരുന്നു പ്രധാനമായും ചെയ്തിരുന്നത്. 19-കാരിയായ കോളേജ് വിദ്യാർത്ഥിനി പരാതി നൽകാൻ തയ്യാറായതോടെയാണ് ഈ ക്രൂരത പുറത്തറിയുന്നത്. ശബരിരാജൻ (റിഷ്വന്ത്) ആണ് സോഷ്യൽ മീഡിയ വഴി പെൺകുട്ടികളുമായി ബന്ധം സ്ഥാപിച്ച് ആളൊഴിഞ്ഞ വീടുകളിലേക്കോ ഹോട്ടൽ മുറികളിലേക്കോ എത്തിച്ചിരുന്നത്. കോയമ്പത്തൂരിലെ പുതിയ സംഭവത്തിൽ മുൻപരിചയമില്ലാതെ, വിജനമായ സ്ഥലത്ത് കാറിൽ ഇരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു. ഇരു കേസുകളിലും കോളേജ് വിദ്യാർത്ഥിനികൾ ഇരകളാക്കപ്പെട്ടു എന്നതും, പൊതുസ്ഥലത്തിന് സമീപമുള്ള വിജനമായ ഇടങ്ങൾ കുറ്റകൃത്യത്തിനായി തിരഞ്ഞെടുത്തു എന്നതുമാണ് പ്രധാന സമാനത. പൊള്ളാച്ചിക്കേസിലെ വിധി വന്ന് വെറും ആറു മാസങ്ങൾക്ക് ശേഷമാണ് ഏറെ സമാനകളോടെ മറ്റൊരു സംഭവം റിപ്പോർട്ട് ചെയ്യുന്നത്.

content summary: Stripped naked at knifepoint, Coimbatore rape case echoes Pollachi horror

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×