തൃശൂര്‍ മുണ്ടത്തിക്കോട് വെടിമരുന്ന് നിര്‍മാണശാല അപകടവുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ ഇപ്പോള്‍ സജീവമായി കേള്‍ക്കുന്നൊരു പേരാണ് ‘ പെസോ’. അപകടത്തിന്റെ കാരണങ്ങള്‍ തേടിയുള്ള അന്വേഷണത്തില്‍ നിര്‍ണായക സ്ഥാനമാണ് പെസോയ്ക്കുള്ളത്. അവരുടെ പ്രാഥമിക അന്വേഷണത്തില്‍ ചില കാര്യങ്ങള്‍ കണ്ടെത്തിയിട്ടുമുണ്ട്. തൃശൂര്‍ പൂരം അടക്കമുള്ള വലിയ വെടിക്കെട്ടുകളുമായി അടുത്തു നില്‍ക്കുന്നവര്‍ക്ക് പരിചതമായ ‘ പെസോ’ എന്താണെന്ന് കൂടുതല്‍ അറിയാം.
എന്താണ് പെസോ (PESO)
ഭാരതത്തിലെ സ്ഫോടകവസ്തുക്കള്‍, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ കൈകാര്യം ചെയ്യലും സുരക്ഷയും നിയന്ത്രിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയാണ് പെസോ അഥവ(പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റ് ഓര്‍ഗനൈസേഷന്‍). കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള ഒരു നോഡല്‍ ഏജന്‍സിയാണിത്. 1898 മുതല്‍ നിലവിലുള്ള ഈ സ്ഥാപനത്തിന്റെ ആസ്ഥാനം നാഗ്പൂരിലാണ്. സ്ഫോടകവസ്തുക്കളുടെ നിര്‍മ്മാണം, സംഭരണം, വിപണനം, ഗതാഗതം എന്നിവ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുകയാണ് ഇവരുടെ പ്രധാന ചുമതല.
പെസോ എന്താണ് ചെയ്യുന്നത്?
ഇന്ത്യയില്‍ ഏതൊരു വലിയ വെടിക്കെട്ട് നടത്തുന്നതിനും പടക്കങ്ങള്‍ നിര്‍മ്മിക്കുന്നതിനും പെസോയുടെ ലൈസന്‍സോ അനുമതിയോ നിര്‍ബന്ധമാണ്. ചെറിയ തോതിലുള്ള പടക്ക വില്‍പ്പനയ്ക്ക് ജില്ലാ കളക്ടറോ പോലീസോ ആണ് അനുമതി നല്‍കുന്നതെങ്കില്‍, തൃശൂര്‍ പൂരം പോലുള്ള വലിയ വെടിക്കെട്ടുകള്‍ക്കും വെടിമരുന്ന് നിര്‍മ്മാണശാലകള്‍ക്കും അനുമതി നല്‍കുന്നത് നേരിട്ട് പെസോയാണ്.
വെടിക്കെട്ട് മരുന്ന് നിര്‍മ്മിക്കാനും സൂക്ഷിക്കാനും പ്രദര്‍ശിപ്പിക്കാനും ലൈസന്‍സ് അനുവദിക്കുന്നത് പെസോയാണ്. ലൈസന്‍സ് നല്‍കിയശേഷവും നിര്‍മ്മാണ ശാലകളിലും വെടിക്കെട്ട് നടക്കുന്ന സ്ഥലങ്ങളിലും പെസോ അധികൃതര്‍ സുരക്ഷാ പരിശോധനകള്‍ നടത്താറുണ്ട്.
വെടിക്കെട്ടിന് ഉപയോഗിക്കുന്ന മരുന്നുകളില്‍ നിരോധിത രാസവസ്തുക്കള്‍ (ഉദാഹരണത്തിന് പൊട്ടാസ്യം ക്ലോറേറ്റ്) ചേര്‍ത്തിട്ടുണ്ടോ എന്ന കാര്യങ്ങളും ഇവര്‍ പരിശോധിക്കും.
വെടിക്കെട്ട് അപകടങ്ങള്‍ ഉണ്ടായാല്‍ അന്വേഷണം നടത്തുന്നതിനും പെസോ നിയോഗിക്കപ്പെട്ടിട്ടുണ്ട്. സ്ഫോടനങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിന്റെ സാങ്കേതിക കാരണങ്ങള്‍ കണ്ടെത്താന്‍ ശാസ്ത്രീയമായ അന്വേഷണമാണ് അവര്‍ നടത്തുന്നത്.
അനുമതിക്കുള്ള മാനദണ്ഡങ്ങള്‍
ഒരു വെടിക്കെട്ടിനോ നിര്‍മ്മാണശാലയ്‌ക്കോ അനുമതി നല്‍കുന്നതിന് മുമ്പ് പെസോ താഴെ പറയുന്ന കാര്യങ്ങള്‍ കര്‍ശനമായി പരിശോധിക്കുന്നു:
സുരക്ഷിത അകലം
വെടിക്കെട്ട് നടത്തുന്ന സ്ഥലത്തുനിന്നും വെടിമരുന്ന് പുരയില്‍നിന്നും ജനവാസ കേന്ദ്രങ്ങളിലേക്കും റോഡുകളിലേക്കും നിശ്ചിത ദൂരം ഉണ്ടായിരിക്കണം.
നിര്‍മ്മാണരീതി
വെടിമരുന്ന് സൂക്ഷിക്കുന്ന കെട്ടിടം കോണ്‍ക്രീറ്റ് കൊണ്ട് നിര്‍മ്മിച്ചതാകണം, മിന്നല്‍രക്ഷാ ചാലകം ഉണ്ടായിരിക്കണം, തീപിടുത്തം തടയാനുള്ള സംവിധാനങ്ങള്‍ വേണം.
രാസവസ്തുക്കളുടെ തരം
ശബ്ദം കുറഞ്ഞതും പരിസ്ഥിതി ആഘാതം കുറഞ്ഞതുമായ മരുന്നുകള്‍ മാത്രമേ ഉപയോഗിക്കാവൂ. നിരോധിത കെമിക്കലുകള്‍ പാടില്ല.
അളവ്
ഒരു സമയം എത്ര കിലോ വെടിമരുന്ന് സൂക്ഷിക്കാം എന്നതിന് കൃത്യമായ പരിധിയുണ്ട്. ഇത് ലൈസന്‍സിനൊപ്പം രേഖപ്പെടുത്തിയിരിക്കും.
യോഗ്യത
പരിചയസമ്പന്നരായ തൊഴിലാളികള്‍ മാത്രമേ വെടിമരുന്ന് കൈകാര്യം ചെയ്യാവൂ.
മുണ്ടത്തിക്കോട് അപകടത്തിന്റെ പശ്ചാത്തലത്തില്‍, അനുവദനീയമായ അളവില്‍ കൂടുതല്‍ മരുന്ന് സൂക്ഷിച്ചോ എന്നും സുരക്ഷിത അകലം പാലിച്ചോ തുടങ്ങിയ സുരക്ഷ കാരണങ്ങള്‍ പെസോ ഇപ്പോള്‍ പ്രത്യേകം പരിശോധിക്കുന്നുണ്ട്. ചൂട് അല്ല കാരണമെന്നാണ് അവരുടെ പ്രാഥമിക നിഗമനം. ഷോര്‍ട് സര്‍ക്യൂട്ടിന്റെ സാധ്യതയും ചൂണ്ടിക്കാണിക്കുന്നുണ്ട്.
Content Summary: Mundathikode Fireworks Explosion; What is PESO? Things you need to know.” Petroleum and Explosive Safety Organisation