ടെസ്ല സിഇഒയും ശതകോടീശ്വരനുമായ ഇലോൺ മസ്‌കിന്റെ പിതാവ് എറോൾ മസ്‌കിനെതിരെ ഗുരുതരമായ ലൈംഗികാരോപണങ്ങൾ ഉയർന്നതായി റിപ്പോർട്ട്. 1993 മുതൽ തന്റെ അഞ്ച് മക്കളെയും പങ്കാളിയുടെ കുട്ടികളെയും ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
ഇത് കാരണമാകാം ഇലോൺ മസ്‌ക് തന്റെ പിതാവിനെക്കുറിച്ച് അധികം സംസാരിക്കാത്തതെന്നും വിഷയത്തിൽ കുടുംബാംഗങ്ങൾ സഹായം തേടി ഇലോൺ സമീപിക്കാറുണ്ടെന്നും പലപ്പോഴും പ്രശ്‌നങ്ങളിൽ മസ്ക് ഇടപെടാറുണ്ടെന്നും ന്യൂയോർക്ക് ടൈംസ് വെളിപ്പെടുത്തി. അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങളെ എറോൾ മസ്‌ക് തള്ളിക്കളഞ്ഞു. പൂർണ്ണ അസംബന്ധം എന്നാണ് ആരോപണങ്ങളെക്കുറിച്ച് എറോൾ മസ്‌ക് പ്രതികരിച്ചത്. തനിക്കെതിരെ വന്നിരിക്കുന്ന റിപ്പോർട്ടുകൾ തെറ്റാണെന്നും തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നവർ കുട്ടികളെ തെറ്റായ കാര്യങ്ങൾ പറയാൻ പഠിപ്പിക്കുകയാണെന്നും എറോൾ മസ്ക് പ്രതികരിച്ചു.
79കാരനായ എറോൾ മസ്കിന് മൂന്ന് വിവാഹത്തിൽ ഒൻപത് കുട്ടികളുണ്ട്. ഈ കുടുംബങ്ങളിൽ എറോൾ മസ്കിന് ശക്തമായ സ്വാധീനമുണ്ടെന്നും തങ്ങൾക്ക് ലഭിച്ച വ്യക്തിപരമായ കത്തുകളും ഇമെയിലുകളും കുടുംബാംഗങ്ങളുമായുള്ള അഭിമുഖങ്ങളും അത് വ്യക്തമാക്കുന്നുവെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. വിഷയത്തിൽ പ്രതികരിക്കാൻ ഇലോൺ മസ്ക് തയ്യാറായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കോടതി രേഖകൾ, കത്തുകൾ, സാമൂഹിക പ്രവർത്തകർ, കുടുംബാംഗങ്ങൾ എന്നിവരുമായി സംസാരിച്ചതിൽ നിന്ന് 1993 ലാണ് എറോൾ മസ്‌കിനെതിരെയുള്ള ആദ്യ ആരോപണം ഉണ്ടായതെന്ന് ന്യൂയോർക്ക് ടൈംസ് വെളിപ്പെടുത്തി. നാല് വയസ്സുള്ള വളർത്തുമകൾ, എറോൾ മസ്ക് തന്നെ വീട്ടിൽ വെച്ച് ഉപദ്രവിച്ചു എന്ന് ബന്ധുക്കളോട് പറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.
പത്ത് വർഷത്തിനു ശേഷം തൻ്റെ അടിവസ്ത്രങ്ങൾ എറോൾ എടുക്കുന്നത് കണ്ടുവെന്നും പങ്കാളിയുടെ മകൾ ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു. രണ്ട് മക്കളെയും ഒരു വളർത്തുമകനെയും ഉപദ്രവിച്ചുവെന്നാണ് കുടുംബാംഗങ്ങൾ ആരോപിക്കുന്നത്.
പോലീസ്, കോടതി രേഖകൾ, കുടുംബാംഗങ്ങളുടെ മൊഴി എന്നിവയുടെ അടിസ്ഥാനത്തിൽ മൂന്ന് പോലീസ് അന്വേഷണങ്ങൾ ഈ വിഷയത്തിൽ ആരംഭിച്ചു. അതിൽ രണ്ട് അന്വേഷണങ്ങൾ നടപടികളില്ലാതെ അവസാനിച്ചുവെന്നും മൂന്നാമത്തേതിന്റെ അവസ്ഥ വ്യക്തമല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അപൂർവമായി മാത്രം തന്റെ പിതാവിനെക്കുറിച്ച് സംസാരിക്കുന്ന ഇലോൺ മസ്‌ക് പിതാവുമായി തനിക്കുള്ള ബുദ്ധിമുട്ട് തുറന്നുപറഞ്ഞിട്ടുണ്ട്. തന്റെ പിതാവ് മനസ്സിൽ തോന്നാവുന്ന എല്ലാ ദുഷ്ടകാര്യങ്ങളും ചെയ്തിട്ടുണ്ടെന്നാണ് 2017-ൽ റോളിംഗ് സ്റ്റോൺ മാസികയോട് മസ്ക് പറഞ്ഞത്.
Content Summary: Musk’s father accused of sexually abusing his children; New York Times releases report
Leave a Comment