December 13, 2024 |

പുതു ‘മുറ’ പിള്ളേരുടെ ത്രസിപ്പിക്കും ചോരക്കളി

ഗ്യാങ്സ്റ്റര്‍ സിനിമകളുടെ കഥകളുടെ വഴികളേതാണ്ട് ഒന്നു തന്നെയായിരിക്കുമ്പോഴും അതിനെ വ്യത്യസ്തവും മനോഹരവുമാക്കുന്നത് കഥ പറച്ചിലിന്റെ ശൈലിയാണ്

*സ്പോയ്ലര്‍ അലേര്‍ട്ട്!

 

‘On every street in every city in this country, there’s a nobody who dreams of being a somebody” (Taxi Driver-Martin Scorsese-1976)

നഗരങ്ങളുടെ അധികമാരും കാണാത്ത മൂലകളില്‍ നിന്ന്, പുസ്തകവും ഭാവിയും സ്വപ്നം കാണാന്‍ തുടങ്ങിയ ഒരു പ്രണയത്തിന്റെ മധുരവും ഉപേക്ഷിച്ച്, ചില ചെറുപ്പക്കാര്‍ കൂടുതല്‍ ഇരുട്ടിലേയ്ക്ക് നടന്ന് പോകുന്നത് ലോകത്തെവിടേയും ഉള്ള നിത്യസംഭവമാണ് . നായകരാകുമെന്നും ഒരു നാള്‍ ആ നഗരം ഭരിക്കുമെന്നും ഭാവിയും പ്രണയവും അറിവും തിരിച്ച് പിടിക്കുമെന്നും അവരോര്‍ത്തു കാണും. പക്ഷേ ആരുമറിയാതെ, ഒരു ചെറിയ വാര്‍ത്ത പോലുമാകാതെ, അനാഥ ജീവികളെ പോലെ നഗരം അവരെ വിഴുങ്ങി കളയും. അവര്‍ ജീവിച്ചിരുന്നു എന്നതിന് ഒരു തെളിവും അവശേഷിപ്പിക്കാതെ. ഹോളിവുഡില്‍, സൗത്ത് അമേരിക്കയില്‍, കൊറിയയില്‍, ബോളിവുഡില്‍, തമിഴ്നാട്ടില്‍, കേരളത്തില്‍ എല്ലാം പല കുറി ഇവരുടെ കഥകള്‍ നാഗരിക മിത്തുകള്‍ പോലെ ചര്‍ച്ച ചെയ്തിട്ടുണ്ട്. എത്രയോ സിനിമകള്‍ ആരോരുമാകാത്ത, നായകരോ നാടുവാഴികളോ ആകാത്ത ഇവരുടെ ജീവിതത്തെ കുറിച്ചുണ്ടായിട്ടുണ്ട്. പക്ഷേ ഒരോ തവണയും അവ മനുഷ്യരെ, നിത്യ പ്രതീക്ഷയുടെ വ്യാമോഹത്തിലെത്തിക്കും. ഇവരുടെ കഥ വ്യത്യസ്തമാകും. ഇവര്‍ ജീവിതത്തില്‍ തോറ്റുപോകില്ല എന്ന് വെറുതേ മോഹിക്കും. പക്ഷേ, ആ കഥകള്‍ക്ക് ഒരന്ത്യമേ ഉള്ളൂ. Mura Malayalam Movie

ക്വന്റന്‍ റ്റൊരോന്റിനോ ‘കില്‍ ബില്‍’ കൊണ്ട് അനശ്വരമാക്കിയ ഒരു വാചകമാണ് ‘റിവഞ്ച് ഈസ് എ ഡിഷ് ബെസ്റ്റ് സര്‍വ്വ്ഡ് കോള്‍ഡ്’ എന്നത്. യുദ്ധങ്ങളിലെ പടയാളികളായ ചെറുപ്പക്കാര്‍ക്ക് ചിലപ്പോ എല്ലാക്കാലത്തും പടയാളികളായി തുടരാന്‍ കഴിയില്ല. ഒന്നുകില്‍ അവര്‍ കലഹിക്കും, അല്ലെങ്കില്‍ യുദ്ധഭൂമി വിട്ട് പോകും. യുദ്ധത്തിന്റെ നീതിക്ക് പക്ഷേ, ആ വിടവാങ്ങല്‍ സ്വീകാര്യമല്ല. നിരന്തരം, നിര്‍വ്യാജം, നിര്‍വിഘ്നം പടയാളികളായി തുടരാന്‍ അവരോട് ആവശ്യപ്പെടുന്ന നിയമാവലിയാണ് അതിന്റേത്. നിങ്ങളാ നിയമാവലി ലംഘിച്ചാല്‍ അടുത്ത നിയമം എഴുതാന്‍ പാകത്തിന് കരുത്തനായിരിക്കണം. അല്ലെങ്കില്‍ ഇല്ലാതാക്കപ്പെടും. കലാപത്തിനൊരുങ്ങിയ പടയാളികള്‍ നഗരത്തിന്റെ ഇരുളിലും മറവിയും അവസാനിക്കുന്നതിന് മുമ്പുള്ള ഒരു പിടച്ചിലാണ്, ഒരു പൊരുതലാണ്, പലപ്പോഴും ഗ്യാങ്സ്റ്റര്‍ സിനിമകളില്‍ നാം കാണുന്നത്.

രാജീവ് രവിയുടെ ‘ഞാന്‍ സ്റ്റിവ് ലോപസ്’ ആണ് മലയാളത്തില്‍ ഏറ്റവും ഉജ്ജ്വലമായി തിരുവനന്തപുരത്തെ ഈ സമാന്തര ജീവിതത്തിന്റെ കഥപറഞ്ഞത്. തെരുവുകളിലേയ്ക്ക് പുറപ്പെട്ട് എത്തുന്ന ചെറുപ്പക്കാര്‍. അവരുടെ ജീവിതം. ഇന്ദുഗോപന്റെ കഥകളിലും നോവലുകളിലുമെല്ലാം തിരുവനന്തപുരത്തെ ഗുണ്ടകളുടെ, തെരുവ് റൗഡികളുടെ, ക്വട്ടേഷന്‍ സംഘങ്ങള്‍ എന്നൊക്കെ അറിയപ്പെടുന്ന ഗ്യാങ്ങുകളുടെ ജീവിതം നമ്മള്‍ കണ്ടിട്ടുണ്ട്. അതിന്റെ എല്ലാം ഓര്‍മകള്‍ നിലനിര്‍ത്തുമ്പോഴും ആന്തരികമായി പുതുമ നിറഞ്ഞതും അസാമാന്യമായ ചടുതലതയും തെളിച്ചവും ഉള്ളതുമാണ് മുഹമ്മദ് മുസ്തഫയുടെ ‘മുറ’. മുസ്തഫയുടെ ആദ്യ ചിത്രമായ ‘കപ്പേള’യില്‍ തന്നെ ഒരു മികച്ച സംവിധായകന്റെ കയ്യൊതുക്കം നമ്മള്‍ കണ്ടതാണ്. ഇതിനെ കുറേ കൂടി വിസ്താരമായി, കൂടുതല്‍ ഭംഗിയായി ‘മുറ’യില്‍ നമുക്ക് കാണാം.

Mura Movie

കപ്പേളയില്‍ മുസ്തഫ, തന്റെ പരിചയ ദേശമായ കോഴിക്കോടിനെ ചുറ്റി പറ്റിയാണ് സിനിമ വികസിപ്പിക്കുന്നതെങ്കില്‍, ‘മുറ’ തിരുവനന്തപുരത്തിന്റെ കഥയാണ്. ഏത് പട്ടണങ്ങളിലും നടക്കാവുന്ന കഥകളൊക്കെയാണ് ഈ ചെറുപ്പക്കാരുടേതെങ്കിലും തിരുവനന്തപുരത്തിന്റെ ജൈവികമായ പല ഘടനകളോടും ചേര്‍ന്ന് വച്ചാണ് മുസ്തഫ മുറ ഒരുക്കിയിരിക്കുന്നത്. അച്ഛന്റെ അവിചാരിതമരണത്തിന് ശേഷം അമ്മയ്ക്കൊപ്പം ജീവിക്കുന്ന അനന്തു, ചന്തയില്‍ വഴിയോര പച്ചക്കറി കച്ചവടം നടത്തുന്ന സ്ത്രീയുടെ മകനായ സജി, സമാന ജീവിത സാഹചര്യങ്ങളുള്ള മനു, പാവപ്പെട്ട ഒരു ഇറച്ചി വെട്ടുകാരന്റെ മകന്‍ മനാഫ് എന്നിങ്ങനെ തിരുവനന്തപുരത്തെ നഗരപ്രാന്തത്തിലെ കോളനികളില്‍ നിന്ന് വരുന്ന നാല് ചെറുപ്പക്കാര്‍. ജീവിതത്തോട് രോഷമല്ലാതെ, ലക്ഷ്യങ്ങള്‍ വലുതായൊന്നുമില്ലാത്ത, മെച്ചപ്പെട്ട ജീവിതത്തിന് എളുപ്പവഴികള്‍ മാത്രം അറിയാവുന്ന ചെറുപ്പക്കാര്‍. സിനിമ താരങ്ങളോ രാഷ്ട്രീയ നേതാക്കളോ എഴുത്തുകാരോ ടെക്നോക്രാറ്റുകളോ എന്നുമല്ല, ഗുണ്ടകളാണ് ഇവരുടെ ആരാധനാപാത്രങ്ങള്‍. mura malayalam movie 

അസാധാരണമായ ധൈര്യത്തോടൊപ്പം പരസ്പരം കൂട്ടിയിണക്കുന്ന വലിയ സഹോദര്യമാണ് ഇവരുടെ കരുത്തും കൈമുതലും. പരസ്പരം ജീവിതം കൊണ്ട് തുണ നില്‍ക്കുന്ന പിള്ളേര്‍. അനിചേട്ടന്‍ എന്ന് വിളിക്കപ്പെടുന്ന നഗരത്തിലെ വലിയ ഒരു ഇടനിലക്കാരന്റെ അടുത്ത് അവര്‍ എളുപ്പത്തില്‍ എത്തിച്ചേരുന്നു. മറ്റുള്ളവര്‍ക്ക് മുന്നില്‍ കഠിന ഹൃദയനായ അനി ഇവര്‍ക്ക് സ്വന്തം ചേട്ടനേ പോലെ ലളിത മനസ്‌കനും ന്യായയുക്തികളോടെ, സമചിത്തതയോടെ കാര്യങ്ങളെ സമീപിക്കുന്ന ആളുമാണ്. അനിചേട്ടന്‍ അഥവാ അനിയണ്ണന്റെ മുകളിലുള്ളത് രമചേച്ചി എന്ന ബിസിനസുകാരിയാണ്. സ്വന്തമായി ഒരധോലോകവും പണത്തിന്റെ വിളച്ചിലുള്ള മകനുമുള്ള ഉരുക്കുപോലുള്ള ഒരാള്‍. സര്‍വ്വലക്ഷണങ്ങളുമൊത്ത ഒരു ഡോണ്‍ അഥവാ ഡോണ.

ഗ്യാങ്സ്റ്റര്‍ സിനിമകളുടെ കഥകളുടെ വഴികളേതാണ്ട് ഒന്നു തന്നെയായിരിക്കുമ്പോഴും അതിനെ വ്യത്യസ്തവും മനോഹരവുമാക്കുന്നത് കഥ പറച്ചിലിന്റെ ശൈലിയാണ്. സിറ്റി ഓഫ് ഗോഡിനും അമോസ്പെറോസിനും കമ്മട്ടിപ്പാടത്തിനും ഗ്യാങ്സ് ഓഫ് വസേപൂറിനും വടചെന്നൈയ്ക്കും ഒക്കെ വീണ്ടും വീണ്ടും കാണികളെ ലഭിക്കുന്നത്, കഥയുടെ പരിസരവും തിരിവും ഒടുക്കവും ഒക്കെ ആര്‍ക്കും അറിയാമെങ്കിലും ആരോ കാഴ്ചയിലും വൈകാരികതകളോടെ ആകാംക്ഷാഭരിതരാകുന്നത്, കഥ പറച്ചിലിന്റെ ശൈലിയും വേഗതയും കഥാപാത്രങ്ങളെ കണ്‍വിന്‍സിങ് ആയി അതരിപ്പിക്കുന്ന ആര്‍ട്ടിസ്റ്റുകളുമാണ്. ഇക്കാര്യത്തില്‍ ‘മുറ’ അത്യുഗ്രനായി വിജയിച്ചിട്ടുണ്ട്. മലയാളത്തേയും ഇന്ത്യയേയും കാന്‍ ചലച്ചിത്രമേളയിലെ ഗ്രാന്‍ പ്രീയുടെ വെള്ളിവെളിച്ചത്തിലെത്തിച്ച ‘ആള്‍ വീ ഇമാജിന്‍ അസ് ലൈറ്റി’ന് ശേഷം മലയാളത്തിലത്തിയ ഹൃദു ഹാരൂണാണ് നാലംഗ സംഘത്തിന്റെ പ്രധാനിയായ അനന്തുവാകുന്നത്. ജോബിന്‍ ദാസ്, അനുജിത്, യദുകൃഷ്ണന്‍ എന്നിവരാണ് യഥാക്രമം സജിയും മനാഫും മനുവും. ഈ നാലുപേരുടേയും തികച്ചും സ്വാഭാവികവും തെളിച്ചമുള്ളവുമായ പ്രകടനങ്ങളാണ് ഒരു സാധാരണ സിനിമയില്‍ നിന്ന് മുറയെ മുകളിലേയ്ക്ക് ഉയര്‍ത്തുന്നത്. ഡയലോഗുകളുടെ സ്വഭാവികതയും ഒരോ കഥാപാത്രങ്ങള്‍ക്കും ഇണങ്ങിയ വൈകാരിതകളും സംവിധായന്‍ മുസ്തഫ ഒതുക്കത്തോടെ ഒരുക്കിയിട്ടുണ്ട്.

suraj venjaramood mura movie

അനിയായി സുരാജ് വെഞ്ഞാറമൂടും രമയായി മാലാ പാര്‍വ്വതിയും ഓര്‍ത്തിരിക്കാവുന്ന പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. പ്രത്യേകിച്ചും സ്ഥിരം രൂപവും ഭാവവും മാറ്റിവച്ച് രമ എന്ന ‘ഡോണ’യായി മാറുന്ന പാര്‍വ്വതി. ഭീഷ്മപര്‍വ്വത്തിന്റെ ഗാന്ധാരി സമാനയായ മോളിക്ക് ശേഷം മാലാപാര്‍വ്വതിക്ക് ലഭിച്ച ഉജ്ജ്വല വേഷമാണിത്. അനിയുടെ നിഗൂഢമായ ശാന്തത ഒരു നിമിഷം പോലും കൈവിടാതെ സുരാജ് വെഞ്ഞാറമൂട് ഭദ്രമാക്കി. ക്രൗര്യമേറിയ ഒരു ക്രിമിനലിന്റെ മേലങ്കിയായ കൈവിടാത്ത ഒരുതരം ശാന്തത. അനിയുടെ ചങ്ങാതിയായ സുനിയെ അവതരിപ്പിക്കന്ന കണ്ണന്‍ നായര്‍, അനന്തുവിന്റെ ചേച്ചി നഴ്സായി എത്തുന്ന കനി കുസൃതി, സജിയുടെ മലക്കറി കച്ചവടം നടത്തുന്ന അമ്മ, ചന്തയിലെ ചായക്കടയിലെ ചേച്ചി, മനാഫിന്റെ വാപ്പ, തമിഴ്നാട്ടിലൊരിടത്ത് വഴി കാട്ടാന്‍ വരുന്ന മിടുക്കന്‍ പയ്യന്‍, അവനെ പറഞ്ഞ് വിടുന്ന കടക്കാരന്‍, ഒരു സെക്യൂരിറ്റി ഗാര്‍ഡ്, ഒരു പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്ന് തുടങ്ങി ചെറിയ റോളുകളില്‍ എത്തി തങ്ങളുടെ റോളുകളെ അവിസ്മരീണയമാക്കുന്ന ധാരാളം ആര്‍ടിസ്റ്റുകള്‍ ഈ സിനിമയിലുണ്ട്. ചെറുതെങ്കിലും പ്രധാനമായ, അവരുടെ റോളുകളെ തേച്ചുമിനുക്കി ഓര്‍മ്മിക്കത്തക്കതാക്കിയത് സംവിധായന്‍ മുസ്തഫയുടെ മിടുക്കാണ്. mura malayalam movie 

ഇതൊരു റോഡ് മൂവി കൂടിയാണ്. തിരുവനന്തപുരത്തെ ഒരു കോളനിയില്‍ നിന്നുള്ള ഒരു കൂട്ടം ചെറുപ്പക്കാരുടെ സഞ്ചാരം. അവര്‍ എത്തിച്ചേരുന്ന ഇടങ്ങള്‍, കണ്ടുമുട്ടുന്ന മനുഷ്യര്‍, പൂര്‍ത്തിയാകാത്ത യാത്രകള്‍, ദാരിദ്ര്യത്തിന്റെ-ചതിയുടെ തുടര്‍ക്കഥകള്‍. നമുക്ക് പരിചിതമാണ് പലതും. പക്ഷേ എല്ലായിപ്പോഴും എന്നും ജയിച്ച് കൊണ്ടിരിക്കുന്ന മനുഷ്യരെ അങ്ങനെ നിരന്തരം തുടരാന്‍ അനുവദിക്കില്ല എന്ന് നിശ്ചയിക്കുന്ന ചിലര്‍ ചിലപ്പോള്‍ വരും. സ്വയം തകര്‍ന്നാണെങ്കിലും അവര്‍ ചില വഴികളെ തടയും. നമുക്കതിയാമായിരിക്കും. പക്ഷേ, എന്ത് സംഭവിച്ചുവെന്നതില്‍ മാത്രമല്ല ഒരു സിനിമ കാണിയുടെ ആകാംക്ഷ. എങ്ങനെ സംഭവിച്ചുവെന്നതിലാണ് അവരുടെ കണ്ണ്. ആ പ്രക്രിയ എത്രത്തോളം ഭംഗിയാണോ അത്രത്തോളം പേര്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ആ കാഴ്ച കാണാനെത്തും.

mura movie

മറ്റൊരു ജീവിതം സാധ്യമാകുമായിരുന്നോ അവര്‍ക്ക്? സാധാരണം എന്ന് ലോകം വീക്ഷിക്കുന്ന ഒരു ജീവിതം? അറിയില്ല. അവഗണനകള്‍ക്കും പോലീസ് സ്റ്റേഷനും ഇടയില്‍ അത്രയേറെ തിരഞ്ഞെടുപ്പ് സാധ്യതകളൊന്നും പല മനുഷ്യര്‍ക്കും സാധിക്കില്ല. പക്ഷേ ഒരമ്മയുടെ കരച്ചിലും ഒരു സഹോദരിയുടെ അനാഥത്വവും ഒരു കാമുകിയുടെ കണ്ണുകളും നമ്മളെ അസ്വസ്ഥരാക്കും. ചെറിയ പെരുന്നാളും വിഷുവും ഒരുമിച്ച് ആഘോഷിക്കുന്ന ഒരു നാട്ടിലെ ജീവിതമല്ലായിരുന്നോ ഇവര്‍ക്ക്? ഖബറടക്കാനും ശ്മശാനത്തില്‍ കത്തിക്കാനും ഒരേയിടത്ത് നിന്ന് പുറപ്പെട്ട് പോകുന്ന മൃതദേഹങ്ങളും അനുഗമിക്കുന്ന മനുഷ്യരെല്ലാം ഒന്നുതന്നെയാണല്ലോ, സ്വസ്ഥതയുടെ ഒരു തീരത്താല്ലായിരുന്നോ ഇവരുടെ ജീവിതം? അതിന്റെ തുടര്‍ച്ച മതിയായിരുന്നില്ലേ? സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും നിങ്ങള്‍ക്ക് ആളുകളുണ്ടായിരുന്നല്ലോ? എന്നൊക്കെ ആലോചിക്കാന്‍, ചോദിക്കാന്‍ നമുക്ക് തോന്നും. പക്ഷേ ജീവിതം മുന്നില്‍ വിടര്‍ന്ന് നില്‍ക്കുമ്പോള്‍, വിചേനനവും ദാരിദ്ര്യവും ദുഖവും അനുഭവിക്കുന്ന ചെറുപ്പക്കാരാണ് നിങ്ങളെങ്കില്‍, എന്തു ചെയ്യുമെന്നുള്ള ചോദ്യമൊക്കെ അത്ഭുതകരമാം വിധം അവ്യക്തമാണ്.

ആ അവ്യക്തകളില്‍ നിന്ന് യാത്ര ചെയ്യുന്ന നാല് ചെറുപ്പക്കാരുടെ കഥയാണിത്. അവരുടെ മുറകളും രീതികളും. നഗരത്തിന്റെ മാറാത്ത മുറ. ആജ്ഞാപിക്കുന്നവരുടേയും അനുസരിക്കുന്നവരുടേയും മറ്റൊരു മുറ. എല്ലാത്തിലും ഉപരി മുസ്തഫ എന്ന സംവിധായകന്‍ ഇവിടെയുണ്ടാകുമെന്നതിന്റെ തെളിവും എത്രയോ പുതുതാരങ്ങളുടെ വരവുമാണിത്. അതിന് നന്ദി.  Mura directed by Muhammad Musthafa malayalam movie review 

Content Summary; Mura directed by Muhammad Musthafa malayalam movie review

ശ്രീജിത്ത് ദിവാകരന്‍

ശ്രീജിത്ത് ദിവാകരന്‍

അഴിമുഖം കണ്‍സള്‍ട്ടന്റ് എഡിറ്റര്‍

More Posts

×