March 27, 2025 |
Share on

ആരോഗ്യ ഏജൻസികളിലേക്കുള്ള മസ്കിന്റെ കൈകടത്തൽ; ആശങ്കയറിയിച്ച് യുഎസ് ആരോ​ഗ്യരം​ഗം

പകർച്ചവ്യാധി ഭീഷണി ഉയർത്തുന്നുവെന്ന് റിപ്പോർട്ട്

ഇലോൺ മസ്ക് യുഎസ് ആ​രോ​ഗ്യ ഏജൻസികൾ ഏറ്റെടുത്തത് പകർച്ചവ്യാധിയെക്കുറിച്ചുള്ള ആശങ്ക സൃഷ്ടിക്കുന്നുവെന്ന് വിദ​ഗ്ധർ അഭിപ്രായപ്പെടുന്നതായി റിപ്പോർട്ട്.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രൂപീകരിച്ച, ഇലോൺ മസ്കിന്റെ നേതൃത്വത്തിലുള്ള ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി(ഡോഗ്)
ആരോഗ്യ ഏജൻസികളിലെ സെൻസിറ്റീവ് സിസ്റ്റങ്ങളിലേക്ക് പ്രവേശനം നേടിയിട്ടുണ്ട്. ഫെഡറൽ ഗവൺമെന്റിനുള്ളിൽ കമ്മിറ്റിക്കുള്ള അധികാരം വിപുലമാക്കാനുള്ള യുഎസ് പ്രസിഡന്റിന്റെ ശ്രമത്തിന്റെ ഭാഗമാണിതെന്ന് ദ ​ഗാർഡിയൻ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

ഫണ്ടുകൾ മരവിപ്പിക്കലും പിരിച്ചുവിടലുകളും റദ്ദാക്കാൻ കോടതി ഉത്തരവുകളുണ്ടെങ്കിലും സർക്കാർ ചെലവുകൾ കുറയ്ക്കുന്നതിനുള്ള ശ്രമത്തിനിടെയാണ് ആരോഗ്യ ഏജൻസികളിലേക്കുള്ള കൈകടത്തൽ.

ഫെഡറൽ സർവീസിലുടനീളമുള്ള ലക്ഷക്കണക്കിന് വരുന്ന പ്രൊബേഷണറി ജീവനക്കാരെയും പിരിച്ചുവിടാനുള്ള പദ്ധതി ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചതിനെത്തുടർന്ന് ആയിരക്കണക്കിന് ജീവനക്കാരെ ആരോഗ്യ ഏജൻസികളിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. പക്ഷിപ്പനി പോലുള്ള
സെൻസിറ്റീവ് ഡാറ്റ കൈകാര്യം ചെയ്യുന്ന പൊതുജനാരോഗ്യ ഏജൻസികളെ ഇത് സാരമായി ബാധിക്കാൻ സാധ്യതയുണ്ട്. ആരോഗ്യ സംരക്ഷണത്തിനായുള്ള പേയ്‌മെന്റുകളും കരാറുകളും കൈകാര്യം ചെയ്യുന്ന സിസ്റ്റങ്ങളിലേക്കുള്ള ആക്‌സസും ഡോഗ് ആവശ്യപ്പെടുന്നുണ്ട്.

മെഡികെയർ പോലുള്ള അംഗീകൃത പേയ്‌മെന്റുകൾ നിർത്തലാക്കുന്നത് കടുത്ത നടപടിയാണെന്ന് ജീവനക്കാർ പറയുന്നു. തുടർച്ചയായ പ്രക്ഷോഭങ്ങളെയും ആരോഗ്യ സംരക്ഷണ സംവിധാനത്തിനുണ്ടാകാവുന്ന ദോഷങ്ങളെയും കുറിച്ച് ആരോഗ്യ ഏജൻസി ജീവനക്കാർ ആശങ്കാകുലരാണ്.

മെഡികെയർ, മെഡികെയ്ഡ് പോലുള്ള ഫെഡറൽ പ്രോഗ്രാമുകളിലെ ആരോഗ്യ സംരക്ഷണ ദാതാക്കളെക്കുറിച്ചുള്ള സാമ്പത്തിക വിശദാംശങ്ങൾ സൂക്ഷിക്കുന്ന ഹെൽത്ത്കെയർ ഇന്റഗ്രേറ്റഡ് ജനറൽ ലെഡ്ജർ അക്കൗണ്ടിംഗ് സിസ്റ്റത്തെക്കുറിച്ചുള്ള ആശങ്കകളെക്കുറിച്ചുള്ള മാധ്യമ അന്വേഷണത്തിന് യുഎസ് ആരോഗ്യ-മനുഷ്യ സേവന വകുപ്പ് (HHS) പ്രതികരിച്ചില്ല.

ഈ സംവിധാനത്തിന് ഹെൽത്ത് ഇൻഷുറൻസ് പോർട്ടബിലിറ്റി ആൻഡ് അക്കൗണ്ടബിലിറ്റി ആക്ട് (HIPAA) പ്രകാരം പ്രത്യേക പരിശീലനം ആവശ്യമാണ്. കൂടാതെ ഡോഗ് പ്രതിനിധികൾക്ക് ഈ പരിശീലനം ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല.

ട്രഷറി വകുപ്പിന്റെ സെൻസിറ്റീവ് സംവിധാനങ്ങളിലേക്ക് ഡോഗ് പ്രവേശനം നേടിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് സ്വകാര്യതയെക്കുറിച്ചുള്ള ആശങ്ക ഉയർത്തുന്നു. ഡാറ്റ അനുചിതമായി ഉപയോഗിക്കാൻ സാധ്യതയുള്ളതായി പല ആരോ​ഗ്യ വി​ദ​ഗ്ധരും ഭയപ്പെടുന്നുണ്ട്. ആരോഗ്യസംരക്ഷണ സംവിധാനങ്ങളിൽ കൃത്രിമം കാണിക്കാൻ ഇത് സർക്കാരിനെ അനുവദിച്ചേക്കാമെന്ന് ഒരു ജീവനക്കാരൻ ആശങ്ക പ്രകടിപ്പിച്ചു.

മാത്രമല്ല, ഡാറ്റാ സിസ്റ്റങ്ങൾ തെറ്റായി കൈകാര്യം ചെയ്യുന്നത് ആളുകളുടെ ജീവൻ അപകടത്തിലാക്കുകയും സ്വകാര്യതയെ അപകടപ്പെടുത്തുകയും ചെയ്യും. ആനുകൂല്യങ്ങൾ ലഭിക്കുന്ന വ്യക്തികളെക്കുറിച്ചുള്ള സെൻസിറ്റീവ് വിവരങ്ങൾ പുറത്തുവരാം. ഈ സിസ്റ്റങ്ങൾ ആക്‌സസ് ചെയ്യുന്ന വ്യക്തികൾക്ക് മേൽനോട്ടത്തിന്റെയും ഉത്തരവാദിത്തത്തിന്റെയും അഭാവത്തെക്കുറിച്ചും നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ ശിക്ഷിക്കപ്പെടാതെ പോകാമെന്നും ആശങ്കകളുണ്ട്.

പക്ഷിപ്പനി പോലുള്ള ആരോഗ്യ പ്രതിസന്ധികൾ നിലനിൽക്കുന്ന സമയത്ത് ട്രംപിന്റെയും മസ്കിന്റെയും പുതിയ നീക്കം ആരോ​ഗ്യ രം​ഗത്ത് മുഴുവൻ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.

Content summary: Musk’s Overreach to Health Agencies; The US health sector is concerned

elone musk donald trump
×