February 19, 2025 |

പുസ്തകത്താളില്‍ മലയാളിയെ പിടിച്ചിരുത്തിയ എംടി

മലയാളിയുടെ വായനയെ വാക്കുകളില്‍ കോര്‍ത്തിണക്കിയ എഴുത്തുകാരന്‍

‘എനിക്ക് നിങ്ങളെ ഇഷ്ടമാണ്. കാരണമൊന്നുമില്ല.’

‘ഓ, പരിഭ്രമിക്കാനൊന്നുമില്ല. വഴിയിൽ തടഞ്ഞുനിർത്തില്ല, പ്രേമലേഖനമെഴുതില്ല. ഒന്നുംചെയ്യില്ല. ഒരു ബന്ധവും സങ്കല്പിക്കാതെ… വെറുതെ…
എനിക്കു നിങ്ങളെ ഇഷ്ടമാണ്.’ ഈ വരികൾ ഒരിക്കലെങ്കിലും കേൾക്കുകയോ വായിക്കുകയോ ചെയ്യാത്ത മലയാളികൾ ഉണ്ടാകുമോ? ഇതിലും ഭംഗിയായി എങ്ങനെയാണ് ഉപാധികളില്ലാത്ത പ്രണയത്തെ വരച്ചുവെക്കുക.MT Vasudevan Nair

മലയാളികളെ വായന ശീലിപ്പിക്കുന്നതിൽ വലിയ പങ്ക് വഹിച്ച എഴുത്തുകാരനാണ് എം.ടി. എംടിയുടെ ഒരു കഥയെങ്കിലും വായിക്കാത്ത മലയാളികളുണ്ടാവില്ല. തുടക്കക്കാരെ പോലും വായനയുടെ ലോകത്തേക്ക് കൈപിടിച്ച് നടത്താൻ എം.ടിക്ക് കഴിഞ്ഞിട്ടുണ്ട്. ലളിതമായ ഭാഷയിലുള്ള എഴുത്താണെങ്കിലും ആഴത്തിലുള്ള വിഷയങ്ങളും ആശയങ്ങളുമാണ് അദ്ദേഹത്തിന്റെ എഴുത്തിന്റെ ഇതിവൃത്തം.

എം ടി മലയാളികൾക്ക് സമ്മാനിച്ച ഏതാനും അക്ഷരമൊഴികളുണ്ട്, വായനക്കാർ നെഞ്ചിലേറ്റുന്നവ

എണ്ണതീർന്ന വിളക്ക് പതിയെ അണയുന്നത് പോലെ(ചിത്രത്തെരുവുകൾ)

ഒരുപക്ഷെ , ഇതായിരിക്കും മരണം. പക്ഷെ മരണം സുഖകരമാണ്, ശരീരം അണുക്കളായി അപ്രത്യക്ഷമാകുന്ന അവസ്ഥയാണ് മരണമെങ്കിൽ(ആൾക്കൂട്ടത്തിൽ തനിയെ)

മരണം അയാളെ വേദനിപ്പിച്ചില്ല, കാരണം ജീവിതത്തെ സ്‌നേഹിച്ചിരുന്നില്ല. (ശത്രു)

മരണം പിറവി പോലെ തന്നെ ജീവിതത്തിലൊരു പ്രധാന ചടങ്ങാണ്, ആഘോഷമാണ്(സ്വർഗം തുറക്കുന്ന സമയം)

ഉള്ളിലേക്ക് നോക്കുമ്പോൾ ഒന്നുമില്ല…പൊട്ടിയ ഭിക്ഷപാത്രം പോലെ ശൂന്യമായ മനസ്. കൊടുക്കാൻ ഒന്നുമില്ല, എടുത്താൽ ഒന്നും തങ്ങിനിൽക്കുകയുമില്ല.(വാരാണസി)

varanasi

കടം ചോദിച്ച ഒരു സായാഹ്നം ബാക്കി കിടപ്പുണ്ട്, മറക്കരുതേ…(മഞ്ഞ്)

നടുവിൽ, കടന്നുപോയവരുടെയെല്ലാം കാൽപ്പാടുകളിൽ കരിഞ്ഞ പുല്ലുകൾ നിർമിച്ച ഒറ്റയടിപ്പാത നീണ്ടുകിടക്കുന്നു(അസുരവിത്ത്)

നമുക്കിനി ഭൂതകാലമില്ല. ഓർമകളും പ്രതീക്ഷകളും മായ്ച്ചുകളഞ്ഞാൽ അചഞ്ചലമാകുന്നു, സ്ഫടികശുദ്ധമാകുന്നു(രണ്ടാമൂഴം)

randamoozham

കാലത്തിന്റെ പാറക്കെട്ടുകളിൽ മഞ്ഞുവീഴുന്നു ഉരുകുന്നു. വീണ്ടും മഞ്ഞിൻ പടലങ്ങൾ കട്ട പിടിക്കുന്നു. നാമെല്ലാം കാത്തിരിക്കുന്നു.(മഞ്ഞ്)

”അറിയാത്ത അത്ഭുതങ്ങളെ ഗർഭത്തിൽ വഹിക്കുന്ന മഹാസമുദ്രങ്ങളെക്കാൾ അറിയുന്ന എന്റെ നിളാ നദിയാണെനിക്കിഷ്ടം”

‘ഈ യാത്ര അവസാനിക്കുന്നില്ല. പാപത്തിന്റെ സ്മരണകളുടെ കടവുകളിൽനിന്നു കടവുകളിലേക്ക്, നഗരത്തിൽനിന്നു നഗരങ്ങളിലേക്ക്.’ (അജ്ഞാതന്റെ ഉയരാത്ത സ്മാരകം)

‘നിങ്ങൾക്ക് ഞങ്ങളോട് എന്തുപറയുവാനുണ്ട് എന്ന് ലോകവും നിശബ്ദമായി ചോദിക്കുന്നു. ആ നിമിഷത്തിലാണ് എഴുത്തുകാരന്റെ ഉത്തരവാദിത്തം, ധർമസങ്കടം,ആഹ്ലാദം ഉണ്ടാവുന്നത്.’

‘വായനക്കാരനില്ലാത്ത ലോകത്ത് എഴുത്ത് ഒരു വൃഥാവ്യായാമം മാത്രമാണ്. വായനക്കാരുടെ എണ്ണം ആറാകട്ടെ, അറുപതാകട്ടെ, അറുപത് ലക്ഷമാകട്ടെ, എഴുത്തുകാരൻ ആ എണ്ണത്തെപ്പറ്റി വ്യാകുലനാവരുത്.’

‘പന്തീരാണ്ടിനുശേഷം ഞാനിന്ന് ലീലയെപ്പറ്റി ഓർത്തുപോയി.

പ്രിയപ്പെട്ട സഹോദരീ നാഴികകൾക്കപ്പുറത്തുനിന്ന് ഞാൻ മംഗളം നേരുന്നു. നിൻ്റെ ഓർമയ്ക്കുവേണ്ടി ഞാനിതുകുറിക്കട്ടെ.’ (നിന്റെ ഓർമയ്ക്ക്)

ninte ormakk

‘ആ പിറന്നാൾ ദിവസം ഞാൻ കുളിച്ചില്ല. എന്നെ അമ്മ നിർബന്ധിച്ചതുമില്ല. അതിൽപ്പിന്നെ ഇരുപത് പിറന്നാളുകൾ കടന്നുപോയി. ഇന്ന് അമ്മയും അമ്മാവനും മുത്തശ്ശിയുമില്ല. നാളെ… എന്റെ പിറന്നാളാണ്’ (ഒരു പിറന്നാളിന്റെ ഓർമ)

‘ഒന്നാമത് എഴുതിയ കഥ ഈശ്വരാനുഗ്രഹത്താൽ ആരും വായിച്ചിട്ടില്ല. പതിമൂന്നോ പതിനാലോ വയസ്സുള്ള കാലത്താണ്. ഫിഫ്ത്ത് ഫോമിലെത്തിയ ഉടനെ. പേര് ഉന്തുവണ്ടി.’ (നാടകാന്തം)

ഓർമകളിൽ നമുക്കൊരു പൂക്കാലമുണ്ടായിരുന്നു. ആഘോഷത്തോടെ പങ്കുവെക്കാൻ ചിരിയും പ്രകാശവുമുള്ള കുറെ വർഷങ്ങളുണ്ടായിരുന്നു. വ്യർഥമാവാത്ത വർഷങ്ങൾ. നമ്മുടെ കാലടികൾക്കു കീഴിൽ മണ്ണിനു ചുവട്ടിൽ സ്നേഹത്തിന്റെ നീരുറവകൾ നിശബ്ദം ഒഴുകിക്കൊണ്ടിരുന്നു. (വീണ്ടും കണ്ടുമുട്ടുന്നതുവരെ)

ഏത് ശൂന്യതയ്ക്ക് നടുവിലും എന്തെങ്കിലുമൊന്ന് പ്രതീക്ഷിക്കുക. പ്രതീക്ഷ സാക്ഷാത്കരിക്കാം എന്ന് വിശ്വാസമുണ്ടായിട്ടല്ല, എന്നാലും അസ്‌തിത്വത്തിന്റെ ഏകാധാരം എന്നനിലയ്ക്ക് അതിൽപ്പിടിച്ചു തുങ്ങിക്കൊള്ളുകയെ നിവൃത്തിയുള്ളൂ… വിവർണ്ണമായി ദിവസങ്ങൾ കടന്നുപോകവേ തൂങ്ങിക്കൊള്ളുകയെ നിവൃത്തിയുള്ളൂ… വെറുതെ ആ പ്രതീക്ഷയെ തിരുപ്പിടിപ്പിച്ചുകൊണ്ടിരിക്കുക.. (മഞ്ഞ്)

മനസ്സിൽ കൊണ്ട പ്രണയത്തിനുമേൽ കാലത്തിനു ഒരു കൊത്തുവേലയും ചെയ്യാനാവില്ല. (വാനപ്രസ്ഥം)

ഈ വാക്കുകളൊക്കെ മലയാളിയുടെ മനസിൽ പതിഞ്ഞത് അതിന്റെ ആഴം മനസിലാക്കി തന്ന ഓരോ കഥാപാത്രങ്ങളിലൂടെയുമാണ്.

എംടിയുടെ പല കൃതികളും നമ്മെ നൊമ്പരപ്പെടുത്തുന്നവയാണ്. മഞ്ഞും, നാലുകെട്ടും, നിന്റെ ഓർമ്മയ്ക്കുമൊക്കെ വായനക്കാരന്റെ ഹൃദയം കവർന്ന കൃതികളാണ്. ലീല സമ്മാനമായി നൽകിയ റബ്ബർ മൂങ്ങ ഇപ്പോഴും മനസിലൊരു വിങ്ങലായി കിടക്കുന്നത് എഴുത്തിന്റെ ഭം​ഗികൊണ്ട് തന്നെയാണ്. നാലുകെട്ട് ,പാതിരാവും പകൽ വെളിച്ചവും, അറബിപ്പൊന്ന് (എൻ.പി.മുഹമ്മദുമായി ചേർന്നെഴുതിയത്), അസുരവിത്ത്‌, മഞ്ഞ്‌, കാലം വിലാപയാത്ര, രണ്ടാമൂഴം, വാരണാസി എന്നിവയാണ് എംടിയുടെ പ്രധാന കൃതികൾ.

manju

സ്‌കൂൾവിദ്യാഭ്യാസകാലത്തു തന്നെ സാഹിത്യരചന തുടങ്ങിയ എംടിയുടെ കോളേജ് കാലത്ത് തന്നെ ജയകേരളം മാസികയിൽ കഥകൾ അച്ചടിച്ച് വന്നിരുന്നു. വിക്‌റ്റോറിയ കോളേജിൽ ബിരുദത്തിനു പഠിക്കുമ്പോൾ ‘രക്തം പുരണ്ട മൺതരികൾ’ എന്ന ആദ്യത്തെ കഥാസമാഹാരം പുറത്തിറങ്ങി. 1954ൽ ന്യൂയോർക്ക് ഹെറാൾഡ് ട്രിബ്യൂൺ സംഘടിപ്പിച്ച ലോകചെറുകഥാമത്സരത്തിന്റെ ഭാഗമായി കേരളത്തിൽ മാതൃഭൂമി നടത്തിയ കഥാമത്സരത്തിൽ എം.ടി.യുടെ ‘വളർത്തുമൃഗങ്ങൾ’ എന്ന കഥ ഒന്നാം സ്ഥാനം നേടി. ഇതോടെയാണ് മലയാളസാഹിത്യത്തിൽ അദ്ദേഹം ശ്രദ്ധേയനായിത്തീർന്നത്.

‘പാതിരാവും പകൽവെളിച്ചവും’ എന്ന ആദ്യനോവൽ ഈ സമയത്താണു ഖണ്ഡശഃ പുറത്തുവന്നത്. ആദ്യമായി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച നോവൽ ‘നാലുകെട്ട്’ ആണ് (1958). ആദ്യനോവലിനു തന്നെ കേരളാ സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു. പിൽക്കാലത്ത് ‘സ്വർഗ്ഗം തുറക്കുന്ന സമയം’, ‘ഗോപുരനടയിൽ’ എന്നീ കൃതികൾക്കും കേരള സാഹിത്യ അക്കാദമി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

1963-64 കാലത്ത് സ്വന്തം കഥയായ ‘മുറപ്പെണ്ണ്’ തിരക്കഥയെഴുതി എം.ടി. ചലച്ചിത്രലോകത്തു പ്രവേശിച്ചു. 1973ൽ ആദ്യമായി സംവിധാനം ചെയ്ത് നിർമ്മിച്ച ‘നിർമാല്യം’ എന്ന ചിത്രത്തിന് രാഷ്ട്രപതിയുടെ സ്വർണ്ണപ്പതക്കം ലഭിച്ചു. അമ്പതിലേറെ തിരക്കഥകളെഴുതിയിട്ടുള്ള അദ്ദേഹത്തിന് നാലുതവണ ഈ മേഖലയിൽ ദേശീയപുരസ്‌കാരം ലഭിച്ചു.

ഇതുകൂടാതെ ‘കാലം'(1970കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്), ‘രണ്ടാമൂഴം’ (1985വയലാർ അവാർഡ്)ധ8പ, വാനപ്രസ്ഥം (ഓടക്കുഴൽ അവാർഡ്), എന്നീ കൃതികൾക്കും പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ടു്. കടവ്, ഒരു വടക്കൻ വീരഗാഥ, സദയം, പരിണയം തുടങ്ങിയ ചിത്രങ്ങൾക്കും ദേശീയപുരസ്‌കാരം ലഭിച്ചു. 2005 ലെ മാതൃഭൂമി പുരസ്‌കാരവും എം.ടിക്ക് തന്നെയായിരുന്നു.രണ്ടാമൂഴം എന്ന നോവൽ സിനിമയാക്കുന്നതിന് വേണ്ടിയുള്ള തിരക്കഥ രചനയും മറ്റും നടത്തിയെങ്കിലും സംവിധാനം ചെയ്യാമെന്നേറ്റ ശ്രീകുമാർ മേനോനുമായുള്ള കോടതി വ്യവഹാരത്തിൽ പദ്ധതി നിർത്തി വെച്ചിരിക്കുകയാണ്

മലയാളസാഹിത്യത്തിനു നൽകിയ അമൂല്യ സംഭാവനകൾ കണക്കിലെടുത്ത് 1996ൽ കാലിക്കറ്റ് സർവ്വകലാശാല ബഹുമാനസൂചകമായി ഡി.ലിറ്റ്. ബിരുദം നൽകി ആദരിച്ചു. 1995ലെ ജ്ഞാനപീഠ പുരസ്‌കാരം അദ്ദേഹത്തിനു ലഭിച്ചു. 2005ൽ പത്മഭൂഷൺ നൽകി എം.ടിയിലെ പ്രതിഭയെ ഭാരതസർക്കാർ ആദരിക്കുകയുണ്ടായി.

ഇദ്ദേഹത്തിന്റെ കൃതികൾ നിരവധി ഇന്ത്യൻ ഭാഷകളിലേക്കും വിദേശ ഭാഷകളിലേക്കും മൊഴിമാറ്റം നടത്തിയിട്ടുണ്ട്.MT Vasudevan Nair

content summary; MT Vasudevan Nair popular quotes from books

×