മുണ്ടത്തിക്കോട് ദുരന്തം; ചൂടല്ല കാരണമെങ്കില്‍ പിന്നെന്ത്?

'പെസോ'യുടെ പ്രാഥമിക വിലയിരുത്തലില്‍ ചൂട് കാരണമായി പറയുന്നില്ല,മറ്റ് ചിലതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്

Mundathikode fireworks blast-causes

തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് നിര്‍മ്മാണ ശാലയിലുണ്ടായ സ്‌ഫോടനത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. കടുത്ത ചൂട് ആണ് അപകടത്തിന് കാരണമായതെന്ന വാര്‍ത്തകള്‍ തുടക്കത്തില്‍ ഉണ്ടായിരുന്നുവെങ്കിലും പ്രാഥമിക അന്വേഷണങ്ങള്‍ മറ്റു ചിലതിലേക്ക് വിരല്‍ ചൂണ്ടുന്നത്.

അപകടത്തിന് കാരണം കനത്ത ചൂടല്ലെന്നും പകരം ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാനാണ് സാധ്യതയെന്നുമാണ് പെസോയുടെ പ്രാഥമികമായ വിലയിരുത്തല്‍. ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിന്റെ വിശദമായ റിപ്പോര്‍ട്ട് വന്നാല്‍ മാത്രമെ ഇക്കാര്യത്തില്‍ വ്യക്തത വരൂ. വെടിക്കെട്ട് മരുന്നുകള്‍ തമ്മില്‍ കലര്‍ത്തുന്ന സമയത്തുണ്ടായ അശ്രദ്ധയോ ഘര്‍ഷണമോ അപകടത്തിന് കാരണമായോ എന്നും അന്വേഷിക്കുന്നുണ്ട്.

തൃശൂര്‍ പൂരത്തിന്റെ ഭാഗമായുള്ള സാമ്പിള്‍ വെടിക്കെട്ടിനായി തിരുവമ്പാടി വിഭാഗത്തിന് വേണ്ടി വെടിക്കെട്ട് മരുന്നുകള്‍ തയ്യാറാക്കുന്നതിനിടെയാണ് ഏപ്രില്‍ 21 ചൊവ്വാഴ്ച വൈകുന്നേരം 3:30-ഓടെ സ്‌ഫോടനമുണ്ടായത്. അപകടത്തില്‍ 14-ഓളം പേര്‍ മരണപ്പെട്ടുവെന്നാണ് ഒടുവിലത്തെ വിവരം. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. പടക്ക നിര്‍മ്മാണ ശാലകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. സമീപത്തെ വീടുകള്‍ക്ക് വലിയ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും വീടുകളില്‍ ഉണ്ടായിരുന്നവര്‍ക്ക് ചെറിയ പരിക്കുകള്‍ ഏല്‍ക്കുകയും ചെയ്തിട്ടുണ്ട്.

സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്നതാണ് പ്രധാനമായും പരിശോധിക്കുന്നത്. ലൈസന്‍സ് ഉണ്ടായിരുന്നെങ്കിലും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ചിരുന്നോ എന്നതില്‍ സംശയമുണ്ട്. വന്‍തോതില്‍ സ്‌ഫോടകവസ്തുക്കള്‍ ഒരിടത്ത് തന്നെ സൂക്ഷിച്ചത് ദുരന്തത്തിന്റെ ആഘാതം കൂട്ടിയിട്ടുണ്ട്. തൃശൂര്‍ പൂരത്തിന് മാത്രമായല്ല പടക്കള്‍ നിര്‍മിച്ചിരുന്നതെന്നും മറ്റ് ആവശ്യങ്ങള്‍ക്കായുള്ള പടക്കങ്ങളും അപകടസ്ഥലത്ത് ഉണ്ടാക്കുന്നുണ്ടായിരുന്നുവെന്ന് പറയുന്നുണ്ട്.

പടക്ക നിര്‍മ്മാണ ശാലയുടെ ലൈസന്‍സ് പ്രകാരം സൂക്ഷിക്കാവുന്ന മരുന്നിന്റെ അളവിനേക്കാള്‍ കൂടുതല്‍ സ്‌ഫോടകവസ്തുക്കള്‍ അവിടെ ഉണ്ടായിരുന്നതായി പെസോ ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 6000 കിലോഗ്രാം വെടിമരുന്ന് മുണ്ടത്തിക്കോട് സംഭരിച്ചിരുന്നുവെന്ന് വാര്‍ത്തകളില്‍ പറയുന്നുണ്ട്. പാറമേക്കാവിന് വേണ്ടി പടക്കങ്ങള്‍ നിര്‍മിച്ചിരുന്ന പലാക്കാട് വെടിക്കോപ്പ് നിര്‍മാണശാലയ്ക്ക് ജില്ല കളക്ടര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയതും ഇതോടൊപ്പം കാണേണ്ട ഗൗരവതരമായ കാര്യമാണ്. അമ്പത് കിലോഗ്രാമിനായിരുന്നു ലൈസന്‍സ് നല്‍കിയിരുന്നതെന്നും അതില്‍ കൂടുതല്‍ സംഭരിച്ചുവെന്ന് കണ്ടതിനാലാണ് സ്റ്റോപ്പ് മെമ്മോ കൊടുത്തതെന്നുമാണ് കളക്ടറുടെ വിശദീകരണത്തിലുള്ളത്. ഇത്തരത്തിലുള്ള പരിശോധന മുണ്ടത്തിക്കോട് നടന്നിരുന്നില്ല. ലൈസന്‍സ് നല്‍കിയാലും ഇടയ്ക്കുള്ള പരിശോധന അത്യാവശ്യമെന്നിരിക്കെ ഇത് നടക്കാറില്ലെന്നതാണ് വാസ്തവം.

നിര്‍മ്മാണ ശാലയില്‍ ഓരോ കെട്ടിടത്തിലും സൂക്ഷിക്കേണ്ട വെടിമരുന്നിന്റെ അളവിനെക്കുറിച്ച് കൃത്യമായ നിബന്ധനകളുണ്ട്. എന്നാല്‍ ഈ നിബന്ധനകള്‍ ലംഘിക്കപ്പെട്ടതായും സ്‌ഫോടകവസ്തുക്കള്‍ സുരക്ഷിതമായ അകലത്തിലല്ല സൂക്ഷിച്ചിരുന്നതെന്നും പ്രാഥമിക നിഗമനമുണ്ട്. ഇതാണ് സ്‌ഫോടനത്തിന്റെ ആഘാതം വര്‍ദ്ധിപ്പിക്കാനും സമീപത്തെ വീടുകള്‍ക്ക് വലിയ നാശനഷ്ടങ്ങള്‍ സംഭവിക്കാനും കാരണമായതെന്ന് പറയുന്നു.

തിരുവമ്പാടി വിഭാഗത്തിന് വെടിക്കെട്ട് ഒരുക്കാനുള്ള ലൈസന്‍സ് ഈ ശാലയ്ക്ക് ഉണ്ടായിരുന്നുവെങ്കിലും, സ്റ്റോക്ക് രജിസ്റ്ററിലെ വിവരങ്ങളും അവിടെ ഉണ്ടായിരുന്ന മരുന്നിന്റെ അളവും തമ്മില്‍ വൈരുദ്ധ്യമുള്ളതായി അന്വേഷണ സംഘം സംശയിക്കുന്നു.

കളക്ടറുടെ നേതൃത്വത്തിലുള്ള മജിസ്റ്റീരിയല്‍ അന്വേഷണവും പോലീസിന്റെ പ്രത്യേക അന്വേഷണ സംഘവും ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി രേഖകള്‍ പരിശോധിച്ചുവരികയാണ്. പൂരത്തിന്റെ ആവശ്യം പരിഗണിച്ച് അധികൃതരുടെ കണ്ണുവെട്ടിച്ച് കൂടുതല്‍ മരുന്ന് ശേഖരിച്ചതാണോ എന്ന കാര്യം പരിശോധിക്കുന്നുണ്ട്.

മറ്റൊരു ഗുരുതരമായ സുരക്ഷലംഘനമായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത് വെടിക്കെട്ട് നിര്‍മാണ ശാലയില്‍ പുറത്തു നിന്നുള്ളവര്‍ക്ക് പ്രവേശനം അനുവദിച്ചതാണ്. അതീവ സുരക്ഷ ആവശ്യമുള്ള ഇത്തരമൊരു സ്ഥലത്തേക്ക് വെടിമരുന്നുകളുമായി ബന്ധപ്പെട്ട യാതൊരു അറിവും ഇല്ലാത്തവരെ കയറ്റുമ്പോള്‍ ഉണ്ടാകുന്ന അപകടം മുന്‍കൂട്ടി കാണേണ്ടതായിരുന്നു.

Content Summary: Thrissur Mundathikode fireworks units blast; What could be the cause of the accident? Points highlighted by experts

This post was last modified on April 23, 2026 4:27 pm

അഴിമുഖം ഡെസ്‌ക്:
Leave a Comment