ഇന്ത്യയെ നടുക്കിയ പൊള്ളാച്ചി ലൈംഗിക പീഡന കേസില്‍ ഒമ്പത് പ്രതികള്‍ക്കും ജീവപര്യന്തം. ക്രിമിനല്‍ ഗൂഢാലോചന, ലൈംഗിതാതിക്രമം, ബലാത്സംഗം, കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി വിവിധ കുറ്റങ്ങളാണ് പ്രതികള്‍ക്കു മേല്‍ ചുമത്തിയത്. പ്രതികള്‍ എല്ലാ കുറ്റങ്ങളും ചെയ്തുവെന്ന് ബോധ്യമായതിനെ തുടര്‍ന്നാണ് കോയമ്പത്തൂര്‍ മഹിള കോടതി എല്ലാ പ്രതികള്‍ക്കും ജീവപര്യന്തം വിധിച്ചത്. കെ.തിരുന്നാവക്കരശ്, എന്‍ ശബരിരാജന്‍(റിഷ്വന്ത്), എം സതീഷ്, ടി വസന്തകുമാര്‍, ആര്‍ മണിവണ്ണന്‍, ഹരോണിമസ് പോള്‍, പി ബാബു(ബൈക്ക് ബാബു), കെ അരുള്‍നന്ദം, എം അരുണ്‍കുമാര്‍ എന്നിവരാണ് പ്രതികള്‍.
2019 ലാണ് രാജ്യത്തെ തന്നെ നടുക്കിയ പൊള്ളാച്ചി ലൈംഗിക പീഡന കേസ് പുറത്തറിയുന്നത്. ഇന്ത്യ പൊതു തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്ന സമയം കൂടിയായിരുന്നുവത്. അന്ന് തമിഴ്‌നാട് ഭരിക്കുന്നത് എഐഎഡിഎംകെ സര്‍ക്കാരായിരുന്നു. ഭരണകക്ഷിയിലേക്കും ആരോപണങ്ങള്‍ നീണ്ടു. ഡിഎംകെ വിഷയം ഏറ്റെടുത്തു. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം സംസ്ഥാനം കണ്ടു.
ഞെട്ടിക്കുന്ന കാര്യങ്ങളായിരുന്നു ഈ കേസിന് പിന്നില്‍ നടന്നത്. പെണ്‍കുട്ടികളെ തങ്ങളുടെ വലയില്‍ വീഴ്ത്തിയശേഷം ലൈംഗികമായി ഉപദ്രവിക്കുകയും പിന്നീയ് ബ്ലാക് മെയല്‍ ചെയ്ത പണം തട്ടുകയുമായിരുന്നു പ്രതികള്‍. ഇവരുടെ പിന്നില്‍ രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടെന്ന ആരോപണം അന്നേ ശക്തമായിരുന്നു. അന്നത്തെ എ ഐ എ ഡി എം കെ സര്‍ക്കാരിലെ പ്രമുഖരുടെ മക്കളും പെണ്‍കുട്ടികളെ ഉപദ്രവിച്ചിട്ടുണ്ടെന്നായിരുന്നു ഡിഎംകെയുടെ ആരോപണം. പ്രതികളരിലൊരാളായ തിരുന്നാവക്കരസിന്റെതായി പുറത്തു വന്ന ഒരു വീഡിയോയില്‍ തങ്ങള്‍ക്ക് രാഷ്ട്രീയക്കാരുമായി അടുത്ത ബന്ധമുണ്ടെന്ന് പറയുന്നുണ്ട്. പരാതിക്കാരുടെ ബന്ധുക്കളെ ഭീഷണിപ്പെടുത്തിയതിന് അണ്ണാ ദ്രാവിഡ മുന്നേറ്റ കഴഗത്തിന്റെ പ്രാദേശിക നേതാവായിരുന്ന എ നാഗരാജിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
കൊടും ക്രൂരതയുടെ കഥ
പ്രതികളാല്‍ ഉപദ്രവിക്കപ്പെട്ട 19 കാരിയായ കോളേജ് വിദ്യാര്‍ത്ഥിനി പരാതി നല്‍കാന്‍ തയ്യാറായതോടെയാണ് ഈ കൊടുംക്രൂരത പുറത്തറിയുന്നതും കുറ്റവാളികള്‍ പിടിക്കപ്പെടുന്നതും. ശബരിരാജന്‍ എന്ന റിഷ്വന്ത്, തിരുന്നാവക്കരസ്, വസന്തകുമാര്‍, സതീഷ് എന്നിവരാണ് ആദ്യം പിടിയിലാകുന്നത്. പൊള്ളാച്ചി സ്വദേശിയായ ശബരിരാജന്‍ സിവില്‍ എഞ്ചിനീയര്‍ ആയിരുന്നു. പിടിയാലാകുമ്പോള്‍ ഇയാളുടെ പ്രായം 25. അറസ്റ്റിലാകുമ്പോള്‍ 26 വയസുണ്ടായിരുന്ന തിരുന്നാവക്കരസ് പണമിടപാടുകാരനായിരുന്നു. ഇയാളുടെ പണപ്പിരിവുകാരനായിരുന്നു വസന്തകുമാര്‍. പൊള്ളാച്ചിയില്‍ റെഡിമെയ്ഡ് തുണിക്കട നടത്തുകയായിരുന്നു സതീഷ്.
ശബരിരാജ് എന്ന റിഷ്വന്ത് ആയിരുന്നു പെണ്‍കുട്ടികളുമായി ആദ്യം ബന്ധം സ്ഥാപിക്കുന്നത്. സോഷ്യല്‍ മീഡിയ വഴിയായിരുന്നു പെണ്‍കുട്ടികളുമായി പരിചയത്തിലാകുന്നത്. പിന്നീട് ആ ബന്ധം നേരില്‍ കാണുന്നതിലേക്ക് എത്തും. ഇതിനുശേഷമാണ് പെണ്‍കുട്ടികളെ ആളൊഴിഞ്ഞ വീടുകളിലോ ഹോട്ടല്‍ മുറികളിലോ എത്തിക്കും. പരാതിക്കാരിയായ 19 കാരിയുമായും ഇയാള്‍ ഇത്തരത്തില്‍ ബന്ധം സ്ഥാപിച്ചു. അത്യാവശ്യമായി ഒരു കാര്യം സംസാരിക്കാനുണ്ടെന്നും നേരില്‍ കാണണമെന്നും പറഞ്ഞാണ് റിഷ്വന്ത് തന്നെ വിളിച്ചു വരുത്തിയതെന്നാണ് 19 കാരിയുടെ പരാതിയില്‍ പറയുന്നത്. പറഞ്ഞതനുസരിച്ച് പൊള്ളാച്ചി ബസ് സ്റ്റോപ്പില്‍ പെണ്‍കുട്ടി എത്തുമ്പോള്‍ അവിടെ റിഷ്വന്തും തിരുന്നാവക്കരസും കാത്തുനില്‍പ്പുണ്ടായിരുന്നു. ഒരു കാറിലാണ് ഇവര്‍ എത്തിയത്. കാറില്‍ ഇരുന്ന് സംസാരിക്കാമെന്നു പറഞ്ഞ് പെണ്‍കുട്ടിയെ വണ്ടിയില്‍ കയറ്റുകയായിരുന്നു. തിരുന്നാവക്കരസ് ആണ് കാര്‍ ഓടിച്ചത്. കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ സതീഷും വസന്തകുമാറും വണ്ടിയില്‍ കയറി. തുടര്‍ന്നു ഭീഷണിപ്പെടുത്തിയും ബലം പ്രയോഗിച്ചും പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ നീക്കുകയും വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. പിന്നീട് പെണ്‍കുട്ടിയുടെ മാല തട്ടിയെടുത്തു. തങ്ങള്‍ക്ക് ലൈംഗികമായി വഴങ്ങണമെന്നും ആവശ്യപ്പെടുന്ന പണം തരണമെന്നും ഇല്ലെങ്കില്‍ വീഡിയോ ഇന്റര്‍നെറ്റില്‍ കൂടി പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. പെണ്‍കുട്ടി കരഞ്ഞ് ബഹളം വച്ചതിനെ തുടര്‍ന്നു കുറച്ചു കഴിഞ്ഞപ്പോള്‍ വഴിയില്‍ ഇറക്കി വിട്ടു നാലുപേരും കടന്നു കളഞ്ഞു.
ഭയം കാരണം നടന്നതൊന്നും പെണ്‍കുട്ടി വീട്ടില്‍ പറഞ്ഞിരുന്നില്ല. എന്നാല്‍ നാലുപേരും പലതവണയായി വീഡിയോ കാട്ടി ഭീഷണി പെണ്‍കുട്ടിയില്‍ നിന്നും പണം അപഹരിച്ചുകൊണ്ടിരുന്നു. ഇത് തുടര്‍ന്നതോടെയാണ് വിവരങ്ങള്‍ തന്റെ സഹോദരനെ അറിയിക്കാന്‍ പെണ്‍കുട്ടി തീരുമാനിച്ചത്. സഹോദരന്‍ പൊലീസില്‍ അറിയച്ചതോടെയാണ് നാലുപേരും പിടിയിലാകുന്നതും ഇവര്‍ നടത്തി വന്നിരുന്ന ക്രൂരതകള്‍ വെളിച്ചത്ത് വരുന്നതും.
പൊള്ളാച്ചിയിലെ പെണ്‍കുട്ടിയോട് ചെയ്തതു തന്നെയാണ് മറ്റു പെണ്‍കുട്ടികളോടും ഇവര്‍ കാണിച്ചിരുന്നത്. ലൈംഗിക പീഡനം മാത്രമായിരുന്നില്ല, പണം തട്ടലും പ്രതികളുടെ ലക്ഷ്യമായിരുന്നു. 60 മുതല്‍ 200 ഓളം പേരെ, വിദ്യാര്‍ത്ഥിനികളും യുവതികളും ഉള്‍പ്പെടെ- ഇവര്‍ വലയില്‍ വീഴ്ത്തിയെന്നാണ് വിവരം.
തന്റെ വലയില്‍ വീഴുന്ന പെണ്‍കുട്ടികളെയും കൊണ്ട് ഓരോ സ്ഥലത്ത് എത്തുന്ന റിഷ്വന്ത്(ശബരിരാജന്‍) അവരെ ഒന്നുകില്‍ ബലം പ്രയോഗിച്ചോ അല്ലെങ്കില്‍ വശീകരിച്ചോ ലൈംഗിക ബന്ധത്തിനു സമ്മതിപ്പിക്കും. ഇത് മറ്റു പ്രതികള്‍ മൊബൈലില്‍ പകര്‍ത്തും. ഈ ദൃശ്യങ്ങളാണ് പ്രതികള്‍ പിന്നീട് ബ്ലാക് മെയ്ലിംഗിന് ഉപയോഗിക്കുന്നത്.
ഇത്തരത്തിലുള്ള മൂന്നു വീഡിയോകള്‍ പുറത്തു വന്നിരുന്നു. പ്രതികള്‍ തന്നെയാണ് ഈ വീഡിയോകള്‍ പുറത്തുവിട്ടതെന്നാണ് പറയുന്നത്. ഇതില്‍ ഒരു വീഡിയോയില്‍ ഒരു പെണ്‍കുട്ടി ശബരിരാജന്റെ പേര് വിളിച്ച് കരയുന്നുണ്ട്. മറ്റൊരു വീഡിയോയില്‍ തിരുന്നാവക്കരസിനെ കാണാം. മറ്റൊരു വീഡിയോയില്‍ സതീഷ് ഒരു പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുന്നതും തന്റെ കൂട്ടാളികള്‍ക്ക് ആ ദൃശ്യങ്ങള്‍ പകര്‍ത്താനായി മുറിയുടെ വാതില്‍ തുറന്നിട്ടു കൊടുക്കുന്നതും കാണാം. മറ്റൊരു വീഡിയോയില്‍ ഒരു പെണ്‍കുട്ടിയെ മൊബൈലില്‍ പകര്‍ത്തുന്നതിനൊപ്പം അടുത്ത ദിവസം എവിടെവച്ച് കാണാമെന്നു തുടര്‍ച്ചയായി ചോദിക്കുന്നതും കേള്‍ക്കാമായിരുന്നു. ഈ ദൃശ്യങ്ങള്‍ ഇരകളെ വീണ്ടും തങ്ങളുടെ ലൈംഗിക ഇംഗിതങ്ങള്‍ക്ക് വിധേയരാക്കാനും പണം തട്ടിയെടുക്കാനും പ്രതികള്‍ ഉപയോഗിക്കുമായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്.
ലഭ്യമായ വീഡിയോകള്‍ പരിശോധിച്ചതില്‍ എല്ലാം പ്രതികളില്‍ ഒരാള്‍ പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന സമയത്ത് വാതില്‍ പൂട്ടാതെ ഇട്ടിരിക്കുന്നത് കാണാനാകുമെന്നു പൊലീസ് പറയുന്നുണ്ട്. ഇത് കൂട്ടാളികള്‍ക്ക് ദൃശ്യങ്ങള്‍ പകര്‍ത്താനാണ്. തങ്ങള്‍ പറയുന്നത് അനുസരിച്ചില്ലെങ്കില്‍ ഈ ദൃശ്യങ്ങള്‍ വാട്ട്സ് ആപ്പ് വഴി അയച്ച് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തും. ഇതേ കേട്ട് ഭയക്കുന്ന ഇരകള്‍ വീണ്ടും ഇവരുടെ ലൈംഗിക താത്പര്യത്തിന് സമ്മതിക്കുകയും അതല്ലെങ്കില്‍ ആവശ്യപ്പെടുന്ന പണവും സ്വര്‍ണവും നല്‍കുകയും ചെയ്യും. പുറത്ത് അറിഞ്ഞാല്‍ നാണക്കേട് ആകുമെന്നു കരുതി തങ്ങള്‍ നേരിട്ട ഉപദ്രവങ്ങള്‍ ഇരകള്‍ ആരോടും പറയാത്തതും പ്രതികള്‍ക്ക് പുതിയ പുതിയ ഇരകളെ കുടുക്കുന്നതിനു കാരണവുമായി.
പീഡിപ്പിക്കപ്പെട്ട ഒരു പെണ്‍കുട്ടിയുടേതാണെന്ന തരത്തില്‍ ആ സമയത്ത് പ്രചരിച്ച ഒരു വീഡിയോ തമിഴ്നാടിന്റെ രോഷം ആളിക്കത്തിച്ചിരുന്നു. തന്നെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നവരോട് കരഞ്ഞ് അപേക്ഷിക്കുന്ന പെണ്‍കുട്ടിയുടെ ശബ്ദം ജനങ്ങള്‍ക്ക് സഹിക്കാവുന്നതിന് അപ്പുറമായിരുന്നു. എന്നെ വിട് അണ്ണാ എന്നു പറഞ്ഞ് കുറ്റവാളികളോട് പെണ്‍കുട്ടി കരഞ്ഞ് അപേക്ഷിക്കുകയാണ്. ഇത്ര ദയനീയമായി ഒരു പെണ്‍കുട്ടി യാചിക്കുമ്പോഴും ക്രൂരമായ ചിരിയോടെ അവളെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയാണ് പ്രതികള്‍. പൊള്ളാച്ചി പീഡന കേസ് തമിഴ്‌നാടിനെ പ്രതിഷേധ തീയില്‍ നിര്‍ത്തിയതിന് കാരണം ഈയൊരു വീഡിയോ കൂടിയായിരുന്നു. ഇത്തരത്തിലുള്ള രണ്ടു വീഡിയോകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ ഈ വീഡിയോകള്‍ കേസിലെ ഇരകളുടേതു തന്നെയാണോ എന്നു പൊലീസ് സ്ഥിരീകരിച്ചിരുന്നില്ല. നക്കീരന്‍ മാസികയാണ് വീഡിയോ പുറത്തു വിട്ടതെന്നാണ് അന്നത്തെ റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്. പ്രതികളില്‍ ഒരാള്‍ തന്നെ സോഷ്യല്‍ മീഡിയായില്‍ പ്രചരിപ്പിച്ച വീഡിയോകളാണിതെന്നും വാര്‍ത്തയുണ്ടായിരുന്നു.
പൊള്ളാച്ചിയിലെ പെണ്‍കുട്ടിയല്ലാതെ പ്രതികളുടെ ഫോണില്‍ നിന്നും കിട്ടിയ വീഡിയോകളില്‍ നിന്നും മനസിലായ പെണ്‍കുട്ടികളില്‍ ആരും തന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല. പൊലീസ് പിന്നീട് ബാധിക്കപ്പെട്ടവരെ കണ്ടെത്തി അവരോട് പരാതി നല്‍കാന്‍ ആവശ്യപ്പെടുകയാണുണ്ടായത്.
കോളേജ് വിദ്യാര്‍ത്ഥിനികളെയാണ് പ്രതികള്‍ കൂടുതലായും ലക്ഷ്യം വച്ചിരുന്നതെങ്കിലും സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെയും ജോലിക്കാരായ യുവതികളേയും ഇതുപോലെ വലയില്‍ വീഴ്ത്തിയിട്ടുണ്ടെന്നും പൊലീസിന് വിവരം കിട്ടിയിരുന്നു. സോഷ്യല്‍ മീഡിയ വഴി പരിചയത്തിലാകുന്നവരെ പുറത്ത് നിന്നും ഭക്ഷണം കഴിക്കാനും യാത്ര ചെയ്യാനുമൊക്കെ ക്ഷണിച്ചാണ് പ്രതികള്‍ വലയില്‍ വീഴ്ത്തിരുന്നുതെന്നു പൊലീസ് പറയുന്നതായി എന്‍ഡിടിവി അന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2019 Pollachi sexual assault case. Details of the case that shook Tamil Nadu
Content Summary; 2019 Pollachi sexual assault case. Details of the case that shook Tamil Nadu
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.